Sunday, October 30, 2011

Njattuvela 4

ഞാറ്റുവേല - 4

മായന്നൂരിലെ പുഴക്കടവില്‍നിന്നു തുടങ്ങാം.
മായന്നൂര്‍ ക്കടവ്  മഴയോര്‍മകളുടെ പുസ്തകമാണ്. ഭാരതപ്പുഴക്ക് മായന്നൂര്‍കടവില്‍ പാലം പണിതിട്ട് ഒരു വര്‍ഷമാകുന്നു. പോയകാലം കടത്തു തോണിയുടെ നഷ്ടസ്മരണയായി. അക്കരെയിക്കരെ വെള്ളം പൊങ്ങുന്ന കള്ളക്കര്‍കിടകത്തില്‍ രണ്ടുംമൂന്നും തോണികളാണ് പുഴയിലിറക്കുക.
മഴക്കാലത്ത് കടത്തുതോണിക്ക് കശുവണ്ടിക്കറയുടേയും മീനെണ്ണയുടേയും ഗന്ധമാണ്. പത്തുംഇരുപതും അടി നീളമുള്ള മുളംതുഴകള്‍ തോണിയുടെ അമരത്ത് വന്നുതട്ടുമ്പോഴുള്ള ശബ്ദം കേള്‍ക്കാന്‍ ഒരിമ്പമുണ്ട്. കഷ്ടി അരമണിക്കൂറെടുക്കും ഒരറ്റത്ത് നിന്നു മറുകരയെത്താന്‍. ഇത്രയും വീതി പിന്നെ തിരുനാവായിലേയുള്ളൂ. രാത്രികാലങ്ങളില്‍ നിറപ്പുഴ കടക്കാന്‍ ഒരു കരയില്‍നിന്ന് ഉച്ചത്തില്‍ കൂവണം.രണ്ടുമൂന്നു വട്ടം കൂവുമ്പോഴേക്കും മറുകൂക്കു വരും. മറുകരയില്‍നിന്ന്  മുനിഞ്ഞുകത്തുന്ന കമ്പിറാന്തല്‍ വെട്ടവുമായി തോണിയിറങ്ങും.
ഓരോ കടവും ഓര്‍മകളുടെ എഴുത്തോലയാണ്.
ഗ്രാമീണ ജീവിതത്തിന്റെ  ജൈവധാര പോലെ പുഴകള്‍. കുടിക്കാനും കുളിക്കാനും കൈത്തോടുകളിലൂടെ കൃഷിഭൂമിയിലേക്ക് ജലസേചനത്തിനും കന്നുകാലികളെ  കഴുകാനും ആനയെക്കുളിപ്പിക്കാനും ആറാട്ടുത്സവത്തിനുപോലും പുഴക്കടക്കവുകള്‍ തുണയായി.അലിഖിതമായ നാട്ടുനീതിയുടെയും
ജീവിതബന്ധങ്ങളുടെയും സ്മാരകമാണ് ഓരോ കടവും. കടത്തുകടവും ചരക്കുകടവും സാമ്പത്തിക സമവാക്യങ്ങളാണ്. കുളിക്കടവും ആറാട്ടുകടവും
ആനക്കടവും ബലിക്കടവുമൊക്കെ സാംസ്കാരിക സൂചകങ്ങളും. തിരുനാവായിലെ കര്‍കിടകബലി നാട്ടാചാരത്തിന്റെ ദൃശ്യഭാഷ കൂടിയാണ്. വാവുബലി നാള്‍ രാവിലെ തീവണ്ടിയില്‍നിന്ന് നോക്കിയാല്‍ തിരുവില്വാമലയിലും തിരുന്നാവായിലും പതിനായിരങ്ങള്‍ ഉദകക്രിയ നിര്‍വഹിക്കുന്നത് കാണാം. വിദൂരദൃശ്യത്തില്‍ വെള്ളമുണ്ടുടുത്ത് പുഴയില്‍ മുങ്ങിനിവരുന്ന ആള്‍ക്കൂട്ടം ബലിച്ചോറിലെ എള്ളുമണികള്‍ പോലെ തോന്നും.
എല്ലാം ഓര്‍മച്ചിത്രങ്ങള്‍. പുഴയുടെ സാംസ്കാരികബന്ധം ആഴമേറിയതാണ്‌. പുഴയോരത്തുള്ള ആഴ്ചച്ചന്തകളെ സജീവമാക്കിയത് കടവുകളാണ്. മറുകരയില്‍ നിന്നെത്തിക്കുന്ന വിവിധങ്ങളായ കാര്‍ഷികോല്പന്നങ്ങള്‍ പുഴകടന്ന് ആഴ്ചതോറും ചന്തകളിലെത്തി. വാണിയംകുളവും പട്ടാമ്പിയും പൊന്നാനിയും ചന്തദിവസങ്ങളില്‍ കടലായിപ്പെരുകി. ആനമയിലൊട്ടകവും കവളപ്പാറക്കൊമ്പനും ചന്തകൊഴുപ്പിച്ചു. കഞ്ചിക്കോടു വഴി ആട്ടി ത്തെളിച്ചുകൊണ്ടുവന്ന മാടുകള്‍ വിലപേശിവാങ്ങിയ കച്ചവടക്കാര്‍ നാട്ടുപാതകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചുനീങ്ങി.

അങ്ങനെ ഓര്‍മ മാത്രമായ കടവുകളുടെ പേരില്‍നിന്ന്  ഇനി ദേശചരിത്രം രുചിക്കാം.പുഴക്കടവിലെ ഏറുമാടങ്ങളും റാന്തല്‍ക്കൂടുകളും പഴമയുടെ നാട്ടുചിത്രമായി. മണല്‍ത്തിട്ടുകളും സ്വാഭാവികബണ്ടുകളും തകര്‍ന്നതോടെ പൊതുസ്വത്തായ കടവുകള്‍ സ്മാരകമായി. എം ടിയുടെ കഥകളില്‍ നിളയുടെ തീരവും കടത്തുതോണികളും സരളമായ ജീവിതദര്‍ശനം കാത്തുസൂക്ഷിച്ച ഗ്രാമീണരായ മനുഷ്യരും ഒരു കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തി.
മായന്നൂര്‍ക്കടവില്‍ ആരോ 'പൂയ്' വിളിച്ചുവോ? ഇരുകരകളിലും തുടിച്ചുനിന്ന ജീവിതങ്ങളെ കോര്‍ത്തിണക്കിയ പുതിയ പാലത്തിലൂടെ ചക്രമുരു ളുമ്പോള്‍ ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം' ഓര്‍മയില്‍ വന്നു. " അംബ പേരാറെ, ഇനിനീയ്യീ പ്പാലത്തിന്‍ നാട്ടനൂഴും..'.
പുഴകളും മീനുകളും പക്ഷികളും പൂക്കളും വിരുന്നെത്തിയ ഞാറ്റുവേലകള്‍ തുടരുന്നു.

s e t h u m a d h a v a n  m a c h a d 

Saturday, October 29, 2011

Njattuvela 3

ഞാറ്റുവേല .൩

അമ്മമ്മയുടെ എഴുത്തുപെട്ടിക്ക് കൈതപ്പൂവിന്റെ മണമാണ്.  അലക്കിയെടുത്ത കോടിമുണ്ടുകള്‍ നറുമണം പൊഴിച്ച് അമ്മമ്മയുടെ പെട്ടകത്തില്‍ എഴുത്തോലകള്‍ക്കൊപ്പം കിടന്നു. അനങ്ങന്‍മലയുടെ അടിവാരത്ത് പൂവിലഞ്ഞികള്‍ നിറഞ്ഞൊരു താഴ്വരയിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്‌.          അമ്പലക്കുളത്തില്‍ മുങ്ങിത്തുടിച്ചും കൈക്കൊട്ടിക്കളിച്ചും
ദശപുഷ്പം ചൂടിയും അമരകോശവും സിദ്ധരൂപവും ഉരുവിട്ടും കഴിഞ്ഞ ഓര്‍മകളുടെ ബാല്യം.   അമ്മമ്മ പകര്‍ന്നുതന്ന ചിത്രസ്മരണകള്‍ 'ഞാറ്റുവേല' ക്കുറിപ്പുകളില്‍ തുടിച്ചുനില്‍ക്കുന്നു. ഇടിവെട്ടിപ്പെയ്ത തുലാവര്‍ഷരാവുകളില്‍ ഞങ്ങള്‍, മതി വരാതെ കേട്ട അമ്മമ്മക്കഥകള്‍ അയവിറക്കും.
'തുലാവര്‍ഷം കണ്ടുനിന്നവരും, ഇടവപ്പാതി കണ്ടുപോയവരും' എന്ന ചൊല്ലില്‍ തുമ്പിക്കൊരു കുടം തിമര്‍ത്ത തുലാമഴയുടെ ശബ്ദമുണ്ട്‌, ഇടയ്ക്കിടെ ചന്നംപിന്നം നിന്ന ഇടവപ്പാതിയുടെ വിളിയുണ്ട്. ഞാറ്റുവേലയാണ് കൃഷിയുടെ ഘടികാരം. അശ്വതിതൊട്ടു രേവതിവരെ ഇരുപത്തിയേഴു ഞാറ്റുവേലകള്‍. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ഇരുപത്തേഴര ദിവസങ്ങളാണ് ഇരുപത്തേഴു നക്ഷത്രങ്ങള്‍. ഒരു നക്ഷത്രത്തിന്റെ സമീപം സൂര്യന്‍ ഏകദേശം പതിമൂന്നരദിവസം നില്‍ക്കുന്നു. ഈ കാലയളവ്‌ ആ നക്ഷത്രത്തിന്റെ ഞാറ്റുവേലയാണ്. സൂര്യന്റെ സമയം എന്നര്‍ഥം. (ഞായര്‍ -വേല)
പതിമൂന്നര- പതിന്നാലു ദിവസമാണ് ഒരു ഞാറ്റുവേല ഓരോ ഞാറ്റുവേലയിലും കാറ്റിനും മഴക്കും നേരിയ വ്യത്യാസമുണ്ട്. അശ്വതിയിലെ ചാറ്റല്‍ മഴയാണ് പുതുമഴ. പുതുമഴക്ക് വിത്തിടണം.മുതിരക്ക് മൂന്നു മഴ മതി. എന്നാല്‍ തവള കരയുംമുമ്പ് വെണ്ടയും വഴുതനയും തയ്യാറാവണം. പുതുമഴയുടെ ഗന്ധം ശ്വസിച്ച് തുമ്പയും മുക്കുറ്റിയും ശിരസ്സുപൊക്കും. പുതുമഴയുടെ തുള്ളികള്‍ നൃത്തംവെക്കുമ്പോള്‍ മുറ്റത്തും തൊടിയിലും ചെടികള്‍  ഓരോന്നോരോന്നായി നാമ്പിടും. ഭരണി ഞാറ്റുവേലയില്‍ പാടത്ത് ഞാറിടും.കാര്‍ത്തിക ഞാറ്റുവേലയില്‍ വെള്ളം കാണുന്ന കിണര്‍ ഒരുകാലത്തും വറ്റില്ല. നെല്ലിപ്പടിയിട്ട കിണറ്റുവെള്ളത്തിന്റെ തണുപ്പ്, അവസാനകാലംവരെ അമ്മമ്മ പറയാറുണ്ടായിരുന്നു.അങ്ങനെ
മതിമറന്നു മകയിരവും തിരിമുറിയാതെ തിരുവാതിരയും പുഴപോലെ പുണര്‍തവും പുകഞ്ഞു മൂടിക്കെട്ടിയ പൂയവും കഴിഞു അത്തം ചിത്ര ചോതിയും പെയ്തൊഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ല.
ശരാശരി മൂവായിരം മില്ലിമീറ്റര്‍ മഴലഭിക്കുന്ന ലോകത്തിലെത്തന്നെ അപൂര്‍വ്വം ജൈവമേഖലകളിലൊന്നാണ് കേരളം. 44 നദികള്‍. അനേകം തടാകങ്ങള്‍, അരുവികളും, കൈത്തോടുകളും തണ്ണീര്‍ത്തടങ്ങളും.എത്രയോ കോള്‍നിലങ്ങള്‍ കായല്‍പ്പരപ്പുകള്‍. ലക്ഷക്കണക്കിന്‌ കിണറുകള്‍ ആയിരക്കണക്കിന് കുളങ്ങള്‍, മഴക്കാടുകള്‍, ചതുപ്പ് നിലങ്ങള്‍...എന്നിട്ടും വേനലില്‍ കുടിനീരിനുവേണ്ടി പരക്കംപായുന്ന ദുരവസ്ഥ.
പഴയകാലം ഓര്‍ത്തുവെക്കുന്ന 'കൃഷിഗീത' അതിമനോഹരമായ പുസ്തകമാണ്. നൂറ്റാണ്ടുകളായി നമ്മുടെ മണ്ണടരില്‍, ഭൂഗര്‍ഭത്തില്‍ ഉറഞ്ഞുകിടന്ന
നീരൊഴുക്കുകളെ 'കൃഷിഗീത' കണ്ടെടുക്കുന്നു. കല്‍നീരും പനിനീരും മലനീരും ഊര്‍നീരുമായി ഉറവയെടുക്കുന്ന ജലത്തെ നമ്മുടെ പൂര്‍വികരായ കര്‍ഷകര്‍ എങ്ങനെ
സംഭരിച്ച് ഉപയുക്തമാക്കിയെന്ന് ഈ കൃതി പറയുന്നു.മഴയുടെ നാട്ടറിവാണ് 'കൃഷിഗീത'. തൃശൂര്‍ കേരളവര്‍മയിലെ ഡോ.സി ആര്‍ .രാജഗോപാല്‍ പ്രാചീനമായ നാട്ടറിവുകള്‍ സമാഹരിച്ച് 'കൃഷിഗീത'യിലൂടെ നമുക്ക് പകര്‍ന്നു തരുന്നു.
ഈ തുലാവര്‍ഷം മഴയോര്‍മകള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ കൃഷിഗീതയും അമ്മമ്മയും കൂട്ടിനെത്തി. ഞാറ്റുവേല വിശേഷങ്ങള്‍ തുടരുന്നു.
 

s e t h u m a d h a v a n  m a c h a d


Friday, October 28, 2011

Njattuvela 2.


ഞാറ്റുവേല

ഓര്‍മയുടെ കല്‍പ്പടവിറങ്ങുമ്പോള്‍ കുട്ടിക്കാലം. അക്കുത്തിക്കുത്താനവരമ്പിലൂടെ നമുക്ക് കൈകോര്‍ ത്തു നടക്കാം. നന്നായി ഉഴുതുനിരത്തി ഓരായംചേര്‍ന്ന പാടത്ത് പൊടിവിതയില്‍ കുനുത്ത നെന്മുളയുടെ പച്ചയില്‍ മഞ്ഞിന്റെ തൂവാല. ചെളി പൊതിഞ്ഞ വയലിറമ്പില്‍ തവളപ്പൊട്ടിലും പുല്‍ച്ചാടിയും കൂത്താടി. ചിത്രവടിവിലൊരു നീര്‍ക്കോലി അറ്റക്കഴായ ചാടി മാഞ്ഞുപോയി. . കണ്ണെത്താ ദൂരം നിവര്‍ന്നുകിടന്ന പാടശേഖരവും കഴിഞ്ഞ് ഉരുസക്കുത്തായ നാട്ടുപാതയിലേക്ക് നടന്നുകേറി. അവിടെ തൊടിയില്‍ കിണറിനു സ്ഥാനംനോക്കുന്ന തിരക്കാണ്. പരിചയസമ്പന്നനായ കര്‍ഷകന്‍ ഓര്‍മയില്‍നിന്ന് പെറുക്കിയെടുത്ത ഒരു ശ്ലോകം ചൊല്ലി നിമിത്തങ്ങളുടെ ആകാരവടിവ് നോക്കിനിന്നു. പുല്ലും ചീരയും വാഴയും തഴച്ചുവളര്‍ന്നിടം നോക്കി ആശാരി കുറ്റിതറക്കും. മണ്ണിന്നടിയില്‍ ജലപാതകള്‍ ഉള്ളിടം അവര്‍ക്കറിയാം. അണുവിട പിഴക്കില്ല. അമരകോശത്തിലെ ജലപര്യായങ്ങള്‍ അറിഞ്ഞവരല്ല നമ്മുടെ പൂര്‍വികര്‍. പക്ഷെ നീരറിവും കാറ്ററിവും  കണ്ടറിവും കേട്ടറിവും അവരോളം മറ്റാര്‍ക്കുണ്ട്? മനുഷ്യരില്‍ നാഡീവ്യൂഹമെന്നപോലെ ഭൂമിയുടെ അന്തര്‍ധാരകള്‍  കൊണ്ടുവരുന്ന ജലസാന്നിധ്യം നോട്ടം കൊണ്ടുംചലനം കൊണ്ടും നമ്മുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞു നാട്ടാശാരിമാര്‍ വംശീയജ്ഞാനമായി 'കൂപശാസ്ത്രം' വളര്‍ത്തിയെടുത്തു.
കടമ്പുമരം കാണപ്പെടുന്ന ദിക്കില്‍നിന്ന്‌ പടിഞ്ഞാറ് വശം മൂന്നുകോല്‍ മാറി ഒന്നര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ തെളിനീര് കാണുമെന്ന നാട്ടറിവ് എത്ര മഹത്താണ്.ഞാവല്‍മര മുള്ളിടത്ത് മൂന്നുകോല്‍ വടക്ക് രണ്ടാള്‍ ആഴത്തില്‍ നീരുറവു കാണുമെന്നും നീര്‍മരുതിന്റെ വടക്കു വശം അല്പംമാറി  മൂന്നാള്‍ ആഴംകണ്ടാല്‍ ജലസ്പര്‍ശമുണ്ടെന്നും അവര്‍ കണക്കുകൂട്ടി. മരമഞ്ഞളും നീര്‍മാതളവും
 നെന്മേനിവാകയും കണ്ടിടത്ത്‌ ജലസാമീപ്യ മുണ്ടെന്ന കാഴ്ച നാട്ടറിവിന്റെ തെറ്റാത്ത     സംഹിതയാണ്. ആകാശത്തുനിന്ന്‌ മഴയായി ഭൂമിയില്‍ പതിക്കുന്നത് ഒരേ രസവും നിറവുമുള്ള ജലമാണ്. എന്നാല്‍ ഭൂമിയില്‍ അത് നാനാനിറങ്ങളുള്ള രസായനമായി മാറുന്നത് മണ്ണിന്റെ വകഭേദമാ ണത്രെ.
പര്‍വതങ്ങള്‍ അഞ്ജനനിറമാവുകയും ഗുഹകള്‍ മഞ്ഞിന്റെ നീഹാരികയാല്‍ ആവരണം ചെയ്യപ്പെടുമ്പോഴും മാനത്തെ ചന്ദ്രക്കല നിറം പകരുമ്പോഴും മഴയുടെ വരവായി എന്ന അറിവ് പാരമ്പര്യജ്ഞാനം പകര്‍ന്നുതരുന്നു. ഗ്രാമീണരുടെ നാട്ടറിവില്‍ നിന്നാവാം, രാത്രിയില്‍ പ്രതിചന്ദ്രനെ
കാണുന്നതും ചിലജാതി ജീവികള്‍ വൃക്ഷകവരങ്ങളില്‍ കയറി ആകാശത്തേക്ക് നോക്കുന്നതും ഉറുമ്പുകള്‍ തിടുക്കത്തില്‍ ഒരിടത്തു നിന്ന്‌ മറ്റൊരിടത്തേക്ക് മുട്ടകള്‍ കൊണ്ടുപോകുന്നതും മറ്റും മഴയുടെ സാധ്യതയായി കാണുന്ന പതിവ് സാമാന്യലോകത്തിനു ലഭിച്ചത്.
അങ്ങനെയുള്ള നീരറിവുമൊഴികളില്‍ നിന്നാണ് നമ്മുടെ പഴംചൊല്ലുകളില്‍ പലതുമുണ്ടായത്.
'കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ് ', 'മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല' ,  'മഴ നിന്നാലും മരം പെയ്യും' തുടങ്ങിയ ചൊല്ലുകള്‍ നമുക്ക് മുമ്പേ നടന്നു പോയവരുടെ കാലാവസ്ഥാ വിജ്ഞാനീയമാണ്‌.
തൊടിയില്‍ വീണുകിടന്ന വെയിലിന്റെ തുണ്ടുകള്‍ക്കെന്തു ഭംഗി. ഇലപ്പച്ചകളില്‍ ഊര്‍ന്നിറങ്ങിയ സൂര്യ കിരണങ്ങള്‍ വെയിലിന്റെ മണം തന്നു. മഞ്ഞപ്പതിറ്റടി നേരം പൂക്കളുടെ നിറമായും മൂവന്തികള്‍ തുളസിത്തഴപ്പിന്റെ നിറമാലയായും നിലാവിന്റെ നുറുങ്ങുകള്‍ ഓര്‍മയുടെ ഊഞ്ഞാലാതിരയായും മെല്ലെമെല്ലെ പെയ്തിറങ്ങി. കല്‍പ്പടവ് കേറി നാം രാപ്പാര്‍ക്കുന്ന നിലാമുറ്റത്തേക്ക് തരികെവരാം.
( ഞാറ്റുവേല പെയ്തുതീരുന്നില്ല)


-s e t h u m a d h a v a n  m a c h a d

Thursday, October 27, 2011

Njattuvela

തുലാമഴ കോരിച്ചൊരിഞ്ഞ ഇന്നത്തെ പകല്‍ മഴയോര്‍മകളാല്‍ സാന്ദ്രമായി.
പ്രകൃതിയുടെ ഈ വരത്തെ അനാദി മുതല്‍ നാം വരവേറ്റു. മൂവായിരം വര്‍ഷം മുമ്പെഴുതിയ ജോര്‍ദാനിലെ ഒരു കല്ലെഴുത്തില്‍ 'മഴയെ'നിറച്ചുവെക്കാന്‍ നീര്‍ത്തൊട്ടികള്‍ ഒരുക്കണമെന്ന് പറയുന്നുണ്ട്. ബാലൂചിസ്ധാനിലും സിന്ധു നാഗരികതയിലും മഴയെ ശേഖരിച്ചതിന്റെ കഥകളുണ്ട്. ഹാരപ്പയിലെ ധോലവിരയില്‍ മണ്‍സൂണ്‍ കൊയ്തത് കനാലുകളും കിണറുകളും നിര്‍മിച്ചുകൊണ്ടാണ്‌. ആദ്യത്തെ കിണര്‍ കുഴിച്ചത് സിന്ധുനാഗരികരായിരിക്കാം.കൌടില്യന്റെ 'അര്‍ത്ഥശാസ്ത്രത്തിലും' ജലസേചനത്തിന്റെ കൂട്ടായ്മ കാണാം. ഗംഗാനദിയിലെ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്താന്‍ ചന്ദ്രഗുപ്ട മൌര്യന്റെ നിരീക്ഷണത്തിന്
കഴിഞ്ഞു.കല്‍ഹണന്റെ'രാജതരംഗിണിയും'നീരറിവുകള്‍
പങ്കുവെക്കുന്നു.
രാജസ്ഥാന്‍ മരുഭൂമിയില്‍ പെയ്യുന്ന ഓരോതുള്ളി മഴയും ശേഖരിച്ച് വര്‍ഷംമുഴുവന്‍ ഉപയോഗിക്കുന്ന
ഗ്രാമങ്ങളുണ്ട്. പല ആകൃതിയിലും വലിപ്പത്തിലുമുള്ള പിഞ്ഞാണത്തളികകള്‍ പോലുള്ള അടപ്പോടു
കൂടിയ കിണറുകള്‍ രാജസ്ഥാനില്‍ സുലഭമായി കാണാം. മുളംകുഴലിലൂടെ കുന്നുകളില്‍നിന്നും അരുവികളില്‍നിന്നും ജലം ശേഖരിച്ച്  കൊണ്ടുവരുന്ന കാഴ്ച മേഘാലയയിലെ ഉള്‍ഗ്രാമങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഹിമാലയ താഴ്വരകളിലും പശ്ചിമഘട്ടത്തിലുമുള്ള ഗ്രാമീണര്‍ ഓരോ തുള്ളി വെള്ളവും കൈക്കുമ്പിളിലെന്ന പോലെ കാത്തുസൂക്ഷിക്കുന്നു.
അനവധി നീര്‍ത്തടങ്ങളും നദികളും അരുവികളും തടാകങ്ങളുമുള്ള കേരളം, പുഴമണല്‍ വാരിയും  ഭൂഗര്‍ഭജല ചൂഷണംചെയ്തും വറ്റിവരണ്ട് മറ്റൊരു കൊടും വേനലിനെ കാത്തിരിക്കുന്നു. മണ്ണില്‍ പുതയിട്ടും
കല്‍ക്കഴകള്‍ കെട്ടിയും തടയണ പടുത്തും പണ്ടത്തെ കൃഷിക്കാര്‍ നാടിനെ കാത്തു. കായ് ക്കറികളുടെ നനക്കണക്ക് അവരുടെ മണക്കണക്കായിരുന്നു.ഞാറ്റുവേല വരുന്നതും പോവുന്നതും
കൃഷിക്കാരന്റെ കൈക്കണക്കില്‍ കിറുകൃത്യം. കൈതയും രാമച്ചവും ഇഞ്ചിപ്പുല്ലും ആടലോടകവും ശീമക്കൊന്നയും വെച്ചുപിടിപ്പിച്ചു നീര്‍ത്തടങ്ങളെ നിലനിര്‍ത്താന്‍ നമ്മുടെ പൂര്‍വികര്‍ ശ്രദ്ധിച്ചു.
വേനല്‍പ്പച്ചയില്‍ മത്തനും കുമ്പളവും വെള്ളരിയും പടവലവും നട്ട് മണ്ണിനു പുതയും ആവരണവും നല്‍കി. തോപ്പുകളില്‍ നനവാഴകള്‍ വരിയിട്ടു നില്‍ക്കുന്നതും,പാവലും പടവലവും പൂവിട്ടു സുഗന്ധം പടര്‍ത്തുന്നതും,നാട്ടുമാവുകള്‍ തളിര്‍ത്തും പൂന്തോപ്പുകള്‍ വിടര്‍ന്നും ഓര്‍മകളുടെ ഞാറ്റുവേലയില്‍ തേന്‍കണമിറ്റുന്നത്‌ നിങ്ങളും കാണുന്നില്ലേ? 



s e t h u m a d h a v a n   m a c h a d

Wednesday, October 26, 2011

Haiku 4


സെന്‍ മൌന മന്ദഹാസം മാത്രമാണ്. ഒരന്വേഷി ശ്രീബുദ്ധന് അര്‍പിച്ച പൂ കൈയിലെടുത്ത് അദ്ദേഹം അതിനുനേരെ നോക്കി നിശബ്ദം മന്ദഹസിച്ചു.
ബുദ്ധവദനത്തില്‍ പൊഴിഞ്ഞ പുഞ്ചിരി കണ്ട് ധര്‍മകശ്യപന്‍ എന്ന ശിഷ്യന്‍ തന്‍റെ ഹൃദയത്തിലെക്കത് ഏറ്റുവാങ്ങി. സെന്നിന്‍റെ ആത്മാവ് വാക്കുകള്‍ക്കുമപ്പുറം വിടര്‍ന്നു നിന്നു. ഒരു ജ്ഞാനസൂത്രത്തിലും സെന്‍ പ്രതിഫലിച്ചില്ല. ഉച്ചരിക്കപ്പെട്ട വാക്കുകള്‍ക്കപ്പുറം സെന്‍ പുഞ്ചിരി തൂകി. അന്വേഷിയുടെ ആന്തരികതയെ, സംവേദന ശൂന്യതയെ, സര്‍ഗ നിമിഷങ്ങളുടെ ചെറുകണങ്ങളെ സെന്‍ നമുക്കായി തുറന്നിട്ടു. സൌന്ദര്യത്തോടൊപ്പം ഉള്ളിലുള്ള വൈരൂപ്യത്തെയും അത് പുറത്തെടുത്തു. ഒരുവന് താന്‍ ആരെന്നും ആരല്ലെന്നും
വെളിപ്പെടുത്തുകയായിരുന്നു സെന്‍. സെന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ആരാധനയില്ല. ജനനവും മരണവുമില്ല .മരണാനന്തര ജീവിതവുമില്ല. സ്വര്‍ഗ്ഗവും നരകവുമില്ല. എന്തെന്നാല്‍ സെന്‍ ജീവിതത്തിന്‍റെ കവിത മാത്രമാണ്. ധ്യാനത്തിന്‍റെ മാത്രയാണത്. ധ്യാനമാവട്ടെ ജീവന്‍റെ സംഗീതവും. പുരാതനമായ ഒരു നീരൊഴുക്കിന്‍റെ അടിയില്‍ തണുപ്പത്ത്
അറിയപ്പെടാതെ കിടന്ന വെള്ളാരങ്കല്ല് പോലെ സെന്‍ ഇക്കാലമത്രയും നമ്മുടെ കാലത്തെയും ജീവിതത്തെയും കാത്തുകിടന്നു.
  • I begin each day
    with breakfast greens and tea
    and morning glories

    in flat sunset light
    a butterfly wandering down
    the city street

    a man that eats his meal
    amidst morning glories
    that's what I am

    over the long road
    the flower-bringer follows
    plentiful moonlight



    ഓരോ ദിനവും തുടങ്ങന്നു
    ഞാനെന്‍ ഹരിതാഭമാം
    പ്രാതല്‍ച്ചായ തന്‍
    മഹിമകള്‍ക്കൊപ്പം.


    പരന്നൊഴുകും സായാഹ്നശോഭയിലീ
    നഗരവീഥിയില്‍
    വിതുമ്പിപ്പ റക്കുന്നൊരു
    ചിത്രശലഭം


    വിഭാത നന്മകള്‍ക്കൊപ്പം
    നുകരുന്നു ഞാനെന്‍
    പ്രാതലിങ്ങനെ


    ഒഴുകിപ്പരക്കുമീ നിലാവിന്‍
    ദീര്‍ഘവീഥിയെ
    പിന്തുടരുന്നീ പൂക്കാരന്‍

Njeralathu Harigovindan

ഞാന്‍ ഹരിഗോവിന്ദനെ കാണുന്നത് രണ്ടു വ്യാഴവട്ടം മുമ്പാണ്. ഞെരളത്തിന്‍റെ നിഴല്‍പറ്റി നടന്ന കൊച്ചുകുട്ടി. അന്നേ ഹരി നന്നായി പാടും. അച്ഛന്‍റെകൂടെ കൊട്ടിപ്പാടി ക്രമേണ
ശ്രുതിശുദ്ധി കൈവന്നു. തിരുമാന്ധാംകുന്നിലെ വീട്ടില്‍ ഞെരളത്തിനെ ദൂരദര്‍ശനുവേണ്ടി ഡോകുമെന്‍റ് ചെയ്യാനെത്തിയതായിരുന്നു ഞങ്ങള്‍. അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിന്‍റെ
എല്ലാ കോണുകളിലേക്കും ക്യാമറയോടൊപ്പം രാമപ്പൊതുവാളും ഹരിഗോവിന്ദനും ഞങ്ങള്‍ക്കൊപ്പം വന്നു, എല്ലാം മറന്നു പാടി...സോപാനസംഗീതത്തിനു ഒരു തിരുമാന്ധാം കുന്ന് ശൈലി പകരാന്‍ ഞെരളത്തിന് കഴിഞ്ഞു. അത് തിരുവേഗപ്പുറ രാമ മാരാരില്‍ നിന്നും ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയില്‍ നിന്നും അല്പം വ്യത്യസ്തമായി അനുഭവപ്പെട്ടു. ഗീതഗോവിന്ദത്തിന്‍റെ ലാസ്യമല്ല കേരളീയസംഗീതത്തിനു സ്വായത്തമായിരുന്ന താളാത്മകശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്‌. അതില്‍ത്തന്നെ ഞെരളത്തിന് സ്വത സിദ്ധമായൊരു താണ്ഡവശീലുണ്ടായിരുന്നു. അത് കേരളസംഗീതത്തിന്‍റെ ദ്രാവിഡമായ തനിമ നിലനിര്‍ത്തി. ശ്വാസഗതിയെ നിയന്ത്രിച്ചുകൊണ്ട് കടുംതാളത്തിലേക്ക് ആരോഹണം
ചെയ്ത ഞെരളത്തിന്‍റെ ആലാപനം സമാനതകളില്ലാത്ത അവതരണത്തിന്‍റെ ദാര്‍ഡ്യം ഉള്‍ക്കൊണ്ടു. ജീവിതത്തിന്‍റെ യാതനാപര്‍വ്വം അദ്ദേഹത്തെ ശ്വാസംമുട്ടിച്ചപ്പോഴും സോപാനത്തിനരികെ എല്ലാം മറന്നുപാടി. ഞെരളത്തിന്‍റെ അഷ്ടപദി തിരുമാന്ധാംകുന്നിന്‍റെ ഇടവഴികളിലും ക്ഷേത്രത്തിന്‍റെ സോപാനക്കെട്ടുകളിലും അരയാലിലയിലും തവ വിരഹേ വനമാലീയെന്നു അലിഞ്ഞുതീരുമ്പോള്‍ തീര്‍ഥജലം മാത്രം നുകര്‍ന്ന് വിശപ്പടങ്ങാത്ത സഹചാരിയായി എന്നും അച്ഛനോടൊപ്പം ഹരിഗോവിന്ദനുമുണ്ടായിരുന്നു. ഏഴരവെളുപ്പിന്‍റെ ശ്രീരാഗവും പന്തീരടിയുടെ മധ്യമാവതിയും സായംസന്ധ്യയുടെ പൂര്‍വികല്യാണിയും രാവിന്‍റെ ആഹരിയും ശ്രുതിചേര്‍ത്ത ഞെരളത്തിന്‍റെ ജീവിതകാണ്ഡം ഹരിഗോവിന്ദനോളം അറിഞ്ഞവരില്ല. സോപാനത്തിന്‍റെ ഇന്ദിശയും പുറനീരയും ഹരി തിരിച്ചറിഞ്ഞു. ദുഃഖഘണ്ടാരവും മലയമാരുതവും ജീവിതത്തിനു ശ്രുതിചേര്‍ത്ത് അച്ഛന്‍റെ
ഉന്മാദിയായ സംഗീതകലയെ ഹരിഗോവിന്ദന്‍ കാത്തുപോന്നു. മഹാഗായകനായ യേശുദാസും കഥകളിസംഗീതത്തിലെ വേറിട്ട സൌന്ദര്യമായ ഹൈദരാലിയും നേരിട്ടതിനേക്കാള്‍ വേദന ഹരിഗോവിന്ദന് അനുഭവിക്കേണ്ടിവന്നു. സോപാനത്തിന്‍റെ നാദം തുടിച്ച ഇടക്കയും കോലും തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയില്‍ കാണിക്കയായി സമര്‍പ്പിക്കാന്‍ പോലും ഒരുവേള, ചിന്തിച്ചതാണ്. എന്നിട്ടും, ഞെരളത്തിന്‍റെ വഴി ഹരിഗോവിന്ദന്‍ വിട്ടുകളഞ്ഞില്ല. ആ സുകൃതം ഇന്നും മലയാളത്തിന്‍റെ ഹരിശ്രീയായി നമ്മോടൊപ്പം ..

ഹരിയുടെ ലളിതസുന്ദരമായ കുടുംബചിത്രം കണ്ടപ്പോള്‍ ഇത്രയും എഴുതണമെന്നു തോന്നി. കേരളവും മലയാളവും കൈവിട്ട ഗ്രാമവിശുദ്ധിയും നന്മയും ആ കുടുംബത്തിനും സോപാനസംഗീതത്തിന്‍റെ ശീലിനും ബാക്കിനില്‍ക്കുന്നു എന്നറിയുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷാശ്രു പൊഴിയുന്നു. ഹരിഗോവിന്ദന്‍റെ സംഗീതകലക്ക് നിറവേകാന്‍
മലയാളനാടിനു കഴിയുമെന്ന പ്രത്യാശയും സ്വപ്നവും ഇവിടെ പങ്കിടട്ടെ.

s e t h u m a d h a v a n  ma c h a d


Leen Thobiyas


മലയാളനാട്ടിലെ സജീവസാന്നിധ്യമാണ് ലീന്‍ തോബിയാസ്. രണ്ടു പതിറ്റാണ്ട് മലയാള മനോരമക്കൊപ്പം. ഫോട്ടോജേര്‍ണലിസ്റ്റ് എന്നനിലയില്‍ ശ്രദ്ധേയന്‍.
തികച്ചുംപുതുമയാര്‍ന്ന വെല്ലവിളികളേറെയുള്ള ഒന്നാണ് ലീന്‍ ഇപ്പോള്‍ കൈകാര്യംചെയ്യുന്ന 360 ഡിഗ്രീ ഫോട്ടോഗ്രഫി. സൂക്ഷ്മനിരീക്ഷണവും പ്രതിഭയും, ഒരല്‍പം സാഹസികതയും ആവശ്യപ്പെടുന്നു ഫോട്ടോഗ്രഫിരംഗത്തെ ഈ നവീനസങ്കേതം. 'പനോരമിക്' എന്നുപറയാവുന്ന, കാഴ്ചയുടെ വിസ്തൃതിയില്‍ അഭിരമിക്കുന്ന, വിരല്‍ത്തുമ്പിലെ ചലനങ്ങള്‍ക്കൊപ്പം 360 ഡിഗ്രിയില്‍ ദൃശ്യത്തിന്‍റെ സമഗ്രസൌന്ദര്യം തുറന്നുതരുന്ന ഈ സാങ്കേതികവിദ്യ നമുക്ക് പുതുമയാണെങ്കിലും ബ്രിട്ടനിലെ ഫോട്ടോ ജേര്‍ണലിസ്റ്റകള്‍ക്ക് നേരത്തെ സുപരിചിതം. നിശ്ചലദൃശ്യങ്ങളെ അതിന്‍റെ തനിമയിലും ലാവണ്യത്തിലും സമ്മാനിക്കുന്ന പഴയ സങ്കേതത്തില്‍ നിന്നുള്ള ദിശാവ്യതിയാനമാണ്
360 ഡിഗ്രീ പനോരമിക് ഫോട്ടോഗ്രഫി. നിരവധി നിശ്ചലദൃശ്യങ്ങളുടെ തുടര്‍ച്ചയും ഒഴുക്കുമാണ് ഇതിന്‍റെ പ്രത്യേകത. ദൃശ്യാനുഭവത്തിന്‍റെ അനുസ്യൂതി കാഴ്ചയുടെ സമഗ്രത
നല്‍കുന്നതോടൊപ്പം കണ്ണിന്‍റെ പൂര്‍ണവൃത്തം 'കാഴ്ച്ചയുടെ' നൈരന്തര്യത്തെ പൂര്‍ണരൂപത്തില്‍ നമ്മുടെ സംവേദനത്തിലെത്തിക്കുന്നു . മൗസ് ചലിക്കുന്നതോടൊപ്പം ഒരു ദിശയില്‍നിന്നു ക്രമേണ ഒരര്‍ധവൃത്തം പൂര്‍ത്തിയാക്കി, തുടര്‍കോണുകളിലേക്ക് നയനാഭിരാമമായ ഒരു യാത്ര നിര്‍വഹിക്കാന്‍ നമ്മെ ഈ 'വിര്‍ച്വല്‍ ടൂര്‍ ' സഹായിക്കുന്നു.

ലീന്‍തോബിയാസ് ഇതിനകം എത്രയോ യാത്രകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോയെന്നോ. കുത്തബ് മീനാര്‍, ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട, റഷ്യ, ചൈന, യൂറോപ്പ് മുതല്‍ നമ്മുടെ തൃശൂര്‍പൂരംവരെ 360 ഡിഗ്രീ യാത്രാനുഭവത്തിലൂടെ അദ്ദേഹം നമ്മുടെ കാഴ്ച്ചയെ കൊണ്ടുപോയി.
High Dynamic Range ക്യാമറയാണ് ലീന്‍ ഇതിനായി ഉപയോഗിക്കുന്നത്. മുക്കാലിയില്‍ (Tripod )നിന്ന് ക്യാമറക്ക് തിരിയാനാവുന്ന ദിശകളിലേക്ക് ഒഴുക്കോടെ അലസം സഞ്ചരിക്കാന്‍ ദൃശ്യത്തിനു കഴിയുന്നു. നിഴലും വെളിച്ചവും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ മാന്ത്രികഭംഗികളെ കൂടുതല്‍ മിഴിവോടെ നമുക്ക് പകരാന്‍ ഈ സങ്കേതത്തിനു കഴിയും.ഷൂട്ട്‌ പൂര്‍ത്തിയാവുന്നതോടെ കമ്പ്യുട്ടറിലെ ഫ്ലാഷ് സോഫ്റ്റ്‌വെയറിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.
ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിനെപ്പറ്റി ലീന്‍ തോബിയാസ് നിര്‍മിച്ച ഫോട്ടോബയോഗ്രഫി ഈ രംഗത്തെ ആദ്യപരീക്ഷണമായിരുന്നു.ലിംകബുക്ക്‌ ഓഫ് വേള്‍ഡ് റിക്കോഡില്‍
ലീന്‍ തോബിയാസിന്‍റെ 'യേശുദാസ്' എന്ന Photo Biography ഇടംതേടി.

ലീന്‍ തോബിയാസിന്‍റെ virtual panoramic -360 ഡിഗ്രി ഫോട്ടോഗ്രഫി ലോകശ്രദ്ധയിലേക്ക് വരുന്നതോടൊപ്പം കാഴ്ച്ചയുടെ ലോകത്തെ മറ്റൊരു ദിശാവ്യതിയാനത്തിന് സൌന്ദര്യത്തിന്‍റെ നവീനമുഖം കൈവരുകയാണ്.

Kanjun junga


ഓര്‍മകളില്‍ സുവര്‍ണശോഭ പകര്‍ന്ന് ഇപ്പോഴും കാഞ്ചന്‍ ജംഗ എന്നോടൊപ്പം.
രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ ഡാര്‍ജിലിങ്ങില്‍ എത്തുന്നത്‌. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് വിസ്മയസൂര്യന്‍റെ വരവ് കാണാന്‍ ടൈഗര്‍ ഹില്‍സിലേക്ക്. സിക്കിമിലെ താഷി വ്യൂ പോയിന്‍റു പോലെ ഇവിടെനിന്നും ഉദയസൂര്യന്‍റെ സുവര്‍ണകിരണങ്ങളില്‍ പ്രശോഭിക്കുന്ന കാഞ...്ചന്‍ജംഗ മനുഷ്യജീവിതത്തിലെ... അപൂര്‍വദൃശ്യങ്ങളില്‍ ഒന്ന്. ഹിമശൃംഗങ്ങളില്‍ ആരുണാഭ പതിയുന്ന വിസ്മയക്കാഴ്ച .ഏഴര വെളുപ്പിനേ ഹിമാലയ സൂര്യോദയം കാണാന്‍ ടൈഗര്‍ഹില്‍സില്‍ ആള്‍ക്കൂട്ടം എത്തിയിരുന്നു. കൊടും തണുപ്പിനെ ഒട്ടും വകവെക്കാതെ. ചുക്ക് കാപ്പിയും, ഡാര്‍ജിലിംഗ് ചായയും നിറച്ച പാത്രങ്ങളുമായി ഗ്രാമീണവനിതകള്‍ ഞങ്ങളെ വരവേറ്റു.
സന്ദര്‍ശകര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൃത്യം അഞ്ചു മണിക്ക് സൂര്യോദയം .ആ അപൂര്‍വ മായക്കാഴ്ച കണ്ണിലെ ക്യാമറയില്‍ പകര്‍ത്താന്‍ സന്ദര്‍ശകര്‍ നിശബ്ദസൌന്ദര്യത്തെ ധാനിച്ചു കൊണ്ട് നില്‍ക്കുന്നു. നോക്കിയിരിക്കെ കൃത്യം അഞ്ചിന് കൈക്കുടന്നയിലെ ചിരാതു പോലെ സൂര്യന്‍ നമുക്ക് മുന്നില്‍. അരുണരഥത്തിലേറി സ്വര്‍ണവര്‍ണത്തിലുള്ള ആ വരവ്...
ആ സമയം മഞ്ഞു പുതച്ച കാഞ്ചന്‍ജംഗ സൂര്യശോഭയില്‍ ആകാശത്തെ തൊട്ടുരുമ്മി നിന്നു.ഉയരത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ ശൃംഗം .കാഞ്ചന്‍ജംഗ എന്നാല്‍ സ്വര്‍ണക്കുപ്പായമിട്ട ദൈവം എന്നാണത്രേ അര്‍ഥം. കാഞ്ചന്‍ജംഗയുടെ അഞ്ചു കൊടുമുടികള്‍ ദിവ്യാനുഗ്രഹം ചൊരിയുന്ന കൈവിരലുകള്‍ ആണെന്ന് ഗ്രാമീണര്‍ പറയുന്നു.
ആ സൂര്യോദയം ഓര്‍മയില്‍ മുദ്രിതമായ ഒരു വിസ്മയം.
sethumadhavan machad

mind scape 14


നീന്‍റെ കത്തെനിക്കു കിട്ടിയിരുന്നു. അതിലെ കവിത എന്‍റെഹൃദയം നിറച്ചു. സ്നേഹമുണ്ടായിരിക്കുമ്പോള്‍ നമ്മള്‍ മുഴുവനായും കവിതയായിത്തീരും. സ്നേഹത്തിനെക്കാളും വലിയ മറ്റൊരറിവുണ്ടോ ? അറിഞ്ഞുകൂടാ. ഒന്നറിയാം ജീവിതത്തിലെ യഥാര്‍ഥ സത്ത ഹൃദയമാണ്, ബുദ്ധിയല്ല. എന്‍റെ ഹൃദയത്തില്‍ നിന്നോടെനിക്ക് ഇത്രയും ഇഷ്ടം തോന്നനെന്തേ എന്ന ചോദ്യം എന്നെ അദ്ഭുതപ്പെടുത്തി. സ്നേഹം കാര്യകാരണങ്ങള്‍ക്ക് വിധേയമാണോ? അങ്ങനെയെങ്കില്‍ അതെങ്ങനെ സ്നേഹമാകും? നീ ആവശ്യപ്പെട്ടല്ല ഞാനൊന്നും ചെയ്തത്. ആരും ആവശ്യപെട്ടല്ല ഞാനൊന്നും ചെയ്യുന്നത്. അകാരണമാണെന്നതല്ലേ സ്നേഹത്തിന്‍റെ ഭംഗി? വിളക്കില്‍ വെളിച്ചമെന്നത് പോലെ അതെന്നില്‍ ഞാനറിയാതെ നിറഞ്ഞുകവിഞ്ഞതല്ലേ? ഈ സ്വാര്‍ഥതയും ഭ്രാന്തും അതിന്‍റെ നാനാര്‍ഥമല്ലെ , സത്യത്തില്‍? സ്നേഹം ഒരു തെറ്റും ഒരിക്കലും വരുത്തിയിട്ടില്ല. മറിച്ചാണ് അനുഭവം. ഇത്രയും സ്നേഹമസൃണമായൊരു കത്ത് നീ എഴുതുമെന്ന് ഞാന്‍ കരുതിയില്ല. സ്നേഹത്തി ന്‍റെ പ്രകാശം അറിയണമെങ്കില്‍ കണ്ണുണ്ടാവണം. നിനക്കാ കണ്ണുണ്ട്.അതിനാല്‍ പ്രശംസ അര്‍ഹിക്കുന്നത് ഞാനല്ല.

കൂട്ടുകാരി, ഞാന്‍ ഓഷോ വായിക്കുകയായിരുന്നു.

തിരിച്ചുവന്നതും എന്നെ കാത്തിരുന്ന കത്തുകളുടെ കൂട്ടത്തില്‍ ഞാന്‍ നിന്നെ തിരഞ്ഞു. പറഞ്ഞറിയിക്കാനാവില്ല , അതിന്‍റെ ആനന്ദം. നീ എഴുതുന്നു. നിന്‍റെ അഭാവത്തില്‍ ആ വാക്കുകള്‍ ഊഷ്മളമായൊരു സാന്നിധ്യമാകുന്നു. യഥാര്‍ഥത്തില്‍ സ്നേഹമെന്നത് സാന്നിധ്യമാണ്. സ്നേഹമുള്ളിടത്ത് സ്ഥലവും കാലവും മാഞ്ഞുപോകുന്നു. അതില്ലാതെ വരുമ്പോള്‍ നാം തമ്മിലുള്ള ദൂരം അളക്കാന്‍ പോലുമാകാതെ വ്യര്‍ഥമായിപ്പോകുന്നു. പൂര്‍ണസ്നേഹത്തെ കണ്ടെത്തുന്നവര്‍ അവരവര്‍ക്കക്തു തന്നെ അതിന്‍റെ മധു നുണയുന്നു. പിന്നീട് ലോകം നമ്മുടെ ഉള്ളിലാവുന്നു. അപ്പോള്‍ ചന്ദ്രനും നക്ഷത്രങ്ങളും നമ്മുടെ അന്തരാത്മാവിലെ ചിദാകാശത്തില്‍ പൂത്തുലഞ്ഞു നില്‍ക്കും.

mind scape 13


ചിലപ്പോള്‍ തോന്നും വിശ്വാസം എന്നത് ആദര്‍ശത്തെപ്പോലെ തികച്ചും അനാവശ്യമാണെന്ന്. യാഥാര്‍ത്യത്തിന്‍റെ മുഖം ഹിരണ്‍മയപാത്രം കൊണ്ട് പോലും മറഞ്ഞു പോകുന്നത് ശരിയല്ല. സത്യത്തില്‍ നിന്ന് നമ്മെ അകറ്റാനേ അതുപകരിക്കൂ. കഴിഞ്ഞ ദിവസങ്ങളിലെ നിസ്സാരമെങ്കിലും അര്‍ത്ഥപൂര്‍ണമായ അനുഭവം എനിക്ക് നേരെ ഒരു കണ്ണാടിയിലെന്ന പോലെ എന്നിലെ എന്നെ നോക്കിക്കാണാന്‍ കഴിഞ്ഞത് നിശബ്ദമായ ഒരു ഭാവാന്തരം. കഴിഞ്ഞ ദിനങ്ങളില്‍ ചലച്ചിത്ര ലോകത്തിലൂടെ പല ദേശങ്ങളില്‍ , പല കാലങ്ങളില്‍ ഞാന്‍ ജീവിച്ചു. എവിടെയും മനുഷ്യന്‍റെ നിലവിളി ഒന്നുപോലെ എന്ന് കണ്ടു. എല്ലായിടത്തും മനുഷ്യന്‍ സ്നേഹിക്കുന്നതും വെറുക്കുന്നതും അനുഭവങ്ങളെ അടയാളപ്പെടുത്തുന്നതും ഒരു പോലെ.
സമരവും യാതനയും ഭയവും സംത്രാസവും നാം സൃഷ്ടിക്കുന്ന സ്ഥലത്തിന്‍റെ പ്രതിഫലനമെന്നു തോന്നി. ചിന്തയാണ് ചുറ്റുമുള്ള സ്ഥലത്തിനെ നിര്‍മിക്കുന്നതും നിര്‍വചിക്കുന്നതും എന്ന് തോന്നുന്നു. ചിന്ത എന്നാല്‍ 'അഹം' ആണെങ്കില്‍ നമുക്ക് സ്ഥലത്തിന്‍റെ അവസാനത്തില്‍ ബന്ധങ്ങള്‍ക്ക് പോലും പുതിയ അര്‍ഥം കൈവരും.
ബിംബങ്ങളോ പ്രതിബിംബങ്ങളോ ,ചിഹ്നങ്ങളോ വാക്കുകളോ ഇല്ലാത്ത , സ്മരണയുടെ അലകളില്ലാത്ത ഒരു ലോകം. എനിക്ക് തോന്നി, സ്നേഹം ഓരോ നിമിഷത്തിന്‍റെയും മരണം. മൃതിയാകട്ടെ സ്നേഹത്തിന്‍റെ ജനിയും. അതിനു വേരുകളില്ലായിരുന്നു. അത് അകാരണമായി പുഷ്പിച്ചു,. എല്ലാ ചിന്തകള്‍ക്കു മപ്പുറം അത് സൌന്ദര്യം എന്തെന്നു എന്നെ മനസ്സിലാക്കി. അത് വാക്കുകളില്‍ പകര്‍ത്താന്‍ ഞാനശക്തന്‍. അത് കാന്‍വാസില്‍ ലയിപ്പിക്കാന്‍ എനിക്കസാധ്യം. എന്തെന്നാല്‍ അതിനോടൊപ്പം സ്നേഹവും സൌന്ദര്യവും ആവിര്‍ഭവിക്കുന്നത് ഞാന്‍ അറിഞ്ഞു.

mind scape 12


 
‎' ടൈം ' വാരിക 2009 ല്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായി തിരഞ്ഞെടുത്തത് 'നിങ്ങളെ' ആണ് ( You ). വായനക്കാരാ നിങ്ങള്‍ തന്നെ.
2010 ല്‍ ആരെയാണ് തിരഞ്ഞെടുത്തത് എന്നറിയണ്ടേ? മാധ്യമ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ' യൂ ടേണ്‍ ' ആയി മാറിയ 'ഫേസ് ബുക്ക്...‌' സ്ഥാപകന്‍ 25 കാരനായ മാര്‍ക്ക് സക്കാര്‍ ബര്‍ഗ് എന്ന യുവാവിനെ. തൊട്ടു പിറകെ ' വിക്കീ ലീക്സിന്‍റെ' ജൂലിയന്‍ അസ്സാന്ജ് .
ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമേ Fourth Estate എന്ന പത്രലോകം ഇപ്പോഴും അവശേഷിക്കുന്നുള്ളൂ. പത്രവും റേഡിയോയും, ടെലിവിഷനും പിന്നിട്ട് ഇന്റര്‍നെറ്റിലെ സോഷ്യല്‍ കമ്മ്യൂണിറ്റികള്‍ മുന്നോട്ടു കുതിക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്തയും ചിത്രവും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മുഖ്യധാരയെ പുറംതള്ളി നെറ്റിലെ ബ്ലോഗര്‍മാര്‍ ദൂരത്തെയും സമയത്തെയും കീഴടക്കുന്നു. വീക്കിലീക്സിന്‍റെ 'സ്ഫോടന പരമ്പര' തെളിയിക്കുനത് അതാണ്‌. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരെ ഇതുവരെ ഒരു പ്രത്യയശാസ്ത്രത്തിനും കഴിയാത്തവിധം കടുത്ത ആഘാതമാണ് വീക്കിലീക്സ് സമ്മാനിച്ചത്‌ എന്ന് ബുദ്ധിജീവികള്‍ പോലും സമ്മതിക്കുന്നു. ആഗോളീകരണകാലത്തെ ഈ പുതിയ സാങ്കേതികവിദ്യ രാഷ്ട്രാതിര്‍ത്തികള്‍ കടന്നു ലോകമെങ്ങും ' ആഗോള ഗ്രാമത്തെ 'പുന: സൃഷ്ടിക്കുന്നു. ഓര്‍ക്കുട്ട് , ട്വിറ്റെര്‍ ,ഫേസ് ബുക്ക്‌ ..അങ്ങനെ പടരുകയാണ് സൈബര്‍ ലോകത്തെ ഈ സുപ്പര്‍ ഹൈവേകള്‍ .

'മലയാളനാട്ടിലെ ' നിശബ്ദരായ അയ്യായിരം പേരുടെ അദൃശ്യസാന്നിധ്യം സൈബര്‍ ലോകത്തെ മലയാളി കൂട്ടായ്മയുടെ മുഴങ്ങുന്ന ലോഹനാദ മാവുന്നത് അങ്ങനെയാണ്, രാപകലുകള്‍ സജീവമാകുന്ന അഞ്ഞൂറ് പേരോടൊപ്പം ചരിത്രത്തിന്‍റെ നിശബ്ദസാന്നിധ്യമായി ആയിരങ്ങള്‍ പിറകെ വരുന്നു. അവിടെ തെളിഞ്ഞു വരുന്ന 'നാളെ' യുടെ ശബ്ദങ്ങളെ നമുക്ക് കാത്തിരുന്നു കാണാം

Maulinnong


എന്‍റെ അറിവില്‍ ഏറ്റവും ശ്രദ്ധേയമായ ഹിമാലയാനുഭവം 1900 ല്‍ 'ലാമ അന്ഗാരിക' എന്ന ബൊളീവിയന്‍ ബുദ്ധ ഭിക്ഷുവിന്‍റെ രചനയാണ്. ജപ്പാനിലെ 'എകായ് കവാഗുച്ചിയുടെ' ആവിഷ്കാരം അതിനുംമുന്‍പ് പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പില്‍ക്കാലത്ത് സ്വാമി പ്രണവാനന്ദയാണ് വളരെ authentic ആയ Pilgrim Guide Book എഴുതിയത്. കേരളീയനായ തപോവന സ്വാമികളുടെ ' ഹിമഗിരിവിഹാരം' അതിമനോഹര രചനയാണ്. പിന്നീട് പ്രബോധ് സന്യാലും,ബിഭൂതിഭൂഷനും,എസ്.കെ .പൊറ്റെക്കാടും ,
രാജന്‍ കാക്കനാടനും ,കെ വി സുരേന്ദ്രനാഥും,പത്രപ്രവര്‍ത്തകനായ രാജേന്ദ്രനും, എം പി.വീരേന്ദ്രകുമാറും, എം.കെ.രാമചന്ദ്രനും, കെ ബി.പ്രസന്നകുമാറും,ആഷാ മേനോനും വളരെ നല്ല പുസ്തകങ്ങള്‍ എഴുതി. പ്രത്യേകിച്ച് 'ഉത്തര്‍ ഖണ്ടിലൂടെ 'നാല്പതിലേറെ ഹിമാലയയാത്രകള്‍ ഏറെക്കുറെ കാല്‍നടയായിത്തന്നെ നിര്‍വഹിച്ച ശ്രീ എം. കെ. രാമചന്ദ്രന്‍റെ സംഭാവന എടുത്തുപറയേണ്ടതാണ്. ഇവരുടെ ആന്തരികപ്രത്യക്ഷങ്ങള്‍ എന്‍റെ ഓര്‍മപ്പുസ്തകത്തില്‍ മുദ്രിതം.


മൌലിന്യോംഗ്, ഇപ്പോഴും ഓര്‍മയിലെ നിത്യഹരിതം.
ഇന്ത്യയുടെ വടക്ക്- കിഴക്കന്‍ മേഖല ജൈവവൈവിധ്യത്തിന്‍റെയും ഹരിതഭംഗികളുടെയും നിലവറ. മേഘാലയയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വൃത്തിയുടെയും പരിശുദ്ധിയുടെയും മികവുറ്റ മാതൃക. നിങ്ങള്‍ക്കറിയാമോ , ഏഷ്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി സൌഹൃദ ഗ്രാമം മേഘാലയിലുള്ള മൌലിന്യോംഗ് എന്ന കൊച്ചു പ്രദേശമാണെന്ന്. ഷില്ലോങ്ങില്‍ നിന്ന് ഏകദേശം 80 കി.മീ അകലെ , ബംഗ്ലാദേശിന്‍റെ അതിര്‍ത്തിയിലാണ് ഈ മനോഹാരിത. ഒരു വാന്‍ഗോഗ് ചിത്രം പോലെ സുന്ദരം.
ആകപ്പാടെ നൂറില്‍ താഴെ വീടുകള്‍. മരക്കുടിലുകള്‍ എന്ന് പറയുന്നതാവും ശരി. തൂണുകളില്‍ കെട്ടിയുയര്‍ത്തി പണിത കുടിലുകള്‍, മേല്‍ക്കൂരയിലെ പുകയോടുകള്‍ , വളപ്പിലെ നാനാജാതി ഫലവൃക്ഷങ്ങള്‍ ,പൂന്തോപ്പുകള്‍ , ഉയരങ്ങളില്‍ നിന്ന് മുളം കുഴലിലൂടെ ഒഴുകി എത്തുന്ന ശുദ്ധജലം, സദാ ഉല്‍സാഹഭരിതരായ ഗ്രാമീണര്‍ .. ആകപ്പാടെ ഒരു ഉള്‍നാടന്‍ കേരളീയ ഗ്രാമത്തിന്‍റെ പ്രതീതി. പക്ഷെ പ്രതീതി മാത്രം. കാരണം, വൃത്തിയുടെയും വെടുപ്പിന്‍റെയും കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണിവിടം.
വീടുകള്‍ തമ്മില്‍ അതിരുകളില്ല. വീടും പരിസരവും എല്ലായ്പ്പോഴും കമനീയം. ഒരില വീണാല്‍ ഉടനെ പെറുക്കി മാറ്റുന്ന കുട്ടികള്‍. ഇടവ ഴികളും , നാട്ടുപാതകള്‍ പോലും എപ്പോഴും തൂത്തുവാരുന്ന സ്ത്രീകള്‍. പ്ലാസ്റ്റിക് എന്നൊരു വസ്തു മഷിയിട്ടു നോക്കിയാലും കാണില്ല. വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചൂരല്‍ക്കൊട്ടകള്‍ സന്ദര്‍ശകര്‍ക്ക് അവരുടെ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കാനുള്ളതാണ്. ചുറുചുറു ക്കോടെ പണിയെടുക്കുന്ന പുരുഷന്മാരും, എളിമയോടെ പെരുമാറുന്ന കുട്ടികളും ആദ്യംമുതല്‍ തന്നെ നമ്മുടെ മനം കവരും. പള്ളിക്കൂടങ്ങള്‍, കുട്ടികളുടെ കളിചിരി ശബ്ദങ്ങള്‍ ,അധ്യാപകരുടെ വിനീതമായ പെരുമാറ്റം എല്ലാം നമ്മെ വല്ലാതെ ആകര്‍ഷിക്കും. പപ്പായ, മുന്തിരി , ഓറഞ്ച്, പൈന്‍ആപ്പിള്‍, മറ്റു സമൃദ്ധമായ ഫലവര്‍ഗങ്ങള്‍ ....തികച്ചും ലളിതമായ ജീവിതം. ആര്‍ഭാടങ്ങളില്ല. പുകവലി,മദ്യപാനം എല്ലാം വര്‍ജ്യം. ആഴ്ചച്ചന്തകള്‍ ഒഴികെ മറ്റു കച്ചവട കേന്ദ്രങ്ങളും ഇല്ലെന്നുതന്നെ പറയാം. ചൂരലും മുളയും പുകയിലയും ,പച്ചക്കറി- പഴവര്‍ഗങ്ങളും പ്രധാന വരുമാന മാര്‍ഗങ്ങളാണ്. അവരുടെ ലളിത ജീവിതം കാണുമ്പോള്‍ നമുക്ക് , നമ്മുടെ ആര്‍ഭാടം നിറഞ്ഞ വ്യവഹാരങ്ങളെ ഓര്‍ത്ത്‌ അല്പം കുറ്റബോധം തോന്നാതിരിക്കില്ല. ഞങ്ങള്‍ ഷില്ലോങ്ങില്‍ നിന്ന് വാങ്ങികൊണ്ടുപോയ മധുര പലഹാരങ്ങള്‍ മടിയോടെയാണ് കുട്ടികള്‍ പോലും സ്വീകരിച്ചത്. ഗ്രാമ മുഖ്യന് ഞങ്ങള്‍ കൊടുത്ത എളിയ സംഭാവനക്ക് അദ്ദേഹം രശീത്‌ നല്‍കി നന്ദി രേഖപ്പെടുത്തുകയും സന്ദര്‍ശകപുസ്തകത്തില്‍ അഭിപ്രായം എഴുതി വാങ്ങുകയും ചെയ്തു.
ഗ്രാമീണര്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കും. മേഘാലയയുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലിഷ്, ഉള്‍നാടന്‍ ഗ്രാമാന്തരങ്ങളിലും പ്രയോഗത്തിലുള്ളത് സന്ദകര്‍ശകരെ ആകര്‍ഷിക്കും. ക്രിസ്ത്യന്‍ മിഷനറിമാരുടെ കഴിഞ്ഞ നൂറ്റാണ്ടിലെ അവിശ്രമമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സദ്‌ഫലങ്ങളില്‍ ഒന്ന്.
മൌലിന്യോംഗ്- ഇന്നും മധുരിക്കുന്ന ഓര്‍മയായി നില്‍ക്കുന്നു. 'ഏഷ്യന്‍ ട്രാവലര്‍' മാസികയില്‍ ഞാന്‍ ഈ ഗ്രാമത്തെപ്പറ്റി എഴുതിയി രുന്നു. അങ്ങനെ ഒരുപാട് സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ അവിടം സന്ദര്‍ശിക്കാനിടയായി എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.
മൌലിന്യോംഗ്.. ഓര്‍മയിലെ നിത്യഹരിതം.

- സേതുമാധവന്‍ മച്ചാട്

Nathula Pass


നാഥുലാപാസിലേക്കുള്ള യാത്ര അസാധാരണവും അപൂര്‍വവുമായ അനുഭവം. സ്വര്‍ഗാരോഹിണിയിലേക്കുള്ള കയറ്റം പോലെ. മഹാഭാരതത്തില്‍ നാം വായിച്ചറിഞ്ഞ ഹിമശ്രുംഗം. മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി നടക്കുംപോലെ. ഗാംടോക്കില്‍ നിന്ന് അതിരാവിലെ തുടങ്ങിയ യാത്രയായിരുന്നു. ഹിമാലയ താഴ്വരയിലെ 'സിക്കിം' എന്ന ഈ കൊച്ചു സംസ്ഥാനത്തിന് 7300 ചതുരശ്ര കി.മീ . ആണ് വിസ്തീര്‍ണം. നോര്‍ത്ത്- ഈസ്റ്റിലേക്കുള്ള കവാടം 'ന്യൂ ജയ്പാല്‍ ഗുഡി' എന്ന റെയില്‍വേ സ്റ്റേഷനാണ്. അവിടെനിന്ന് അഞ്ചു മണിക്കൂര്‍ യാത്ര. സിക്കിമിലെക്കുള്ള വഴികള്‍ കൊടുംവനത്തിലൂടെ. തീസ്താ നദി യാത്രയിലുടനീളം നമ്മോടൊപ്പം. വര്‍ണശബളമായ പ്രാര്‍ഥനാ പതാകകള്‍ നമ്മെ വരവേല്‍ക്കുന്നു. തട്ടുതട്ടായി ചെരിവുകളില്‍ കയറിയും ഇറങ്ങിയും മൂടല്‍മഞ്ഞു പുതച്ചുകിടക്കുന്ന സിക്കിം പട്ടണം വര്‍ണഭംഗി കൊണ്ട് നമ്മെ സ്വീകരിക്കുന്നു. ബഹുവര്‍ണ പുഷ്പങ്ങളാല്‍ അലംകൃതമായ 'ഗംടോക്' ബുദ്ധവിഹാരങ്ങളുടെ സങ്കേതമാണ്. ശാന്തിയുടെ ഒരു മരതകപ്പച്ച. പ്രാര്‍ഥനാ നിര്‍ഭരമായ ഒരു ഭൂഖണ്ഡം.

കളക്ടറേറ്റില്‍ നിന്നുള്ള അനുമതിപത്രം( ഇന്നെര്‍ലൈന്‍ പെര്‍മിറ്റ്) നമുക്ക് നാഥുലാപാസ് വരെയുള്ള മലകയറ്റത്തിന് ഉപയോഗിക്കാം. മേഘജാലങ്ങള്‍ക്കൊപ്പം ഒഴുകിയൊഴുകി കയറ്റങ്ങള്‍ പിന്നിട്ട് മൂന്നു മണിക്കൂറിനുള്ളില്‍ നാം നിശബ്ദമായ ഒരു തടാകത്തിനരികെ ചെന്നെത്തും. ചുരത്തിനു മുകളില്‍ മഞ്ഞുരുകി തണുത്തുറഞ്ഞു താഴ്വരയിലെ ഏകാന്തവും നീരവസൌന്ദര്യവും കണ്ണാടിയിലെന്ന പോലെ പ്രതിഫലിച്ചു കിടക്കുന്ന 'ചംഗു' തടാകം. ചിരന്തനമായ ഒരു നിശബ്ദത . ദേവസരസ്സു പോലെ.

അവിടന്ന് പിന്നെയും കയറ്റങ്ങള്‍ കയറിവേണം നാഥുലയിലെത്താന്‍. ഓക്സിജന്‍ സിലിന്‍ഡര്‍ കയ്യില്‍കരുതിയ സഞ്ചാരികളെ അപൂര്‍വമായെങ്കിലും കണ്ടു. സമുദ്രനിരപ്പില്‍ നിന്ന് 14000 അടി ഉയരത്തിലാണ് നാമിപ്പോള്‍. അവിടെ അതിര്‍ത്തി കാക്കുന്ന ഇന്ത്യ- ചൈന ഭടന്മാരെ കണ്ടു അഭിവാദ്യം ചെയ്തു സംസാരിക്കാം. അനുവദിച്ചാല്‍ ഒരു കാല്‍ ചൈനയുടെ മണ്ണിലും, മറുകാല്‍ ഇന്ത്യന്‍ ശിരസ്സിലും വെച്ച് ലോകപൌരനാകാം. ഞങ്ങളാരും പക്ഷെ, അതിനു മുതിര്‍ന്നില്ല. ഇന്ത്യയുടെ നെറുകയില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിച്ച അതിര്‍ത്തിയില്‍ നിന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ ചരിത്രത്തിന്‍റെ കുതിരക്കുളമ്പടി നാം കാതോര്‍ക്കും. നൂറ്റാണ്ടുകള്‍ പിന്നിട്ട്ഓര്‍മ്മകള്‍ ഹിമസാന്ദ്രതയില്‍ മുങ്ങിനിവരും.
ഹ്യുയാന്‍ സാംഗ്, അല്‍ ബിറൂണി തുടങ്ങി എത്രയെത്ര സഞ്ചാരികള്‍ ഈ വഴി കടന്നുപോയി. ഹിമാലയത്തിലെ കാമധേനുവായ യാക്കുകള്‍ എത്രയെത്ര സഞ്ചാരികളെയും വണിക്കുകളെയും ചുമന്നു ഈ ചുരമിറങ്ങി നടന്നുപോയി. ചൈന മുതല്‍ മെഡിറ്റരേനിയന്‍ വരെ നീണ്ടുകിടക്കുന്ന 'സില്‍ക്ക് റൂട്ടിലൂടെ' വിദേശ സഞ്ചാരികള്‍ നൂറ്റാണ്ടുകളോളം യാത്ര ചെയ്തു. പേര്‍ഷ്യക്കാര്‍ ,ഗ്രീക്കുകാര്‍, കുഷാനന്മാര്‍, തുര്‍ക്കികള്‍, താര്‍ത്തറ്റുകള്‍, മുഗളന്മാര്‍ തുടങ്ങി വിദേശയാത്രികര്‍ നാഥുലാചുരമിറങ്ങി നമ്മുടെ മണ്ണിലെത്തി.
മൌര്യസാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത മൌര്യന്‍, ബിന്ദുസാരന്‍ ,അശോകന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരുടെ ആശിസ്സുകളോടെ ബുദ്ധമതം ഈ ചുരങ്ങള്‍ കടന്നു മറു ഭൂഖന്ടങ്ങളിലേക്ക് പ്രചരിച്ചു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ വാഹകരായ തീര്‍ഥാടകര്‍ സാഹിത്യവും ചിത്രകലയും വൈദ്യവും ,ജ്യോതിശാസ്ത്രവും സംഗീതവും ശില്പകലയും മധ്യേഷ്യയിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

ഹിമാലയ പാര്‍ശ്വത്തിലൂടെ നടത്തിയ ഈ യാത്രകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം. സമയം പോലെ സാന്ദ്രമായ തടാകവും ജലനിശബ്ദതയും, നക്ഷത്രഭാസുരമായ നീലാകാശവും ചാന്ദ്രപ്രകാശത്തില്‍ പ്രപഞ്ചം മുഴുവന്‍ പ്രതിഫലിച്ച സരോവരങ്ങളും ഇനിയൊരിക്കലും കാണാന്‍ കഴിയാത്ത സമയതീരങ്ങളും ഓര്‍മയുടെ കണ്ണാടിയില്‍ എന്നെന്നും തിളങ്ങിനില്‍ക്കും.
- sethumadhavan machad

France Phano


ലോകമെങ്ങുമുള്ള മര്‍ദ്ദിതന്‍റെ കറുത്ത മാനിഫെസ്റ്റോ എന്ന തല വാചകത്തോടെയാണ് ഡോ.ഫ്രാന്‍സ് ഫാനോയുടെ 'ഭൂമിയിലെ പതിതര്‍' (Wretched of Earth )എന്ന കൃതി പുറത്തുവന്നത്. വിമോചനം സ്വപ്നം കാണുന്നവരും, സ്വാത്രന്ത്യവും സമത്വവും ആഗ്രഹിക്കുന്നവരും നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം എന്ന് 1961 ല്‍ സാര്‍ത്രെ ഉറക്കെപ്പറഞ്ഞ പുസ്തകം. അള്‍ജീരിയയുടെ വിമോചന നായകരില്‍ ഒരാളായ ഫ്രാന്‍സ് ഫാനോ ആവശ്യപ്പെടുന്ന ഏറ്റവും മിതമായ ആവശ്യം മര്‍ദ്ദിതരുടെ മോചനമാണ്.
'ബ്ലാക്ക്‌ സ്കിന്‍, വൈറ്റ് മാസ്ക് ' എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ ഫാനോ നീഗ്രോ വംശജനെന്ന നിലയിലും മന:ശ്ശാസ്ത്രജ്ഞന്‍ എന്ന നിലയിലും നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ പുസ്തകം. ഫ്രഞ്ച് -അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും വിമതര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് ഫാനോ,അധികാരികളുടെ കണ്ണിലെ കരടായി മാറി. ആ അനുഭവങ്ങളില്‍ നിന്നാണ് A dying Colonialism പോലുള്ള പുസ്തകങ്ങള്‍ രചിക്കുന്നത്‌. പരിഭാഷയ്ക്ക് എളുപ്പം വഴങ്ങാത്ത വിധം കാവ്യാത്മകവും കലാപോന്മുഖവുമാണ് ഫാനോയുടെ ഈ പുസ്തകം. ഒരലസവായന ആവശ്യപ്പെടും വിധമല്ല ഇതിന്‍റെ ഉള്ളടക്കം.

ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതില്‍ അപരിചിതമായതെന്തോ ഉണ്ടെന്നു ഉറപ്പാണ്. ഇവിടെ ചോദ്യം എറിയുന്നത് മറ്റാരുമല്ല , ജീന്‍ പോള്‍ സാര്‍ത്ര് ആണ്. പുസ്തകം 'ഭൂമിയിലെ പതിതരും'. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ അക്രമത്തിന്‍റെ ( അക്രമോത്സുകതയുടെയും) സൈദ്ധാന്തിക വിശകലനവും ഘോഷവുമാണ് ഈ കൃതി.
ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന അള്‍ജീരിയയില്‍ 1954 ലാണ് വിമോചന സമരം തുടങ്ങുന്നത്. നീണ്ട എട്ടു വര്ഷം. അള്‍ജീരിയയുടെ വിജയം സാധ്യമായ വിപ്ലവത്തില്‍ എല്ലാതരത്തിലുമുള്ള പോരാട്ടങ്ങളും ജനം നടത്തി. ഫ്രാന്‍സ് സര്‍വ മാര്‍ഗത്തിലുമുള്ള തിരിച്ചടികളും .
ഗറില്ലാ യുദ്ധം, ജനങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരത ,പീഡനം, പരസ്യവും രഹസ്യവുമായ കലാപങ്ങള്‍, പ്രതിവിപ്ലവങ്ങള്‍,മരണം, പലായനം എന്നിങ്ങനെ ഒരു വിപ്ലവത്തില്‍ സാധ്യമായത് എന്തും അള്‍ജീരിയയുടെ പോരാട്ടത്തില്‍ അടങ്ങിയിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ വര്‍ണവെറിയുടെ പ്രശ്നവും മുഖ്യസ്ഥാനത്തുണ്ടായിരുന്നു. യഥാര്‍ഥ വിപ്ലവ പാഠശാലയില്‍ നേരിട്ടു നിന്നാണ് ഫാനോ വിപ്ലവത്തെപ്പറ്റി പഠിച്ചത്. ലോകമെമ്പാടുമുള്ള മര്‍ദ്ദിതര്‍ക്കായി സമാഹരിച്ചതാണ് ഈ പുസ്തകം.
ഈ പുസ്തകത്തെപ്പറ്റി നിരൂപകനായ കെ.പി.അപ്പന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അദ്ദേഹം എഴുതി : ' ഫാനോ ചിന്തിക്കുമ്പോള്‍ അത് പാഠശാല വിഷയമല്ല. അത് വാമൊഴി ചരിത്രത്തിന്‍റെ ലാളിത്യം പോലെ അവതരിക്കുന്നു. എന്നാലത് ജ്വലിക്കുന്നു. മൌലികത കൊണ്ട് വെട്ടിത്തിളങ്ങുന്നു. വിപ്ലവകരമായ അക്രമത്തില്‍ സ്വതന്ത്രമനുഷ്യന്‍ രൂപം കൊള്ളുന്നു എന്ന് ഫാനോ വിശ്വസിച്ചു.അത് സ്വാതന്ത്ര്യവും, അതിനാല്‍ തത്വചിന്താപരവുമാണ്. കലാപം വ്യക്തിയുടെ ബോധത്തെ പിളര്‍ന്നു കടന്നുചെല്ലുന്ന ആശയമാണ്. അതിന്‍റെ വേരുകള്‍ വിമോചനയുദ്ധത്തിലാണ്. ഇക്കാരണത്താല്‍ അക്രമം ചരിത്രപരമാണ്. ഇതെല്ലാം വിപ്ലവകാരിയുടെ ചരിത്രമനസ്സില്‍ നിന്ന് ഫാനോ കണ്ടെത്തിയ ആശയങ്ങളാണ്.'
ഈ പുസ്തകത്തിന്‍റെ വായന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നത് അതിന്‍റെ സമകാലികവും സാര്‍വലൌകികവുമായ പ്രസക്തി കൊണ്ടാണ്.
( പരിഭാഷ നിര്‍വഹിച്ചത് കൃതഹസ്തനായ ശ്രീ. എന്‍.എ.ലത്തീഫ് . പ്രസാധകര്‍- ഗ്രാംഷി ബുക്സ് )

sethumadhavna machad

Himalayam


ഓരോരുത്തര്‍ക്കും ഓരോ തരം ദേശാടനം. എന്‍റെ രീതിയാവില്ല നിങ്ങളുടേത്. എഷ്യാ വന്‍കരയുടെ ഉറവ വറ്റാത്ത ജലസ്രോതസ്സാണ് എനിക്ക് ഹിമാലയം. ഒരു ഭൂപ്രകൃതിയില്‍ നിന്ന് മറ്റൊരു ഭൂപ്രകൃതിയിലേക്ക്.. ഒരു ജനതയില്‍ നിന്ന് മറ്റൊരു ജനതയിലേക്ക്‌ കടന്നു പോകുമ്പോള്‍ മനുഷ്യ പ്രകൃതിയുടെ നാനാര്‍ഥങ്ങള്‍ നമ്മള്‍ തിരിച്ചറിയും. കാണാനും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഒരാറാമിന്ദ്രിയം നമ്മില്‍ ഉണരുന്നത് തിരിച്ചറിയണം. സഞ്ചാരിയുടെ ആഹ്ലാദം 'തിരിച്ചറിവിന്‍റെ' ഉണര്‍ച്ചയാണ് .സഞ്ചാരിയുടെ പാദങ്ങള്‍ക്ക് കീഴെ പുതിയ തുടിപ്പുകള്‍ ഉണരുന്നത് ദേശാടനത്തിന്‍റെ അറിവുകളില്‍ ഒന്നുമാത്രം. ബ്രഹ്മപുത്ര മുതല്‍ സിന്ധുവരെ നീണ്ടുകിടക്കുന്ന പര്‍വതവും താഴ്വരയുമാണോ ഹിമാലയം? ഋഷികേശ് തൊട്ട് ബദരി വരെ നിര്‍വഹിക്കുന്ന തീര്‍ഥാടനം മാത്രമാണോ ഹിമാലയ യാത്ര? അരുണാചല്‍ പ്രദേശിലെ 'കിബുത്തോ' മുതല്‍ ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍ ,ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കാശ്മീര്‍ ..ശ്രീനഗറിലെ ശ്രീശങ്കരാ ഹില്‍സിലവസാനിക്കുന്ന ഒരു യാത്ര?
പ്രാചീനമായ ഭൂതലങ്ങളിലൂടെ കാലവും ദേശവും പകര്‍ന്നു പകര്‍ന്നു പോകുമ്പോള്‍ നാം , മനുഷ്യര്‍ ആവസിക്കുന്ന ലോകത്തിന്‍റെ കാണാ മറയത്തെ അപൂര്‍വ കാഴ്ചകള്‍ എന്തെന്നറിയും. നാം രാപ്പാര്‍ക്കുന്ന ഭൂമിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഊര്‍ജകേന്ദ്രങ്ങള്‍ തൊട്ടറിയും. അനശ്വരതയുടെ വജ്രശ്രുംഖലകള്‍ കണ്ടറിയും. ജൈവവൈവിധ്യത്തിന്‍റെ ത്രസിക്കുന്ന പ്രഭവങ്ങള്‍ നേരില്‍ കാണും. അപ്പോള്‍ ഹിമാലയം എന്നത് ഇന്ത്യയുടെ 'സത്ത' യാണെന്ന് തിരച്ചറിയാനാവും. ഏഴായിരം മീറ്ററിലേറെ ഉയരമുള്ള മഞ്ഞണിഞ്ഞ നാല്പത്തി മൂന്നു കൊടുമുടികള്‍, മൂവായിരത്തിലേറെ ഹിമതടാകങ്ങള്‍ , ചുടു നീരുറവകള്‍, അത്യഗാധമായ താഴ്വരകളും ഗര്‍ത്തങ്ങളും, ഭാവപ്പകര്‍ച്ചയോടെ നമ്മോടൊപ്പം ഒഴു കിപ്പോകുന്ന നദികള്‍, കുല്യകള്‍, അരുവികള്‍, നീര്‍ത്തടങ്ങള്‍, മൂവന്തികളെ നിഗൂഡ സൌന്ദര്യത്തില്‍ പൊതിയുന്ന ദേവദാരുക്കള്‍, കാമാധേനുക്കളായ യാക്കുകള്‍, ചമരി മാനുകള്‍, കസ്തൂരി മൃഗങ്ങള്‍, സാളഗ്രാമങ്ങള്‍, പര്‍വതങ്ങളെ മുകര്‍ന്നു ത്രസിച്ചു പോകുന്ന സൂര്യരശ്മികള്‍, ഹിമശൃംഗങ്ങളെ ആലിംഗനം ചെയ്യുന്ന വനനിലാവുകള്‍, ഔഷധികളുടെ കലവറകള്‍, ജ്വാലാമുഖികളായ വനസ്ഥലികള്‍, ക്ഷേത്രങ്ങള്‍, ആടുമാടുകളെ മേച്ചു ജീവിതം കഴിയുന്ന ഗ്രാമീണര്‍, അവരുടെ വിചിത്രമായ ആചാരങ്ങള്‍, ദായക്രമങ്ങള്‍ ..വറ്റാത്ത അദ്ഭുതങ്ങളുടെ മേച്ചില്‍പ്പുറങ്ങളല്ലേ ഓരോ യാത്രയും?

ഭാഗീരഥി, യമുന,സിന്ധു ,ബ്രഹ്മപുത്ര ,സരയൂ , ഗണ്ടകീ നദികള്‍ ..ജീവിതത്തിന്‍റെ പൊരുള്‍ തിരഞ്ഞു പവിത്രജലതടാകങ്ങളുടെ തീരത്തിലൂടെ നടന്നുപോയ സത്യകാമന്‍മാരായ മനുഷ്യ വംശങ്ങള്‍..സമസ്തലോകത്തിനും ഹിതം ഭവിക്കട്ടെ എന്ന ദര്‍ശനത്തെ കണ്‍ പാര്‍ത്ത ജ്ഞാനികളായ യാത്രികര്‍ .. കവികള്‍ ..കാശ്മീരവും, ജലന്ധരവും , കേദാരവും കുമാരാചലവും, ഭാവനയുടെ ഋതുഭേദങ്ങള്‍ പീലി വിടര്‍ത്തിയാടിയ സമയതീരങ്ങള്‍..കര്‍ണപ്രയാഗ്, ദേവപ്രയാഗ് ,രുദ്രപ്രയാഗ് .നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് തുടങ്ങിയ സ്ഫടിക തടാകങ്ങള്‍, കല്യാണ സൌഗന്ധികങ്ങള്‍ പൂത്തുലഞ്ഞ താഴ്വരകള്‍ ,ശാന്തിയുടെ അപാരതീരങ്ങളായ സൌമ്യവനങ്ങള്‍ .. കാഴ്ചകള്‍ അവസാനിക്കുന്നില്ല. ...
ബദരിയും കഴിഞ്ഞു തിബറ്റന്‍ അതിര്‍ത്തി പങ്കിടുന്ന മനാ ഗ്രാമം, അവിടെ അളകനന്ദ ചെന്നുചേരുന്ന കേശവപ്രയാഗ, വസുന്ധരാ വെള്ളച്ചാട്ടം ,സ്വര്‍ഗാരോഹിണി.. മനുഷ്യന് ഭൂമി സമ്മാനിക്കുന്ന ഏറ്റവും ഗംഭീരമായ ദൃശ്യവിസ്മയമല്ലേ സത്യത്തില്‍ ഹിമാലയം?
മൊനാല്‍ പക്ഷികള്‍ നീരാടുന്ന നീലത്തടാകങ്ങളും ദേവസരോവരങ്ങള്‍ക്കരികെ പുഷ്പിച്ചു നില്‍ക്കുന്ന ബ്രഹ്മകമലങ്ങളും നമ്മെ നാമറിയാതെ ഒരു ഭാവാന്തരത്തിലേക്ക് കൊണ്ടു പോകുന്നില്ലേ? ഭൂമിയുടെ പ്രാര്‍ഥനപോലെ ആകാശത്തിലേക്ക് കൈകൂപ്പി നില്‍ക്കുന്ന ഹിമശൃംഗങ്ങള്‍ നമ്മോടു ' ശാന്തി: ' എന്നല്ലാതെ മറ്റെന്താണ് മന്ത്രിക്കുന്നത്? കാഴ്ചക്കാരനും കാഴ്ചയും ഇവിടെ ഒന്നാവുകയല്ലേ ചെയ്യുന്നത്?
- sethumadhavan machad

Tuesday, October 25, 2011

mind scape 11

ഡിസംബറിലെ തിരുവാതിരക്കാറ്റ്.. പാലക്കാടന്‍ ചുരമിറങ്ങി കുന്നുകളും മേടുകളും താണ്ടി കവുങ്ങിന്‍ തോട്ടങ്ങളെ വേരിളക്കി, കണ്ണെത്താ ദൂരത്തെ പാടങ്ങളെ തഴുകിയും തലോടിയും വൃശ്ചികത്തെ മഞ്ഞണിയിച്ചും, കനകാംബരങ്ങള്‍ക്ക് ദാവണി നല്‍കിയും , ഇലകള്‍ക്ക് പച്ചയും മഞ്ഞയും.. പവിഴമല്ലിക്ക് ഗന്ധവും വാടാമല്ലിക്ക് നിറവും ,അമ്പലക്കുളത്തിന് തുടിയും പാണന്‍റെ പാട്ടിനു ഇമ്പവും ..തെങ്ങിന്‍ കള്ളിനു മദവും...ഊഞ്ഞാലിന് ആന്ദോ ളനവും........ധനുമാസരാവിനു കളിവാക്കും ....ആതിരനിലാവിന് ആലിംഗനവും.. വൃശ്ചികവും ധനുവും ഓര്‍മകള്‍ക്ക് കൌമാരം .. എന്നെന്നും...

Bheesen joshi 2


  • അങ്ങനെ ആ ഗന്ധര്‍വനാദവും നിലച്ചു .

    അതിന്‍റെ ഒളിചിന്നുന്ന പ്രകര്‍ഷം നമ്മുടെ ഓര്‍മയുടെ ഞരമ്പുകളില്‍ പ്രസരിച്ചുകൊണ്ടേ ഇരിക്കും. കാരണം ഗന്ധര്‍വന്‍മാര്‍ മരിക്കുന്നില്ല. ആദിമനാദമായ ഓംകാരം തൊട്ട് നാളിതുവരെ ഭൂമിയില്‍ പിറന്നുവീണ സമ്യക് ഗീതങ്ങളെല്ലാം ഒലിയായും ധ്വനിയായും തലമുറകളെ കടന്ന് നമുക്കൊപ്പം ജീവിക്കുന്നു. അസ്തിയായും ഭാതിയായും .അതെ ഭീംസെന്‍ ...വംശവൃക്ഷത്തിന്‍റെ ശാഖകളില്‍ ഉപശാഖകളില്‍ ഇലകളില്‍ നേര്‍ത്ത വെളിച്ചമായി ,നിറമായി, ഗന്ധമായി പ്രസരിച്ചുകൊണ്ടേയിരിക്കുന്നു.

    അനുപമമായ ആലാപനശൈലി കൊണ്ട് ആരാധകഹൃദയങ്ങളില്‍ അമൃതവര്‍ഷം ചൊരിഞ്ഞ സംഗീതപ്രതിഭ. ഭീംസെന്‍ ജോഷിയുടെ ശബ്ദം നിലയ്ക്കുന്നതോടെ ഹിന്ദുസ്ഥാനി സംഗീതത്തിലെ കിരാന ഘരാനയുടെ പുരുഷസൌന്ദര്യം വിട ചൊല്ലുകയാണ്. ആരോഹാവരോഹങ്ങളുടെ ആന്ദോളനം കൊണ്ട് ക്ലാസിക്കല്‍ സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങാന്‍ ആ നാദത്തിനു കഴിഞ്ഞു. ഏഴു പതിറ്റാണ്ട് നീണ്ടു നിന്ന സമാനതകളില്ലാത്ത സപര്യക്ക് വിരാമം.

    മഹാഗായകര്‍ പിറന്നുവീണ ഉത്തരകര്‍ണാടകയിലെ ധാര്‍വാടില്‍ 1922 ഫെബ്രുവരി 14നു ജനിച്ച ജോഷി തന്‍റെ പതിനൊന്നാം വയസ്സില്‍ വീട് വിട്ടിറങ്ങി , പിന്നീട് ഘരാനകളുടെ വസന്തം പെയ്തിറങ്ങിയ ഗ്വാളിയോറിലേയും ലക്നോവിലെയും മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും തെരുവുകളിലൂടെ ഗുരുവിനെതേടി അലഞ്ഞുനടന്ന കൌമാരം. ഒടുവില്‍ സ്വന്തംനാട്ടില്‍ സവായ് ഗന്ധര്‍വ എന്നാ സംഗീത ഗുരുവിനെ കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ കീഴില്‍ ഏഴുവര്ഷം സംഗീതം അഭ്യസിക്കുകയും ചെയ്തു. പ്രമുഖധാരയായ കിരാന ഘരാനയുടെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള സാധനയായിരുന്നു പിന്നീടുള്ള ജീവിതം. സാധനകള്‍ നിറഞ്ഞ ഗുരുകുലവാസം അവസാനിച്ച് പടിയിറങ്ങുമ്പോള്‍ സംഗീതസാഗരത്തിലെ ആഴങ്ങള്‍ പലതും ആത്മാവിലലിഞ്ഞു ചേര്‍ന്നിരുന്നു. മഹാഗായകര്‍ അഭിരമിക്കുന്ന ഭാരതീയ സംഗീത ലോകത്തിലേക്ക് ഭീംസെന്‍ കടന്നുവന്നതോടെ ഒരു പുതുയുഗം പിറവികൊള്ളുകയായിരുന്നു. ഉസ്താദ് അമീര്‍ ഖാന്‍റെയും, ബഡെ ഗുലാംഅലി ഖാന്‍റെയും പിന്‍ഗാമിയായി മഹത്തായ ഭാരതീയസംഗീത പാരമ്പര്യത്തിന്‍റെ മുന്‍നിരയിലെത്താന്‍ ഭീംസെന്‍ ജോഷിക്ക് അധിക കാലം വേണ്ടിവന്നില്ല. സംഗീതപ്രേമികളായ ബഹുസഹസ്രം ശ്രോതാക്കള്‍ അദ്ദേഹത്തിന്‍റെ ഗന്ധര്‍വനാദത്തിനു കാതോര്‍ത്തു.രാഗ താളങ്ങളുടെ ആത്മാവില്‍ ഭക്തിയും സിദ്ധിയും സാധനയും അലിയിച്ചു ചേര്‍ത്തു ലോകസംഗീതത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങള്‍ ഭീംസെന്‍ മെല്ലെ മെല്ലെ അളന്നെടുക്കുകയായിരുന്നു.
    1985 ല്‍ ലതാമങ്കേഷ്കറും ബാലമുരളീകൃഷ്ണയും ഭീംസെന്‍ജോഷിയും ചേര്‍ന്നൊരുക്കിയ 'മിലേ സുര്‍ മേരെ തുമാര ...' എന്നാ ദേശഭക്തി ഗാനം രാജ്യമെങ്ങും അലയിളക്കി. ദൂരദര്‍ശനിലൂടെ ഇന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ ആ സംഗീതആല്‍ബം ആബാലവൃദ്ധം ജനങ്ങളും ഹൃദയത്തിലേറ്റു വാങ്ങി.പരമോന്നത ബഹുമതിയായ ഭാരതരത്നമടക്കംപുരസ്കാരങ്ങള്‍ ജീവിതത്തില്‍ അദ്ദേഹത്തെ തേടിയെത്തി. 1972 ല്‍ പദ്മശ്രീയും ,1985 ല്‍ പദ്മഭൂഷനും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. സ്വാതിസംഗീത പുരസ്കാരത്തിലൂടെ കേരളവും ആ നാദപ്രപഞ്ചത്തിനു മുത്തുക്കുടയും ആലവട്ടവും ചാര്‍ത്തി. ഭാരതീയ സംഗീതലോകത്തെ ഒരിതിഹാസമാണ് ഭീംസെന്‍ ജോഷിയുടെ കാലത്തോടെ മണ്‍മറയുന്നത്‌. എന്നാല്‍ അദ്ദേഹം ജീവന്‍പകര്‍ന്ന അനുപമസംഗീത ഘരാനകള്‍ ഒരിക്കലും ഈ നാദപ്രപഞ്ചത്തെ അനാഥ മാക്കുന്നില്ല. ആ ഗന്ധര്‍വനാദം സംഗീതപ്രണയികളുടെ ആത്മാവിലെ അണയാത്ത ജ്വാലയായി എന്നെന്നും നിലനില്‍ക്കും

  • കുട്ടിക്കാലത്ത് കേട്ട ഉസ്താദ് അബ്ദുല്‍കരീം ഖാന്‍റെ'ചന്ദ്രീ ക ഹീ ജാസൂന്‍ ' എന്ന റെക്കോര്‍ഡ്‌ ആണ് ആ കുട്ടിയിലെ അഗ്നിയെ തെളിയിച്ചത്. അക്കാലത്തെ ഏറ്റവും വലിയ ഗായകനായിരുന്നു അബ്ദുല്‍കരീം ഖാന്‍.
    1946 ല്‍ പൂനെയില്‍ സവായ് ഗന്ധര്‍വയുടെ പിറന്നാള്‍ ദിവസം പാടി സംഗീതപ്രേമികളുടെ മനസ്സില്‍ അമരത്വം നേടാന്‍ അദ്ദേഹത്തിനായി. ഗുരുവിന്‍റെ സ്മരണ നിലനിര്‍ത്ത...ാന്‍ പൂനെയില്‍ 'സവായ് ഗന്ധര്‍വ മഹോത്സവ് 'വളരെ കാലം ഭീംസെന്‍ കൊണ്ട് നടന്നു. എതിരില്ലാത്ത സംഗീത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. പണ്ഡിറ്റ്‌ മല്ലികാര്‍ജുന്‍ മന്‍സൂര്‍ , കുമാര്‍ ഗന്ധര്‍വ ,പണ്ഡിറ്റ്‌ ബസവരാജ് രാജ്‌ഗുരു , ഗംഗു ഭായി ഹംഗാല്‍. എന്നീ മഹാഗായകരുടെ ജന്മനാടായ ധാര്‍വാടില്‍ നിന്ന് തന്നെയാണ് അര നൂറ്റാണ്ട് ഇന്ത്യ സ്നേഹിച്ച ചീം സെന്‍ ജോഷി എന്ന അതുല്യ പ്രതിഭയും വന്നത്‌, ഇതൊരു യാദൃച്ചികത.
    ശ്രുതിശുദ്ധിക്കും രാഗത്തിന്‍റെ വികാരത്തിനും പരമ പ്രാധാന്യമുള്ളതാണ് കിരാന ഘരാന .അതിന്‍റെ പൂര്‍ണതക്കുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത് . അനുപമമായ ആലാപന ശൈലിയുടെ മുദ്രയായിരുന്നു ഭീംസെന്‍ .ലളിതവും മൃദുലവുമായ വികാരങ്ങളുടെ ഇളകി മറിയലല്ല , ആഴം കണ്ടവന്‍റെ പരമശാന്തി സംഗീതത്തിലൂടെ ശ്രോതാക്കളിലേക്ക് നിവേദിക്കുകയായിരുന്നു അദ്ദേഹം. പാടുന്നത് തന്നെത്തന്നെ
    സന്തോഷിപ്പിക്കാനാനെന്നു പറഞ്ഞ ജോഷിയുടെ വാക്കുകള്‍ നാദത്തിന്‍റെ പൊരുളറിഞ്ഞവന്‍റെ എളിമയായിരുന്നു.' പാടിക്കൊണ്ടിരിക്കുംപോള്‍ എനിക്ക് ചുറ്റുമുള്ളതെല്ലാം കാഴ്ചയില്‍ നിന്ന് മറയുന്നു. പിന്നെ സംഗീതം മാത്രം. ' ആ നിമിഷം ഒരു തൂവല്‍ പോലെ നേര്‍ത്തു നേര്‍ത്തുള്ള കേവലാനന്ദത്തില്‍ അനിര്‍വചനീയമായ ഒരവസ്ഥയിലങ്ങനെ സ്വയം മറന്നു പാടുകമാത്രം.യമന്‍,ലളിത്,കാഫി,
    മാര്‍വ, പൂരിയ, ഭൈരവി, ശുദ്ധകല്യാണ്‍, തുടങ്ങിയവ ജോഷിയുടെ പ്രിയരാഗങ്ങളായിരുന്നു.
    ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതത്തിലെ പ്രധാനപദമാണ് ഖരാന. സംഗീതത്തിലെ സവിശേഷവ്യക്തിത്വത്തെ സൂചിപ്പിക്കുന്ന പദം.ഒട്ടേറെ ഖരാനകളുണ്ട്‌.അതില്‍ അനുപമം എന്ന് പറയാവുന്ന 'കിരാന ഖരാന 'യിലാണ് ജോഷി ഉള്‍പ്പെടുന്നത്.ഉസ്താദ് അബ്ദുല്‍കരീം ഖാന്‍ പാടുന്നത് പോലെ വേണം പാടാന്‍ എന്ന് ജോഷി വിശ്വസിച്ചിരുന്നു. ഒരു ശിഷ്യന്‍ തന്‍റെ ഗുരുവിനെപ്പറ്റി പറയുന്നതാണ് ഗുരുവിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ആഹ്ലാദം. ആ ഗുരുത്വം ജോഷി തന്‍റെ വിനീതസാധനയിലൂടെ ജീവിതത്തില്‍ നേടിയെടുത്തിരുന്നു.





MF hussain


1915 സപ്തംബര്‍ 17 നു മഹാരാഷ്ട്രയിലെ പാന്തര്‍പൂരില്‍ മാക്‌ ബൂല്‍ ഫിഡ ഹുസൈന്‍ ജനിച്ചു.
ബറോഡയിലെ മദ്രസയില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കവിതകള്‍ എഴുതുമായിരുന്നു.
1937 ല്‍ മുംബൈയിലെത്തിയ ഹുസൈന്‍ ചലച്ചിത്രപരസ്യങ്ങള്‍ വരച്ചുകൊണ്ടാണ് കലാലോകത്തേക്ക് പ്രവേശിച്ചത്‌. spider and the lamp ,sameen and man
തുടങ്ങി നിരവധി ചിത്രങ്ങള്‍ ജനശ്രദ്ധ നേടി. പ്രശ...സ്തമായ പെയിന്റിംഗ് ലേലമായ ക്രിസ്റ്റി ഒക്ഷനില്‍ 20 ലക്ഷം ഡോളര്‍ വരെ ഹുസൈന്‍റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഫോര്‍ബ്സ് മാഗസിന്‍ ഇന്ത്യയിലെ പിക്കാസോ എന്നാണു അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌.
സമഗ്ര സംഭാവനകള്‍ക്ക് പദ്മശ്രീയും പദ്മ ഭൂഷനും പദ്മ വിഭൂഷനും അദ്ദേഹത്തെ തേടിയെത്തി.

സമകാലിക ലോകത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ലാവണ്യത്തോടെ ഹുസൈന്‍ തന്‍റെ വര്‍ണങ്ങളില്‍ ചാലിച്ചു.


സ്ത്രൈണ സൌന്ദര്യത്തിന്‍റെ സമ്മോഹനം കാന്‍വാസിലെഴുതിയ പ്രതിഭ .
ലോകമെങ്ങുമുള്ള കലാനിരൂപകരുടെ ആദരം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സ്വന്തം ഹുസൈന്‍ .
കരിക്കട്ടയിലും ക്രയോണ്‍സിലും എം എഫ് ഹുസൈന്‍ ചാലിച്ച തെരുവുചിത്രങ്ങള്‍ ജനകീയമായ അംഗീകാരം നേടി.
പൌരാണിക സ്ത്രീ കഥാപാത്രങ്ങള്‍ മതാതീതമായ വശ്യതയോടെ അദ്ദേഹം വരച്ചെടുത്തു. മാധുരിയുടെ നൃത്തസൌന്ദര്യത്തെ
താളാത്മകതയോടെ ഹുസ്ഷ്യന്‍ തന്‍റെ ചിത്രങ്ങളില്‍ പുന: സൃഷ്ടിക്കുകയായിരുന്നു .

എംഎഫ് എന്ന് കലാലോകത്ത് അറിയപ്പെട്ട ഹുസൈന്‍ വിവാദങ്ങളുടെ കളിത്തോഴന്‍ കൂടിയായിരുന്നു. 1940 കളില്‍ ആധുനികചിത്രകലയുടെ ഭാരതീയമുഖം ഹുസൈന്‍ തന്‍റെ

സമാനതകളില്ലാത്ത ബ്രഷ് സ്ട്രോക്കുകളിലൂടെ കലാലോകത്ത് അവതരിപ്പിച്ചു. ബംഗാള്‍സ്കൂള്‍ ചിത്രകലയില്‍ വെന്നിക്കൊടി പറത്തിയ നാളുകള്‍. എഴുപതുകളില്‍ ഹുസൈന്‍ നടത്തിയ ശുദ്ധകലാവാദത്തിനെതിരെയുള്ള കലാപം പിറന്നമണ്ണില്‍ നിന്ന് സ്വയംഭ്രഷ്ടനാവാന്‍ വഴിയൊരുക്കി. അദ്ദേഹം ഒരു ഹൈന്ദവ വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. 2006 ല്‍ ഹുസൈന്‍ ഖത്തറിലേക്ക് താമസംമാറ്റി. മാതൃരാജ്യം സമ്മാനിച്ച വിധിനിഷേധം അദ്ദേഹത്തിന്‍റെ സര്‍ഗാത്മകതയെ ഒട്ടും ബാധിച്ചില്ലെന്നു പറയാം. ഇന്ത്യന്‍ ചിത്രകലയെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഹുസൈന്‍ നേതൃത്വംകൊടുത്ത ഇന്ത്യന്‍ 'അവാന്ത് ഗാര്‍ഡിന്' കഴിഞ്ഞു. 1967 ല്‍ എം എഫ് ഹുസൈന്‍ നിര്‍മിച്ച ചലച്ചിത്രം - Through

the Eyes of a Painter പരക്കെ ശ്രദ്ധിക്കപ്പെട്ടു. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ അദ്ദേഹത്തിന് Golden Bear പുരസ്കാരം നല്‍കി. തുടര്‍ന്ന് 1973 ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു .

ജീവിച്ചിരുന്നപ്പോള്‍ ഏറ്റവുംകൂടുതല്‍ വിലമതിക്കപ്പെട്ട രചനകളാണ് അദ്ദേഹം നിര്‍വഹിച്ചത്. മാധുരി ദീക്ക്ഷിത് പ്രധാനറോളില്‍ അഭിനയിച്ച 'ഗജഗാമിനി' യുടെ ശില്പി എം എഫ് ഹുസൈന്‍ ആയിരുന്നു. കാളിദാസകാവ്യങ്ങളിലെ ഭാരതീയ സ്ത്രീ സൌന്ദര്യസങ്കല്പങ്ങള്‍ക്കൊപ്പം മൊണാലിസയുടെ വശ്യമാധുര്യവും തന്‍റെ വര്‍ണങ്ങളില്‍ ലയം കൊള്ളുന്നത്‌ കലാസ്വാദകര്‍ക്ക് അദ്ദേഹം നിവേദ്യമായി നല്‍കി. തനിക്കു ലഭിച്ച 'രാജാരവിവര്‍മ പുരസ്കാരം' അഭിമാനത്തോടെയാണ് ഹുസൈന്‍ മനസാ സ്വീകരിച്ചത്.

കലയിലെ ശുദ്ധസൌന്ദര്യവാദികളുടെ മതാത്മകതകെതിരെ ഒറ്റയ്ക്ക് നടക്കുമ്പോഴും , അത്താഴവിരുന്നിന് മുംബൈ താജ്ഹോട്ടലില്‍ പാദുകങ്ങളില്ലാതെ ചെന്ന അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നപ്പോഴും ഒരേ സമനില പുലര്‍ത്താന്‍ ഹുസൈനിലെ കലാകാരന് കഴിഞ്ഞു. കലയുടെ അനന്തസ്വാതന്ത്ര്യത്തിനു വേണ്ടി ഹുസൈന്‍ നിലകൊണ്ടു. സര്‍ഗപരതയുടെ അപരിമേയമായ തലങ്ങളില്‍ , സ്വപ്നവര്‍ണങ്ങളുമായി കിന്നാരംചൊല്ലി അവസാനശ്വാസം വരെ തെരുവിന്‍റെ ഉറ്റ ചങ്ങാതിയായി ഹുസൈന്‍ ജീവിച്ചു. അതൊരു സ്വപ്നവും ആവിഷ്കാരവുമായിരുന്നു. ദൈവത്തിന്‍റെ വിരലുകളുമായി സല്ലാപത്തിലേര്‍പ്പെട്ട ഒരു മനുഷ്യന്‍റെ അപൂര്‍വജന്മം. എം എഫ് ഹുസൈന്‍. നഗ്നപാദനായി നമുക്കിടയില്‍ ,തെരുവില്‍ മനുഷരുടെ തോളില്‍ കയ്യിട്ടുകൊണ്ട് നടന്നുപോയ നിറങ്ങളുടെ തോഴന്‍ യാത്രയാവുന്നു.