Sunday, March 18, 2012

oppam nadakkunna pichakam


അമ്മമ്മയുടെ എഴുത്തുപെട്ടിക്ക് കൈതപ്പൂവിന്‍റെ മണമാണ്. അലക്കിയെടുത്ത കോടിമുണ്ടുകള്‍ നറുമണം പൊഴിച്ച് അമ്മമ്മയുടെ പെട്ടകത്തില്‍ എഴുത്തോലകള്‍ക്കൊപ്പം കിടന്നു. അനങ്ങന്‍മലയുടെ അടിവാരത്ത് പൂവിലഞ്ഞികള്‍ നിറഞ്ഞൊരു താഴ്വരയിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്‌. അമ്പലക്കുളത്തില്‍ മുങ്ങിത്തുടിച്ചും കൈക്കൊട്ടിക്കളിച്ചും ദശപുഷ്പം ചൂടിയും അമരകോശവും സിദ്ധരൂപവും ഉരുവിട്ടും കഴിഞ്ഞ ഓര്‍മകളുടെ ബാല്യം. അമ്മമ്മ പകര്‍ന്നുതന്ന ചിത്രസ്മരണകള്‍ 'ഞാറ്റുവേല' ക്കുറിപ്പുകളായി ഒരിക്കല്‍ ഞാന്‍ പകര്‍ത്തിയെടുത്തു. ഇടിവെട്ടിപ്പെയ്ത തുലാവര്‍ഷരാവുകളില്‍ മതി വരാതെ കേട്ട അമ്മമ്മക്കഥകള്‍ ഞങ്ങള്‍ അയവിറക്കാറുണ്ട്.

എണ്പതിന്‍റെ നിറവില്‍ കെ.സി പങ്കജാക്ഷിയമ്മ കുറിച്ചിട്ട 'ഒപ്പം നടന്ന പിച്ചകം' വായിച്ചുതീര്‍ന്നപ്പോള്‍ സുഗന്ധിയായ ഭാഷയുടെ എഴുത്തോലയില്‍ കഴിഞ്ഞ കാലത്തിന്‍റെ കാഴ്ചകള്‍ ഓര്‍മകളില്‍ പെയ്തു വീണു. ആലപ്പുഴയിലെ മുതുകുളത്ത് നിന്ന് കാര്‍ത്തികപ്പള്ളിയിലേക്ക് ദത്തുപുത്രിയായി യാത്രതിരിച്ച രണ്ടു വയസ്സുകാരി പേരപ്പന്‍റെ തോളത്തിരുന്നു മുണ്ടകന്‍ പാടത്തിന്‍റെ കരയിലൂടെ നടത്തിയ യാത്രയുടെ അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച കാണാക്കാഴ്ചകളാണ് പിച്ചകപ്പൂമണമായി നമ്മോടൊപ്പം കൂടെവന്നത്. ഒരു സാധാരണ മലയാളിസ്ത്രീയുടെ ഗ്രാമീണവിശുദ്ധി കലര്‍ന്ന ജീവിതത്തിന്‍റെ കയ്പും ചവര്‍പ്പും മധുരവും നിറഞ്ഞ ഓര്‍മയുടെ ചിമിഴുകള്‍ ഓരോന്നായി ഈ അമ്മൂമ്മ തുറന്നു തരുന്നു. നന്മകളാല്‍ സമൃദ്ധമായ ഓണാട്ടുകരയിലെ സ്ഫടികവര്‍ണങ്ങള്‍ തൂവിയ കൌമാരം അസാധാരണമായ ഉള്‍ക്കാഴ്ച യോടെയാണ് പങ്കജാക്ഷിയമ്മ ഓര്‍മിക്കുന്നത്‌. " മുതുകുളവും കാര്‍ത്തികപ്പള്ളിയും ചന്തമുള്ള നാട്ടിന്‍പുറങ്ങളായിരുന്നു.മുതുകുളത്തെ ഇലയപ്പത്തിന്‍റെ നടുഭാഗം എന്ന് വിളിച്ചു കേട്ടിട്ടുണ്ട്. പ്രകൃതിരമണീയതക്കും കാര്‍ഷികസമൃദ്ധിക്കും പുറമേ കലാകാരന്മാരുടെ നാടുകൂടി ആയതാവാം കാരണം. അക്ബര്‍ ശങ്കരപിള്ള, അനാര്‍ക്കലി വാസുദേവ് എന്നീ നാടകനടന്മാര്‍ , കവയിത്രി മുതുകുളം പാര്‍വതിയമ്മ,നടന്‍ മുതുകുളം രാഘവന്‍ പിള്ള, എന്നിവരൊക്കെ ആ ദേശക്കാരായിരുന്നു.സമൃദ്ധമായി കിട്ടുന്ന മഴ, മുണ്ടകന്‍കൃഷി ചെയ്യുന്ന കണ്ടങ്ങള്‍, പുരയിടങ്ങളില്‍ ധാരാളമായി വളര്‍ന്നുനിന്ന മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍.....
കാര്‍ത്തികപ്പള്ളിക്ക് ബുദ്ധസംസ്കാരവുമായി ബന്ധമുണ്ടെന്നു കേട്ടിരുന്നു. തൃക്കുന്നപ്പുഴയില്‍ ഉണ്ടായിരുന്ന ബുദ്ധവിഹാരം പില്‍കാലം കടലെടുത്തുപോയെന്നുംപറച്ചിലുണ്ട്. കാര്‍ത്തികപ്പള്ളിയുടെ ഏറ്റവും വലിയ സവിശേഷത ഒരു പക്ഷെ അവിടത്തെ കമ്പോളമായിരുന്നു. കായംകുളം പട്ടണം വികസിതമാവുന്നതിനു മുന്‍പ് കാര്‍ത്തികപ്പളി കമ്പോളമാണ് ആലപ്പുഴയിലെ കച്ചവടക്കാരെ ആകര്‍ഷിച്ചിരുന്നത്. ഓച്ചിറ വിളക്കിനും, മണ്ണാറശാല ആയില്യത്തിനും ഉയരുന്ന താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ അവിടേക്ക് ആകര്‍ഷിച്ചു."
ഒരു നാടിനെയും ദേശത്തെയും അടയാളപ്പെടുത്തുന്ന ഈ ആലേഖനം ഹൃദ്യമായൊരു വായനാനുഭവമാണ്.
എഴുത്തില്‍ അപൂര്‍വസൌന്ദര്യം വിടര്‍ത്തുന്ന ആത്മഭാഷണങ്ങള്‍ സാഹിത്യത്തിലെ ദിശാമാറ്റത്തിനു തനിമയും നിറവും പകരുന്നു. ദേശചരിത്രം പോലെ കുടുംബവര്‍ത്തമാനവും വ്യക്തിജീവിത ചിത്രണവും എഴുത്തില്‍ അടയാളപ്പെടുത്തുന്ന ലോകം, വായിക്കപ്പെടാതെ പോകുന്ന തീവ്രഭാവനയുടെ മുഹൂര്‍ത്തമാണ്. സക്കറിയയുടെ ഉരുളികുന്നവും കെ വി തോമസിന്‍റെ കുമ്പളങ്ങി വിശേഷവും ശിവദാസന്‍ മാസ്റ്ററുടെ കിള്ളിക്കുര്‍ശ്ശി മംഗലവും അഡ്വ.ശ്രീകൃഷ്ണന്‍റെ മച്ചാട് ദേശചരിത്രവും പൊറ്റെക്കാടിന്‍റെ അതിരാണിപ്പാടം പോലെ മലയാളത്തിലുണ്ടായ മനോഹരകൃതികളാണ്. സിസ്റ്റര്‍ ജെസ്മയും, കോണ്‍സ്റ്റബിള്‍ വിനയയും എഴുത്തിലൂടെ വ്യത്യസ്തങ്ങളായ സ്വകാര്യലോകങ്ങള്‍ നിര്‍മിച്ചു.കല്ലേന്‍ പൊക്കുടനും നാരായനും അനുഭവത്തിന്‍റെ മറുകരയിലൂടെ പതിഞ്ഞ ശീലുകളില്‍ നിന്ന് വഴുതിമാറി. അന്തര്‍ജനവും രാജലക്ഷ്മിയും സരസ്വതിയമ്മയും മാധവിക്കുട്ടിയും മാത്രമല്ല, ദേവകി നിലയങ്ങോടിനെപ്പോലെയുള്ള അറിയപ്പെടാത്ത ശബ്ദങ്ങളും അവര്‍ നിര്‍മിച്ച സ്വകാര്യലോകത്തിന്‍റെ ഇരുട്ടില്‍ നിന്ന് പ്രത്യാശാപൂര്‍ണമായൊരു വരുംകാലത്തെ ഭാവന ചെയ്തു.
കുടുംബവും സ്നേഹബന്ധങ്ങളും ക്രമേണ അന്യംനിന്നു വരുന്നൊരു കാലത്ത് 'ഒപ്പം നടക്കുന്ന പിച്ചകം' പോലുള്ള വാത്സല്യം നമ്മുടെ സംവേദനത്തെ ഉര്‍വരമാക്കുന്നുണ്ട്.പങ്കജാക്ഷിയമ്മയുടെ പുത്രന്‍ ബാലചന്ദ്രനും പേരക്കിടാവ് മീരയും എഴുത്തിന്‍റെ വഴി തിരഞ്ഞെടുത്തതും പാരമ്പര്യത്തിന്‍റെ നൂലിഴ സ്നേഹത്താല്‍ കൊരുത്തെടുത്തത് കൊണ്ടാണ്.
ജീവിതസായന്തനത്തില്‍ കെ സി പങ്കജക്ഷിയമ്മ എന്ന മുത്തശ്ശി പകര്‍ത്തിവെച്ച ലോകം അവരുടെ മരണാനന്തരം മക്കള്‍ പ്രസിദ്ധീകരിച്ചതാണ് ഈ മനോഹര കൃതി.    ഓണാട്ടുകരയിലെ അറ്റം കാണാതെ നീണ്ടു പരന്നുകിടന്ന മുണ്ടകന്‍ പാടങ്ങളും ഓര്‍മകള്‍ പാദസരം കിലുക്കിയ നാട്ടിടവഴികളും കൊരിച്ചൊരിഞ്ഞ കര്‍ക്കിടകപ്പേമാരിയും വസന്തോല്സവമാടിയ യൌവനഭംഗികളും ആണ്ടറുതികളുടെ ഇനി വരാത്തവണ്ണം മറഞ്ഞുപോയ കാല്‍പനികസൗന്ദര്യവുമൊക്കെ നന്മയുടെ ഈ പുസ്തകത്തില്‍ വിരുന്നുവരുന്നു. മുത്തശ്ശിമാരുടെ ആത്മകഥകള്‍ വായനയുടെ സൌഭാഗ്യമാവുന്നതിങ്ങനെയാണ്.

Thursday, March 1, 2012

Himasringangalil 4



കൈലാസം കണ്ടു മടങ്ങുന്നവര്‍ ഒപ്പം ഒരു സരസ്സും കൊണ്ടുവരുന്നു. നമ്മിലുണ്ടായിരുന്ന, ഉള്ളിലുണ്ടെന്നറിയാതിരുന്ന 'മാനസ സരോവരം'. മനുഷ്യന് ഭൂമി നല്‍കിയ ദൃശ്യവിസ്മയം. നീലാകാശവും ഹിമശിഖരവും പ്രതിഫലിച്ച ജലനിശബ്ദതയിലൂടെ നടന്നുപോകുന്ന പ്രയാണി ഐഹികമായ പ്രേരണകളേതുമില്ലാതെ പ്രദക്ഷിണവഴിയിലെ പ്രാര്‍ഥനയാവുന്നു. ഭൂമിയുടെ നെറുകയില്‍ ചുറ്റുമുള്ള പര്‍വതങ്ങളുടെ സംരക്ഷണവലയത്തില്‍ ഏതാണ്ട് 85 കി മീ ചുറ്റളവില്‍ അറ്റം കാണാത്തതുപോലെ നീണ്ടുവളഞ്ഞ് സമയംപോലെ സാന്ദ്രമായി ഈ നീലത്തടാകം ഇതാ നമുക്ക് മുന്നില്‍. സൃഷ്ടിയുടെ കാരകനായ ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നാണ് ഈ സ്വപ്നജലശയ്യ രൂപമെടുത്തത്. പാര്‍വതീദേവിക്ക് നീരാടാനായി ഉറവയെടുത്ത നിലാവിന്റെ തടാകം. ചാന്ദ്രിമ വീണുകിടന്ന പൌര്‍ണമിരാവുകളില്‍  പാര്‍വതിയും തോഴിമാരും അപ്സരസൌന്ദര്യത്തോടെ ഇവിടെ നീരാട്ടിനെത്തി.  നീലനീരാളത്തിലെ ബ്രഹ്മകമലം അവര്‍ക്കായി ഉദിച്ചുയര്‍ന്നു. ഇവിടെനിന്നാണ് സരയൂ നദി ഉദ്ഭവിച്ചതെന്ന് ആദികാവ്യം പറയുന്നു. രാഗവതിയായ സന്ധ്യയില്‍ താരാനാഥന് നീരാജനവുമായെത്തിയ നക്ഷത്രജാലം വജ്രകാന്തിയോടെ ഉദിച്ചുയര്‍ന്ന കാഴ്ച ആരതി പോലെ നമുക്ക് പകരുകയാണ് എം കെ രാമചന്ദ്രന്‍. " താഴ്ന്നിറങ്ങി ക്കിടന്ന ചക്രവാളത്തില്‍ അസാധാരണവലിപ്പമുള്ള പൌര്‍ണമിചന്ദ്രന്‍ കൈയ്യെത്തും ദൂരത്തു വന്നുനിന്നു.ആകാശം മുഴുവന്‍ ഒരു കണ്ണാടിയിലെന്നപോലെ തടാകത്തില്‍ പ്രതിഫലിച്ചു. ചെമ്മണ്‍നിറം പൂണ്ട മൊട്ടക്കുന്നുകളും മേടുകളും നിലാവെളിച്ചത്തില്‍ മുങ്ങിനീരാടി. പ്രകൃതിയുടെ നഗ്നതയില്‍ വിശുദ്ധിയെന്തെന്നു നിര്‍വൃതിയോടെ അറിയുന്ന നിമിഷം. എക്കാലത്തേക്കും ഓര്‍മയില്‍ മുദ്രിതമാവുന്ന നിമിഷം."

മാനസസരോവര പ്രദക്ഷിണം പൂര്‍ത്തിയാക്കി, കാലഭൈരവനെപ്പോലെ മഹാമേരുവായി നിന്ന കൈലാസം പരിക്രമണം ചെയ്യുന്നു ഈ യാത്രികന്‍. ഭൂമിയുടെ പ്രാര്‍ഥനപോലെ മഹാകാശത്തിലേക്ക് ശിരസ്സ്‌ നീര്‍ത്തിനിന്ന പാര്‍വതഗോപുരം. ഒരു താമരപ്പൂ പോലെ ചുറ്റും വലയം ചെയ്യപ്പെട്ട അനേകം പര്‍വതങ്ങള്‍ക്കു മധ്യേ , കൈലാസം നിലകൊണ്ടു. പ്രദോഷ നൃത്തത്തിലെ നടരാജനെപ്പോലെ . നീണ്ടുനീണ്ടു പോകുന്ന ദുര്‍ഗമമായ വഴികളില്‍ സഞ്ചാരികള്‍ ഒറ്റക്കാവുന്നു. കയറ്റിറക്കങ്ങള്‍, മരവിച്ചുപോകുന്ന തണുപ്പ്, ജീവജാലങ്ങളില്ലാതെ മൌനം ഘനീഭവിച്ച അന്തരീക്ഷം,ഘടികാരങ്ങള്‍ നിലച്ചുപോയ സ്ഥലരാശി.. ഈ യാത്ര മനുഷ്യജന്മത്തിന്റെ ഒരു നിയോഗമാണെന്ന് തോന്നിപോവും. രാഗവും ദ്വേഷവും ശമിച്ച്, ഉദ്വേഗങ്ങളില്ലാതെ, ഓരോ അടിയും അളന്നു പര്‍വതം കയറുമ്പോള്‍ 'നാമെത്ര നിസ്സാരര്‍' എന്ന ചിന്ത വായനക്കാരായ നമ്മിലും ഉണരുന്നു.

കൈലാസത്തെ മറച്ചുനിന്ന ജാംബിയാന്ഗ് പര്‍വതത്തിന്റെ നെറുകയില്‍ കയറി വളരെ സമീപസ്ഥമായി കൈലാസമെന്ന അദ്ഭുതം നേരില്‍ കാണാന്‍ ശ്രീ രാമചന്ദ്രന് കഴിഞ്ഞുവെന്നതാണ് ഈ പുസ്തകത്തിന്റെ സുകൃതം. ശിവലിംഗം പോലെ ഭൂമികടിയില്‍ നിന്ന്‌ സ്വയംഭൂവായി പൊങ്ങിവന്ന പര്‍വതരാജനെ വണങ്ങിനിന്ന മുഹൂര്‍ത്തം, മേഘവര്‍ഷത്താല്‍ ജലധാരയിലെന്നപോലെ അദ്ദേഹത്തിന്റെ മുകുളിത ശിരസ്സില്‍ തീര്‍ഥബിന്ദുക്കള്‍ ഇറ്റുവീണത്‌
അദ്ഭുതാ
തിരെകാത്തോടെ നാം അറിയുന്നു. തിങ്കള്‍ക്കല ചൂടിയ കാലഭൈരവന്റെ ശിരസ്സിനു മീതെ ത്രിവര്‍ണത്തിന്റെ
ച്ഛന്ദസ്സുകള്‍ വിടരുന്നതും  അസ്തമയത്തിന്റെ സുവര്‍ണശോഭയില്‍ കൈലാസശൃംഗം പൊന്‍പരാഗമണിയുന്നതും നിറഞ്ഞ മനസ്സോടെ നമ്മുടെ വായനയെ സാര്‍ ഥകമാക്കുന്നു.
ഭൂമിയുടെ 19000 അടി മുകളില്‍ ഭ്രമണം ചെയ്യുന്ന കാറ്റിന്റെ നാദം പ്രണവമായി തിരിച്ചറിയുമ്പോള്‍ ഭാരതീയമായ സങ്കല്‍പ്പങ്ങള്‍ നിറവേറുകയാണ്.  ഏഴു വന്‍കരകള്‍ക്കും ഏഴു സമുദ്രങ്ങള്‍ക്കും മധ്യേ ഭൂമിയുടെ നാഭിയായി നിന്ന മേരുപര്‍വതം സര്‍വമതക്കാര്‍ക്കും
വിശുദ്ധിയുടെ പ്രാര്‍ഥനാചക്രമാണ്. 2500  കി മീ നീണ്ടു ശയിക്കുന്ന ഹിമാലയമെന്ന അദ്ഭുതം ..
സിന്ധു മുതല്‍ സത് ലജ് വരെ കുമായൂണ്‍ ഹിമാലയമായും, കാളി മുതല്‍ തീസ്ത വരെ നേപ്പാള്‍ ഹിമാലയമായും , തീസ്ത മുതല്‍ ബ്രഹ്മപുത്ര വരെ ആസ്സാം ഹിമാലയമായും ഏകദേശം അഞ്ചു ലക്ഷം ചതുരശ്ര കി മീ വ്യാപിച്ചു കിടക്കുന്നു. അനശ്വരതയുടെ വജ്രശൃംഖല  പോലെ. ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാസം. ഭാരതത്തിന്റെ അവിഭാജ്യസത്ത. ഏഴായിരം മീറ്ററിലേറെ ഉയാമുള്ള മഞ്ഞണിഞ്ഞ 43 കൊടുമുടികള്‍. വന്‍ ഹിമതടാകങ്ങള്‍, അത്യഗാധമായ താഴ്വരകളും ഗര്‍ത്തങ്ങളും. ഭാഗീരഥി, യമുന, സിന്ധു, ബ്രഹ്മപുത്ര, സരയൂ, ഗന്ടകീ തുടങ്ങിയ നദികള്‍ ഇവിടെ ഉദ്ഭവിച്ചു. കാഞ്ജന്‍ ജംഗ, നംഗപര്‍വതം,അന്നപൂര്‍ണ, ധവളഗിരി തുടങ്ങിയ പര്‍വതനിരകള്‍... എല്ലാറ്റിനുമൊടുവില്‍ കൈലാസമെന്ന പൂര്‍ണത. 'സ്ഥാവരങ്ങളില്‍ ഞാന്‍ ഹിമാലയം' എന്ന് ഭഗവദ് ഗീത.
തികച്ചും ആത്മനിഷ്ഠമായൊരു അനുഭവമാണ് കൈലാസം. ഒരാള്‍ സന്ദര്‍ശിക്കുന്ന കൈലാസം മറ്റൊരാള്‍ കാണുന്നില്ല. ശ്രീ രാമചന്ദ്രന്റെ കൈലാസം, നിത്യ സഞ്ചാരിയായ ഒരു മനസ്സിന്റെ വിശുദ്ധിചക്രത്തില്‍ നിന്നും ഉരുവായതാണ്. അതുകൊണ്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്, " എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലായിരുന്നു കൈലാസയാത്ര." എന്ന്. കൈലാസത്തില്‍ പോവുന്നവര്‍ക്ക് രണ്ടു ജീവിതമുണ്ട്. പോകുന്നതിനു മുന്‍പുള്ള ബാഹ്യജീവിതം, പിന്പുള്ള ആന്തരിക ജീവിതമെന്ന മഹാപ്രസ്ഥാനം. അതെ ശ്രീ എം കെ രാമചന്ദ്രന്‍ ആ മഹാപ്രസ്ഥാനം സാക്ഷാത്കരിച്ച പ്രയാണിയാണ്, തീര്‍ച്ച.