Wednesday, September 19, 2012

KV Baby


തുള്ളുന്നതും തുളുമ്പുന്നതും...


ആഴിയുടെ നീലയും കാടിന്‍റെ പച്ചയുമായി ഭൂമിക്കു മീതെ ഒരു കിളി അടയിരുന്നു. ജാലകത്തിലൂടെ കാണുന്ന അലിവാര്‍ന്ന പ്രകൃതി കവിയുടെ ഉള്ളില്‍ ഒരു കെടാവിളക്ക് നീട്ടി. മധുരമായ ശബ്ദത്തില്‍ ഓര്‍മകളില്‍ അടയിരിക്കുന്ന ആ കിളി പാടി. 'ഉള്ളിന്‍റെയുള്ളില്‍ തുള്ളുന്നതെന്തോ തുളുമ്പുന്നതെന്തോ..'
'പറയുവാനറിയില്ല പക്ഷെ, പറയാതിരിക്കാനുമാവതില്ല..'
കെ വി ബേബിയുടെ ഓര്‍മകളുടെ നദിയാണ് " പോക്കുവെയില്‍പ്പൊന്ന്". ശിശുസഹജമായ നിഷ്കളങ്കത ഈ കൃതിയെ മുകര്‍ന്നുനില്‍ക്കുന്നു. ജീവിതനിരീക്ഷണത്തിന്‍റെ നേര്‍ത്ത ജലച്ചായചിത്രങ്ങള്‍. അവതാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി.ഈ സ്മരണകളിലൂടെ കടന്നുപോകുന്ന ഒരാള്‍ ഹൃദയവിശുദ്ധിയുടെയും നന്മയുടെയും സ്പര്‍ശം അറിയാതിരിക്കില്ല.
ഓര്‍മയുടെ മന്ദാരപത്രത്തില്‍ ബേബി കുറിക്കുന്ന പ്രാര്‍ഥനകള്‍ക്ക് സത്യവേദത്തിന്‍റെ സരളതയും വിശുദ്ധിയുമുണ്ട്. പോക്കുവെയിലിന്‍റെ വെള്ളിനാണയങ്ങള്‍ ഊര്‍ന്നുവീണ പൂവരശിന്‍റെ മരച്ചില്ലകള്‍ തണല്‍ നീര്‍ത്തിയ കുട്ടിക്കാലം കവി ഓര്‍ത്തെടുക്കുന്നു. ഇലഞ്ഞിച്ചോട്ടിലെ ഓര്‍മകളുടെ മര്‍മരം , വളര്‍ന്നപ്പോഴും കവിയിലെ കുട്ടിയെ വിടാതെ പിന്തുടര്‍ന്നു.പേരറിയാത്ത തന്തോന്നിപ്പൂക്കളുടെ നിറവാത്സല്യം നുണഞ്ഞ കാലം. തൊടികളും പാടവരമ്പുകളും ഉരുസക്കുത്തായ നാട്ടുപാതകളും കായ്ക്കറിപ്പാടങ്ങളും മാന്തോപ്പുകളും, നീലസര്‍പങ്ങള്‍ തലനീര്‍ത്തിയ കല്ലുവെട്ടുമടകളും കവിയുടെ ഓര്‍മകളില്‍ മഞ്ചാടി വര്‍ണങ്ങള്‍ ചാര്‍ത്തി. പാടത്തെ ചേറിന്‍റെ മണവും വേര്‍പ്പിന്‍റെ സുഗന്ധവും പുന്നെല്ലിന്‍റെ നീരാവിയും കശുമാവിന്‍ തോപ്പിലെ ചാറും ചറവും മുറ്റിയ മധുരിക്കും ഓര്‍മകളുടെ കഥകള്‍ ഗൃഹാതുരമായി വായിച്ചുപോകുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ നാം വീണ്ടും മുങ്ങിനിവരുന്നു. പില്‍ക്കാലം ഇതെല്ലാം കവിതകളില്‍ പൂത്തുലഞ്ഞു പരിമളം വിടര്‍ത്തി.

വൈലോപ്പിള്ളി സന്ധ്യയില്‍ മഹാകവിയെ കണ്ടുമുട്ടിയ നിമിഷം കവിതയുടെ പ്രാര്‍ഥന പോലെ. ജീവിതത്തിന്‍റെ വൈചിത്ര്യങ്ങള്‍പ്രതിഭയുടെ കൊടിയടയാളമായി കൊണ്ടുനടന്ന വൈലോപ്പിള്ളിയുടെ നിറ സാന്നിധ്യം ഈ കവിയെ ആത്മാവില്‍ സ്പര്‍ശിച്ചു. പോക്കുവെയില്‍പ്പൊന്ന് ' അവനിവാഴ്വിനു മീതെ നീലവിഷാദത്തിന്‍റെ കരിനിഴല്‍ വീണ പുലാക്കാട്ടു രവീന്ദ്രന്‍റെകാവ്യലോകത്തേക്കുള്ള യാത്ര. 'കരുണയിലൊരു രാത്രി' ഏതു ശത്രുവിനെയും നിരായുധനാക്കുന്ന വശ്യമായ ഒരു വെണ്‍ചിരിയെക്കുറിച്ചാണ്. എം എന്‍ വിജയന്‍ മാഷ്‌. 'പെയ്തു തോരാത്ത ബഷീര്‍' ചതിക്കുന്ന ലാളിത്യവുമായി ഒരു മഹാ വന്‍കരയില്‍ പാര്‍ത്ത ഇമ്മിണി വലിയ ഒരു മനുഷ്യന്‍റെ കൊച്ചുജീവിതം വരച്ചെടുക്കുന്നു. 'ചിരി മാഞ്ഞുപോയ ചുണ്ടിലെ പരിഹാസമുദ്ര' ജന്മസഹജമായിക്കിട്ടിയ തലകുനിക്കാത്ത നര്‍മബോധത്തിന്‍റെ വാള്‍മുനയായ അയ്യപ്പപ്പണിക്കരെ നമിക്കുന്നു.
ലീലാവതി ടീച്ചറും അഴീക്കോടും കുഞ്ഞുണ്ണി മാഷും, കടമ്മനിട്ടയും, ചുള്ളിക്കാടും, വി ജി തമ്പിയും സിവിക്ക് ചന്ദ്രനും രാവുണ്ണിയും മുല്ലനേഴിയും വി പി ശിവകുമാറും തൃശൂര്‍ സെന്‍റ് തോമസ്‌ കോളേജും കറന്റ് ബുക്സും, പുത്തന്‍പള്ളിയും അല്‍ത്താരയും കവിയരങ്ങുകളും ചിര സൌഹൃദങ്ങളും തുള്ളിത്തുളുമ്പിയ ഈ ഓര്‍മപ്പുസ്തകം നേര്‍ത്ത ജലച്ചായത്തിലെഴുതിയൊരു മനോഹരചിത്രം പോലെ.
കുട്ടിയുടെ കണ്ണുകളിലൂടെ കാണുന്ന ലോകം പ്രകാശഭരിതമായിരുക്കും.കെ വി ബേബി എന്ന വലിയ കുട്ടിയുടെ കാഴ്ച സത്യവും സൌന്ദര്യവും മുദ്രവെച്ച സുവര്‍ണ സ്മരണകളുടെ തീര്‍ഥമാണ്‌ .ഉള്ളിന്‍റെയുള്ളില്‍ തുള്ളുന്ന, തുളുമ്പുന്ന.. പറയുവാനാവാത്ത,പറയാതിരിക്കാനുമാവാത്ത വാക്കുകളുടെ.....

Tuesday, September 18, 2012

Dakshina

ഒരധ്യാപകദിനം കൂടി കടന്നുപോയി.
കവിയും അധ്യാപകനുമായ ശ്രീ വി ജി തമ്പി മാഷെക്കുറിച്ചുള്ള ഒരോര്‍മചിത്രം -
1981 ലാണ് ഞാന്‍ തൃശൂര്‍ കേരളവര്‍മയിലെത്തുന്നത്. മലയാളം എം എ ക്ലാസില്‍. രാവുണ്ണിയും എന്‍ പി ചന്ദ്രശേഖരനും ഉള്‍പ്പടെ ഞങ്ങള്‍ പത്തുപന്ത്രണ്ടു പേര്‍. വി ജി തമ്പി മാഷുടെ അധ്യാപക ജീവിതത്തിന്‍റെ ആദ്യനാളുകള്‍. വളരെ സൌമ്യനായ ഒരാള്‍. ഒരധ്യാപകന്‍റെ ആര്‍ജവം, സത്യസന്ധത ഇവയൊക്കെ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കും. സാഹിത്യവിമര്‍ശനത്തിന്‍റെ ചരിത്രമാണ് തമ്പിമാഷ് എടുത്തിരുന്നത് എന്നാണെന്‍റെ ഓര്‍മ.കേരളവര്‍മയിലെത്തുന്നതിനു മുന്‍പ് തന്നെ 'രസന' മാസികയെപ്പറ്റി കേട്ടിരുന്നു. ഇളംപച്ചനിറത്തിലുള്ള നോട്ടുബുക്ക് പോലെയാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ
'പതിനെട്ടു കവിതകള്‍'  രസന പുറത്തിറക്കിയത്. തമ്പി മാഷുടെ 'രസനയും കനലു'മൊക്കെ അമൂല്യനിധി പോലെ ഞങ്ങള്‍ സൂക്ഷിച്ചു. മാനുഷികമായ ഒരു ദിശാബോധം പകരുന്നതില്‍ കേരളവര്‍മയും തമ്പിമാഷും അളവില്‍ക്കവിഞ്ഞ സ്വാധീനം എന്നിലുണര്‍ത്തി. അതുവരെ ഉണ്ടായിരുന്ന കാഴ്ച, വാക്ക്, വായന ,എഴുത്ത് എല്ലാം പുതിയൊരു ഗതിവേഗം കൈക്കൊണ്ടു.
ഞാന്‍ ദിവസവും ഒറ്റപ്പാലത്തുനിന്ന് ട്രെയിനില്‍ വന്നുപോവുകയായിരുന്നു. തൃശൂരിലെത്തി കാനാട്ടുകരയില്‍ ബസിറങ്ങി കേരളവര്‍മയിലേക്ക് നടക്കുമ്പോഴാവും തമ്പിമാഷ്‌ സൈക്കിളില്‍ ഒഴുകിവരുന്നത്‌. സഹപ്രവര്‍ത്തകരെയോ വിദ്യാര്‍ഥി സുഹൃത്തുക്കളെയോ കണ്ടുമുട്ടിയാല്‍ പിന്നെ സൈക്കിളും ഉരുട്ടി കൂടെനടക്കും. മൃദുവായെ സംസാരിക്കൂ. പുതിയൊരു പദകോശം,വായനയിലും എഴുത്തിലുമുള്ള ഊര്‍ജം ഇവയൊക്കെ തമ്പിമാഷെ ഉള്ളഴിഞ്ഞു സ്നേഹിക്കാന്‍ കാരണമായി.

ഒറ്റപ്പാലത്തുള്ള എന്‍റെവീട്ടില്‍ പലതവണ മാഷ്‌ വന്നിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അനങ്ങന്‍മല കയറി. വില്വാദ്രിയിലെ പുനര്‍ജനി നൂണു. കവിയരങ്ങുകളില്‍ പങ്കെടുത്തു. എന്‍റെ അമ്മയ്ക്കും തമ്പിമാഷെ വലിയ ഇഷ്ടമായിരുന്നു. മുത്തച്ഛന്‍ ഭാഷാധ്യാപകനായിരുന്നതുകൊണ്ട് ഞങ്ങള്‍ അധ്യാപകരെ അളവറ്റു സ്നേഹിച്ചു. കേരളവര്‍മയിലെ സി ആര്‍ രാജഗോപാലന്‍ മാഷും ആര്‍ ജീ എന്ന് വിളിച്ചിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ സാറും എം ആര്‍ രാജനും, പിന്നെ പ്രിയപ്പെട്ട രാജന്‍മാഷും യുവകവി അവീഷും (ഇരുവരും ഇപ്പോഴില്ല) വള്ളുവനാട്ടിലെ സൗഹൃദം കൂടാന്‍ എന്‍റെ വീട്ടിലെത്തിയത് ഗൃഹാതുരതയോടെ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. അലഞ്ഞുള്ള യാത്രകള്‍ തമ്പിമാഷിന് വളരെ ഇഷ്ടമായിരുന്നു. നൂറുവര്‍ഷം പിന്നിട്ട ഞങ്ങളുടെ പഴയവീടിന്‍റെ ഉമ്മറക്കോലായയിലും, അനങ്ങന്‍മലയുടെ നെറുകെയിലും
പുനര്‍ജനി ഗുഹയുടെ ഇരുണ്ട ആഴത്തിലും കവിയായ തമ്പിമാഷ്‌ അനുഭവത്തിന്‍റെ ഏകാന്തമായ നിമിഷം ഉള്‍ക്കൊണ്ടിരിക്കാം.
ഒരിക്കല്‍ കര്‍ണാടകയിലൂടെ യാത്രചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി സമയം അദ്ദേഹവും കൂട്ടുകാരും വലിയൊരു നദീതീരത്തെത്തി. അമാവാസിയിലെ ആ ഇരുണ്ട നദിയുടെ നിശ്ചല ഗാംഭീര്യം അദ്ദേഹം ക്ലാസ്മുറിയില്‍ വരച്ചുകാട്ടിയത് ഇന്നും എന്‍റെ മനസ്സിലുണ്ട്. പാതിരായാമത്തില്‍ നദീദൃശ്യത്തിന് ഭയപ്പെടുത്തുന്ന ഒരു ഇരുണ്ട സൌന്ദര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. നേരം പുലര്‍ന്നപ്പോ ഴാണ് അത് 'തുംഗഭദ്ര' യാണെന്ന് മനസ്സിലായത്‌. നാമ രൂപങ്ങളുടെ തിരിച്ചറിവ് നമ്മുടെ കാഴ്ചയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. കുടജാദ്രിയിലെ പുലരിമഞ്ഞും മേഘവര്‍ഷവും ഉത്തരേന്ത്യന്‍യാത്രയുടെ വേവും ചൂടുമെല്ലാം അനുഭവതീവ്രതയോടെ പിന്നീട് കവിതയില്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനു സഹായകമായി എന്നുവേണം കരുതാന്‍.

ഒരിക്കല്‍ ഒരു നീണ്ട യാത്രക്കൊടുവില്‍ തോരാത്ത വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടായിരുന്ന അജ്ഞാതനായ സഹയാത്രികന്‍ എല്ലാവരും നോക്കിനില്‍ക്കെ ഓടുന്ന തീവണ്ടിയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തത് തമ്പിമാഷെ വളരെ ദു:ഖിതനാക്കി .മരണത്തിന്‍റെ ഉന്മാദത്തിലേക്ക് അയാള്‍ യാത്രപോയത് കവിയെ ആകുലചിന്തയില്‍ തപിപ്പിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് സഹാധ്യാപകനായിരുന്ന രാജന്‍മാഷുടെ  തികച്ചും അനാഥമായ മൃതി. അത് പ്രാര്‍ഥനാനിര്‍ഭരമായ ഒരു ബലികൂടിയായിരുന്നുവല്ലോ. വിരഹം,തിരസ്കാരം, സഹനം തുടങ്ങിയ സാധാരണയിലും അസാധാരണമായ വിധികല്പന ഏറ്റുവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തെ മുകര്‍ന്നപ്പോഴും അടിതെറ്റാതെ പിടിച്ചുനില്‍ക്കാന്‍.. സൌഹൃദങ്ങള്‍ അദ്ദേഹത്തിന് തുണനിന്നു. ഈ സൌഹൃദങ്ങളാണ് വി ജി തമ്പി എന്ന മനുഷ്യന്‍റെ, അധ്യാപകന്‍റെ, കവിയുടെ ബലതന്ത്രം.

ഇവിടെനിന്നാണ് വി ജി തമ്പി എന്ന കവിയെ ഞാന്‍ വായിക്കുന്നത്. 'തച്ചനറിയാത്ത മരം'.. ഉള്ളിലേക്ക് കരയുന്ന വാക്ക്. എന്‍റെ പ്രണയമേ എന്‍റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത് ? കവി ചോദിച്ചു.
എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊരു ധര്‍മവ്യസനം ഈ കവിയെ ഒഴിയാബാധ പോലെ പിന്തുടര്‍ന്നു.'തച്ചനറിയാത്ത മര'ത്തിന്‍റെ അവതാരികയില്‍ ബാലന്‍ എഴുതി :
"മരിക്കാനാവാതെ ജീവിക്കാനാവാതെ വിശ്വസിക്കാനാവാതെ അവിശ്വസിക്കാനാവാതെ ആരംഭിക്കാനാവാതെ അവസാനിപ്പിക്കാനാവാതെ പിതാവ്,മകള്‍ ,സുഹൃത്ത്, പ്രകൃതി, പ്രണയം, ദൈവം, രാത്രി, മരണം, പിറവി, മറവി എന്നിങ്ങനെയുള്ള മഹാബാധകളാല്‍ യാതനപ്പെടുന്ന ഈ കവിക്ക്‌ വി ജി തമ്പി എന്നും നാമകരണം ചെയ്യാം."
മുപ്പതുവര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന്‍റെ പടിയിറങ്ങുമ്പോള്‍ വി ജി തമ്പിയുടെ ബാക്കിപത്രം സ്നേഹവാത്സല്യങ്ങളുടെ തുളുമ്പുന്ന ചിരസൌഹൃദം .കവിജീവിതത്തിനു വിരാമമില്ല. എല്ലാ   യാതനകള്‍ക്കും അപ്പുറം അനുഭവത്തിന്‍റെ അഗാധതയില്‍ നിന്ന് ഉയിര്‍കൊള്ളുന്ന തീവ്ര വിശ്വാസത്തിന്‍റെ വാങ്ങ്മയം ഈ കവിയെ വേദനയുടെ മറുകരയിലെത്തിക്കും, തീര്‍ച്ച. ഇത് സ്നേഹം മാത്രം കൈമുതലായുള്ള ഒരധ്യാപകന് ശിഷ്യന്‍റെ ദക്ഷിണ.
( സൌഹൃദങ്ങളുടെ ഒറ്റമരക്കാട് -എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ചത് )