Friday, October 18, 2013

haiku moments

ഹൈക്കു : പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

ഫേസ് ബുക്കിലെ ഹൈക്കു കവിതകൾ മൂന്നു വർഷവും മൂവായിരത്തോളം ആസ്വാദകരുമായി മുമ്പോട്ട്‌ . വീണ്ടും ചിങ്ങംവന്നു. ഔഷധവും നല്ലരിക്കയുമായി രാ മായണമെന്നോതി കർക്കിടകം കടന്നുപോയി..മഴനിഴൽ പെയ്തിറങ്ങിയ ആർദ്രവനങ്ങളിൽ നീലിമ പൂത്തുലഞ്ഞു.. ഇലപൊഴിയുംകാടുകളും മുൾവനങ്ങളും ശൈത്യനിരകളും പുൽമേടുകളും വസന്തരാവുകളുടെ നിലാപൊയ്കയൊരുക്കുകയായി. ഹൈക്കുവിൽ പുതിയ നാമ്പുകൾ മൊട്ടിടുന്നു. ഹൈക്കുവിനെപ്പോഴും നിത്യയൌവ്വനമാണ്, അത് തുടക്കം മാത്രമാണ്. ഹൈക്കു കവി തുടങ്ങുന്നതേയുള്ളൂ .വായനയുടെയും ധ്യാനത്തിന്റെയും വിഹായസ്സിലാണ് അനുഭവത്തിന്റെ മഴവില്ല് വിടരുക. ഓരോ വായനയും ഒരു തിരിച്ചറിവാണ്. ഋതുഭേദങ്ങളിലൂടെ നിത്യവിസ്മയംതേടി കവിതയുടെ ചിത്രശലഭങ്ങൾ പൊടുന്നനെ വാർന്നുവീഴുകയാണ്. അതിനു ജീവിതത്തിന്റെ നിറമാണ്. വേദനയുടെയും പറഞ്ഞറിയിക്കാനാകാത്ത ആനന്ദത്തിന്റെയും നിറമാണ്. നിശബ്ദം കണ്‍മിഴിക്കുന്ന നിമിഷങ്ങളുടെ അതിരില്ലാത്ത ആവിഷ്കാരമായി ഹൈക്കു വന്നു നില്ക്കുന്നു. ക്യാമറ ഒപ്പിയെടുത്ത ഒരു നിശ്ചലമാത്രയായല്ല, ചിത്രകാരന്റെ വിരലുകളിൽ അനുനിമിഷം വിതുമ്പിപ്പൊടിയുന്ന ചലനം പോലെ വർണം പോലെ, ഗന്ധം പോലെ, സ്പർശം പോലെ ഹൈക്കു നമ്മിൽ വന്നു നിറയുന്നു. അതെ അത് 'നിറവു'മാത്രമാണ്. ഏകാന്തതയിലും മൌനത്തിലും ധ്യാനത്തിലും നമ്മെ വന്നുതൊട്ട ഏതോ നിമിഷത്തിന്റെ ചുംബനം.
ഹൈക്കു കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി. No one travels Along this way but I, This autumn evening. ( ബഷോ)
മൂന്ന് വരി മാത്രമാണോ 'ഹൈക്കു'? കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം സാന്ദ്രീകൃതമാവുകയാണ്. വർഷങ്ങൾ നീണ്ട യാത്രയും അലച്ചിലും പ്രകൃതിയെ നിരീക്ഷിക്കുവാനും ധ്യാനിച്ചെടുക്കാനും കവികളെ പ്രാപ്തരാക്കി. രചനയെ ഒരു തപസ്യയാക്കി എടുക്കാനും കാലം ആറ്റിക്കുറുക്കിയ വരികൾ ഓർമയിൽ പുന:സൃഷ്ടിക്കുവാനും അവർക്കായി. ചൈനീസ് ചിത്രലിപികളിലെന്നപോലെ ജാപ്പനീസ് അക്ഷരങ്ങളിലും 'ഒറ്റവരിയിൽ' ഭാവവും അർഥവും സൂചിപ്പിക്കാൻ ഹൈക്കുവിനു കഴിഞ്ഞു. കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. കാലസൂചകങ്ങൾ (kigo ) ഹൈക്കുവിന്റെ പ്രകൃതിയിൽ ലയിച്ചുചേർന്നു. ചെറിപ്പൂക്കൾ വസന്തത്തെയും, ഹിമപാതം മഞ്ഞുകാലത്തെയും, ശാരദസന്ധ്യകൾ ശരത്തിനെയും മൂളിപ്പറന്ന കൊതുകുകൾ ശിശിരത്തെയും പ്രതിഫലിപ്പിച്ചു. എന്നാൽ പില്ക്കാലത്ത് ആംഗലേയ ഹൈക്കു പരീക്ഷകർ കാലത്തെ സംബന്ധിച്ച ജാപ്പനീസ് നിഷ്കർഷകൾ മറികടക്കുകയും കവിതയുടെ ആത്മാവിൽ സ്വന്തം ഭാഷയുംസംസ്കാരവും ആവശ്യപ്പെടുന്ന രൂപകങ്ങൾ സന്നിവേശിപ്പിക്കുകയുമാണ് ചെയ്തത്. ചൈനീസ് ക്ലാസിക്കൽ കാവ്യങ്ങളിൽ ആണ്ടുമുങ്ങിയ ബാഷോവിനെ പ്പോലെയുള്ളവർ തികഞ്ഞ നിഷ്കർഷയോടെ ജാപ്പനീസ് ലിപികളുടെ ചിത്രസമാനമായ സമമിതി (symmetry ) നിർമിച്ചപ്പോൾ ഷികിയും ഇസ്സയും കുറേക്കൂടി സ്വതന്ത്രമാതൃക ഹൈക്കുവിൽ സൃഷ്ടിച്ചെടുത്തു . ഷികിയുടെ ഏതാനും ഹൈക്കു കവിതകൾ നമുക്കാസ്വദിക്കാം. I want to sleep Swat the flies Softly, please. After killing a spider, how lonely I feel
ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. നിൽക്കുമ്പോൾ നില്ക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. silent bird I carry your song through shadows abandoned house the lilacs just as bright this spring in the cold of night! ഹൈക്കു എന്നാൽ തുടക്കം. വർത്തമാനത്തിലാണ് ഹൈക്കു കവി സ്വകാര്യം പറയുക. കഴിഞ്ഞകാലവും വരുംകാലവും പരഭാഗശോഭ പകർന്നു കൊണ്ട് ഹൈക്കുവിൽ വന്നു നില്ക്കും. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന 'സെൻ' ദർശനം ഹൈക്കുവിന്റെ അന്തർധാരയായി നിന്നു.തന്മൂലം ഋതുക്കൾ ഹൈക്കുവിൽ മാറിമാറി പരിലസിച്ചു. അതിനാൽ നിത്യവർത്തമാനമാണ് (present tense ) ഹൈക്കുവിന്റെ ഇരിപ്പിടം. സെൻ എന്നാൽ ധ്യാനം. അത് ഇന്ദ്രിയങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുന്നില്ല. കണ്ണുമടച്ച് ആത്മാവിലേക്ക് മടങ്ങിപ്പോകുന്നില്ല. ഹൈക്കുവിൽ ധ്യാനം മതാത്മകമൊ യോഗാത്മകമോ പോലുമല്ല. ഒരു കപ്പു ചായ നുകരുമ്പോൾ പോലും സെൻ വന്നുഭവിക്കാം. ചായക്കപ്പിൽ നിന്നുയരുന്ന നേർത്ത ആവിയും പരിമളവും, ജാലകത്തിലൂടെ വിദൂരത്തിൽ ഒഴുകിനടക്കുന്ന മേഘജാലവും സൌമ്യമായി തൊട്ടുരുമ്മിപോകുന്ന കാറ്റിനൊപ്പം പൈൻ മരങ്ങളുടെ സൂചിയിലകൾ പൊഴിക്കുന്ന മർമരവും, കുറിഞ്ഞിപ്പൂച്ച പറയുന്ന കിന്നാരവും കുഞ്ഞുങ്ങൾ മടിയിലിരിക്കുന്ന കഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും ...എന്നുവേണ്ട വർത്തമാനമെന്ന '' ഈ നിമിഷ' ത്തിലെ ചെറുതുംവലുതുമായ എല്ലാം ഹൈക്കുവിൽ നിഹിതമാവുന്നു. My way - no-one on the road and it's autumn, getting ഡാർക്ക്‌ ( ബഷോ) The crow sits on a dead branch – evening of autumn (ബഷോ ) Why flap to town? A country crow going to market ( ബഷോ)

ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്. The silent old pond a mirror of ancient calm, a frog-leaps-in splash. ബാഷോയുടെ പ്രസിദ്ധമായ ഹൈക്കു. പുരാതനവും സനാതനവുമായൊരു കുളത്തിന്റെ ഉപരിതല നിശബ്ദതയിലേക്ക് നീർക്കുത്തിടുന്ന തവള . അതൊരു സെൻ ചിത്രമാണ്. സടോരി എന്ന് സെൻ പറയുന്ന അതീന്ദ്രിയമായ അനുഭവമാണ് ബഷോ ഈ ഹൈക്കുവിൽ പകരുന്നത്. മറ്റുചില ഹൈക്കു കവിതകൾകൂടി നോക്കുക.: spring visitors among many words a moment of silence bright autumn day - listening to the silence of stones growing older ഇന്ദ്രിയബദ്ധമായ ജീവിതാനുഭവത്തെ, കാഴ്ചയും കേൾവിയും, സ്പർശവുമായി വാക്കുകളിൽ പകരാൻ ഹൈക്കു കവിതകൾക്കായി. home-grown lettuce the taste of well-water green കിണറിൽനിന്നു കോരിയെടുത്ത വെള്ളം, വീട്ടുവളപ്പിൽ നിന്നിറുത്ത പച്ചത്തഴപ്പാർന്ന ലെറ്റ്യൂസ് ( ചീര) ...പ്രസരിപ്പാർന്ന ഒരു ദിവസത്തിന്റെ നിറവും മണവും ഇതാ കൈക്കുമ്പിളിൽ നിവേദിക്കുന്ന ഒരു ഹൈക്കു. wildflowers the early spring sunshine in my hand വസന്തർത്തുവിലെ സൂര്യവെളിച്ചം തുടിച്ച പ്രഭാതങ്ങളും കൈക്കുടന്നയിലെ വനപുഷ്പങ്ങളും ചേർന്ന് ഒരുക്കുന്ന ഫോട്ടോഗ്രാഫിക് ചിത്രംപോലെയില്ലേ? ശിശുസഹജമായ ഒരു ജിജ്ഞാസ പല ഹൈക്കുവിലും ഒളിച്ചിരിക്കും. അത് ഒറ്റവായനയിൽ അസംബന്ധമെന്നു (absurd ) തോന്നാമെങ്കിലും ,പില്ക്കാലം, 'എത്രമേൽ സത്യം ' എന്ന് നമ്മെ ഓർമിപ്പിക്കുകയും ചെയ്യും. climbing the temple hill leg muscles tighten in our throats evening wind colors of the day blown away holding the day between my hands a clay pot ഈ കവിതകളിൽ നർമവും അദ്ഭുതവും പുഞ്ചിരിയും തത്തിക്കളിക്കുന്നു. ഒരിക്കൽ നാം കാണാതെപോയ അർഥതലങ്ങൾ, പിന്നീടുള്ള വായനയിൽ നമുക്ക് നിവേദിക്കുന്ന എത്രയോ കവിതകൾ ഹൈക്കുവിൽ മറഞ്ഞിരിക്കുന്നു. ഹൈക്കുവിന്റെ അദ്ഭുതലോകം ധ്യാനാത്മകമായ വായനയിൽ ഒന്നൊന്നായി തെളിഞ്ഞുവരും. ഹൈക്കുവിൽ തുടക്കമേ ഉള്ളൂ. അതിന്റെ ആവിഷ്കാരം സത്യത്തിൽ, വായനയുടെ ആകാശത്തിലാണ്. ഹൈ ' ku ' ഒരപൂർവനിമിഷമാണ്. അനുഭവത്തിന്റെ പുടപാകം വന്ന ഒരു നിമിഷം. the whole sky in a wide field of flowers one tulip ആദ്യവരി, ഒരു ലോങ്ങ്‌ ഷോട്ട് രണ്ടാം വരിയാവട്ടെ ഒരു മിഡ്-ക്ലോസ് അപ്പ്‌ ദൃശ്യംപോലെ തോന്നുന്നില്ലേ? അവസാന വരി നോക്കുക. ക്ലോസ്- അപ്പ്‌ a long journey some cherry petals begin to fall സാദൃശ്യം( ഉപമ) തോന്നിപ്പിക്കുന്ന ബിംബങ്ങളെ തൊട്ടുതൊട്ടു വെക്കുന്ന രീതിയിൽ ഒരു ഹൈക്കു. moving into the sun the pony takes with him some mountain shadow പുൽമൈതാനത്തിലൂടെ മേഞ്ഞുനടക്കുന്ന കുതിരയുടെ ചിത്രം.മലയുടെ നിഴൽ കുതിരക്കൊപ്പം നീങ്ങിപോകുന്നു. സൂര്യനെ മറച്ചുനിന്ന കുതിരയുടെ ചലനത്തിനൊപ്പം പർവതത്തിന്റെ നിഴൽ മെല്ലെ ദൃശ്യമാവുന്നത് ഹൈക്കുവിലെ 'ആഹാ' നിമിഷമാവുന്നു.

Friday, September 27, 2013

Andaman Islands

മരതകദ്വീപുകളിൽ ഒരാഴ്ച

എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക്‌ മീതെ ചിറകൊതുക്കാൻ തുടങ്ങുകയായി. ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവന്നു. ഇന്ദ്രനീലം പീലി നീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക്‌ കസവു ചാർത്തിനിന്നു. സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. സപ്തംബർ പകുതിയോടെ മഴ അല്പം വിട്ടുനിന്നതായി തോന്നി.എങ്കിലും ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ചത് അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകർന്നുതന്നു. ആദ്യമേ ശ്രദ്ധയിൽപെട്ടത്, എന്ത് വൃത്തിയുള്ള പട്ടണം എന്നതാണ്. തിരക്കും ബഹളവുമൊഴിഞ്ഞു അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത അനുഭവപ്പെട്ടു. സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാന്റെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോർട്ട്‌ബ്ലയർ സിറ്റിയാണ്. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹം നിലകൊള്ളുന്നത്. എന്നാൽ ഇൻഡോനേഷ്യയിലേക്കും മ്യാൻമാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബർമയിലെ അരക്കൻ- യോമ പർവതശൃംഖലയുടെ തുടർച്ചയിൽ നീഗ്രായിസ് മുനമ്പ്‌ മുതൽ അച്ചിൻഹെഡ് വരെ നീളുന്ന സമുദ്രാന്തര പർവതങ്ങളുടെ എഴുന്നുനില്ക്കുന്ന പാർശ്വങ്ങളാണ് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിലെ ' യൂണിയൻ ഭരണപ്രവിശ്യയുടെ'
പദവിയാണ്‌ ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നു.

മതവും രാഷ്ട്രീയവും ആൻഡമാന്റെ സാമൂഹ്യ കാലാവസ്ഥയെ ഏറെ ആലോസരപ്പെടുത്തിയതായി തോന്നിയില്ല. ബംഗാളിയും തമിഴനും മറാത്തിയും മലയാളിയും ഇവിടെ ഒരുമിച്ചു രാപാർക്കുന്നു.ഉദ്യോഗവും തൊഴിലും കച്ചവടവുമായി വന്നെത്തിയവർ.പട്ടണത്തിലും ദ്വീപിലെ ഗ്രാമങ്ങളിലും ബോട്ടുജെട്ടിയിലും ക്രൂസിലും ധാരാളം മലയാളികളെ കണ്ടു. ഉപഭൂഖണ്ഡത്തിൽനിന്നും നാനാ തുറകളിൽ നിയമിതരാവുന്ന ഉദ്യോഗസ്ഥർക്കിടയിൽ ഒട്ടേറെ മലയാളികളുണ്ട്. വിഭിന്നമായ ഭാഷകൾ സമ്മിശ്രമായി പുലരുന്നുവെങ്കിലും ഹിന്ദുസ്ഥാനിയാണ് വ്യവഹാരത്തിന്റെ പൊതുഭാഷയിൽ മുന്നിട്ടുനിൽക്കുന്നതെന്ന് തോന്നി.

ആൻഡമാൻ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ തടരേഖയിൽ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തിൽ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടൽ വനസസ്യങ്ങളാണ് ആൻഡമാന്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വൻകരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.

പോർട്ട്‌ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക- മറൈൻ മ്യൂസിയങ്ങളും ഗാന്ധിപാർക്കും സെല്ലുലാർ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാർ ജയിൽ. ഡാനിഷ്- പോർട്ടുഗൽ -ഡച്ച് കോളനികൾക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാ പാനി' എന്നറിയപ്പെട്ട സെല്ലുലാർ ജയിൽ പടുത്തുയർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആൻഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തുടർന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കൽതുറുങ്കകളിൽ തടവിലിടുകയായിരുന്നു.ഇങ്ങനെ ബർമയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള തടവുകാർക്കൊപ്പം മലബാർ ലഹളയിൽ തടവിലാക്കപ്പെട്ടവരെയും ആൻഡമാൻ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആൻഡ മാൻ ( Penal Settlement ) അറിയപ്പെട്ടു.

കടലിന്റെ നീലജലത്തിൽ അങ്ങിങ്ങായി കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആൻഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ. ഹാവ് ലോക്ക്, നീൽ, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളിൽ ടൂറിസ്റ്റുകൾ ചെന്നെത്തുന്നു. ഹാവ്ലോക്കിലെ രാധാനഗർ ബീച്ച് സാമാന്യം വലുതാണ്‌. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളിൽ ആയിരക്കണക്കിന് സഞ്ചാരികൾ വന്നണയുന്നു. തിരമാലകൾക്കൊപ്പം കെട്ടിപ്പുണരുന്നു. കണ്ടൽകാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീർ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാർന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകൾ ചിലവിടുന്ന സഞ്ചാരികൾ ആൻഡമാൻ ദ്വീപുകളിൽ നിന്നു മടങ്ങുന്നത് വർണങ്ങൾ ഒളിപ്പിച്ച സമുദ്രഗർഭയുടെ ഓർമകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ 'Snorkeling ' , ' Scuba diving ' തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വർണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതൽപത്തിനു താഴെ നമ്മെ കാത്തിരിക്കും.

കാടും കടലും ആകാശവുമാണ് ആൻഡമാന്റെ കവചം. സമുദ്രാന്തരമലനിരകളുടെ ജലപ്പരപ്പിനു മീതെ എഴുന്നുനില്ക്കുന്ന ഈ ദ്വീപുകൾ സ്വാഭാവികമായും നിമ്നോന്നതവും സങ്കീർണവുമായ പ്രകൃതി അകമേ വഹിക്കുന്നു.എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണൽത്തിട്ടകളും എക്കൽ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ തടരേഖ ആൻഡമാൻ -നിക്കോബാർ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു. സമുദ്രസ്വാധീനത്തൽ സമീകൃതമായ കാലാവസ്ഥയാണ് പൊതുവെ ദൃശ്യമാവുന്നത്. കുറഞ്ഞ താപനില 16 ഡിഗ്രി. ആർദ്രമായ രാപ്പകലുകൾ ദ്വീപിലെ ജീവിതം സുഖകരമാക്കുന്നു. ഭൂചലനസാധ്യത കൊണ്ടാവാം മിക്കവാറും കെട്ടിടങ്ങൾ തകരവും ഫൈബറും മേഞ്ഞതായിരുന്നു.അപൂർവമായി മാത്രം കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ കാണപ്പെട്ടു.
ദ്വീപുകളിൽ മിക്കവാറും കേരളത്തിലെ ഗ്രാമാന്തരങ്ങളെ ഓർമിപ്പിക്കുംവിധം പച്ചത്തഴപ്പാർന്നവയായിരുന്നു.ജൈവവൈവധ്യമാർന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമായിരുന്നു. ഹാവ് ലോക്കിലെ ഗ്രാമപ്പച്ചയിൽ ഗുർജൻ,ബദാം, പപീതാ, പടാക്, മാർബിൾ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങൾ തഴച്ചുനിന്നിരുന്നു.കടലോരത്തെ കണ്ടൽവനങ്ങൾ വർണശബളവും നിത്യഹരിതയുമായിരുന്നു. ലൈംസ്ടോ ണ്‍ ഗുഹയിലേക്കുള്ള വഴികളിൽ സമൃദ്ധമായ മുളംകാടുകൾ ദൃശ്യമായി. വിവിധയിനം മുള,ചൂരൽ,പന,ഈറ എന്നിവയും ആൻഡമാൻ കാടുകളിൽ യഥേഷ്ടം വളരുന്നു. തെങ്ങിൻതോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉൾപ്രദേശങ്ങളിൽ ധാരാളം വളർത്തുന്നുവെങ്കിലും ഒരാഴ്ചമാത്രം നീണ്ടുനിന്ന ഞങ്ങളുടെ യാത്രയിൽ അതൊന്നും നേരിൽചെന്ന് കാണാൻ സാധിച്ചില്ല.
പൊതുവെ നൈസർഗിക ജന്തുജാലം ആൻഡമാനിൽ കുറവായാണ് അനുഭവപ്പെട്ടത്. അപൂർവം പുള്ളിമാനുകളേയും പൂച്ച, പട്ടി വർഗങ്ങളെയുംമാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഉഷ്ണമേഖലാ വനമേഖലകളിൽപ്പോലും അപൂർവം ജനുസ്സുകളിലുള്ള വിഷമില്ലാത്ത ഉരഗവർഗ മാണത്രെ ഉള്ളത്. ഇരപിടിക്കുന്ന കടൽപ്പക്ഷികളെ ഈ യാത്രയിൽ ഒരിടത്തും കണ്ടതായി ഓർമിക്കുന്നില്ല. പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്ന മൽസ്യജാലവും ജലജീവികളും കക്കയും വിവിധയിനം മീനുകളും മുത്തുച്ചിപ്പിയും ട്രോക്കസ്, ടർബോ, സ്രാവ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളും സമുദ്രസമ്പത്തിൽ നിന്ന് ദ്വീപുവാസികൾക്ക് ലഭിക്കുന്നു. ( ആൻഡമാൻ സമുദ്രത്തിലെ ഒരിനം കടലാനകളെപ്പറ്റി ബി ബി സി ടെലിവിഷനിൽ വന്നത് ഓർക്കുന്നു.)

എ.ഡി ഒമ്പതാം ശതകത്തിൽ അറബിവർത്തകന്മാർ തയ്യാറാക്കിയ യാത്രാക്കുറിപ്പുകൾ ആൻഡമാൻ ദ്വീപുകളുടെ ചരിത്രം പറയുന്നു. നരഭോജികളുടെ പ്രദേശമായാണ് അവരതിനെ രേഖപ്പെടുത്തിയത്. ടോളമിയും മാർക്കോപോളോയും ഈ ദ്വീപുകളുടെ കഥ പറയുന്നുണ്ട്. മാർക്കോപോളോ ' ആന്ഗമാൻ' എന്നാണു പേരിട്ടുവിളിച്ചത്. നിക്കോളോ കോണ്ടി' സുവർണ ദ്വീപെന്നും.നഗ്നരുടെ ദ്വീപെന്നാണ് നിക്കോബാറിനെ വിളിച്ചുപോന്നത്. ആയിരം വർഷങ്ങൾക്ക് മുൻപ് ചോളരാജാവായ രാജേന്ദ്രചോളൻ പായ്ക്കപ്പലിൽ നിക്കോബാറിൽ എത്തി 'നക്കാവരത്തെ' കീഴടക്കിയത്രേ. നക്കാവരം നിക്കോബാർ തന്നെ. ആൻഡമാനിൽ 'നിഗ്രിറ്റോ ' വർഗവും നിക്കോബാറിൽ 'മംഗളോയിഡ്‌' വർഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വർഗക്കാർ മധ്യ- ഉത്തര ആൻഡമാനിലെ തീരഭൂമിയിൽ അധിവസിക്കുന്നു. ഓൻഗകൾ, ജവരകൾ, സെന്റിനലുകൾ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്കൃതസമൂഹവുമായി വലിയ ബന്ധം പുലർത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയിൽ ബരാടാങ്ങിലേക്കുള്ള കാനനപാതയിൽ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാൻകഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കൾ തലയിൽ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവർ മറഞ്ഞു.

ആൻഡമാൻ ദ്വീപുകളെ ശരിയായി അറിയാൻ ഒരാഴ്ചക്കാലം മതിയാവില്ല. യാത്രയും ഫോട്ടോഗ്രഫിയും ഒരു ലഹരിയായി അനുഭവിക്കുന്നത് കൊണ്ട് ഈ യാത്രയും എനിക്ക് വിശ്രാന്തിയേകുന്നു. യാത്ര കലയാണ്‌. ജീവിതത്തെ മാറിനിന്നു കാണാനുള്ള കല. ചിലരത് അലഞ്ഞലഞ്ഞു നേടുന്നു. സ്ഥലപരമായി അനേകംകാതങ്ങൾ പിന്നിടുന്ന യാത്രകൾ എനിക്കത്ര പഥ്യമല്ല. പോകുന്നിടങ്ങളിൽ ഒട്ടു നിന്നും, നടന്നും,ഇരുന്നും,കിടന്നും ഉറങ്ങിയും സ്ഥലത്തിൽ മുഴുകിയും പ്രകൃതിയിൽ മുങ്ങിയും നിവർന്നുമുള്ള യാത്രയാണ് എനിക്കിഷ്ടം. ഈ ദ്വീപുകളിൽ നിങ്ങൾ എന്ത് കണ്ടു എന്നുചോദിച്ചാൽ ഉത്തരമില്ല. ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്കുള്ള അലസമായ യാത്രയാണ് ആനന്ദം.പകൽമുഴുവൻ വെയിലും മഴയും നിഴലും ഇരുളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ചിത്രശാലയിൽ കാഴ്ചക്കാരായി ഇരിക്കുക മാത്രമേ വേണ്ടൂ. അവിടെ കാഴ്ചയുടെ മഴവില്ലുകൾ നാമറിയാതെ വിടരുന്നു. ക്രമേണ നമ്മൾ കാഴ്ചയാവുന്നു. ഈ യാത്രയിൽ എനിക്ക് നഷ്ടപ്പെട്ടത് ബരാടങ്ങിലെ കണ്ടൽവനങ്ങളിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ഹരിതശ്യാമളമായ വനഭംഗി ക്യാമറയിൽ വേണ്ടത്ര പകർത്താൻ കഴിഞ്ഞില്ല. എന്നാൽ നിത്യനും ആദിത്യനും മികവോടെ അതത്രയും മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്തു. എന്റെ മക്കൾക്കും യാത്രയെ കലയാക്കിയ സഹയാത്രികരായ സോയ്മോനും കുടുംബത്തിനും കടലോരത്ത് നിന്ന് മിനി പെറുക്കിയെടുത്ത പവിഴക്കല്ലിനും ഓർമയുടെ ആർദ്രമുഖമാണ് ....
- സേതുമാധവൻ മച്ചാട്

Andaman Blues

Wednesday, March 13, 2013

pakalppooram

പകല്‍പ്പൂരം

അയ്യയ്യ... വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ പൂതനും ജട നീര്‍ത്തിയ തിറയുമായി പൂരക്കാലം വന്നുപോവുന്നു. തിരുവാണിക്കാവിലെ കുതിരവേലയും ചിനക്കത്തൂരെ പകല്‍പ്പൂരവും വേനലിന്‍റെ ഓര്‍മകളില്‍ അയ്യയ്യോ വിളികളുമായി വിളിച്ചുചൊല്ലി. പൂരം ഒരു നാടോടിപ്പഴമയും ഗോത്രചിഹ്നവും മാത്രമല്ല, ആള്‍ക്കൂട്ടം ഒരുക്കുന്ന സ്നേഹവിരുന്നുമാണല്ലോ? ചിനക്കത്തൂരെ കാവില്‍ പൂരം മുളയിടുന്നത് വംശപ്പൊലിമയുടെ വാക്കും വാളുമായാണ്.അര്‍ദ്ധരാത്രി കലിതുള്ളി എത്തിയ കോമരം താഴെക്കാവിന്‍റെ നടയില്‍ നിന്ന്  ഇങ്ങനെ ഉറക്കെ വിളിച്ചു ചോദിക്കും : "നാല് തറ നൂറു നായരും, ചെമ്പില്‍ പണിക്കരും,ചുങ്കത്ത്അച്ചനും, നമ്പ്രത്ത് നായരും, ചെറുകര നായരും,കൂട്ടാല നായരും, കൈപ്പഞ്ചേരി  നായരും,പ്ലക്കോട്ടു നായരും, കുളപ്പുള്ളി സ്വരൂപവും,ചുനങ്ങാട്  കോയ്മയും, തെക്കെപ്പാട്ട് കുറുപ്പും,  മഞ്ചെട്ടി കുരുക്കളും, തോട്ടക്കര നാല്‍പ്പത്തി ഒമ്പതും, നടുവത്ത് നായരും, തച്ചോത്തു കോയ്മയും മംഗലം ഇരുനൂറും,തന്ത്രി നമ്പൂതിരിയും, ഊരായ്മക്കാരും, സമുദായവും, പണ്ടാരത്തില്‍ നിന്നും എത്തിയോ?"  മറുപടി ഇല്ല എന്നാണെങ്കില്‍ വെളിച്ചപ്പാട് ഈ ചോദ്യം മൂന്നു തവണ ആവര്‍ത്തിക്കും. എത്തിയെന്ന് മറുപടി ലഭിച്ചാല്‍ നാട്ടുക്കൂട്ടം 'അയ്യോ, അയ്യയ്യോ!....എന്ന് ആര്‍ത്തു നിലവിളിക്കും അതോടെ ചിനക്കത്തൂര്‍ പൂരം മുളയിട്ടതിന്‍റെ  അടയാളമായി  താഴെക്കാവിലും മേലെക്കാവിലും, കൂത്തുമാടത്തിലും ശരവേഗത്തില്‍ കൊടി ഉയരും. ദേശപ്പഴമയുടെ ആചാരവാക്ക് കുട്ടിക്കാലത്തിന്‍റെ ഓര്‍മച്ചെപ്പില്‍ ഉറങ്ങാതെ കിടപ്പാണ്.
മാഘത്തിലെ മകത്തിന് കൊണ്ടാടുന്ന പൂരം 'മാമാങ്കത്തി'ന്‍റെ സ്മരണ ഉണര്‍ത്തുന്നുവത്രേ.പതിനേഴുനാള്‍ നീളുന്ന  തോല്‍പ്പാവക്കൂത്ത് രാമായണകഥ സരസമായി പറഞ്ഞു തീര്‍ക്കും. തേനൂറുന്ന കമ്പരുടെ തമിഴില്‍ മായപ്പൊന്‍മാനും ശരവേഗവും ശൂര്‍പണഖയും പുഷ്പകവിമാനവും വെളുത്ത തിരശീലയില്‍ ചിത്രവടിവോടെ മിന്നിമറയും. മാന്‍തോലില്‍ തീര്‍ത്ത കമനീയരൂപങ്ങള്‍ സുഷിരങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന പ്രകാശസൂചികളില്‍ മിഴിവോടെ അരങ്ങുവാഴും. ചലിക്കുന്ന ചിത്രങ്ങളുടെ തിരനാടകത്തിലെ കഥാപാത്രങ്ങളെ വരവേല്‍ക്കാന്‍ ഒന്നും രണ്ടുമായി ശോഷിച്ചുപോയ കാണികളുടെ കൂട്ടം പാലപ്പുറം തെരുവില്‍ നിന്നെത്തും.
'ആരുടെയാരുടെ ശങ്കരനായാടീ.. ചെനക്കത്തൂര്‍ നല്ലമ്മേടെ ശങ്കരനായാടി ' എന്ന് വീടുകള്‍ തോറും വടികൊട്ടി എത്തുന്ന നായാടിമാര്‍, ചിലും ചിലും ചിലമ്പുമായി നിറച്ചാര്‍ത്തുകളില്‍വന്നുപോവുന്ന വെള്ളാട്ടുകള്‍, ശിവനും ഭൂതഗണങ്ങളമായി തുള്ളിക്കരേറി എത്തുന്ന തറയും പൂതനും.....
കുംഭച്ചൂടിനെ പൂനിലാവാക്കിമാറ്റുന്ന പുരുഷാരം കടലുപോലെ തിരയാര്‍ക്കുന്നു. പാലപ്പുറം മുതലിയാന്‍മാരുടെ പവിഴത്തേരും തട്ടിന്മേല്‍ക്കൂത്തും പൊറാട്ട് നാടകവും കരകാട്ടവും ചെണ്ടമേളവും മുറുകുമ്പോള്‍ കാവുനടയില്‍ ദേശത്തെ എടുപ്പുകുതിരകള്‍ ഒന്നൊന്നായി അണിനിരക്കും. ഒറ്റപ്പാലത്തെ കെട്ടുകുതിരക്ക് അഴകും പണ്ടാരക്കുതിരക്ക് തലയെടുപ്പുമേറും. അയ്യയ്യോ വിളികളോടെ കുതിരയെ കളിപ്പിക്കുമ്പോള്‍ ചില്ലറ കൊമ്പു കോര്‍ക്കലും പൂരപ്പറമ്പിലെ ദേശത്തല്ലും പകല്‍പ്പൂരത്തിന്‍റെ മാറ്റ് കൂട്ടാതിരിക്കില്ല.
പൊരിയും ഈത്തപ്പഴവും വര്‍ണബലൂണുകളും പാലക്കാടന്‍ കരിമ്പനകളില്‍ താളംകൊട്ടിവരുന്ന പൂരക്കാറ്റും ആനമയിലൊട്ടകവും മരണക്കിണറിലെ ബൈക്കഭ്യാസവും നാടോടി സര്‍ക്കസും കുതിരകളിയും.. ഇന്ദ്രിയങ്ങളില്‍ നിറഞ്ഞുതുളുമ്പുന്ന പഞ്ചവാദ്യലഹരിയും ആലവട്ടവും പകല്‍പ്പൂരത്തിന്‍റെ ഓര്‍മകള്‍ക്ക് കൊന്നപ്പൂവിന്‍റെ നിറമാണ്.

Monday, February 25, 2013

Golden Temple

അമൃതസരസ്സിലെ സൌവര്‍ണം

പൂത്തുലഞ്ഞ കടുകുപാടങ്ങളുടെ മഞ്ഞനദി പഞാബിലൂടെ കടന്നുപോകുന്ന തീവണ്ടിയാത്രയെ കാഴ്ചയുടെ പീതാംബരത്തില്‍ ലയിപ്പിക്കുന്നു. ചക്രവാള ത്തിന്‍റെ അതിര്‍ത്തിരേഖയില്‍ സുവര്‍ണനിറം പൂണ്ട സൂര്യന്‍ മറയാന്‍ തുടങ്ങുകയാണ്. അമൃതസരസ്സിന്‍റെ ഓളങ്ങളില്‍ സുവര്‍ണക്ഷേത്രത്തിന്‍റെ ഗോപുരാഗ്രവും താഴികക്കുടവും ജ്വാലാശോഭയില്‍ പകര്‍ന്നു. അമൃതസറിലെ തെരുവുകള്‍ ഇപ്പോഴും സജീവമാണ്.സുവര്‍ണക്ഷേത്രം ഹൃദ്യവിശാലതയില്‍ തീര്‍ഥാടകരെ വരവേല്‍ക്കുന്നുണ്ടായിരുന്നു. അമൃതസരസ്സിന്‍റെ മധ്യത്തില്‍ അകാല്‍ തക്ത്‌ എല്ലായ്പ്പോഴും പ്രാര്‍ഥനാഗീതങ്ങളാല്‍ മുഖരിതമായിരുന്നു. ക്ഷേത്രത്തിന്‍റെ നാലുവശത്ത്‌ നിന്നും പ്രവേശന കവാടങ്ങളിലൂടെ സഞ്ചാരികളും സന്ദര്‍ശകരും ഒഴുകിയെത്തി. സിക്കുമതത്തിന്‍റെ ധാര മുറിയാത്ത പ്രാര്‍ഥനയാണ് അകാല്‍ തക്തും ഗുരുഗ്രന്ഥ സാഹെബും. വര്‍ഷം മുഴുവന്‍ അത് ജാതി മത ലിംഗ ഭേദമില്ലാതെ സഞ്ചാരികളെയും തീര്‍ഥാടകരെയും ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ഗുരു രാംദാസ്ജിയാണ് അമൃതസരസ്സ് എന്ന ഈ തടാകം പണി തീര്‍ത്തത്. അതിനു ചുറ്റുമായി ഒരു നഗരം വളരുകയായിരുന്നു. പിന്നീട് ഈ തടാകത്തിനു മധ്യത്തിലായി പടുത്തുയര്‍ത്തിയ ശ്രീ ഹര്‍മന്ദിര്‍സാഹിബാണ്‌ ഇന്ന് ലോകമെമ്പാടുമുള്ള സിക്ക് മതസ്ഥരുടെ ആസ്ഥാനമായ സുവര്‍ണക്ഷേത്രം.ദൈവത്തിന്‍റെ വീട് എന്നാണ് ശ്രീ ഹര്‍മന്ദിര്‍സാഹിബ് അറിയപ്പെടുന്നത് . സിക്ക് ഗുരുക്കന്മാരുടെ ആദിഗ്രന്ധമായ ഗുരു ഗ്രന്ഥ സാഹെബ് ഇവിടത്തെ ശ്രീകോവിലില്‍ സ്ഥാപിച്ചു പ്രാര്‍ഥന നിര്‍വഹിക്കുന്നു. വെഞ്ചാമരം പോലെ താടിനീട്ടിയ സിഖ് ഗുരുക്കന്മാര്‍ ഉപചാരതോടെ ചാമരം വീശിഗുരു ഗ്രന്ഥ സാഹെബിനെ വണങ്ങി നില്‍ക്കും. തടാകത്തിലൂടെ നീണ്ടുകിടക്കുന്നൊരു പാലമുണ്ട്‌, ശ്രീകോവിലിനു സമീപത്തേക്ക്. തടാകത്തിനു ചുറ്റും നീണ്ട ഇടനാഴികളും വെണ്ണക്കല്ല് പതിച്ച കല്‍പ്പടവുകളും സുവര്‍ണക്ഷേത്രത്തിന്‍റെ വിശാലതക്ക് സൌന്ദര്യമണയ്ക്കുന്നു. സരസ്സിലെ സുവര്‍ണമത്സ്യങ്ങള്‍ കാഴ്ചയുടെ അഴക്‌ വര്‍ധിപ്പിക്കും.തടാകത്തിലെ ജലം നിരന്തരമായി യന്ത്രസഹായത്തോടെ ശുദ്ധീകരിച്ചു കൊണ്ടിരുന്നു.വാസ്തുകലയുടെ അദ്ഭുതം തന്നെയാണ് ജലാശയമധ്യത്തിലെ ഈ സുവര്‍ണമന്ദിരം.മുസ്ലീം ഹിന്ദു യൂറോപ്യന്‍ വാസ്തുശില്പ പാരമ്പര്യങ്ങളുടെ സമ്മോഹനമായ ലയം ഈ നിര്‍മിതിയില്‍ ദൃശ്യമാണ്. ചുറ്റുപാടുമുള്ള കെട്ടിടങ്ങളില്‍ പലയിടങ്ങളിലായി ഗ്രന്ഥശാല,മ്യൂസിയം, പ്രാര്‍ഥനക്കും മീറ്റിങ്ങുകള്‍ക്കുമുള്ള ഹാളുകള്‍ എന്നിവ കാണപ്പെട്ടു. ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ ശിരസ്സ്‌ മറയ്ക്കണം. മഞ്ഞയും വെള്ളയും നിറത്തിലുള്ള തൂവാലകള്‍ ക്ഷേത്ര പരിസരത്തു യഥേഷ്ടമുണ്ട്. തടാകത്തിനു ചുറ്റുമുള്ള ശില്പമനോഹരമായ കെട്ടിടങ്ങളുടെ മൂലകളില്‍ പഞ്ചാബി സ്ത്രീകളുടെ ചെറുസംഘങ്ങള്‍ ഭജനകള്‍ ആലപിക്കുകയും വെള്ളിപ്പാത്രങ്ങളും മറ്റും കഴുകിത്തുടച്ചു വൃത്തിയാക്കുന്നതും കണ്ടു. ആജാനബാഹുക്കളായ
സിഖ് കാവല്‍ക്കാര്‍ നീണ്ട ശൂലങ്ങളുമേന്തി ക്ഷേത്രത്തിനു ചുറ്റുമായി നിലയുറപ്പിച്ചിരുന്നു. ശ്രീകോവിലിലേക്ക് നീണ്ടു കിടന്ന പതിനായിരങ്ങളുടെ ക്യൂ നിയന്ത്രിക്കാന്‍ അവരുടെ നിശബ്ദസാന്നിധ്യം പര്യാപ്തവുമായിരുന്നു. ഒരു ലക്ഷം തീര്‍ഥാടകരെങ്കിലും ദിവസംതോറും സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഗുരു ഗ്രന്ഥ സാഹെബിനെ വണങ്ങി നീങ്ങുന്ന ഭക്തരുടെ നിര അതീവസംയമനം പാലിക്കുന്നതായി തോന്നി. വിശുദ്ധ ഗ്രന്ഥത്തിന് നല്ല വലിപ്പം തോന്നിച്ചു. അതിന്റെ പുറംചട്ടയും അരികുകളും സുവര്‍ണ നിറത്തില്‍ പരിശോഭിതമായിരുന്നു. കസ്തൂരിയുടെയും ചന്ദനത്തി ന്‍റെയും പരിമളം ശ്രീകോവില്‍ പരിസരം വിശുദ്ധിയില്‍ സൂക്ഷിച്ചു. ഗോപുരവും താഴികക്കുടവും ലോഹമയിയായ ശില്പ സൌന്ദര്യത്തിന്‍റെ അന്യൂന മാതൃകയായി അനുഭവപ്പെട്ടു. ചുറ്റും നടന്നു ഫോട്ടോ എടുത്തു കൊണ്ടിരുന്നപ്പോള്‍, അകാല്‍തക്തിലെ സിഖു പുരിഹിതന്‍ 'അരുത്' എന്ന് മൌനമായി എന്നോട് ആവശ്യപ്പെടുന്നതായി തോന്നി. അതിനാല്‍ അകാല്‍ തക്തിന്റെയോ വിശുദ്ധ ഗ്രന്ഥത്തിന്‍റെയോ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയില്ല. എങ്കിലും ജ്വാലാദീപ്തമായ സുവര്‍ണക്ഷേത്രത്തിന്‍റെ തടാകത്തില്‍ വീണു പ്രതിഫലിച്ച സൌന്ദര്യം പല ആംഗിളുകളില്‍ പകര്‍ത്തിയെടുത്തു.തടാകകരയില്‍  വടക്ക് വശത്തായി അധികം ഉയരമില്ലാത്ത , എന്നാല്‍ പടര്‍ന്നു പന്തലിച്ച ഒന്ന് രണ്ടു വൃക്ഷങ്ങള്‍ കണ്ടു. സിഖ് ഗുരുക്കന്മാരെയും അവരുടെ ചരിത്രത്തെയും പ്രതിനിധീകരിക്കുന്ന വിശുദ്ധ മരങ്ങളായിരുന്നു അവ.
ഈ വിശുദ്ധ സൌന്ദര്യത്തിലെക്കാണ് സിഖ് വിഘടനവാദികളുടെ ഒളിയുദ്ധം അരങ്ങേറിയത്. 1984 ല്‍ സിഖ് ഭീകരവാദികള്‍ ക്ഷേത്ര സമുച്ചയം ഒളിത്താവളമാക്കുകയും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യന്‍സൈന്യം വിശുദ്ധ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ അവരെ കീഴ്പ്പെടുത്തുകയും ചെയ്തു. 'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍' എന്നറിയപ്പെട്ട ഈ സംഭവം പഞ്ജാബിന്‍റെയും സിഖ് മത വിശ്വാസത്തിന്റെയും ഹൃദയത്തിലേല്‍പ്പിച്ച മുറിവും, പില്‍ക്കാലം അതിന്‍റെ വില ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍നിന്നു തന്നെ പിടിച്ചുവാങ്ങിയതും ചരിത്രം.
1574 ല്‍ ഗുരു രാംദാസ് തുടക്കം കുറിച്ച ക്ഷേത്ര നിര്‍മാണം 1604 ല്‍ ഗുരു അര്‍ജുന്‍ ദേവ് ആണ് പൂര്‍ത്തിയാക്കിയത്. 1760 കളില്‍ അഫ്ഘാന്‍ ആക്രമണ കാരികള്‍ ക്ഷേത്രത്തിനു നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും ഉത്സാഹശാലികളായ സിഖ്മതസ്ഥര്‍ സുവര്‍ണ ക്ഷേത്രം പുതുക്കിപ്പണിയുകയും കമനീയമായി പരിപാലിക്കുകയും ചെയ്തുപോന്നു.
ലോകത്തിലെ ഏറ്റവും വലിയ ഊട്ടുപുരയാണ് സുവര്‍ണ ക്ഷേത്രത്തിനുള്ളത്. ദിവസവും മൂന്നുനേരം സൌജന്യമായി സമൂഹസദ്യ ഇത്രയും വിപുലമായി മറ്റെവിടെയെങ്കിലും നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ ഇവിടത്തെ 'ലംഗര്‍' പ്രവര്‍ത്തിക്കുന്നു. ഗുരുവിന്‍റെ പ്രസാദമാണ് ലംഗര്‍. കൈകാലുകള്‍ ശുദ്ധമാക്കി ലംഗറിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സേവാധര്‍ തളികയും സ്പൂണുമായി നമ്മെ വരവേല്‍ക്കുന്നു. രോട്ടിയും ചപ്പാത്തിയും,പരിപ്പും കടലയുമായി സ്വാദിഷ്ടമായ സസ്യഭക്ഷണം പ്രസാദമായി വിളമ്പുന്നത് ആയിരങ്ങള്‍ വരിവരിയായി രുന്ന് വന്ദനയോടെ കഴിക്കുന്നു. യന്ത്രസഹായത്താല്‍ വൃത്തിയാക്കപ്പെടുന്ന പാത്രങ്ങളും പ്ലേറ്റകളും സ്പൂണുകളുമൊക്കെ ചേര്‍ന്ന് സമ്മാനിക്കുന്ന സംഗീതം ഒരു പ്രാര്‍ഥനയുടെ ശ്രുതിയായി അന്തരീക്ഷത്തില്‍ വിലയം കൊള്ളുന്നു.
മടക്കയാത്രയില്‍ ക്ഷേത്രകവാടം നടന്നുമറയുന്നതിനു മുമ്പ് ഒന്നുകൂടി ആ ദൃശ്യം പകര്‍ത്തി. അമൃതസരസ്സില്‍ പ്രതിഫലിച്ചുകിടന്ന സൌവര്‍ണം. അത് മനസ്സിന്‍റെ കണ്ണാടിയില്‍ അങ്ങനെ മുദ്രിതമായി. 

- s e t h u m a d h a v a n  m a c h a d