Wednesday, March 13, 2013

pakalppooram

പകല്‍പ്പൂരം

അയ്യയ്യ... വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ പൂതനും ജട നീര്‍ത്തിയ തിറയുമായി പൂരക്കാലം വന്നുപോവുന്നു. തിരുവാണിക്കാവിലെ കുതിരവേലയും ചിനക്കത്തൂരെ പകല്‍പ്പൂരവും വേനലിന്‍റെ ഓര്‍മകളില്‍ അയ്യയ്യോ വിളികളുമായി വിളിച്ചുചൊല്ലി. പൂരം ഒരു നാടോടിപ്പഴമയും ഗോത്രചിഹ്നവും മാത്രമല്ല, ആള്‍ക്കൂട്ടം ഒരുക്കുന്ന സ്നേഹവിരുന്നുമാണല്ലോ? ചിനക്കത്തൂരെ കാവില്‍ പൂരം മുളയിടുന്നത് വംശപ്പൊലിമയുടെ വാക്കും വാളുമായാണ്.അര്‍ദ്ധരാത്രി കലിതുള്ളി എത്തിയ കോമരം താഴെക്കാവിന്‍റെ നടയില്‍ നിന്ന്  ഇങ്ങനെ ഉറക്കെ വിളിച്ചു ചോദിക്കും : "നാല് തറ നൂറു നായരും, ചെമ്പില്‍ പണിക്കരും,ചുങ്കത്ത്അച്ചനും, നമ്പ്രത്ത് നായരും, ചെറുകര നായരും,കൂട്ടാല നായരും, കൈപ്പഞ്ചേരി  നായരും,പ്ലക്കോട്ടു നായരും, കുളപ്പുള്ളി സ്വരൂപവും,ചുനങ്ങാട്  കോയ്മയും, തെക്കെപ്പാട്ട് കുറുപ്പും,  മഞ്ചെട്ടി കുരുക്കളും, തോട്ടക്കര നാല്‍പ്പത്തി ഒമ്പതും, നടുവത്ത് നായരും, തച്ചോത്തു കോയ്മയും മംഗലം ഇരുനൂറും,തന്ത്രി നമ്പൂതിരിയും, ഊരായ്മക്കാരും, സമുദായവും, പണ്ടാരത്തില്‍ നിന്നും എത്തിയോ?"  മറുപടി ഇല്ല എന്നാണെങ്കില്‍ വെളിച്ചപ്പാട് ഈ ചോദ്യം മൂന്നു തവണ ആവര്‍ത്തിക്കും. എത്തിയെന്ന് മറുപടി ലഭിച്ചാല്‍ നാട്ടുക്കൂട്ടം 'അയ്യോ, അയ്യയ്യോ!....എന്ന് ആര്‍ത്തു നിലവിളിക്കും അതോടെ ചിനക്കത്തൂര്‍ പൂരം മുളയിട്ടതിന്‍റെ  അടയാളമായി  താഴെക്കാവിലും മേലെക്കാവിലും, കൂത്തുമാടത്തിലും ശരവേഗത്തില്‍ കൊടി ഉയരും. ദേശപ്പഴമയുടെ ആചാരവാക്ക് കുട്ടിക്കാലത്തിന്‍റെ ഓര്‍മച്ചെപ്പില്‍ ഉറങ്ങാതെ കിടപ്പാണ്.
മാഘത്തിലെ മകത്തിന് കൊണ്ടാടുന്ന പൂരം 'മാമാങ്കത്തി'ന്‍റെ സ്മരണ ഉണര്‍ത്തുന്നുവത്രേ.പതിനേഴുനാള്‍ നീളുന്ന  തോല്‍പ്പാവക്കൂത്ത് രാമായണകഥ സരസമായി പറഞ്ഞു തീര്‍ക്കും. തേനൂറുന്ന കമ്പരുടെ തമിഴില്‍ മായപ്പൊന്‍മാനും ശരവേഗവും ശൂര്‍പണഖയും പുഷ്പകവിമാനവും വെളുത്ത തിരശീലയില്‍ ചിത്രവടിവോടെ മിന്നിമറയും. മാന്‍തോലില്‍ തീര്‍ത്ത കമനീയരൂപങ്ങള്‍ സുഷിരങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന പ്രകാശസൂചികളില്‍ മിഴിവോടെ അരങ്ങുവാഴും. ചലിക്കുന്ന ചിത്രങ്ങളുടെ തിരനാടകത്തിലെ കഥാപാത്രങ്ങളെ വരവേല്‍ക്കാന്‍ ഒന്നും രണ്ടുമായി ശോഷിച്ചുപോയ കാണികളുടെ കൂട്ടം പാലപ്പുറം തെരുവില്‍ നിന്നെത്തും.
'ആരുടെയാരുടെ ശങ്കരനായാടീ.. ചെനക്കത്തൂര്‍ നല്ലമ്മേടെ ശങ്കരനായാടി ' എന്ന് വീടുകള്‍ തോറും വടികൊട്ടി എത്തുന്ന നായാടിമാര്‍, ചിലും ചിലും ചിലമ്പുമായി നിറച്ചാര്‍ത്തുകളില്‍വന്നുപോവുന്ന വെള്ളാട്ടുകള്‍, ശിവനും ഭൂതഗണങ്ങളമായി തുള്ളിക്കരേറി എത്തുന്ന തറയും പൂതനും.....
കുംഭച്ചൂടിനെ പൂനിലാവാക്കിമാറ്റുന്ന പുരുഷാരം കടലുപോലെ തിരയാര്‍ക്കുന്നു. പാലപ്പുറം മുതലിയാന്‍മാരുടെ പവിഴത്തേരും തട്ടിന്മേല്‍ക്കൂത്തും പൊറാട്ട് നാടകവും കരകാട്ടവും ചെണ്ടമേളവും മുറുകുമ്പോള്‍ കാവുനടയില്‍ ദേശത്തെ എടുപ്പുകുതിരകള്‍ ഒന്നൊന്നായി അണിനിരക്കും. ഒറ്റപ്പാലത്തെ കെട്ടുകുതിരക്ക് അഴകും പണ്ടാരക്കുതിരക്ക് തലയെടുപ്പുമേറും. അയ്യയ്യോ വിളികളോടെ കുതിരയെ കളിപ്പിക്കുമ്പോള്‍ ചില്ലറ കൊമ്പു കോര്‍ക്കലും പൂരപ്പറമ്പിലെ ദേശത്തല്ലും പകല്‍പ്പൂരത്തിന്‍റെ മാറ്റ് കൂട്ടാതിരിക്കില്ല.
പൊരിയും ഈത്തപ്പഴവും വര്‍ണബലൂണുകളും പാലക്കാടന്‍ കരിമ്പനകളില്‍ താളംകൊട്ടിവരുന്ന പൂരക്കാറ്റും ആനമയിലൊട്ടകവും മരണക്കിണറിലെ ബൈക്കഭ്യാസവും നാടോടി സര്‍ക്കസും കുതിരകളിയും.. ഇന്ദ്രിയങ്ങളില്‍ നിറഞ്ഞുതുളുമ്പുന്ന പഞ്ചവാദ്യലഹരിയും ആലവട്ടവും പകല്‍പ്പൂരത്തിന്‍റെ ഓര്‍മകള്‍ക്ക് കൊന്നപ്പൂവിന്‍റെ നിറമാണ്.