Friday, October 18, 2013

haiku moments

ഹൈക്കു : പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

ഫേസ് ബുക്കിലെ ഹൈക്കു കവിതകൾ മൂന്നു വർഷവും മൂവായിരത്തോളം ആസ്വാദകരുമായി മുമ്പോട്ട്‌ . വീണ്ടും ചിങ്ങംവന്നു. ഔഷധവും നല്ലരിക്കയുമായി രാ മായണമെന്നോതി കർക്കിടകം കടന്നുപോയി..മഴനിഴൽ പെയ്തിറങ്ങിയ ആർദ്രവനങ്ങളിൽ നീലിമ പൂത്തുലഞ്ഞു.. ഇലപൊഴിയുംകാടുകളും മുൾവനങ്ങളും ശൈത്യനിരകളും പുൽമേടുകളും വസന്തരാവുകളുടെ നിലാപൊയ്കയൊരുക്കുകയായി. ഹൈക്കുവിൽ പുതിയ നാമ്പുകൾ മൊട്ടിടുന്നു. ഹൈക്കുവിനെപ്പോഴും നിത്യയൌവ്വനമാണ്, അത് തുടക്കം മാത്രമാണ്. ഹൈക്കു കവി തുടങ്ങുന്നതേയുള്ളൂ .വായനയുടെയും ധ്യാനത്തിന്റെയും വിഹായസ്സിലാണ് അനുഭവത്തിന്റെ മഴവില്ല് വിടരുക. ഓരോ വായനയും ഒരു തിരിച്ചറിവാണ്. ഋതുഭേദങ്ങളിലൂടെ നിത്യവിസ്മയംതേടി കവിതയുടെ ചിത്രശലഭങ്ങൾ പൊടുന്നനെ വാർന്നുവീഴുകയാണ്. അതിനു ജീവിതത്തിന്റെ നിറമാണ്. വേദനയുടെയും പറഞ്ഞറിയിക്കാനാകാത്ത ആനന്ദത്തിന്റെയും നിറമാണ്. നിശബ്ദം കണ്‍മിഴിക്കുന്ന നിമിഷങ്ങളുടെ അതിരില്ലാത്ത ആവിഷ്കാരമായി ഹൈക്കു വന്നു നില്ക്കുന്നു. ക്യാമറ ഒപ്പിയെടുത്ത ഒരു നിശ്ചലമാത്രയായല്ല, ചിത്രകാരന്റെ വിരലുകളിൽ അനുനിമിഷം വിതുമ്പിപ്പൊടിയുന്ന ചലനം പോലെ വർണം പോലെ, ഗന്ധം പോലെ, സ്പർശം പോലെ ഹൈക്കു നമ്മിൽ വന്നു നിറയുന്നു. അതെ അത് 'നിറവു'മാത്രമാണ്. ഏകാന്തതയിലും മൌനത്തിലും ധ്യാനത്തിലും നമ്മെ വന്നുതൊട്ട ഏതോ നിമിഷത്തിന്റെ ചുംബനം.
ഹൈക്കു കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി. No one travels Along this way but I, This autumn evening. ( ബഷോ)
മൂന്ന് വരി മാത്രമാണോ 'ഹൈക്കു'? കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം സാന്ദ്രീകൃതമാവുകയാണ്. വർഷങ്ങൾ നീണ്ട യാത്രയും അലച്ചിലും പ്രകൃതിയെ നിരീക്ഷിക്കുവാനും ധ്യാനിച്ചെടുക്കാനും കവികളെ പ്രാപ്തരാക്കി. രചനയെ ഒരു തപസ്യയാക്കി എടുക്കാനും കാലം ആറ്റിക്കുറുക്കിയ വരികൾ ഓർമയിൽ പുന:സൃഷ്ടിക്കുവാനും അവർക്കായി. ചൈനീസ് ചിത്രലിപികളിലെന്നപോലെ ജാപ്പനീസ് അക്ഷരങ്ങളിലും 'ഒറ്റവരിയിൽ' ഭാവവും അർഥവും സൂചിപ്പിക്കാൻ ഹൈക്കുവിനു കഴിഞ്ഞു. കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. കാലസൂചകങ്ങൾ (kigo ) ഹൈക്കുവിന്റെ പ്രകൃതിയിൽ ലയിച്ചുചേർന്നു. ചെറിപ്പൂക്കൾ വസന്തത്തെയും, ഹിമപാതം മഞ്ഞുകാലത്തെയും, ശാരദസന്ധ്യകൾ ശരത്തിനെയും മൂളിപ്പറന്ന കൊതുകുകൾ ശിശിരത്തെയും പ്രതിഫലിപ്പിച്ചു. എന്നാൽ പില്ക്കാലത്ത് ആംഗലേയ ഹൈക്കു പരീക്ഷകർ കാലത്തെ സംബന്ധിച്ച ജാപ്പനീസ് നിഷ്കർഷകൾ മറികടക്കുകയും കവിതയുടെ ആത്മാവിൽ സ്വന്തം ഭാഷയുംസംസ്കാരവും ആവശ്യപ്പെടുന്ന രൂപകങ്ങൾ സന്നിവേശിപ്പിക്കുകയുമാണ് ചെയ്തത്. ചൈനീസ് ക്ലാസിക്കൽ കാവ്യങ്ങളിൽ ആണ്ടുമുങ്ങിയ ബാഷോവിനെ പ്പോലെയുള്ളവർ തികഞ്ഞ നിഷ്കർഷയോടെ ജാപ്പനീസ് ലിപികളുടെ ചിത്രസമാനമായ സമമിതി (symmetry ) നിർമിച്ചപ്പോൾ ഷികിയും ഇസ്സയും കുറേക്കൂടി സ്വതന്ത്രമാതൃക ഹൈക്കുവിൽ സൃഷ്ടിച്ചെടുത്തു . ഷികിയുടെ ഏതാനും ഹൈക്കു കവിതകൾ നമുക്കാസ്വദിക്കാം. I want to sleep Swat the flies Softly, please. After killing a spider, how lonely I feel
ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. നിൽക്കുമ്പോൾ നില്ക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. silent bird I carry your song through shadows abandoned house the lilacs just as bright this spring in the cold of night! ഹൈക്കു എന്നാൽ തുടക്കം. വർത്തമാനത്തിലാണ് ഹൈക്കു കവി സ്വകാര്യം പറയുക. കഴിഞ്ഞകാലവും വരുംകാലവും പരഭാഗശോഭ പകർന്നു കൊണ്ട് ഹൈക്കുവിൽ വന്നു നില്ക്കും. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന 'സെൻ' ദർശനം ഹൈക്കുവിന്റെ അന്തർധാരയായി നിന്നു.തന്മൂലം ഋതുക്കൾ ഹൈക്കുവിൽ മാറിമാറി പരിലസിച്ചു. അതിനാൽ നിത്യവർത്തമാനമാണ് (present tense ) ഹൈക്കുവിന്റെ ഇരിപ്പിടം. സെൻ എന്നാൽ ധ്യാനം. അത് ഇന്ദ്രിയങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുന്നില്ല. കണ്ണുമടച്ച് ആത്മാവിലേക്ക് മടങ്ങിപ്പോകുന്നില്ല. ഹൈക്കുവിൽ ധ്യാനം മതാത്മകമൊ യോഗാത്മകമോ പോലുമല്ല. ഒരു കപ്പു ചായ നുകരുമ്പോൾ പോലും സെൻ വന്നുഭവിക്കാം. ചായക്കപ്പിൽ നിന്നുയരുന്ന നേർത്ത ആവിയും പരിമളവും, ജാലകത്തിലൂടെ വിദൂരത്തിൽ ഒഴുകിനടക്കുന്ന മേഘജാലവും സൌമ്യമായി തൊട്ടുരുമ്മിപോകുന്ന കാറ്റിനൊപ്പം പൈൻ മരങ്ങളുടെ സൂചിയിലകൾ പൊഴിക്കുന്ന മർമരവും, കുറിഞ്ഞിപ്പൂച്ച പറയുന്ന കിന്നാരവും കുഞ്ഞുങ്ങൾ മടിയിലിരിക്കുന്ന കഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും ...എന്നുവേണ്ട വർത്തമാനമെന്ന '' ഈ നിമിഷ' ത്തിലെ ചെറുതുംവലുതുമായ എല്ലാം ഹൈക്കുവിൽ നിഹിതമാവുന്നു. My way - no-one on the road and it's autumn, getting ഡാർക്ക്‌ ( ബഷോ) The crow sits on a dead branch – evening of autumn (ബഷോ ) Why flap to town? A country crow going to market ( ബഷോ)

ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്. The silent old pond a mirror of ancient calm, a frog-leaps-in splash. ബാഷോയുടെ പ്രസിദ്ധമായ ഹൈക്കു. പുരാതനവും സനാതനവുമായൊരു കുളത്തിന്റെ ഉപരിതല നിശബ്ദതയിലേക്ക് നീർക്കുത്തിടുന്ന തവള . അതൊരു സെൻ ചിത്രമാണ്. സടോരി എന്ന് സെൻ പറയുന്ന അതീന്ദ്രിയമായ അനുഭവമാണ് ബഷോ ഈ ഹൈക്കുവിൽ പകരുന്നത്. മറ്റുചില ഹൈക്കു കവിതകൾകൂടി നോക്കുക.: spring visitors among many words a moment of silence bright autumn day - listening to the silence of stones growing older ഇന്ദ്രിയബദ്ധമായ ജീവിതാനുഭവത്തെ, കാഴ്ചയും കേൾവിയും, സ്പർശവുമായി വാക്കുകളിൽ പകരാൻ ഹൈക്കു കവിതകൾക്കായി. home-grown lettuce the taste of well-water green കിണറിൽനിന്നു കോരിയെടുത്ത വെള്ളം, വീട്ടുവളപ്പിൽ നിന്നിറുത്ത പച്ചത്തഴപ്പാർന്ന ലെറ്റ്യൂസ് ( ചീര) ...പ്രസരിപ്പാർന്ന ഒരു ദിവസത്തിന്റെ നിറവും മണവും ഇതാ കൈക്കുമ്പിളിൽ നിവേദിക്കുന്ന ഒരു ഹൈക്കു. wildflowers the early spring sunshine in my hand വസന്തർത്തുവിലെ സൂര്യവെളിച്ചം തുടിച്ച പ്രഭാതങ്ങളും കൈക്കുടന്നയിലെ വനപുഷ്പങ്ങളും ചേർന്ന് ഒരുക്കുന്ന ഫോട്ടോഗ്രാഫിക് ചിത്രംപോലെയില്ലേ? ശിശുസഹജമായ ഒരു ജിജ്ഞാസ പല ഹൈക്കുവിലും ഒളിച്ചിരിക്കും. അത് ഒറ്റവായനയിൽ അസംബന്ധമെന്നു (absurd ) തോന്നാമെങ്കിലും ,പില്ക്കാലം, 'എത്രമേൽ സത്യം ' എന്ന് നമ്മെ ഓർമിപ്പിക്കുകയും ചെയ്യും. climbing the temple hill leg muscles tighten in our throats evening wind colors of the day blown away holding the day between my hands a clay pot ഈ കവിതകളിൽ നർമവും അദ്ഭുതവും പുഞ്ചിരിയും തത്തിക്കളിക്കുന്നു. ഒരിക്കൽ നാം കാണാതെപോയ അർഥതലങ്ങൾ, പിന്നീടുള്ള വായനയിൽ നമുക്ക് നിവേദിക്കുന്ന എത്രയോ കവിതകൾ ഹൈക്കുവിൽ മറഞ്ഞിരിക്കുന്നു. ഹൈക്കുവിന്റെ അദ്ഭുതലോകം ധ്യാനാത്മകമായ വായനയിൽ ഒന്നൊന്നായി തെളിഞ്ഞുവരും. ഹൈക്കുവിൽ തുടക്കമേ ഉള്ളൂ. അതിന്റെ ആവിഷ്കാരം സത്യത്തിൽ, വായനയുടെ ആകാശത്തിലാണ്. ഹൈ ' ku ' ഒരപൂർവനിമിഷമാണ്. അനുഭവത്തിന്റെ പുടപാകം വന്ന ഒരു നിമിഷം. the whole sky in a wide field of flowers one tulip ആദ്യവരി, ഒരു ലോങ്ങ്‌ ഷോട്ട് രണ്ടാം വരിയാവട്ടെ ഒരു മിഡ്-ക്ലോസ് അപ്പ്‌ ദൃശ്യംപോലെ തോന്നുന്നില്ലേ? അവസാന വരി നോക്കുക. ക്ലോസ്- അപ്പ്‌ a long journey some cherry petals begin to fall സാദൃശ്യം( ഉപമ) തോന്നിപ്പിക്കുന്ന ബിംബങ്ങളെ തൊട്ടുതൊട്ടു വെക്കുന്ന രീതിയിൽ ഒരു ഹൈക്കു. moving into the sun the pony takes with him some mountain shadow പുൽമൈതാനത്തിലൂടെ മേഞ്ഞുനടക്കുന്ന കുതിരയുടെ ചിത്രം.മലയുടെ നിഴൽ കുതിരക്കൊപ്പം നീങ്ങിപോകുന്നു. സൂര്യനെ മറച്ചുനിന്ന കുതിരയുടെ ചലനത്തിനൊപ്പം പർവതത്തിന്റെ നിഴൽ മെല്ലെ ദൃശ്യമാവുന്നത് ഹൈക്കുവിലെ 'ആഹാ' നിമിഷമാവുന്നു.