Sunday, March 16, 2014

Rajalakshmi


പതിറ്റടി താഴുമ്പോള്‍ 


രണ്ടര നോവലുകള്‍ കൊണ്ട് ജീവിതത്തിന്‍റെ നിഴലും വെയിലും രാജലക്ഷ്മി അളന്നെടുത്തു. 
മകള്‍ ആദ്യകഥ. 'ഒരു വഴിയും കുറെ നിഴലുകളും' ആദ്യ നോവല്‍. 'ഞാനെന്ന ഭാവത്തിനു' ശേഷം'ഉച്ചവെയിലും ഇളംനിലാവും' എന്ന പാതിവെച്ചു നിര്‍ത്തിയ കൃതി. രാജലക്ഷ്മിയുടെ ജീവിതപോലെ അപൂര്‍ണം. എണ്ണപ്പെട്ട ഏതാനും കൃതികള്‍ കൊണ്ട് ജീവിതത്തിന്‍റെ അപൂര്‍വസൌന്ദര്യങ്ങള്‍ അടയാളപ്പെടുത്താന്‍ ആ കഥാകാരിക്ക് കഴിഞ്ഞു.ശില്പചാരുതയുള്ള പ്രാകാരങ്ങള്‍ പണിതീര്‍ക്കുമ്പോള്‍ തച്ചന്മാര്‍ ചില സൂത്രപ്പഴുതുകള്‍ ബാക്കിവെക്കും. രാജലക്ഷ്മിയും ഒഴിഞ്ഞ ഇടങ്ങള്‍ ബാക്കിനിറുത്തിക്കൊണ്ട്‌ നിഴല്‍വീണ വഴികളിലൂടെ നടന്നു മറഞ്ഞു.. 1965 ജനുവരി 14 നു രാജലക്ഷ്മി ഓര്‍മയായി . 

മറവിയുടെ തിരശ്ശീല നീക്കുമ്പോള്‍ കൈയ്യെത്തുംദൂരത്ത് കുട്ടിക്കാലം. ഇടവഴിയില്‍ മൂവന്തിച്ചോപ്പിന്‍റെ പരാഗം പതിക്കുമ്പോള്‍ കാലും മുഖവും കഴുകി ഞങ്ങള്‍ നാമം ചൊല്ലാനിരിക്കും. അച്ഛനും അമ്മയും നാട്ടുവര്‍ത്തമാനങ്ങളുമായി മുറ്റത്തെ പവിഴമല്ലിച്ചോട്ടിലുണ്ടാവും.നമ:ശിവായക്കിടയിലും എന്റെ ശ്രദ്ധ മുറ്റത്തു  നിറയുന്ന സാഹിത്യത്തിലായിരിക്കും. അങ്ങനെ ഒരിക്കല്‍ രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നീണ്ട കഥയെച്ചൊല്ലി അമ്മ വാചാലയാവുന്നത് ശ്രദ്ധയില്‍വീണു. ഓരോ ആഴ്ചയും മാതൃഭൂമിയുടെ പുതുലക്കത്തിനു വേണ്ടി അമ്മ കാത്തിരുന്നതും താന്‍ ബാല്യകൗമാരങ്ങള്‍ ചെലവഴിച്ച തിരുവാഴിയോട് ഗ്രാമത്തിന്‍റെ മങ്ങിയ ഓര്‍മ്മകള്‍ അച്ഛനോട് പങ്കിടുന്നതും എന്‍റെഓര്‍മയിലിന്നുമുണ്ട്. കാലം കുറേ കഴിഞ്ഞ് എന്‍റെ കലാലയജീവിതം തുടങ്ങിയപ്പോഴാണ് മരച്ചാര്‍ത്തുകളില്‍കാല്‍പനികഭംഗിയുമായി പ്രിയകഥാകാരി വീണ്ടും തളിര്‍ത്തത്.വിളിപ്പാടകലെ തെളിനീര്‍ക്കുടവുമായി ഞങ്ങളുടെ ഭാരതപ്പുഴ. അസ്തമയത്തിന്‍റെ കുന്നിന്‍ചരിവുകള്‍. കാറ്റ് തലോടിയ ഇല്ലിമരക്കൂട്ടങ്ങളുമായി നീണ്ടു നിവര്‍ന്നഹൃദ്യവിശാലതയില്‍ പാലപ്പുറത്തെ കോളേജും പരിസരവും. അശരീരിയായ എഴുത്തിന്‍റെ നിഴലുവീണ ഏതോ ഒരു വിഷാദം അവിടമാകെ തങ്ങിനിന്നു. 
അറുപതുകളില്‍ കലാലയത്തില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'മിറര്‍ ' മാസികയുടെ ലക്കങ്ങളില്‍ രാജലക്ഷ്മിയുടെ കവിതയും കുറിപ്പുകളും ജീവന്‍ തുടിച്ചു നിന്നു. ഡാര്‍ക്ക്‌ നൈറ്റ്‌ , കുമിള എന്നീ കവിതകള്‍. 

അങ്ങനെ പിന്നെയും കാലം കടന്നുപോയി. തിരുവനന്തപുരത്ത് ലാവണം നേടിയെത്തിയ നാളുകളൊന്നില്‍ രഘുവിനെ കണ്ടുമുട്ടി. രാജലക്ഷ്മിയെ ഓര്‍ത്തൊരു പുസ്തകം എന്ന സ്വപ്നവുമായി കഴിയുകയായിരുന്നു ആ പ്രിയമിത്രം. തേടിയവള്ളിയുമായി ഞങ്ങളിരുവരും എഴുത്തുകാരിയുടെ കൈയ്യൊപ്പു വീണ വള്ളുവനാടന്‍ ഗ്രാമങ്ങളിലൂടെ അലഞ്ഞുനടന്നു. കഥാകാരിയുടെ മൂത്ത ചേച്ചി അമ്മിണിയമ്മ എന്ന പദ്മാലയാ നായര്‍ ഇളയ സഹോദരിയും അധ്യാപികയുമായ ടി ഏ. സരസ്വതിയമ്മ, രാജലക്ഷ്മിയുടെ ഉറ്റതോഴിയും  ഇംഗ്ലീഷ് അധ്യാപികയുമായിരുന്ന തങ്കം ടീച്ചര്‍, പ്രൊഫ . ടി സി ഗോവിന്ദന്‍, പി എസ് ആര്‍ മേനോന്‍ തുടങ്ങി ഒട്ടേറെപ്പേരെ കണ്ടുമുട്ടി. പ്രത്യേകിച്ചും തങ്കം ടീച്ചര്‍ പകര്‍ന്ന ഓര്‍മയും കാലവും ഉള്ളില്‍ വേരോടിക്കടന്നു. 'മകള്‍' തിരക്കഥയില്‍ തങ്കം എന്ന കൂട്ടുകാരിയെ വരച്ചെടുത്തത് ഈ ഓര്‍മയില്‍നിന്നാണ്. മൂലകഥയില്‍ അങ്ങനെ ഒരു കഥാപാത്രമില്ല. പൊന്നനുജത്തിയുടെ ആദ്യകഥ ടെലിവിഷന്‍ രൂപന്തരമാകുന്നത് കാണാന്‍ ഏറെ കൊതിച്ചെങ്കിലും അതിനു മുന്‍പുതന്നെ പത്മാലയ ചേച്ചിയും തങ്കംടീച്ചറും കാലയവനികയില്‍ മറഞ്ഞുപോയി.( ശ്രീ ഏ .ബി രഘുനാഥന്‍ നായരുടെ പുസ്തകം - രാജലക്ഷ്മിയുടെ നിഴല്‍പ്പാടുകള്‍- 1997 ല്‍ പുറത്തു വന്നു.) 

തിരുവനന്തപുരം ദൂരദര്‍ശന്‍റെ 'കഥാസരിത' മലയാളത്തിലെ മണ്‍മറഞ്ഞ എഴുത്തുകാര്‍ക്കുള്ള അഞ്ജലിയായിട്ടാണ് ആദ്യം തുടങ്ങിയത്. വൈക്കം മുഹമ്മദ്‌ ബഷീര്‍, കേശവ ദേവ്, തകഴി, എസ് കെ പൊറ്റെക്കാട്ട്, ഉറൂബ്, കാരൂര്‍ എന്നിവരുടെ കഥകള്‍ ടെലിവിഷന്‍ ചിത്രങ്ങളായി അതിനകം നിര്‍മിച്ചുകഴിഞ്ഞിരുന്നു. 
ദൂരദര്‍ശനില്‍ എന്‍റെ സഹപ്രവര്‍ത്തകനും സംവിധായകനുമായ  ജി ആര്‍ കണ്ണന്‍റെ സ്നേഹവും നിര്‍ബന്ധവുമാണ് 'മകള്‍ ' തിരക്കഥക്ക് നിമിത്തമായത്. സാഹിത്യരൂപമെന്ന നിലയില്‍ തിരക്കഥയെ അതുവരെ സമീപിക്കാതിരുന്ന എനിക്ക് അല്പം ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു. നേരത്തെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ' നിറമില്ലാത്ത ചിത്രങ്ങളുടെ' ( ഇ.വി ശ്രീധരന്‍റെ '450 രൂപയുടെ കളി' എന്ന കഥയെ ആസ്പദമാക്കി) തിരക്കഥ എഴുതിയ അനുഭവം എനിക്ക് തുണയായി. പില്‍ക്കാലത്ത്‌  കെ. ആനന്ദവര്‍മ സംവിധാനം  നിര്‍വഹിച്ച  ശ്രീ ടി. പത്മനാഭന്‍റെ ' രാമേട്ടന്‍' എന്ന കഥയ്ക്ക് തിരരൂപം എഴുതിയതും ഞാനാണ്. ഈ ടെലിവിഷന്‍ ചിത്രങ്ങളെല്ലാം തന്നെ ദേശീയ തലത്തില്‍ വിവിധ പുരസ്കാരങ്ങള്‍ നേടുകയുംചെയ്തു. 
രാജലക്ഷ്മിയുടെ ആദ്യകഥ' മകള്‍' സ്വാതന്ത്ര്യസമരാനന്തരമുള്ള കേരളീയ ജീവിതത്തിന്‍റെ സാമൂഹ്യ ചിത്രണമാണ്. അത് പ്രസിദ്ധീകൃതമായിട്ട് അമ്പതുവര്‍ഷം കഴിഞ്ഞുപോയി. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ കേരളീയസമൂഹം ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. ഭാരതപ്പുഴ ഇടക്കൊക്കെ കരകവിയുകയും മിക്കപ്പോഴും വരണ്ടു പോവുകയും ചെയ്തു. 
  
വിസ്മൃതിയെ സ്വയംവരം ചെയ്ത കഥാകാരിയുടെ ആദ്യരചന കാലവും ദേശവും പകര്‍ന്ന് മറ്റൊരു രൂപത്തില്‍ വായനക്കാരന്‍റെയും പ്രേക്ഷകന്‍റെയും മുന്നിലെത്തി.പതിറ്റടി താഴുംവരെ എഴുത്തില്‍ മാത്രം ജീവിച്ച അനശ്വര കഥാകാരിയുടെ കഥ അപൂര്‍ണതയുടെ സൌന്ദര്യം പ്രകാശിപ്പിച്ചവയാണ്. 'മകള്‍' തിരക്കഥ പുസ്തകമായപ്പോള്‍ പ്രിയവായനക്കാരോട് ഞാന്‍ പറഞ്ഞു: രൂപാന്തരപ്പെട്ട മകളുടെ ശില്പ സൌന്ദര്യം ( അതുണ്ടെങ്കില്‍ ) 
മുഴുവനായും രാജല്ക്ഷ്മിയുടെതാണ്. കൈക്കുറ്റപ്പാടാവട്ടെ എന്‍റെതുമാത്രവും