Thursday, December 4, 2014

CHEMBAI

നാദശരീരനായ ചെമ്പൈ
----------------------------------
ഗുരുവായൂരിലെ പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം ദൂരദർശനു വേണ്ടി ആലേഖനംചെയ്യാൻ നിയോഗിക്കപ്പെട്ടവരിൽ ഞാനുമുണ്ടായിരുന്നു. മധുരൈ ടി എൻ ശേഷഗോപാലും, പ്രണവം ശങ്കരൻനമ്പൂതിരിയും ടി വി ഗോപാലകൃഷ്ണനും, മാതംഗി സത്യമൂർത്തിയും, ജയനും (ജയ വിജയ) ഉൾപ്പടെ നൂറുകണക്കിന് സംഗീതജ്ഞരാണ് പതിവായി അവിടെയെത്തി സംഗീതാർച്ചന ചെയ്യുന്നത്. ഗുരുപവനപുരിയിൽ സംഗീതമഴ പെയ്യിക്കുന്ന പഞ്ചരത്ന കീർത്തനവും ഏറെ ആസ്വാദ്യകരം. വൃശ്ചികത്തിലെ ശുക്ലപക്ഷത്തിൽ ഏകാദശി കൊണ്ടാടുന്ന വേളയിലാണ് സംഗീതസദസ്സും സാന്ദ്രാനന്ദത്തിൽ സ്നാനംചെയ്യുക. ഘനരാഗങ്ങളായ ഗൌള, നാട്ട , ആരഭി ,വരാളി , ശ്രീരാഗം എന്നിങ്ങനെ ത്യാഗരാജന്റെ മധുരസ്മരണ ഉണർത്തുന്ന പഞ്ചരത്നകീർതനം തിരുവയ്യാറിലെ സംഗീതാരാധനയുടെ അലയൊലിയായി നമ്മിൽ പെയ്തിറങ്ങും.
സംഗീതം നിറഞ്ഞ ആ ദിനങ്ങളിൽ, ഞങ്ങൾ രണ്ടു വ്യാഴവട്ടം മുമ്പൊരുക്കിയ 'ചെമ്പൈ' ഡോക്യുമെന്ടറിയുടെ സ്മരണ പങ്കുവെക്കട്ടെ. പതിവുഭാഷയിൽ. ഒരു നിയോഗമായിട്ടു ത ന്നെയാണ് 'ചെമ്പൈ' എന്നിലേക്ക്‌ വന്നണഞ്ഞത്. നിയോഗം എന്ന് പറയാൻ കാരണമുണ്ട്. നാദഗന്ധർവന്റെ അവസാനത്തെ സംഗീതസദസ്സ് ഒറ്റപ്പാലത്തുള്ള പൂഴിക്കുന്നത്തു ശ്രീകൃഷ്ണ ക്ഷേത്രത്തിൽവെച്ച് നടക്കുമ്പോൾ ആ ശബ്ദഗോപുരത്തിൽ കയറിയിറങ്ങിയത് എന്റെ ബാല്യത്തിന്റെ ഓർമയിൽ സജീവമായി നില്ക്കുന്നു. 'കരുണ ചെയവാനെന്തു താമസം കൃഷ്ണാ' എന്ന കീർത്തനം ഭക്തിയിൽ സമർപിതമായി പാടിത്തീർന്ന ആ നാദശരീരം കൃഷ്ണപാദങ്ങളിൽ അഞ്ജലീബദ്ധനായി വണങ്ങുകയായിരുന്നു. നാദമായി പരിണമിച്ച ആ ഗന്ധർവശാരീരം ഓർമയുടെ സുഗന്ധമായി എന്നെ മുകർന്നുനില്ക്കുന്നു .
ആദ്യംചെയ്തത് ചെമ്പൈയുടെ ലഭ്യമായ എല്ലാകീർത്തനങ്ങളും തുടർച്ചയായി ശ്രവിക്കുക എന്നതായിരുന്നു. 'മണവ്യാല.. കിം ചാരാ തടെ' എന്നുതുടങ്ങുന്ന കൃതി അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ആലപിക്കുന്നത് അദ്ഭുതത്തോടെയാണ് ഞാൻ കേട്ടത്. അതുപോലെ ദേവഗാന്ധാരിയിലും ശ്രീരാഗത്തിലുമുള്ള കീർത്തനങ്ങൾ ഘനവർഷത്താൽ പെയ്തുതീരുന്നത് പൂർണാനുഭവമായി നിറഞ്ഞുനിന്നു. പൂമുള്ളിമനയിൽ നിന്നാണ് അപൂർവങ്ങളായ സംഗീതറിക്കാർഡുകൾ കിട്ടിയത്. പൂമുള്ളി രാമപ്ഫൻ എന്ന സംഗീതജ്ഞന്റെ അമൂല്യസമ്പാദ്യമായിരുന്നു ആ റെക്കോർഡുകൾ. പൂമുള്ളിയിലെ അകത്തളങ്ങളിൽ ഉണർന്ന നാദഗന്ധർവന്റെ അത്യപൂർവമായ ആലാപനം മതിവരുവോളം കേൾക്കാൻ കഴിഞ്ഞു. പിന്നീട്' ആറാം തമ്പുരാൻ' എന്നറിയപ്പെട്ട പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടുമായി ചെമ്പൈ അനുഭവം ചോദിച്ചറിയാൻ അവസരമുണ്ടായി. അദ്ദേഹം പറഞ്ഞത്, ബാലനായിരുന്നപ്പോൾ ചെമ്പൈ പാടിയ കീർത്തനത്തിന്റെ ആരോഹണത്തിൽ ലയിച്ചുപോയ ഹിന്ദുസ്ഥാനി സംഗീതവിദ്വാൻ സാക്ഷാൽ ഫയസ്‌ഖാൻ ' ഇത് കൃഷ്ണസർപ്പത്തിന്റെ  കുഞ്ഞാണ്' ഇവൻ വാനോളം ഉയര്ന്നുവരുന്നത്‌ കണ്ടോളൂ' എന്നു പറഞ്ഞത്രേ. ആറാം തമ്പുരാന്റെ ഓർമ്മകൾ ഞങ്ങൾ ടെലിവിഷൻ ഡോക്യുമെന്ടറിയിൽ പകർത്തി.
പിന്നീട്, ചെമ്പൈയുടെ സമകാലീനനായ ശെമ്മാങ്കുടിസ്വാമിയുടെ ഓർമ്മകൾ, ബാലമുരളീകൃഷ്ണയുടെയും, ടി വി ഗോപാലകൃഷ്ണൻ, എം എസ്.ഗോപാലകൃഷ്ണൻ ,ജയ വിജയ ,കെ ജെ യേശുദാസ്, ഒളപ്പമണ്ണ നമ്പൂതിരിപ്പാട്‌ കോയമ്പത്തൂർ മാണിഭാഗവതർ തുടങ്ങി ചെമ്പൈയുമായി അടുത്തിടപഴകിയ നിരവധി മഹാവ്യക്തികളെ നേരിൽ കണ്ടു അവരുടെ ഓർമ്മകൾ ആലേഖനം ചെയ്തു. പ്രിയശിഷ്യരായിരുന്ന മണ്ണൂർ രാജകുമാരനുണ്ണിയും, സുകുമാരി നരേന്ദ്രമേനോനും വിലയേറിയ നിർദേശങ്ങൾ നല്കി. ശുചീന്ദ്രത്തുവെച്ച് ചെമ്പൈയുടെ ശബ്ദം നിലച്ചുപോയതായി ഒരു കഥയുണ്ട്. ഒരു സംഗീതസദസ്സിനിടയിലാണത്രെ. അതീവദു:ഖിതനായ അദ്ദേഹം ഗുരുവായൂർ നടയിൽനിന്നു ഉള്ളുരുകി കേണു തന്റെ കണ്ണീരുകൊണ്ട് ഭഗവാന് അർച്ചന നടത്തി. അന്നദ്ദേഹത്തെ അവിടെനിന്നു കൂട്ടികൊണ്ടുപോയി ചികിത്സിച്ചു ഭേദപ്പെടുത്തിയത്‌ വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിയാണ്. അദ്ദേഹം അക്കാര്യം അനുസ്മരിക്കുന്നതും ആ ഡോക്ക്യുമെന്ടറിയിൽ ഉൾപ്പെടുത്താനായി. ചെമ്പൈയുടെ അരുമശിഷ്യനായ ഞെരളത്തിന്റെ സോപാനവും ചെന്നൈ സാന്തോമിലെ മകൾ പാർവതിയുടെ ഓർമകളും എല്ലാമെല്ലാം ആലേഖനത്തിന് മാറ്റുകൂട്ടി എന്നോർമിക്കട്ടെ.
രാഷ്ട്രപതിയായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണനിൽനിന്നും ചെമ്പൈ, പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരു ദൃശ്യം ഫിലിംഡിവിഷനിൽനിന്നു സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി. അദ്ദേഹം ജീവനോടെ പ്രത്യക്ഷപ്പെടുന്ന ഒരേ ഒരു ഷോട്ട് അതുമാത്രമാണ്. മുൻപ് 'വാണി' എന്നൊരു കന്നഡ ചിത്രത്തിൽ പാടിഅഭിനയിച്ചതിനു ചെമ്പൈ സ്വാമിക്ക് , ചിത്രത്തിന്റെ സംവിധായകനായ വയലിൻ ചൗഡയ്യ അന്നത്തെ നൂറുപവൻ തനിത്തങ്കം നല്കി ആദരിച്ചുവത്രേ. കൃഷ്ണഭക്തനായ ചെമ്പൈ ആ സ്വർണം മുഴുവനും പാലക്കാട് കോട്ടായി ഗ്രാമത്തിലുള്ള തന്റെ വസതിക്കുമുന്നിലെ കൃഷ്ണക്ഷേത്രത്തിൽ സമർപ്പിക്കുകയാണ് ചെയ്തത്. വീടിനുമുന്നിൽ പൂമുഖത്ത് ഒരുക്കിയ ആട്ടുകട്ടിലിൽ ഇരുന്നു ശ്രീകൃഷ്ണനെ ദർശിച്ചുകൊണ്ട് പാടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഘനചക്രതാനം എന്ന വിശിഷ്ട പദവിനേടിയ ഒരു പാരമ്പര്യം ചെമ്പൈയുടെ പൂർവികർക്കുണ്ടായിരുന്നുവത്രേ. ഘനചക്രതാനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശാരീരം.
അദ്ദേഹം ഒരു സംഗീതസദസ്സിൽ പക്കമേളങ്ങളോടെ ആലപിക്കുന്നത് ഭാവനയിൽ പുന:സൃഷ്ടിക്കുവാൻ ഞങ്ങൾ ഒരു ശ്രമം നടത്തി. കോട്ടമൈതാനിയിലെ രാപ്പാടി ഓഡിറ്റോറിയ ത്തിൽ പഴയൊരു ഫിഡിൽ (ഇന്നത്തെ വയലിൻ), ഘടം, ഗഞ്ചിറ, മൃദംഗം എന്നിവയെല്ലാം സംഘടിപ്പിച്ചു കറുപ്പ് പശ്ചാലത്തിൽ മധ്യേ സ്പോട്ട്ലൈറ്റ് ചെയ്ത് ആ ദൃശ്യം പകർത്തി. അതിൽ ഉപയോഗിക്കാനായി അന്നത്തെ മാതൃകയിലുള്ള ഒരു മൈക്ക് സംഘടിപ്പിച്ചത് സുൽത്താൻപേട്ടയിലെ ഒരു രാവുത്തരുടെ ശേഖരത്തിൽ നിന്നായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെ ആ മനുഷ്യൻ കണ്ണുനിറച്ചുകൊണ്ട് , താൻ എത്രയോതവണ ഇതേ മൈക്കുമായി ചെമ്പൈ സ്വാമിയുടെ കച്ചേരികൾക്ക് അകമ്പടിസേവിച്ച കാര്യം ഞങ്ങളോട് പറഞ്ഞത് ഇപ്പോൾ ഓർമ വരുന്നു.
അങ്ങനെ എല്ലാഅർഥത്തിലും 'ചെമ്പൈ' അനുഭവം ധന്യമായിരുന്നു. ഇനിയും ഏറെ ഓർക്കാനുണ്ട്. സംഗീതം വഴിഞ്ഞൊഴുകിയ പാലാക്കാട്ടെ അഗ്രഹാരങ്ങളും ഗ്രാമാന്തരങ്ങളും ,ചിതലി,തിരുവില്വാമല, പഴയന്നൂർ, കൊല്ലങ്കോട്..എന്നിങ്ങനെ കലയുടെ അരങ്ങുകൾ.. നിളയുടെ തീർഥങ്ങൾ..ചെമ്പൈയുടെ നദകല ആന്ദോളനംചെയ്ത പ്രകൃതി. ആദ്യന്തം കൂടെ നിന്ന ഞങ്ങളുടെ അന്നത്തെ ഡയരക്ടർ ശ്രീ കെ കുഞ്ഞികൃഷ്ണൻ, ഡെപ്യൂട്ടി ഡ: ശ്രീമതി സുശീല വിജയരാഘവൻ, ക്യാമറ ചലിപ്പിച്ച മോഹനകൃഷ്ണ, ശബ്ദം ആലേഖനം ചെയ്ത സന്തോഷ്‌, ബോസ് തുടങ്ങിയ എത്രയോപേരുടെ കൂട്ടായ്മയിൽ നിന്നാണ് ആ ഫീച്ചർ രൂപമെടുത്തത് എന്നു നന്ദിയോടെ ഓർക്കുന്നു.
ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയാണ് കവിതനിറഞ്ഞ തിരക്കഥയിലൂടെ ചെമ്പൈയുടെ ചരിത്രം രേഖപ്പെടുത്തിയത്. ശ്രീമതി ടി പി രാധാമണിയുടെ ശബ്ദത്തിലൂടെ ആ ചരിത്രം പ്രേക്ഷകർക്ക്‌ നിവേദിക്കുകയും ചെയ്തു. അങ്ങനെ ചെമ്പൈ, ദൂരദർശന്റെ ആദ്യകാല പെരുമയുടെ അടയാളവുമായി. ഓർക്കുമ്പോൾ കൃതാർഥത തോന്നുന്നു.

sethumadhavan machad