Wednesday, December 30, 2015



മായന്നൂര്‍ കെ എസ് ആര്‍ എം എസ് വായനശാല എഴുപത്തഞ്ചു വയസ്സ് പൂര്‍ത്തിയാക്കുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍, തൃശൂര്‍ ജില്ലാ മോഡല്‍ വില്ലേജ് ലൈബ്രറി ആയി തിരഞ്ഞെടുക്കപ്പെട്ട ഈ പുസ്തകാലയത്തിന് ദീര്‍ഘമായൊരു ചരിത്രമുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഓഫ് ക്യാമ്പസ്‌ സെന്റര്‍ആയി  തിരഞ്ഞെടുക്കപ്പെട്ട ഈ വായനശാല യുടെ തുടക്കം  1940ലാണ്.  പുരോഗമനാശയക്കാരായ കുറേപ്പേര്‍ ചേര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരം ചേര്‍ന്ന് കിടന്ന മായന്നൂര്‍ എന്ന ഗ്രാമത്തില്‍  വളരെ മുന്‍പ് തന്നെ ' സാഹിത്യ സൌരഭം' എന്ന പേരില്‍ ഒരു വായനശാലക്ക്‌ തുടക്കമിട്ടിരുന്നു. ശ്രീ ഓ എന്‍ നമ്പൂതിരിപ്പാട്‌  അധ്യക്ഷനായും ശ്രീ എം രാമന്‍ മാരാര്‍ സെക്രട്ടറിയായും  മായന്നൂര് ഗ്രാമീണ വായനശാലയ്ക്ക് രൂപം നല്‍കി
 
ബി വി ബുക്ക്  ഡിപ്പോ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനും അന്ന് കേരളത്തില്‍ പരക്കെ അറിയപ്പെട്ടിരുന്ന പ്രസാധകനുമായ  ശ്രീ കുളക്കുന്നത്ത് രാമന്‍ മേനോന്‍ മറ്റൊരു വായനശാലയും തുടങ്ങിയിരുന്നു. ശ്രീ പി എന്‍ പണിക്കര്‍ ഈ രണ്ടു വായനശാലകളും സംയോജിപ്പിച്ച് കെ എസ് രാമന്‍ മേനോന്‍ സ്മാരക സംയുക്ത ഗ്രാമീണ വായനശാലക്കു രൂപം നല്‍കി. വായനശാലയുടെ തുടക്കം മുതല്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുന്നതുവരെയും  വായനശാലയുടെ പ്രവര്‍ത്തനങ്ങളില്‍  ഏറെ സജീവമായിരുന്ന ശ്രീ പി എസ നമ്പൂതിരിപ്പാട്‌ വായനയും നാടക രചനയും  രംഗാവിഷ്കാരവുമായി മായന്നൂരിലെ യുവജനങ്ങള്‍ക്കൊപ്പം പുരോഗമന ചിന്തകളുമായി കൂടെ ഉണ്ടായിരുന്നു. ആയിരത്തി ഇരുനൂറ്റന്പതിലേറെ അംഗങ്ങളുള്ള ഈ വായനശാല ' വായിച്ചു വളരുക' എന്ന ആശയവുമായി മായന്നൂരിലെ വീടുകള്‍ തോറും  നല്ല പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്നു.
 
    പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച ' കടവ്' എന്ന സുവനീര്‍ കേരളത്തിന്റെ  സാംസ്കരികധാരയില്‍ അലിഞ്ഞുചേര്‍ന്ന മായന്നൂര്ക്കാലം ഓര്‍മിച്ചെടുക്കുന്നുണ്ട്.

Friday, December 11, 2015

  • എകാന്തത്തിലെ ശംഖൊലി.
    -----------------------------------

     ഭൂമിയില്‍ ആവര്ഭവിച്ച സൌന്ദര്യത്തിന്റെ നിമിഷങ്ങളില്‍ ഒന്ന് ഹൈക്കുവാണ്. അടയിരുന്ന മൌനത്തിന്റെ്  ശംഖ് . അത് എകാന്തത്തിലെ നിശബ്ദമായ ശബ്ദമാണ്. വര്‍ണവും തരംഗവുമാണ്. നമ്മുടെ സ്വപ്നങ്ങളുടെ വ്യാഖ്യാനവും ധ്യാനത്തിന്റെ അലകളടങ്ങിയ തീരവുമാണ്. അങ്ങനെ ജീവിതത്തിന്റെ അടയാളമായി കവിത രൂപാന്തരപ്പെടുന്നത് ഹൈക്കുവില്‍ നാം തിരിച്ചറിയും. മൂന്നേ മൂന്നു വരിയില്‍ ഒരമൂര്‍ത്ത ലോകം. ഏറ്റവും കുറച്ചു വാക്കുകളില്‍ അതിസൂക്ഷ്മമായൊരു പ്രകൃതി വിടര്ന്നുവരുന്നത്‌ പൂക്കളുടെ ദളവിന്യാസം പോലെയാണ്. കവയിത്രി അഷിത പറഞ്ഞത് ശരിയാണ് അവിടെ ദൈവം പോലും അനുരാഗിയായിരിക്കും. സോണി ജോസ് എഴുതിയ കവിതകളിലൂടെ ഒരു സായന്തനയാത്ര പോലെ നടന്നപ്പോള്‍ പരിചിതവും അപരിചിതവുമായ ബിംബങ്ങളെ ചെന്ന് തൊട്ടപ്പോള്‍ വരമൊഴിയുടെ പ്രകൃതിയിലെ ഇലച്ചാര്ത്തുകള്ക്കി്ടയില്‍ നിശബ്ദം ചെന്ന് നിന്നപ്പോള്‍ ഹൈക്കു തേടിനടന്ന ഒരു കവിയുടെ വിരലടയാളം ചിലപ്പോഴൊക്കെ തിരിച്ചറിഞ്ഞു.

    ഏകാന്തം 
    ഒറ്റക്കാലില്‍
    ധ്യാനമീ ജീവിതം !

    പിരിയാതെയിണ മരം -
    തണു നിലാവ്
    പൂത്തരാത്രി

    എന്റെ നീലാകാശം
     നിന്റെ ജലനീലയില്‍ -
    നിര്മെലം വദനം !

    ഒറ്റയില തളിര്ക്കും
    ഈ മഹാമരം
    പ്രപഞ്ച സത്യം !


    ചിതറി വീഴും 
    മഴത്തൂവല്‍ 
    അകലെ ഗ്രാമം

     

    ഹൈക്കു സെന്ക‍വിതയുടെ മന്ദഹാസമാണ്. ഒരന്വേഷി ശ്രീബുദ്ധന് അര്പിുച്ച പൂ കൈയിലെടുത്ത് അദ്ദേഹം അതിനുനേരെ നോക്കി നിശബ്ദം മന്ദഹസിച്ചു.
    ബുദ്ധവദനത്തില്‍ പൊഴിഞ്ഞ പുഞ്ചിരി കണ്ട് ധര്മ്കശ്യപന്‍ എന്ന ശിഷ്യന്‍ തന്റെവ ഹൃദയത്തിലെക്കത് ഏറ്റുവാങ്ങി. സെന്നിന്റെയ ആത്മാവ് വാക്കുകള്ക്കു മപ്പുറം വിടര്ന്നു നിന്നു. ഒരു ജ്ഞാനസൂത്രത്തിലും സെന്‍ പ്രതിഫലിച്ചില്ല. ഉച്ചരിക്കപ്പെട്ട വാക്കുകള്ക്കനപ്പുറം സെന്‍ പുഞ്ചിരി തൂകി. അന്വേഷിയുടെ ആന്തരികതയെ, സംവേദന ശൂന്യതയെ, സര്ഗ നിമിഷങ്ങളുടെ ചെറുകണങ്ങളെ സെന്‍ നമുക്കായി തുറന്നിട്ടു. സൌന്ദര്യത്തോടൊപ്പം ഉള്ളിലുള്ള വൈരൂപ്യത്തെയും അത് പുറത്തെടുത്തു. ഒരുവന് താന്‍ ആരെന്നും ആരല്ലെന്നും വെളിപ്പെടുത്തുകയായിരുന്നു സെന്‍. സെന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ആരാധനയില്ല. ജനനവും മരണവുമില്ല .മരണാനന്തര ജീവിതവുമില്ല. സ്വര്ഗ്ഗ വും നരകവുമില്ല. എന്തെന്നാല്‍ സെന്‍ ജീവിതത്തിന്റെ കവിത മാത്രമാണ്. ധ്യാനത്തിന്റെര മാത്രയാണത്. ധ്യാനമാവട്ടെ ജീവന്റെത സംഗീതവും. പുരാതനമായ ഒരു നീരൊഴുക്കിന്റെ അടിയില്‍ തണുപ്പത്ത് അറിയപ്പെടാതെ കിടന്ന വെള്ളാരങ്കല്ല് പോലെ സെന്‍ ഇക്കാലമത്രയും നമ്മുടെ കാലത്തെയും ജീവിതത്തെയും കാത്തുകിടന്നു

  • സ്നേഹമുണ്ടായിരിക്കുമ്പോള്‍ നമ്മള്‍ മുഴുവനായും കവിതയായിത്തീരും. സ്നേഹത്തിനെക്കാളും വലിയ  ഒരറിവുണ്ടോ?. ജീവിതത്തിലെ യഥാര്ഥ സത്ത ഹൃദയമാണ്, ബുദ്ധിയല്ല. ഹൈക്കു നമ്മോടു ആവശ്യപ്പെടുന്നതും അതാണ്‌. പലപ്പോഴും നമ്മള്‍ ഹൈക്കു എഴുതുകയല്ല, ഹൈക്കു നമ്മെ എഴുതുകയാണ് എന്നതാണ് സത്യം. ഹൈകു എന്ന കാവ്യരൂപത്തിന്റെ സൌന്ദര്യമാണോ ഒരു കവിയെ ആകര്ഷിയക്കുന്നത്? ദോഹയും മഹിയയും മുക്തകവും ഓവിയും കുറളും ഉള്പ്പെ്ട്ട ഭാരതീയ കാവ്യലോകത്ത് ഹൈക്കു എങ്ങനെ വേറിട്ട സ്വരമായി നില്ക്കും ? ധ്യാനാത്മകമായ ജപ്പാന്‍ കാലിഗ്രഫിയുടെ വാഗ്രൂപമാണ് ഹൈക്കു. ഷക്കുഹാച്ചിയുടെ മുളംതണ്ടില്‍ ഉറവ കൊണ്ട സംഗീതമാണത്. കബുക്കിയുടെയും നോ നാടകത്തിന്റെയും സമുറായ് പാരമ്പര്യം കാത്തുവെച്ച എകാഗ്രതയാണ് കൈക്കുവില്‍ നിറഞ്ഞത്‌. ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി. No one travels Along this way but I, This autumn evening. ( ബഷോ) മൂന്ന് വരി മാത്രമാണോ 'ഹൈക്കു'? കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം.
    സോണി ജോസ്  എകാന്തത്തില്‍ എഴുതിയ ഈ ഹൈക്കു കവിതകള്‍ വളരെ സന്തോഷത്തോടെയാണ് ഞാന്‍ അവതരിപ്പിക്കുനത്. ഫേസ് ബുക്കില്‍ ഞങ്ങള്‍ ആദ്യമായി രൂപംകൊടുത്ത ഹൈക്കു ഗ്രൂപ്പില്‍ സഹൃദയരായ അനേകം പേര്‍ ഒത്തുകൂടുകയും ജാപ്പനീസ് ഹൈക്കു കവിതകള്‍ ഭാഷാന്തരം ചെയ്യുകയും സെന്‍ കവിതകളും കഥകളും പങ്കിടുകയും ചെയ്തുപോന്നു.ആദ്യം മുതലേ ഹൈക്കു കവിതയുടെ ശയ്യ പരീക്ഷിക്കുകയും തനതു രീതിയില്‍ ഹൈക്കു ആവിഷ്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സോണി ജോസ്. കുഞ്ഞുണ്ണിക്കവിതകളായും കുറുംകവിതകളായും വാര്‍ന്നു വീണ പരശതം കാവ്യ പരീക്ഷണങ്ങളില്‍ നിന്ന് ശരിയായ ഹൈക്കു രൂപം ഇനിയും മലയാളത്തില്‍ വിടരാനിരിക്കുന്നതേയുള്ളൂ.
    ശ്രീ സച്ചിദാനന്ദനും മേതില്‍ രാധാകൃഷ്ണനും ചെറിയാന്‍ കെ ചെറിയാനും അഷിതയും രവികുമാര്‍ വാസുദേവനും  ആഷാ മേനോനും മറ്റും നമ്മുടെ ഭാഷയില്‍ മനോഹരമായി പരീക്ഷിച്ച കവിതയുടെ സാന്ദ്രിമയിലേക്കാണ്‌ സോണിജോസും നടന്നെത്തുന്നത്. ഇനിയും എത്രയോ കാതം സഞ്ചരിക്കണം ഹൈക്കുവിന്റെ ധ്യാനതീരത്തേക്ക്  വന്നണയാന്‍.
    മനുഷ്യപ്രകൃതിയുടെ ആന്തരികതയിലേക്കുള്ള വാതിലാണ് കവി തുറക്കുന്നത്. അതുകൊണ്ട് തന്നെ സോണിയുടെ ഹൈക്കു പരിശ്രമത്തെ ധ്യാനാത്മകമായി നമുക്ക് വരവേല്‍ക്കാം.

    - സേതുമാധവന്‍ മച്ചാട് .