Monday, June 27, 2016

കാവാലം - ഒരിക്കലും തുളുമ്പാത്ത നിറകുടം

ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്‌. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലുംനാടൻകലകളിലും തല്പരനായിരുന്നു. കുടുംബം ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണൻ,പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകപ്രവർത്തനം ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നല്കി.  

തനതുനാടകവേദി 1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ[അവലംബം ആവശ്യമാണ്]. കവിതയും സംഗീതവും യഥാതഥ(Realistic) നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാൻ കാവാലം ഉൾപ്പെടെയുള്ള നാടകപ്രവർത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെസ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

രവീന്ദ്രനാഥടാഗോറിന്റെ ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ ഇടയായപ്പോഴാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് നഷ്ടമാകുന്നതെന്തെന്നു കാവാലം തിരിച്ചറിഞ്ഞത്. ജന്മഗൃഹമായ കാവാലം പാലായില്‍ തറവാട്ടില്‍ 'കുരുന്നുകൂട്ടം' എന്നൊരു കുട്ടിക്കൂട്ടം കുട്ടനാടന്‍ ശൈലിയില്‍ രൂപപ്പെട്ടത് അങ്ങനെയാണ്. പ്രകൃതിയാണ് അവിടെ കലാകേന്ദ്രം. നാടകവും തനതു കലകളും ആയിരുന്നു കുരുന്നുകൂട്ടത്തിലെ പ്രധാന പരിശീലനങ്ങള്‍. അദ്ദേഹം പറഞ്ഞു: നമ്മുടെ സംസ്കാരത്തെപ്പറ്റി കുട്ടികള്‍ മനസ്സിലാക്കണം. മത്സരമല്ല , ജീവിതം ഉത്സവമാണെന്ന് കുട്ടികള്‍ മനസ്സിലാക്കട്ടെ. പ്രകൃതിയുമായുള്ള സജീവബന്ധത്തെ പ്പറ്റി കുട്ടികള്‍ കണ്ടും കൊണ്ടും അറിഞ്ഞു വളരട്ടെ. "

സ്വന്തം കലയിലും വിശ്വാസത്തിലും താന്‍ അനുഭവിച്ചു വളര്‍ന്ന നാടന്‍ മിത്തുകളും കഥകളും പുതിയ കാലത്തിന്റെ ക്ലാസ്സിക്കുകളായി അദ്ദേഹം പുന: സൃഷ്ടിച്ചു. കേരളത്തിന്റെ നാടകരംഗവേദിയെത്തന്നെ നാട്ടറിവിന്റെയും ശീലുകളുടെയും ചുവടുകള്‍ കൊണ്ട് കാവാലം ചടുലമാക്കി. 'പുറനാടിയുടെയും'  'കരിങ്കുട്ടിയുടെയും' ' തെയ്യത്തെയ്യത്തിന്റെയും' നാട്ടുവായ്ത്താരികള്‍ അരങ്ങില്‍ ജീവന്‍ വെച്ചു. ഭാരതീയ നാടക സങ്കല്പത്തിന്റെ പൊളിച്ചെഴുത്തുകള്‍ ആയിരുന്നു കാവാലത്തിന്റെ അവതരണങ്ങള്‍.
ചാരുദത്തവും ഊരു ഭംഗവും,  സ്വപ്നാവാസവദത്തവും അദ്ദേഹം വളര്‍ത്തിയെടുത്ത ശിഷ്യസമൂഹം അരങ്ങില്‍ എത്തിച്ചു. തിരുവനന്തപുരം തൃക്കണാപുറത്തെ ' സോപാനം' കളരിയില്‍  കാളിദാസനും ഭാസനും പുനര്‍ജനിച്ചു.  നെടുമുടി വേണു, മോഹന്‍ലാല്‍ എന്നീ അതുല്യ അഭിനയ പ്രതിഭകളെ അദ്ദേഹം പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്‌ ഉണര്ത്തിയെടുത്തു.
നാടകം പടിഞ്ഞാറനാണെന്ന വിശ്വാസത്തെ അദ്ദ്ദേഹം ചോദ്യംചെയ്യുകയായിരുന്നു. കേരളത്തിന്റെ മണ്ണിലും വയല്‍വരമ്പിലും നാടകത്തിന്റെ വിത്തുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്നു കാവാലം തിരിച്ചറിഞ്ഞു. സംവിധായകന്‍ അരവിന്ദന്റെയും കവി അയ്യപ്പ പണിക്കരുടെയും ഉത്സാഹത്തിലാണ് കാവാലം തെന്റെ മാസ്റ്റര്‍പീസായ ' അവനവന്‍ കടമ്പ അവതരിപ്പിക്കുന്നത്‌. പരിസരവുമായി ഇണങ്ങി നില്‍ക്കുന്ന , പരിസ്ഥിതി സങ്കല്പത്തെ പുന:പ്രതിഷ്ടിക്കുന്ന ഒരു അരങ്ങേറ്റമായിരുന്നു അത്.  കാവാലം പറഞ്ഞു: " തിരശ്ശീല ഉപേക്ഷിക്കാമെന്ന് അന്തിമവും ദൃഡവുമായ ധൈര്യം കിട്ടിയത് അവനവന്‍ കടമ്പയിലാണ്. നെടുമുടി, ജഗന്നാഥന്‍ , കൃഷ്ണന്‍കുട്ടി നായര്‍ ,കൈതപ്രം, കലാധരന്‍ ഗോപന്‍ എന്നിവര്‍ ഒപ്പം നിന്നു.കടമ്പ എന്നാല്‍ വേലി. അവനവന്‍ തന്നെയാണ് അവനവന്റെ വളര്‍ച്ചക്ക് വിഘാതം നില്‍ക്കുന്ന കടമ്പ . ആട്ടപ്പണ്ടാരങ്ങളും പാട്ടുപരിഷകളും അവിടെ വന്നു ചേരുന്നു. കാവില്‍ ഉത്സവം നടക്കുകയാണ്. ഉത്സവം കാണാന്‍ പോകണമെങ്കില്‍ ഒരു കടമ്പ കടക്കണം. അവനവന്‍ കടമ്പ. അതില്‍ എല്ലാവരും വീഴുന്നു. വാഴുന്നവരും ഇരട്ടക്കണ്ണന്‍ പക്കിയും എല്ലാവരും. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും അതില്‍ വീഴും. മലയാള നാടകവേദിയുടെ അതുവരെ നിലനിന്ന എല്ലാ സങ്കല്പങ്ങളെയും കാവാലം പോളിച്ചെഴുതുകയായിരുന്നു.
കാവാലത്തിന്റെ വിയോഗത്തിലൂടെ  ഒരു കാലം അവസാനിക്കുന്നു. പ്രതിഭകളുടെ മാറ്റുരച്ച തനതു വേദിയുടെ ഒരു നാടക കാലം. കാലത്തിന്റെ യവനിക , പക്ഷെ താഴുന്നില്ല. കാവാലം നാരയണ പണിക്കര്‍ മലര്‍ക്കെ തുറന്നിട്ട തിരുവരങ്ങ്  അണയാത്ത കളിവിളക്കുമായി കാത്തു നില്‍ക്കുന്നു. പുതു തലമുറയില്‍ നിന്ന് വരും, ഇനിയും കുരുന്നുകള്‍ . കാവാലത്തെ പാടവരമ്പില്‍ കളി പഠിച്ച കുട്ടിക്കൂട്ടം ആ അരങ്ങുണര്‍ത്തുന്നത് വരും കാലം കാണാനിരിക്കുന്നു.

Wednesday, June 15, 2016

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല. നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു നിമിഷസാരം കൊത്തിവെക്കുന്നു. ദൂരദര്‍ശിനിയല്ല  സൂക്ഷ്മദര്‍ശിനിയാണത് .

ജാപ്പനീസ് കാവ്യ സമ്പ്രദായമാണ് ഹൈക്കു. പെരുമാറ്റം, ഭക്ഷണം, അലങ്കാരം, കലകള്‍ തുടങ്ങി അവരുടെ ജീവിതശൈലിക്ക് ഹൈക്കുവുമായി ഏറെ ഇഴയടുപ്പം. പൂക്കള്‍ക്ക് പോലും ഒരു വിനിമയഭാഷയുണ്ട് അവിടെ. ഹൈക്കുവിനെ അറിയാന്‍ ജാപ്പനീസ്  സംസ്കൃതിയെക്കുറിച്ച്  അറിയേണ്ടതുണ്ട്. അതിനു വഴിവിളക്കാവുന്ന ലേഖനങ്ങളും സാംസ്കാരിക സൂചകങ്ങളും ഈ സമാഹാരം തുറന്നു തരുന്നുണ്ട്. അനാവശ്യമായ എന്തും അവര്‍ ജീവിതത്തില്‍ ഒഴിവാക്കിയപോലെ ഹൈക്കുവും ദുര്‍മേദസ്സുകളെ കുടഞ്ഞെറിയുന്നു.
ഹൈക്കു ആചാര്യന്മാരായ ബാഷോ, ഇസ്സ , ബുസണ്‍ എന്നിവരുടേതടക്കം നിരവധി കാവ്യ വിവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നത് ആദ്യകാല മാസ്റ്റര്‍പീസുകളെ അടുത്തറിയാന്‍ സഹായിക്കും. " ഇറ്റിറ്റു വീഴുമീ
  തുഷാര ബിന്ദുക്കളാല്‍
  മൃതലോകമൊന്നു കഴുകുവാനായെങ്കില്‍.."  ( ബാഷോ)

മധുരക്കിഴങ്ങിന്റെ ഇലയില്‍
തന്റെജീവിതം പൊതിയുന്നു
ആ ജലകണം   ( കികാകു)

ഓ, ഒച്ചെ
ഫ്യൂജി പര്‍വതം കയറുക
പക്ഷെ മെല്ലെ മെല്ലെ .. ( ഇസ്സ )

ലോകമെമ്പാടും എന്നപോലെ ഭാരതത്തിലും ഹൈക്കുവിനു വേരുകളുണ്ട്. ഇന്ത്യന്‍ ഹൈക്കു കവിത വിഭാഗത്തില്‍ നിന്നും അതുപോലെ മലയാളത്തില്‍ നിന്നും രചനകള്‍ കണ്ടെടുത്തു ചെര്‍ത്തിയത് ഔചിത്യപൂര്‍ണമായി.
'ഹൈക്കു പോയെംസ് ' എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ സമാഹൃതമായ ഈ പുസ്തകം ഹൈക്കു കവിതയെ ലാളിക്കുന്നവര്‍ നെഞ്ചേറ്റും. ഹൈക്കു എഴുതുന്നവരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉതകും. വിവര്‍ത്തനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നുവെന്നതും  ആഹ്ലാദകരം.
നിങ്ങള്‍ ഹൈക്കു എഴുതുകയല്ല , ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നതത്രേ നേര് .

ഹൈക്കു കവി തുടങ്ങിവെക്കുന്നേയുള്ളൂ .ഉച്ചരിക്കപ്പെട്ട വാക്കുകല്‍ക്കുമപ്പുറത്തുള്ള ഏകാന്ത ധ്യാന നിമിഷത്തെ മുഴുവനാക്കുന്നത് വായനക്കാരാണല്ലോ.
 ശ്രീ സേതുമാധവന്‍ മച്ചാട് ഇതാ ആര്‍ദ്രഭാഷയില്‍ തുടങ്ങി വെക്കുന്നു. മലയാളം പൂര്‍ത്തിയാക്കട്ടെ .-  രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല.