Ajantha Musings
Wednesday, September 4, 2024
anuragiyaaya guru
നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ ഗുരുവിനെ സ്നേഹിച്ച നാമോരോരുത്തരുടെ ഹൃദയത്തിലും നിറഞ്ഞുനിൽക്കുന്നു. ആരായിരുന്നു ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്. ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ പലപ്പോഴും സ്വാനുഭവങ്ങൾ വികാരാര്‍ദ്രതയോടെ ഓർക്കാറുണ്ട് .നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന ഏകമത സങ്കല്‍പ്പത്തെക്കുറിച്ചും വ്യാമുഗ്ദ്ധരാവുന്നു യതിയുടെ വായനക്കാർ. നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല. വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്. ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന് സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗഹനമായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു. ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു. അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു. പൂ വിരിയും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മോസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും. ഒരു കവിക്ക് മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക് സാധ്യമായത് ഗുരുവിന്റെ കാലത്തിനു ശേഷവും ഈ ലോകം ഓർത്തുവെക്കും.
" ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... " ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍. നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. ' നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും.... അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി. സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല. ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍. അറിവിന്റെ നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു. നിത്യചൈതന്യ യതി എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ഥാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു) ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ് ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ഥാശ്രമത്തിലെ പ്രാര്‍ഥന പോലെ. 'ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം പറയുന്നവര്‍',ഹൃദയത്തിലെ ആരാധനാസൌഭഗം' ' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സമ്യക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന് ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം. നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ഷക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍ 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .
ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ് നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന് നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.( 1990 ) നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്. കഥാകാരി മാധവിക്കുട്ടി പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍ നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. " യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന് തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട് പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്. അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത് മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത് 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു.
'യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന എന്നു പറയാം. പി.കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്പാടുകള്‍'പോലെയോ ,ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന് അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു. യൌവനത്തില്‍ വീട് വിട്ടു തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു. നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളെജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. " ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്നു ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി .ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു.അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്?ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ?ഒരുക്കം ഇനിയും പൂര്‍ത്തിയായില്ലേ?' ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി.ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു."എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെവ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു "എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു." ഗുരു എന്നെ അപമാനിക്കാനുള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൌപചാരികമായ രീതിയിലാണ് സംഭവിച്ചത് .അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി.നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും."ഗുരുതരമായ രോഗത്തിനു ഗൌരവമായ ചികിത്സ ആവശ്യമാണ് " എന്ന് ഗുരു പറയുമായിരുന്നു. ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു : ' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്? ഗുരു പറഞ്ഞു "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു. യൂണിവേര്‍സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളോജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടോത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു.സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു
ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി,യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു.ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു "ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല ". ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു : നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്." ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല .ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു.അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു : " നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍." ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു :" ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ." എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയുംധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല. മൌനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു. നീണ്ടൊരു വര്‍ഷത്തെ മൌനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്കരിക്കാന്‍ ആഗ്രഹം തോന്നി. " ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്തു കഞ്ഞി കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു.ആ പാടങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : "ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു മൈക്കലാഞ്ചലോയും ഇല്ലേ?" ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു....
നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ . കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായി ദൂരദർശന് വേണ്ടിയുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു. കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ് ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ (കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍ പിന്നീടത് കൈപ്പുസ്തകമായി സൂക്ഷിച്ചു.
1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു. അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു. " എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു. ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത് സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ അല്പാല്പമായി വായ് തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു. അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി. അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച് എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ ചെന്താമരപ്പൂക്കളെക്കൊണ്ട് മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു. എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍ തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു. ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ. ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്. കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്. ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ് നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന് നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്.. യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍ ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ.. അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു. ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍ മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.." മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും. പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?' നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ? വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു. സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല. നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി." ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്‍റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ അതിഭാവുകത്വം കൊണ്ട് നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ ഒരു മന്ദസ്മിതംപോലെ ഗുരുവിന്‍റെ സമാധിമന്ദിരം. അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു.
- സേതുമാധവൻ മച്ചാട്
Thursday, August 29, 2024
NITHYA 2
' ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... '
ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍.
നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. '
നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും....
അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി.
സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല.
ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍.
അറിവിന്റെ നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും
ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു.
നിത്യചൈതന്യ യതി എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ഥാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു)
ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ് ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ
എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ഥാശ്രമത്തിലെ പ്രാര്‍ഥന പോലെ. 'ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം പറയുന്നവര്‍',ഹൃദയത്തിലെ ആരാധനാസൌഭഗം'
' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സമ്യക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന് ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം
അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം.
നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ഷക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു.
പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍
'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .
ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ് നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന് നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്( 1990 )- നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്.കഥാകാരി മാധവിക്കുട്ടി
പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍
നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും
മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ
അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. "
യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്
കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന്
തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട് പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്.
അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത് മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത് 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച
മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു.
'യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന എന്നു പറയാം.പി യുടെ 'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന്
അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു. യൌവനത്തില്‍ വീട് വിട്ടു തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു.
നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളെജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. " ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്നു ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി .ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു.അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്?ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ?ഒരുക്കം ഇനിയും പൂര്‍ത്തിയായില്ലേ?'
ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി.ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു."എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെവ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു "എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല.
അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു." ഗുരു എന്നെ അപമാനിക്കാനുള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൌപചാരികമായ രീതിയിലാണ് സംഭവിച്ചത് .അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി.നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ
ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും."ഗുരുതരമായ രോഗത്തിനു ഗൌരവമായ ചികിത്സ ആവശ്യമാണ് " എന്ന് ഗുരു പറയുമായിരുന്നു.
ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു : ' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്?
ഗുരു പറഞ്ഞു "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു.
യൂണിവേര്‍സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളോജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടോത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു.സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന
ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു.ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി,യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു.ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു "ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല ". ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു : നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്." ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല .ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു.അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു : " നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍." ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു :" ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ."
എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയുംധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല.
മൌനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.
നീണ്ടൊരു വര്‍ഷത്തെ മൌനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്കരിക്കാന്‍ ആഗ്രഹം തോന്നി.
" ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്തു കഞ്ഞി
കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു.ആ പാടങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : "ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു മൈക്കലാഞ്ചലോയും ഇല്ലേ?"
ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു....
നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ .
കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു. കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ് ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ
(കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍ പിന്നീടത് കൈപ്പുസ്തകമായി സൂക്ഷിച്ചു. 1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു.
അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ
പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു.
" എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു.
ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത് സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ
അല്പാല്പമായി വായ് തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു.
അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി.
അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച്
എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ
ചെന്താമരപ്പൂക്കളെക്കൊണ്ട് മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും
മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു.
എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍
തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു.
ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ.
ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്.
കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്.
ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ് നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന്
നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്.. യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍
ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ..
അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു.
ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍ മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ
വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.."
മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'
നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.
നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്‍റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ അതിഭാവുകത്വം കൊണ്ട് നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ ഒരു മന്ദസ്മിതംപോലെ ഗുരുവിന്‍റെ സമാധിമന്ദിരം. അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു.
- സേതുമാധവന്‍ മച്ചാട്..
Posted by sethumenon at 5:41 AM No comments:
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest
സ്നേഹപൂര്‍വ്വം നിത്യക്ക് - സേതുമാധവന്‍ മച്ചാട്

Guru Nithya
നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് "നിത്യചൈതന്യ യതി അനുരാഗപര്‍വ്വം ".
ആരായിരുന്നു ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്.ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇതില്‍ സ്വന്തം അനുഭവങ്ങള്‍ വികാരാര്‍ദ്രതയോടെ പങ്കുവെക്കുന്നുണ്ട്.നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും
ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന യതിയുടെ ഏകമത സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യാമുഗ്ദ്ധമാവുന്നു ഇതിലെ രചനകള്‍.
നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല.
വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്. ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന്
സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗ മായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു.
ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു .അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു.
ഗുരു നിത്യയുടെ അനുരാഗനദിയില്‍ സ്നാനംചെയ്ത ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു കവിയായ ശ്രീ വി ജി തമ്പി.
അഷിത, സി രാധാകൃഷ്ണന്‍, ആഷാമേനോന്‍, സുഭാഷ് ചന്ദ്രന്‍, ഷൌക്കത്ത് , സുനില്‍ പി ഇളയിടം, കവിതാ ബാലകൃഷണന്‍, സേതുമാധവന്‍ മച്ചാട് , ഗീത ഗായത്രി, ഐ ഷണ്മുഖ ദാസ് ,കെ പി രമേശ് , സണ്ണി ജോസഫ്, ഷഹബാസ് അമന്‍ ,പി കെ ഗോപി , കെ പി സുധീര, സുഗത പ്രമോദ് , ഗീത രാജീവ്, എന്‍ എ നസീര്‍, എം ആര്‍ അനൂപ് , സെബാസ്റ്റ്യന്‍, എസ് പൈനാടത്ത്,ജെനി ആന്ട്രൂസ്, ആര്യാ ഗോപി ,സിസ്റ്റര്‍ ശോഭ , ശശി മേമുറി, കെ ടി സൂപ്പി ,ഇ എം ഹാഷിം, പ്രമോദ് കൂരമ്പാല , മഞ്ജു, ഹുസൈന്‍ കെ എച്ച്, മണമ്പൂര്‍ രാജന്‍ബാബു തുടങ്ങി വലിയൊരു നിര ഈ പുസ്തകത്തില്‍ കൈകോര്‍ക്കുന്നു. ജനറല്‍ എഡിറ്റര്‍ കവി വിജി തമ്പിയാണ്. അദ്ദേഹം ഷൌക്കത്തുമായി നടത്തുന്ന ദീര്‍ഘസംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെ ദര്‍ശനങ്ങളുടെ ചിദാകാശത്തിലേക്കുള്ള അപൂര്‍വ സഞ്ചാരമാണ്.
ഈ പുസ്തകത്തിന്‍റെ വായനാനുഭവം വേറിട്ടതാണ്. നാമിതുവരെ കണ്ട , മനസ്സിലാക്കിയ അനുഭവിച്ച ഗുരു സൗഹൃദം അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ നമുക്കുമുമ്പില്‍ ചിറകു വിടര്ത്തുന്നതു അതിശയത്തോടെ നാം നോക്കിനില്‍ക്കും. ലളിതവല്‍ക്കരണവും അതിഭാവുകത്വവും വൈയക്തികമായ വികാരവായ്പ്പുകളും നിസ്സംഗമായ അനുഭവവിവരണവും ഉന്മാദം നിറഞ്ഞ സാക്ഷ്യങ്ങളും ശിശുസഹജമായ ഓര്‍മകളും നിത്യയുടെ അസാധാരണ വ്യക്തിചേതനയെ ഉണര്‍ത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. നിരാര്‍ദ്രമായ വേദാന്തത്തിന്‍റെ രഹസ്യങ്ങളൊന്നും ഗുരു ആര്‍ക്കുമുമ്പിലും പ്രദര്‍ശിപ്പിച്ചില്ല. ഒരു കയ്യടക്കവും അദ്ദേഹം കാണിക്കുന്നില്ല. ഭസ്മവും രുദ്രാക്ഷവും കാഷായവും ഗുരുപീഠവും മെതിയടിയും തേടി ആരും ഫേണ്‍ഹില്‍ ഗുരുകുലത്തിലേക്ക് പോയില്ല. സംന്യാസം ഒരു ഓഫീസ് ആയിരുന്നില്ലല്ലോ യതിയെ സംബന്ധിച്ച്. ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. പൂ വിരിയും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മോസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു.
മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും.ഒരു കവിക്ക് മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക് സാധ്യമായത് ഈ പുസ്തകത്തില്‍ നാം വായിച്ചറിയും.
Tuesday, May 7, 2024
FINAL
ന്യസിക്കാനാവാത്ത ജീവിതം
-------------------------------------------
" A guilty conscience needs to confess. A work of art is a confession "
Albert Camus
അസാധാരണമായ ഭാവസൗന്ദര്യത്തോടെ മലയാള നോവൽ സാഹിത്യത്തിന്റെ നീലാകാശത്തേക്ക് ചിറക് നിർത്തിയ 'ഇദം പാരമിതം', നോവൽ എന്ന സാഹിത്യരൂപത്തിന്റെ വ്യത്യസ്തമായ മുഖമാണ്. ഒരു കവി എഴുതുന്ന ആഖ്യായിക എന്നൊരു സവിശേഷത ഈ കൃതിക്കുണ്ട്. ആദ്യന്തം കവിത നിറഞ്ഞൊഴുകിയ നോവൽ. വളരെ സാവധാനമാണ് ഞാനീ പുസ്തകം വായിച്ചത്. മൂന്നു മാസത്തിലേറെ സമയമെടുത്തു അവസാനവരിയിലെത്താൻ. അതിനോടകം നോവൽ മൂന്നു പതിപ്പുകൾ പിന്നിട്ടിരുന്നു. നിരവധി ആസ്വാദനങ്ങളും പുരസ്കാരങ്ങളും കൃതിയെ തേടിയെത്തി. ഒരു കവി എഴുതിയ നോവൽ എന്ന സവിശേഷതയെക്കാൾ എന്നെ ആകർഷിച്ചത് അപാരമ്പര്യ ചേരുവകൾ കൊണ്ടാണ് അതെഴുതപ്പെട്ടത് എന്നതാണ്. സ്‌ഥലം കാലം ദേശം എന്നിങ്ങനെ പ്രത്യേകം അടയാളപ്പെടുത്തിയ ഒരു ലോകമോ കഥാപാത്രങ്ങളോ അവരുടെ പെരുമാറ്റമോ ഒന്നുമല്ല ആദ്യവായനയിൽ ഒപ്പമെത്തിയത്. തിരുനെല്ലിയും പക്ഷിപാതാളവുമാണ് തുടക്കത്തിൽ തിരിച്ചറിയുന്ന ഭൂമിക. വാക്കുകളുടെ മലർവാടിയിലൂടെ സസ്യശ്യാമളമായ വനാന്തരത്തിലേക്ക് ലെവിൻ എന്ന കേന്ദ്ര കഥാപാത്രം നമ്മെ ആനയിക്കുന്നു. അഥവാ അയാൾക്കൊപ്പം വായനയുടെ കണ്ണുകൾ സഞ്ചരിക്കുന്നു. ഫോട്ടോഗ്രഫിക് എന്നോ സിനിമാറ്റിക് എന്നോ പറയാവുന്ന ചലനവും വിന്യാസവുമാണ് കഥാകാരനായ വി ജി. തമ്പിയുടെ കരവിരുതിൽ തെളിയുന്നത്. തുടർന്നുള്ള അധ്യായങ്ങൾ ലെവിന്റെ അനന്തമായ യാത്രകളാണ്,അന്വേഷണങ്ങളാണ്. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്. ഭൂപ്രദേശങ്ങളുടെ അതിരുകൾ മായ്ച്ചു മായ്ച്ചു പോകുന്ന യാത്ര വേരുകൾ മുറിഞ്ഞുള്ള പ്രയാണവുമാണ്. എന്നാൽ പലായനമല്ല. ഇടത്താവളങ്ങളിൽ വിശ്രമിച്ചും അപൂർവവും അപരിചിതവുമായ ഇടങ്ങളിലും സൗഹൃദങ്ങളിലും ശരീരവും മനസ്സുമർപ്പിച്ചുകൊണ്ടുള്ള ലെവിന്റെ യാത്ര ഒരർത്ഥത്തിൽ തീർത്ഥങ്ങൾ തേടിയുള്ള അലച്ചിൽ തന്നെയായിരുന്നു. ആശ്രമങ്ങളിലും സന്യാസി സാങ്കേതങ്ങളിലും സൂഫിമാർക്കൊപ്പവും അഘോരികൾക്കൊപ്പവും അയാൾ ജീവിച്ചു. ഓർമയുടെ സ്നാനത്തിൽ അമ്മയും സഹോദരിയും കാമുകിയും അനേകം സ്ത്രീ പുരുഷ സാന്നിധ്യങ്ങളും ലെവിന് കൂട്ടായുണ്ട്. ഏകാന്തമായ കുട്ടിക്കാലവും പാഠശാലകളിലെ കയ്പ്പും ചവർപ്പുമുള്ള ഓർമ്മകൾക്കൊപ്പം കലാലയ ജീവിതവും തുടർഗവേഷണങ്ങളും നേരത്തെ മുതൽ തന്നെ ലെവിൻ എന്ന മനുഷ്യനെ പരുവപ്പെടുത്തുന്നുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ആദിമ താരള്യമാണ് ലെവിന്റെ ദിശ നിർണയിക്കുന്നത്. എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ യാത്ര. രാജ്യാന്തരസീമകൾ താണ്ടി മതവും കലയും പിറന്നുവീണ കളിത്തൊട്ടിൽ തേടിയാണോ? ഗോത്ര ജീവിതത്തിന്റെ വൈവിധ്യമാർന്ന രുചികൾ തേടിയായായിരുന്നോ? പ്രണയത്തിന്റെയും കാമനയുടെയും ഭൗതികമായ സ്പർശമാണോ ലെവിൻ തേടിയത്? അവധൂതന്റെ പ്രയാണം? രഹസ്യമാരാഞ്ഞ ഉന്മാദിയുടെ നിരർത്ഥകതയാണോ അയാളെ വശീകരിച്ചത്? ആരാണ് അയാളുടെ വഴികാട്ടി? ഏതെങ്കിലും ഗുരു അഥവാ ഗ്രന്ഥം ആരാണ് ലെവിന് മാർഗദീപം തെളിച്ചത്? പാരമിതത്തിൽ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. അഥവാ എവിടെയും എത്തിച്ചേരാനുള്ള യാത്രയല്ല ലെവിന്റേത്. ആ വഴികളിൽ ലെവിൻ എന്ന നിസ്സഹായൻ തനിയെ അലഞ്ഞു നടന്നു. നടത്തമെന്ന ധ്യാനമാണ് ലെവിന്റെ പ്രാപ്യസ്‌ഥാനം. പാരമിതത്തിലേക്കുള്ള പ്രവേശം.
ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമാണ് നമ്മെ തഴുകുന്നത് എന്നാണ് ആഷാ മേനോൻ അവതാരികയിൽ പറയുന്നത്. അപ്പുറമെന്തെന്നു ആരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. ഇതിലെ ഇടങ്ങൾ അനന്യമാണ്. സൂക്ഷ്മവും സ്നിഗ്ധവുമായ ആവിഷ്കാരങ്ങൾ. നോവൽ എന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്കു ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലിൽ നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുന്നു ഈ കൃതി എന്ന് ഫാദർ ബോബി ജോസ് കട്ടിക്കാട്. ഭാഷകളെയും സംസ്കാരത്തെയും കടന്നു വിശ്വബോധത്തെ അടയാളപ്പെടുത്തുന്ന രചന എന്നാണ് ഷൗക്കത്ത് രേഖപ്പെടുത്തിയത്. ആമുഖത്തിൽ വി ജി തമ്പി ഇങ്ങനെ അടയാളപ്പെടുത്തുന്നു. ശ്രീബുദ്ധൻ ശിഷ്യനായ സാരീപുത്രന് ഉപദേശിച്ച പ്രജ്ഞാപാരമിതമെന്ന ഹൃദയസൂക്തമാണ് തന്റെ കൃതിയുടെ ശീർഷകത്തിനു പിന്നിൽ. പരിധികളെയും പരിമിതികളെയും മറികടന്നു പോകാനുള്ള സഹജപ്രേരണ ഏകാകിയായ ഓരോ സഞ്ചാരിയിലും ഉള്ളതാണ്. പ്രപഞ്ചവും ഊർജവും ദ്രവ്യ പരിണാമങ്ങളുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ മാത്രം. ഹിമാലയം മുതൽ പിരമിഡുകൾ വരെ ഓരോന്നും ദൃശ്യപ്രകൃതിയിലെ പാരമിത ചിഹ്നങ്ങളാണ്. ശരീരവും മനസ്സും ബോധവും കടന്നുപോകാനുള്ള അതിർത്തികൾ. 'കടന്നുപോകുന്നവരാകുക' എന്ന സുവിശേഷവാക്യം പോലെ നിശബ്ദമായൊരു ഓർമപ്പെടുത്തൽ അതാണ് ഇദം പാരമിതം. ഒരു നദി അതിന്റെ പാരമിതം പൂകുന്നത് സമുദ്രത്തിലെത്തുമ്പോഴാണ്. പുഴയുടെ സത്ത പൂർണമായ വിലയനം തേടുന്നത് കടലിലാണ്. ഇനിയും അപ്പുറങ്ങൾ ഉണ്ടെന്നു തിരിച്ചറിയുമ്പോഴും ധ്വനിമയമായ മാനാസാകാശം നിലച്ചുപോകുന്നില്ല എന്നൊരു നിരീക്ഷണം ആഷാമേനോൻ നടത്തുന്നുണ്ട്. കവിയും അധ്യാപകനുമായ വി ജി തമ്പി ആദ്യകാലത്തെഴുതിയ (1990 ) നഗ്നൻ എന്ന സ്വന്തം കവിതയിൽ നിന്നാണ് പാരമിതത്തിലേക്കു ചിറകു നിർത്തിയത് എന്ന് ആമുഖമായി പറയുന്നുണ്ട്. ജീവിച്ച ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും തമ്മിലുള്ള ദൂരവും ദിശയുമാണ് ആ കവിത. 'നീ പണി തീരാത്ത യേശുവാണ്' തുടങ്ങിയ വരികൾ വായനക്കാർ ഇന്നും ഓർക്കുന്നുണ്ടാവും. മുപ്പത്തിമൂന്നാം വയസ്സിൽത്തന്നെ എല്ലാം പൂർത്തിയായി എന്ന അന്ത്യമൊഴിയോടെ ജീവിതത്തിൽ നിന്ന് വിട വാങ്ങിയ സുഹൃത്തിനോടുള്ള കടം തീർക്കലാണ് തന്റെ കൃതിയുടെ പിറവിക്ക് നിമിത്തമായത്. കേന്ദ്ര കഥാപാത്രമായ ലെവിൻ പല അടരുകളുള്ള ഒരു സത്തയാണ് . ലെവിൻ എന്നാൽ സൗഹൃദം. എല്ലാ മുൻവിധികൾക്കുമപ്പുറം അകവും പുറവും തിങ്ങി നിൽക്കുന്ന ബോധപ്രപഞ്ചത്തോടുള്ള ഉദാരമായ പ്രാർഥനയാണ് ലെവിൻ. അതൊരു സഞ്ചാരഗതിയാണ്. അവൻ ജനിച്ചും മരിച്ചും പുനർജനിച്ചും എവിടെയും ഒടുങ്ങാതെ ഭൂമിയിലും അതീതത്തിലും അലകൾ തീർത്തുകൊണ്ടേ ഇരിക്കും. നോവൽ എഴുത്തിത്തീർന്നതിന്റെ പിറ്റേന്ന് നേരം പുലർന്നപ്പോൾ എഴുത്തുമുറിയിൽ പ്രത്യക്ഷപ്പെട്ട പ്രായം ചെന്ന ഒരു നായയെപ്പറ്റി പറഞ്ഞുകൊണ്ടാണ് വി ജി തമ്പിയുടെ ആമുഖ വരികൾ അവസാനിക്കുന്നത്. ഒരു പക്ഷെ മഹാഭാരതത്തിൽ മഹാപ്രസ്‌ഥാനയാത്രയിൽ സ്വര്ഗാരോഹിണി വരെ പാണ്ഡവർക്കൊപ്പം കൂട്ട് പോയ ആ സാരമേയമായിരിക്കാം പാരമിതത്തിന്റെ ചാരെ വന്നണഞ്ഞത്.
ലെവിനൊപ്പം സഞ്ചരിക്കുന്ന അനേകം ചേതനകൾ ഈ യാത്രയിൽ നമുക്കൊപ്പമുണ്ട്. അമ്മ അനിയത്തി ഇവർക്ക് പുറമെ ഹേമന്ത് ,ലിയോ അച്ചൻ,ബാബാജി, അയൂബ് ,പപ്പാ ,ഒമർ ഫാറൂഖ് , ദലൈലാമ , ഗുരു നിത്യ ..തീർന്നില്ല. ലെവിൻ എന്ന അസ്തിത്വത്തിന്റെ അംശം തന്നെയായ സ്ത്രീത്വങ്ങൾ ,സമരിയ, റൂത്ത്, റോസെറ്റ, മിത്ര, നക്ഷത്ര, അലീന ഫാത്തിമ, ജൂലിയ, ഹെഡാ വാക്കർ തുടങ്ങി അഗാധമായ പാരസ്പര്യത്തിന്റെ ഗതിവേഗങ്ങൾ. ഇദം പാരമിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം ഏതെന്നു ചോദിച്ചാൽ അമ്മ കനിവോടെ പ്രത്യക്ഷപ്പെടുന്ന ഭാഗമാണ്. കവിതകളെ സ്നേഹിച്ച ഏകാന്തത്തിൽ കവിതകൾ എഴുതിയ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിരുരൂപം. എല്ലാ ജോലികളും തീർത്ത് രാത്രി കുട്ടികൾ ഉറക്കമാകുമ്പോൾ മേശവിളക്കിനരികെ അമ്മയുടെ ടൈപ്പ് റൈറ്റർ ചലിച്ചുകൊണ്ടേ ഇരിക്കും. പകൽ ഒഴിവുവേളകളിൽ നീണ്ട വായനയിൽ മുഴുകും. ലെവിന്റെ എല്ലാ ദൗർബല്യങ്ങളും വേദനയും തിരിച്ചറിയുന്ന ഒരാൾ അമ്മയാണ്. ലെവിൻ അമ്മയുടെ കുഴിമാടത്തിനരികെ ചിലവഴിച്ച പ്രാർഥനയുടെ പകൽ പ്രകാശം നിറഞ്ഞ അധ്യായമാണ്. പാരമിതത്തെ സത്യാന്വേഷണത്തിന്റെ മറുകരയിലേക്കു കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അനേകം ഗുരുസ്പർശങ്ങളുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിൽ ലെവിൻ നടന്നെത്തുന്ന ഗുരു നിത്യയുടെ ഫേൺഹിൽ ഗുരുകുലമാണ് പാരമിതത്തിലെ പ്രകാശം പരത്തുന്ന മറ്റൊരു ഭാഗം. ഗുരുകാലം എന്ന് പേരിട്ട മൂന്നു നാലു ഖണ്ഡങ്ങൾ നിത്യചൈതന്യ യതിയുടെ മൗനവും മന്ദസ്മിതവുമാണ്. തേയിലത്തോട്ടങ്ങളുടെ മരതക സൗന്ദര്യവും പോക്കുവെയിൽ പരന്ന സുവർണ താഴ്വരയും കണ്ണും പൂട്ടി ധ്യാനത്തിലമർന്ന അമ്മമരവും പ്രഭാതത്തിലെ അനക്ഷര സംഗീതവും നിത്യയുടെ ലളിതമായ ദിനചര്യയും പരസ്പരം പറയാതെ പകർന്ന മനുഷ്യത്വമുള്ള സൗഹൃദവും ലെവിനെ ആകർഷിച്ചു. അവിടെനിന്ന് ഒന്നും പഠിക്കുകയല്ല വിശ്രാന്തമായ നിമിഷങ്ങൾ ഒപ്പം താനറിയാതെ കൂടെ കൂടുകയാണ് ചെയ്യുന്നത്. നിത്യയുടെ ഗുരുകുലത്തിൽ സന്ദർശകയായി എത്തിയ ഹെഡ്ഡ വാക്കർ എന്ന കവയിത്രിയും ലെവിനെ സ്നേഹത്തിന്റെ അക്ഷരമാല പഠിപ്പിക്കുന്നുണ്ട്. ഗുരുവുമായുള്ള ഹെഡ്ഡയുടെ ആത്മബന്ധം സുഗന്ധിയായ ഭാഷയിലാണ് ലെവിൻ രേഖപ്പെടുത്തുന്നത്. ഫേൺഹിൽ ഗുരുകുലത്തിൽ നിന്ന് രമണ മഹർഷിയിലേക്കും ജിദ്ദു കൃഷ്ണമൂർത്തിയിലേക്കും ഓഷോയുടെ പ്രണയത്തിലേക്കും ലെവിൻ യാത്ര പോകുന്നുണ്ട്. അവിടെ നിന്ന് പിന്നെയും ബാബാജിയുടെ അതീതകാലത്തിലേക്കും. സത്യത്തിൽ എവിടെ നിന്ന് എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ പ്രയാണം? ശരീരത്തിനും മനസ്സിനും ബോധതലത്തിനും അപ്പുറം? ഭാവത്തിന്റെ അഭാവത്തെയാണോ, അഭാവത്തിന്റെ ഭാവത്തെയാണോ അയാൾ തിരഞ്ഞു പോയത്. പ്രാഗഭാവം എന്ന് വേദാന്തികൾ പറയുന്ന അവസ്‌ഥയാണത്. സ്വന്തം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണോ ലെവിനെ കാറ്റിൽ പറക്കുന്ന കരിയില പോലെ കൊണ്ടുപോയത്. അയാളുടെ കൈത്തെറ്റുകളുടെ ഭൂതകാലമാണോ ഒളിഞ്ഞും തെളിഞ്ഞും അയാളിൽത്തന്നെ വന്നുപതിക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ ഒരു തുടർച്ചയാണോ ലെവിൻ ?അയാൾ താനറിയാതെ സ്വയം ഉറയൂരി പരിണമിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. അഥവാ ലെവിൻ തന്നെയായിരുന്നു ആ ചോദ്യങ്ങൾക്കുള്ള ഉത്തരം. അയാൾ എത്തിനിൽക്കുന്ന മമതയില്ലാത്ത പാരവശ്യങ്ങൾ അമർന്ന ശമാവസ്‌ഥ. സന്ദേഹങ്ങൾക്കും ആവേഗങ്ങൾക്കും വിട നൽകിയ ലെവിൻ ആനന്ദത്തിന്റെയും നിരാനന്ദത്തിന്റെയും അപ്പുറത്തുള്ള ശമം എന്തെന്ന് തിരിച്ചറിഞ്ഞിരിക്കാം.
ഇനി പറയാനുള്ളത് വി ജി തമ്പിയുടെ നോവൽ ഗാത്രത്തിന്റെ ഘടനയെക്കുറിച്ചാണ്. ഭാഷയുടെ അനവദ്യ സൗന്ദര്യം തന്നെയാണ് ആദ്യമായും അവസാനമായും മനസ്സിലെത്തുന്നത്. മനുഷ്യൻ രാപാർക്കുന്ന ലോകത്തിന്റെ മഹിമ, തികഞ്ഞ ലാവണ്യത്തോടെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ലോകകവിതകളും മഹാകാവ്യങ്ങളും പ്രപഞ്ചരഹസ്യം തേടിയ മഹാരഥന്മാരുടെ കൃതികളും സംഗീതവും ചലച്ചിത്രവും എന്നുവേണ്ട സഹൃദയനായ ഒരധ്യാപകന്റെ ആന്തരികതയെ നിറയ്ക്കുന്ന എല്ലാം തന്നെ തമ്പിയുടെ ഹൃദയാകാശത്തിൽ ചേക്കേറുന്നുണ്ട്. യൗവനത്തിൽ പ്രക്ഷോഭകാരിയുടെയും അവിശ്വാസിയുടെയും സന്ദേഹിയുടെയും കലാപം നിറഞ്ഞ ജീവിതമായിരുന്നു. ക്രമേണ വിശ്വാസത്തിന്റെ , ആത്മാന്വേഷണത്തിന്റെ സഞ്ചാരപഥത്തിൽ അദ്ദേഹം എത്തിച്ചേർന്നതായി മനസ്സിലാക്കാം. വിശ്വാസിയായി ജീവിക്കാനാണ് ഏറ്റവും പ്രയാസം എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഹിമാലയ താഴ്വരകളിലൂടെ നടത്തിയ യാത്രയും ക്രിസ്തീയ വിശ്വാസങ്ങളുടെ പഠനവും യൂറോപ്പിലൂടെ നടത്തിയ യാത്രയുടെ ആത്മചിഹ്നങ്ങളും, വാസ്തുശില്പത്തികവുള്ള പള്ളിഗോപുരങ്ങളും അൾത്താരകളും റോമാസാമ്രാജ്യത്തിന്റെ , ഗ്രീസിന്റെ , പിരമിഡുകളുടെ തുടങ്ങി ആദിമസംസ്കൃതിയുടെ നനഞ്ഞുകുതിർന്ന മണ്ണ്. യുദ്ധങ്ങളും കലാപങ്ങളും ഒഴിയാത്ത മരുഭൂമിസമാനമായ പ്രകൃതി. യാത്രകൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അഭിന്നമായ അന്വേഷണത്വരയെ ജ്വലിപ്പിച്ചിരിക്കാം. ബൈബിൾ സാഹിത്യവും ബുദ്ധ ദർശനങ്ങളും മതേതരമായ ഒരു കാല്പനിക വിശ്വാസത്തിലൂടെ അദ്ദേഹത്തെ നയിച്ചിരിക്കാം. മനുഷ്യനന്മയിലേക്കുള്ള ആ യാത്ര ആവിഷ്കരിക്കാൻ സുഗന്ധിയായ ഭാഷയുടെ വരദാനം അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു. തച്ചനറിയാത്ത മരം , പുതിയ ആകാശം പുതിയ മരുഭൂമി, യൂറോപ്പ് എന്റെ ആത്മചിഹ്നം തുടങ്ങിയ മുൻകാല കൃതികൾ പാരമിതമെന്ന വലിയ ക്യാൻവാസിലേക്കുള്ള പ്രവേശികയായിരുന്നു.
പാരമിതത്തിലെ ഉന്മാദം നിറഞ്ഞ ഭാഷ കഥാ ഗാത്രത്തിലെ മേദസ്സായി അനുഭവപ്പെടില്ല. മറിച്ച് ലെവിന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്ന അനിവാര്യമായ രചനാകൗശലമായി വേണം വാക്കുകളുടെ കുത്തൊഴുക്കിനെ തിരിച്ചറിയാൻ. നോവലിന്റെ രൂപവും ഭാവവും എഴുത്തുകാരന്റെ രചനാ തന്ത്രത്തിലേക്കുള്ള കവാടങ്ങളാണ്. കലാതന്ത്രം അഥവാ ടെക്‌നിക് എഴുത്തിന്റെ രസതന്ത്രമാണ്. ഫിക്ഷന്റെ സംഘർഷ സൗന്ദര്യത്തെ പ്രത്യക്ഷീകരിക്കുന്നത് പലപ്പോഴും ഭാഷയുടെ സന്നിവേശമാണ്. ഭാഷയുടെ ഉർവരാവസ്‌ഥ സത്യത്തിൽ നമ്മിൽ അന്തർലീനമായിരിക്കുന്ന ലിബിഡോ തന്നെയാണ്. രതിയുടെ ഊർജം. കാമവാസനയുടെ ഉദാത്തീകരണം (sublimation) കലയുടെ ആവിഷ്കാരങ്ങളിൽപരമ പ്രധാനമാണ്. ഫിക്ഷനിലെ പ്രകൃതി വർണന കേവലമായ രൂപഘടന മാത്രമല്ല. കഥാപാത്രങ്ങളുടെ അന്തരംഗത്തിലേക്കുള്ള പ്രവേശികയാണ് അവ. ജീവാഭിരതി കലർന്ന ആവിഷ്കാരം പ്രധാന കഥാപാത്രത്തെയും അയാളുടെ പെരുമാറ്റത്തെയും അതിന്റെ പരഭാഗ ദൃശ്യങ്ങളത്രയും മിഴിവോടെ അവതരിപ്പിക്കാൻ പര്യാപ്തമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ രതിയുടെ മനോഹരമായ ആവിഷ്കാരമായിട്ടാണ് ഇദം പാരമിതത്തിന്റെ വായന എനിക്ക് അനുഭവപ്പെടുന്നത്.
ലെവിൻ ഒരേസമയം ആൾക്കൂട്ടവും അതെ സമയം ഏകാകിയുമാണ്. സ്‌ഥലജല ഭ്രമങ്ങളാൽ ഉഴറി ചിന്തകളിൽ ജരാനര ബാധിച്ച ഒരുവൻ. മറ്റു ചിലപ്പോൾ പ്രണയത്തിന്റെ വീഞ്ഞ് നുകർന്ന് ഉന്മത്തനായ യുവാവ്. തെരുവുകളിൽ ഉറങ്ങിയും നഗരക്കാഴ്ചകളിൽ നിർമമനായി നടന്നും ഒരു ദാർശനികൻ അയാളിൽ കുടിപാർത്തു. ഉടലിന്റെ വേഴ്ചകളിൽ ലെവിൻ തറഞ്ഞു പോകുന്നില്ല. ഒരനുരാഗിയെപ്പോലെ ജീവിതത്തെ ആശ്ലേഷിച്ചു തന്റെ ഏകാന്തമായ യാത്ര തുടരുകയാണ് അയാൾ. ഇനിയും എഴുതപ്പെടാത്ത ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ഈ കഥാപാത്രം. അപാരതയിലേക്കുള്ള ഒരുവന്റെ പ്രയാണം ആത്മാന്വേഷണമാണ്. എന്നാൽ മുക്തിപഥമന്വേഷിച്ചുള്ള ഒരു പരിത്യാഗിയുടെ സഞ്ചാരമായിട്ടല്ല ഈ യാത്ര നമുക്ക് അനുഭവപ്പെടുക. സത്യകാമനായ ഒരുവൻ നടത്തുന്ന ആത്മാന്വേഷണവുമായി ലെവിന്റെ യാത്രകൾക്ക് സാധർമ്യമുണ്ടാകാം. എന്നാൽ തീർത്തും അങ്ങനെ പറയാനുമാവില്ല. ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥയെപ്പോലെ പൊരുൾ ആരാഞ്ഞുള്ള നടത്തവുമായോ ബിഭൂതി ഭൂഷന്റെ ആരണ്യക് നമ്മിൽ അവശേഷിപ്പിച്ച നിർലേപമായ മാനസികാവസ്‌ഥയുമായോ സാത്മീഭാവം വഹിക്കുന്നതായൊരു പൂർണാനുഭവം നമുക്കുണ്ടാകുന്നില്ല. വായനക്കാർ ഓരോരുത്തരും വ്യത്യസ്തമായാവാം ഈ യാത്ര അകമേ ഉൾക്കൊള്ളുന്നത്. തോറോയുടെ വാൾഡൻ തടാകം നൽകുന്ന പ്രശാന്തി ഹിമഭൂവിലെ സതോപന്തിലെത്തുന്ന ലെവിൻ അകമേ വഹിക്കുന്നതായും തോന്നിയില്ല. നദികളും തടാകങ്ങളും താഴ്വരകളും ഹിമശിഖരങ്ങളും ലെവിന്റെ യാത്രകളിൽ സ്വച്ഛന്ദമായി കടന്നുപോകുന്നുണ്ട്. അനശ്വരതയെ പുൽകാൻ അയാൾ വെമ്പുന്നുണ്ട്. അപാരതയെ സ്പർശിക്കാൻ വിതുമ്പുന്നുണ്ട്. എന്നാൽ ലെവിന്റെ ഉൾത്തടം ശൂന്യമായി കാണപ്പെട്ടു. ആ ശൂന്യതയാകട്ടെ അപൂർണതയുടെ മറ്റൊരു മുഖം മാത്രമായിരുന്നു എന്നുവേണം കരുതാൻ. ഉള്ളിന്റെയുള്ളിൽ അനുഭവപ്പെട്ട വേവലാതികൾ, വിഹ്വലതകൾ അയാളെ വിടാതെ പിന്തുടർന്ന സ്വന്തം ഭൂതകാലത്തിന്റെ പിൻവിളി ആയിരിക്കാം. സംഭവങ്ങളുടെ രേഖീയമായ ആവിഷ്കാരം ഈ നോവലിൽ നാം കാണുകയില്ല. ഏതെങ്കിലും ചരിത്ര മുഹൂർത്തങ്ങളിലൂടെയല്ല ഇതിവൃത്തം വികസിക്കുന്നത്. സാമൂഹിക ചലനങ്ങളോ പ്രകൃതി പ്രതിഭാസങ്ങളോ യുദ്ധം, കലാപം പ്രളയം, ഭൂകമ്പം, മഹാമാരി തുടങ്ങിയ ആക്‌സമിക വിപര്യയങ്ങളോ നോവലിന്റെ ക്യാൻവാസിൽ കടന്നുവരുന്നില്ല. എന്നാൽ ഇവയുടെയെല്ലാം ഒടുങ്ങാത്ത തിരമാലകൾ സഞ്ചാരിയായ ലെവിൻ അകമേ വഹിക്കുന്നുണ്ട് താനും. പലപ്പോഴും ഒരു പീഡിതന്റെ മനോവ്യഥയും ആധിയും ലെവിനെ ഒഴിയാബാധ യായി പിന്തുടരുന്നു എന്നൊരു തോന്നൽ എന്റെ വായനയെ എപ്പോഴോ ഗ്രസിച്ചുകഴിഞ്ഞിരുന്നു. വായനയുടെ പരിമിതിയാകാം. ലെവിൻ ഒന്നിലധികം ജീവിതങ്ങളുടെ ആൾരൂപമാണ് എന്ന് പാരമിതത്തിന്റെ ആമുഖമായി വി ജി തമ്പി പറയുന്നുണ്ടല്ലോ. നോവലിസ്റ്റിന്റെ ജീവിതയാത്രയും അദ്ദേഹം അനുഭവിക്കാനിടയായ ആകസ്മികതകളുടെ വൈചിത്ര്യവും മുഖ്യ കഥാപാത്രമായ ലെവിനെ രൂപപ്പെടുത്തുന്നതിൽ അബോധമായൊരു പങ്ക് വഹിച്ചിരിക്കാം. കഴിഞ്ഞുപോയ നീണ്ട മുപ്പതു വർഷങ്ങളുടെ സാധനയിൽ നിന്നാണ് പാരമിതം രൂപം കൊള്ളുന്നത്. പലപ്പോഴായി കുറിച്ച് വെച്ച കവിതകൾ, ലേഖനങ്ങൾ, ആധി നിറഞ്ഞ വിലാപങ്ങൾ, നിരന്തരമായ യാത്രകൾ, അധ്യാപനം, പ്രണയം, വിവാഹം, വിരഹം എന്നിങ്ങനെ നിറഞ്ഞും കവിഞ്ഞും കിടന്ന എത്രയോ അനുഭവങ്ങൾ. ക്ലാസ്സ്മുറികളിൽ ഉണർന്ന നിശിതമായ ചിന്തകൾ വിഫലമായ ഉദ്വേഗങ്ങൾ മരച്ചോടുകളിൽ വിടർന്ന സാഹിത്യവിചാരങ്ങൾ വിദ്യാർഥി കൂട്ടായ്മകൾ, ലിറ്റിൽ മാഗസിൻ പ്രവർത്തനങ്ങൾ. ഇടതുപക്ഷ സഹയാത്രികനായ കവി വിരിച്ചിട്ട ചുവന്ന സ്വപനങ്ങളുടെ നടപ്പാതകൾ, സമാനഹൃദയർക്കൊപ്പം കവിയരങ്ങുകൾ, ചൊൽക്കാഴ്ചകൾ വിപ്ലവചിന്തകൾ തീ പിടിപ്പിച്ച അനേകം ആത്മാക്കളുമായുള്ള സഹവാസം, ചലച്ചിത്രജീവിതം ഫിലിം ഫെസ്റ്റിവലുകൾ, സംഗീതലോകവുമായുള്ള പ്രണയം, ഭഗ്നാശരായ മിത്രങ്ങളുടെ അകാലത്തിലുള്ള വേർപാട്, ആത്മഹത്യകൾ, അവരിൽ ചിലരുടെ ജയിൽവാസം, ജനകീയ പ്രതിരോധ സംഘടനകളുടെ തളർച്ച , വിശ്വാസത്തകർച്ചകൾ കൂടുമാറ്റങ്ങൾ എൺപതുകൾ അങ്ങനെ പെയ്തു തീരുകയായിരുന്നു. ഇത്രയേറെ വിദ്യാർഥികളെ ആകർഷിച്ച, അവരുടെ മനസ്സുകളിൽ ചേക്കേറിയ കാല്പനിക സ്വപ്‌നങ്ങൾ വിടർത്തിയ ഒരധ്യാപകന്റെ ഏറ്റുപറച്ചിൽ കൂടിയാവുന്നു ഇദം പാരമിതം.
സമീപവർഷങ്ങളിൽ ഈ കവിയെ പ്രതിക്കൂട്ടിൽ വിസ്തരിച്ച മറ്റൊരെഴുത്തുകാരിയുടെ ഏറെ വായിക്കപ്പെട്ട കൃതിയെക്കൂടി സ്പർശിക്കാതെ ഈ അവലോകനം അവസാനിപ്പിക്കാൻ കഴിയില്ല. ആ കൃതി ഉയർത്തിയ സന്ദേഹങ്ങൾ അതിന്റെ ശരിതെറ്റുകൾ ഈ ഗ്രന്ഥസമീക്ഷയുടെ പരിധിയിൽ വരുന്നതല്ല എന്നറിയാം. എന്നാൽ അതിന്റെ പ്രകമ്പനങ്ങൾ പാരമിതത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ ലെവിന്റെ ഹൃദയത്തെ വല്ലാതെ മഥിക്കുന്നുണ്ടെന്നു തോന്നി. പലപ്പോഴും നിർമിതബുദ്ധികൊണ്ട് വാർന്നു പോയ വാക്കുകളുടെ ഉന്മാദനൃത്തമായി പോലും ഈ രചന എനിയ്ക്കനുഭവപ്പെട്ടു. ആത്മാരണ്യകത്തിൽ നിന്ന് യാത്ര പുറപ്പെട്ട് താഴ്വരയുടെ ഗന്ധങ്ങൾ ശ്വസിച്ചു നിഗൂഢ നഗരങ്ങളിൽ രാപാർത്ത് ഒഴിഞ്ഞ തോണിയിൽ ഏകാകിയായി നിലാവിന്റെ മന്ദസ്മിതത്തിൽ ഉറങ്ങിയും ഉണർന്നും അമാവാസികളും പൗർണമികളും പിന്നിട്ട് പുഴയാഴങ്ങളിൽ നിന്നും സാഗരോന്മുഖത്തു വന്നു നിൽക്കുന്ന ലെവിന്റെ ജീവിതം അപൂർണ്ണത ആവഹിക്കുന്ന ഒരു ആത്മായനമാണ്. മഹത്തായൊരു പ്രായശ്ചിത്തമായിട്ടാണ് ലെവിൻ എനിക്ക് അനുഭവപ്പെട്ടത്. അഥവാ വിശുദ്ധമായൊരു കുമ്പസാരം. മികവാർന്ന എല്ലാ രചനകളുടെയും ശിരോരേഖ ഈ പശ്ചാദ്ഗമനത്തിൽനിന്ന് ഉയിർക്കൊള്ളുന്നതാണ്.
ജീവിത പ്രവാഹത്തിന്റെ കുത്തൊഴുക്കിൽ കലങ്ങിമറിഞ്ഞ പുഴ ഒഴുകിയൊഴുകി ഒടുവിൽ തെളിനീരായി രൂപപ്പെട്ടു. നിശ്ചലമായ തടാകത്തിന്റെ കണ്ണാടിയിൽ പരീക്ഷീണമായ തന്റെ മുഖം ലെവിൻ കണ്ടു. എല്ലാ മാലിന്യങ്ങളും കാലുഷ്യങ്ങളും മാഞ്ഞുപോയിരുന്നു. സ്വന്തം കണ്ണുകളുടെ തിളക്കം ലെവിനെ വരവേറ്റു. ജനിയും പുനർജനിയും ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
- സേതുമാധവൻ മച്ചാട്.
final
ന്യസിക്കാനാവാത്ത ജീവിതം
-------------------------------------------
" A guilty conscience needs to confess. A work of art is a confession "
Albert Camus
അസാധാരണമായ ഭാവസൗന്ദര്യത്തോടെ മലയാള നോവൽ സാഹിത്യത്തിന്റെ നീലാകാശത്തേക്ക് ചിറക് വിടർത്തിയ 'ഇദം പാരമിതം' നോവൽ എന്ന സാഹിത്യരൂപത്തിന്റെ വ്യത്യസ്തമായ വശ്യമുഖമാണ്. ഒരു കവി എഴുതുന്ന ആഖ്യായിക എന്നൊരു സവിശേഷത ഈ കൃതിക്കുണ്ട്. ആദ്യന്തം കവിത നിറഞ്ഞൊഴുകിയ നോവൽ. വളരെ സാവധാനമാണ് ഞാനീ പുസ്തകം വായിച്ചത്. മൂന്നു മാസത്തിലേറെ സമയമെടുത്തു ഓരോ അധ്യായവും കടന്ന് അവസാനവരിയിലെത്താൻ. ഇതിനോടകം നോവൽ മൂന്നു പതിപ്പുകൾ പിന്നിട്ടിരുന്നു. നിരവധി ആസ്വാദനങ്ങളും പുരസ്കാരങ്ങളും കൃതിയെ തേടിയെത്തി. ഒരു കവി എഴുതിയ നോവൽ എന്ന സവിശേഷതയെക്കാൾ എന്നെ ആകർഷിച്ചത് അപാരമ്പര്യ ചേരുവകൾ കൊണ്ടാണ് അതെഴുതപ്പെട്ടത് എന്നതാണ്. സ്‌ഥലം കാലം ദേശം എന്നിങ്ങനെ പ്രത്യേകം അടയാളപ്പെടുത്തിയ ഒരു ലോകമോ കഥാപാത്രങ്ങളോ അവരുടെ പെരുമാറ്റമോ ഒന്നുമല്ല ആദ്യവായനയിൽ ഒപ്പമെത്തിയത്. ശരിയാണ്, തിരുനെല്ലിയും പക്ഷിപാതാളവുമാണ് തുടക്കത്തിൽ തിരിച്ചറിയുന്ന ഭൂമിക. വാക്കുകളുടെ മലർവാടിയിലൂടെ സസ്യശ്യാമളമായ വനാന്തരത്തിലേക്ക് ലെവിൻ എന്ന കേന്ദ്ര കഥാപാത്രം നമ്മെ കൊണ്ടുപോകുന്നു. അഥവാ അയാൾക്കൊപ്പം വായനയുടെ കണ്ണുകൾ സഞ്ചരിക്കുന്നു. ഫോട്ടോഗ്രഫിക് എന്നോ സിനിമാറ്റിക് എന്നോ പറയാവുന്ന ചലനവും വിന്യാസവുമാണ് കഥാകാരനായ വി ജി. തമ്പിയുടെ കരവിരുതിൽ വിരിയുന്നത്. തുടർന്നുള്ള അധ്യായങ്ങൾ ലെവിന്റെ അനന്തമായ യാത്രകളാണ്. അന്വേഷണങ്ങളാണ്. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്. ഭൂപ്രദേശങ്ങളുടെ അതിരുകൾ മായ്ച്ചു മായ്ച്ചു പോകുന്ന യാത്ര വേരുകൾ മുറിഞ്ഞുള്ള പ്രയാണവുമാണ്. എന്നാൽ പലായനമല്ല. ഇടത്താവളങ്ങളിൽ വിശ്രമിച്ചും അപൂർവവും അപരിചിതവുമായ ഇടത്തിലും സൗഹൃദങ്ങളിലും ശരീരവും മനസ്സുമർപ്പിച്ചുകൊണ്ടുള്ള ലെവിന്റെ യാത്ര ഒരർത്ഥത്തിൽ തീർത്ഥങ്ങൾ തേടിയുള്ള അലച്ചിൽ തന്നെയായിരുന്നു. ആശ്രമങ്ങളിലും സന്യാസി സാങ്കേതങ്ങളിലും സൂഫിമാർക്കൊപ്പവും അഘോരികൾക്കൊപ്പവും അയാൾ ജീവിച്ചു. ഓർമയുടെ സ്നാനത്തിൽ അമ്മയും സഹോദരിയും കാമുകിയും അനേകം സ്ത്രീ പുരുഷ സാന്നിധ്യങ്ങളും ലെവിന് കൂട്ടായുണ്ട്. ഏകാന്തമായ കുട്ടിക്കാലവും പാഠശാലകളിലെ കയ്പ്പും ചവർപ്പുമുള്ള ഓർമ്മകൾക്കൊപ്പം കലാലയ ജീവിതവും തുടർ ഗവേഷണങ്ങളും യാത്രകളും നേരത്തെ മുതൽ തന്നെ ലെവിൻ എന്ന മനുഷ്യനെ പരുവപ്പെടുത്തുന്നുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ആദിമ താരള്യമാണ് ലെവിന്റെ ദിശ നിർണയിക്കുന്നത്. എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ യാത്ര. രാജ്യാന്തരസീമകൾ താണ്ടി മതവും കലയും പിറന്നുവീണ കളിത്തൊട്ടിൽ തേടിയാണോ? ഗോത്ര ജീവിതത്തിന്റെ വൈവിധ്യമാർന്ന രുചികൾ തേടിയായായിരുന്നോ? പ്രണയത്തിന്റെയും കാമനയുടെയും ഭൗതികമായ സ്പർശമാണോ ലെവിൻ തേടിയത്? അവധൂതന്റെ പ്രയാണം? രഹസ്യമാരാഞ്ഞ ഉന്മാദിയുടെ നിരർത്ഥകതയാണോ അയാളെ വശീകരിച്ചത്? ആരാണ് അയാളുടെ വഴികാട്ടി? ഏതെങ്കിലും ഗുരു അഥവാ ഗ്രന്ഥം ആരാണ് ലെവിന് മാർഗദീപം തെളിച്ചത്? പാരമിതത്തിൽ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. അഥവാ എവിടെയും എത്തിച്ചേരാനുള്ള യാത്രയല്ല ലെവിന്റേത്. ആ വഴികളിൽ ലെവിൻ എന്ന നിസ്സഹായൻ തനിയെ അലഞ്ഞു നടന്നു. നടത്തമെന്ന ധ്യാനമാണ് ലെവിന്റെ പ്രാപ്യസ്‌ഥാനം. പാരമിതത്തിലേക്കുള്ള പ്രവേശം.
ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമാണ് നമ്മെ തഴുകുന്നത് എന്നാണ് ആഷാ മേനോൻ സാക്ഷ്യപ്പെടുത്തുന്നത്. അപ്പുറമെന്തെന്നു ആരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. ഇതിലെ ഇടങ്ങൾ അനന്യമാണ്.സൂക്ഷ്മവും സ്നിഗ്ധവുമായ ആവിഷ്കാരങ്ങൾ. നോവൽ എന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്കു ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലിൽ നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുന്നു ഈ കൃതി എന്ന് ഫാദർ ബോബി ജോസ് കട്ടിക്കാട്. ഭാഷകളെയും സംസ്കാരത്തെയും കടന്നു വിശ്വബോധത്തെ അടയാളപ്പെടുത്തുന്ന രചന എന്നാണ് ഷൗക്കത്ത് രേഖപ്പെടുത്തിയത്. ആമുഖത്തിൽ വി ജി തമ്പി ഇങ്ങനെ അടയാളപ്പെടുത്തുന്നു. ശ്രീബുദ്ധൻ ശിഷ്യനായ സാരീപുത്രന് ഉപദേശിച്ച പ്രജ്ഞാപാരാമിതമെന്ന ഹൃദയസൂക്തമാണ് തന്റെ കൃതിയുടെ ശീര്ഷകത്തിനു പിന്നിൽ. പരിധികളെയും പരിമിതികളെയും മറികടന്നു പോകാനുള്ള സഹജപ്രേരണ ഏകാകിയായ ഓരോ സഞ്ചാരിയിലും ഉള്ളതാണ് .പ്രപഞ്ചവും ഊർജവും ദ്രവ്യ പരിണാമങ്ങളുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ മാത്രം. ഹിമാലയം മുതൽ പിരമിഡുകൾ വരെ ഓരോന്നും ദൃശ്യപ്രകൃതിയിലെ പാരമിത ചിഹ്നങ്ങളാണ്.ശരീരവും മനസ്സും ബോധവും കടന്നുപോകാനുള്ള അതിർത്തികൾ. കടന്നുപോകുന്നവരാകുക എന്ന സുവിശേഷവാക്യം പോലെ നിശബ്ദമായൊരു ഓർമപ്പെടുത്തൽ അതാണ് ഇദം പാരമിതം. ഒരു നദി അതിന്റെ പാരമിതം പൂകുന്നത് സമുദ്രത്തിലെത്തുമ്പോഴാണ്. പുഴയുടെ സത്ത പൂർണമായ വിലയനാം തേടുന്നത് കടലിലാണ്. ഇനിയും അപ്പുറങ്ങൾ ഉണ്ടെന്നു തിരിച്ചറിയുമ്പോഴും ധ്വനിമയമായ മാനാസാകാശം നിലച്ചുപോകുന്നില്ല എന്നൊരു നിരീക്ഷണം അവതാരികയിൽ ആഷാമേനോൻ നടത്തുന്നുണ്ട്. കവിയും അധ്യാപകനുമായ വി ജി തമ്പി ആദ്യകാലത്തെഴുതിയ (1990 ) നഗ്നൻ എന്ന സ്വന്തം കവിതയിൽ നിന്നാണ് പാരമിതത്തിലേക്കു ചിറകു നിർത്തിയത് എന്ന് ആമുഖമായി പറയുന്നുണ്ട്. ജീവിച്ച ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും തമ്മിലുള്ള ദൂരവും ദിശയുമാണ് ആ കവിത. നീ പണി തീരാത്ത യേശുവാണ് തുടങ്ങിയ വരികൾ വായനക്കാർ ഇന്നും ഓർക്കുന്നുണ്ടാവും. മുപ്പത്തിമൂന്നാം വയസ്സിൽത്തന്നെ എല്ലാം പൂർത്തിയായി എന്ന അന്ത്യമൊഴിയോടെ ജീവിതത്തിൽ നിന്ന് വിട വാങ്ങിയ സുഹൃത്തിനോടുള്ള കടം തീർക്കലാണ് തന്റെ കൃതിയുടെ ബീജാധാനത്തിനു നിമിത്തമായത്. കേന്ദ്ര കഥാപാത്രമായ ലെവിൻ പല അടരുകളുള്ള ഒരു സത്തയാണ് . ലെവിൻ എന്നാൽ സൗഹൃദം. എല്ലാ മുൻവിധികൾക്കുമപ്പുറം അകവും പുറവും തിങ്ങി നിൽക്കുന്ന ബോധപ്രപഞ്ചത്തോടുള്ള ഉദാരമായ പ്രാർഥനയാണ് ലെവിൻ. അതൊരു സഞ്ചാരഗതിയാണ്. അവൻ ജനിച്ചും മരിച്ചും പുനർജനിച്ചും എവിടെയും ഒടുങ്ങാതെ ഭൂമിയിലും അതീതത്തിലും അലകൾ തീർത്തുകൊണ്ടേ ഇരിക്കും. നോവൽ എഴുത്തിത്തീർന്നതിന്റെ പിറ്റേന്ന് നേരം പുലർന്നപ്പോൾ എഴുത്തുമുറിയിൽ പ്രത്യക്ഷപ്പെട്ട പ്രായം ചെന്ന ഒരു നായയെപ്പറ്റി പറഞ്ഞുകൊണ്ടാണ് വി ജി തമ്പിയുടെ ആമുഖ വരികൾ അവസാനിക്കുന്നത്. ഒരു പക്ഷെ മഹാഭാരതത്തിൽ മഹാപ്രസ്‌ഥാനയാത്രയിൽ സ്വര്ഗാരോഹിണി വരെ പാണ്ഡവർക്കൊപ്പം കൂട്ട് പോയ ആ സാരമേയമായിരിക്കാം പാരമിതത്തിന്റെ ചാരെ വന്നണഞ്ഞത്.
ലെവിനൊപ്പം സഞ്ചരിക്കുന്ന അനേകം ചേതനകൾ ഈ യാത്രയിൽ നമുക്കൊപ്പമുണ്ട്. അമ്മ അനിയത്തി ഇവർക്ക് പുറമെ ഹേമന്ത് ,ലിയോ അച്ചൻ,ബാബാജി, അയൂബ് ,പപ്പാ ,ഒമർ ഫാറൂഖ് , ദലൈലാമ , ഗുരു നിത്യ ..തീർന്നില്ല. ലെവിൻ എന്ന അസ്തിത്വത്തിന്റെ അംശം തന്നെയായ സ്ത്രീത്വങ്ങൾ. സമരിയ, റൂത്ത്, റോസെറ്റ, മിത്ര, നക്ഷത്ര, അലീന ഫാത്തിമ, ജൂലിയ, ഹെഡാ വാക്കർ തുടങ്ങി അഗാധമായ പാരസ്പര്യത്തിന്റെ ഗതിവേഗങ്ങളായി. ഇദം പാരമിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം ഏതെന്നു ചോദിച്ചാൽ 'അമ്മ കനിവോടെ പ്രത്യക്ഷപ്പെടുന്ന ഭാഗമാണ്. കവിതകളെ സ്നേഹിച്ച ഏകാന്തത്തിൽ കവിതകൾ എഴുതിയ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിരുരൂപം. എല്ലാ ജോലികളും തീർത്ത് രാത്രി കുട്ടികൾ ഉറക്കമാകുമ്പോൾ മേശവിളക്കിനരികെ അമ്മയുടെ ടൈപ്പ് റൈറ്റർ ചലിച്ചുകൊണ്ടേ ഇരിക്കും. പകൽ ഒഴിവുവേളകളിൽ നീണ്ട വായനയിൽ മുഴുകും. ലെവിന്റെ എല്ലാ ദൗർബല്യങ്ങളും വേദനയും തിരിച്ചറിയുന്ന ഒരാൾ അമ്മയാണ്. ലെവിൻ അമ്മയുടെ കുഴിമാടത്തിനരികെ ചിലവഴിച്ച പ്രാർഥനയുടെ പകൽ പ്രകാശം നിറഞ്ഞ അധ്യായമാണ്. പാരമിതത്തെ സത്യാന്വേഷണത്തിന്റെ മറുകരയിലേക്കു കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അനേകം ഗുരുസ്പർശങ്ങളുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിൽ ലെവിൻ നടന്നെത്തുന്ന ഗുരു നിത്യയുടെ ഫേൺഹിൽ ഗുരുകുലമാണ് പാരമിതത്തിലെ പ്രകാശം പരത്തുന്ന മറ്റൊരു ഭാഗം. ഗുരുകാലം എന്ന് പേരിട്ട മൂന്നു നാലു ഖണ്ഡങ്ങൾ നിത്യചൈതന്യ യതിയുടെ മൗനവും മന്ദസ്മിതവുമാണ്. തേയിലത്തോട്ടങ്ങളുടെ മരതക സൗന്ദര്യവും പോക്കുവെയിൽ സ്വർണം പരന്ന താഴ്വരയും കണ്ണും പൂട്ടി ധ്യാനത്തിലമർന്ന അമ്മമരവും പ്രഭാതത്തിലെ അനക്ഷര സംഗീതവും നിത്യയുടെ ലളിതമായ ദിനചര്യയും പരസ്പരം പറയാതെ പകർന്ന മനുഷ്യത്വമുള്ള സൗഹൃദവും ലെവിനെ ആകർഷിച്ചു. അവിടെനിന്ന് ഒന്നും പഠിക്കുകയല്ല വിശ്രാന്തമായ നിമിഷങ്ങൾ ഒപ്പം കൂടുകയാണ് ചെയ്യുന്നത്. നിത്യയുടെ ഗുരുകുലത്തിൽ സന്ദർശകയായി എത്തിയ ഹെഡ്ഡ വാക്കർ എന്ന കവയിത്രിയും ലെവിനെ സ്നേഹത്തിന്റെ അക്ഷരമാല പഠിപ്പിക്കുന്നുണ്ട്. ഗുരുവുമായുള്ള ഹെഡ്ഡയുടെ ആത്മബന്ധം സുഗന്ധിയായ ഭാഷയിലാണ് ലെവിൻ രേഖപ്പെടുത്തുന്നത്. ഫേൺഹിൽ ഗുരുകുലത്തിൽ നിന്ന് രമണ മഹർഷിയിലേക്കും ജിദ്ദു കൃഷ്ണമൂർത്തിയിലേക്കും ഓഷോയുടെ പ്രണയത്തിലേക്കും ലെവിൻ യാത്ര പോകുന്നുണ്ട്. അവിടെ നിന്ന് പിന്നെയും ബാബാജിയുടെ അതീതകാലത്തിലേക്കും. സത്യത്തിൽ എവിടെ നിന്ന് എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ പ്രയാണം? ശരീരത്തിനും മനസ്സിനും ബോധതലത്തിനും അപ്പുറം? ഭാവത്തിന്റെ അഭാവത്തെയാണോ, അഭാവത്തിന്റെ ഭാവത്തെയാണോ അയാൾ തിരഞ്ഞു പോയത്. പ്രാഗഭാവം എന്ന് വേദാന്തികൾ പറയുന്ന അവസ്‌ഥയാണത്. സ്വന്തം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണോ ലെവിനെ കാറ്റിൽ പറക്കുന്ന കരിയില പോലെ കൊണ്ടുപോയത്. അയാളുടെ കൈത്തെറ്റുകളുടെ ഭൂതകാലമാണോ ഒളിഞ്ഞും തെളിഞ്ഞും അയാളിൽത്തന്നെ വന്നുപതിക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ ഒരു തുടർച്ചയാണോ ലെവിൻ ?അയാൾ താനറിയാതെ സ്വയം ഉറയൂരി പരിണമിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. അഥവാ ലെവിൻ തന്നെയായിരുന്നു ആ ചോദ്യങ്ങൾക്കുള്ള ഉത്തരം. അയാൾ എത്തിനിൽക്കുന്ന മമതയില്ലാത്ത പാരവശ്യങ്ങൾ അമർന്ന ശമാവസ്‌ഥ. സന്ദേഹങ്ങൾക്കും ആവേഗങ്ങൾക്കും വിട നൽകിയ ലെവിൻ ആനന്ദത്തിന്റെയും നിരാനന്ദത്തിന്റെയും അപ്പുറത്തുള്ള ശമം എന്തെന്ന് തിരിച്ചറിഞ്ഞിരിക്കാം .
ഇനി പറയാനുള്ളത് വി ജി തമ്പിയുടെ നോവൽ ഗാത്രത്തിന്റെ ഘടനയെക്കുറിച്ചാണ്. ഭാഷയുടെ അനവദ്യ സൗന്ദര്യം തന്നെയാണ് ആദ്യമായും അവസാനമായും മനസ്സിലെത്തുന്നത്. മനുഷ്യൻ രാപാർക്കുന്ന ലോകത്തിന്റെ മഹിമ തികഞ്ഞ ലാവണ്യത്തോടെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ലോകകവിതകളും മഹാകാവ്യങ്ങളും പ്രപഞ്ച രഹസ്യം തേടിയ മഹാരഥന്മാരുടെ കൃതികളും സംഗീതവും ചലച്ചിത്രവും എന്നുവേണ്ട സഹൃദയനായ ഒരധ്യാപകന്റെ ആന്തരികതയെ നിറയ്ക്കുന്ന എല്ലാം തന്നെ തമ്പിയുടെ ഹൃദയാകാശത്തിൽ ചേക്കേറുന്നുണ്ട്. യൗവനത്തിൽ പ്രക്ഷോഭകാരിയുടെയും അവിശ്വാസിയുടെയും സന്ദേഹിയുടെയും കലാപം നിറഞ്ഞ ജീവിതമായിരുന്നു. ക്രമേണ വിശ്വാസത്തിന്റെ , ആത്മാന്വേഷണത്തിന്റെ സഞ്ചാരപഥത്തിൽ അദ്ദേഹം എത്തിച്ചേർന്നതായി മനസ്സിലാക്കാം. വിശ്വാസിയായി ജീവിക്കാനാണ് ഏറ്റവും പ്രയാസം എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഹിമാലയ താഴ്വരകളിലൂടെ നടത്തിയ യാത്രയും ക്രിസ്തീയ വിശ്വാസങ്ങളുടെ പഠനവും യൂറോപ്പിലൂടെ നടത്തിയ ആത്മചിഹ്നങ്ങൾ , വാസ്തുശില്പത്തികവുള്ള പള്ളിഗോപുരങ്ങളും അൾത്താരകളും റോമാസാമ്രാജ്യത്തിന്റെ , ഗ്രീസിന്റെ , ജെറുസലേം, പിരമിഡുകളുടെ നാട്, ആദിമസംസ്കൃതിയുടെ നനഞ്ഞ മണ്ണ്, യുദ്ധങ്ങളും കലാപങ്ങളും ഒഴിയാത്ത മരുഭൂമിസമാനമായ പ്രകൃതി, യാത്രകൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അഭിന്നമായ അന്വേഷണത്വരയെ ജ്വലിപ്പിച്ചിരിക്കാം. ബൈബിൾ സാഹിത്യവും ബുദ്ധ ദർശനങ്ങളും മതേതരമായ ഒരു കാല്പനിക വിശ്വാസത്തിലൂടെ അദ്ദേഹത്തെ നയിച്ചിരിക്കാം. മനുഷ്യനന്മയിലേക്കുള്ള ആ യാത്ര ആവിഷ്കരിക്കാൻ സുഗന്ധിയായ ഭാഷയുടെ വരദാനം അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു. തച്ചനറിയാത്ത മരം , പുതിയ ആകാശം പുതിയ മരുഭൂമി, യൂറോപ്പ് എന്റെ ആത്മചിഹ്നം തുടങ്ങിയ മുൻകാല കൃതികൾ പാരമിതമെന്ന വലിയ ക്യാൻവാസിലേക്കുള്ള പ്രവേശികയായിരുന്നു.
പാരമിതത്തിലെ ഉന്മാദം നിറഞ്ഞ ഭാഷ കഥാ ഗാത്രത്തിലെ മേദസ്സായി അനുഭവപ്പെടില്ല. മറിച്ച് ലെവിന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്ന അനിവാര്യമായ രചനാകൗശലമായി വേണം വാക്കുകളുടെ കുത്തൊഴുക്കിനെ തിരിച്ചറിയാൻ. നോവലിന്റെ രൂപവും ഭാവവും എഴുത്തുകാരന്റെ രചനാ തന്ത്രത്തിലേക്കുള്ള കവാടങ്ങളാണ്. കലാതന്ത്രം അഥവാ ടെക്‌നിക് എഴുത്തിന്റെ രസതന്ത്രമാണ്. ഫിക്ഷന്റെ സംഘർഷ സൗന്ദര്യത്തെ പ്രത്യക്ഷീകരിക്കുന്നത് പലപ്പോഴും ഭാഷയുടെ സന്നിവേശമാണ്. ഭാഷയുടെ ഉർവരാവസ്‌ഥ സത്യത്തിൽ നമ്മിൽ അന്തർലീനമായിരിക്കുന്ന ലിബിഡോ തന്നെയാണ്. രതിയുടെ ഊർജം. കാമവാസനയുടെ ഉദാത്തീകരണം (sublimation) കലയുടെ ആവിഷ്കാരങ്ങളിൽപരമ പ്രധാനമാണ്. ഫിക്ഷനിലെ പ്രകൃതി വർണന കേവലമായ രൂപഘടന മാത്രമല്ല. കഥാപാത്രങ്ങളുടെ അന്തരംഗത്തിലേക്കുള്ള പ്രവേശികയാണ് അവ. ജീവാഭിരതി കലർന്ന ആവിഷ്കാരം പ്രധാന കഥാപാത്രത്തെയും അയാളുടെ പെരുമാറ്റത്തെയും അതിന്റെ പരഭാഗ ദൃശ്യങ്ങളത്രയും മിഴിവോടെ അവതരിപ്പിക്കാൻ പര്യാപ്തമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ രതിയുടെ മനോഹരമായ ആവിഷ്കാരമായിട്ടാണ് ഇദം പാരമിതത്തിന്റെ വായന എനിക്ക് അനുഭവപ്പെടുന്നത്.
ലെവിൻ ഒരേസമയം ആൾക്കൂട്ടവും അതെ സമയം ഏകാകിയുമാണ്. സ്‌ഥലജല ഭ്രമങ്ങളാൽ ഉഴറി ചിന്തകളിൽ ജരാനര ബാധിച്ച ഒരുവൻ. മറ്റു ചിലപ്പോൾ പ്രണയത്തിന്റെ വീഞ്ഞ് നുകർന്ന് ഉന്മത്തനായ യുവാവ്. തെരുവുകളിൽ ഉറങ്ങിയും നഗരക്കാഴ്ചകളിൽ നിർമമനായി നടന്നും ഒരു ദാർശനികൻ അയാളിൽ കുടിപാർത്തു. ഉടലിന്റെ വേഴ്ചകളിൽ ലെവിൻ തറഞ്ഞു പോകുന്നില്ല. ഒരനുരാഗിയെപ്പോലെ ജീവിതത്തെ ആശ്ലേഷിച്ചു തന്റെ ഏകാന്തമായ യാത്ര തുടരുകയാണ് അയാൾ. ഇനിയും എഴുതപ്പെടാത്ത ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ഈ കഥാപാത്രം. അപാരതയിലേക്കുള്ള ഒരുവന്റെ പ്രയാണം ആത്മാന്വേഷണമാണ്. എന്നാൽ മുക്തിപഥമന്വേഷിച്ചുള്ള ഒരു പരിത്യാഗിയുടെ സഞ്ചാരമായിട്ടല്ല ഈ യാത്ര നമുക്ക് അനുഭവപ്പെടുക. സത്യകാമനായ ഒരുവൻ നടത്തുന്ന ആത്മാന്വേഷണവുമായി ലെവിന്റെ യാത്രകൾക്ക് സാധർമ്യമുണ്ടാകാം. എന്നാൽ തീർത്തും അങ്ങനെ പറയാനുമാവില്ല. ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥയെപ്പോലെ പൊരുൾ ആരാഞ്ഞുള്ള നടത്തവുമായോ ബിഭൂതി ഭൂഷന്റെ ആരണ്യക് നമ്മിൽ അവശേഷിപ്പിച്ച നിർലേപമായ മാനസികാവസ്‌ഥയുമായോ സാത്മീഭാവം വഹിക്കുന്നതായൊരു പൂർണാനുഭവം നമുക്കുണ്ടാകുന്നില്ല. വായനക്കാർ ഓരോരുത്തരും വ്യത്യസ്തമായാവാം ഈ യാത്ര അകമേ ഉൾക്കൊള്ളുന്നത്. തോറോയുടെ വാൾഡൻ തടാകം നൽകുന്ന പ്രശാന്തി ഹിമഭൂവിലെ സതോപന്തിലെത്തുന്ന ലെവിൻ അകമേ വഹിക്കുന്നതായും തോന്നിയില്ല. നദികളും തടാകങ്ങളും താഴ്വരകളും ഹിമശിഖരങ്ങളും ലെവിന്റെ യാത്രകളിൽ സ്വച്ഛന്ദമായി കടന്നുപോകുന്നുണ്ട്. അനശ്വരതയെ പുൽകാൻ അയാൾ വെമ്പുന്നുണ്ട്. അപാരതയെ സ്പർശിക്കാൻ വിതുമ്പുന്നുണ്ട്. എന്നാൽ ലെവിന്റെ ഉൾത്തടം ശൂന്യമായി കാണപ്പെട്ടു. ആ ശൂന്യതയാകട്ടെ അപൂർണതയുടെ മറ്റൊരു മുഖം മാത്രമായിരുന്നു എന്നുവേണം കരുതാൻ. ഉള്ളിന്റെയുള്ളിൽ അനുഭവപ്പെട്ട വേവലാതികൾ, വിഹ്വലതകൾ അയാളെ വിടാതെ പിന്തുടർന്ന സ്വന്തം ഭൂതകാലത്തിന്റെ പിൻവിളി ആയിരിക്കാം. സംഭവങ്ങളുടെ രേഖീയമായ ആവിഷ്കാരം ഈ നോവലിൽ നാം കാണുകയില്ല. ഏതെങ്കിലും ചരിത്ര മുഹൂർത്തങ്ങളിലൂടെയല്ല ഇതിവൃത്തം വികസിക്കുന്നത്. സാമൂഹിക ചലനങ്ങളോ പ്രകൃതി പ്രതിഭാസങ്ങളോ യുദ്ധം, കലാപം പ്രളയം, ഭൂകമ്പം, മഹാമാരി തുടങ്ങിയ ആക്‌സമിക വിപര്യയങ്ങളോ നോവലിന്റെ ക്യാൻവാസിൽ കടന്നുവരുന്നില്ല. എന്നാൽ ഇവയുടെയെല്ലാം ഒടുങ്ങാത്ത തിരമാലകൾ സഞ്ചാരിയായ ലെവിൻ അകമേ വഹിക്കുന്നുണ്ട് താനും. പലപ്പോഴും ഒരു പീഡിതന്റെ മനോവ്യഥയും ആധിയും ലെവിനെ ഒഴിയാബാധ യായി പിന്തുടരുന്നു എന്നൊരു തോന്നൽ എന്റെ വായനയെ എപ്പോഴോ ഗ്രസിച്ചുകഴിഞ്ഞിരുന്നു. വായനയുടെ പരിമിതിയാകാം. ലെവിൻ ഒന്നിലധികം ജീവിതങ്ങളുടെ ആൾരൂപമാണ് എന്ന് പാരമിതത്തിന്റെ ആമുഖമായി വി ജി തമ്പി പറയുന്നുണ്ടല്ലോ. നോവലിസ്റ്റിന്റെ ജീവിതയാത്രയും അദ്ദേഹം അനുഭവിക്കാനിടയായ ആകസ്മികതകളുടെ വൈചിത്ര്യവും മുഖ്യ കഥാപാത്രമായ ലെവിനെ രൂപപ്പെടുത്തുന്നതിൽ അബോധമായൊരു പങ്ക് വഹിച്ചിരിക്കാം. കഴിഞ്ഞുപോയ നീണ്ട മുപ്പതു വർഷങ്ങളുടെ സാധനയിൽ നിന്നാണ് പാരമിതം രൂപം കൊള്ളുന്നത്. പലപ്പോഴായി കുറിച്ച് വെച്ച കവിതകൾ, ലേഖനങ്ങൾ, ആധി നിറഞ്ഞ വിലാപങ്ങൾ, നിരന്തരമായ യാത്രകൾ, അധ്യാപനം, പ്രണയം, വിവാഹം, വിരഹം എന്നിങ്ങനെ നിറഞ്ഞും കവിഞ്ഞും കിടന്ന എത്രയോ അനുഭവങ്ങൾ. ക്ലാസ്സ്മുറികളിൽ ഉണർന്ന നിശിതമായ ചിന്തകൾ വിഫലമായ ഉദ്വേഗങ്ങൾ മരച്ചോടുകളിൽ വിടർന്ന സാഹിത്യവിചാരങ്ങൾ വിദ്യാർഥി കൂട്ടായ്മകൾ, ലിറ്റിൽ മാഗസിൻ പ്രവർത്തനങ്ങൾ. ഇടതുപക്ഷ സഹയാത്രികനായ കവി വിരിച്ചിട്ട ചുവന്ന സ്വപനങ്ങളുടെ നടപ്പാതകൾ, സമാനഹൃദയർക്കൊപ്പം കവിയരങ്ങുകൾ, ചൊൽക്കാഴ്ചകൾ വിപ്ലവചിന്തകൾ തീ പിടിപ്പിച്ച അനേകം ആത്മാക്കളുമായുള്ള സഹവാസം, ചലച്ചിത്രജീവിതം ഫിലിം ഫെസ്റ്റിവലുകൾ, സംഗീതലോകവുമായുള്ള പ്രണയം, ഭഗ്നാശരായ മിത്രങ്ങളുടെ അകാലത്തിലുള്ള വേർപാട്, ആത്മഹത്യകൾ, അവരിൽ ചിലരുടെ ജയിൽവാസം, ജനകീയ പ്രതിരോധ സംഘടനകളുടെ തളർച്ച , വിശ്വാസത്തകർച്ചകൾ കൂടുമാറ്റങ്ങൾ എൺപതുകൾ പെയ്തു തീരുകയായിരുന്നു. ഇത്രയേറെ വിദ്യാർഥികളെ ആകർഷിച്ച, അവരുടെ മനസ്സുകളിൽ ചേക്കേറിയ കാല്പനിക സ്വപ്‌നങ്ങൾ വിടർത്തിയ ഒരധ്യാപകന്റെ ഏറ്റുപറച്ചിൽ കൂടിയാവുന്നു ഇദം പാരമിതം. സമീപവർഷങ്ങളിൽ ഈ കവിയെ പ്രതിക്കൂട്ടിൽ വിസ്തരിച്ച മറ്റൊരെഴുത്തുകാരിയുടെ ഏറെ വായിക്കപ്പെട്ട കൃതിയെക്കൂടി സ്പർശിക്കാതെ ഈ അവലോകനം അവസാനിപ്പിക്കാൻ കഴിയില്ല. ആ കൃതി ഉയർത്തിയ സന്ദേഹങ്ങൾ അതിന്റെ ശരിതെറ്റുകൾ ഈ ഗ്രന്ഥസമീക്ഷയുടെ പരിധിയിൽ വരുന്നതല്ല എന്നറിയാം. എന്നാൽ അതിന്റെ പ്രകമ്പനങ്ങൾ പാരമിതത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ ലെവിന്റെ ഹൃദയത്തെ വല്ലാതെ മഥിക്കുന്നുണ്ടെന്നു തോന്നി. പലപ്പോഴും നിർമിതബുദ്ധികൊണ്ട് വാർന്നു പോയ വാക്കുകളുടെ ഉന്മാദനൃത്തമായി പോലും ഈ രചന എനിയ്ക്കനുഭവപ്പെട്ടു. ആത്മാരണ്യകത്തിൽ നിന്ന് യാത്ര പുറപ്പെട്ട് താഴ്വരയുടെ ഗന്ധങ്ങൾ ശ്വസിച്ചു നിഗൂഢ നഗരങ്ങളിൽ രാപാർത്ത് ഒഴിഞ്ഞ തോണിയിൽ ഏകാകിയായി നിലാവിന്റെ മന്ദസ്മിതത്തിൽ ഉറങ്ങിയും ഉണർന്നും അമാവാസികളും പൗർണമികളും പിന്നിട്ട് പുഴയാഴങ്ങളിൽ നിന്നും സാഗരോന്മുഖത്തു വന്നു നിൽക്കുന്ന ലെവിന്റെ ജീവിതം അപൂർണ്ണത ആവഹിക്കുന്ന ഒരു ആത്മായനമാണ്. മഹത്തായൊരു പ്രായശ്ചിത്തമായിട്ടാണ് ലെവിൻ എനിക്ക് അനുഭവപ്പെട്ടത്. അഥവാ വിശുദ്ധമായൊരു കുമ്പസാരം. മികവാർന്ന എല്ലാ രചനകളുടെയും ശിരോരേഖ ഈ പശ്ചാദ്ഗമനത്തിൽനിന്ന് ഉയിർക്കൊള്ളുന്നതാണ്.
ജീവിത പ്രവാഹത്തിന്റെ കുത്തൊഴുക്കിൽ കലങ്ങിമറിഞ്ഞ പുഴ ഒഴുകിയൊഴുകി ഒടുവിൽ തെളിനീരായി രൂപപ്പെട്ടു. നിശ്ചലമായ തടാകത്തിന്റെ കണ്ണാടിയിൽ പരീക്ഷീണമായ തന്റെ മുഖം ലെവിൻ കണ്ടു. എല്ലാ മാലിന്യങ്ങളും കാലുഷ്യങ്ങളും മാഞ്ഞുപോയിരുന്നു. സ്വന്തം കണ്ണുകളുടെ തിളക്കം ലെവിനെ വരവേറ്റു. ജനിയും പുനർജനിയും ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
- സേതുമാധവൻ മച്ചാട്.
Subscribe to:
Posts (Atom)