Sunday, March 10, 2019

നിത്യക്ക്‌ സ്നേഹപൂര്‍വ്വം

' ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... '
ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍.

നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. '
നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും....
അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി.
സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല.
ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍.

അറിവിന്റെ  നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്. 
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും 
ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു.

നിത്യചൈതന്യ യതി 
എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ഥാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു
ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ്‌ ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം  കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ
എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ഥാശ്രമത്തിലെ പ്രാര്‍ഥന പോലെ. 'ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം 
പറയുന്നവര്‍',ഹൃദയത്തിലെ ആരാധനാസൌഭഗം' 
' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സമ്യക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന്‌ ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം
 അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം. 
നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു.
പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും  യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍
'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .

ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ്  നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന്‌ നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്( 1990 )- നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of  an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്.കഥാകാരി മാധവിക്കുട്ടി
പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍
നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും
മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ
അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. "
യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്
കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന് 
തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്.
അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത്‌ മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത്‌ 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ  ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച
മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു. 

'യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി  എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന എന്നു പറയാം.പി യുടെ  'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന്‌
അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍  വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു. യൌവനത്തില്‍ വീട് വിട്ടു തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത്‌ ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു.
നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട്  ജയചന്ദ്രന്‍ എന്ന കോളെജധ്യാപകന്‍  ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. " ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്നു ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി .ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു.അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്?ഇക്കാലമൊക്കെ നിങ്ങള്‍ ഒരു 
സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ?ഒരുക്കം ഇനിയും പൂര്‍ത്തിയായില്ലേ?'
ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി.ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു."എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെ
വ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു "എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല.
അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു." ഗുരു എന്നെ അപമാനിക്കാനുള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൌപചാരികമായ രീതിയിലാണ് സംഭവിച്ചത് .അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി.നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ
ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും."ഗുരുതരമായ രോഗത്തിനു ഗൌരവമായ ചികിത്സ ആവശ്യമാണ് " എന്ന് ഗുരു പറയുമായിരുന്നു.
ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു : ' ഗുരൂ, നമ്മള്‍ തമ്മില്‍  ഏതുതരത്തിലുള്ള ബന്ധമാണുള്ളത്? 
ഗുരു പറഞ്ഞു "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത്‌ വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു.
യൂണിവേര്‍സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളോജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടോത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു.സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന
ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു.ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി,യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു.ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട്‌ പറഞ്ഞു "ഇവിടെനിന്ന്‌ ഒരു സാധനവും എനിക്കാവശ്യമില്ല ". ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു : നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്."  ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല .ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു.അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു : " നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍." ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു :" ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ."
എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയുംധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല.
മൌനത്തിലേക്ക്‌ ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.
നീണ്ടൊരു വര്‍ഷത്തെ മൌനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്‌. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്കരിക്കാന്‍ ആഗ്രഹം തോന്നി.
" ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്തു കഞ്ഞി 

 കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക്‌ വന്നു.ആ പാടങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : "ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു മൈക്കലാഞ്ചലോയും ഇല്ലേ?"
ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു....
നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ .

കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു.  കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ്  ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ  ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ
(കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍  പിന്നീടത്‌ കൈപ്പുസ്തകമായി സൂക്ഷിച്ചു. 1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു.
അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ
പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു.
" എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു.
ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത്  സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന്  ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ
അല്പാല്പമായി വായ്‌ തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു.
അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി.
അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച്
എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ
ചെന്താമരപ്പൂക്കളെക്കൊണ്ട്  മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും 
മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു.
എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍
തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു.
ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ.

ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്.
കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്.

ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ  പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ്‌ നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന് 
നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്..  യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍
ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ..
അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം   ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു.
ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍  മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു  ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ
വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.."

മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത്‌ നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു  നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'
നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.

നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " 
എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍
കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ  ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്‍റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ 
അതിഭാവുകത്വം കൊണ്ട്‌  നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ  ഒരു മന്ദസ്മിതംപോലെ  
ഗുരുവിന്‍റെ സമാധിമന്ദിരം. അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു  മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു. 

- സേതുമാധവന്‍ മച്ചാട്..  

സ്നേഹപൂര്‍വ്വം നിത്യക്ക്‌ - സേതുമാധവന്‍ മച്ചാട്