Friday, December 23, 2022

വ്യൂ ഫൈൻഡർ

പ്രകൃതിയെ ക്യാമെറയിൽ പകർത്തുക എന്നാൽ നീലാകാശവും സാഗരോർമികളും പച്ചക്കുട നീർത്തിയ വൃക്ഷങ്ങളും പുല്ലോലകളിൽ മുത്തമിട്ട പൂമഞ്ഞുകണങ്ങളും എന്നുവേണ്ട കാണലും കാഴ്ചയും ചെന്നുതൊടുന്ന അതിരുകളിൽ പ്രത്യക്ഷമാവുന്നതെന്തും പ്രസാദമായി കൈനീട്ടി വാങ്ങുകയാണ്. "ഗഗനമെന്തൊരദ്‌ഭുതം സമുദ്രമെന്തൊരദ്‌ഭുതം"എന്ന് കവി ആശ്ചര്യപ്പെട്ടതുപോലെ യാത്രയിൽ നമുക്കൊപ്പം വിടർന്നുവരുന്ന കാഴ്ചകളെല്ലാം ക്യാമറയുടെ ഫ്രെയിമുകളാണ്. ഈ ലക്കം വ്യൂ ഫൈൻഡർ ജലത്തെ കൈക്കുടന്നയിൽ എടുത്തു തൊടാൻ ശ്രമിക്കുകയാണ്. കടലിലെ നീലജലം, കുളത്തിലെ ഹരിതനിറമാർന്ന ജലം, നീരരുവിയിലെ ജലം, തടാകത്തിലും കായൽപ്പരപ്പിലും കിണറിലും കിടങ്ങിലും നിപതിച്ച ജലം, ഇലച്ചാർത്തിലും ചാറ്റൽമഴയിലും അണക്കെട്ടിലും സൂര്യാസ്തമയങ്ങളെ വരവേറ്റ ജലസ്പർശങ്ങളിലും കാമറ ഓരോ യാത്രയിലും പലപ്പോഴായി ചെന്നുമ്മവെച്ച കുറെ നിശ്ചലദൃശ്യങ്ങൾ ഒരാൽബമായി തുറന്നുവെക്കുന്നു. ഇതിൽ ആൻഡമാൻ ദ്വീപുകളിലെ ഹരിതനീല ജലവും വേമ്പനാട്ടു കായലിലെ മൂവന്തി പ്രതിഫലിച്ച ജലവും ആറ്റുവഞ്ചിയിൽ നിന്നുള്ള ജലത്തിൻ്റെ കിടപ്പും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും നീരോടിക്കിടന്ന ജലക്കാഴ്ചയും ഹംസങ്ങൾ നീരാടാനിറങ്ങിയ കൈത്തോടിലെ ദൃശ്യവും ഹിമഭൂമിയിൽ തറഞ്ഞുകിടന്ന കണ്ണാടിത്തടാകവും തീവണ്ടിയുടെ ജാലകത്തിലൂടെ ഒഴുകിയകന്ന കായൽകാഴ്ചയും അങ്ങനെയങ്ങനെ ജീവിതയാത്രയിൽ നാമോരുരുത്തരുടെ മുന്നിലും വന്നും പോയുമിരിക്കുന്ന ഇത്തിരി ഒത്തിരി ദൃശ്യങ്ങളുടെ കാഴ്ചയും പൊലിമയും ..... ഫ്യൂജിയിലും കാനൻ ക്യാമറയിലും റെഡ് മീ മൊബിലിലും എടുത്ത അതിസാധാരണമായ ചിത്രങ്ങളാണ് ഇവ. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരാളുടെ കൈത്തെറ്റുകൾ എന്ന് വിനയാന്വിതനാകാനാണ് എനിക്കിഷ്ടം.