Monday, July 28, 2025

nithyaharitham

നിത്യഹരിതം ചിത്രകാരനായ മുരളി നാഗപ്പുഴയുടെ വർണവൈവിധ്യമാർന്ന കലാജീവിതത്തെ പരിചയപ്പെടുത്തുന്ന മനോഹരകൃതിയാണ് 'ഹരിതസങ്കീർത്തനം'. പച്ചകൊണ്ടുള്ള കൈയൊപ്പാണ് മുരളിയുടെ ചിത്രങ്ങൾ. സാന്ദ്രമായ നിറക്കൂട്ടുകളുടെ ലയം ചിത്രകാരന്റെ കയ്യൊപ്പായി മാറുന്ന കാഴ്ച. വയനാട്ടിലെ വനപ്രകൃതിയുടെ ഇലപ്പച്ചകളിൽ നിന്നാണ് മുരളിയുടെ തുടക്കം. തിരുനെല്ലിയും പക്ഷിപാതാളവും ബ്രഹ്മഗിരിയും നിഗൂഢ സൗന്ദര്യത്തോടെ ഈ ചിത്രങ്ങളിൽ നിറഞ്ഞുനിൽപ്പുണ്ട്. സ്വന്തം ബാല്യകാലത്തിന്റെ ഓർമ്മപ്പുസ്തകങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെടുത്ത നിറങ്ങളും വരകളും ഭാവങ്ങളുമാണ് അവ. പണ്ട് മാതൃഭൂമിയുടെ വിശേഷാൽ പതിപ്പുകളിൽ മാധവമേനോന്റെയും പുണിഞ്ചിത്തായയുടെയും ചിത്രവർണങ്ങൾ ലയിച്ചുചേർന്ന പെയിന്റിങ്ങുകൾ മതിവരാതെ നോക്കിയിരുന്നിട്ടുണ്ട്. അതുപോലെ പദ്മിനിയുടെയും കലാധരന്റെയും ഭാവുകത്വം തികഞ്ഞ ഫ്രെയ്മുകളുടെ ഭംഗിയും. എൻ എ.നസീറിന്റെ കാടും പ്രകൃതിയും, വിക്റ്റർ ജോർജിന്റെയും ദത്തൻ പുനലൂരിന്റെയും അപൂർവത കലർന്ന ഫോട്ടോഗ്രഫിയും ഇങ്ങനെ മിഴിനിറയെ ആസ്വദിച്ചിട്ടുണ്ട്. നമ്മുടെ ചിത്രകലാ പാരമ്പര്യത്തിൽ മുരളി നാഗപ്പുഴയെ അടയാളപ്പെടുത്തുന്ന ഈ കൊച്ചുപുസ്തകം കലാസ്വാദകനായ വി ഡി സെൽവരാജാണ്‌ ഒരുക്കിയിട്ടുള്ളത്. സച്ചിദാനന്ദനും അനിതാ നായരും രവീന്ദ്രനും ക്യാൻവാസിൽ എഴുതിയ മുരളിയുടെ കവിതയെ വിലയിരുത്തുന്നു. മുരളി നാഗപ്പുഴയുടെ ബാല്യം അച്ഛന്റെ പണിശാലയിലെ ഉലയിൽ നിന്നുയരുന്ന തീനാളമാണ്. ആലയിൽ നിന്നുയരുന്ന തീ ഓലമേഞ്ഞ മച്ചിൽ ചുംബിച്ച ശേഷം ഉലയിലേക്ക് മടങ്ങും. നിത്യവും കാണുന്ന ഈ അഗ്നിനാളമാണ് മുരളിയിലെ കലയെ ജ്വലിപ്പിച്ചത്. ആലയിലെ തീ കലയുടെ ജ്വാലയാണെന്ന രഹസ്യം അദ്ദേഹം തിരിച്ചറിഞ്ഞു. അത് ജീവിതം ശുദ്ധീകരിക്കുമെന്നുതന്നെ മുരളി വിശ്വസിച്ചു. വെങ്കലശില്പങ്ങൾ വാർന്നുവീണ അച്ഛന്റെ ഉലയിൽ നിന്നാണ് മുരളി എന്ന നാഗപ്പുഴക്കാരൻ ജനിക്കുന്നത്. മുരളി നാഗപ്പുഴയുടെ ചിത്രങ്ങൾ കാണാൻ നമ്മുടെ നാടിനെ കാണൂ ... എന്നുതുടങ്ങുന്ന അനിത നായരുടെ ആസ്വാദനം അതീവഹൃദ്യമാണ്. അദ്ദേഹത്തിൻറെ കലയെ മനസ്സിലാക്കണമെങ്കിൽ നാം കേരളത്തിലേക്ക് മിഴിതുറക്കണം. വർണങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാനും വാറ്റിയെടുക്കാനും പിടിച്ചെടുക്കാനും കാത്തിരിക്കുന്ന ഒരു പെയിന്റിംഗ് പോലെയാണ് അവ. ദാഹാർത്തമായ തവിട്ടുമണ്ണിൽ മലർന്നുകിടക്കുന്ന മഞ്ഞ വൈക്കോൽ കൂനകൾ.ചെമ്പരത്തിയും മഞ്ഞ ചെമ്പകവും വെളിയിൽ നിൽക്കുന്ന അരിപ്പൂക്കളും രാജകിരീടവും തെച്ചിയും നിറഞ്ഞ പൂക്കാലം. മരക്കൊമ്പിലൂടെ ചുറ്റിക്കയറുന്ന പച്ചിലപ്പാമ്പുകൾ. മറ്റൊരു കൊമ്പിൽ മിഴിതുറന്നു ഉപ്പൻ.തിടുക്കത്തിൽ അരിച്ചരിച്ചു നീങ്ങുന്ന ഉറുമ്പുകൾ, വട്ടമിട്ടു പറക്കുന്ന തുമ്പികൾ...അങ്ങനെയങ്ങനെ മുരളിയുടെ ചിത്രങ്ങൾ കേരളപ്രകൃതിയുടെ വാചാലമായ പകർന്നാട്ടങ്ങളാണ്. ഓർമയും സ്വപ്നവും ഗൃഹാതുരത്വവും നിറഞ്ഞ അദ്‌ഭുതലോകം. കുട്ടിക്കാലം തൊട്ടേ അനുഭവിച്ചറിഞ്ഞ വേദനകളും കഷ്ടപ്പാടുകളും ഇല്ലായ്മകളും മനുഷ്യസ്നേഹിയായ കലാകാരന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നു. ധാർമികരോഷം നിറഞ്ഞ കലയുടെ പ്രതിരോധം പിന്നീട് പക്വമായ കലാതത്ത്വങ്ങളായി പരിണമിക്കുകയാണ്. ആടുകളും അലഞ്ഞുതിരിയുന്ന ചെറിയ കുട്ടികളും നിറഞ്ഞ മുരളിയുടെ ബഷീർ പരമ്പരയാണ് അദ്ദേഹത്തെ കലാസ്വാദകർക്കുള്ളിൽ പ്രതിഷ്ഠ നേടിക്കൊടുത്തത്. ചാരുകസേരയിലിരിക്കുന്ന ബഷീർ, മുരളിയുടെ ചിത്രത്തിൽ ഒരു ജീവചരിത്രത്തിന്റെ കലാത്മകമായ തത്വചിന്തയായി വിടരുകയാണ് ചെയ്യുന്നത്. ശിശുസഹജമായ നിഷ്കളങ്കതയോടെ വേണം മുരളിയുടെ സംവേദനാലോകം നോക്കിക്കാണാൻ. അവ ഒട്ടും വിരസമോ അതിഭാവുകത്വം കലർന്നതോ അല്ല. അദ്ദേഹം വരച്ചിടുന്ന കലാഭൂപടം രൂപത്തിലും ഭാവത്തിലും നിറവേറുന്ന വർണവിസ്മയങ്ങൾ പങ്കിടുന്നു. പച്ചയുടെ ഛായാ സാധ്യതകൾ വർണസങ്കലനത്തിൽ നിരന്തരം സാധ്യമാകുന്ന മുരളിയുടെ കല സർറിയലിസ്റ്റു സൗന്ദര്യം തികഞ്ഞവയാണെന്ന്‌ രവീന്ദ്രനും തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. കാഴ്ചകളിൽ അഭിരമിക്കുന്ന ആസ്വാദകസമൂഹത്തെ കലയുടെ ജൈവനിർഭരമായ ആഴങ്ങളെ തൊട്ടറിയാൻ മുരളി നാഗപ്പുഴയുടെ ചിത്രങ്ങൾ മാടിവിളിക്കുന്നു എന്നറിയിക്കുന്ന ഒരു മനോഹര പുസ്തകമാണ് , കാർത്തിക പബ്ലിക്കേഷൻ ഒരുക്കിയ " ഹരിത സങ്കീർത്തനം".