Friday, May 9, 2014

haiku experience




രാമകൃഷ്ണൻ കുമരനെല്ലൂരിന്റെ ഈ കവിതകൾ വീണ്ടും വായിക്കു. ഹൈക്കു എഴുതുന്നു എന്ന ഭാവമൊന്നും ഈ കവിക്കില്ല. അദ്ദേഹം എഴുതുന്നു. ചിരകാലമായി മനസാ നിർവഹിക്കുന്ന ഒരു മനനമാണതിനു പിന്നിൽ. മലയാളത്തിൽ ഉണ്ടാവുന്ന മികച്ച ഹൈക്കു കവിതകൾക്ക് അദ്ദേഹം മാതൃകയാവുന്നു. നിയമങ്ങൾക്കും ചെപ്പിടിവിദ്യകൾക്കും അപ്പുറത്തുള്ള ,സ്വതസിദ്ധമായ നീരൊഴുക്കാണ് കവിത .ഈ വരികളിൽ ഹൈക്കു ആവശ്യപ്പെടുന്ന സാന്ദ്രതയും സൗന്ദര്യവും ഒളിഞ്ഞിരിക്കുന്നു.
വേനലിനെ സാഷ്ടാംഗം
പ്രണമിക്കുന്നു
വഴിയോരപ്പുല്ലുകൾ
കടത്തുതോണി
എത്രപേരെ അക്കരെയെത്തിച്ചു
ഇപ്പോഴും ഇക്കരെത്തന്നെ
കിളി പാടുന്നു
കുറുകി ക്കുറുകി
പൊലിയും പകല്
ചോരച്ച വാക്ക് പകുത്തുവച്ചു
വേനലിൽ
വാക തൻ വീട്ടുമുറ്റം
ഇന്നലെ കക്കൂസിൽ
ഇന്ന് പൂജാമുറിയിൽ
ഈ ഒച്ചിനെന്തറിയാം
പോക്കുവെയിലെന്തു
ധൂർത്തനാണെന്നോ
പോണപോക്കിലെൻ
മുറ്റവും സ്വർണമായ്
മുളംതലപ്പുകൾ ചായുമ്പോൾ
അയല്ക്കാരന്റെ മുഖം
മറയുന്നു ഇപ്പൊഴും

haiku moments




ഇങ്ങനെ സൌന്ദര്യം തുളുമ്പുന്ന കവിതകൾ ഹൈക്കുവിൽ നിറയുന്നു. ഹൈക്കു ഒരു അനുഭവമാവാം. അനുഭവത്തിന്റെ ധ്വനിയുമാവാം. അത് നാം സ്പർശവും നാദവും, ഗന്ധവും ദൃശ്യവും മനസ്സും ഹൃദയവും എല്ലാമാവാം. സങ്കടംവിങ്ങിയ രാത്രികൾ, മധുവലിഞ്ഞ മാത്രകൾ, വേദന തിന്ന ദിനങ്ങൾ, വിയർപ്പോഴുക്കിയ വേളകൾ, മദം നിറഞ്ഞ രാവുകൾ, വിഷം തീണ്ടിയ പകലുകൾ...ധ്യാനം മുറിഞ്ഞ സന്ധ്യകൾ .. അങ്ങനെ ജിവിതം സമ്മാനിച്ച ഓരോ നിമിഷവും കവിതയുടെ മധുകണമായി ഹൈക്കുവിൽ വിടർന്നു നില്ക്കാം.
മലകളില്‍ മഴവന്നു മുട്ടുമ്പോള്‍
മരതകമൊട്ടിലെ മധുവുറവപൊട്ടി
മധുരം തിളുമ്പുന്നൊരാലിംഗനം.... ( എസ് കലാദേവി )
Anie Mohan
മൂന്നു വരിയും
അഞ്ച്, ഏഴ്, അഞ്ച്
നിയമവും....@
Gireesh Dev
മകരമഞ്ഞ്
വാ൪ന്നൊഴുകിയ ചില്ലകള്
വെയില്തിളക്കംGopa Kumar
കോരിയെടുത്തിട്ടും തിങ്കളേ
കൈക്കുമ്പിളിൽനിന്നു നീ
ചോർന്നുപൊകുന്നല്ലൊ
Shahul Panikkaveettil
എൻറെ വീണ
നിൻറെ രാഗം
കടക്കെണിയിലാണ് നമ്മൾ
രാത്രി ഒറ്റയ്ക്ക്
പടം വിടർത്തി
ഏകാന്തത ( രാമകൃഷ്ണൻ കുമരനെല്ലൂർ)
Binu Sivam
ഓന്ത്,
അന്തം വിട്ട നിറങ്ങള്‍ ,
പൊന്തക്കാട്ടില്‍ .പി.ഒ...
Sunder Lal U R
കെട്ട കാലത്തിന്‍റെ
പൊട്ടത്തരങ്ങളീ-
കാവ്യാംശമില്ലാത്ത ഹൈക്കു .
EM Rajeev
അണ്ണാന്‍കുഞ്ഞിനൊരു തലോടല്‍
ശ്രീരാമ കാവ്യമോ .
ഹൈക്കുവോ .
Rafeek Badhriya
ഓരോ മഴത്തുള്ളിയും
പരതുന്നുണ്ട്
കുടയിലൊരു തുള.
Biju Narayan Neeleshwaram
കുടക്കീഴിൽ
അമ്മയറിയാതെ കുഞ്ഞ്
മഴയുടെ കൈപിടിച്ച് നടക്കുന്നു
Jinil Menon
പെരുമ്പറ മുഴക്കം
കണ്ണീർക്കടൽ
മിഴിയടച്ച് ഉമ്മറ വാതിൽ
നിഴൽ കൊണ്ട്
വെയിൽക്കവിത
മരച്ചുവട്ടിൽ ( രാമകൃഷ്ണൻ കുമരനെല്ലൂർ)
Ayesha NA
നഗരം
കൊത്താന്‍ മരം തേടുന്നു
മരംകൊത്തി
EM Rajeev
ഒരൊറ്റ മരം
വഴിയരികില്‍ .
ചുവപ്പ് തൊപ്പിയണിഞ്ഞ്
Rafeek Badhriya
അന്യനാണെന്നും,
അകിടിൻ ചുവട്ടിൽ,
പൈക്കിടാവ്.
Rinu John
അരിക്കലത്തിൽ
തിളച്ചു പൊന്തുന്നു
വിയർപ്പുമണി
Madhavanleela Lenin
മായ്ക്കുന്നു രാക്കാറ്റ്
മണല്‍പ്പരപ്പിലെ കാല്‍പ്പാടുകള്‍-
ആളൊഴിഞ്ഞ തീരം
Ayyappan Aacharya
കിനാവിശപ്പ്‌!
നിലാവറ്റുവീഴുന്നു;
നിലാവറ്റുകൾ.

Tuesday, May 6, 2014

haiku haiku haiku

'ഹൈക്കു' വ്യാഖ്യാനിച്ച് സൌന്ദര്യം നഷ്ടപ്പെടുത്താനരുതാത്ത എന്തോ ഒന്നാണ്. അരുണ്‍, സോണി, ഒരില, ഭം ഭം, സുധീഷ്‌, സവിത, സബീന, ഫസൽ ഇങ്ങനെ ഒന്നൊന്നായി വായിച്ചു നോക്കു....ഒരു തോന്നലോ, അനുഭൂതിയോ, വിങ്ങലോ, സങ്കടച്ചില്ലോ ചിത്രപടമോ എന്തുമാവട്ടെ... അത് നമ്മുടെ മനസ്സിൽ ഒരു മയിൽ‌പീലി വിടർത്തുന്നുവെങ്കിൽ ഹൈക്കു സംഭവിക്കുന്നു. അതൊരു ആകസ്മികതയാണ്.



കാറ്റിന്‍ ചില്ലകള്‍
പാതിയെരിഞ്ഞ തിരി
ബുദ്ധന്‍ ! എന്ന് സോണി വരക്കുമ്പോൾ എന്റെ മുന്നിൽ പ്രാചീനമായ ഒരു ബുദ്ധവിഹാരം തെളിയുന്നു.
എത്ര ശബ്ദങ്ങള്‍
അലിഞ്ഞുപോയിട്ടുണ്ടാകും
ഈ പെരുമഴയത്ത് .. ആ ചിത്രം പൂർണമാവുന്നത് അരുണ്‍ മറ്റൊരു ഓര്മ പകരുമ്പോഴാണ്.
സല്ലാപം
ഒരു സന്യാസി
മൂക്കിൻ തുമ്പത്തൊരു ഈച്ചയും ( വേണു ജിയുടെ ഹൈക്കു ഒന്നാന്തരം മാതൃക. എല്ലാം ന്യസിച്ച ഒരാൾ സല്ലപിക്കുന്നതിലെ കറുത്ത ഹാസ്യം, മൂക്കിൻ തുമ്പത്തെ ഈച്ചയുടെ മൂളലിൽ അലിയുന്നു.
പോകുന്നിടത്തെല്ലാം
സത്രവും തോളിലേറ്റി
ഒച്ച് ലെനിൻ നല്ലൊരു ചിത്രം .. സ്വന്തം വീടുംവഹിച്ച് ഉഴറി നടക്കുന്നവരുടെ അവസ്ഥ പറയുന്നു.
കാണിക്കവഞ്ചിയിൽ
ഒളിച്ചിരിക്കുന്നു
യാചകനായ ദൈവം - പൈമ സാർവലൌകികമായ മറ്റൊരു സത്യം കവിതയിൽ തരുന്നു.
കൊലുസ്സിട്ട സരസൂനെ
ഉരുട്ടിയും പിരട്ടിയും
വാസൂന്റെ സൽസാ..!!! - സച്ചിദാനന്ദൻ പുഴങ്കരയാകട്ടെ ഒരു പഴംചൊല്ല് പോലെ ഹൈക്കുവിനെ ഉള്ളം കയ്യിലെടുക്കുന്നു. ഇങ്ങനെയിങ്ങനെ ഓരോ കവിതയും ഓരോ തോന്നലായി നമുക്ക് തോന്നുന്നു. അതെ, അവസാനമായും 'തോന്ന്യാക്ഷര'മാണല്ലോ ഈ കവിത എന്ന് പറയുന്ന വസ്തു...?



ഹൈക്കുവിൽ പെയ്ത മഴത്തുള്ളികൾ .. എന്തൊരു വൈവിധ്യമാണതിന്. ഹൈക്കു എങ്ങനെ എഴുതാം എന്നറിയില്ല, എങ്ങനെ എഴുതരുത് എന്നറിയാം.
ഉപനിഷത്തിൽ അതിശയം, ആശ്ചര്യം, അദ്ഭുതം എന്നീ സംജ്ഞകൾക്ക്‌ ഏകവും അനേകവുമായ സൌന്ദര്യാവിഷ്കാരങ്ങൾ നല്കിയിട്ടുണ്ട്. അസ്തമയതീരത്തിരുന്നു ശ്രീരാമകൃഷ്ണൻ കണ്ട കാഴ്ച പോലെയാണത്. വെള്ളിമേഘങ്ങൾക്ക് കുറുകെ ഒഴുകിപ്പറന്നുപോയ കൊറ്റികളുടെ ദൃശ്യം അദ്ദേഹത്തിനു മോഹാലസ്യം നല്കി. അത് അറിവിന്റെ പെയ്ത്തായിരുന്നു. കാലവർഷം തുടികൊട്ടുമ്പോൾ ഹൈക്കു മലയാളത്തിലും നീർക്കുത്തിടുന്നു. ഈ കവിതകൾ കാണൂ.. വായിക്കൂ. കളിയോടം തുഴഞ്ഞുവരുന്ന ഹൈക്കു കവിതകൾ ..അകവിതകൾ.. ചിത്രങ്ങൾ.. മഴവില്ലുകൾ.
എത്ര ശബ്ദങ്ങള്‍
അലിഞ്ഞുപോയിട്ടുണ്ടാകും
ഈ പെരുമഴയത്ത് ( അരുണ്‍ ഗാന്ധിഗ്രാം)
കാറ്റിന്‍ ജാലവിദ്യ
ജലച്ചാര്‍ത്തില്‍ ആയിരം
അമൂര്‍ത്തബിംബങ്ങള്‍. ( സബീന ഷാജഹാൻ)
പൊയ്കക്കരികിൽ
കിളികളുടെ താരാട്ട്
ഉറങ്ങും തണൽമരം
കുമിളകൾ
ഓളങ്ങളിൽ പിറന്ന
ഒരു നിമിഷ ജന്മം ( ജുനൈദ് ജുനി )
കാറ്റിന്‍ ചില്ലകള്‍
പാതിയെരിഞ്ഞ തിരി
ബുദ്ധന്‍ ! (സോണി ഡിത്ത്‌ )
ഒഴുക്കിനൊപ്പം ചേരാതെ
ഇറയത്തേക്ക് കയറി നിന്നു
മഴത്തുള്ളികൾ ( സവിത ബാലറാം)
രാത്രിമഴയുടെ പ്രസക്തഭാഗങ്ങൾ
പുന:സംപ്രേക്ഷണം ചെയ്തുതന്നു
മുറ്റത്തെ മരം .... ( ബിജു നാരായണൻ )
മുറ്റത്തെ പെയ്ത്തുവെള്ളം _
കൈകള്‍ മാടി വിളിക്കുന്നോ
വെയിലുദിച്ച വാനം ( വീ ബി കൃഷ്ണകുമാർ)
ഇഷ്ടമാണെന്ന് വെച്ച്
ഇറയത്തേക്ക്
കയറണ്ടാട്ടോ മഴേ ( സവിത ബാലറാം)
ഇളം കാറ്റത്ത്
ഒരു ക്ഷണം, ഹായ്
നീയും ( വെനുഗോപാലാൻ കെ ബി )
കടലു കാണാൻ പോയിട്ട്
ഞാനിന്നും
വെള്ളം മാത്രം കണ്ടു വന്നു ( കുര്യച്ചൻ തോട്ടത്തിൽ ദേവസ്യ )
മഴ നനഞ്ഞ് വന്ന
കുടയ്ക്ക് ശിക്ഷ
ക്ലാസ്സിന് പുറത്ത് ( സവിത ബാലറാം)
മഴയേറ്റു വാങ്ങിയ മരം
മഴുവേറ്റു വാങ്ങി... ( ശ്രീ ചെറായി)
നെൽമണിതിരയാൻ
പറവകളെത്തി
ചെങ്കൊടിപൊങ്ങിയ പാടത്ത് ! ( ഭം ഭം ബോലോ )
ഇതൾ കൊഴിഞ്ഞൊരു
പൂവിന്നോർമയിൽ
ക്ഷണനേരമൊരു പൂമ്പാറ്റ ( പ്രസാദ്‌ ശേഖർ )
ഒടുവില്‍
അയാളൊരു
ഹൈക്കുവെഴുതി മരിച്ചു! ( ഒരില വെറുതെ )
തിരതന്‍ മൗനം
തീരത്തെ
വെണ്‍ ശംഖ് ( Jaqualin മേരി മാത്യു )
ഒരു മഴ
മറ്റെങ്ങും പെയ്യാതെ-
എന്നെമാത്രം നനച്ച്... ( മാധവാൻ ലീല ലെനിൻ )
സന്ധ്യയുടെ പർണ്ണശാലയിൽ
പകലിന്റെ കനലുറക്കം
ശുഭസായാഹ്നം ( ഷാജഹാൻ നന്മണ്ടൻ )
ഘനശ്യാമരാത്രി
തെരുവു ഗായകന്റെ
പാത്രത്തിൽ മഴത്തുള്ളിത്തുട്ടുകൾ ! ( ഭം ഭം ബോലോ )
tête-à-tête
a monk
and a bee on his nose
സല്ലാപം
ഒരു സന്യാസി
മൂക്കിൻ തുമ്പത്തൊരു ഈച്ചയും ( വെനുഗോപാലാൻ കെ ബി)
പുഴയോളം ശാന്തം
നിലാവില്‍
ഈ വഞ്ചി ( ഒരില വെറുതെ )
മഴ മായ്ച്ചുതന്നു
സ്ലേറ്റിലെ
വട്ടപ്പൂജ്യം ( മാധവൻ ലീല ലെനിൻ )
പോകുന്നിടത്തെല്ലാം
സത്രവും തോളിലേറ്റി
ഒച്ച് ( മാധവൻലീല ലെനിൻ)
ആദ്യമീ മഴയൊന്നു നില്‍ക്കട്ടെ-
പിന്നെ ഞാനുണരാം
കിടക്ക വിട്ട് ( മാധവൻലീല ലെനിൻ )
തെങ്ങോലയിൽ
കോർത്തമ്പിളി
മാനത്തു; ജാലകക്കാഴ്ചയിൽ ( പ്രിയ കൃഷ്ണകുമാർ)
ഇരുട്ടി വെളുത്തപ്പോഴേക്കും
ഇലകള്‍ പൊടിച്ചുവല്ലോ
ഇന്നലെ മുളച്ച വിത്തിന് ( അരുണ്‍ ഗാന്ധിഗ്രാം)
കടല്‍ക്കാറ്റും
കൊക്കിലേന്തി നാടുകാണാന്‍
ദേശാടനക്കിളികള്‍ ( സുധീഷ് കെ എൻ )
വെള്ളാരം കല്ലുകള്‍
മാനം നോക്കുന്നു
ജലജാലകത്തിനപ്പുറം ( രഞ്ജു ജയറാം നായർ )
കുഞ്ഞികൈകളാൽ
ചുമരിൽ വിരിയുന്നു
നിഴൽ ക്കൂത്ത് ( പ്രിയ കൃഷ്ണകുമാർ)
പൂവ്,
നാണിച്ചല്ല, ഈ...
തലതാഴ്ത്തൽ,
നനഞ്ഞിട്ടാണീമഴ. ( റഫീക്ക് ബദ്രിയ )
parched earth,
benevolent rain clods-
nativity now.
വരണ്ട ഭൂമി,
മേഘങ്ങളുടെ കനിവ്-
ഇനി തിരുപ്പിറവി. ( ഫസൽ റഹിമാൻ )
നിർത്താതെ പെയ്യുന്നു,
മഴയല്ല .
മുറ്റത്തൊരിലഞ്ഞി . ( വാണി പ്രശാന്ത് )
കാറ്റിന്റെ കള്ളവണ്ടി
കേറി,മഴ
ഒളിച്ചോടി പോയി. ( ഇന്ദു പിണറായി )
പകൽ
ഉണർത്തിയ മഴ ,
ഉറങ്ങാതലയുന്നു ! ( ജ്യോതി രാജീവ് )
നനവ്‌, മറവ്, മിഴിനീര്‍
ഈ മഴ കണ്ടപ്പോള്‍
ഓര്‍ത്തതാണിതെല്ലാം ( അരുണ്‍ ഗാന്ധിഗ്രാം)
മഴ ഭ്രാന്ത്
മൂത്തു നാട്ടില്‍
ഭ്രാന്ത് മഴ ( അനില കുമാര്)
ഓടിൻ പാത്തിയിലൊഴുകിയ
പെരുവെള്ളപ്പാച്ചിലിലാണ്
ഞാനാദ്യം കടലു കണ്ടത് . ( വാണി പ്രശാന്ത് )
മഴയൊഴുക്കി ആകാശം
കരിപിടിച്ചപുടവ
കഴുകിപ്പിഴിഞ്ഞു ( രഞ്ജു ജയരാം നായർ)
കാണിക്കവഞ്ചിയിൽ
ഒളിച്ചിരിക്കുന്നു
യാചകനായ ദൈവം ( പൈമ പൈമ )
കുട പിടിക്കാതെ നില്‍ക്കാം ഞാന്‍...
നീ എന്നില്‍
പെയ്തിറങ്ങാനായ്... ( അൻവർ വെന്നിലത്ത് )
കാറിന്റെ ജാലകത്തിൽ
കവിത കുറിക്കുകയാണ്
മഴ , ( ജ്യോതി രാജീവ്)
കൌതുകത്തിന്റെ, കടലാസുതോണി
ഞാനീ മഴവീണ വഴിയില്
കളിയോടമാക്കി... ( ജെറി മഞ്ജുഷ)
പിഞ്ചുപാദങ്ങള്‍
മഴത്തുള്ളികള്‍
തട്ടിത്തെറിപ്പിച്ച്
ചിതറിത്തെറിച്ച തുള്ളികള്‍
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്
മഴവില്‍പ്പാലം തീര്‍ത്ത് ( രഞ്ജു ജയറാം നായർ)

ഒളിച്ചിരിപ്പാണൊരു
വന്മരം,
കുഞ്ഞു വിത്തിൽ.
നിലാവസ്ത്രമുരിഞ്ഞു,
നിളയിൽ,
നീരാട്ടാണമ്പിളി. ( റഫീക്ക് ബദ്രിയ )
നിലാവു കോര്‍ത്ത്
ഇരുട്ടു തുന്നുന്നു
പുഴ ( ഒരില വെറുതെ)
പുഴ
നേർവര തേടുന്നോ
ഒഴുകാൻ
stream
for a straight line
to flow!? ( വേണുഗോപാലൻ കെ ബി )
കൊലുസ്സിട്ട സരസൂനെ
ഉരുട്ടിയും പിരട്ടിയും
വാസൂന്റെ സൽസാ..!!! ( സച്ചിദാനന്ദൻ പുഴങ്കര)






haiku again

പുതുവത്സരത്തെ മുത്തമിട്ടുകൊണ്ട്‌ ഹൈക്കു വന്നു.
കുമരനെല്ലൂരിൽ കുറുക്കിയെടുത്ത ശ്രീ രാമകൃഷ്ണന്റെ ഹൈക്കു പ്രിയതരം തന്നെ.
മഞ്ഞുപാളികൾ പരലുകൾ നെയ്ത വിഭാതങ്ങളെ വകഞ്ഞുമാറ്റി വെയിലിന്റെ കരങ്ങൾ കവിളിൽ വന്നുതൊടുന്നു. കാണുക ഏതാനും കവിതകൾ
Sajitha Kottamkunnath
മീസാന്‍ കല്ലിനു ചാരെ
ആത്മാവിനു ചുവപ്പ്
മൈലാഞ്ചി
Haashmi Niyas
ഒരു മഞ്ഞുതുള്ളി മുത്തീട്ടും
പേടിച്ചുറങ്ങിയ
തൊട്ടാവാടി ...............
ഫലഭാരത്താൽ
കുനിഞ്ഞു മരം
വിമർശകാ ( രാമകൃഷ്ണൻ കുമരനെല്ലൂർ)
Joshilkrishna Oceanic
ചില്ല് ജാലകത്തിൽ
മുട്ടി വിളിച്ച
മഴത്തുള്ളികൾ
Manu Nellaya
ആകാശ കുട-
ജീവിതം നനഞ്ഞൊരേ
പ്രാണ വേഷങ്ങൾ.
Raheem A Thi
അടഞ്ഞ ജാലകത്തിനും
മുറിക്കുമിടയിൽ തൂങ്ങി
വെളിച്ചത്തിന്റെ പൊട്ട്
Vineesh Remanan
ഒര് കീറ് മാങ്ങയിൽ
ഉപ്പു തേച്ചാൽ മതി
ബാല്യത്തിലെത്താൻ .......
Sanoj Krishna
അമരം പി‍ളര്‍ന്ന ചുണ്ടന്‍
ഓളം നിലച്ച
കണ്ണീര്‍ കായലില്‍
Prabha Chembath
ഉതിർമുല്ലമണം
ജാലകപ്പാളിയിൽ
കാറ്റു വിളിക്കുന്നു
വിളക്കണക്കൂ
വാതിൽ തുറക്കൂ
ചന്ദ്രോത്സവം ( രാമകൃഷ്ണൻ കുമരനെല്ലൂർ)

Sunday, May 4, 2014

haiku memoirs


ഈ ദിവസങ്ങളിൽ ഹൈക്കുവിൽ കവിതകളുടെ അണമുറിയാത്ത ഒഴുക്കായിരുന്നു. ഹൈക്കുവിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കുറിപ്പുകൾ എഴുത്തുകാർക്ക് ഉപകാരപ്രദമാവുന്നു എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. എല്ലാം ഹൈക്കു കവിതകളല്ല. പലതും അതിമനോഹരമായ ബിംബങ്ങൾ കൊണ്ട് ശില്പഭംഗിയാർന്നവയുമാണ്. പലതും ഞാൻ കാണാതെ പോയിരിക്കാം. കണ്ടവ സുന്ദരം . കാണാതെ പോയവ അതീവസുന്ദരമെന്നു കരുതാം. റഫീക്ക് ബദ്രിയയുടെ രണ്ടു ഹൈക്കു കവിതകൾ അസാധാരണ സൌന്ദര്യമുള്ളവയായിരുന്നു.
കരയുടെ, അരയിൽ,
ഞൊറിഞ്ഞു,
നിൽപ്പാണൊരുതിര.
ഒരുമ കൊണ്ടാണത്രെ
പിരിഞ്ഞതെന്ന്,
കയർ. ( റഫീക്ക് ബദ്രിയ )
അതുപോലെ ഹണി ഭാസ്കരൻ എഴുതിയ ഒരു കവിത
എനിക്കു മുന്നേ
പുഴ മുറിച്ചു കടന്ന്
എന്‍റെ നിഴലിതാ അക്കരെ ( ഹണി )

ജ്യോതിയുടെ ഒരു പരിഭാഷ
ഏതു വയലിലാണാവോ
മിന്നാമിനുങ്ങുകൾ തേടിക്കളിക്കുന്ന-
തോടിമറഞ്ഞവ, നെൻ കൊച്ചുപുത്രൻ
( ചി യോ നീ - പരി: ജ്യോതി രാജീവ്)

ഇനിയുമിനിയും എത്രയോ ഉദാഹരണങ്ങൾ. ഈ കവിതകൾ വായിക്കൂ. വീണ്ടും വീണ്ടും .....
ഒരുമ കൊണ്ടാണത്രെ
പിരിഞ്ഞതെന്ന്,
കയർ. ( റഫീക്ക് ബദ്രിയ )

--------------------------------------
ഗസലിൻ ഈരടിപോൽ
മനസ്സിൽ തങ്ങിയങ്ങനെ
രാത്രി മഴ ( ജനൈദ് ജുനി )

-----------------------------------------------
ഓണവെയില്‍ തൊട്ടുണര്‍ത്തുമ്പോള്‍
മിഴി തുറക്കും
ചാരുതയാം മുക്കുറ്റിപൂക്കള്‍ ( സാനു അനൂപ്‌ അനൂപ്‌ )

-------------------------------------------
When I woke up,
The sun was blood red.
Don't know if it's rising or setting. ( ഗൌതമൻ )

-----------------------------------------------
മുറിഞ്ഞു വീണ ഗൗളിവാല്‍-
അനിമല്‍ പ്ലാനെറ്റില്‍
ദിനോസാറിന്‍റെ അലര്‍ച്ച. ( ഫസൽ റഹിമാൻ)
-----------------------------------------------------------------
അന്തിക്കടൽ
ജല ഗോവണിയിറങ്ങുന്ന
അർക്ക ബിംബം ..... ( സനത് എം പി എം)
-------------------------------------------
രാത്രി നേര്‍ത്തുനേര്‍ത്ത്
നിന്‍റെ മുടിത്തുമ്പില്‍
നിന്നൊരു തുള്ളിയെന്‍റെ മടിയില്‍!നിലാവേ.. ( നിഷ നാരായണൻ)

---------------------------------
ഋതു ശൈത്യം
മല,മേഖല
വഴി മൂടിയ മഞ്ഞുവാനം ....( സനത് എം പി എം )

-------------------------------------------
നീലച്ചു രം
വവ്വാലുകൾ പൂവിട്ട
ഒറ്റ മരം ... ( സനത് എം പി എം)

---------------------------------------
നക്ഷത്രപ്പൂത്തരിച്ചോറുണ്ണുവാൻ
നിലാത്താലമേന്തി
വാനം ( ഉമ സോണി )

----------------------------------
നിദ്ര ....
കോലക്കുഴൽപ്പാട്ടും മയിൽപ്പീലിത്തുണ്ടുമായ്
തഴുകിയുറക്കാനെത്താറുണ്ടെൻ പ്രണയം.... ( രുക് സാന മാനു )

----------------------------------------------------
മിഴിനീരൊപ്പുന്നുണ്ടാവും
രണ്ടായിരം പ്രകാശവര്‍ഷമകലെ
ചില താരകളെങ്കിലും-
ഭൂമിയിലൊരു കുരിശുമരണം ( മാധവാൻ ലീല ലെനിൻ )

----------------------------------------
ചോര്‍ന്നൊലിക്കും പൂമരം-
മുറ്റാച്ചിറകില്‍
മഴനീരാട്ട് ( ഫസൽ റഹിമാൻ )

--------------------------------------
When I hate your absence
I love to learn
to live in your presence. ( ലക്ഷ്മി സന്തോഷ്‌ )

----------------------------------------------
എഴുതണമെന്നുണ്ടായിരുന്നു.
അര്‍ത്ഥങ്ങളെ മൗനം കൊണ്ടുപോയി
ഇനി വാക്കുകളുടെ ഹരാകിരി. ( ഫസൽ റഹിമാൻ )

------------------------------------------
അറിയാ നിഴലുകൾ,
ശ്മശാന പ്രതീതിയിൽ
മുറ്റം ( ജ്യോതി രാജീവ്)

----------------------------------------
രണ്ടു വസന്തങ്ങള്‍ കഴിഞ്ഞിട്ടും മാഞ്ഞിട്ടില്ല,
എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തോറ്റയാളുടെ
കൈനഖപ്പാടുകള്‍; ഈ കട്ടിലില്‍ ( അരുണ്‍ ഗാന്ധിഗ്രാം)

---------------------------------------------------------
പോക്കുവെയില്‍ നീങ്ങിയ വീഥിയില്‍
കനല്‍ വീണതോ
കാറ്റില്‍ പൊഴിയുന്നു വാകപ്പൂക്കള്‍ ( സാജിദ അബ്ദുൽ റഹിമാൻ )

---------------------------------------------
നനുത്തൊരോര്‍മയില്‍ ,
തളിര്‍ത്തതാകാം,
കടമ്പിന്റെ ചില്ല വീണ്ടും..! ( ഹുസൈൻ ആനന്ദ്‌)

------------------------------------------
ഏതു വയലിലാണാവോ
മിന്നാമിനുങ്ങുകൾ തേടിക്കളിക്കുന്ന-
തോടിമറഞ്ഞവ, നെൻ കൊച്ചുപുത്രൻ
( ചി യോ നീ - പരി: ജ്യോതി രാജീവ്)

------------------------------------------
it played with shadows in day
painted the night black
wall never സ്ലീപ്സ് ( savita karnik )

-------------------------------
മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടൽ നനയാൻ
നീ തന്നെ പെയ്യണം ( സെബി മാത്യൂ )

------------------------------
ഒഴുകിയകലുന്നു
പുഴയിലേക്കുറ്റുനോക്കും
വാകതന്‍ പൂക്കള്‍ ( രമ്യ ലിനോജ് )

-------------------------------
കാറ്റില്‍ ചിരിച്ച പൂമരം
പുഴയിലൂടൊരു പൂമഞ്ചല്‍
ഇതിലേ ( ഹണി ഭാസ്കരൻ)

-------------------------------
മനം
അന്തമില്ലാത്ത
ആധികള്‍ തന്‍ കടല്‍ ( ദയാ ഹരി )

-----------------------------------
കരയുടെ, അരയിൽ,
ഞൊറിഞ്ഞു,
നിൽപ്പാണൊരുതിര. ( റഫീക്ക് ബദ്രിയ )

---------------------------------------------

നിശീഥിനി;വീണ്ടും
നിന്നെയോര്‍ത്തിരിക്കെ
മഴയായ്‌ തണു മാരുതന്‍ ! ( ഷികി - പരി: സോണിജോസ് വേളൂക്കാരൻ )

------------------------------------------------
എനിക്കു മുന്നേ
പുഴ മുറിച്ചു കടന്ന്
എന്‍റെ നിഴലിതാ അക്കരെ ( ഹണി ഭാസ്കരൻ )

--------------------------------------
നിലാവു ചോര്‍ന്നതു
വിളറിയ നദിയില്‍.
ഞാന്‍ കൈ നീട്ടിയതു വെറുതെ! ( നിഷ നാരായണൻ )

---------------------------------------------
Gold filigree,
On Tamarind tree,
Fire Ants. ( ബാലറാം ചെറു പറമ്പിൽ )

-----------------------------------
ശൈത്യ തടാകം
മജ്ജയിലേയ്ക്കു
പരകായം ചെയുന്നു കാറ്റ് ! ( കിരണ്‍ വി ആർ)

-------------------------------------
ഒട്ടിയവയർ, വറ്റിയഗർഭം;
ഇരുട്ടിന്റെ കാമപ്പുര,
നിലാവിന്റെ വറ്റുകൾ. ( അയ്യപ്പൻ ആചാര്യ )

-----------------------------------------
സ്നേഹം
മതില്‍ ചാടി വരുന്നു
പ്രണയ തടവുകാര്‍ ( അനില കുമാർ)

-------------------------------------
ഭൂമിയിലെ വെയിലെല്ലാം കൊത്തി
മേഘം കടഞ്ഞെടുക്കുന്നു
കരയുന്നൊരു ശില്‍പ്പം-മഴ ( ഒരില വെറുതെ )


--------------------------------------------------------------------------------------------------------------------------
'വേറിട്ടു കേട്ടുവോ എന്റെ ശബ്ദം..' എന്നാരാഞ്ഞുകൊണ്ട് ചിലപ്പോഴൊക്കെ മികച്ച ഹൈക്കു വന്നു നമുടെ ജാലകത്തിൽ മുട്ടിവിളിക്കും. പ്രഭ ചെമ്പത്തും, ജി ആർ കവിയൂരും അനിൽ കുമാറും, പലപ്പോഴും ശോഭയാർന്ന രചനകളുമായി കടന്നുവരുന്നു. ഹൈക്കുവിലെ അംഗങ്ങൾ ഉടനെ അയ്യായിരമാവും. എണ്ണം പെരുകുന്നത് അത്ര നല്ലതും മോശവുമല്ല. എന്നാൽ പ്രതിഭകളുടെ ഒറ്റപ്പെട്ട ഒച്ച ചിലപ്പോഴൊക്കെ പക്ഷികളുടെ കൂജനങ്ങൾക്കിടയിൽ മുങ്ങിപ്പോവാറുണ്ട്.എങ്കിലും നല്ല വായനയെ ദീപ്തമാക്കിക്കൊണ്ട് അവർ സൌമ്യവും മധുരവുമായി അങ്ങനെ വേറിട്ടുനില്ക്കും. കൂട്ടത്തിൽ പറയട്ടെ, ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ പകരുന്ന ഹൈക്കു കയ്യടക്കം കൊണ്ടും പ്രതിഭാസ്പർശം കൊണ്ടും അതീവ മനോഹരമായിരിക്കുന്നു. ഹൈക്കു രചനക്കൊരു മാതൃക.. അതങ്ങനെയാണ് ..ഹൈക്കു വിരളമായി മാത്രം സംഭവിക്കുന്ന ' ആഹാ നിമിഷം ' മാത്രമാണ്.

Baiju Joseph
ഇലകൊഴിഞ്ഞ വേനൽമരം;
മഞ്ഞവിരിച്ച
സൂര്യകാന്തിപ്പാടം.

പഴനി
ഭസ്മഗന്ധവും
കുതിരച്ചിനപ്പും ( രാമകൃഷ്ണൻ കുമരനെല്ലൂർ)

Gr Kaviyoor
വീഴും ഇലകള്‍ ....
ഛായാപടം തേടി
ജീവിതത്തിന്‍ ഓരത്ത്..



Uma Soni
നിലാവു നട്ടിട്ടാണോ
ഹേമന്തരാവിൽ
മുല്ല പൂക്കുന്നത്



Prabha Chembath
മഞ്ഞനിലാവിൽ
ആകാശവിതാനം
ഒറ്റത്താരകം

കാതുകൂർപ്പിക്കൂ
വെയിലു പരക്കുന്ന
നനുത്ത ശബ്ദം ( രാമകൃഷ്ണൻ കുമരനെല്ലൂർ)

കണ്ണിൽ ഉറഞ്ഞ മഞ്ഞു-
തുള്ളിയുമായി ഇല
പൊഴിഞ്ഞ ശിശിരം ( സജിത കോട്ടംകുന്നത്ത്)

----------------------------------------------------------------------------------------------------------------
'ഗഗനമെന്തൊരദ്ഭുതം..' എന്ന് കവി പാടിയില്ലേ?
കാടും കടലും മലയും ആകാശവും എല്ലാമെല്ലാം അദ്ഭുതങ്ങളാണ് . കടലിന്റെ അതീന്ദ്രിയസൗഭഗം ആൻഡമാൻ യാത്രയിൽ ഞാൻ തൊട്ടറിഞ്ഞു. അത് സമുദ്രത്തിന്റെ ഗഹനതയും നിശബ്ദതയുമാണ്.കണ്ടൽവനങ്ങൾ തീർത്ത ഹരിതകത്തിൽ മരതകദ്വീപുകൾ നിശബ്ദം ശയിക്കുകയാണ്. ഉദയവും അസ്തമയവും നിഴലും നിലാവും മഴവില്ലും ഇന്ദ്രനീലംവിരിച്ച സമുദ്രശയ്യയിൽ പ്രതിഫലിച്ചു കിടന്നു. ഹൈക്കുവും അങ്ങനെയാണ്. തടാകത്തിൽ വീണ ചാന്ദ്രിമ പോലെ.....അത് അങ്ങനെ മരുവുന്നു. ധ്യാനം പോലെ. ഹൈക്കുവിൽ വിടർന്ന കവിതകൾ നോക്കൂ....
നിഴലൂര്‍ന്നൂര്‍ന്നുവീണ്
കനമേറിയൊരിടവഴിയതാ
തളര്‍ന്നു കിതച്ച്... ( നിഷ നാരായണൻ )

the sky opens the morn
with a rosy smile
let us imitate ( അനന്യൻ അനന്യൻ )
നിന്‍ ഓര്‍മ്മ പൂക്കുന്ന
തീരത്തുഞാന്റെ
മറവിയെ വച്ചു മറന്നു ( ജി ആർ കവിയൂർ)

വെയിലു കായും നേരമെല്ലാം
മിഴി തുളുമ്പി മൗ നിയായി
ഒരു മഞ്ഞു തുള്ളി ... ( സജീവ്‌ വിദ്യാനന്ദൻ)

ചേമ്പില
മരം കൈവിട്ട മഴത്തുള്ളികളെ
താലോലിച്ച് താലോലിച്ച്....

ഇടവഴി
വളഞ്ഞു പുളഞ്ഞു മറയുന്നുണ്ട്‌
ഇലക്കാടുകള്‍ക്കിടയിലെവിടെയോ ( രഞ്ജു ജയറാം നായർ)

കാട്ടുചേമ്പുകള്‍
വെറുതെ നോക്കി നില്‍ക്കുന്നു
പാതയിലേക്ക് ( വി ബീ കൃഷ്ണകുമാർ)

നിറയും നിശ്ശബ്ദത
രാവിലേക്കൊരു
ഇല കൊഴിയുന്നു ( ഹണി ഭാസ്കരൻ)
Winter moon:
wind howling afar-
my grandson leafs through Grimm.

Winter moon:
between that hare and this lake
a misty mirror.

Winter moon:
shadows in woodlands
in wet hugs. ( ഫസൽ റഹിമാൻ)
ചിന്തകളുടെ ഒഴുക്കിൽ
ദിശ തെറ്റിയൊരു
കനവ്‌ ( ജ്യോതി രാജീവ്)

ചെമ്മരി ആടുകൽ മേഞ്ഞു നടക്കേണ്ട
കന്നി മാനത്ത്
കരിന്തിരി കത്തിയ സൂര്യൻ. ( പി എൽ ലതിക)

നിന്‍റെ വിരല്‍ത്തുമ്പിനാല്‍
തൊടുമ്പോഴേക്കും
പൂത്തുലയും പൂമരമായി ഞാന്‍..... ( വിനീത് മേലലത്ത് )

ഒറ്റവാക്കിൻ മുന കൊണ്ടു
ഹൃദയത്തിൽ നീ കോറിയിട്ടൊരീ
മുറിവിൽ നീറിനീറിയീ -
സങ്കടകടലിൽ ഞാനൊറ്റക്ക്... ( സുജ ബിന്ദു ദാസ്‌)
സങ്കട മൊട്ടൊരു
പൊൻ മലരാകാൻ
എന്നിത ൾ -വിരിയേണം
(അബു പാറത്തോട് )
തട്ടി മറിഞ്ഞ വര്‍ണ്ണക്കൂട്ടുകള്‍
വരച്ചു തീരാത്ത കാന്‍വാസ്
ശരത്ക്കാല ശ്യാമാംബരം .( സജിദ അബ്ദുൽ റഹിമാൻ)

മഴ
മേഘങ്ങളെ ഓടിച്ച
നിലാ പുഞ്ചിരി (അനിൽ കുമാർ )
ഒരു കാലവർഷം
കവിളിലൂടെ
പെയ്തിറങ്ങി ........ ( ബിജു അർജുൻ )

-----------------------------------------------------------------------------------------------------------



(collected by sethu menon )



Sunday, March 16, 2014

Rajalakshmi


പതിറ്റടി താഴുമ്പോള്‍ 


രണ്ടര നോവലുകള്‍ കൊണ്ട് ജീവിതത്തിന്‍റെ നിഴലും വെയിലും രാജലക്ഷ്മി അളന്നെടുത്തു. 
മകള്‍ ആദ്യകഥ. 'ഒരു വഴിയും കുറെ നിഴലുകളും' ആദ്യ നോവല്‍. 'ഞാനെന്ന ഭാവത്തിനു' ശേഷം'ഉച്ചവെയിലും ഇളംനിലാവും' എന്ന പാതിവെച്ചു നിര്‍ത്തിയ കൃതി. രാജലക്ഷ്മിയുടെ ജീവിതപോലെ അപൂര്‍ണം. എണ്ണപ്പെട്ട ഏതാനും കൃതികള്‍ കൊണ്ട് ജീവിതത്തിന്‍റെ അപൂര്‍വസൌന്ദര്യങ്ങള്‍ അടയാളപ്പെടുത്താന്‍ ആ കഥാകാരിക്ക് കഴിഞ്ഞു.ശില്പചാരുതയുള്ള പ്രാകാരങ്ങള്‍ പണിതീര്‍ക്കുമ്പോള്‍ തച്ചന്മാര്‍ ചില സൂത്രപ്പഴുതുകള്‍ ബാക്കിവെക്കും. രാജലക്ഷ്മിയും ഒഴിഞ്ഞ ഇടങ്ങള്‍ ബാക്കിനിറുത്തിക്കൊണ്ട്‌ നിഴല്‍വീണ വഴികളിലൂടെ നടന്നു മറഞ്ഞു.. 1965 ജനുവരി 14 നു രാജലക്ഷ്മി ഓര്‍മയായി . 

മറവിയുടെ തിരശ്ശീല നീക്കുമ്പോള്‍ കൈയ്യെത്തുംദൂരത്ത് കുട്ടിക്കാലം. ഇടവഴിയില്‍ മൂവന്തിച്ചോപ്പിന്‍റെ പരാഗം പതിക്കുമ്പോള്‍ കാലും മുഖവും കഴുകി ഞങ്ങള്‍ നാമം ചൊല്ലാനിരിക്കും. അച്ഛനും അമ്മയും നാട്ടുവര്‍ത്തമാനങ്ങളുമായി മുറ്റത്തെ പവിഴമല്ലിച്ചോട്ടിലുണ്ടാവും.നമ:ശിവായക്കിടയിലും എന്റെ ശ്രദ്ധ മുറ്റത്തു  നിറയുന്ന സാഹിത്യത്തിലായിരിക്കും. അങ്ങനെ ഒരിക്കല്‍ രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നീണ്ട കഥയെച്ചൊല്ലി അമ്മ വാചാലയാവുന്നത് ശ്രദ്ധയില്‍വീണു. ഓരോ ആഴ്ചയും മാതൃഭൂമിയുടെ പുതുലക്കത്തിനു വേണ്ടി അമ്മ കാത്തിരുന്നതും താന്‍ ബാല്യകൗമാരങ്ങള്‍ ചെലവഴിച്ച തിരുവാഴിയോട് ഗ്രാമത്തിന്‍റെ മങ്ങിയ ഓര്‍മ്മകള്‍ അച്ഛനോട് പങ്കിടുന്നതും എന്‍റെഓര്‍മയിലിന്നുമുണ്ട്. കാലം കുറേ കഴിഞ്ഞ് എന്‍റെ കലാലയജീവിതം തുടങ്ങിയപ്പോഴാണ് മരച്ചാര്‍ത്തുകളില്‍കാല്‍പനികഭംഗിയുമായി പ്രിയകഥാകാരി വീണ്ടും തളിര്‍ത്തത്.വിളിപ്പാടകലെ തെളിനീര്‍ക്കുടവുമായി ഞങ്ങളുടെ ഭാരതപ്പുഴ. അസ്തമയത്തിന്‍റെ കുന്നിന്‍ചരിവുകള്‍. കാറ്റ് തലോടിയ ഇല്ലിമരക്കൂട്ടങ്ങളുമായി നീണ്ടു നിവര്‍ന്നഹൃദ്യവിശാലതയില്‍ പാലപ്പുറത്തെ കോളേജും പരിസരവും. അശരീരിയായ എഴുത്തിന്‍റെ നിഴലുവീണ ഏതോ ഒരു വിഷാദം അവിടമാകെ തങ്ങിനിന്നു. 
അറുപതുകളില്‍ കലാലയത്തില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'മിറര്‍ ' മാസികയുടെ ലക്കങ്ങളില്‍ രാജലക്ഷ്മിയുടെ കവിതയും കുറിപ്പുകളും ജീവന്‍ തുടിച്ചു നിന്നു. ഡാര്‍ക്ക്‌ നൈറ്റ്‌ , കുമിള എന്നീ കവിതകള്‍. 

അങ്ങനെ പിന്നെയും കാലം കടന്നുപോയി. തിരുവനന്തപുരത്ത് ലാവണം നേടിയെത്തിയ നാളുകളൊന്നില്‍ രഘുവിനെ കണ്ടുമുട്ടി. രാജലക്ഷ്മിയെ ഓര്‍ത്തൊരു പുസ്തകം എന്ന സ്വപ്നവുമായി കഴിയുകയായിരുന്നു ആ പ്രിയമിത്രം. തേടിയവള്ളിയുമായി ഞങ്ങളിരുവരും എഴുത്തുകാരിയുടെ കൈയ്യൊപ്പു വീണ വള്ളുവനാടന്‍ ഗ്രാമങ്ങളിലൂടെ അലഞ്ഞുനടന്നു. കഥാകാരിയുടെ മൂത്ത ചേച്ചി അമ്മിണിയമ്മ എന്ന പദ്മാലയാ നായര്‍ ഇളയ സഹോദരിയും അധ്യാപികയുമായ ടി ഏ. സരസ്വതിയമ്മ, രാജലക്ഷ്മിയുടെ ഉറ്റതോഴിയും  ഇംഗ്ലീഷ് അധ്യാപികയുമായിരുന്ന തങ്കം ടീച്ചര്‍, പ്രൊഫ . ടി സി ഗോവിന്ദന്‍, പി എസ് ആര്‍ മേനോന്‍ തുടങ്ങി ഒട്ടേറെപ്പേരെ കണ്ടുമുട്ടി. പ്രത്യേകിച്ചും തങ്കം ടീച്ചര്‍ പകര്‍ന്ന ഓര്‍മയും കാലവും ഉള്ളില്‍ വേരോടിക്കടന്നു. 'മകള്‍' തിരക്കഥയില്‍ തങ്കം എന്ന കൂട്ടുകാരിയെ വരച്ചെടുത്തത് ഈ ഓര്‍മയില്‍നിന്നാണ്. മൂലകഥയില്‍ അങ്ങനെ ഒരു കഥാപാത്രമില്ല. പൊന്നനുജത്തിയുടെ ആദ്യകഥ ടെലിവിഷന്‍ രൂപന്തരമാകുന്നത് കാണാന്‍ ഏറെ കൊതിച്ചെങ്കിലും അതിനു മുന്‍പുതന്നെ പത്മാലയ ചേച്ചിയും തങ്കംടീച്ചറും കാലയവനികയില്‍ മറഞ്ഞുപോയി.( ശ്രീ ഏ .ബി രഘുനാഥന്‍ നായരുടെ പുസ്തകം - രാജലക്ഷ്മിയുടെ നിഴല്‍പ്പാടുകള്‍- 1997 ല്‍ പുറത്തു വന്നു.) 

തിരുവനന്തപുരം ദൂരദര്‍ശന്‍റെ 'കഥാസരിത' മലയാളത്തിലെ മണ്‍മറഞ്ഞ എഴുത്തുകാര്‍ക്കുള്ള അഞ്ജലിയായിട്ടാണ് ആദ്യം തുടങ്ങിയത്. വൈക്കം മുഹമ്മദ്‌ ബഷീര്‍, കേശവ ദേവ്, തകഴി, എസ് കെ പൊറ്റെക്കാട്ട്, ഉറൂബ്, കാരൂര്‍ എന്നിവരുടെ കഥകള്‍ ടെലിവിഷന്‍ ചിത്രങ്ങളായി അതിനകം നിര്‍മിച്ചുകഴിഞ്ഞിരുന്നു. 
ദൂരദര്‍ശനില്‍ എന്‍റെ സഹപ്രവര്‍ത്തകനും സംവിധായകനുമായ  ജി ആര്‍ കണ്ണന്‍റെ സ്നേഹവും നിര്‍ബന്ധവുമാണ് 'മകള്‍ ' തിരക്കഥക്ക് നിമിത്തമായത്. സാഹിത്യരൂപമെന്ന നിലയില്‍ തിരക്കഥയെ അതുവരെ സമീപിക്കാതിരുന്ന എനിക്ക് അല്പം ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു. നേരത്തെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ' നിറമില്ലാത്ത ചിത്രങ്ങളുടെ' ( ഇ.വി ശ്രീധരന്‍റെ '450 രൂപയുടെ കളി' എന്ന കഥയെ ആസ്പദമാക്കി) തിരക്കഥ എഴുതിയ അനുഭവം എനിക്ക് തുണയായി. പില്‍ക്കാലത്ത്‌  കെ. ആനന്ദവര്‍മ സംവിധാനം  നിര്‍വഹിച്ച  ശ്രീ ടി. പത്മനാഭന്‍റെ ' രാമേട്ടന്‍' എന്ന കഥയ്ക്ക് തിരരൂപം എഴുതിയതും ഞാനാണ്. ഈ ടെലിവിഷന്‍ ചിത്രങ്ങളെല്ലാം തന്നെ ദേശീയ തലത്തില്‍ വിവിധ പുരസ്കാരങ്ങള്‍ നേടുകയുംചെയ്തു. 
രാജലക്ഷ്മിയുടെ ആദ്യകഥ' മകള്‍' സ്വാതന്ത്ര്യസമരാനന്തരമുള്ള കേരളീയ ജീവിതത്തിന്‍റെ സാമൂഹ്യ ചിത്രണമാണ്. അത് പ്രസിദ്ധീകൃതമായിട്ട് അമ്പതുവര്‍ഷം കഴിഞ്ഞുപോയി. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ കേരളീയസമൂഹം ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. ഭാരതപ്പുഴ ഇടക്കൊക്കെ കരകവിയുകയും മിക്കപ്പോഴും വരണ്ടു പോവുകയും ചെയ്തു. 
  
വിസ്മൃതിയെ സ്വയംവരം ചെയ്ത കഥാകാരിയുടെ ആദ്യരചന കാലവും ദേശവും പകര്‍ന്ന് മറ്റൊരു രൂപത്തില്‍ വായനക്കാരന്‍റെയും പ്രേക്ഷകന്‍റെയും മുന്നിലെത്തി.പതിറ്റടി താഴുംവരെ എഴുത്തില്‍ മാത്രം ജീവിച്ച അനശ്വര കഥാകാരിയുടെ കഥ അപൂര്‍ണതയുടെ സൌന്ദര്യം പ്രകാശിപ്പിച്ചവയാണ്. 'മകള്‍' തിരക്കഥ പുസ്തകമായപ്പോള്‍ പ്രിയവായനക്കാരോട് ഞാന്‍ പറഞ്ഞു: രൂപാന്തരപ്പെട്ട മകളുടെ ശില്പ സൌന്ദര്യം ( അതുണ്ടെങ്കില്‍ ) 
മുഴുവനായും രാജല്ക്ഷ്മിയുടെതാണ്. കൈക്കുറ്റപ്പാടാവട്ടെ എന്‍റെതുമാത്രവും

Friday, October 18, 2013

haiku moments

ഹൈക്കു : പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

ഫേസ് ബുക്കിലെ ഹൈക്കു കവിതകൾ മൂന്നു വർഷവും മൂവായിരത്തോളം ആസ്വാദകരുമായി മുമ്പോട്ട്‌ . വീണ്ടും ചിങ്ങംവന്നു. ഔഷധവും നല്ലരിക്കയുമായി രാ മായണമെന്നോതി കർക്കിടകം കടന്നുപോയി..മഴനിഴൽ പെയ്തിറങ്ങിയ ആർദ്രവനങ്ങളിൽ നീലിമ പൂത്തുലഞ്ഞു.. ഇലപൊഴിയുംകാടുകളും മുൾവനങ്ങളും ശൈത്യനിരകളും പുൽമേടുകളും വസന്തരാവുകളുടെ നിലാപൊയ്കയൊരുക്കുകയായി. ഹൈക്കുവിൽ പുതിയ നാമ്പുകൾ മൊട്ടിടുന്നു. ഹൈക്കുവിനെപ്പോഴും നിത്യയൌവ്വനമാണ്, അത് തുടക്കം മാത്രമാണ്. ഹൈക്കു കവി തുടങ്ങുന്നതേയുള്ളൂ .വായനയുടെയും ധ്യാനത്തിന്റെയും വിഹായസ്സിലാണ് അനുഭവത്തിന്റെ മഴവില്ല് വിടരുക. ഓരോ വായനയും ഒരു തിരിച്ചറിവാണ്. ഋതുഭേദങ്ങളിലൂടെ നിത്യവിസ്മയംതേടി കവിതയുടെ ചിത്രശലഭങ്ങൾ പൊടുന്നനെ വാർന്നുവീഴുകയാണ്. അതിനു ജീവിതത്തിന്റെ നിറമാണ്. വേദനയുടെയും പറഞ്ഞറിയിക്കാനാകാത്ത ആനന്ദത്തിന്റെയും നിറമാണ്. നിശബ്ദം കണ്‍മിഴിക്കുന്ന നിമിഷങ്ങളുടെ അതിരില്ലാത്ത ആവിഷ്കാരമായി ഹൈക്കു വന്നു നില്ക്കുന്നു. ക്യാമറ ഒപ്പിയെടുത്ത ഒരു നിശ്ചലമാത്രയായല്ല, ചിത്രകാരന്റെ വിരലുകളിൽ അനുനിമിഷം വിതുമ്പിപ്പൊടിയുന്ന ചലനം പോലെ വർണം പോലെ, ഗന്ധം പോലെ, സ്പർശം പോലെ ഹൈക്കു നമ്മിൽ വന്നു നിറയുന്നു. അതെ അത് 'നിറവു'മാത്രമാണ്. ഏകാന്തതയിലും മൌനത്തിലും ധ്യാനത്തിലും നമ്മെ വന്നുതൊട്ട ഏതോ നിമിഷത്തിന്റെ ചുംബനം.
ഹൈക്കു കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി. No one travels Along this way but I, This autumn evening. ( ബഷോ)
മൂന്ന് വരി മാത്രമാണോ 'ഹൈക്കു'? കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം സാന്ദ്രീകൃതമാവുകയാണ്. വർഷങ്ങൾ നീണ്ട യാത്രയും അലച്ചിലും പ്രകൃതിയെ നിരീക്ഷിക്കുവാനും ധ്യാനിച്ചെടുക്കാനും കവികളെ പ്രാപ്തരാക്കി. രചനയെ ഒരു തപസ്യയാക്കി എടുക്കാനും കാലം ആറ്റിക്കുറുക്കിയ വരികൾ ഓർമയിൽ പുന:സൃഷ്ടിക്കുവാനും അവർക്കായി. ചൈനീസ് ചിത്രലിപികളിലെന്നപോലെ ജാപ്പനീസ് അക്ഷരങ്ങളിലും 'ഒറ്റവരിയിൽ' ഭാവവും അർഥവും സൂചിപ്പിക്കാൻ ഹൈക്കുവിനു കഴിഞ്ഞു. കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. കാലസൂചകങ്ങൾ (kigo ) ഹൈക്കുവിന്റെ പ്രകൃതിയിൽ ലയിച്ചുചേർന്നു. ചെറിപ്പൂക്കൾ വസന്തത്തെയും, ഹിമപാതം മഞ്ഞുകാലത്തെയും, ശാരദസന്ധ്യകൾ ശരത്തിനെയും മൂളിപ്പറന്ന കൊതുകുകൾ ശിശിരത്തെയും പ്രതിഫലിപ്പിച്ചു. എന്നാൽ പില്ക്കാലത്ത് ആംഗലേയ ഹൈക്കു പരീക്ഷകർ കാലത്തെ സംബന്ധിച്ച ജാപ്പനീസ് നിഷ്കർഷകൾ മറികടക്കുകയും കവിതയുടെ ആത്മാവിൽ സ്വന്തം ഭാഷയുംസംസ്കാരവും ആവശ്യപ്പെടുന്ന രൂപകങ്ങൾ സന്നിവേശിപ്പിക്കുകയുമാണ് ചെയ്തത്. ചൈനീസ് ക്ലാസിക്കൽ കാവ്യങ്ങളിൽ ആണ്ടുമുങ്ങിയ ബാഷോവിനെ പ്പോലെയുള്ളവർ തികഞ്ഞ നിഷ്കർഷയോടെ ജാപ്പനീസ് ലിപികളുടെ ചിത്രസമാനമായ സമമിതി (symmetry ) നിർമിച്ചപ്പോൾ ഷികിയും ഇസ്സയും കുറേക്കൂടി സ്വതന്ത്രമാതൃക ഹൈക്കുവിൽ സൃഷ്ടിച്ചെടുത്തു . ഷികിയുടെ ഏതാനും ഹൈക്കു കവിതകൾ നമുക്കാസ്വദിക്കാം. I want to sleep Swat the flies Softly, please. After killing a spider, how lonely I feel
ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. നിൽക്കുമ്പോൾ നില്ക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. silent bird I carry your song through shadows abandoned house the lilacs just as bright this spring in the cold of night! ഹൈക്കു എന്നാൽ തുടക്കം. വർത്തമാനത്തിലാണ് ഹൈക്കു കവി സ്വകാര്യം പറയുക. കഴിഞ്ഞകാലവും വരുംകാലവും പരഭാഗശോഭ പകർന്നു കൊണ്ട് ഹൈക്കുവിൽ വന്നു നില്ക്കും. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന 'സെൻ' ദർശനം ഹൈക്കുവിന്റെ അന്തർധാരയായി നിന്നു.തന്മൂലം ഋതുക്കൾ ഹൈക്കുവിൽ മാറിമാറി പരിലസിച്ചു. അതിനാൽ നിത്യവർത്തമാനമാണ് (present tense ) ഹൈക്കുവിന്റെ ഇരിപ്പിടം. സെൻ എന്നാൽ ധ്യാനം. അത് ഇന്ദ്രിയങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുന്നില്ല. കണ്ണുമടച്ച് ആത്മാവിലേക്ക് മടങ്ങിപ്പോകുന്നില്ല. ഹൈക്കുവിൽ ധ്യാനം മതാത്മകമൊ യോഗാത്മകമോ പോലുമല്ല. ഒരു കപ്പു ചായ നുകരുമ്പോൾ പോലും സെൻ വന്നുഭവിക്കാം. ചായക്കപ്പിൽ നിന്നുയരുന്ന നേർത്ത ആവിയും പരിമളവും, ജാലകത്തിലൂടെ വിദൂരത്തിൽ ഒഴുകിനടക്കുന്ന മേഘജാലവും സൌമ്യമായി തൊട്ടുരുമ്മിപോകുന്ന കാറ്റിനൊപ്പം പൈൻ മരങ്ങളുടെ സൂചിയിലകൾ പൊഴിക്കുന്ന മർമരവും, കുറിഞ്ഞിപ്പൂച്ച പറയുന്ന കിന്നാരവും കുഞ്ഞുങ്ങൾ മടിയിലിരിക്കുന്ന കഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും ...എന്നുവേണ്ട വർത്തമാനമെന്ന '' ഈ നിമിഷ' ത്തിലെ ചെറുതുംവലുതുമായ എല്ലാം ഹൈക്കുവിൽ നിഹിതമാവുന്നു. My way - no-one on the road and it's autumn, getting ഡാർക്ക്‌ ( ബഷോ) The crow sits on a dead branch – evening of autumn (ബഷോ ) Why flap to town? A country crow going to market ( ബഷോ)

ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്. The silent old pond a mirror of ancient calm, a frog-leaps-in splash. ബാഷോയുടെ പ്രസിദ്ധമായ ഹൈക്കു. പുരാതനവും സനാതനവുമായൊരു കുളത്തിന്റെ ഉപരിതല നിശബ്ദതയിലേക്ക് നീർക്കുത്തിടുന്ന തവള . അതൊരു സെൻ ചിത്രമാണ്. സടോരി എന്ന് സെൻ പറയുന്ന അതീന്ദ്രിയമായ അനുഭവമാണ് ബഷോ ഈ ഹൈക്കുവിൽ പകരുന്നത്. മറ്റുചില ഹൈക്കു കവിതകൾകൂടി നോക്കുക.: spring visitors among many words a moment of silence bright autumn day - listening to the silence of stones growing older ഇന്ദ്രിയബദ്ധമായ ജീവിതാനുഭവത്തെ, കാഴ്ചയും കേൾവിയും, സ്പർശവുമായി വാക്കുകളിൽ പകരാൻ ഹൈക്കു കവിതകൾക്കായി. home-grown lettuce the taste of well-water green കിണറിൽനിന്നു കോരിയെടുത്ത വെള്ളം, വീട്ടുവളപ്പിൽ നിന്നിറുത്ത പച്ചത്തഴപ്പാർന്ന ലെറ്റ്യൂസ് ( ചീര) ...പ്രസരിപ്പാർന്ന ഒരു ദിവസത്തിന്റെ നിറവും മണവും ഇതാ കൈക്കുമ്പിളിൽ നിവേദിക്കുന്ന ഒരു ഹൈക്കു. wildflowers the early spring sunshine in my hand വസന്തർത്തുവിലെ സൂര്യവെളിച്ചം തുടിച്ച പ്രഭാതങ്ങളും കൈക്കുടന്നയിലെ വനപുഷ്പങ്ങളും ചേർന്ന് ഒരുക്കുന്ന ഫോട്ടോഗ്രാഫിക് ചിത്രംപോലെയില്ലേ? ശിശുസഹജമായ ഒരു ജിജ്ഞാസ പല ഹൈക്കുവിലും ഒളിച്ചിരിക്കും. അത് ഒറ്റവായനയിൽ അസംബന്ധമെന്നു (absurd ) തോന്നാമെങ്കിലും ,പില്ക്കാലം, 'എത്രമേൽ സത്യം ' എന്ന് നമ്മെ ഓർമിപ്പിക്കുകയും ചെയ്യും. climbing the temple hill leg muscles tighten in our throats evening wind colors of the day blown away holding the day between my hands a clay pot ഈ കവിതകളിൽ നർമവും അദ്ഭുതവും പുഞ്ചിരിയും തത്തിക്കളിക്കുന്നു. ഒരിക്കൽ നാം കാണാതെപോയ അർഥതലങ്ങൾ, പിന്നീടുള്ള വായനയിൽ നമുക്ക് നിവേദിക്കുന്ന എത്രയോ കവിതകൾ ഹൈക്കുവിൽ മറഞ്ഞിരിക്കുന്നു. ഹൈക്കുവിന്റെ അദ്ഭുതലോകം ധ്യാനാത്മകമായ വായനയിൽ ഒന്നൊന്നായി തെളിഞ്ഞുവരും. ഹൈക്കുവിൽ തുടക്കമേ ഉള്ളൂ. അതിന്റെ ആവിഷ്കാരം സത്യത്തിൽ, വായനയുടെ ആകാശത്തിലാണ്. ഹൈ ' ku ' ഒരപൂർവനിമിഷമാണ്. അനുഭവത്തിന്റെ പുടപാകം വന്ന ഒരു നിമിഷം. the whole sky in a wide field of flowers one tulip ആദ്യവരി, ഒരു ലോങ്ങ്‌ ഷോട്ട് രണ്ടാം വരിയാവട്ടെ ഒരു മിഡ്-ക്ലോസ് അപ്പ്‌ ദൃശ്യംപോലെ തോന്നുന്നില്ലേ? അവസാന വരി നോക്കുക. ക്ലോസ്- അപ്പ്‌ a long journey some cherry petals begin to fall സാദൃശ്യം( ഉപമ) തോന്നിപ്പിക്കുന്ന ബിംബങ്ങളെ തൊട്ടുതൊട്ടു വെക്കുന്ന രീതിയിൽ ഒരു ഹൈക്കു. moving into the sun the pony takes with him some mountain shadow പുൽമൈതാനത്തിലൂടെ മേഞ്ഞുനടക്കുന്ന കുതിരയുടെ ചിത്രം.മലയുടെ നിഴൽ കുതിരക്കൊപ്പം നീങ്ങിപോകുന്നു. സൂര്യനെ മറച്ചുനിന്ന കുതിരയുടെ ചലനത്തിനൊപ്പം പർവതത്തിന്റെ നിഴൽ മെല്ലെ ദൃശ്യമാവുന്നത് ഹൈക്കുവിലെ 'ആഹാ' നിമിഷമാവുന്നു.