Friday, August 12, 2016


ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി - 3

ഒരിക്കല്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ ഇങ്ങനെ പറഞ്ഞു : ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ കൊടിക്കുന്നിലമ്മ ഉണ്ട്. സത്യമായും ഉണ്ട്. മാടായിക്കാവിലും, കൊടുങ്ങല്ലൂരും ലോകനാര്‍ക്കാവിലും ചോറ്റാനിക്കരയിലും പാറമേക്കാവിലും അന്തിമാഹാകാളന്‍ കാവിലും  ചിനക്കത്തൂരും തിരുവാണിക്കാവിലും എന്നുവേണ്ട കേരളക്കരയിലെ ഗ്രാമാന്തരങ്ങളില്‍ കുടിയിരുന്ന അമ്മ ധൈവതം മഹിഷാസുര മര്‍ദ്ദിനിയും ത്രിപുരസുന്ദരിയുമായ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളാണ്. ആറ്റുകാലിലും ശാന്തരൂപിണിയായ അമ്മയുടെ സ്ഥിര പ്രതിഷ്ഠയാണ് . സ്വയംഭൂവെന്നു സങ്കല്‍പ്പിക്കാവുന്ന , അതീത കാലങ്ങളില്‍ എന്നോ ഉരുവായ ദേവീസാന്നിധ്യം. അധ:സ്ഥിത സമൂഹത്തിന്റെ ഹൃദയശോഭയില്‍ നിന്നാണ് അമ്മയുടെ മുടിപ്പുര വളര്‍ന്നത്‌.  തിരുവിതാംകൂര്‍ രാജവംശവും കോട്ടക്കകത്തെ ബ്രാഹ്മണ സമൂഹവും തിരുവനന്തപുരത്തിന് ചുറ്റുമുള്ള പ്രബലരായ നായര്‍സമൂഹവുമല്ല ആറ്റുകാല്‍ മുടിപ്പുരയെ വളര്‍ത്തിയത്. നാടെങ്ങുമുള്ള കീഴ് ജാതിക്കാരായ സാധുജനങ്ങളും കര്‍ഷകരും പരിതാപകരമായ ജീവിത പരിതോവസ്ഥകളില്‍ കഴിഞ്ഞ പാവങ്ങളും കണ്ണീരും കാണിക്കയും വെച്ച്  ഉള്ളുരുകിയ നൈവേദ്യം നല്‍കി ദേവിയെ തോറ്റി വളര്‍ത്തിയതാണ് നാമിന്നു കാണുന്ന ആറ്റുകാല്‍.
തലമുറയായി തോറ്റം പാട്ട് പാടുന്ന മധുവാശാന്‍റെ ഓര്‍മകളില്‍ ഭദ്രകാളീ സ്തവങ്ങളില്‍ കന്യ പുനര്‍ജനിക്കുന്നു. വ്യാഖ്യാനക്ഷമമല്ലാത്ത, മലയാഴ്മയില്‍ ഭദ്രയുടെ സാന്നിധ്യം മധുവാശാന്‍ അനുഭവിക്കുന്നു. പച്ചപ്പന്തല്‍ കെട്ടി  കാപ്പണിഞ്ഞു കുത്തിയോട്ടപ്പന്തല്‍ ഒരുങ്ങി .. ആശാനും കൂട്ടരും കൊടുങ്ങല്ലൂര്‍ ദേവിയെ തോറ്റി ഉണര്‍ത്തി ആറ്റുകാലിലേക്ക് ആവാഹിക്കുന്ന ഭാഗം സൈക്കടലിക്  ആയിട്ടാണ് ലക്ഷ്മീ രാജീവ് പുസ്തകത്തില്‍ ആവിഷ്കരിക്കുന്നത്. പന്തലിനുചുറ്റും തടിച്ചുകൂടിയ ഭക്ത ജനം വായ് ക്കുരവയിട്ടു ( Ululation) ദേവിയെ വരവേല്‍ക്കുന്നു.  ആറ്റുകാലിനു ചുറ്റുമുള്ള പതിനൊന്നു നായര്‍ കുടുംബങ്ങളാണ്  ഇപ്പോള്‍ തോറ്റംപാട്ട് നടത്തിവരുന്നത്. അമ്പതു വര്‍ഷത്തോളം ആറ്റുകാലിലെ മേല്‍ശാന്തിയായിരുന്ന തുളു ബ്രാഹ്മണനായ വിഷ്ണുവര്‍ധന്‍ അമ്പലത്തിനു ചുറ്റുപാടുമുള്ള കുട്ടികള്‍ക്കൊപ്പം നാലണ എട്ടണ നാണയങ്ങളായി ഭക്തജനങ്ങളില്‍ നിന്ന് സ്വരൂപിച്ച ധനത്തില്‍ നിന്നാണ് പൊങ്കാല മഹോത്സവത്തിന്റെ വളര്‍ച്ചയുടെ തുടക്കം. പില്‍ക്കാലം ഒന്നിലധികം തവണ ആറ്റുകാല്‍ പൊങ്കാലയുടെ ജനസാന്നിധ്യം ഗിന്നസ് റെക്കോര്‍ ഡില്‍ രേഖപ്പെടുത്തുകയുണ്ടായി.  ബി ബി സി  ഉള്‍പ്പടെയുള്ള വിദേശമാധ്യമങ്ങള്‍ പോലും പൊങ്കാലയുടെ മാഹാത്മ്യം ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പകര്‍ന്നു നല്‍കി.സ്ത്രീ ശാക്തീകരണം എന്ന പദം വര്‍ത്തമാന ലോകം പ്രയോഗിക്കുന്നതിനു  മുമ്പുതന്നെ അക്ഷരാര്‍ഥത്തില്‍ ആറ്റുകാല്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.  പില്‍ഗ്രിം ടൂറിസത്തിന്‍റെ ഭൂപടത്തില്‍ പുതിയൊരു ബ്രാന്‍ഡിംഗ് ക്രമേണ വരികയാണ്:   'Kerala - Goddess s own country '.
 ലക്ഷ്മി രാജീവിന്റെ പുസ്തകത്തില്‍ ഇനി പറയാനുള്ളത്  ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജയുടെ ദീപ്തമായ വിവരണവും ഗ്രന്ധരചനയില്‍ ലേഖിക നേരിട്ട വെല്ലുവിളികളുമാണ്. അതോടൊപ്പം ഈ പുസ്തകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയുടെ കഥയും. Lyrical എന്ന്  പറയാവുന്ന ഭാഷയിലാണ് ലക്ഷ്മി തന്റെ അന്വേഷണത്തിന്‍റെ നിമിഷങ്ങള്‍ രേഖപ്പെടുത്തുന്നത്.  തുടര്‍ന്ന് വായിക്കാം.








Thursday, August 11, 2016

ആറ്റുകാല്‍ അമ്മ - ജനലക്ഷങ്ങളുടെ ദേവി

ആറ്റുകാലില്‍ ചിരകാലമായി പാടിവരുന്ന തോറ്റംപാട്ടുകളാണ് അമ്മയുടെ ചിരന്തനസത്യം തുറന്നുതരുന്നത്. മലയാളഭാഷ രൂപം കൊളളുന്നതിനും എത്രയോ മുമ്പ് വായ്ത്താരിയായി ഉറവെടുത്ത തോറ്റംപാട്ടിന് സംഘകലത്തോളമോ അതിലുമധികമോ പഴക്കമുണ്ടെന്ന സത്യം ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാവും. മലയാളത്തിലോ തമിഴിലോ അല്ല മലയാം  തമിഴെന്നോ മലയാഴ്മയെന്നോ പറയാവുന്ന മിശ്രരൂപത്തില്‍ പാടിവന്ന തോറ്റം പാട്ടുകളിലാണ് ആറ്റുകാല്‍ ദേവിയുടെ ഉല്പത്തി കഥ ഉറങ്ങിക്കിടക്കുന്നത്. ഇത്രയും കാലം പാടിവന്നിട്ടും ആ കഥകള്‍ തിരഞ്ഞുനോക്കാന്‍ ആരും മിനക്കെട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം. ആറ്റുകാല്‍ ക്ഷേത്രത്തെക്കുറിച്ച് നിലവിലുള്ള വിശ്വാസം ആറ്റുകാല്‍ പിടാകത്തിലെ ചെറുകര മുല്ലുവീട്ടില്‍ കാരണവര്‍ കിള്ളിയാറിന് സമീപം കണ്ടെത്തിയ കണ്ണകിയെന്ന പെണ്‍കുട്ടിയെ അവിടെ കുടിയിരുത്തി എന്നാണ്. സ്വപ്നദര്‍ശനത്തില്‍ താന്‍ ചിലപ്പതികാരത്തിലെ കണ്ണകിയാണെന്ന് അരുളി എന്നാണു പില്‍ക്കാലം പ്രചരിച്ചുപോന്നത്.
ഈ കഥയുടെ പൊരുള്‍ തേടിയ ലക്ഷ്മി രാജീവ്,  കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പലതിന്റെയും  ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന കഥയെ പ്പോലെ ഇതും ഒരു കെട്ടുകഥ മാത്രമാണെന്ന് തിരിച്ചറിഞ്ഞു. ആറ്റുകാല്‍ മുല്ലുവീട്ടിലെ പഴയ രേഖകളിലൊന്നിലും അമ്മയെക്കുറിച്ചോ ക്ഷേത്രത്തെപ്പറ്റിയോ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. തിരുവിതാംകൂറിലെ വയലേലകളില്‍ അന്നു നിലവിലുണ്ടായിരുന്ന മുടിപ്പുരകളില്‍ ഒന്നായിരുന്നു ആറ്റുകാല്‍. കിള്ളിയാറിന്റെയും കരമാനയാറിന്റെയും തീരഭൂവില്‍ കൃഷിയിടങ്ങളില്‍ ആരാധനക്കായി ഒരുക്കിയ മുടിപ്പുരകള്‍ കര്‍ഷകന്റെ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തിയ ദേവി ആരാധന യായിരുന്നു. പില്‍ക്കാലത്ത്‌ ആറ്റുകാലില്‍ പ്രതിഷ്ഠ നേടിയ ജഗദംബയും സാധാരണക്കാരില്‍ സാധാരണക്കാരായ കര്‍ഷകര്‍ കുടിവെച്ച ദേവതയാണ്. തോറ്റം പാട്ടിലെ കഥയനുസരിച്ച്  സാക്ഷാല്‍ പരമേശ്വരന്റെ മകള്‍ കന്യ യാണ് ഭദ്രകാളീ ഭാവത്തില്‍ അവിടെ കുടിയിരുന്നത്. പതിനൊന്നാം വയസ്സില്‍ വിവാഹിതയായ, തുടര്‍ന്ന് നിത്യകന്യകയായി ജീവിക്കേണ്ടിവന്ന ദേവിയുടെയും താന്‍ വരാനായി മനസാ സ്വീകരിച്ച ബാലകന്റെയും ചരിതമാണ് തോറ്റം പാട്ടുകാര്‍ പാടിവന്നത്. ചിലങ്ക വില്‍ക്കാന്‍ മധുരയിലേക്ക് പോയതും മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച പാണ്ഡ്യരാജാവ് ബാലകനെ വധിക്കുന്നതും, ഇതറിഞ്ഞു  ദു:ഖാകുലയും ക്രോധാവിഷ്ടയുമായ കന്യ  തന്റെ കാല്‍ച്ചിലങ്ക എറിഞ്ഞു മധുരാനഗരിയെ എരിച്ചു ചാമ്പലാക്കുന്നതും എല്ലാം തുടര്‍ക്കഥയായി തോറ്റംപാട്ടിലും വരുന്നു. ഇളങ്കോവടികള്‍ ചിലപ്പതികാരത്തില്‍ ഭേദഗതിയോടെ അവതരിപ്പിച്ച കണ്ണകീ - കോവലന്‍ ചരിതം അതിനും മുന്നേ നിലനിന്നിരുന്ന തോറ്റംപാട്ടുകളുടെ അനുകീര്‍ത്തനമാവാം എന്നൊരു സാധ്യതയും നിലനില്‍ക്കുന്നു. ആറ്റുകാലിലെ മധുവാശന്‍ എത്രയോ തലമുറയായി പാടിവന്ന ഈ ഗാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യമാണ്.
ആദ്യകാലത്ത്  ഗുരുതി തര്‍പ്പണവും മൃഗബലിയും ഉണ്ടായിരുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പില്‍കാലത്ത് അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെ പ്പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഇടപെടല്‍ മൂലം മൃഗബലി എന്നേക്കുമായി നിര്‍ത്തുകയായിരുന്നു. മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണ് തോറ്റംപാട്ട് പാടി വന്നത്, പില്‍ക്കാലം മറ്റു സമുദായക്കാരും പാടാന്‍ തുടങ്ങി. ദേവിയെ വരിക്ക പ്പ്ലാവില്‍ കൊത്തിയെടുത്ത ദാരുശില്പമായാണ്  കുടിയിരുത്തിയത്.
അവ്യക്തമായി മറഞ്ഞുനിന്ന സത്യം തേടിയുള്ള യാത്രയിലാണ് ലക്ഷ്മി ആറ്റുകാലിന്റെ വര്‍ത്തമാനത്തിലേക്ക്‌ നടന്നെത്തുന്നത്. തിരുവിതാംകൂറിലെ മഹാരാജ സ്വാതി തിരുനാളിന്റെ ആസ്ഥാന ജ്യോതിഷി കൂടിയായിരുന്ന ശ്രീ ശങ്കരനാഥജ്യോത്സ്യരാണ്  (  1790- 1858) ദേവിയുടെ മുടിപ്പുരയെ ഇന്ന് കാണുന്ന മാതൃകയുടെ പൂര്‍വ രൂപത്തിലേക്ക് കൊണ്ടുവരുന്നത്. ബദരീനാഥ്‌ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം യോഗവാസിഷ്ടം ഭാഷ്യവും ദേവീ ഭാഗവതം പരിഭാഷയും നിര്‍വഹിച്ചിട്ടുള്ള ഒരു മഹദ് വ്യക്തിയായിരുന്നു. ശങ്കരനാഥജ്യോത്സ്യര്‍ എന്ന ഈ  മഹാപുരുഷനാണ്  ബ്രാഹ്മണവിധി അനുസരിച്ചുള്ള പൂജാസമ്പ്രദായം ആറ്റുകാലില്‍ ആവിഷ്കരിച്ചത്.
ആറ്റുകാല്‍ സ്വദേശി ദിവാന്‍ ബഹാദുര്‍ ജഡ്ജി ഗോവിന്ദപിള്ള എന്നാ മഹാമനുഷ്യനാണ്  നൂറ്റമ്പതു വര്‍ഷം മുന്‍പ് ആറ്റുകാലിലെ ദാരു പ്രതിഷ്ഠക്ക് പുതുക്കിപ്പണിത മുഖരൂപം പകര്‍ന്നത്.  പ്രശസ്ത ഗായിക കെ എസ്.ചിത്രയുടെ മുതുമുത്തച്ഛന്‍ ആയിരുന്ന ജഡ്ജി ഗോവിന്ദപിള്ളയുടെ സേവനം ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടെണ്ടതാണെന്ന് ലക്ഷ്മി രാജീവ് രേഖപ്പെടുത്തുന്നു. അതുപോലെ ഏറെക്കാലം പൂജാരിയായി ആറ്റുകാല്‍ നിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ വിഷ്ണു തീര്ഥന്‍പോറ്റിയും. ചട്ടമ്പി സ്വാമികളും ശിഷ്യന്‍ അഭേദാനന്ദ സ്വാമിയും അങ്ങനെ എത്രയോ മഹാരഥന്മാര്‍ ഇന്നത്തെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
"സര്‍വ മംഗള മംഗല്യേ  ശിവേ സര്‍വാര്‍ഥസാധികെ
ശരണ്യേ ത്ര്യംബകെ ദേവീ നാരായണീ നമോസ്തുതേ "
എന്ന് ഉള്ളില്‍ തട്ടി പാടുകയും അമ്മാ അമ്മാ ..എന്ന് വാവിട്ടു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ മക്കള്‍ ചിരന്തനമായൊരു പ്രാഗ്ബോധത്തെ അഭിസംബോധന ചെയ്യുകയാണ്. കാലങ്ങളായി കേട്ടു പതിഞ്ഞ കഥകളോ ചരിത്രമോ അവരെ തെല്ലും ബാധിക്കുന്നില്ല.പില്‍ക്കാലം ഒരു കണ്ണകിയമ്മന്‍ കോവില്‍ പോലെ ദ്രാവിഡ മാതൃകയില്‍ ക്ഷേത്ര മുഖപ്പുകളും സ്ഥാപാത്യ ശൈലിയും പ്രാകാര വിധാനവും മുഴുമിപ്പിക്കാന്‍ കാരണമായത്‌ ചിലപ്പതികാരകഥയുടെ സ്വാധീനമാവാം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പൊതുവേ തുറന്ന കാവുകളും കളരികളുമാണല്ലോ. ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി എന്ന പുസ്തകം ശരിയായ ദിശാബോധത്തോടെ എഴുതപ്പെട്ടതാണ് എന്ന് ആദ്യവായനയില്‍ തന്നെ നമുക്ക് ബോധ്യം വരും.ഒരു വിവാദപുസ്തകമായിട്ടല്ല ഞാന്‍ ഈ കൃതിയെ വായിച്ചത്‌. തുറന്ന സംവാദ ത്തിനുള്ള സാധ്യത തുറന്നുതരുന്ന മനോഹരകൃതി ആയിട്ടാണ് എനിക്കിത് അനുഭവപ്പെട്ടത്‌.
തോറ്റംപാട്ടുകളുടെ സൌന്ദര്യം, പൊങ്കാല മഹോത്സവത്തിന്റെ ആഘോഷം, ത്രിപുരസുന്ദരിയായ അമ്മയുടെ അലങ്കാരപ്രിയത, നിത്യപൂജാ ക്രമത്തിലെ സൂക്ഷ്മാംശങ്ങള്‍ എല്ലാം ഒന്നിനൊന്നു മനോഹരമാക്കിയ ഈ കൃതി പ്രസിദ്ധീകരിച്ചത് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയരായ   Harper Collins  ആണ്.  കമനീയമായ അനേകം ചിത്രങ്ങളും ഇല്ല സ്ട്രെഷനുകളും സ്കെച്ചുകളും പുസ്തകത്തിന്റെ സൌന്ദര്യത്തിനു മാറ്റ് കൂട്ടിയിട്ടുണ്ട്.
അടുത്ത ലക്കത്തില്‍ വിശദാംശങ്ങളുമായി വരാം .

Wednesday, August 10, 2016

ആറ്റുകാല്‍ അമ്മ ..ജനലക്ഷങ്ങളുടെ ദേവി

ഹിമാവാഹിനിയായ ഗംഗയെ പ്പോലെ കിള്ളിയാര്‍ ഒഴുകുന്നു സഹസ്രാബ്ദങ്ങളായി. കിള്ളിയുടെ പാദങ്ങള്‍ സ്പര്‍ശിച്ച മണ്ണില്‍ ജഗദംബിക കുടിയിരുന്നു. എത്ര വനനിലാവുകള്‍ ആ മുടിപ്പുരയെ തഴുകി കടന്നുപോയി. എത്ര വാസന്ത രാവുകളില്‍ അമ്മ മക്കളെയും കാത്തു കാത്തിരുന്നു. കിള്ളിയാറില്‍ മാനസ തീര്‍ഥത്തില്‍ കുളിച്ചു ശുദ്ധി വരുത്തി കണ്മഷി എഴുതി ചാന്തു തൊട്ട് ചന്ദനമെഴുതിയ മുഖശോഭയുമായി വരദായിനിയായ ദേവി മക്കള്‍ക്ക് ദര്‍ശനമേകി. തിരുവനന്തപുരം നഗരിയുടെ തീരം ചേര്‍ന്നുകിടന്ന ആറ്റുകാല്‍ തികച്ചും ശാന്തമായ ഒരു  ഗ്രാമപ്രദേശമായിരുന്നു അന്ന്. കൃഷി മാത്രം മുഖ്യ ജീവനമാര്‍ഗമായിരുന്ന അനേകം തലമുറകള്‍ അവിടെ ജീവിച്ചു. ആറ്റുകാല്‍ അമ്മയുടെ മുടിപ്പുരയിലെത്തി ഉള്ളതില്‍ പങ്കു കാണിക്ക അര്‍പ്പിച്ചും ഉള്ളില്‍ വിങ്ങിയ സങ്കടങ്ങള്‍ അമ്മയോടു പങ്കിട്ടും അമ്മ നല്‍കിയ പ്രസാദം ഏറ്റുവാങ്ങിയും ആണ്ടിലൊരിക്കല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിച്ചും അങ്ങനെ എത്രയോ കാലം...

ഇന്ന് ആറ്റുകാല്‍ ക്ഷേത്രം വന്‍കരകള്‍ താണ്ടി വിശ്വം മുഴുവന്‍ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. ആറ്റുകാലമ്മ ജനലക്ഷങ്ങളുടെ അഭയവും രക്ഷയുമാണ്.കേരളത്തിനകത്തും പുറത്തും നിന്നുമായി സ്വദേശികളും വിദേശികളുള്‍പ്പടെ ലക്ഷങ്ങളാണ് ആണ്ടുതോറും കൊണ്ടാടുന്ന ആറ്റുകാല്‍ പൊങ്കാലക്ക് നെഞ്ചുരുളിയില്‍ വെന്ത സങ്കടങ്ങള്‍ നൈവേദ്യമായി അര്‍പ്പിക്കനെത്തുന്നത്. അമ്മയുടെ കഥ തിരുവനന്തപുരത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്നുപോയ ഒരദ്ഭുതമാണ് .
ആ അദ്ഭുതം തേടി ഒരു ഗവേഷക ആറ്റുകാലില്‍ എത്തി. അമ്മയുടെ മുന്‍പില്‍ നിറകണ്ണുമായി എല്ലാംമറന്നു വന്ദിച്ചുനിന്നു. സമുദ്രവസനയായ ദേവിയുടെ തിരുമുന്‍പില്‍ മിഴിനീര്‍ കാണിക്ക യര്‍പ്പിച്ചു ' പാദസ്പര്‍ശം ക്ഷമസ്വ മേ..' എന്ന് ഉള്ളുരുകി കരഞ്ഞു.അമ്മയുടെ കഥ പറയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരു മധ്യാഹ്നത്തിലായിരുന്നു ഉച്ചശീവേലി കണ്ടു വണങ്ങിയ ലക്ഷ്മിക്ക്  അമ്മയെ അടുത്തറിയണമെന്ന അതിയായ വെമ്പല്‍ ഉണ്ടാകുന്നത്.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെയും അമ്മയുടെയും പൊങ്കാലയുടെയും കഥയും ചരിത്രവും തേടി കവയിത്രിയും ഗവേഷകയുമായ ശ്രീമതി ലക്ഷ്മി രാജീവ് നടത്തിയ നീണ്ട നാല് വര്‍ഷത്തെ നിരന്തരാന്വേഷണം മനോഹരമായ ഒരു ഗ്രന്ഥമായി ഇതാ നമ്മുടെ മുന്‍പില്‍. അമ്മയോടുള്ള അളവറ്റ സ്നേഹവും ഭക്തിയും വിനയവും ലക്ഷ്മിയുടെ കൃതിയെ ഗഹനവും സുരഭിലവുമാക്കുന്നു. ചരിത്രം ചികയുമ്പോള്‍ കതിരും പതിരും വേര്‍തിരിക്കാനും കാലത്തോടൊപ്പം ഒഴുകിപ്പോയ സത്യത്തിത്തിന്റെ ഹിരണ്മയപാത്രം തുറന്നെടുക്കാനും ലക്ഷ്മി തീരുമാനിച്ചത് ഒരു നിയോഗമായിട്ടാണ്. താന്‍ തൊടുന്നത് മഹത്തായൊരു പൊരുളിന്റെ നേരിലാണെന്നു തുടക്കം തൊട്ടേ ലക്ഷ്മിക്ക് ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും പുനരന്വേഷണത്തിന്റെ മുദ്രകള്‍ തിരഞ്ഞു പോകുന്ന ഒരു വിദ്യാര്‍ഥി നേരിടാനിടയുള്ള പ്രതിബന്ധങ്ങള്‍ ലക്ഷ്മിയും തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍, ലഭ്യമായ ചരിത്ര രേഖകള്‍, ജീവിച്ചിരിക്കുന്ന അപൂര്‍വ്വം വ്യക്തികള്‍, പോയ തലമുറയിലെ കഥകള്‍ പകര്‍ന്ന വയോധികര്‍, ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ശരിയായ ചരിത്രം ഉറങ്ങിക്കിടന്ന തോട്ടം പാട്ടുകള്‍,  ഇന്നും അത് പാടുന്ന അപൂര്‍വ്വം മനുഷ്യര്‍, ഫോക് ലോര്‍ മേഖലയിലെ തലമുതിര്‍ന്ന അധ്യാപകര്‍, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളെ ക്കുറിച്ചുള്ള പഠനങ്ങള്‍, തന്ത്രസമുച്ചയം പോലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍, സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുള്ള ഗവേഷണങ്ങള്‍... തീരുന്നില്ല.
നാല് വര്‍ഷവും അമ്മയെന്ന ധ്യാനവും മന്ത്രവുമായി അമ്മയില്‍ നിറഞ്ഞു ജീവിക്കാന്‍ ഈ എഴുത്തുകാരി വ്രതം നോല്‍ക്കുന്നു. അതീവ മധുരമാണ് ലക്ഷ്മി രാജീവ് എഴുതിയ ' ആറ്റുകാല്‍ അമ്മ .. ജനലക്ഷങ്ങളുടെ ദേവി' എന്ന പുസ്തകം. ആറ്റുകാല്‍ എന്ന പൊരുളിന്റെ വശ്യത വാക്കുകളുടെ സംഗീതമായാണ് നമുക്ക് അനുഭവപ്പെടുക. അമ്മയുടെ ഒരു ദിവസം തുടങ്ങുന്ന ഭൂപാളം തൊട്ട് രാത്രി നീലാംബരിയില്‍ അമ്മ പള്ളിയുറങ്ങും വരെയുള്ള അഭൌമമായ അന്തരീക്ഷം ലക്ഷ്മി വര്‍ണിക്കുന്നത് കവിത നിറഞ്ഞ ഭാഷയിലാണ്.
ഈ ചരിത്രത്തിന്റെ താളുകള്‍ക്കിടയിലൂടെ ഒരു കാല്‍ത്തള യുടെ നാദം നമ്മെ പിന്തുടരും. കേവലം പതിനൊന്നു വയസ്സ് മാത്രമുള്ള കന്യ എന്ന പെണ്‍കുട്ടിയുടെ ചിലങ്കയുടെ ശബ്ദം.  ആ ശബ്ദം തേടിയാണ് ലക്ഷി രാജീവ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിച്ചത്....

( അവസാനിക്കുന്നില്ല )

Monday, June 27, 2016

കാവാലം - ഒരിക്കലും തുളുമ്പാത്ത നിറകുടം

ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്‌. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലുംനാടൻകലകളിലും തല്പരനായിരുന്നു. കുടുംബം ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണൻ,പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകപ്രവർത്തനം ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നല്കി.  

തനതുനാടകവേദി 1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ[അവലംബം ആവശ്യമാണ്]. കവിതയും സംഗീതവും യഥാതഥ(Realistic) നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാൻ കാവാലം ഉൾപ്പെടെയുള്ള നാടകപ്രവർത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെസ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

രവീന്ദ്രനാഥടാഗോറിന്റെ ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ ഇടയായപ്പോഴാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് നഷ്ടമാകുന്നതെന്തെന്നു കാവാലം തിരിച്ചറിഞ്ഞത്. ജന്മഗൃഹമായ കാവാലം പാലായില്‍ തറവാട്ടില്‍ 'കുരുന്നുകൂട്ടം' എന്നൊരു കുട്ടിക്കൂട്ടം കുട്ടനാടന്‍ ശൈലിയില്‍ രൂപപ്പെട്ടത് അങ്ങനെയാണ്. പ്രകൃതിയാണ് അവിടെ കലാകേന്ദ്രം. നാടകവും തനതു കലകളും ആയിരുന്നു കുരുന്നുകൂട്ടത്തിലെ പ്രധാന പരിശീലനങ്ങള്‍. അദ്ദേഹം പറഞ്ഞു: നമ്മുടെ സംസ്കാരത്തെപ്പറ്റി കുട്ടികള്‍ മനസ്സിലാക്കണം. മത്സരമല്ല , ജീവിതം ഉത്സവമാണെന്ന് കുട്ടികള്‍ മനസ്സിലാക്കട്ടെ. പ്രകൃതിയുമായുള്ള സജീവബന്ധത്തെ പ്പറ്റി കുട്ടികള്‍ കണ്ടും കൊണ്ടും അറിഞ്ഞു വളരട്ടെ. "

സ്വന്തം കലയിലും വിശ്വാസത്തിലും താന്‍ അനുഭവിച്ചു വളര്‍ന്ന നാടന്‍ മിത്തുകളും കഥകളും പുതിയ കാലത്തിന്റെ ക്ലാസ്സിക്കുകളായി അദ്ദേഹം പുന: സൃഷ്ടിച്ചു. കേരളത്തിന്റെ നാടകരംഗവേദിയെത്തന്നെ നാട്ടറിവിന്റെയും ശീലുകളുടെയും ചുവടുകള്‍ കൊണ്ട് കാവാലം ചടുലമാക്കി. 'പുറനാടിയുടെയും'  'കരിങ്കുട്ടിയുടെയും' ' തെയ്യത്തെയ്യത്തിന്റെയും' നാട്ടുവായ്ത്താരികള്‍ അരങ്ങില്‍ ജീവന്‍ വെച്ചു. ഭാരതീയ നാടക സങ്കല്പത്തിന്റെ പൊളിച്ചെഴുത്തുകള്‍ ആയിരുന്നു കാവാലത്തിന്റെ അവതരണങ്ങള്‍.
ചാരുദത്തവും ഊരു ഭംഗവും,  സ്വപ്നാവാസവദത്തവും അദ്ദേഹം വളര്‍ത്തിയെടുത്ത ശിഷ്യസമൂഹം അരങ്ങില്‍ എത്തിച്ചു. തിരുവനന്തപുരം തൃക്കണാപുറത്തെ ' സോപാനം' കളരിയില്‍  കാളിദാസനും ഭാസനും പുനര്‍ജനിച്ചു.  നെടുമുടി വേണു, മോഹന്‍ലാല്‍ എന്നീ അതുല്യ അഭിനയ പ്രതിഭകളെ അദ്ദേഹം പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്‌ ഉണര്ത്തിയെടുത്തു.
നാടകം പടിഞ്ഞാറനാണെന്ന വിശ്വാസത്തെ അദ്ദ്ദേഹം ചോദ്യംചെയ്യുകയായിരുന്നു. കേരളത്തിന്റെ മണ്ണിലും വയല്‍വരമ്പിലും നാടകത്തിന്റെ വിത്തുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്നു കാവാലം തിരിച്ചറിഞ്ഞു. സംവിധായകന്‍ അരവിന്ദന്റെയും കവി അയ്യപ്പ പണിക്കരുടെയും ഉത്സാഹത്തിലാണ് കാവാലം തെന്റെ മാസ്റ്റര്‍പീസായ ' അവനവന്‍ കടമ്പ അവതരിപ്പിക്കുന്നത്‌. പരിസരവുമായി ഇണങ്ങി നില്‍ക്കുന്ന , പരിസ്ഥിതി സങ്കല്പത്തെ പുന:പ്രതിഷ്ടിക്കുന്ന ഒരു അരങ്ങേറ്റമായിരുന്നു അത്.  കാവാലം പറഞ്ഞു: " തിരശ്ശീല ഉപേക്ഷിക്കാമെന്ന് അന്തിമവും ദൃഡവുമായ ധൈര്യം കിട്ടിയത് അവനവന്‍ കടമ്പയിലാണ്. നെടുമുടി, ജഗന്നാഥന്‍ , കൃഷ്ണന്‍കുട്ടി നായര്‍ ,കൈതപ്രം, കലാധരന്‍ ഗോപന്‍ എന്നിവര്‍ ഒപ്പം നിന്നു.കടമ്പ എന്നാല്‍ വേലി. അവനവന്‍ തന്നെയാണ് അവനവന്റെ വളര്‍ച്ചക്ക് വിഘാതം നില്‍ക്കുന്ന കടമ്പ . ആട്ടപ്പണ്ടാരങ്ങളും പാട്ടുപരിഷകളും അവിടെ വന്നു ചേരുന്നു. കാവില്‍ ഉത്സവം നടക്കുകയാണ്. ഉത്സവം കാണാന്‍ പോകണമെങ്കില്‍ ഒരു കടമ്പ കടക്കണം. അവനവന്‍ കടമ്പ. അതില്‍ എല്ലാവരും വീഴുന്നു. വാഴുന്നവരും ഇരട്ടക്കണ്ണന്‍ പക്കിയും എല്ലാവരും. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും അതില്‍ വീഴും. മലയാള നാടകവേദിയുടെ അതുവരെ നിലനിന്ന എല്ലാ സങ്കല്പങ്ങളെയും കാവാലം പോളിച്ചെഴുതുകയായിരുന്നു.
കാവാലത്തിന്റെ വിയോഗത്തിലൂടെ  ഒരു കാലം അവസാനിക്കുന്നു. പ്രതിഭകളുടെ മാറ്റുരച്ച തനതു വേദിയുടെ ഒരു നാടക കാലം. കാലത്തിന്റെ യവനിക , പക്ഷെ താഴുന്നില്ല. കാവാലം നാരയണ പണിക്കര്‍ മലര്‍ക്കെ തുറന്നിട്ട തിരുവരങ്ങ്  അണയാത്ത കളിവിളക്കുമായി കാത്തു നില്‍ക്കുന്നു. പുതു തലമുറയില്‍ നിന്ന് വരും, ഇനിയും കുരുന്നുകള്‍ . കാവാലത്തെ പാടവരമ്പില്‍ കളി പഠിച്ച കുട്ടിക്കൂട്ടം ആ അരങ്ങുണര്‍ത്തുന്നത് വരും കാലം കാണാനിരിക്കുന്നു.

Wednesday, June 15, 2016

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല. നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു നിമിഷസാരം കൊത്തിവെക്കുന്നു. ദൂരദര്‍ശിനിയല്ല  സൂക്ഷ്മദര്‍ശിനിയാണത് .

ജാപ്പനീസ് കാവ്യ സമ്പ്രദായമാണ് ഹൈക്കു. പെരുമാറ്റം, ഭക്ഷണം, അലങ്കാരം, കലകള്‍ തുടങ്ങി അവരുടെ ജീവിതശൈലിക്ക് ഹൈക്കുവുമായി ഏറെ ഇഴയടുപ്പം. പൂക്കള്‍ക്ക് പോലും ഒരു വിനിമയഭാഷയുണ്ട് അവിടെ. ഹൈക്കുവിനെ അറിയാന്‍ ജാപ്പനീസ്  സംസ്കൃതിയെക്കുറിച്ച്  അറിയേണ്ടതുണ്ട്. അതിനു വഴിവിളക്കാവുന്ന ലേഖനങ്ങളും സാംസ്കാരിക സൂചകങ്ങളും ഈ സമാഹാരം തുറന്നു തരുന്നുണ്ട്. അനാവശ്യമായ എന്തും അവര്‍ ജീവിതത്തില്‍ ഒഴിവാക്കിയപോലെ ഹൈക്കുവും ദുര്‍മേദസ്സുകളെ കുടഞ്ഞെറിയുന്നു.
ഹൈക്കു ആചാര്യന്മാരായ ബാഷോ, ഇസ്സ , ബുസണ്‍ എന്നിവരുടേതടക്കം നിരവധി കാവ്യ വിവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നത് ആദ്യകാല മാസ്റ്റര്‍പീസുകളെ അടുത്തറിയാന്‍ സഹായിക്കും. " ഇറ്റിറ്റു വീഴുമീ
  തുഷാര ബിന്ദുക്കളാല്‍
  മൃതലോകമൊന്നു കഴുകുവാനായെങ്കില്‍.."  ( ബാഷോ)

മധുരക്കിഴങ്ങിന്റെ ഇലയില്‍
തന്റെജീവിതം പൊതിയുന്നു
ആ ജലകണം   ( കികാകു)

ഓ, ഒച്ചെ
ഫ്യൂജി പര്‍വതം കയറുക
പക്ഷെ മെല്ലെ മെല്ലെ .. ( ഇസ്സ )

ലോകമെമ്പാടും എന്നപോലെ ഭാരതത്തിലും ഹൈക്കുവിനു വേരുകളുണ്ട്. ഇന്ത്യന്‍ ഹൈക്കു കവിത വിഭാഗത്തില്‍ നിന്നും അതുപോലെ മലയാളത്തില്‍ നിന്നും രചനകള്‍ കണ്ടെടുത്തു ചെര്‍ത്തിയത് ഔചിത്യപൂര്‍ണമായി.
'ഹൈക്കു പോയെംസ് ' എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ സമാഹൃതമായ ഈ പുസ്തകം ഹൈക്കു കവിതയെ ലാളിക്കുന്നവര്‍ നെഞ്ചേറ്റും. ഹൈക്കു എഴുതുന്നവരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉതകും. വിവര്‍ത്തനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നുവെന്നതും  ആഹ്ലാദകരം.
നിങ്ങള്‍ ഹൈക്കു എഴുതുകയല്ല , ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നതത്രേ നേര് .

ഹൈക്കു കവി തുടങ്ങിവെക്കുന്നേയുള്ളൂ .ഉച്ചരിക്കപ്പെട്ട വാക്കുകല്‍ക്കുമപ്പുറത്തുള്ള ഏകാന്ത ധ്യാന നിമിഷത്തെ മുഴുവനാക്കുന്നത് വായനക്കാരാണല്ലോ.
 ശ്രീ സേതുമാധവന്‍ മച്ചാട് ഇതാ ആര്‍ദ്രഭാഷയില്‍ തുടങ്ങി വെക്കുന്നു. മലയാളം പൂര്‍ത്തിയാക്കട്ടെ .



-  രാമകൃഷ്ണന്‍ കുമരനെല്ലൂര്‍





പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല.