Thursday, November 3, 2011

Guru Nithya


' ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... '
ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍.
നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. '
നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും....
അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി.
സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല.
ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍.
അറിവിന്റെ  നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും
ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു.

നിത്യചൈതന്യ യതി
എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ധാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു)
ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ്‌ ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം  കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു
വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ധാശ്രമത്തിലെ പ്രാര്‍ഥന പോലെ.ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം പറയുന്നവര്‍',
ഹൃദയത്തിലെ ആരാധനാസൌഭഗം'
' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സംയക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന്‌ ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം
 അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം.
നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു.
പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും  യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍
'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .


-sethumadhavan machad

No comments:

Post a Comment