Wednesday, September 19, 2012

KV Baby


തുള്ളുന്നതും തുളുമ്പുന്നതും...


ആഴിയുടെ നീലയും കാടിന്‍റെ പച്ചയുമായി ഭൂമിക്കു മീതെ ഒരു കിളി അടയിരുന്നു. ജാലകത്തിലൂടെ കാണുന്ന അലിവാര്‍ന്ന പ്രകൃതി കവിയുടെ ഉള്ളില്‍ ഒരു കെടാവിളക്ക് നീട്ടി. മധുരമായ ശബ്ദത്തില്‍ ഓര്‍മകളില്‍ അടയിരിക്കുന്ന ആ കിളി പാടി. 'ഉള്ളിന്‍റെയുള്ളില്‍ തുള്ളുന്നതെന്തോ തുളുമ്പുന്നതെന്തോ..'
'പറയുവാനറിയില്ല പക്ഷെ, പറയാതിരിക്കാനുമാവതില്ല..'
കെ വി ബേബിയുടെ ഓര്‍മകളുടെ നദിയാണ് " പോക്കുവെയില്‍പ്പൊന്ന്". ശിശുസഹജമായ നിഷ്കളങ്കത ഈ കൃതിയെ മുകര്‍ന്നുനില്‍ക്കുന്നു. ജീവിതനിരീക്ഷണത്തിന്‍റെ നേര്‍ത്ത ജലച്ചായചിത്രങ്ങള്‍. അവതാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി.ഈ സ്മരണകളിലൂടെ കടന്നുപോകുന്ന ഒരാള്‍ ഹൃദയവിശുദ്ധിയുടെയും നന്മയുടെയും സ്പര്‍ശം അറിയാതിരിക്കില്ല.
ഓര്‍മയുടെ മന്ദാരപത്രത്തില്‍ ബേബി കുറിക്കുന്ന പ്രാര്‍ഥനകള്‍ക്ക് സത്യവേദത്തിന്‍റെ സരളതയും വിശുദ്ധിയുമുണ്ട്. പോക്കുവെയിലിന്‍റെ വെള്ളിനാണയങ്ങള്‍ ഊര്‍ന്നുവീണ പൂവരശിന്‍റെ മരച്ചില്ലകള്‍ തണല്‍ നീര്‍ത്തിയ കുട്ടിക്കാലം കവി ഓര്‍ത്തെടുക്കുന്നു. ഇലഞ്ഞിച്ചോട്ടിലെ ഓര്‍മകളുടെ മര്‍മരം , വളര്‍ന്നപ്പോഴും കവിയിലെ കുട്ടിയെ വിടാതെ പിന്തുടര്‍ന്നു.പേരറിയാത്ത തന്തോന്നിപ്പൂക്കളുടെ നിറവാത്സല്യം നുണഞ്ഞ കാലം. തൊടികളും പാടവരമ്പുകളും ഉരുസക്കുത്തായ നാട്ടുപാതകളും കായ്ക്കറിപ്പാടങ്ങളും മാന്തോപ്പുകളും, നീലസര്‍പങ്ങള്‍ തലനീര്‍ത്തിയ കല്ലുവെട്ടുമടകളും കവിയുടെ ഓര്‍മകളില്‍ മഞ്ചാടി വര്‍ണങ്ങള്‍ ചാര്‍ത്തി. പാടത്തെ ചേറിന്‍റെ മണവും വേര്‍പ്പിന്‍റെ സുഗന്ധവും പുന്നെല്ലിന്‍റെ നീരാവിയും കശുമാവിന്‍ തോപ്പിലെ ചാറും ചറവും മുറ്റിയ മധുരിക്കും ഓര്‍മകളുടെ കഥകള്‍ ഗൃഹാതുരമായി വായിച്ചുപോകുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ നാം വീണ്ടും മുങ്ങിനിവരുന്നു. പില്‍ക്കാലം ഇതെല്ലാം കവിതകളില്‍ പൂത്തുലഞ്ഞു പരിമളം വിടര്‍ത്തി.

വൈലോപ്പിള്ളി സന്ധ്യയില്‍ മഹാകവിയെ കണ്ടുമുട്ടിയ നിമിഷം കവിതയുടെ പ്രാര്‍ഥന പോലെ. ജീവിതത്തിന്‍റെ വൈചിത്ര്യങ്ങള്‍പ്രതിഭയുടെ കൊടിയടയാളമായി കൊണ്ടുനടന്ന വൈലോപ്പിള്ളിയുടെ നിറ സാന്നിധ്യം ഈ കവിയെ ആത്മാവില്‍ സ്പര്‍ശിച്ചു. പോക്കുവെയില്‍പ്പൊന്ന് ' അവനിവാഴ്വിനു മീതെ നീലവിഷാദത്തിന്‍റെ കരിനിഴല്‍ വീണ പുലാക്കാട്ടു രവീന്ദ്രന്‍റെകാവ്യലോകത്തേക്കുള്ള യാത്ര. 'കരുണയിലൊരു രാത്രി' ഏതു ശത്രുവിനെയും നിരായുധനാക്കുന്ന വശ്യമായ ഒരു വെണ്‍ചിരിയെക്കുറിച്ചാണ്. എം എന്‍ വിജയന്‍ മാഷ്‌. 'പെയ്തു തോരാത്ത ബഷീര്‍' ചതിക്കുന്ന ലാളിത്യവുമായി ഒരു മഹാ വന്‍കരയില്‍ പാര്‍ത്ത ഇമ്മിണി വലിയ ഒരു മനുഷ്യന്‍റെ കൊച്ചുജീവിതം വരച്ചെടുക്കുന്നു. 'ചിരി മാഞ്ഞുപോയ ചുണ്ടിലെ പരിഹാസമുദ്ര' ജന്മസഹജമായിക്കിട്ടിയ തലകുനിക്കാത്ത നര്‍മബോധത്തിന്‍റെ വാള്‍മുനയായ അയ്യപ്പപ്പണിക്കരെ നമിക്കുന്നു.
ലീലാവതി ടീച്ചറും അഴീക്കോടും കുഞ്ഞുണ്ണി മാഷും, കടമ്മനിട്ടയും, ചുള്ളിക്കാടും, വി ജി തമ്പിയും സിവിക്ക് ചന്ദ്രനും രാവുണ്ണിയും മുല്ലനേഴിയും വി പി ശിവകുമാറും തൃശൂര്‍ സെന്‍റ് തോമസ്‌ കോളേജും കറന്റ് ബുക്സും, പുത്തന്‍പള്ളിയും അല്‍ത്താരയും കവിയരങ്ങുകളും ചിര സൌഹൃദങ്ങളും തുള്ളിത്തുളുമ്പിയ ഈ ഓര്‍മപ്പുസ്തകം നേര്‍ത്ത ജലച്ചായത്തിലെഴുതിയൊരു മനോഹരചിത്രം പോലെ.
കുട്ടിയുടെ കണ്ണുകളിലൂടെ കാണുന്ന ലോകം പ്രകാശഭരിതമായിരുക്കും.കെ വി ബേബി എന്ന വലിയ കുട്ടിയുടെ കാഴ്ച സത്യവും സൌന്ദര്യവും മുദ്രവെച്ച സുവര്‍ണ സ്മരണകളുടെ തീര്‍ഥമാണ്‌ .ഉള്ളിന്‍റെയുള്ളില്‍ തുള്ളുന്ന, തുളുമ്പുന്ന.. പറയുവാനാവാത്ത,പറയാതിരിക്കാനുമാവാത്ത വാക്കുകളുടെ.....

No comments:

Post a Comment