Tuesday, February 14, 2023
കാശ്മീർ എൻ്റെ രക്തചന്ദ്രിക
=============================
Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്‍മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്.
ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച് രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.
ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്‌മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്‌റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി.
അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്‌ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ.
ജമ്മുവും ശ്രീനഗറും അമൃത്‌സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്‌ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്‌ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്‌ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ.
അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു.
പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്.
1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്‌ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്‌ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്‌ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്‌ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച് 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ.
വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്‌ഥാനവുമില്ല. "
ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്‌ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്‌ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു.
കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്‌ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )
Subscribe to:
Post Comments (Atom)
No comments:
Post a Comment