Monday, February 13, 2023
കശ്മീർ എൻ്റെ രക്തചന്ദ്രിക
Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്‍മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്.
ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച് രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.
Wednesday, January 25, 2023
വ്യൂ ഫൈൻഡർ
ഈ ലക്കം വ്യൂ ഫൈൻഡർ ട്രീ ഫോട്ടോഗ്രഫിയാകട്ടെ. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ പ്രകൃതിയിലെ വനസസ്യങ്ങൾ അതിവിപുലമായൊരു ശാഖയാണ്. ട്രീ ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്യുന്നവർ ലോകമെമ്പാടുമുണ്ട്. കാടും മേടും കുന്നുകളും പർവ്വതങ്ങളും നദീതീരങ്ങളും പശ്ചാത്തലമായി വരുന്ന ഫോട്ടോഗ്രാഫിയിൽ തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങൾ പ്രത്യേകമായൊരു ambience സൃഷ്ടിക്കുമല്ലോ. ഇലകൊഴിഞ്ഞ ഒറ്റമരം പലപ്പോഴും ഒരു പ്രതീകം പോലെ വേറിട്ടുനിൽക്കും. വസന്തവും ശിശിരവും ഗ്രീഷ്മവും ഹേമന്തവുമെല്ലാം മരച്ചാർത്തുകളിൽ കവിത രചിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദേശത്താണെങ്കിൽ ഓക്കുമരങ്ങളും ബിർച്ചും സ്തൂപികാഗ്രിതവൃക്ഷങ്ങളും ഫോട്ടോഗ്രാഫിയിൽ പെയിന്ടിങ് പോലെയാണ് അനുഭവപ്പെടുക. മറിച്ചും സംഭവിക്കാറുണ്ട്. മഹത്തായ പല പെയിന്റിങ്ങുകളും ഫോട്ടോഗ്രാഫിയെ അതിശയിക്കുംവിധം യാഥാർഥ്യ പ്രതീതിയോടെ കാണപ്പെടാറുണ്ട്. സൂര്യോദയ വേളകളിലും അസ്തമയസന്ധ്യയുടെ സുവർണനിമിഷങ്ങളിലും ക്ലിക്ക് ചെയ്ത വനമരങ്ങളുടെ സൗന്ദര്യം സവിശേഷമായൊരു കാഴ്ചയാണ് സമ്മാനിക്കുക. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ച നമ്മുടെ എൻ ഏ നസീർ, വിക്ടർ , ദത്തൻ പുനലൂർ, നന്ദകുമാർ മൂടാടി,രവിശങ്കർ എന്നിവരുടെ ഫോട്ടോഗ്രാഫുകൾ ഓർക്കുന്നു.
ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങൾ കൊച്ചുകേരളത്തിലെ ഋതുവിന്യാസങ്ങളിൽ എൻ്റെ ക്യാമെറയിൽ പതിഞ്ഞ വനലതകളാണ്. അതിൽ മുളങ്കാടുകളും കേരവൃക്ഷങ്ങളും കരിമ്പനയും മൂന്നാറിൽ നിന്നും വയനാട്ടിൽ നിന്നും പകർത്തിയ പേരറിയാത്ത തരുരാജന്മാരും നിലമ്പൂർ തേക്കുകളും വാർഷികവലയം തീർത്തുനിന്ന തരുക്കളും പുറംതൊലി അടർന്നുപോയ മരങ്ങളും എല്ലാമുണ്ട്.
ധ്യാനത്തിൽ നിലകൊള്ളുന്ന ബോധികളും അലസഗമനം നടത്തുന്ന ലതകളും ഛായ പടർത്തിനിൽക്കുന്ന തണൽ മരങ്ങളും കാടിനുമീതെ പൂത്തുലഞ്ഞ പൂമരങ്ങളും ഇലകൊഴിഞ്ഞ സായന്തനങ്ങളും പുലരിമഞ്ഞിൽ കുളിച്ചുനിന്ന നാട്ടുമരങ്ങളുമുണ്ട്. നാം ജീവിതയാത്രയിൽ കണ്ടെത്തുന്ന മരങ്ങൾ ഓരോന്നും ഓരോ രീതിയിൽ നമ്മോടു സംവദിക്കുന്നുണ്ട്. അവ വിനിമയം ചെയുന്ന പ്രശാന്തി അനന്യമാണ് എന്നുതന്നെ പറയണം.
Friday, December 23, 2022
വ്യൂ ഫൈൻഡർ
പ്രകൃതിയെ ക്യാമെറയിൽ പകർത്തുക എന്നാൽ നീലാകാശവും സാഗരോർമികളും പച്ചക്കുട നീർത്തിയ വൃക്ഷങ്ങളും പുല്ലോലകളിൽ മുത്തമിട്ട പൂമഞ്ഞുകണങ്ങളും എന്നുവേണ്ട കാണലും കാഴ്ചയും ചെന്നുതൊടുന്ന അതിരുകളിൽ പ്രത്യക്ഷമാവുന്നതെന്തും പ്രസാദമായി കൈനീട്ടി വാങ്ങുകയാണ്. "ഗഗനമെന്തൊരദ്‌ഭുതം സമുദ്രമെന്തൊരദ്‌ഭുതം"എന്ന് കവി ആശ്ചര്യപ്പെട്ടതുപോലെ യാത്രയിൽ നമുക്കൊപ്പം വിടർന്നുവരുന്ന കാഴ്ചകളെല്ലാം ക്യാമറയുടെ ഫ്രെയിമുകളാണ്. ഈ ലക്കം വ്യൂ ഫൈൻഡർ ജലത്തെ കൈക്കുടന്നയിൽ എടുത്തു തൊടാൻ ശ്രമിക്കുകയാണ്. കടലിലെ നീലജലം, കുളത്തിലെ ഹരിതനിറമാർന്ന ജലം, നീരരുവിയിലെ ജലം, തടാകത്തിലും കായൽപ്പരപ്പിലും കിണറിലും കിടങ്ങിലും നിപതിച്ച ജലം, ഇലച്ചാർത്തിലും ചാറ്റൽമഴയിലും അണക്കെട്ടിലും സൂര്യാസ്തമയങ്ങളെ വരവേറ്റ ജലസ്പർശങ്ങളിലും കാമറ ഓരോ യാത്രയിലും പലപ്പോഴായി ചെന്നുമ്മവെച്ച കുറെ നിശ്ചലദൃശ്യങ്ങൾ ഒരാൽബമായി തുറന്നുവെക്കുന്നു.
ഇതിൽ ആൻഡമാൻ ദ്വീപുകളിലെ ഹരിതനീല ജലവും വേമ്പനാട്ടു കായലിലെ മൂവന്തി പ്രതിഫലിച്ച ജലവും ആറ്റുവഞ്ചിയിൽ നിന്നുള്ള ജലത്തിൻ്റെ കിടപ്പും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും നീരോടിക്കിടന്ന ജലക്കാഴ്ചയും ഹംസങ്ങൾ നീരാടാനിറങ്ങിയ കൈത്തോടിലെ ദൃശ്യവും ഹിമഭൂമിയിൽ തറഞ്ഞുകിടന്ന കണ്ണാടിത്തടാകവും തീവണ്ടിയുടെ ജാലകത്തിലൂടെ ഒഴുകിയകന്ന കായൽകാഴ്ചയും അങ്ങനെയങ്ങനെ ജീവിതയാത്രയിൽ നാമോരുരുത്തരുടെ മുന്നിലും വന്നും പോയുമിരിക്കുന്ന ഇത്തിരി ഒത്തിരി ദൃശ്യങ്ങളുടെ കാഴ്ചയും പൊലിമയും .....
ഫ്യൂജിയിലും കാനൻ ക്യാമറയിലും റെഡ് മീ മൊബിലിലും എടുത്ത അതിസാധാരണമായ ചിത്രങ്ങളാണ് ഇവ. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരാളുടെ കൈത്തെറ്റുകൾ എന്ന് വിനയാന്വിതനാകാനാണ് എനിക്കിഷ്ടം.
Saturday, November 19, 2022
ബുദ്ധശിലാതല്പത്തിലൂടെ
മുംബൈ നഗരത്തിൽനിന്ന് അല്പമകലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് കടൽയാത്ര ചെയ്താൽ നമുക്ക് പ്രശസ്തമായ എലിഫൻഡ ഗുഹകൾ സന്ദർശിക്കാം. എന്നാൽ മുംബൈ നഗരമധ്യത്തിലെ ജനസാന്ദ്രമായ ബോറിവിലിക്കടുത്ത് ബുദ്ധവിഹാരങ്ങൾ നിറഞ്ഞൊരു മലഞ്ചെരുവ് നീണ്ടുനിവർന്നു ശയിക്കുന്നത് പലരും അറിഞ്ഞുകാണില്ല.മുംബൈയിൽ വർഷങ്ങളായി ജീവിച്ചുവരുന്ന മലയാളിസമൂഹത്തിന് അത്ര പരിചിതമല്ല കണേരി ഗുഹാസമുച്ചയം എന്നപേരിലറിയപ്പെടുന്ന ഈ താഴ്വര. ബോറിവിലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽനിന്ന് ഒന്നര കി മീ കാട്ടുവഴിയിലൂടെ യാത്ര ചെയ്താൽ കണേരിഗുഹകൾക്ക് മുന്നിലെത്തും. മുംബൈയിൽ നിന്ന് 25കി മീ വടക്കു സ്‌ഥിതിചെയ്യുന്ന സാൾസെറ്റ് ദ്വീപിലെ കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ച ബുദ്ധഗുഹാപരമ്പര. ആന്ധ്ര രാജവംശത്തിലെ ഗൗതമിപുത്ര ശാതകർണിയാണ് ബുദ്ധഗുഹകളുടെ നിർമാണം ആരംഭിച്ചത്. ( ഏ ഡി 173 - 202 ) ഏ ഡി ഒമ്പതാം ശതകത്തോടെ കണേരിയുടെ നിർമിതി പൂർത്തിയായി എന്ന് കരുതപ്പെടുന്നു. മലയിടുക്കിൻ്റെ ഇരു പാർശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായിട്ടാണ് ഗുഹയുടെ കിടപ്പ്.ആകെ 109 ഗുഹകളാണ് ഉത്ഘനനത്തിൽ കണ്ടെത്തിയത്.നിരനിരയായിട്ടുള്ള അറകളും കിണറുകളും ഭോജനശാലകളും പ്രഭാഷണ മന്ദിരങ്ങളും ചൈത്യങ്ങളും ശ്‌മശാന ങ്ങളും അവയെ പരസ്പരം ബന്ധിക്കുന്ന കൽപ്പടവുകളും സന്ദർശകർക്ക് കാണാം.ആദ്യകാലഘട്ടങ്ങളിൽ ഹീനയാനബുദ്ധമതക്കാരും പിൽക്കാലം മഹായാന പ്രസ്‌ഥാനക്കാരും കണേരിയിൽ വസിച്ചിരുന്നതായി കരുതപ്പെടുന്നു. ഗുഹാസമുച്ചയങ്ങളിൽ അധികവും പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറും മുറികൾ മാത്രമാണ്.പലതും അപൂർണങ്ങളുമാണ്.മിക്ക ഗുഹാഭിത്തികളിലും ബുദ്ധകഥാ സൂചകങ്ങളായ പ്രതിമകൾ ദൃശ്യമാണ്.ഏറ്റവും പഴക്കം ചെന്ന മൂന്നാം നമ്പർ ചൈത്യഗുഹ ശ്രദ്ധേയമാണ്. മഹാചൈത്യം എന്നറിയപ്പെടുന്ന ഈ ഗുഹയിൽ ധർമോപദേശം ചെയ്യുന്ന ഗൗതമബുദ്ധൻ്റെ വലിയൊരു ശില്പമുണ്ട്. ബുദ്ധഗയയിലെ ശില്പങ്ങളോട് സാമ്യമുള്ള കണേരിഗുഹകളുടെ മുഖപ്പിലെ ശില്പങ്ങളും ശില്പകലാ സമൃദ്ധമായ ഇവിടത്തെ വഴികളും അമരാവതീ ശൈലിയിലാണ് പണിതിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. ശാതവാഹന രാജാക്കന്മാരുൾപ്പടെ അനേകം പേരുടെ വര്ഷങ്ങളുടെ അധ്വാനത്തിൻ്റെ സംഭാവനയാണ് കണേരി ഗുഹകൾ.ഗുഹാവിഹാരങ്ങളുടെ വെളിയിൽ ഓരോ കോണിലായി ചതുരാകൃതിയിലുള്ള കിണറുകൾ നിർമിച്ചിട്ടുണ്ട്. ധ്യാനവും മനനവും പഠനവുമായി ശാന്തരായി കഴിഞ്ഞുകൂടിയ ഭിക്ഷുക്കളുടെ പ്രകൃതിയിൽ അലിഞ്ഞുതീർന്ന ജീവിതം കണേരി ഗുഹയുടെ കാഴ്ചയിൽ വ്യക്തമാണ്.
കണേരിയിലെ ശില്പമാതൃകകൾ യഥാതഥങ്ങളാണ് എന്ന് കലാനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ, കൈകളിൽ പൂക്കളുമായി പുഷ്‌പാഞ്‌ജലിക്കായി നിൽക്കുന്ന മട്ടിലുള്ള ദമ്പതീ ശിൽപം ജീവചൈതന്യം തുടിക്കുന്നതാണ്.അതിഭാവുകത്വം കലരാത്ത ലളിതമായ ശൈലിയിലാണ് ഇവയുടെ നിർമാണം. ഭാരതീയ ശില്പകലയിലെ വഴിത്തിരിവായിട്ടാണ് കണേരിയിലെ ശില്പസൗഭഗം വിലയിരുത്തപ്പെടുന്നത്.
ചൈത്യത്തിനുള്ളിൽ ഇരുവശത്തുമായി നിരനിരയായി അനേകം തൂണുകൾ നിർമിച്ചിട്ടുണ്ട്. തൂണുകളുടെ മുകളറ്റത്ത് മൃഗങ്ങളുടെ ശില്പങ്ങൾ കൊത്തിയിട്ടുണ്ട്. മറ്റൊരു നീണ്ട ഗുഹയാണ് ദർബാർ ഗുഹ. ബുദ്ധഭിക്ഷുക്കൾക്ക് ഒത്തുചേരാനുള്ള ധർമശാലയാണ് ഇത്.
അതിപുരാതനമായ ഒരു സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന കണേരിഗുഹകൾ പുരാവസ്തു ശാസ്ത്രജ്ഞരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു.
കണേരിയിലെ കുന്നിൻചരിവുകളിൽ കാണപ്പെട്ട വിവിധജാതി വൃക്ഷങ്ങളും വെള്ളച്ചാട്ടവും കരിങ്കൽഫലകങ്ങളും ബഞ്ചുകളും ഇരിപ്പിടങ്ങളും ചുമരിലെ അറകളും തണുപ്പാർന്ന ശിലാതളിമങ്ങളും തണൽ വീഴ്ത്തിയ ബോധിച്ചുവടുകളും നമ്മെ ബുദ്ധസംസ്കൃതിയുടെ പുരാതനമായ ഓർമകളിലേക്ക് കൊണ്ടുപോകും. അജന്തയിലും എല്ലോറയിലും നാസിക്കിലും എലിഫൻഡാ ഗുഹകളിലും കാണപ്പെട്ട ധർമകായം കണേരിയിലും നാം അനുഭവിക്കാതെ വരില്ല.
Monday, October 31, 2022
തമിഴകമണ്ണിലൂടെയുള്ള തീർഥാടനം നമ്മെ ശ്രീരംഗം മുതൽ ചിദംബരം വരെയും മധുര രാമേശ്വരം തൊട്ടു കന്യാകുമാരി വരെയും ചെന്നെത്തിക്കും. ശൈവവും വൈഷ്ണവവുമായ അനേകം കോവിലുകൾ.കുംഭകോണത്തിനും തില്ലൈ ചിദംബരത്തിനുമിടയിലുള്ള നവഗ്രഹ ക്ഷേത്രങ്ങൾ. അതിൽത്തന്നെ ചോള ശില്പകലയുടെ ഉളിയൊച്ചകൾ സംഗീതമായി ഘനീഭവിച്ച തഞ്ചാവൂർ,ഗംഗൈ കൊണ്ടചോളപുരം, ദാരാ സുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ ചോഴമഹാക്ഷേത്രങ്ങൾ എന്നറിയപ്പെട്ടു.
ബൃഹദീശ്വരവും ദാരാസുരവും ശില്പസൌഭഗത്തിന്‍റെ പുരാതല്പങ്ങളാണ്. ഈ യാത്രയില്‍ എന്നെ മോഹിപ്പിച്ചത് ദാരസുരത്തിലെ ഐരാവതേശ്വരമാണ്, തീര്‍ച്ചയായും.പ്രാചീനമായൊരു കാല്പനികത ദാരാസുരത്തെ വേറിട്ട അനുഭവമാക്കുന്നു. ഹിന്ദോളത്തില്‍ നാഗസ്വരം വിടര്‍ന്നുലാവിയ പ്രഭാതത്തില്‍ അവിടെ എത്തുമ്പോള്‍ അറിഞ്ഞും കേട്ടുമെത്തിയ ഏതാനും വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചോളനാഗരികതയുടെ ധാരാവാഹിയായ ശില്പവിന്യാസവും,ദ്രാവിഡപ്പെരുമയുടെ അലങ്കാരപ്രിയതയും സമന്വയിച്ച ഈ ക്ഷേത്രച്ചുറ്റുകൾ സൌന്ദര്യത്തിന്‍റെഇതളുകള്‍ കൊണ്ട് പ്രകൃതിയുടെ പെരുമാളിന് മാല്യം തീര്‍ക്കുന്നു. തേവാരപ്പാട്ടിന്‍റെ പ്രാക്തനമായ ശീലുകള്‍ മണ്മറഞ്ഞുപോയൊരു കാലത്തിന്‍റെ ഏകാന്തവും മൃണ്‍മയവുമായ ധ്യാനം തിരികെ തന്നു.
ശിലയിലുറഞ്ഞ സംഗീതമാണ് ശില്പങ്ങൾ എന്നൊരു ചൊല്ലുണ്ടല്ലോ.ദാരാസുരത്തെ ഐരാവതത്തിലെത്തുമ്പോൾ നാമത് അനുഭവിച്ചറിയും.കരിങ്കല്ലിൽ വിടർന്ന കവിതകളാണ് ബൃഹദീശ്വരത്തെയും ദാരാസുരത്തെയും കൃഷ്ണശിലകൾ.രഥചക്രങ്ങൾ വഹിക്കുന്ന ശിലാതളിമത്തിലാണ് ശിവപെരുമാളിൻ്റെ നില്പ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ ചോഴൻ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വാസ്തുശൈലിയിലുള്ള ക്ഷേത്രത്തിൻ്റെ നിർമാണം പൂർത്തിയാവുന്നത്. കൊണാർക്കിലെ സൂര്യക്ഷേത്രത്തിൻ്റെ ശില്പഗരിമയോട് സാമ്യമുള്ള ഒരു നിർമാണ ശൈലിയായാണ് ഇവിടെയും. ദുർവാസാവിൻ്റെ ശാപത്താൽ ശ്വേതനിറം നഷ്ടപ്പെട്ട ഐരാവതം എന്ന ആന ഇവിടെയെത്തി പരമശിവനെ തപസ്സു ചെയ്യുകയും ശിവപ്രീതിക്കായി ക്ഷേത്രക്കുളത്തിൽ സ്നാനം ചെയ്ത് ഐരാവതത്തിൻ്റെ വെളുപ്പ് നിറം തിരികെ ലഭിച്ചുവെന്നും കഥ. തീർത്ഥക്കുളത്തിൽ മുങ്ങിനിവർന്ന യമദേവനും അത്തരമൊരു അനുഭവമുണ്ടായി. യമതീർഥമെന്നും ക്ഷേത്രക്കുളത്തിനു പേരുണ്ട്. കാവേരീ നദിയിലെ ധാരയാണ് ഈ തീർഥമെന്നു കരുതപ്പെടുന്നു. തൊട്ടരികെ പെരിയനായകിയുടെ മറ്റൊരു കോവിൽ കാണാം.പാർവതീ ദേവിയാണ് അമ്മനായി അവിടെ കുടികൊള്ളുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും ഒളിമങ്ങാത്ത നിലവറയാണ് ദാരാസുരത്തെ ഈ പെരുംതൃക്കോവിൽ. 85 അടി ഉയരമുള്ള ഐരാവതേശ്വരൻ കോവിലിൻ്റെ വിമാനവും കുതിരകളെ പൂട്ടിയ കൂറ്റൻ രഥത്തിൻ്റെ മാതൃകയിലുള്ള മുഖമണ്ഡപവും അലങ്കരിക്കുന്ന ഈ ശിലാശില്പം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം തേടിക്കഴിഞ്ഞു.
ദക്ഷിണേന്ത്യൻ ക്ഷേത്രലിഖിതങ്ങൾ രാജരാജേശ്വരം എന്നാണ് ദാരാസുരത്തെ ഈ കവിതയെ വിളിക്കുക. ശില്പകലയുടെ ധാരാളിത്തം നിറഞ്ഞ സൗന്ദര്യോപാസന പുറംപ്രാകാരത്തിൻ്റെ അകച്ചുറ്റിലാണ്. വാത്സല്യമൂറുന്ന മിഴികളുമായി ശയിക്കുന്ന നന്ദികേശ്വരനും മണ്ഡപത്തിലെ സംഗീതധാരയായ കരിങ്കൽ തൂണുകളും ഭിത്തികകളിൽ താളം ചവിട്ടുന്ന സാലഭഞ്ജികമാരും പ്രവേശന കവാടത്തിലെ ദീപലക്ഷ്മിമാരും ദ്വാരപാലകരും മാത്രമല്ല കാഴ്ചയുടെ ഭ്രമം തീർക്കുന്ന മൃഗ നര ശില്പങ്ങളും ചലനത്തിൻ്റെ ചടുലമായ ചിലങ്കാനാദം കേൾപ്പിക്കുന്നുണ്ട്. Visual Fantasy എന്നുതന്നെ പറയാവുന്ന അപൂർവദൃശ്യങ്ങളാണ് ശില്പങ്ങളിൽ.ആനയുടെ ഉടലും സിംഹത്തിൻ്റെ ശിരസ്സും ഒരേ ശരീരത്തിൽ കൊത്തി വെച്ചിരിക്കുന്നു. രഥചക്രങ്ങൾ വലിച്ചുകൊണ്ടു മുന്നോട്ടു കുതിക്കുന്ന കുതിരകൾ, നൃത്തം ചെയ്യുന്ന തരുണിമാർ ആയുധധാരികളായ പുരുഷന്മാർ തുടങ്ങിയ ദൃശ്യബിംബങ്ങൾ ചോളഭരണകാലത്തെ സാമൂഹ്യചിത്രം വരച്ചിടുന്നതാകാം.
ക്ഷേത്ര നടയിലെ നന്ദിയുടെ ആരൂഢം സപ്തസ്വരമുതിർക്കുന്ന പടിക്കെട്ടുകൾ കേറിവേണം ചെന്ന് വന്ദിക്കാൻ.നീണ്ട ഇടനാഴികളും കൽത്തൂണുകളും അന്തരാളത്തിലെ കരിങ്കൽപ്പാളികൾ പതിച്ച നടവഴിയും ഉപദേവതകൾ പ്രതിഷ്ഠ കൊള്ളുന്ന ക്ഷേത്രച്ചുറ്റും ഇടമുറിയാതെ മഴപെയ്യുമ്പോൾ നിറഞ്ഞുകവിയുന്ന നാലമ്പലത്തിൻ്റെ പ്രാകാരസ്‌ഥലിയും ശ്രീകോവിൽ നടയിൽ നിന്നുയർന്നുകേൾക്കുന്ന തേവാരപ്പാട്ടും എല്ലാം ചേർന്നൊരുക്കുന്ന ദൃശ്യവും ശ്രാവ്യവുമായ അനുഭവം തമിഴകപെരുമയുടെ അനന്തകാലത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകും.
Tuesday, October 18, 2022
കൃഷ്ണശിലകളിലെ സംഗീതം
കൃഷ്ണശിലകളിലെ സംഗീതം
കാഞ്ചീപുരം ജില്ലയിലെ പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം.ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് നാം കാലുകുത്തും. ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്.പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും കേൾവിപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്.
ദ്രാവിഡ വാസ്തുശില്പകലയുടെ സൗന്ദര്യമാതൃകയാണ് ഇവിടത്തെ ഓരോ ശിലാനിർമിതിയും.പാറതുരന്നു നിർമിച്ച ഓരോ സ്മാരകവും കാഴ്ചയുടെ സവിശേഷമായ ലാവണ്യാനുഭവമാണെന്ന് പറയാതെ വയ്യ.ഗുഹാക്ഷേത്രങ്ങളും ഒറ്റക്കല്മണ്ഡപങ്ങളും നിറഞ്ഞ മഹാബലിപുരം പല്ലവ ശില്പകലയുടെ മകുടോദാഹരണമാണ്. പല്ലവരാജ്യത്തിലെ ശില്പകലാ വിദ്യാലയമായിരുന്നുവത്രെ മഹാബലിപുരം.
ശില്പങ്ങളിൽ എല്ലാം പൂർണമല്ലെന്നു നോക്കിയാൽ അറിയാം. അപൂർണമായ ശില്പനിർമിതികൾ സംരക്ഷിക്കാനായി പല്ലവരാജാക്കന്മാർ നിർമിച്ച മഹാവിഷ്ണു ക്ഷേത്രമാണ് തിരുക്കടൽ മല്ലൈ.കടലോരത്തെ വിഷ്ണുക്ഷേത്രം മനോഹരമായ കാഴ്ചയൊരുക്കുന്നു.
തൊട്ടരികെ പാണ്ഡവരുടെ പഞ്ചരഥങ്ങൾ ഓരോന്നും വ്യത്യസ്ത ശില്പശൈലികളിലാണ് വിന്യസിച്ചിരിക്കുന്നത്. പിരമിഡിൻ്റെ ആകൃതിയിലുള്ള ഈ രഥശില്പങ്ങൾ പഞ്ചപാണ്ഡവർക്കുള്ള ആരതിയൊരുക്കുന്നു.
മഹിഷാസുര മർദ്ദിനി ഗുഹാക്ഷേത്രവും മറ്റു ശിലാനിർമിതികളും നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്. ഒറ്റക്കല്ലിലുള്ള തൃക്കൈ വെണ്ണപോലുള്ള ഉരുണ്ട പാറകല്ല് മറ്റൊരു അദ്‌ഭുതം തുറന്നുവെക്കുന്നു. സന്ദർശകർ കൂട്ടമായി കൈകൾകൊണ്ട് തള്ളിത്താഴെയിടാൻ നോക്കുമ്പോൾ ഇതാ ഇപ്പൊ വീഴുമെന്ന മട്ടിലാണ് ഭീമാകാരമായ പാറയുടെ നില്പ്.
എന്നാൽ ഇപ്പറഞ്ഞതൊന്നുമല്ല മഹാബലിപുരത്തിൻ്റെ മാസ്റ്റർ പീസ്. അർജുനൻ്റെ തപസ്സ് എന്ന പേരിലുള്ള അത് ബൃഹത്തായ കൃഷ്ണാശിലാശില്പമാണ് മഹാബലിപുരത്തിൻ്റെ ഓർമകളിലെ ഏറ്റവും ദീപ്‌തമായ അനുഭവം. ഇത്രയും ബൃഹദാകാരമായൊരു ശിലാതളിമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജേന്ദ്രനും അർജുനനും ഇതര പുരാണ കഥാപാത്രങ്ങളും വള്ളിപ്പടർപ്പും പൂക്കളും വൃക്ഷങ്ങളും ഇടതിങ്ങിയ ശില്പവിന്യാസം ഒരുക്കിയ അക്കാലത്തെ തച്ചന്മാരുടെ കരവിരുതിനു മുമ്പിൽ ശിരസ്സ് വണങ്ങാതെ നമുക്കവിടം വിട്ടുപോരാനാവില്ല. ഇത്രയും ശില്പപൂർണതയാർന്ന ഒരു കലാചാതുരി മാമല്ലപുരം യാത്രയുടെ പ്രസാദമല്ലാതെ മറ്റെന്ത്.
Monday, October 3, 2022
Andamans
.
എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക് മീതെ ചിറകൊതുക്കാൻ തുടങ്ങുകയായി. ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവന്നു. ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക് കസവു ചാർത്തിനിന്നു. സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. സപ്തംബർ പകുതിയോടെ മഴ അല്പം വിട്ടുനിന്നതായി തോന്നി.എങ്കിലും ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ചത് അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകർന്നുതന്നു. തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത അനുഭവപ്പെട്ടു. സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോർട്ട്‌ബ്ലയർ സിറ്റിയാണ്. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം നിലകൊള്ളുന്നത്.എന്നാൽ ഇൻഡോനേഷ്യയിലേക്കും മ്യാൻമാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബർമയിലെ അരക്കൻ- യോമ പർവതശൃംഖലയുടെ തുടർച്ചയിൽ നീഗ്രായിസ് മുനമ്പ് മുതൽ അച്ചിൻഹെഡ് വരെ നീളുന്ന സമുദ്രാന്തര പർവതങ്ങളുടെ എഴുന്നുനില്ക്കുന്ന പാർശ്വങ്ങളാണ് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിലെ യൂണിയൻ ഭരണപ്രവിശ്യയുടെ'
പദവിയാണ് ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്നു.
എ.ഡി ഒമ്പതാം ശതകത്തിൽ അറബിവർത്തകന്മാർ തയ്യാറാക്കിയ യാത്രാക്കുറിപ്പുകൾ ആൻഡമാൻ ദ്വീപുകളുടെ ചരിത്രം രേഖപ്പെടുത്തുന്നു. നരഭോജികളുടെ പ്രദേശമായാണ് അവരതിനെ രേഖപ്പെടുത്തിയത്. ടോളമിയും മാർക്കോപോളോയും ഈ ദ്വീപുകളുടെ കഥ പറയുന്നുണ്ട്. മാർക്കോപോളോ ' ആന്ഗമാൻ' എന്നാണു പേരിട്ടുവിളിച്ചത്. നിക്കോളോ കോണ്ടി' സുവർണ ദ്വീപെന്നും. നഗ്നരുടെ ദ്വീപെന്നാണ് നിക്കോബാറിനെ വിളിച്ചുപോന്നത്. ആയിരം വർഷങ്ങൾക്ക് മുൻപ് ചോളരാജാവായ രാജേന്ദ്രചോളൻ പായ്ക്കപ്പലിൽ നിക്കോബാറിൽ എത്തി 'നക്കാവരത്തെ' കീഴടക്കിയത്രേ. നക്കാവരം നിക്കോബാർ തന്നെ. ആൻഡമാനിൽ 'നിഗ്രിറ്റോ ' വർഗവും നിക്കോബാറിൽ 'മംഗളോയിഡ്' വർഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വർഗക്കാർ മധ്യ- ഉത്തര ആൻഡമാനിലെ തീരഭൂമിയിൽ അധിവസിക്കുന്നു. ഓൻഗകൾ, ജവരകൾ, സെന്റിനലുകൾ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്കൃതസമൂഹവുമായി വലിയ ബന്ധം പുലർത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയിൽ ബരാടാങ്ങിലേക്കുള്ള കാനനപാതയിൽ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാൻകഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കൾ തലയിൽ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവർ മറഞ്ഞു.
ആൻഡമാൻ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ തടരേഖയിൽ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തിൽ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടൽ വനസസ്യങ്ങളാണ് ആൻഡമാന്ൻ്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വൻകരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.
പോർട്ട്‌ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക- മറൈൻ മ്യൂസിയങ്ങളും ഗാന്ധിപാർക്കും സെല്ലുലാർ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാർ ജയിൽ. ഡാനിഷ്- പോർട്ടുഗൽ -ഡച്ച് കോളനികൾക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാപാനി' എന്നറിയപ്പെട്ട സെല്ലുലാർ ജയിൽ പടുത്തുയർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആൻഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തുടർന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കൽതുറുങ്കകളിൽ തടവിലിടുകയായിരുന്നു.ഇങ്ങനെ ബർമയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള തടവുകാർക്കൊപ്പം മലബാർ ലഹളയിൽ തടവിലാക്കപ്പെട്ടവരെയും ആൻഡമാൻ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആൻഡമാൻ ( Penal Settlement ) അറിയപ്പെട്ടു.
കാടും കടലും ആകാശവുമാണ് ആൻഡമാൻ്റെ കവചം.സമുദ്രാന്തരമലനിരകളുടെ ജലപ്പരപ്പിനു മീതെ എഴുന്നുനില്ക്കുന്ന ഈ ദ്വീപുകൾ സ്വാഭാവികമായും നിമ്നോന്നതവും സങ്കീർണവുമായ പ്രകൃതി അകമേ വഹിക്കുന്നു.എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണൽത്തിട്ടകളും എക്കൽ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ തടരേഖ ആൻഡമാൻ -നിക്കോബാർ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു. സമുദ്രസ്വാധീനത്തൽ സമീകൃതമായ കാലാവസ്ഥയാണ് പൊതുവെ ദൃശ്യമാവുന്നത്.ആർദ്രമായ രാപ്പകലുകൾ ദ്വീപിലെ ജീവിതം സുഖകരമാക്കുന്നു. ജൈവവൈവധ്യമാർന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമായിരുന്നു.
ദ്വീപുകളിൽ മിക്കവാറും കേരളത്തിലെ ഗ്രാമാന്തരങ്ങളെ ഓർമിപ്പിക്കുംവിധം പച്ചത്തഴപ്പാർന്ന ബദാം, പപീതാ, പടാക്, മാർബിൾ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങൾ തഴച്ചുനിന്നിരുന്നു.കടലോരത്തെ കണ്ടൽവനങ്ങൾ വർണശബളവും നിത്യഹരിതയുമായിരുന്നു. ലൈംസ്ടോ ണ്‍ ഗുഹയിലേക്കുള്ള വഴികളിൽ സമൃദ്ധമായ മുളംകാടുകൾ ദൃശ്യമായി. വിവിധയിനം മുള,ചൂരൽ,പന,ഈറ എന്നിവയും ആൻഡമാൻ കാടുകളിൽ യഥേഷ്ടം വളരുന്നു. തെങ്ങിൻതോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉൾപ്രദേശങ്ങളിൽ ധാരാളം വളർത്തുന്നു.
പൊതുവെ നൈസർഗിക ജന്തുജാലം ആൻഡമാനിൽ കുറവായാണ് അനുഭവപ്പെട്ടത്. അപൂർവം പുള്ളിമാനുകളേയും പൂച്ച, പട്ടി വർഗങ്ങളെയുംമാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഉഷ്ണമേഖലാ വനമേഖലകളിൽപ്പോലും അപൂർവം ജനുസ്സുകളിലുള്ള വിഷമില്ലാത്ത ഉരഗവർഗ മാണത്രെ ഉള്ളത്. ഇരപിടിക്കുന്ന കടൽപ്പക്ഷികളെ ഈ യാത്രയിൽ ഒരിടത്തും കണ്ടതായി ഓർമിക്കുന്നില്ല. പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്ന മൽസ്യജാലവും ജലജീവികളും കക്കയും വിവിധയിനം മീനുകളും മുത്തുച്ചിപ്പിയും ട്രോക്കസ്, ടർബോ, സ്രാവ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളും സമുദ്രസമ്പത്തിൽ നിന്ന് ദ്വീപുവാസികൾക്ക് ലഭിക്കുന്നു.
കടലിന്ൻ്റെ നീലജലത്തിൽ അങ്ങിങ്ങു് കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആൻഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ.ഹാവ് ലോക്ക്, നീൽ, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളിൽ ടൂറിസ്റ്റുകൾ ചെന്നെത്തുന്നു.കേരളീയർ ധാരാളമായി പാർക്കുന്ന ഇടമാണ് മായാബന്ധർ. ഹാവ്ലോക്കിലെ രാധാനഗർ ബീച്ച് സാമാന്യം വലുതാണ്. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളിൽ ആയിരക്കണക്കിന് സഞ്ചാരികൾ വന്നണയുന്നു. തിരമാലകൾക്കൊപ്പം കെട്ടിപ്പുണരുന്നു, കണ്ടൽകാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീർ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാർന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകൾ ചിലവിടുന്ന സഞ്ചാരികൾ ആൻഡമാൻ ദ്വീപുകളിൽ നിന്നു മടങ്ങുന്നത് വർണങ്ങൾ ഒളിപ്പിച്ച സമുദ്രഗർഭയുടെ ഓർമകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ 'Snorkeling ' , ' Scuba diving ' തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വർണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതൽപത്തിനു താഴെ നമ്മെ കാത്തിരിക്കും.
ഈ ദ്വീപുകളിൽ നിങ്ങൾ എന്ത് കണ്ടു എന്നുചോദിച്ചാൽ ഉത്തരമില്ല. ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്കുള്ള അലസമായ യാത്രയാണ് ആനന്ദം.പകൽമുഴുവൻ വെയിലും മഴയും നിഴലും ഇരുളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ചിത്രശാലയിൽ കാഴ്ചക്കാരായി ഇരിക്കുക മാത്രമേ വേണ്ടൂ. അവിടെ കാഴ്ചയുടെ മഴവില്ലുകൾ നാമറിയാതെ വിടരുന്നു. ക്രമേണ നമ്മൾ കാഴ്ചയാവുന്നു.
Subscribe to:
Posts (Atom)