Monday, October 3, 2022
Andamans
.
എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക് മീതെ ചിറകൊതുക്കാൻ തുടങ്ങുകയായി. ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവന്നു. ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക് കസവു ചാർത്തിനിന്നു. സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. സപ്തംബർ പകുതിയോടെ മഴ അല്പം വിട്ടുനിന്നതായി തോന്നി.എങ്കിലും ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ചത് അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകർന്നുതന്നു. തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത അനുഭവപ്പെട്ടു. സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോർട്ട്‌ബ്ലയർ സിറ്റിയാണ്. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം നിലകൊള്ളുന്നത്.എന്നാൽ ഇൻഡോനേഷ്യയിലേക്കും മ്യാൻമാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബർമയിലെ അരക്കൻ- യോമ പർവതശൃംഖലയുടെ തുടർച്ചയിൽ നീഗ്രായിസ് മുനമ്പ് മുതൽ അച്ചിൻഹെഡ് വരെ നീളുന്ന സമുദ്രാന്തര പർവതങ്ങളുടെ എഴുന്നുനില്ക്കുന്ന പാർശ്വങ്ങളാണ് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിലെ യൂണിയൻ ഭരണപ്രവിശ്യയുടെ'
പദവിയാണ് ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്നു.
എ.ഡി ഒമ്പതാം ശതകത്തിൽ അറബിവർത്തകന്മാർ തയ്യാറാക്കിയ യാത്രാക്കുറിപ്പുകൾ ആൻഡമാൻ ദ്വീപുകളുടെ ചരിത്രം രേഖപ്പെടുത്തുന്നു. നരഭോജികളുടെ പ്രദേശമായാണ് അവരതിനെ രേഖപ്പെടുത്തിയത്. ടോളമിയും മാർക്കോപോളോയും ഈ ദ്വീപുകളുടെ കഥ പറയുന്നുണ്ട്. മാർക്കോപോളോ ' ആന്ഗമാൻ' എന്നാണു പേരിട്ടുവിളിച്ചത്. നിക്കോളോ കോണ്ടി' സുവർണ ദ്വീപെന്നും. നഗ്നരുടെ ദ്വീപെന്നാണ് നിക്കോബാറിനെ വിളിച്ചുപോന്നത്. ആയിരം വർഷങ്ങൾക്ക് മുൻപ് ചോളരാജാവായ രാജേന്ദ്രചോളൻ പായ്ക്കപ്പലിൽ നിക്കോബാറിൽ എത്തി 'നക്കാവരത്തെ' കീഴടക്കിയത്രേ. നക്കാവരം നിക്കോബാർ തന്നെ. ആൻഡമാനിൽ 'നിഗ്രിറ്റോ ' വർഗവും നിക്കോബാറിൽ 'മംഗളോയിഡ്' വർഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വർഗക്കാർ മധ്യ- ഉത്തര ആൻഡമാനിലെ തീരഭൂമിയിൽ അധിവസിക്കുന്നു. ഓൻഗകൾ, ജവരകൾ, സെന്റിനലുകൾ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്കൃതസമൂഹവുമായി വലിയ ബന്ധം പുലർത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയിൽ ബരാടാങ്ങിലേക്കുള്ള കാനനപാതയിൽ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാൻകഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കൾ തലയിൽ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവർ മറഞ്ഞു.
ആൻഡമാൻ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ തടരേഖയിൽ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തിൽ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടൽ വനസസ്യങ്ങളാണ് ആൻഡമാന്ൻ്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വൻകരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.
പോർട്ട്‌ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക- മറൈൻ മ്യൂസിയങ്ങളും ഗാന്ധിപാർക്കും സെല്ലുലാർ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാർ ജയിൽ. ഡാനിഷ്- പോർട്ടുഗൽ -ഡച്ച് കോളനികൾക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാപാനി' എന്നറിയപ്പെട്ട സെല്ലുലാർ ജയിൽ പടുത്തുയർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആൻഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തുടർന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കൽതുറുങ്കകളിൽ തടവിലിടുകയായിരുന്നു.ഇങ്ങനെ ബർമയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള തടവുകാർക്കൊപ്പം മലബാർ ലഹളയിൽ തടവിലാക്കപ്പെട്ടവരെയും ആൻഡമാൻ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആൻഡമാൻ ( Penal Settlement ) അറിയപ്പെട്ടു.
കാടും കടലും ആകാശവുമാണ് ആൻഡമാൻ്റെ കവചം.സമുദ്രാന്തരമലനിരകളുടെ ജലപ്പരപ്പിനു മീതെ എഴുന്നുനില്ക്കുന്ന ഈ ദ്വീപുകൾ സ്വാഭാവികമായും നിമ്നോന്നതവും സങ്കീർണവുമായ പ്രകൃതി അകമേ വഹിക്കുന്നു.എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണൽത്തിട്ടകളും എക്കൽ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ തടരേഖ ആൻഡമാൻ -നിക്കോബാർ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു. സമുദ്രസ്വാധീനത്തൽ സമീകൃതമായ കാലാവസ്ഥയാണ് പൊതുവെ ദൃശ്യമാവുന്നത്.ആർദ്രമായ രാപ്പകലുകൾ ദ്വീപിലെ ജീവിതം സുഖകരമാക്കുന്നു. ജൈവവൈവധ്യമാർന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമായിരുന്നു.
ദ്വീപുകളിൽ മിക്കവാറും കേരളത്തിലെ ഗ്രാമാന്തരങ്ങളെ ഓർമിപ്പിക്കുംവിധം പച്ചത്തഴപ്പാർന്ന ബദാം, പപീതാ, പടാക്, മാർബിൾ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങൾ തഴച്ചുനിന്നിരുന്നു.കടലോരത്തെ കണ്ടൽവനങ്ങൾ വർണശബളവും നിത്യഹരിതയുമായിരുന്നു. ലൈംസ്ടോ ണ്‍ ഗുഹയിലേക്കുള്ള വഴികളിൽ സമൃദ്ധമായ മുളംകാടുകൾ ദൃശ്യമായി. വിവിധയിനം മുള,ചൂരൽ,പന,ഈറ എന്നിവയും ആൻഡമാൻ കാടുകളിൽ യഥേഷ്ടം വളരുന്നു. തെങ്ങിൻതോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉൾപ്രദേശങ്ങളിൽ ധാരാളം വളർത്തുന്നു.
പൊതുവെ നൈസർഗിക ജന്തുജാലം ആൻഡമാനിൽ കുറവായാണ് അനുഭവപ്പെട്ടത്. അപൂർവം പുള്ളിമാനുകളേയും പൂച്ച, പട്ടി വർഗങ്ങളെയുംമാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഉഷ്ണമേഖലാ വനമേഖലകളിൽപ്പോലും അപൂർവം ജനുസ്സുകളിലുള്ള വിഷമില്ലാത്ത ഉരഗവർഗ മാണത്രെ ഉള്ളത്. ഇരപിടിക്കുന്ന കടൽപ്പക്ഷികളെ ഈ യാത്രയിൽ ഒരിടത്തും കണ്ടതായി ഓർമിക്കുന്നില്ല. പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്ന മൽസ്യജാലവും ജലജീവികളും കക്കയും വിവിധയിനം മീനുകളും മുത്തുച്ചിപ്പിയും ട്രോക്കസ്, ടർബോ, സ്രാവ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളും സമുദ്രസമ്പത്തിൽ നിന്ന് ദ്വീപുവാസികൾക്ക് ലഭിക്കുന്നു.
കടലിന്ൻ്റെ നീലജലത്തിൽ അങ്ങിങ്ങു് കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആൻഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ.ഹാവ് ലോക്ക്, നീൽ, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളിൽ ടൂറിസ്റ്റുകൾ ചെന്നെത്തുന്നു.കേരളീയർ ധാരാളമായി പാർക്കുന്ന ഇടമാണ് മായാബന്ധർ. ഹാവ്ലോക്കിലെ രാധാനഗർ ബീച്ച് സാമാന്യം വലുതാണ്. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളിൽ ആയിരക്കണക്കിന് സഞ്ചാരികൾ വന്നണയുന്നു. തിരമാലകൾക്കൊപ്പം കെട്ടിപ്പുണരുന്നു, കണ്ടൽകാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീർ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാർന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകൾ ചിലവിടുന്ന സഞ്ചാരികൾ ആൻഡമാൻ ദ്വീപുകളിൽ നിന്നു മടങ്ങുന്നത് വർണങ്ങൾ ഒളിപ്പിച്ച സമുദ്രഗർഭയുടെ ഓർമകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ 'Snorkeling ' , ' Scuba diving ' തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വർണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതൽപത്തിനു താഴെ നമ്മെ കാത്തിരിക്കും.
ഈ ദ്വീപുകളിൽ നിങ്ങൾ എന്ത് കണ്ടു എന്നുചോദിച്ചാൽ ഉത്തരമില്ല. ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്കുള്ള അലസമായ യാത്രയാണ് ആനന്ദം.പകൽമുഴുവൻ വെയിലും മഴയും നിഴലും ഇരുളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ചിത്രശാലയിൽ കാഴ്ചക്കാരായി ഇരിക്കുക മാത്രമേ വേണ്ടൂ. അവിടെ കാഴ്ചയുടെ മഴവില്ലുകൾ നാമറിയാതെ വിടരുന്നു. ക്രമേണ നമ്മൾ കാഴ്ചയാവുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment