Monday, January 30, 2012

Story of Documentary Film

ചലിക്കുന്ന ചിത്രങ്ങളുടെ കഥ

1

ചലച്ചിത്രം ചലിക്കുന്ന ചിത്രങ്ങളുടെ കലയാണ്‌. നിശ്ചലചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിന്റെ താളവും ഗതിയും സജീവമാകുന്നത് ചലചിത്രത്തിലാണല്ലോ. ലൂമിയര്‍ സഹോദരന്മാരാണ് ചലനചിത്രങ്ങളുടെ തുടക്കംകുറിച്ചത്. പില്‍ക്കാലത്ത്‌ ലോകംമുഴുവന്‍ ചലന ചിത്രങ്ങളുടെ നൈരന്തര്യം ആഘോഷിച്ചു. കാലം അതില്‍ ശബ്ദവും വര്‍ണവും വാരിവിതറി. നമുക്കറിയാം, സിനിമ കാല്പനികമായ ഒരു സ്ഥലകാല സങ്കല്പത്തില്‍ നിര്‍മിക്കപ്പെടുന്നതാണ്.തികച്ചും ഭാവനാപരമായ സീക്വന്‍സുകളില്‍ കഥാപാത്രങ്ങളുടെ ഒരു സാങ്കല്പികലോകം വെള്ളിത്തിരയില്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്യു മെന്‍ററികളാകട്ടെ യാഥാര്‍ഥമായ ലോകത്തിന്റെ കാഴ്ചകളാണ്. വ്യക്തികളും സംഭവങ്ങളും കാലവും ഭൂവിഭാഗവുമെല്ലാം യഥാതഥമായ ഒരു ലോകത്തെ കൊണ്ടുവരുന്നു. ഭാവനയെക്കാള്‍ വസ്തുനിഷ്ഠതക്കാണ് ഡോക്യുമെന്‍ററിയില്‍ പ്രാമുഖ്യം. ഒരു വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ ആശയത്തെയോ ദൃശ്യങ്ങളുടെ മായക്കാഴ്ചയില്ലാതെ തനതു സ്ഥലകാല നിര്‍മിതിയില്‍( Real Time and Space )ക്യാമറയിലൂടെ പകര്‍ത്തുകയാണ് ചെയ്യുന്നത്.
അതൊരിക്കലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിരക്കഥയനുസരിച്ചല്ല നിര്‍മിക്കപ്പെടുന്നത്.

ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട 'ദി ഗ്രേറ്റ്‌ ട്രെയിന്‍ റോബറി' (1903 )യാണ് സിനിമയുടെയും ഡോക്യുമെന്‍ററിയുടെയും സൌന്ദര്യശാസ്ത്രപരമായ വേര്‍തിരിവ് നിര്‍ണയിച്ചത്. എഡ്വിന്‍ എസ് പോര്‍ട്ടറുടെ ഈ ചിത്രം ആദിമധ്യാന്തപ്പൊരുത്തമുള്ള സുഘടിതമായൊരു കഥയായിരുന്നു. സീക്വന്‍സുകള്‍ കലാപരമായി എഡിറ്റുചെയ്ത ഈ പന്ത്രണ്ടുമിനിറ്റു ചിത്രമാണ് ഫീച്ചര്‍ സിനിമയുടെ ആദ്യമാതൃക.അനേകം ലഘുചിത്രങ്ങള്‍ നിര്‍മിച്ച എഡ്വിന്‍ സ്ട്രാറ്റണ്‍ പോര്‍ട്ടര്‍
ദൃശ്യസയോജനമാണ് (എഡിറ്റിംഗ്) ചലച്ചിത്രകലയുടെ ആത്മാവെന്ന് വിശ്വസിച്ചു.ക്യാമറക്ക് നേരെ നിറയൊഴിക്കുന്ന ഒരു കൊള്ളക്കാരനില്‍ നിന്നാണ് സിനിമയുടെ തുടക്കം.ഇംഗ്ലണ്ടിലെ ബക്കിംഹാം ഷെയറില്‍ നടന്ന ഒരു യഥാര്‍ഥ തീവണ്ടിക്കൊള്ളയാണീ സിനിമാക്കാധാരം.റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്ന നാല് കൊള്ളക്കാര്‍ സ്റ്റേഷന്‍മാസ്റ്ററെ കെട്ടിയിട്ട് ട്രെയിന്‍ കൊള്ളയടിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരിലോരാളെ വെടിവെച്ചുവീഴ്ത്തുകയും ചെയ്യുന്നു. സിനിമയെന്ന കലാരൂപത്തിന്റെ ആദ്യനാളുകളില്‍ വര്‍ഷങ്ങളോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'The Great Train Robbery '.

2.

അമേരിക്കക്കാരനായ റോബര്‍ട്ട്‌ ഫ്ളഹെര്‍ടി എന്ന ചലച്ചിത്രകാരനാണ് ഡോക്യുമെന്‍ററി സിനിമയുടെ പിതാവെന്നു പറയാം.അദ്ദേഹത്തിന്റെ Nanook of the North (1913 )ചരിത്രത്തിലെ ആദ്യ ഡോക്ക്യു മെന്‍ററി സിനിമയും. ഉത്തരധ്രുവത്തിലെ അലാസ്കയില്‍ പര്യവേഷണം നടത്തുന്നതിനിടയില്‍ അദ്ദേഹം സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ 'നാനൂക് ഓഫ് നോര്‍ത്ത്' യഥാതഥമായൊരു ചിത്രീകരണമാണ്. മുന്‍കൂട്ടി തയാറാക്കിയ സ്ക്രിപ്റ്റോ മറ്റു സന്നാഹങ്ങളോ ഒന്നുമില്ലാതെയാണ് അദ്ദേഹം ഉത്തരധ്രുവത്തിലെ എസ്കിമോ വംശജരുടെ പച്ചയായ ജീവിതം ഒപ്പിയെടുത്തത്. സംവിധായകനും, എഴുത്തുകാരനും,ക്യാമറാമാനും എഡിറ്ററും നടനും നിര്‍മാതാവുമൊക്കെയായി പ്രവര്‍ത്തിച്ച റോബര്‍ട്ട്‌ ഏറെ സാഹസികമായാണ് 79 മിനിട്ട് ദൈര്‍ഘ്യമുള്ള 'നാനൂക് ഓഫ് ദി നോര്‍ത്ത് ' എന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം നിര്‍മ്മിച്ചത്‌. കാനഡയിലെ ആര്‍ട്ടിക് പ്രദേശത്തു നിവസിക്കുന്ന നാനൂക്ക് എന്ന എസ്കിമോയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാണ് ഈ സിനിമ. കനേഡിയന്‍ റയില്‍വേയുടെ സര്‍വെയ്ക്കായി അവിടെയെത്തി. എസ്കിമോകളുമായി ബന്ധപ്പെടുകയും വര്‍ഷങ്ങളോളം അവരിലൊരാളായി ജീവിക്കുകയും ചെയ്തുകൊണ്ട്, തന്റെ കൈവശമുള്ള ക്യാമറയില്‍ താന്‍ കണ്ട കാഴ്ചകളെ അതേപടി പകര്‍ത്തുകയായിരുന്നു അദ്ദേഹം. നാനൂകിന്റെ ജീവിതത്തിലെ ഇര തേടലും, ഇഗ്ളൂ എന്ന മഞ്ഞു വീടുണ്ടാക്കലും,പലായനവും പോരാട്ടങ്ങളും എല്ലാം സംവിധായകന്‍ സൂക്ഷ്മമായി ചിത്രീകരിച്ചു.ഭാര്യയും കുട്ടികളും, അനുജന്മാരും അവരുടെ കുടുംബവും ഒരു നായക്കുട്ടിയുമടങ്ങുന്ന നാനൂക്കിന്റെ ലോകത്തെ കൊച്ചുകൊച്ചാഹ്ലാദങ്ങളും വേദനയും ഒരു കഥയിലെന്നപോലെ ക്യാമറയില്‍ തെളിഞ്ഞുവന്നു. ഒരു ഡോക്ക്യുമെന്‍ററി ചിത്രം യഥാര്‍ഥ സ്ഥല കാല സങ്കല്പങ്ങളില്‍ എത്രത്തോളം വാസ്തവികമായി പകര്‍ത്താമെന്നതിന്റെ ഉത്തമോദാഹരണമാണ് നാനൂക്ക് ഓഫ് നോര്‍ത്ത്. സിനിമയുടെ ചരിത്രത്തിലെ നരവംശശാസ്ത്രം എന്നാണ് റോബര്‍ട്ട്‌ ഫ്ള ഹെര്‍ടിയുടെ ശ്രമത്തെ ചലച്ചിത്രലോകം വിലയിരുത്തിയത്. പ്രകൃതിയോടു പൊരുതി ജീവിച്ച മനുഷ്യന്റെ അദമ്യമായ ഇച്ഛാശക്തിയുടെ നേര്‍സാക്ഷ്യവും.

'നാനൂക്ക് ഓഫ് നോര്‍ത്ത്' നിയത ലക്ഷണങ്ങളോടുകൂടിയ ആദ്യത്തെ ഡോക്യുമെന്‍ററിയായിട്ടാണ്    സിനിമാചരിത്രം രേഖപ്പെടുത്തുന്നത്.

3

ഡോക്യുമെന്ടറി ചിത്രങ്ങളുടെ ചരിത്രത്തിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് അലന്‍ റെനെയുടെ 'Night and Fog '. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന കൊടിയ പീഡനങ്ങളുടെ കഥപറയുന്ന ഈ ചിത്രം അസാധാരണമായ അനുഭവമാണ്. നാസി ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍, പിടഞ്ഞുവീണ മനുഷജീവന്റെ ദാരുണദൃശ്യങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ആഗ്രഹിച്ച നാളുകളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ശക്തമായി പ്രതിഫലിപ്പിച്ച ചലച്ചിത്രമാണ് റെനെയുടെ 'നൈറ്റ്‌ ആന്‍ഡ്‌ ഫോഗ് '. 1955 ലാണ് ഹോളോ കാസ്റ്റിന്റെ ഭീകരത നിറഞ്ഞ ഈ ചിത്രം പുറത്തിറങ്ങുന്നത്. സത്യസന്ധവും ആധികാരികവുമായ അവതരണം കൊണ്ട് റെനെയുടെ സിനിമ ലോക ശ്രദ്ധ നേടി. ചലച്ചിത്രഭാഷയ്ക്ക്‌ അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടേജുകളുടെയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും മിശ്രണമാണ് വര്‍ത്തമാനത്തേയും പോയ കാലത്തേയും സംയോജിപ്പിക്കാന്‍ റെനെ ഉപയോഗിച്ചത്. രണ്ടാംലോക മഹായുദ്ധത്തിന്റെ ചരിത്രനിര്‍മാണസഭയുടെ അംഗീകാരത്തോടുകൂടിയാണ് ഈ സിനിമ ചിത്രീകരിക്കപ്പെടുന്നത്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയത്തില്‍ നടന്ന ചിത്രീകരണം പലപ്പോഴും എതിര്‍പ്പുമൂലം നിര്‍ത്തിവേക്കേണ്ടി വന്നു.തുടരെത്തുടരെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.ചരിത്രത്തോട് റെനെക്കുള്ള അഗാധമായ പ്രണയം എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ട് ലോക മന:സ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞ ദൃശ്യങ്ങള്‍ സത്യസന്ധമായി പകര്‍ത്തുകതന്നെ ചെയ്തു. ഗ്യാസ് ചേമ്പറുകളില്‍ വിഷവാതകം ശ്വസിച്ച് പ്രാണനുവേണ്ടി പിടയുന്ന മനുഷ്യര്‍ കൈവിരലുകള്‍ കൊണ്ട് മാന്തിപ്പൊളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍, ചോരപുരണ്ട ചുമരുകള്‍ ഇവിടെയെല്ലാം റെനെയുടെ ക്യാമറയുടെ കണ്ണുകള്‍ ചെല്ലുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കണ്ണടകള്‍, ചെരിപ്പുകള്‍, തലമുടി, പുതപ്പുകള്‍, ശിരസ്സറുത്ത നിലയില്‍ കാണപ്പെട്ട ഉടലുകള്‍, പാതിവെന്ത ശവക്കൂനകള്‍, മനുഷ്യന്‍ മനുഷനോട് കാണിച്ച നൃശംസതയുടെ കരാളദൃശ്യങ്ങള്‍ ഈ ചിത്രത്തിലൂടെ കടന്നുപോകുന്നു. പട്ടിണികിടന്നു മരിച്ച പതിനായിരങ്ങളുടെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങള്‍ കമ്പിവേലികള്‍ക്കകത്തു നിന്ന് നിര്‍വികാരമായി നോക്കിനില്‍ക്കുന്ന ഹതഭാഗ്യരായ മറ്റു മനുഷ്യരുടെ ചിത്രം, ക്യാമറയിലൂടെ ലോകംകണ്ട ഏറ്റവും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ന്യൂറംബര്‍ഗിലെ യുദ്ധവിചാരണക്കോടതിയിലാണ് ചിത്രത്തിലെ അന്ത്യ രംഗങ്ങള്‍. റെനെ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നു. " യുദ്ധം ഉറക്കം തൂങ്ങുന്നതേയുള്ളൂ. നമ്മളില്‍ ചാടിവീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ് തുറന്നുതന്നെ വെച്ചിരിക്കുന്നു."

No comments:

Post a Comment