Sunday, January 29, 2012

VG THAMPI

      • മൂന്നക്ഷരവും മുറുക്കവും ...

        സൌഹൃദങ്ങളുടെ ഒറ്റമരക്കാട് . അതായിരുന്നു വി ജി .തമ്പിമാഷ്‌. ആ തണലും വാത്സല്യവും തേടി പലരും പല കാലങ്ങളില്‍
        അവിടെ കൂടുവെച്ചു. ക്ലാസ്മുറിയുടെ ചതുരത്തില്‍ നിന്ന് പുറംലോകത്തിന്‍റെ വെളിച്ചത്തിലേയ്ക്കു വിദ്യാര്‍ഥികളെ അദ്ദേഹം
        കൂട്ടിക്കൊണ്ടുപോയി. മലയാളത്തിന്‍റെ പ്രതിഭകളെയും സാംസ്കാരിക മുഹൂര്‍ത്തങ്ങളെ...യും ക്യാമ്പസ്സിലേ...ക്കാനയിച്ചു. സംവാദങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും കലാശാലയുടെ സര്‍ഗജീവിതത്തെ പൂത്തു തളിര്‍ക്കാന്‍ അവസരമൊരുക്കിയ ഒരധ്യാപകന്‍ മറവിയിലേക്ക് പോകുകയില്ല എന്നതിന്‍റെ നേര്‍ക്കാഴ്ചയാണ്‌ മൂന്നു വ്യാഴവട്ടം കൂടെനിന്ന വിദ്യാര്‍ഥിസമൂഹം തമ്പിമാഷിനു സമര്‍പ്പിക്കുന്ന ഈ ദക്ഷിണ.
        രസന, കനല്‍, പാഠഭേദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ മലയാളത്തിന്‍റെ സംവേദനത്തെ നവീകരിച്ച പത്രാധിപര്‍ എന്ന നിലയിലും ഉടലും ആത്മാവും തമ്മിലുള്ള പോരാട്ടങ്ങളെ തീവ്രമായി ആവിഷ്കരിച്ച കവിയെന്ന നിലയിലും തമ്പിയെ നിരീക്ഷിക്കുന്ന സ്നേഹവാത്സല്യങ്ങളുടെ ഓര്‍മപ്പുസ്തകമാണിത്.

        ഒരധ്യാപകന്‍ തന്‍റെ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിക്കുന്ന വേളയില്‍ സ്വന്തം വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തുന്ന ഓര്‍മച്ചിത്രങ്ങള്‍ വളരെ വിരളമായിമാത്രം സംഭവിക്കുന്ന ഒന്നാണെന്ന് ഈ പുസ്തകം സാക് ഷ്യപ്പെടുത്തുന്നു. ഈ ഓണ്‍ലൈന്‍ യുഗത്തില്‍ അധ്യാപകന്‍റെ ശക്തിചൈതന്യങ്ങളെ വരുംതലമുറക്കായി നിര്‍വചിക്കുകയെന്ന ഗുരുത്വബലം കൂടി ഈ ദക്ഷിണ അര്‍ഥമാക്കുന്നുണ്ട്.
        കേരളവര്‍മക്കാലത്തിന്‍റെ ദീപ്തമായ ഓര്‍മ്മകള്‍ കൊണ്ട് വി ജി തമ്പി എന്ന അധ്യാപനുംകവിയും നടത്തുന്ന സുദീര്‍ഘമായ ആമുഖപ്രവേശിക ഏറെ ശ്രദ്ധേയമാണ്.
      തമ്പി എഴുതി : " കൊഴിഞ്ഞ ഇലകളില്ലാതെ ഒരുദ്യാനവും പൂര്‍ണമാവുന്നില്ല. അതിനാല്‍ ആ ഇലകളെക്കുറിച്ചാവട്ടെ ഓര്‍മ
      കളിലെ കേരളവര്‍മക്കാലം. ജീവിതത്തിന്‍റെ എത്രയോ തരം നിറങ്ങളെ കാണിച്ച് അതെന്നെ മോഹിപ്പിച്ചു. ജ്വലിപ്പിച്ചു. ചിലപ്പോള്‍ അതെന്നെ പലമട്ടില്‍ അപഹരിച്ചു. ഓര്‍മകളില്‍ കടുംകയ്പായി ,ചവര്‍പ്പായി ,ചോരയായി ,ലഹരിയായി, വിഷമായി, തേന്‍കണമായി അങ്ങനെ എത്രയോ രുചികളില്‍...
      ഒരിക്കലും തിരിച്ചുവരാത്തതുകൊണ്ടാണ്‌ ജീവിതം മധുരതരമായിരിക്കുന്നത്. ഓര്‍മ്മകള്‍ക്ക് അനുഭവങ്ങളേക്കാള്‍ സൌന്ദര്യമുണ്ടാകുന്നതും അങ്ങനെയാണ്. സ്നേഹിച്ചപ്പോഴല്ല, സ്നേഹം നഷ്ടപ്പെട്ടുപോയപ്പോഴാണ് ഓരോ മനുഷ്യനും വിതുമ്പുന്നത്. ഓര്‍മകളാണ് ജീവിതത്തിന് നൈരന്തര്യം നല്‍കുന്നത്....."

      ഒരധ്യാപകന്‍റെ, കവിയുടെ, കാമുകന്‍റെ, സ്വപ്നാടകന്‍റെ, സന്ദേഹിയുടെ, വിപ്ലവകാരിയുടെ ചീന്തിപ്പോയ ആദര്‍ശസ്വപ്നമാണ് ഈ പുസ്തകത്തിന്‍റെ തുടക്കത്തില്‍ വി ജി തമ്പി ഏറ്റുപറയുന്നത്. കാലഹരണപ്പെട്ട ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും മനോഹരമായ ചരമശയ്യയൊരുക്കുവാന്‍ വിധിക്കപ്പെട്ട ഒരു ജീവിതത്തിന്‍റെ സത്യവാങ്ങ്മൂലം...
      ഒരേ വേഗത്തിലുള്ള പങ്കകറക്കം പോലെ, പാത്രത്തിനൊപ്പം ആകൃതി മാറുന്ന നിറമോ ഗന്ധമോ സ്വാദോ ഇല്ലാത്ത ഒരു വിശുദ്ധിയാണ് അദ്ധ്യാപകന്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും നിരീക്ഷണങ്ങളെയും ഇളക്കിമറിച്ചുകൊണ്ട് വിദ്യാര്‍ഥി കളുടെ തീവ്രതരംഗങ്ങളും ചലനങ്ങളും എതിര്‍ചോദ്യങ്ങളും പ്രണയതീക്ഷ്ണമായ മറുമൊഴികളും ഈ കവിയെ ആവേശം കൊള്ളിച്ചു. അപ്പോഴൊക്കെ കേരളവര്‍മ അതിന്‍റെ ജീര്‍ണവസനമുപേക്ഷിച്ച് മഹത്തായൊരു താളമായി അദ്ദേഹത്തെ മുകര്‍ന്നു. വികാരങ്ങളുടെ തീവ്രചന്ദസ്സുകള്‍ സൃഷ്ടിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകന്‍ പഠിക്കണം എന്ന് ഈ കവി തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം
      • ഉന്മാദിയാവും.അവര്‍ക്കൊപ്പം ചാറല്‍ മഴ കൊള്ളും. മരച്ചുവട്ടിലിരുന്നു കവിതചൊല്ലും. സ്വപ്നവും ദുഖവും പങ്കുവെക്കും. ആ കൂടിച്ചേരലില്‍ എപ്പോഴോ അധ്യാപകനിലെ കവി ഉണര്‍ന്നുവരും.
        ഉന്മാദത്തിന്‍റെ ഒരംശമില്ലാത്തവന്‍ കവിയായി തുടര്‍ന്നിട്ടു കാര്യമില്ലല്ലോ. തമ്പി എഴുതി : "കവിത്വം യുവത്വമാണെനിക്ക്.
        ജരാനരകള്‍ക്കെതിരെ ഇതെന്‍റെ കവചമാണ്."


സൌഹൃദങ്ങളുടെ ഒറ്റമരക്കാട് ഗുരുസ്പര്‍ശത്താല്‍ ധന്യം.വി ജി. തമ്പി പ്രണമിക്കുന്ന ആചാര്യന്മാരുടെ കേരളവര്‍മയുഗം നോക്കൂ. 'നാരായണീയ'ത്തിലെ കെ പി നാരായണ പിഷാരോടിയുടെ നന്മ നിറഞ്ഞ ഗുരുകുലത്തില്‍ നിന്ന് തുടങ്ങുന്ന വന്ദനം ജ്ഞാന സൌന്ദര്യങ്ങളുടെ പൈതൃകത്തെ മനസാ സ്മരിക്കുന്നു. ഇ.കെ നാരായണന്‍ പോറ്റിയുടെ ശാകുന്തളം ക്ലാസുകളുടെ വശ്യ തയും പുരുഷോത്തമന്‍പിള്ള സാറിന്‍റെ കേരളചരിത്രാന്വേഷണവും തിരുത്തിക്കാട് പ്രഭാകരന്‍മാഷുടെ അലങ്കാരശാസ്ത്രത്തി ന്‍റെ ക്ലാസ്സിക്കല്‍ സൌന്ദര്യവും, കര്‍ത്താവ് മാഷിന്‍റെ നളചരിതം ക്ലാസുകളും അമ്മിണിയമ്മ ടീച്ചറുടെ അഭിജാതവും കുലീനവുമായ സാന്നിധ്യവും ബുദ്ധതത്വചിന്തയും തമ്പിയെ അളവറ്റു സ്വാധീനിച്ചു .
സൌമ്യമായ അരുവിപോലെ നാരായണമേനോന്‍ മാഷ്‌, നിശിതമായ അച്ചടക്കംപാലിച്ച കാര്‍ത്തികേയന്‍ മാഷ്‌, ആത്മാവില്‍ ചേര്‍ത്തുനിറുത്തിയ കല്പറ്റ ബാലകൃഷ്ണനും സരസ്വതിയും, സായാഹ്നയാത്രകളിലും രാത്രിസംവാദങ്ങളിലും തമ്പിയെ ചുവപ്പണിയിച്ച രാഷ്ട്രീയാഭിരുചികളിലേക്ക് കൈപിടിച്ചു നയിച്ച ആര്‍ ജീ...വായനയുടെ നവലോകങ്ങള്‍ തുറന്ന പി വി. കൃഷ്ണന്‍ നായര്‍ ...ഗുരുത്വം കേരളവര്‍മയുടെ കാറ്റുകളില്‍ ആര്‍ദ്രമായി പൊഴിയുകയാണ്.

കെ പി ശങ്കരന്‍, അകവൂര്‍ നാരായണന്‍, സരസ്വതി അമ്മ ( എഴുത്തുകാരി രാജലക്ഷ്മിയുടെ സഹോദരി) എന്‍ വി കൃഷ്ണ വാരിയര്‍.. അതെന്തൊരു കാലമായിരുന്നു. മധ്യകേരളത്തിലെ ഒരു കലാലയത്തിലേക്ക് ധിഷണയുടെ സമയദൂരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. മേതിലും ചുള്ളിക്കാടും വിനയചന്ദ്രനും അയ്യപ്പനും ഇതിലെ നടന്നുപോയി. സൌഹൃദത്തിന്‍റെ ഈ മരപ്പച്ചയിലൂടെ സമാനഹൃദയരും വിചിത്രസൌന്ദര്യങ്ങള്‍ അനുശീലിച്ചവരും പ്രബുദ്ധവ്യക്തിത്വങ്ങളും തീവ്ര പ്രണയത്തിന്‍റെ വ്രണിത സൌന്ദര്യങ്ങളുമായി തലമുറകള്‍ കടന്നുപോയി. തമ്പിയുടെ വാക്കുകള്‍ കാതോര്‍ക്കുക: "കാലം കൊത്തിയെടുത്ത ഓര്‍മകളുടെ ഭൂപടത്തില്‍ പ്രതീക്ഷയുടെ ഒരു പൂമരം ഞാനും നട്ടു. ആ പൂമരച്ചില്ലയിലൊരു മരം കൊത്തിയായി മറ്റൊരു വസന്തത്തെ വരവേല്‍ക്കുന്ന പാട്ടുമായി ഞാനുമുണ്ടാകും."

മാറുന്ന ക്യാമ്പസ്സുകളെക്കുറിച്ചും ദിശാവ്യതിയാനം വന്നുഭവിച്ച സംവേദനശീലങ്ങളെപ്പറ്റിയും തമ്പിയിലെ അദ്ധ്യാപകന്‍ നടത്തുന്ന സ്വയംവിചാരണകള്‍ ശ്രദ്ധേയം. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്‍റെ സ്വത്വമുദ്രയാണ് മാതൃഭാഷ. ആ ഭാഷയില്‍ എഴുതപ്പെടുന്ന സാഹിത്യത്തിലാണ് ജനതയുടെ ഓര്‍മകളും സ്വപ്നങ്ങളും സംഭരിക്കപ്പെടുന്നത്. ഭാഷയെ അഗാധവും ദര്‍ശന വിസ്തൃതവുമാക്കുന്നത് അതിനുള്ളിലെ സാഹിത്യമാണ്. സാഹിത്യം ഒഴിവാക്കിയുള്ള ഭാഷാപഠനം സംസ്കാര ശൂന്യമാണെന്ന് തമ്പി എന്നും വിശ്വസിച്ചു. സ്വാതന്ത്ര്യത്തിന്‍റെ ഒരു റിപ്പബ്ലിക്കായിട്ടാണ് ക്ലാസ്മുറിയെ ഈ അദ്ധ്യാപകന്‍ സങ്കല്‍പ്പിച്ചത്‌. ജീവിതത്തില്‍ വിജയിക്കാനുള്ള മന്ത്രം ഉപദേശിക്കുന്നവനാവരുത് ഒരധ്യാപകന്‍. അതിജീവനത്തിന്‍റെ വാതിലുകള്‍ തുറക്കാനും സ്വയം പ്രകാശിക്കാനുമുള്ള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ അധ്യാപനത്തിന് കഴിയണമെന്ന് അദ്ദേഹം വിശ്വസിച്ചു. പരാജയത്തിന്‍റെ കരുത്തും സൌന്ദര്യവും സാധ്യതയും എന്തെന്ന് വിദ്യാര്‍ഥി രുചിച്ചറിയണം. ഉത്തരം കണ്ടെത്തുന്നതിനൊപ്പം ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ധാരാളം ഇടം കണ്ടെത്തണം. നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെട്ട ഒരു ദൈവമാണെന്ന് തമ്പി പറയുമ്പോള്‍ സ്നേഹശുശ്രൂഷയിലെക്കുള്ള ഒരു ജാലകം തുറന്നു വരുന്നത് നാം തിരിച്ചറിയും.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരളവര്‍മക്കാലം പുതിയ അന്വേഷണങ്ങള്‍ക്ക് വേദിയായി. കളിയരങ്ങുകളും സാഹിത്യ സംവാദങ്ങളും വീണ്ടും തളിര്‍ത്തു. അക്ഷരങ്ങളില്‍ ആധുനികതയുടെ അസ്തിത്വവ്യഥകള്‍ ആവേശിച്ച കാലം. വിശ്വാസത്തില്‍നിന്ന് കലാപത്തിലേക്കും തിരിച്ചുമുള്ള ആന്തരികയാത്രകളുടെ ദൂരങ്ങള്‍ അളന്ന ദശാബ്ദമായിരുന്നു കടന്നു പോയത്. ആചാരമുക്തവും സ്ഥാപനവിരുദ്ധവുമായ ഒരു വിശ്വാസജീവിതത്തിലേക്ക് കവിയെന്നനിലയില്‍ താന്‍ ജ്ഞാന സ്നാനപ്പെടുന്നത് വി ജി തമ്പി തിരിച്ചറിഞ്ഞു.
അതോടൊപ്പം കലാലയത്തെ ചുവപ്പണിയിച്ച 'രസന' സാഹിത്യത്തിലെ അകാല്പനികഭംഗികളെ പ്രണയിച്ചു. ഭാഷക്കുള്ളിലെ
സൂക്ഷ്മവിപ്ലവത്തിലൂടെ ആരാഷ്ട്രീയാഭിരുചികള്‍ക്കെതിരെ 'രസന' നിലവിളിച്ചു. സ്വന്തം വിശ്വാസത്തകര്‍ച്ചകളെ അതി ജീവിക്കാനുള്ള ഹൃദയഭേദകമായൊരു നിലവിളി ആയിരുന്നു സമാന്തരമാസികകളുടെ കാലം. അടിയന്തരാവസ്ഥക്ക്‌ മുന്നില്‍ പകച്ചുനിന്ന തലമുറയുടെ ദുര്‍ബലനായൊരു പ്രതിനിധിയാണ് താനെന്നു വി ജി തമ്പി ഏറ്റുപറയുന്നു. പ്രതിരോധ രാഷ്ട്രീയത്തെപ്പറ്റി ഉച്ചരിക്കാനുള്ള അര്‍ഹതപോലും തനിക്കില്ലെന്നു അദ്ദേഹം പറയുന്നുണ്ട്. വിശന്നുവന്ന വിപ്ലവകാരികള്‍ക്ക് അന്നവും വസ്ത്രവും അഭയവുംനല്‍കി, സമനില തെറ്റിയ മനസ്സുകള്‍ക്ക് മുമ്പില്‍ കണ്ണീര്‍ വാര്‍ക്കാനെ തനിക്കായുള്ളൂ എന്നൊരു തീരാവ്യസനം ആര്‍ജവത്തോടെ തമ്പി പങ്കിടുന്നു. വിഫലമായ ഒരു യാത്രയുടെ തേര്‍ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞുപോയ യൌവ്വനങ്ങള്‍ക്ക് മുമ്പില്‍ ലജ്ജകൊണ്ടും കുറ്റബോധംകൊണ്ടും തന്‍റെ തല കുനിഞ്ഞുപോകുന്നു എന്ന് കവി രേഖപ്പെടുത്തുന്നു. നമുക്ക് തമ്പിയുടെ വാക്കുകള്‍ പിന്തുടരാം.. ' ഓര്‍ക്കുമ്പോള്‍ ആത്മാവില്‍ കണ്ണീര്‍ നിറയുന്നു. വിശ്വാസത്തിന്‍റെ പതാക താഴ്ത്തിക്കെട്ടാന്‍ നിര്‍ബന്ധിതമായ ഒരു ഹതാശകാലത്തിന്‍റെ വേദനകളില്‍ നിന്നുമാണ് എണ്‍പതുകള്‍ എന്നില്‍ പ്രവേശിക്കുന്നത്. അന്നത്തെ വേദനയുടെയും പീഡാനുഭവങ്ങളുടെയും സത്ത വിശ്വാസത്തിലേക്കുള്ള ഇരുണ്ട ചൂളംവിളി കേള്‍പ്പിച്ചുകൊണ്ട് പാഞ്ഞുപോയി. വേദനയുടെ കല്ലറയില്‍നിന്നാണ്
എഴുപതുകളിലെ വ്യാകുലഹൃദയങ്ങള്‍ ചരിത്രത്തിലേക്ക് കണ്‍തുറന്നത്.'


കാലത്തെ അളക്കുന്ന കാറ്റില്‍ 'സൌഹൃദങ്ങളുടെ ഒറ്റമരക്കാട്' ശില്പപ്പെടുത്തിയ ശ്രീ എം ജി ബാബു കേരളവര്‍മയുടെ കഴിഞ്ഞകാലത്തെ അളന്നെടുക്കുന്നു. ഒരു കവിയുടെ സത്യവാങ്ങ്മൂലം വരുംതലമുറക്കായി അടയാളപ്പെടുത്തുന്നു.


ഞാന്‍ പ്രണയത്തിന്‍റെ കവിയല്ല. പ്രണയം ശൂന്യമാക്കിയ ഏകാന്തതയെക്കുറിച്ച് പറയുന്ന ഒരാളാണ്. പ്രണയിക്കുമ്പോള്‍ ഒരാള്‍ കവിയാകും. കവിയാകുന്നതോടെ പ്രണയം അയാള്‍ക്കില്ലാതാകും. എഴുതാത്ത കവിതകളാണ് ആത്മാവിനെ പ്രലോഭിപ്പിച്ചുകൊണ്ട് എനിക്കുള്ളില്‍ പ്രണയനൃത്തമാടുന്നത്. എനിക്കുള്ളിലെ ഏറ്റവും മികവുള്ള ഒരു സാധ്യത മാത്രമായിരുന്നു കവിത. സാധ്യത മാത്രം. പ്രകാശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാഞ്ഞു പോകുന്നവ. നല്ലതൊന്നും എന്നില്‍ നിന്നും ഇതുവരെ പുറത്തുവന്നില്ല. ഉല്‍ക്ക പോലെ കത്തിപ്പോയി. ആവിഷ്കരിക്കാനാകത്തതിന്‍റെ ആവിഷ്കാരം. 'എന്‍റെ പ്രണയമേ, എന്‍റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്?' എന്ന് ഞാന്‍ കവിതയില്‍ ചോദിക്കുമ്പോള്‍ ചില ആത്മീയശൂന്യതകളെ പൂരിപ്പിക്കാനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്. അകത്തേക്ക് കരയുന്ന അനുഭവം, അതാണ് എന്‍റെ കവിത. എഴുതാതിരിക്കുമ്പോള്‍ മാത്രം ഞാന്‍ സമനിലയില്‍ കഴിഞ്ഞു. എഴുതാത്ത കവിതകള്‍ ഉന്മാദത്തോടെ എന്നിലൊഴുകി നടന്നു. എഴുതാതെ പോകുന്ന കവിതകളില്‍ ഞാന്‍ ആനന്ദിച്ചു. അതിന്‍റെ വിസ്മയത്തില്‍ ഞാന്‍ നിറഞ്ഞു ...ക്രിസ്തു പറഞ്ഞല്ലോ, നിങ്ങള്‍ എന്നെ അന്വേഷിച്ചാല്‍ കണ്ടെത്തുകയില്ല. കാരണം ഞാനുള്ളിടത്തല്ല നിങ്ങളെന്നെ തിരഞ്ഞത് . വി ജി തമ്പി എഴുതി . 'സൌഹൃദത്തിന്‍റെ ഒറ്റമരക്കാട് ' ഓര്‍മകളുടെ വേദപുസ്തകമാണ്. എന്നാല്‍ അതിഭാവുകമായ ഒരു മംഗളപത്രമല്ല അത്. മൂന്നു വ്യാഴവട്ടക്കാലം താന്‍ അലിവോടെ പ്രണയിച്ച ഒരു കലാലയവും തന്നിലൂടെ കടന്നുപോയ സ്നേഹിതരും വിദ്യാര്‍ഥിമിത്രങ്ങളും കനിവോടെ നല്‍കിയ ദക്ഷിണ. ശ്രീ എം ജി ബാബുവും കെ ആര്‍ ടോണിയും ഈ ഓര്‍മപ്പുസ്തകത്തിനു ശില്പ ഭംഗി നല്‍കി. നാല്പത്തിരണ്ടു വിദ്യാര്‍ഥികള്‍ ഓര്‍മകളിലെ കേരളവര്‍മക്കാല ത്തിന്‍റെ പുനര്‍ജനി നൂഴുന്നു. പരാജിതന്‍റെ കൂടെനില്‍ക്കുന്ന ഈ കവിയെ ഒരു കള്ളിയിലും നിങ്ങള്‍ക്ക് ഒതുക്കാനാവില്ല എന്ന് കവി രാവുണ്ണി. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വിശാലലോകം വിദ്യാര്‍ഥികള്‍ക്ക് കൈമാറി , അവരെ ക്ലാസ്മുറിക്കു പുറത്തുള്ള ലോകം കാണിച്ചു കൊടുക്കുകയും, ഭാവനയുടെ ആകാശത്തില്‍ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കുകയും ചെയ്തത് ശ്രീ സി ആര്‍ രാജഗോപാലന്‍ ഓര്‍ത്തെടുക്കുന്നു. അലയടിക്കുന്ന സമുദ്രത്തിന്‍റെ ഉച്ചസ്ഥായിയില്‍ തന്‍റെ ശബ്ദം ഒതുക്കിനിര്‍ത്തിയ തമ്പിയിലെ സഹപാഠിയെ സരസ്വതിടീച്ചര്‍ ഓര്‍ക്കുന്നത്, യേശുക്രിസ്തുവിന്‍റെ ശാന്തതയും വിഷാദവും കലര്‍ന്ന പാവനതയോടെയാണ്. സര്‍ഗാത്മകതയുടെ ഒരു വസന്തകാലം സമ്മാനിച്ച കേരളവര്‍മക്കാലം വി ജി തമ്പിയിലൂടെ അനുസ്മരിക്കുന്നു ശ്രീ ഗ്രാമപ്രകാശ്.
സുഹൃത്തിലും സുഹൃത്തായി , സഖാവിലും സഖാവായി ഞാന്‍ തമ്പിമാഷെ ഉള്ളിലെഴുതി എന്നാണു എന്‍ പി ചന്ദ്രശേഖരന്‍ രേഖപ്പെടുത്തിയത്: 'പത്രാധിപന്മാര്‍ മരിച്ചുതീര്‍ന്ന മലയാളത്തിലേക്കിങ്ങുക. ഇന്നലെ ഒരു തലമുറ യോട് ചെയ്തത് ഇനി വരുംതലമുറകളോട് ചെയ്യുക. ഇന്നലെ ഒരു കാമ്പസില്‍ ചെയ്തത് ഇനി കാലഘട്ടത്തോട്‌ ചെയ്യുക.'
യൂസഫലി കേച്ചേരിയും മേതില്‍ രാധാകൃഷ്ണനും ഹിരണ്യനും ടി വി കൊച്ചുബാവയും മാടമ്പ് കുഞ്ഞിക്കുട്ടനും പവിത്രനും പി ടി കുഞ്ഞുമുഹമ്മദും ജോണ്‍ ബ്രിട്ടാസും ജോസ്ചിറമ്മലും കെ ഗോപിനാഥനും അഭിമന്യുവും കെ ആര്‍ ടോണിയും കെ യു ഇഖ്‌ബാലും നടന്നുപോയ ഒരു കാലം ഓര്‍ത്തെടുക്കുകയാണ് ശ്രീ ടി പവിത്രന്‍.
ഓര്‍മകളുടെ മഷിത്തണ്ട് എന്ന ഈ സ്മരണകളില്‍ ഓരോ ഓര്‍മയും ഒന്നിനൊന്നു മികവാര്‍ന്നു നില്‍ക്കുന്നു. ഓര്‍മകളുടെ നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോള്‍ തന്നോടൊപ്പം ഈ കലാലയത്തില്‍ തുഴഞ്ഞുനീന്തിയവരില്‍ ഇരുപത്തിയഞ്ച് പേരെങ്കിലും ഈ ഭൂമിയില്‍നിന്നും അപ്രത്യക്ഷരായത് വേദനയോടെയാണ് തമ്പി ഓര്‍ക്കുന്നത്. സ്വയംഹത്യ ചെയ്ത ആ വിദ്യാര്‍ഥി മിത്രങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം ശിരസ്സ്‌ കുനിക്കുന്നു. ഓര്‍മയുടെ ആല്‍ബത്തിലെ ആ ക്ഷുബ്ധ സൌന്ദര്യമുള്ള മുഖങ്ങള്‍ കാണുമ്പോള്‍ തമ്പിയുടെ ആത്മാവില്‍ കണ്ണീര്‍ പൊടിയുന്നു. 'മഹാപ്രസ്ഥാനിയുടെ പിന്‍വിളികള്‍' എന്ന ലേഖനത്തില്‍ ശാന്തയും,'പണി തീരാത്തയേശു' വില്‍ രാവുണ്ണിയും,'കവിതയുടെ രാക്കിളി സഞ്ചാരങ്ങളില്‍ എന്‍ രാജനും, 'പുതുമണ്ണിന്‍റെ ഗന്ധമാദനത്തില്‍' വര്‍ഗീസ്‌ ആന്റണിയും 'കാലത്തെ അളക്കുന്ന കാറ്റില്‍' എം ജി ബാബുവും വി ജി തമ്പി എന്ന മനുഷ്യ സ്നേഹിയെ ആത്മാവില്‍ തൊട്ടറിയുന്നു.
തടവറയില്‍ നിന്നും ബൈജുഅബ്രഹാം എഴുതിയ ഒരു കത്ത് ഈ ഓര്‍മപ്പുസ്തകത്തെ വേദനയില്‍ സ്നാനപ്പെടുത്തുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് വി ജി തമ്പിയുടെ 'തച്ചനറിയാത്ത മരം' വായിക്കാന്‍ ഇടയായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെയൊരു കത്ത് അയക്കേണ്ടി വരില്ലായിരുന്നു എന്ന് ബൈജുഅബ്രഹാം കുമ്പസാരിക്കുമ്പോള്‍ നമ്മുടെ കണ്ണ് നിറയും.
' കവിതയിലൂടെ മരണം ഒരു കൈ നീര്‍ത്തലാണെന്ന് നീ പ്രവചിക്കുമ്പോള്‍, നിഴലുകളുടെ പെട്ടകത്തില്‍ ഞാന്‍മാത്രം ബാക്കിയാവുന്നു എന്ന തേങ്ങലിനൊപ്പം എന്‍റെയും ആത്മാവ് ഈ കവിതകളില്‍ കരയുന്നുണ്ട്. അമ്മേ എന്‍റെ അമ്മേ ഇതായിരിക്കുമോ സ്നേഹം എന്ന് ഈ കവിയോടൊപ്പം അപരാധഭാരത്താല്‍ തടവറയിലെ ഏകാന്തതയിലിരുന്നു ഞാനും ഏറ്റു പറയുന്നു. 'ജീവിക്കുന്നു , ഞാനെന്നുള്ളില്‍ ജീവിക്കാതെ ' എന്ന വരി എന്‍റെ ഹൃദയത്തെത്തന്നെയാണ് കുത്തിത്തുറ ന്നത്. പൂത്തുപെയ്ത കാലങ്ങള്‍ എവിടെ താണുപോയി എന്ന ചോദ്യം എന്‍റെ മറവികളിലെക്കാണ് വിരല്‍ചൂണ്ടിയത്. ഞങ്ങള്‍ക്ക് പറയാനുള്ളതും ഞങ്ങള്‍ ചിന്തിക്കുന്നതും ഞങ്ങളുടെ വേദനകളും പ്രണയവും വിരഹവും തേങ്ങലും നിന്നിലൂടെ പകര്‍ത്തപ്പെട്ടു കഴിഞ്ഞു..വിലക്കപ്പെട്ടവന്‍റെ കനിയായി ഇത് സ്വീകരിക്കുക. '

സൌഹൃദത്തിന്‍റെ ഒറ്റമരക്കാട് ...ഇവിടെ പൂര്‍ണമാകുന്നു. 'മൂന്നക്ഷരവും മുറുക്കവും' എന്താണെന്ന് വരുംതലമുറ വായിച്ചറിയാനാണ് വി ജി തമ്പിക്ക് മുമ്പില്‍ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഈ ദക്ഷിണ അര്‍പിക്കുന്നത്. നന്ദി .

No comments:

Post a Comment