Sunday, March 18, 2012

oppam nadakkunna pichakam


അമ്മമ്മയുടെ എഴുത്തുപെട്ടിക്ക് കൈതപ്പൂവിന്‍റെ മണമാണ്. അലക്കിയെടുത്ത കോടിമുണ്ടുകള്‍ നറുമണം പൊഴിച്ച് അമ്മമ്മയുടെ പെട്ടകത്തില്‍ എഴുത്തോലകള്‍ക്കൊപ്പം കിടന്നു. അനങ്ങന്‍മലയുടെ അടിവാരത്ത് പൂവിലഞ്ഞികള്‍ നിറഞ്ഞൊരു താഴ്വരയിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്‌. അമ്പലക്കുളത്തില്‍ മുങ്ങിത്തുടിച്ചും കൈക്കൊട്ടിക്കളിച്ചും ദശപുഷ്പം ചൂടിയും അമരകോശവും സിദ്ധരൂപവും ഉരുവിട്ടും കഴിഞ്ഞ ഓര്‍മകളുടെ ബാല്യം. അമ്മമ്മ പകര്‍ന്നുതന്ന ചിത്രസ്മരണകള്‍ 'ഞാറ്റുവേല' ക്കുറിപ്പുകളായി ഒരിക്കല്‍ ഞാന്‍ പകര്‍ത്തിയെടുത്തു. ഇടിവെട്ടിപ്പെയ്ത തുലാവര്‍ഷരാവുകളില്‍ മതി വരാതെ കേട്ട അമ്മമ്മക്കഥകള്‍ ഞങ്ങള്‍ അയവിറക്കാറുണ്ട്.

എണ്പതിന്‍റെ നിറവില്‍ കെ.സി പങ്കജാക്ഷിയമ്മ കുറിച്ചിട്ട 'ഒപ്പം നടന്ന പിച്ചകം' വായിച്ചുതീര്‍ന്നപ്പോള്‍ സുഗന്ധിയായ ഭാഷയുടെ എഴുത്തോലയില്‍ കഴിഞ്ഞ കാലത്തിന്‍റെ കാഴ്ചകള്‍ ഓര്‍മകളില്‍ പെയ്തു വീണു. ആലപ്പുഴയിലെ മുതുകുളത്ത് നിന്ന് കാര്‍ത്തികപ്പള്ളിയിലേക്ക് ദത്തുപുത്രിയായി യാത്രതിരിച്ച രണ്ടു വയസ്സുകാരി പേരപ്പന്‍റെ തോളത്തിരുന്നു മുണ്ടകന്‍ പാടത്തിന്‍റെ കരയിലൂടെ നടത്തിയ യാത്രയുടെ അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച കാണാക്കാഴ്ചകളാണ് പിച്ചകപ്പൂമണമായി നമ്മോടൊപ്പം കൂടെവന്നത്. ഒരു സാധാരണ മലയാളിസ്ത്രീയുടെ ഗ്രാമീണവിശുദ്ധി കലര്‍ന്ന ജീവിതത്തിന്‍റെ കയ്പും ചവര്‍പ്പും മധുരവും നിറഞ്ഞ ഓര്‍മയുടെ ചിമിഴുകള്‍ ഓരോന്നായി ഈ അമ്മൂമ്മ തുറന്നു തരുന്നു. നന്മകളാല്‍ സമൃദ്ധമായ ഓണാട്ടുകരയിലെ സ്ഫടികവര്‍ണങ്ങള്‍ തൂവിയ കൌമാരം അസാധാരണമായ ഉള്‍ക്കാഴ്ച യോടെയാണ് പങ്കജാക്ഷിയമ്മ ഓര്‍മിക്കുന്നത്‌. " മുതുകുളവും കാര്‍ത്തികപ്പള്ളിയും ചന്തമുള്ള നാട്ടിന്‍പുറങ്ങളായിരുന്നു.മുതുകുളത്തെ ഇലയപ്പത്തിന്‍റെ നടുഭാഗം എന്ന് വിളിച്ചു കേട്ടിട്ടുണ്ട്. പ്രകൃതിരമണീയതക്കും കാര്‍ഷികസമൃദ്ധിക്കും പുറമേ കലാകാരന്മാരുടെ നാടുകൂടി ആയതാവാം കാരണം. അക്ബര്‍ ശങ്കരപിള്ള, അനാര്‍ക്കലി വാസുദേവ് എന്നീ നാടകനടന്മാര്‍ , കവയിത്രി മുതുകുളം പാര്‍വതിയമ്മ,നടന്‍ മുതുകുളം രാഘവന്‍ പിള്ള, എന്നിവരൊക്കെ ആ ദേശക്കാരായിരുന്നു.സമൃദ്ധമായി കിട്ടുന്ന മഴ, മുണ്ടകന്‍കൃഷി ചെയ്യുന്ന കണ്ടങ്ങള്‍, പുരയിടങ്ങളില്‍ ധാരാളമായി വളര്‍ന്നുനിന്ന മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍.....
കാര്‍ത്തികപ്പള്ളിക്ക് ബുദ്ധസംസ്കാരവുമായി ബന്ധമുണ്ടെന്നു കേട്ടിരുന്നു. തൃക്കുന്നപ്പുഴയില്‍ ഉണ്ടായിരുന്ന ബുദ്ധവിഹാരം പില്‍കാലം കടലെടുത്തുപോയെന്നുംപറച്ചിലുണ്ട്. കാര്‍ത്തികപ്പള്ളിയുടെ ഏറ്റവും വലിയ സവിശേഷത ഒരു പക്ഷെ അവിടത്തെ കമ്പോളമായിരുന്നു. കായംകുളം പട്ടണം വികസിതമാവുന്നതിനു മുന്‍പ് കാര്‍ത്തികപ്പളി കമ്പോളമാണ് ആലപ്പുഴയിലെ കച്ചവടക്കാരെ ആകര്‍ഷിച്ചിരുന്നത്. ഓച്ചിറ വിളക്കിനും, മണ്ണാറശാല ആയില്യത്തിനും ഉയരുന്ന താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ അവിടേക്ക് ആകര്‍ഷിച്ചു."
ഒരു നാടിനെയും ദേശത്തെയും അടയാളപ്പെടുത്തുന്ന ഈ ആലേഖനം ഹൃദ്യമായൊരു വായനാനുഭവമാണ്.
എഴുത്തില്‍ അപൂര്‍വസൌന്ദര്യം വിടര്‍ത്തുന്ന ആത്മഭാഷണങ്ങള്‍ സാഹിത്യത്തിലെ ദിശാമാറ്റത്തിനു തനിമയും നിറവും പകരുന്നു. ദേശചരിത്രം പോലെ കുടുംബവര്‍ത്തമാനവും വ്യക്തിജീവിത ചിത്രണവും എഴുത്തില്‍ അടയാളപ്പെടുത്തുന്ന ലോകം, വായിക്കപ്പെടാതെ പോകുന്ന തീവ്രഭാവനയുടെ മുഹൂര്‍ത്തമാണ്. സക്കറിയയുടെ ഉരുളികുന്നവും കെ വി തോമസിന്‍റെ കുമ്പളങ്ങി വിശേഷവും ശിവദാസന്‍ മാസ്റ്ററുടെ കിള്ളിക്കുര്‍ശ്ശി മംഗലവും അഡ്വ.ശ്രീകൃഷ്ണന്‍റെ മച്ചാട് ദേശചരിത്രവും പൊറ്റെക്കാടിന്‍റെ അതിരാണിപ്പാടം പോലെ മലയാളത്തിലുണ്ടായ മനോഹരകൃതികളാണ്. സിസ്റ്റര്‍ ജെസ്മയും, കോണ്‍സ്റ്റബിള്‍ വിനയയും എഴുത്തിലൂടെ വ്യത്യസ്തങ്ങളായ സ്വകാര്യലോകങ്ങള്‍ നിര്‍മിച്ചു.കല്ലേന്‍ പൊക്കുടനും നാരായനും അനുഭവത്തിന്‍റെ മറുകരയിലൂടെ പതിഞ്ഞ ശീലുകളില്‍ നിന്ന് വഴുതിമാറി. അന്തര്‍ജനവും രാജലക്ഷ്മിയും സരസ്വതിയമ്മയും മാധവിക്കുട്ടിയും മാത്രമല്ല, ദേവകി നിലയങ്ങോടിനെപ്പോലെയുള്ള അറിയപ്പെടാത്ത ശബ്ദങ്ങളും അവര്‍ നിര്‍മിച്ച സ്വകാര്യലോകത്തിന്‍റെ ഇരുട്ടില്‍ നിന്ന് പ്രത്യാശാപൂര്‍ണമായൊരു വരുംകാലത്തെ ഭാവന ചെയ്തു.
കുടുംബവും സ്നേഹബന്ധങ്ങളും ക്രമേണ അന്യംനിന്നു വരുന്നൊരു കാലത്ത് 'ഒപ്പം നടക്കുന്ന പിച്ചകം' പോലുള്ള വാത്സല്യം നമ്മുടെ സംവേദനത്തെ ഉര്‍വരമാക്കുന്നുണ്ട്.പങ്കജാക്ഷിയമ്മയുടെ പുത്രന്‍ ബാലചന്ദ്രനും പേരക്കിടാവ് മീരയും എഴുത്തിന്‍റെ വഴി തിരഞ്ഞെടുത്തതും പാരമ്പര്യത്തിന്‍റെ നൂലിഴ സ്നേഹത്താല്‍ കൊരുത്തെടുത്തത് കൊണ്ടാണ്.
ജീവിതസായന്തനത്തില്‍ കെ സി പങ്കജക്ഷിയമ്മ എന്ന മുത്തശ്ശി പകര്‍ത്തിവെച്ച ലോകം അവരുടെ മരണാനന്തരം മക്കള്‍ പ്രസിദ്ധീകരിച്ചതാണ് ഈ മനോഹര കൃതി.    ഓണാട്ടുകരയിലെ അറ്റം കാണാതെ നീണ്ടു പരന്നുകിടന്ന മുണ്ടകന്‍ പാടങ്ങളും ഓര്‍മകള്‍ പാദസരം കിലുക്കിയ നാട്ടിടവഴികളും കൊരിച്ചൊരിഞ്ഞ കര്‍ക്കിടകപ്പേമാരിയും വസന്തോല്സവമാടിയ യൌവനഭംഗികളും ആണ്ടറുതികളുടെ ഇനി വരാത്തവണ്ണം മറഞ്ഞുപോയ കാല്‍പനികസൗന്ദര്യവുമൊക്കെ നന്മയുടെ ഈ പുസ്തകത്തില്‍ വിരുന്നുവരുന്നു. മുത്തശ്ശിമാരുടെ ആത്മകഥകള്‍ വായനയുടെ സൌഭാഗ്യമാവുന്നതിങ്ങനെയാണ്.

No comments:

Post a Comment