കുരുടന്‍മൂങ്ങ - വിവര്‍ത്തനത്തിന്‍റെ കല
" ഒടുവില്‍ ഇത്തിരി ശങ്കിച്ചിരുന്ന ശേഷം, എണ്ണവിളക്ക് അടുത്തേക്കു നീക്കിവെച്ച് ഞാനെഴുതാനാരംഭിച്ചു.
ഏകാന്തതയില്‍ ആത്മാവിനെ കരണ്ടുകരണ്ടില്ലാതാക്കുന്ന ചില ഉഗ്രവ്രണങ്ങളുണ്ട്. അവയുടെ വേദന വിവരിക്കുക അസാധ്യമാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാരണം, അപൂര്‍വവും വിചിത്രവുമായ ചില അനുഭവങ്ങളുടെ ഭാഗങ്ങളാണവ. അലൌകികമായ ഈ അനുഭവങ്ങളുടെ - ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള മയക്കത്തിലൂടെ പ്രക്ത്യക്ഷപ്പെടുന്ന ആത്മാവിന്‍റെ നിഴലാട്ടങ്ങളുടെ - രഹസ്യം കണ്ടുപിടിക്കാന്‍ മനുഷ്യന് എന്നെങ്കിലും കഴിയുമോ? അങ്ങനത്തെ ഒരനുഭവം ഞാന്‍ വിവരിക്കാം. അത് എന്നെ സംബന്ധിച്ചതാണ്. എനിക്കത് മറക്കാനേ സാധ്യമല്ല. അത്രത്തോളം എന്നെ ഉലച്ചുകളഞ്ഞു. അതിന്‍റെ ദുസ്മൃതി എന്‍റെ അസ്തിത്വത്തിലാദ്യന്തം വിഷമേല്‍പ്പിച്ചിരിക്കുന്നു. എനിക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ ഭയാനകമായ ഒരു പാതാളക്കിടങ്ങുണ്ടെന്നു ഈ ചുരുങ്ങിയ ജീവിതകാലം കൊണ്ടുതന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴിതെല്ലാം എഴ്ഗുതാന്‍ തീരുമാനിച്ചതെന്തന്നല്ലേ? ഒരേയൊരു കാരണമേയുള്ളൂ- എന്‍റെ നിഴലിന് എന്നെ പരിചപ്പെടുത്തിക്കൊടുക്കാന്‍. ഞാന്‍ എഴുതുന്ന ഓരോ വാക്കും വരിവിഴുങ്ങാനെന്ന പോലെ ചുമരില്‍ കുനിഞ്ഞിരിക്കുന്ന നിഴലിന്. ഒരുപക്ഷെ ഞങ്ങള്‍ക്ക് അന്യോന്യം ഇനിയും കൂടുതലറിയാന്‍ കഴിഞ്ഞേക്കും."
ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അനശ്വരകൃതിയാണ് സാദിക്ക് ഹിദായത്തിന്‍റെ 'കുരുടന്‍ മൂങ്ങ' (ബുഫ്- ഇ-കൂര്‍ )
വിലാസിനിയുടെ അതീവഹൃദ്യമായ പരിഭാഷയിലൂടെ പനിനീര്‍പ്പൂക്കളുടെയും ഉമര്‍ ഖയ്യാമിന്‍റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ അനര്‍ഘരത്നം നമുക്ക് ലഭിച്ചു.
അതിവിചിത്രവും അനന്യസാധാരണവുമായ 'കുരുടന്‍മൂങ്ങ' എന്ന കൃതിയെ നമുക്കടുത്തറിയാം. സ്വപ്നാത്മകമായ ഭാഷയില്‍ കഥപറയുന്ന ഹിദായത്ത് വായനയുടെ ആത്മാവിനെ ആഴത്തില്‍ ഗ്രസിക്കുകയാണ്.
ആധുനിക ഇറാന്‍ സാഹിത്യത്തിലെ അനശ്വരപ്രതിഭ സാദിക്ക് ഹിദായത്തിന്‍റെ മാസ്റ്റര്‍പീസ് എന്ന് പറയാവുന്ന നോവലാണ് ബുഫ്- ഇ-കൂര്‍. കുരുടന്‍മൂങ്ങ എന്നര്‍ഥം. മൂങ്ങയെപ്പോലെ വെളിച്ചത്തെ ഭയന്ന്
ഏകാന്തതയിലിരുന്നു മൂളുന്ന കേന്ദ്രകഥാപാത്രത്തിന്‍റെ ആത്മാഭാഷണമാണ് ഇതിവൃത്തം. സ്വന്തം ശവക്കല്ലറയിലിരുന്നു കൂമനെപ്പോലെ വിലപിച്ചുമൂളുന്ന അയാള്‍ മരിച്ചിട്ടും മരിക്കാത്ത അശാന്തകാമന തന്നെയാണ്. നീലത്താമരകള്‍ പൂത്ത നദീതീരത്തെ സൈപ്രസ്സ് വൃക്ഷത്തിന്‍റെ രൂപകം കഥയിലുടനീളം നമ്മെ പിന്തുടരുന്നു. എണ്ണച്ചായത്തില്‍ മുക്കിവരച്ച പെയ്ന്റിംഗ് പോലെ മനോഹരം ഹിദായത്തിന്‍റെ കൃതി. കാഫ്കയുടെ കാസില്‍ പോലെ ഒരു എകാന്തഭവനത്തില്‍ ഹിദായത്തിന്‍റെ നായകനും പകല് മുഴുവന്‍ കഴിഞ്ഞു. കറുപ്പ് തിന്നും ചഷകം നുണഞ്ഞും ബാഹ്യലോകത്ത് നിന്ന് ഒളിച്ചോടിയ അയാളുടെ പ്രധാന ജോലി എഴുത്തുപെട്ടിയുടെ ഉറകളില്‍ ചിത്രം വരയ്ക്കുകയായിരുന്നു. പേനയും മഷിയുമടക്കമുള്ള ലേഖനസാമഗ്രികള്‍ സൂക്ഷിക്കുന്ന എഴുത്തുപെട്ടികള്‍ അലങ്കരിക്കുന്ന പ്രവൃത്തി മടുപ്പില്ലാതെ ചെയ്തുപോന്നു അയാള്‍. എടുത്തുപറയേണ്ട സംഗതി, വരയ്ക്കുന്ന എല്ലാചിത്രങ്ങളുടെയും പ്രമേയം ഒന്നുതന്നെയായിരുന്നെ എന്നതാണ്. ഒരു സൈപ്രസ് വൃക്ഷം. അതിന്റെ കടയ്ക്കല്‍ നീണ്ട നിലയങ്കി ധരിച്ചു നിലത്തു പടിഞ്ഞിരിക്കുന്ന ഒടിഞ്ഞുതൂങ്ങിയ ഒരു വൃദ്ധന്‍. അയാളുടെ മുഖം എല്ലായ്പ്പോഴും ഒരിന്ത്യന്‍യോഗിയെ ഓര്‍മിപ്പിച്ചു. അമ്പരന്നതുപോലെ ഇടത്തെ ചൂണ്ടുവിരല്‍ ചുണ്ടത്തുവെച്ചാണ് ഇരിപ്പ്. കിഴവന്‍റെ മുന്‍പില്‍ നീണ്ട കറുത്ത കുപ്പായം ധരിച്ച ഒരു പെണ്‍കിടാവ്. അവര്‍ക്കിടയിലൊരു നീരരുവി ഒഴുകി. അവള്‍ കുനിഞ്ഞ്, മുന്നോട്ടാഞ്ഞ് ചാലിന്‍റെ മീതെ അയാള്‍ക്കൊരു താമരപ്പൂവ് നല്‍കുന്നു. എപ്പോള്‍ തൂലികയെടുത്താലും അയാള്‍ വരക്കുന്നത് ഇതേ ചിത്രമാണ്. അത്രയ്ക്ക് ആ സ്വപ്നത്തിന്‍റെ വശ്യതയില്‍ മുങ്ങിപ്പോയിരുന്നു അയാള്‍.
ഒരിക്കല്‍ തന്‍റെ എകാന്തഭവനത്തില്‍ വിരുന്നുവന്ന ചിറ്റപ്പനെ സല്ക്കരിക്കാനായി ഉത്തരത്തിന്‍റെ താഴെ ചുമരിലുള്ള പൊത്തില്‍ പൈതൃകമായി കാത്തുസൂക്ഷിച്ച ഒരു കൂജ വീഞ്ഞുണ്ടായിരുന്നത് എടുക്കാന്‍ ശ്രമിക്കവേ, അയാളുടെ ജീവിതത്തെ മാറ്റിമറച്ച വിഷനീലിമയാര്‍ന്ന ഒരനുഭവമുണ്ടായി.ചുമരിലെ സൂത്രപ്പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറിയുടെ പിറകിലുള്ള പറമ്പില്‍ ,ഒരു സൈപ്രസ് വൃക്ഷത്തിന്‍റെ കടയ്ക്കല്‍ ആ ഒടിഞ്ഞുതൂങ്ങിയ വൃദ്ധന്‍ ഇരിക്കുന്ന കാഴ്ച. മുന്‍പില്‍ അതേ പെണ്‍കിടാവ്.അപ്സരസ്സിനെപ്പോലെ മോഹിനിയായ അവള്‍ മുന്നോട്ടല്‍പ്പം കുനിഞ്ഞുനിന്ന് വലത്തേ കൈ കൊണ്ട് ഒരു പുഷ്പം കിഴവന് നല്‍കുന്നു. അവളുടെ ചുണ്ടില്‍ അവ്യക്തമായൊരു പുഞ്ചിരി സ്വയം വിടര്‍ന്നുവറ്റിയിരുന്നു. അവളുടെ വശ്യവും അഴകും മുറ്റിയ, പേടിപ്പെടുത്തുന്ന എന്നാല്‍ മാടിവിളിക്കുന്ന, അമാനുഷമായ ലഹരിപിടിപ്പിക്കുന്ന കണ്ണുകള്‍ കഥാനായകന്‍ കണ്ടു. കാന്തശക്തിയുള്ള അവളുടെ കണ്ണുകള്‍ അയാളുടെ ജീവസ്സാകെ ഊറ്റിക്കുടിച്ചു.അവളുടെ മാദകമായ അധരങ്ങള്‍ തൃഷ്ണ ശമിക്കാത്ത ചുംബനത്തിനിടയില്‍ അടര്‍ത്തിയെടുത്തതുപോലെ കാണപ്പെട്ടു. ഒരു ക്ഷേത്രനര്‍ത്തകിയെപ്പോലെ താളാത്മകമായിരുന്നു അവളുടെ നില്പ്. ശാന്തി ഉടലെടുത്ത മുഖഭാവമായിരുന്നെങ്കിലും
ആരോ സ്വന്തം ഇണയില്‍നിന്നു വേര്‍പെടുത്തിയ, ആലംഗനത്തില്‍ നിന്നടര്‍ത്തിമാറ്റിയ ദുദായി വേര് പോലെയായിരുന്നു അവളുടെ നില. അവള്‍ അരുവിക്കപ്പുരത്തുള്ള കിഴവന്റെ സമീപമെത്താന്‍ വെമ്പി നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. കിഴവന്‍ അതുനോക്കി കര്‍ണകഠോരമായി പൊട്ടിച്ചിരിച്ചു. ഭയാനകമായ ആ ചിരിയുടെ ഒലി കൃതിയിലുടനീളം കേള്‍ക്കാം.
ആത്മാവിനെ ഗ്രസിച്ച ഒരര്‍ബുദത്തിന്‍റെ വ്രണംവാര്‍ന്നൊലിക്കുന്ന അനുഭവമാണ് കുരുടന്‍ മൂങ്ങയുടെ പ്രമേയം. സ്വന്തം ജീവിതത്തെയും അസ്തിത്വതെയും ബാധിച്ച ജീര്‍ണതമൂലം വ്രണിതഹൃദയനായ
ഹിദായത്ത്, തന്‍റെ ഹൃദയത്തില്‍ ഉറഞ്ഞുകൂടിയ നീലവിഷാദത്തിനുകൊടുത്ത രൂപമാണ് ഈ നോവെല്ല. ഇറാനിലെ സാമൂഹ്യജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിച്ച അന്തര്‍മുഖനായ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. പേര്‍ഷ്യയിലെ മണ്മറഞ്ഞ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ആരാധകനായിരുന്ന ഹിദായത്തിനെ 'ആയിരത്തിയൊന്നു രാവുകള്‍' പോലുള്ള അറബിക്കഥകളും, ഒമര്‍ ഖയ്യാമിന്‍റെ 'റുബായിയാത്ത്' പോലുള്ള രചനകളും അളവിലേറെ സ്വാധീനിച്ചിരുന്നതായി നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. കുരുടന്‍മൂങ്ങയുടെ ഭയാനകമായ ഇരുണ്ട സൌന്ദര്യം കാഫ്കയുടെ കഥകളില്‍ കാണുന്നതിനും അപ്പുറത്തായിരുന്നു. കഥ പറയുന്നതിലെ ഇന്ദ്രജാലം ഇറാന്‍റെയും അറബിക്കഥകളുടെയും ആഖ്യാനപാരമ്പര്യത്തെ പിന്തുടരുന്നു. റില്‍ക്കെയുടെ മൃത്യുപൂജയോടും, കാഫ്കയുടെ ഭ്രമാത്മക ശൈലിയോടുമുള്ള സാമീപ്യവും കുരുടന്‍ മൂങ്ങക്ക് അസാധാരണമായൊരു രഹസ്യസൌന്ദര്യം പകരുന്നു. ചാക്രികമായ ആഖ്യാനത്തിലൂടെ കാലത്തെ കീഴ്മേല്‍ മറിക്കാനും വൃത്തത്തിനുള്ളില്‍ വൃത്തമെന്ന പോലെ കഥക്കുള്ളില്‍ കഥ എന്ന ആഖ്യാനതന്ത്രം ഭാരതീയ പാരമ്പര്യത്തിലെ 'യോഗവാസിഷ്ഠ'ത്തെയും 'പഞ്ചതന്ത്ര'ത്തേയും ഓര്‍മിപ്പിക്കാതിരിക്കില്ല. കാഫ്ക്കയുടെയും ബോര്‍ഹസിന്‍റെയും കഥകളുടെ കയ്യടക്കം ഹിദായത്തിലും പ്രകടമാണ്. ഇറാനിലെ പഹ് ലവി കാലഘട്ടത്തിലെ ഇതിഹാസങ്ങളും നാടോടി പാരമ്പര്യവും ജരതുഷ്ട്രയുടെ തത്വചിന്തയും, സെന്‍റ് അവസ്ത തുടങ്ങിയ പ്രാചീനകൃതികളും സാദിക്ക് ഹിദായത്തിനെ ആഴത്തില്‍ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവെസ്തയിലെ കീര്‍ത്തനങ്ങളുടെയും ക്രിയകളുടെയും താളക്രമം കുരുടന്‍മൂങ്ങയുടെ ഏകാന്തമായ അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒമര്‍ഖയാമിനെപ്പോലെ ആത്മീയമായ യാതനകളുടെ വ്യാഖ്യാനമാണ് ഹിദായത്തും തന്‍റെ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. ലോകത്തെവിടെയുമുള്ള മനുഷ്യന്‍റെ വിചിത്രാനുഭവങ്ങളുടെ ദുരവസ്ഥതന്നെയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. സൂത്രപ്പഴുതിലൂടെ മൂങ്ങ കാണുന്ന സ്വപ്നലോകം പ്രത്യാശയുടെതാണ്. എന്നാല്‍ അശാന്തമായ നേരനുഭവങ്ങളുടെ വെറുംതടവില്‍
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ പാരതന്ത്ര്യമാണ് പേരില്ലാത്ത, വേരുകള്‍ മുറിഞ്ഞുപോയ പ്രധാനകഥാപാത്രം ശക്തമായി ധ്വനിപ്പിക്കുന്നത്. എന്നിട്ടും,ഹിദായത്തിന്‍റെ നായകന്‍ സൂത്രപ്പഴുതിലൂടെ കാണുന്ന ലോകത്തിനു യോഗാത്മകതയുണ്ട്. ഗുഹയില്‍ നിന്നെന്ന പോലെ ഉയര്‍ന്ന ചിരിയുടെയും കാലത്തെ പ്രതിഫലിപ്പിച്ച സൈപ്രസ് മരത്തിന്‍റെയും ഇടയില്‍ ഒഴുകിയ നീരരുവിയും അവിടെ വിരിഞ്ഞ നീലത്താമരയും ഒടുങ്ങാത്ത പ്രത്യാശയുടെ, അവസാനിക്കാത്ത സ്വപ്നങ്ങളുടെ വേര്‍പൊടിപ്പുകളായി നമുക്ക് കാണാം.
വിവര്‍ത്തകന്‍റെ വിയര്‍പ്പുനീര്‍ വീണ 'കുരുടന്‍ മൂങ്ങയുടെ' മൊഴിമാറ്റം പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ കൈയ്യൊപ്പ് പതിഞ്ഞതാണ്. ഇതേ കൃതിക്ക് പില്‍ക്കാലത്തുണ്ടായ മറ്റൊരു പരിഭാഷ പരിശോധിച്ചാല്‍ വിലാസിനിയുടെ ആഖ്യാനകലയുടെ മികവു നമുക്കനുഭവപ്പെടും.
No comments:
Post a Comment