ഹൈക്കു : പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
ഹൈക്കു
ഒരേ സമയം ഒരു കാവ്യ സമ്പ്രദായവും ലോകത്തെ വായിക്കുന്ന, അനുഭവിക്കുന്ന ഒരു
നിമിഷം കൂടിയാണ്. മൂന്നു വരിയില്‍ ഒരനുഭവത്തിന്‍റെ അന്തര്‍ദര്‍ശനം
സാധ്യമാക്കുകയാണ് ഹൈക്കുവിന്‍റെ രീതി. ജപ്പാന്‍റെ സൌന്ദര
്യാനുശീലനവുമായും
ബുദ്ധമത ദര്‍ശനവുമായും ഇഴചേര്‍ന്നു കിടക്കുകയാണ് ഹൈക്കു. വര്‍ഷങ്ങള്‍
നീണ്ടുനില്‍ക്കുന്ന കാവ്യാനുസന്ധാനത്തിലൂടെയാണ് ഹൈക്കു രചന
നിര്‍വഹിക്കപ്പെട്ടത്. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്‍റെ , സൂക്ഷ്മ
പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന ആന്തരികതയിലേക്ക് കടന്നുചെല്ലുന്ന
ആത്മാവിന്‍റെ ശബ്ദമാണത്.
ജപ്പാനിലെ രാജസദസ്സുകളില്‍ പന്ത്രണ്ടാം
നൂറ്റാണ്ടുവരെ പ്രചാരത്തിലുണ്ടായിരുന്ന 'താന്‍ക' (Tanka )എന്ന
കാവ്യരൂപത്തില്‍ നിന്നാണ് 'ഹൈക്കു'വിന്‍റെ പിറവി. മതപരമായ ക്രിയകളുമായി
ബന്ധപ്പെട്ടും, രാജസദസ്സുകളിലെ കീര്‍ത്തന സമ്പ്രദായമെന്ന നിലയിലുമൊക്കെയാണ്
താന്‍ക ഉപയോഗിക്കപ്പെട്ടത്. അഞ്ച്- ഏഴ്- അഞ്ച്- ഏഴ് എന്ന അക്ഷരക്രമം
ദീക്ഷിച്ചുകൊണ്ടുള്ള ഒരു കവിതാരീതിയാണ്'താന്‍ക '.ഒന്നിലധികം പേര്‍
ചേര്‍ന്ന് രൂപം നല്‍കുന്ന ഒരു പദ്യമാലയായിരുന്നു അത്. നമ്മുടെ അക്ഷരശ്ലോകം
പോലെ ഒന്ന്. തുടക്കത്തിലുപയോഗിക്കുന്ന പദ്യം അഥവാ 'ഹോക്കു' ആണ്
തുടര്‍വരികളുടെയും പദ്യങ്ങളുടെയും ആശയവും അന്തരീക്ഷവും
നിയന്ത്രിക്കുന്നത്. ഈ കാവ്യകേളിയുടെ മുന്‍നിരയിലെ പ്രയോക്താക്കളാണ്
ഹോക്കുവിന്‍റെ യഥാര്‍ഥ പ്രചാരകര്‍. മസോക്ക ഷികിയുടെ ഹോക്കുകളിലൂടെയാണ്
പില്‍കാല 'ഹൈക്കു' രൂപമെടുത്തതെന്നു പറയപ്പെടുന്നു.
പില്‍ക്കാലം
ലോകമെങ്ങും അറിയപ്പെട്ട ഹൈക്കു കവിതകളുടെ ആദ്യ പ്രയോക്താക്കള്‍ ബാഷോ,
ബുസണ്‍ , ഇസ്സ എന്നീവരായിരുന്നു. ജപ്പാനിലെ വിദൂര ഗ്രാമങ്ങളില്‍ ജനിച്ചു
വളര്‍ന്ന ഈ കവികള്‍ അനേകകാതം അലഞ്ഞുനടന്നുള്ള ഗ്രാമീണ ജീവിതത്തിലൂടെ
മനുഷ്യനെയും പ്രകൃതിയെയും ആഴത്തില്‍ നിരീക്ഷിക്കുകയായിരുന്നു, അങ്ങനെ
വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരമാണ് അവരുടെ ഹൈക്കുകവിതകളുടെ ജനനം കുറിച്ചത്.
നേരിട്ടുള്ള മനുഷ്യസമ്പര്‍ക്കത്തിലൂടെ സ്ഥായീഭാവങ്ങളായ മനുഷ്യസങ്കടങ്ങളും
ഏകാന്തമായ നിമിഷങ്ങളുടെ സത്തയും സ്വാംശീകരിക്കാന്‍
ഹൈക്കുകവികള്‍ക്കായി.മനുഷ്യന്‍റെ ആന്തരികജീവിതത്തിന്‍റെ അകവും പുറവും
എതിര്‍പാര്‍ക്കാന്‍ ബാഷോവിനും ഷികിക്കും സാധിച്ചു എന്നതിന് അവരുടെ
ഹൈക്കുകവിതകള്‍ തെളിവ്. ഹൈക്കുവിന്‍റെ പിതാവ് എന്ന് ലോകം ആഘോഷിച്ച ബാഷോ,
താവോ മതത്തിന്‍റെയും ക്ലാസ്സിക്കല്‍ ചൈനീസ് കവിതകളുടെയും പഠിതാവായിരുന്നു.
രാജസദസ്സുകളിലെ കീര്‍ത്തനങ്ങളില്‍ തറഞ്ഞുനിന്ന ആദ്യകാല
ജപ്പാന്‍കാവ്യങ്ങളുടെ ഗതാനുഗതികത്വത്തില്‍നിന്ന് വഴുതിമാറാന്‍ ബാഷോ
'ഹൈക്കുവിലൂടെ' ശ്രമിച്ചു. നവീകരിച്ച ഒരു കവിതാരീതിയുടെ പ്രയോഗത്തിലൂടെ
യഥാസ്ഥിതമായ ഭാവനകളോട് കലഹിക്കുകയായിരുന്നു അദ്ദേഹം. നിത്യസഞ്ചാരിയായ ബഷോ
ഹൈക്കുവില്‍ നിറഞ്ഞു കവിഞ്ഞ ജീവിതമാണ് അവസാനംവരെ നയിച്ചത്. ഇളംകാറ്റില്‍
ഒഴുകിനീങ്ങിയ ഇല പോലെ ലാഘവമാര്‍ന്ന വ്യക്തിജീവിതമായിരുന്നു അത്. ("like
looking at a shallow river with a sandy bed." )
Monday
ഇരുപതാം
നൂറ്റാണ്ടാവുമ്പോഴേക്കും ഏറ്റവും പ്രശസ്തിയാര്‍ജിച്ച കാവ്യസമ്പ്രദായമായി
ഹൈക്കു വളര്‍ന്നുകഴിഞ്ഞിരുന്നു. മനുഷ്യന്‍റെ ആത്മീയമായ തകര്‍ച്ചകളെ
അടയാളപ്പെടുത്തുന്നതില്‍ ഹൈക്കു കവിതകള്‍ ഏറെ മുന്നില്‍ വന്നുനിന്നു.
അരാജകമായഒരു ലോകക്രമത്തിന്‍റെ നേര്‍ക്കാഴ്ച സമകാലികലോകത്തോട് ആര്‍ജവത്തോടെ
വിളിച്ചുപറയുവാന്‍ ഹൈക്കുവിനു കഴിഞ്ഞു. ലോകമെമ്പാടും ഇന്ന് അനേകം ഹൈക്കു
സൊസൈറ്റികള്‍ നിലവിലുണ്ട്. ഹൈക്കുവിനു മാത്രമായി ആനുകാലികങ്ങളും
ഗ്രന്ഥങ്ങളും വെബ്‌സൈറ്റുകളും എത്രയോ വന്നുകഴിഞ്ഞു.
അന്തര്‍ദ്ദേശീയതലത്തില്‍തന്നെ ഹൈക്കു കമ്മ്യൂണിറ്റികള്‍ സജീവമായി
പ്രവര്‍ത്തിക്കുന്നു. ഇന്നും പരമ്പരാഗതമായ ജപ്പാനീസ് രീതിയില്‍ ഗണവും
വരിയും ദീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ഗ്ലിഷ് ഹൈക്കു കവികള്‍
സ്വതന്ത്രമായ രീതികള്‍ ഹൈക്കുവില്‍ പരീക്ഷിക്കുന്നവരാണ്.ആദ്യവരിയില്‍ 5
ഗണവും (syllables ) രണ്ടാം വരിയില്‍ ഏഴും അവസാനവരിയില്‍ വീണ്ടും 5 ഗണം
എന്നതാണ് പരമ്പരാഗത ജപ്പാന്‍രീതി. അങ്ങനെ ആകെ 17 syllables .
കാലത്തില്‍
സാന്ദ്രീകൃതമാവുന്ന ഒരൊറ്റ നിമിഷത്തിന്‍റെ പ്രതിഫലനമാണ് ഹൈക്കുവിന്‍റെ
സൌന്ദര്യം. ഹൈക്കുവിന്‍റെ രചന അയത്നലളിതമാണെന്നു ഒറ്റനോട്ടത്തില്‍ തോന്നാം.
എന്നാല്‍ വര്‍ഷങ്ങളുടെ അനുശീലനത്തിലൂടെയാണ് ഹൈക്കു രചന സാധ്യമാവുന്നത്.
നിരന്തരമായ വായനയും രചനയുമാണ് ഹൈക്കു കവിതയുടെ സൌന്ദര്യശാസ്ത്രം. അതീവ
ശോഭയാര്‍ന്നു ജ്വലിക്കുന്നൊരു രത്നക്കല്ലിന്‍റെ ആഴത്തിലേക്ക് നോക്കുമ്പോള്‍
ദൃശ്യമാവുന്ന അദ്ഭുതകരമായ പ്രകാശവിന്യാസം പോലെ , സൂക്ഷ്മനിരീക്ഷണത്തില്‍
ഹൈക്കു കവിത തിളങ്ങണം എന്ന് ഹൈക്കു ഗുരുക്കന്മാര്‍ എക്കാലവും
നിഷ്കര്‍ഷിക്കുന്നു. ലളിതമായിരിക്കണം അതിന്‍റെ ഘടന. ഹൈക്കുവില്‍
അമൂര്‍ത്തമായ പദങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. രൂപകങ്ങള്‍ കൊണ്ട്
അലങ്കരിക്കുന്ന പതിവ് ഹൈക്കുവിലില്ല എന്നു തന്നെ പറയാം.
സെന്‍ബുദ്ധിസ്റ്റുകള്‍ പറയുന്ന സാക്ഷാത്കാരത്തിന്‍റെ (സടോരി) മുഹൂര്‍ത്തം
പോലെ ഒരു 'ആഹാ നിമിഷം' - അതാണ് ഹൈക്കുവിലും സംഭവിക്കുക. ആദ്യവരിയിലോ
മൂന്നാം വരിയിലോ ദൃശ്യമാവുന്ന പ്രകൃതിബിംബം ( കിഗോ) പലപ്പോഴും കാലത്തെ
അടയാളപ്പെടുത്തും. അത് ശരത് -ഗ്രീഷ്മ- ഹേമന്ത- വര്‍ഷങ്ങള്‍ ഏതുമാവാം.
എന്നാല്‍ ഇതിനെക്കാളുമൊക്കെ പ്രധാനം കവിതയില്‍ വിരിയുന്ന ധ്വനിസാന്ദ്രമായ
മുഴക്കമാണ്. അവിടെയാണ് കവിയുടെ പ്രതിഭ.
The
Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട് ഹാസ്, ഹൈക്കു
കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം
മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം
ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന്
വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം
ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ
വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.
transient, ephemeral
contingent
all things suffer
നിസ്സാരവും
ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത
ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു
തന്നെയായിരിക്കാം.
പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ്
എഴുതുന്നത്. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം
അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും
അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
മനസ്സില്‍
ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍
കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
'ഹൈ'
എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ,
ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം
അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന്
ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.
കലയിലും
കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ്
രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും
പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ്
ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും
തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ
അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും
ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ
ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി
വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ'
കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി
നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്. ഒരു
വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness )
അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള
ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന
കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ
നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന
മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ
ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും
ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍
ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ
അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ
അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി,
അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്.
ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല,
ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ
പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍
അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ,
അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ
അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍
കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
എന്നാല്‍ കവിതയുടെ
മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി
നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും
അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ
ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ
എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു.
No comments:
Post a Comment