കാഴ്ചകളില്‍ നിന്ന് ഉള്‍ക്കാഴ്ചകളിലേക്ക്
യാത്രകള്‍ എങ്ങോട്ടൊക്കെ നീളുന്നു. കണ്ടിട്ടില്ലാത്ത ദേശങ്ങളിലേക്ക്. കഴിഞ്ഞുപോയ കാലങ്ങളിലേക്ക്. പൂര്‍വസംസ്കാരങ്ങളിലേക്ക്. ചിലപ്പോള്‍ തന്‍റെതന്നെ ഉള്ളിലേക്ക്. തന്‍റെതന്നെ ഉള്ളിലേക്കുള്ള യാത്രയാവും ചിലപ്പോള്‍ ഏറെ ദുഷ്കരവും ഒരിക്കലും തീരാത്തതും. തന്‍റെയുള്ളിലെ തന്നെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് നെടുംപാതയില്‍ എവിടെയെങ്കിലും തളര്‍ന്നിരിക്കുമ്പോഴാകും വെളിവാകുക. പക്ഷെ അന്വേഷണത്തിന്‍റെ വ്യര്‍ത്ഥത യാത്രയെ നിരാകരിക്കുന്നില്ല ഒരിക്കലും. ഓരോ ആളും യാത്രയിലാണ്, എപ്പോഴും.
യാത്രയുടെ ഒരനുഭവം കാഴ്ചയാണ്. യാത്ര കഴിഞ്ഞ് തന്‍റെയുള്ളില്‍ തനിച്ചാകുമ്പോള്‍ കാഴ്ച ഓര്‍മയായിത്തീരുന്നു. സേതുമാധവന്‍ മച്ചാടിന്‍റെ 'ഓര്‍മ എഴുതിയ ദേശം' കാഴ്ചകളുടെ ഓര്‍മകള്‍ കൊണ്ട് മോഹിപ്പിക്കുന്ന ഒരനുഭവമായി, എനിക്ക്. പൂര്‍വപുണ്യങ്ങളെ വഹിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് സേതു നടത്തുന്ന യാത്ര നശ്വരതയ്ക്കുമേല്‍ അനശ്വരമായ സൗന്ദര്യാനുഭവങ്ങളെ അന്വേഷിച്ചുള്ള യാത്രയായിമാറുന്നു. പ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും സര്‍ഗ ചൈതന്യം കാഴ്ചവയ്ക്കുന്ന വിലോഭനീയമായ ലാവണ്യാനുഭവങ്ങളിലേക്കു നീളുന്ന സേതുവിന്‍റെ യാത്ര, നശ്വരതക്കു മേല്‍ അനശ്വരത കൈവരിച്ച സൗന്ദര്യ സാക്ഷാത്കാരത്തിന്‍റെ തേജോമയമായ കാഴ്ച കൊണ്ട് അവിസ്മരണീയമായിത്തീരുന്നു. കഴിഞ്ഞുപോയ കാലങ്ങളും ആ കാലങ്ങളുടെ ആത്മസൗരഭവും തിരിച്ചു വരുന്നു, നമ്മുടെ കണ്ണുകളിലേക്ക്.
യാത്രകളിലൂടെ നാം ജീവിതത്തെ വായിക്കുകയാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സേതു യാത്ര തുടങ്ങുന്നത്. അജന്തയിലേക്ക്, എല്ലോറയിലേക്ക്, കൊണാര ക്കിലേക്ക്, ബൃഹദീശ്വരത്തിലേക്ക്. പിന്നെ, എഴുത്തുകാരിലേക്ക്.അവരുടെ സൃഷ്ടികളുടെ സൗന്ദര്യഭൂമികളിലേക്ക്. ഒടുവില്‍ മച്ചാട് എന്ന സ്വന്തം ദേശത്തേക്ക്. സേതുവിന്‍റെ യാത്രകളും യാത്രകളിലെ കാഴ്ചകളും, കാഴ്ചകള്‍ ഓര്‍മയില്‍ കാത്തുവെക്കുന്ന അനുഭവങ്ങളുമൊക്കെ ചേര്‍ന്ന് ആത്മീയമായ ഒരു നിറവ് ഉണ്ടാകുന്നു.
കുന്നിന്‍ചരിവിലെ ചെമ്മണ്‍ നിറത്തിലുള്ള പാറതുരന്ന് നിര്‍മിച്ച ശില്പങ്ങളും ധ്യാനബുദ്ധന്‍മാരും സംഘധര്‍മ നിര്‍വാണകായങ്ങള്‍ മൗനമായി സംസാരിക്കുന്ന അജന്തയില്‍ നില്‍ക്കുമ്പോള്‍ സേതു വിസ്മയം കൊള്ളുന്നു, അര്‍ഹതന്‍മാരും ഭിക്ഷുക്കളും വിജനമായ ആ വനഭൂമിയില്‍ എത്രയോ കാലം അധ്യയനവും മനന നിധിധ്യാസങ്ങളുമായികഴിഞ്ഞു കൂടിയിട്ടുണ്ടാകുമെന്ന്. ആ തപസ്സില്‍നിന്നാണ് ചുമര്‍ചിത്രകല പിറവിയെടുത്തത്. മനുഷ്യാനുഭവത്തിന്‍റെ അനന്ത വൈചിത്ര്യത്തില്‍ ഗന്ധര്‍വന്മാരും അപ്സരസ്സുകളും യക്ഷകിന്നരന്മാരും കൈകോര്‍ത്തുനില്‍ക്കുന്നത്, കവിതയെ തരംഗവും വര്‍ണവുമാക്കുന്ന യോഗാത്മകമായ കലാവിദ്യയുടെ പൂര്‍ണതയാണതെന്ന് സേതു ചൂണ്ടിക്കാട്ടുന്നു. പിന്നെ എല്ലോറയിലേക്ക്. അപരാഹ്നശോഭയാര്‍ന്ന ഒരൊഴിവുദിവസം എല്ലോറയെന്ന അദ്ഭുതത്തിന്‍റെ മുമ്പില്‍ എത്തിനില്‍ക്കുന്നു. കാലപ്പഴക്കത്തിന്‍റെ പാടുകളും കേടുകളുമൊക്കെ എല്ലോറയിലെ പ്രാകാരശീര്‍ഷങ്ങള്‍ക്കും മുഖമണ്ഡപങ്ങള്‍ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും മൂവന്തിയുടെ സുവര്‍ണശോഭ എല്ലോറയിലെ കൈലാസത്തിനുമീതെ ചാമരം വീശിനില്‍ക്കുന്നു എന്നൊക്കെ എഴുതുമ്പോള്‍ സേതുവിന്‍റെ എഴുത്ത് കവിതയോടടുക്കുന്നു. യാത്രക്കിടയില്‍ ഗ്രന്ഥകാരന്‍ എല്ലോറയുടെ ചരിത്രം ഓര്‍മിച്ചെടുക്കുന്നു. ചരിത്രം കുളമ്പടിയൊച്ചയോടെ ഓടിത്തീര്‍ത്ത കാലം സേതു നോക്കിക്കാണുന്നത് മഹാരാജാക്കാന്മാരുടെ മൃഗയാവിനോദങ്ങളിലല്ല, പിന്നിട്ട വഴികളില്‍ കാലം ബാക്കിവെച്ച സംസ്കാര മുദ്രകളിലാണ്.
കൊണാരക്കിലെ സൂര്യരഥത്തെക്കുറിച്ചെഴുതുമ്പോള്‍ ആ കാഴ്ച ആത്മീയമായൊരു സൌന്ദര്യാനുഭവമായിത്തീരുകയാണ്. ചന്ദ്രഭാഗയുടെ സംഗമബിന്ദുവില്‍ അര്‍ക്ക കോണ്‍ എന്നര്‍ഥമുള്ള ഒരു സൂര്യക്ഷേത്രം. കൊണാര്‍ക്ക്. വിജനമായ കാലത്തിന്‍റെ തിരസ്കരണിയില്‍ അമര്‍ന്ന ഒരു കൃഷ്ണശില. നിലച്ചുപോയ ഘടികാരത്തില്‍ വിലയംകൊണ്ട പ്രാര്‍ഥന. കൊണാര്‍ക്കിലെ കാഴ്ച്ചയെ സേതു അങ്ങനെ ഭാവാത്മകമായി ഉള്‍ക്കൊള്ളുന്നു. എന്നിട്ട് ആ അനുഭവത്തെ ഇങ്ങനെ അഭിവ്യന്ജിപ്പിക്കുന്നു. " കൊണാര്‍ക്കിലെ ഓരോ ശിലക്കു മുമ്പിലും വിസ്മയഭരിതനാവുന്ന സഞ്ചാരി കാലത്തിലൂടെയും ചരിത്രത്തിലൂടെയും തിരിഞ്ഞു നടക്കുന്നു" എന്ന്.
ബൃഹദീശ്വരം മറ്റൊരു വിസ്മയമാണ്. കാവേരിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോള നാഗരികതയുടെ രാജധാനിയായ തഞ്ചാവൂരിന്‍റെ ആകാശം തൊട്ടുനില്‍ക്കുന്ന ബൃഹദീശ്വരം. ക്ഷേത്രത്തിനുള്ളില്‍ യോഗനിദ്രയില്‍ ലയംകൊണ്ട നടരാജന്‍. പെരുംതൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ തേവാരപ്പതികങ്ങള്‍. മല്ലിയും മരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്‍റെ കയറ്റിറക്കങ്ങള്‍... തഞ്ചാവൂരിന്‍റെ നഷ്ടസ്മൃതികളില്‍ നിന്ന് സേതു ആ കാലത്തെ വീണ്ടെടുക്കുന്നു.
കുട്ടിക്കാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന സ്ഥലമേതെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഓര്‍മയുണ്ട്. ചിറാപുഞ്ചി. കാലവര്‍ഷം പെയ്തിറങ്ങുന്ന ഞാറ്റുവേലകള്‍ക്ക് അവിടെ കൊടിയിറങ്ങുന്നില്ല. സേതു ആ കുന്നിന്‍ മുകളില്‍നിന്ന് ചിറാപുഞ്ചിയുടെ അഴക് ആസ്വദിക്കുന്നു. മഴയായിട്ട്, മഴയുടെ അഴകായിട്ട്, മഴയുടെ മണമായിട്ട്, മേഘമഞ്ഞായിട്ട്...സേതുവിന്‍റെ എഴുത്തില്‍ നിന്ന് വായനക്കാരന്‍ ചിറാപ്പുഞ്ചി കാണുകയല്ല, ആസ്വദിക്കുകയാണ് , ഒരു പഴയ മഴപ്പാട്ട് പോലെ.
ഭൂഭാഗഭംഗികള്‍ കടന്ന് പ്രതിഭാശാലികളുടെ ആത്മാവിഷ്കാരങ്ങളിലേക്ക്. നിത്യചൈതന്യയതിയും വിലാസിനിയും വി ജി തമ്പിയുമൊക്കെ സേതുവിന്‍റെ വിചിന്തനങ്ങളില്‍ കടന്നുവരുന്നു. വിലാസിനിയുടെ നോവലുകളെക്കുറിച്ചുള്ള പഠനത്തിന് സേതു പേരിട്ടിരിക്കുന്നത് 'മനുഷ്യപ്രകൃതിയുടെ നാനാര്‍ത്ഥം' എന്നാണ്.വിലാസിനിയുടെ നോവലുകളിലെ മനുഷ്യനെയും ജീവിതത്തെയും കാലത്തേയും അന്വേഷിച്ചുകൊണ്ടുള്ള മറ്റൊരു യാത്രയാണത്. വിലാസിനിയുടെ കൃതികളുടെ പൊതുസ്വഭാവം മനുഷ്യപ്രകൃതിയുടെ അജ്ഞേയമായ ആഴങ്ങളിലേക്കുള്ള യാത്രയാണെന്ന് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു. ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് വീശുന്ന കൊടുംകാറ്റുകളെ ഹൃദയംകൊണ്ടേറ്റുവാങ്ങുകയെന്ന നിയോഗം മറ്റെല്ലാ വലിയ എഴുത്തുകാരെയും പോലെ വിലാസിനിയും സ്വീകരിച്ചു. നമ്മുടെ വിമര്‍ശകന്മാര്‍ വേണ്ടത്ര പരിഗണിക്കാതെ വിട്ടുകളഞ്ഞ വിലാസിനിയെ ഗൌരവപൂര്‍ണമായ വീണ്ടുവിചാരത്തിനു തിരഞ്ഞെടുത്ത് സേതു ഒരു നിയോഗം നിറവേറ്റിയെന്നാണ് അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.
കവി വി ജി തമ്പിയാണ് പിന്നെ സേതുവിന്‍റെ നിനവില്‍ വരുന്നത്. സൌഹൃദങ്ങളുടെ ഒറ്റമരക്കാട്. ഒരധ്യാപകനെന്ന നിലയില്‍ വി ജി തമ്പി നിറവേറ്റിയ സഫലമായ കര്‍മയോഗത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ നടത്തുന്ന അനുധ്യാനങ്ങള്‍ അത്യപൂര്‍വമായ ഒരനുഭവമായി വേറിട്ടുനില്‍ക്കുന്നു. ഇത് ഓര്‍മകളുടെ വേദപുസ്തകമെന്നാണ് സേതു ഓര്‍ക്കുന്നത്.
പിന്നെ ഓര്‍മകളുടെ കല്‍പ്പടവുകളിറങ്ങി സേതു സ്വന്തം കുട്ടിക്കാലത്തില്‍ മടങ്ങിയെത്തുന്നു. മഴയനുഭവങ്ങളുടെ ചാരുചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ഞാറ്റു വേലയില്‍ നിറയെ. മഴയോര്‍മകളുടെ ഒരു പുസ്തകം തുറന്നുവെച്ചതുപോലെ. ഏതു യാത്രയും ഒടുവില്‍ തന്‍റെയുള്ളിലെക്കുള്ള മടക്കയാത്രയായി തീരുന്നു. ഒടുവില്‍ സേതുമാധവന്‍ മച്ചാട്ടെത്തുന്നു. ഒരു ഗ്രാമത്തിന്‍റെ ഭംഗിയും വിശുദ്ധിയും മുഴുവന്‍ അവിടെ നിറഞ്ഞുകിടക്കുന്നു. വായിക്കുന്ന ആര്‍ക്കും അപ്പോള്‍ സ്വന്തം ഗ്രാമം മനസ്സില്‍ വരും .
വേറെ ഒരു പ്രബന്ധമുണ്ട് ഇക്കൂട്ടത്തില്‍ വേറിട്ട്. 'പത്മനാഭോമരപ്രഭു'. ശ്രീപദ്മനാഭക്ഷേത്രത്തെക്കുറിച്ച്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും ആ ലേഖനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിന്‍റെ വിദൂരഭൂതങ്ങളിലേക്കുള്ള ഒരു യാത്രയാണത്. ' ചരിത്രം ഉറങ്ങിയും ഉണര്‍ന്നും നാള്‍വഴിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുമരങ്ങളായി നിന്ന ഒരു കാലം' എന്നാണ് ആ കാലത്തെ സേതു വിളിക്കുന്നത്. ചരിത്രം ഒരു തുടര്‍ക്കഥയാണെന്നും നമ്മള്‍ കാഴ്ചക്കാരും കാഴ്ച്ചയുമാകുന്നുവെന്നും അദ്ദേഹം എഴുതുന്നു.
ഈ പുസ്തകം നിറയെ യാത്രകളാണ്. യാത്രയുടെ അനുഭവം കാഴ്ചയും ഓര്‍മയുമായി തീരുന്നു. എനിക്കൊരു തിരുത്തുണ്ട് . ഈ ലേഖനങ്ങളില്‍ അല്ലെങ്കില്‍ ഓര്‍മകളില്‍ കാഴ്ചയ്ക്കു പുറമേ ഉള്‍ക്കാഴ്ചയുമുണ്ടെന്ന്.
-പെരുമ്പടവം ശ്രീധരന്‍
No comments:
Post a Comment