Monday, February 25, 2013

Golden Temple

അമൃതസരസ്സിലെ സൌവര്‍ണം

പൂത്തുലഞ്ഞ കടുകുപാടങ്ങളുടെ മഞ്ഞനദി പഞാബിലൂടെ കടന്നുപോകുന്ന തീവണ്ടിയാത്രയെ കാഴ്ചയുടെ പീതാംബരത്തില്‍ ലയിപ്പിക്കുന്നു. ചക്രവാള ത്തിന്‍റെ അതിര്‍ത്തിരേഖയില്‍ സുവര്‍ണനിറം പൂണ്ട സൂര്യന്‍ മറയാന്‍ തുടങ്ങുകയാണ്. അമൃതസരസ്സിന്‍റെ ഓളങ്ങളില്‍ സുവര്‍ണക്ഷേത്രത്തിന്‍റെ ഗോപുരാഗ്രവും താഴികക്കുടവും ജ്വാലാശോഭയില്‍ പകര്‍ന്നു. അമൃതസറിലെ തെരുവുകള്‍ ഇപ്പോഴും സജീവമാണ്.സുവര്‍ണക്ഷേത്രം ഹൃദ്യവിശാലതയില്‍ തീര്‍ഥാടകരെ വരവേല്‍ക്കുന്നുണ്ടായിരുന്നു. അമൃതസരസ്സിന്‍റെ മധ്യത്തില്‍ അകാല്‍ തക്ത്‌ എല്ലായ്പ്പോഴും പ്രാര്‍ഥനാഗീതങ്ങളാല്‍ മുഖരിതമായിരുന്നു. ക്ഷേത്രത്തിന്‍റെ നാലുവശത്ത്‌ നിന്നും പ്രവേശന കവാടങ്ങളിലൂടെ സഞ്ചാരികളും സന്ദര്‍ശകരും ഒഴുകിയെത്തി. സിക്കുമതത്തിന്‍റെ ധാര മുറിയാത്ത പ്രാര്‍ഥനയാണ് അകാല്‍ തക്തും ഗുരുഗ്രന്ഥ സാഹെബും. വര്‍ഷം മുഴുവന്‍ അത് ജാതി മത ലിംഗ ഭേദമില്ലാതെ സഞ്ചാരികളെയും തീര്‍ഥാടകരെയും ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ഗുരു രാംദാസ്ജിയാണ് അമൃതസരസ്സ് എന്ന ഈ തടാകം പണി തീര്‍ത്തത്. അതിനു ചുറ്റുമായി ഒരു നഗരം വളരുകയായിരുന്നു. പിന്നീട് ഈ തടാകത്തിനു മധ്യത്തിലായി പടുത്തുയര്‍ത്തിയ ശ്രീ ഹര്‍മന്ദിര്‍സാഹിബാണ്‌ ഇന്ന് ലോകമെമ്പാടുമുള്ള സിക്ക് മതസ്ഥരുടെ ആസ്ഥാനമായ സുവര്‍ണക്ഷേത്രം.ദൈവത്തിന്‍റെ വീട് എന്നാണ് ശ്രീ ഹര്‍മന്ദിര്‍സാഹിബ് അറിയപ്പെടുന്നത് . സിക്ക് ഗുരുക്കന്മാരുടെ ആദിഗ്രന്ധമായ ഗുരു ഗ്രന്ഥ സാഹെബ് ഇവിടത്തെ ശ്രീകോവിലില്‍ സ്ഥാപിച്ചു പ്രാര്‍ഥന നിര്‍വഹിക്കുന്നു. വെഞ്ചാമരം പോലെ താടിനീട്ടിയ സിഖ് ഗുരുക്കന്മാര്‍ ഉപചാരതോടെ ചാമരം വീശിഗുരു ഗ്രന്ഥ സാഹെബിനെ വണങ്ങി നില്‍ക്കും. തടാകത്തിലൂടെ നീണ്ടുകിടക്കുന്നൊരു പാലമുണ്ട്‌, ശ്രീകോവിലിനു സമീപത്തേക്ക്. തടാകത്തിനു ചുറ്റും നീണ്ട ഇടനാഴികളും വെണ്ണക്കല്ല് പതിച്ച കല്‍പ്പടവുകളും സുവര്‍ണക്ഷേത്രത്തിന്‍റെ വിശാലതക്ക് സൌന്ദര്യമണയ്ക്കുന്നു. സരസ്സിലെ സുവര്‍ണമത്സ്യങ്ങള്‍ കാഴ്ചയുടെ അഴക്‌ വര്‍ധിപ്പിക്കും.തടാകത്തിലെ ജലം നിരന്തരമായി യന്ത്രസഹായത്തോടെ ശുദ്ധീകരിച്ചു കൊണ്ടിരുന്നു.വാസ്തുകലയുടെ അദ്ഭുതം തന്നെയാണ് ജലാശയമധ്യത്തിലെ ഈ സുവര്‍ണമന്ദിരം.മുസ്ലീം ഹിന്ദു യൂറോപ്യന്‍ വാസ്തുശില്പ പാരമ്പര്യങ്ങളുടെ സമ്മോഹനമായ ലയം ഈ നിര്‍മിതിയില്‍ ദൃശ്യമാണ്. ചുറ്റുപാടുമുള്ള കെട്ടിടങ്ങളില്‍ പലയിടങ്ങളിലായി ഗ്രന്ഥശാല,മ്യൂസിയം, പ്രാര്‍ഥനക്കും മീറ്റിങ്ങുകള്‍ക്കുമുള്ള ഹാളുകള്‍ എന്നിവ കാണപ്പെട്ടു. ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ ശിരസ്സ്‌ മറയ്ക്കണം. മഞ്ഞയും വെള്ളയും നിറത്തിലുള്ള തൂവാലകള്‍ ക്ഷേത്ര പരിസരത്തു യഥേഷ്ടമുണ്ട്. തടാകത്തിനു ചുറ്റുമുള്ള ശില്പമനോഹരമായ കെട്ടിടങ്ങളുടെ മൂലകളില്‍ പഞ്ചാബി സ്ത്രീകളുടെ ചെറുസംഘങ്ങള്‍ ഭജനകള്‍ ആലപിക്കുകയും വെള്ളിപ്പാത്രങ്ങളും മറ്റും കഴുകിത്തുടച്ചു വൃത്തിയാക്കുന്നതും കണ്ടു. ആജാനബാഹുക്കളായ
സിഖ് കാവല്‍ക്കാര്‍ നീണ്ട ശൂലങ്ങളുമേന്തി ക്ഷേത്രത്തിനു ചുറ്റുമായി നിലയുറപ്പിച്ചിരുന്നു. ശ്രീകോവിലിലേക്ക് നീണ്ടു കിടന്ന പതിനായിരങ്ങളുടെ ക്യൂ നിയന്ത്രിക്കാന്‍ അവരുടെ നിശബ്ദസാന്നിധ്യം പര്യാപ്തവുമായിരുന്നു. ഒരു ലക്ഷം തീര്‍ഥാടകരെങ്കിലും ദിവസംതോറും സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഗുരു ഗ്രന്ഥ സാഹെബിനെ വണങ്ങി നീങ്ങുന്ന ഭക്തരുടെ നിര അതീവസംയമനം പാലിക്കുന്നതായി തോന്നി. വിശുദ്ധ ഗ്രന്ഥത്തിന് നല്ല വലിപ്പം തോന്നിച്ചു. അതിന്റെ പുറംചട്ടയും അരികുകളും സുവര്‍ണ നിറത്തില്‍ പരിശോഭിതമായിരുന്നു. കസ്തൂരിയുടെയും ചന്ദനത്തി ന്‍റെയും പരിമളം ശ്രീകോവില്‍ പരിസരം വിശുദ്ധിയില്‍ സൂക്ഷിച്ചു. ഗോപുരവും താഴികക്കുടവും ലോഹമയിയായ ശില്പ സൌന്ദര്യത്തിന്‍റെ അന്യൂന മാതൃകയായി അനുഭവപ്പെട്ടു. ചുറ്റും നടന്നു ഫോട്ടോ എടുത്തു കൊണ്ടിരുന്നപ്പോള്‍, അകാല്‍തക്തിലെ സിഖു പുരിഹിതന്‍ 'അരുത്' എന്ന് മൌനമായി എന്നോട് ആവശ്യപ്പെടുന്നതായി തോന്നി. അതിനാല്‍ അകാല്‍ തക്തിന്റെയോ വിശുദ്ധ ഗ്രന്ഥത്തിന്‍റെയോ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയില്ല. എങ്കിലും ജ്വാലാദീപ്തമായ സുവര്‍ണക്ഷേത്രത്തിന്‍റെ തടാകത്തില്‍ വീണു പ്രതിഫലിച്ച സൌന്ദര്യം പല ആംഗിളുകളില്‍ പകര്‍ത്തിയെടുത്തു.തടാകകരയില്‍  വടക്ക് വശത്തായി അധികം ഉയരമില്ലാത്ത , എന്നാല്‍ പടര്‍ന്നു പന്തലിച്ച ഒന്ന് രണ്ടു വൃക്ഷങ്ങള്‍ കണ്ടു. സിഖ് ഗുരുക്കന്മാരെയും അവരുടെ ചരിത്രത്തെയും പ്രതിനിധീകരിക്കുന്ന വിശുദ്ധ മരങ്ങളായിരുന്നു അവ.
ഈ വിശുദ്ധ സൌന്ദര്യത്തിലെക്കാണ് സിഖ് വിഘടനവാദികളുടെ ഒളിയുദ്ധം അരങ്ങേറിയത്. 1984 ല്‍ സിഖ് ഭീകരവാദികള്‍ ക്ഷേത്ര സമുച്ചയം ഒളിത്താവളമാക്കുകയും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യന്‍സൈന്യം വിശുദ്ധ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ അവരെ കീഴ്പ്പെടുത്തുകയും ചെയ്തു. 'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍' എന്നറിയപ്പെട്ട ഈ സംഭവം പഞ്ജാബിന്‍റെയും സിഖ് മത വിശ്വാസത്തിന്റെയും ഹൃദയത്തിലേല്‍പ്പിച്ച മുറിവും, പില്‍ക്കാലം അതിന്‍റെ വില ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍നിന്നു തന്നെ പിടിച്ചുവാങ്ങിയതും ചരിത്രം.
1574 ല്‍ ഗുരു രാംദാസ് തുടക്കം കുറിച്ച ക്ഷേത്ര നിര്‍മാണം 1604 ല്‍ ഗുരു അര്‍ജുന്‍ ദേവ് ആണ് പൂര്‍ത്തിയാക്കിയത്. 1760 കളില്‍ അഫ്ഘാന്‍ ആക്രമണ കാരികള്‍ ക്ഷേത്രത്തിനു നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും ഉത്സാഹശാലികളായ സിഖ്മതസ്ഥര്‍ സുവര്‍ണ ക്ഷേത്രം പുതുക്കിപ്പണിയുകയും കമനീയമായി പരിപാലിക്കുകയും ചെയ്തുപോന്നു.
ലോകത്തിലെ ഏറ്റവും വലിയ ഊട്ടുപുരയാണ് സുവര്‍ണ ക്ഷേത്രത്തിനുള്ളത്. ദിവസവും മൂന്നുനേരം സൌജന്യമായി സമൂഹസദ്യ ഇത്രയും വിപുലമായി മറ്റെവിടെയെങ്കിലും നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ ഇവിടത്തെ 'ലംഗര്‍' പ്രവര്‍ത്തിക്കുന്നു. ഗുരുവിന്‍റെ പ്രസാദമാണ് ലംഗര്‍. കൈകാലുകള്‍ ശുദ്ധമാക്കി ലംഗറിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സേവാധര്‍ തളികയും സ്പൂണുമായി നമ്മെ വരവേല്‍ക്കുന്നു. രോട്ടിയും ചപ്പാത്തിയും,പരിപ്പും കടലയുമായി സ്വാദിഷ്ടമായ സസ്യഭക്ഷണം പ്രസാദമായി വിളമ്പുന്നത് ആയിരങ്ങള്‍ വരിവരിയായി രുന്ന് വന്ദനയോടെ കഴിക്കുന്നു. യന്ത്രസഹായത്താല്‍ വൃത്തിയാക്കപ്പെടുന്ന പാത്രങ്ങളും പ്ലേറ്റകളും സ്പൂണുകളുമൊക്കെ ചേര്‍ന്ന് സമ്മാനിക്കുന്ന സംഗീതം ഒരു പ്രാര്‍ഥനയുടെ ശ്രുതിയായി അന്തരീക്ഷത്തില്‍ വിലയം കൊള്ളുന്നു.
മടക്കയാത്രയില്‍ ക്ഷേത്രകവാടം നടന്നുമറയുന്നതിനു മുമ്പ് ഒന്നുകൂടി ആ ദൃശ്യം പകര്‍ത്തി. അമൃതസരസ്സില്‍ പ്രതിഫലിച്ചുകിടന്ന സൌവര്‍ണം. അത് മനസ്സിന്‍റെ കണ്ണാടിയില്‍ അങ്ങനെ മുദ്രിതമായി. 

- s e t h u m a d h a v a n  m a c h a d


No comments:

Post a Comment