Saturday, September 10, 2022
മൂന്നാർ, യാത്രയുടെ പുസ്തകത്തിലെ നനുത്ത ഒരധ്യായമാണ്. ആവി പാറുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അലസമായി വളവുകൾ കടന്നു പോകുമ്പോൾ, ചിന്നക്കനാലും പാപ്പാത്തിച്ചോലയും കൊളുക്കുമലയും ഓർമയുടെ മഴനിഴലായി നമുക്കൊപ്പം.
ചന്ദനമണമുള്ള മറയൂർ വനങ്ങളും ആദിമലോകത്തിലെ മുനിയറകളും ശിലാചിത്രങ്ങളും കായ്കനികൾ വിളഞ്ഞ കാന്തല്ലൂരിലെ കരിമ്പ്പാ ടങ്ങളും മറയൂരിലെ തേൻ കിനിയും ശർക്കരയും തേയില നുള്ളി മുതുകിലേറ്റി കടന്നുപോകുന്ന തമിഴ് പെൺകൊടികളും വട്ടവടയിലും കോവിലൂരിലും നിറസമൃദ്ധി പകർന്നു നിൽക്കുന്ന ഭൂപ്രകൃതിയും മൂന്നാർ യാത്രയെ സമ്പന്നമാക്കുന്നു. തമിഴകത്തേക്ക് തുറക്കുന്ന ജാലകക്കാഴ്ചയാണ് ടോപ് സ്റ്റേഷൻ. വളവുകൾ താണ്ടി മാട്ടുപ്പെട്ടിയുടെ ഹരിത താഴ്‌വരയിൽ സുനന്ദിനികളായ കന്നുകാലികൾക്കൊപ്പം ഒരു നാൾ പാർക്കുമ്പോൾ അരവിന്ദൻ്റെ 'ചിദംബര'ത്തിലെ സ്മിത പാട്ടീലിനെ ഓർക്കാതിരിക്കില്ല. തേവാരപാട്ടിന്റെ നേർത്ത അലയിൽ പൂത്തുലഞ്ഞ ഗുൽമോഹർ പൂക്കൾക്കിടയിൽ നിൽക്കുന്ന മന്ദസ്മിതം.
ചോലവനങ്ങളും പുൽമേടുകളും മുൾവനങ്ങളും നിറഞ്ഞ മൂന്നാർമേഖലയിലെ മഴനിഴൽ പ്രദേശങ്ങളിലൂടെ യാത്ര ഒരനുഭവമാണ്.ചിന്നാറിലെ മുൾക്കാടുകളും മറയൂരിലെ ഗുഹാചിത്രങ്ങളും മുനിയറകളും ഇപ്പോൾ പൈതൃക സംരക്ഷണത്തിലാണ്.
ഒരിക്കലും സ്‌ഥലനിഷ്ഠമായിരുന്നില്ലല്ലോെ എൻ്റെ യാത്രകൾ. അനേകം കാതം താണ്ടി അലഞ്ഞലഞ്ഞുള്ള യാത്രകൾ പതിവില്ല. ഇഷ്ടം തോന്നിയ ഇടങ്ങളിൽ ഒന്നിലേറെ തവണ സന്ദർശിക്കാനും അവിടെ അലസമായി കഴിയാനും കണ്ടതത്രയും ഉൾക്കണ്ണിലും ക്യാമറയിലും ഒപ്പിയെടുക്കാനും ശ്രമിക്കാറുണ്ട്. മൂന്നാറിൽ പലതവണ പോയി. വിനോദസഞ്ചാരിയായല്ലാതെ. മറയൂരിൻ്റെ രുചിയും ഗന്ധവും പകർത്തി, പുരാതനമായ മുനിയറകളും കൃഷ്ണശിലയിലെ ചിത്രലിഖിതങ്ങളും മാട്ടുപ്പെട്ടിയുടെ ജനിതക വൈവിധ്യമുള്ള സുനന്ദിനിമാരെയും കാന്തല്ലൂരിലെയും വട്ടവടയിലെയും കൃഷി സമൃദ്ധിയും ഫ്രെയിമിൽ പകർത്തി. രാജമലയിലെ വരയാടുകളും വ്യാഴവട്ടങ്ങളിൽ ഒഴുകിപ്പരക്കുന്ന നീലക്കുറുഞ്ഞിയും ചിന്നാറിലെ തേയിലത്തളിരും കോടമഞ്ഞു മൂടിയ മൂവന്തികളും നീലമേഘങ്ങൾ മേയാനിറങ്ങിയ പ്രഭാതങ്ങളും ഓർമ്മകളിൽ മൂന്നാറിനെ ഹരിതമണിയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment