Sunday, December 4, 2011

Thanjavur 1

അനശ്വരതയെച്ചൊല്ലി മതിതീരാത്ത സ്വപ്നങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു രാജരാജന് മാത്രമേ ഇത്രയും ബൃഹത്തായ നിര്‍മിതികൊണ്ട് കാലത്തെ വെല്ലാനാവൂ എന്നോര്‍മിപ്പിച്ചുകൊണ്ട്‌ തഞ്ചാവൂരിലെ പെരിയ കോവില്‍ പ്രയാണികള്‍ക്കുമുമ്പില്‍ ശിരസ്സുയര്‍ത്തിനിന്നു. സ്തൂപികയായി മഹാകാശത്തേക്കുയര്‍ന്നുപോയ ഗോപുരത്തിനകം ഊര്‍ജതാണ്ഡവത്തിനുശേഷമുള്ള യോഗനിദ്രയില്‍ ലയംകൊണ്ട നടരാജമൂര്‍ത്തി.പെരും തൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ നിന്നുതേവാരപ്പതികങ്ങളുണര്‍ന്നു. മല്ലിയുംമരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്റെ കയറ്റിറക്കങ്ങള്‍...ഇത് തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്‍പനിക ചിത്രം.

ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവിലിലെ ശംഖ നാദത്തിന്റെ മുഴക്കം നേര്‍ത്തുപോയി. രാജരാജന്‍ കീഴടക്കിയ സാമ്രാജ്യത്തിന്റെ അതിരുകള്‍ ഇല്ലാതായി. ചോളസാമ്രാജ്യത്തിലൂടെ കുളമ്പടിയൊച്ച തീര്‍ത്ത കുതിരകളുടെ ചിനപ്പുകളും കാഹളമുയര്‍ത്തിയ ഗജവീരന്മാരുടെ ചിന്നംവിളികളും കാലത്തില്‍ മാഞ്ഞുപോയി. തഞ്ചാവൂരിലെ ബൃഹദാകാരമായ ക്ഷേത്രമന്ദിരം പുരാതനസ്മരണയുടെ നീക്കിയിരുപ്പ് മാത്രമാണിന്ന്. പോയകാലത്തിലെ രാജഭരണത്തിന്റെ പ്രതിരോധ തന്ത്രമെന്നപോലെ പണിതീര്‍ത്ത കോട്ടയുടെ മാതൃകയാണതിന്.

ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ ഭരണസിരാകേന്ദ്രവും. നിരവധിയായ കാലത്തില്‍ തലനീര്‍ത്തിയ ഈ ആകാശഗോപുരത്തിന് പതിനാലു നിലകളാണ്. ഇരുനൂറ്റിപ്പതിനാറടി ഉയരവും.സ്ഥാപത്യകലയുടെ ദ്രാവിഡത്തനിമയോടെ ഉയര്‍ന്നുനിന്ന പെരിയകൊവിലിനെ 'മഹാമേരു' എന്നാണ് ശില്പികളും തീര്‍ഥാടകരും വിളിച്ചത്. കൈലാസശിഖരം പോലെ പണിതീര്‍ത്ത വിമാനം വാസ്തുവിദ്യയുടെ സമ്പൂര്‍ണതയാണ്. 

No comments:

Post a Comment