Wednesday, December 7, 2011

THANJAVUR


അനശ്വരതയെച്ചൊല്ലി മതിതീരാത്ത സ്വപ്നങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു രാജരാജന് മാത്രമേ ഇത്രയും ബൃഹത്തായ നിര്‍മിതികൊണ്ട് കാലത്തെ വെല്ലാനാവൂ എന്നോര്‍മിപ്പിച്ചുകൊണ്ട്‌ തഞ്ചാവൂരിലെ പെരിയ കോവില്‍ പ്രയാണികള്‍ക്കുമുമ്പില്‍ ശിരസ്സുയര്‍ത്തിനിന്നു. സ്തൂപികയായി മഹാകാശത്തേക്കുയര്‍ന്നുപോയ ഗോപുരത്തിനകം ഊര്‍ജതാണ്ഡവത്തിനുശേഷമുള്ള യോഗനിദ്രയില്‍ ലയംകൊണ്ട നടരാജമൂര്‍ത്തി.പെരും തൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ നിന്നുതേവാരപ്പതികങ്ങളുണര്‍ന്നു. മല്ലിയുംമരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്റെ കയറ്റിറക്കങ്ങള്‍...ഇത് തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്‍പനിക ചിത്രം.

ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവിലിലെ ശംഖ നാദത്തിന്റെ മുഴക്കം നേര്‍ത്തുപോയി. രാജരാജന്‍ കീഴടക്കിയ സാമ്രാജ്യത്തിന്റെ അതിരുകള്‍ ഇല്ലാതായി. ചോളസാമ്രാജ്യത്തിലൂടെ കുളമ്പടിയൊച്ച തീര്‍ത്ത കുതിരകളുടെ ചിനപ്പുകളും കാഹളമുയര്‍ത്തിയ ഗജവീരന്മാരുടെ ചിന്നംവിളികളും കാലത്തില്‍ മാഞ്ഞുപോയി. തഞ്ചാവൂരിലെ ബൃഹദാകാരമായ ക്ഷേത്രമന്ദിരം പുരാതനസ്മരണയുടെ നീക്കിയിരുപ്പ് മാത്രമാണിന്ന്. പോയകാലത്തിലെ രാജഭരണത്തിന്റെ പ്രതിരോധ തന്ത്രമെന്നപോലെ പണിതീര്‍ത്ത കോട്ടയുടെ മാതൃകയാണതിന്.

ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ ഭരണസിരാകേന്ദ്രവും. നിരവധിയായ കാലത്തില്‍ തലനീര്‍ത്തിയ ഈ ആകാശഗോപുരത്തിന് പതിനാലു നിലകളാണ്. ഇരുനൂറ്റിപ്പതിനാറടി ഉയരവും.സ്ഥാപത്യകലയുടെ ദ്രാവിഡത്തനിമയോടെ ഉയര്‍ന്നുനിന്ന പെരിയകൊവിലിനെ 'മഹാമേരു' എന്നാണ് ശില്പികളും തീര്‍ഥാടകരും വിളിച്ചത്. കൈലാസശിഖരം പോലെ പണിതീര്‍ത്ത വിമാനം വാസ്തുവിദ്യയുടെ സമ്പൂര്‍ണതയാണ്.

കാവേരീ തീരഭൂവില്‍ തടം നീര്‍ത്തിയ തഞ്ചാവൂരിന്റെ പെരുമ തമിഴകത്തനിമയുടെ ഹൃദയ ശോഭയായിരുന്നു.തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്‍', നെല്‍പ്പാടം എന്നര്‍ഥമുള്ള 'ചെയ് ' എന്നീ പദങ്ങളും ദേശംഎന്ന അര്‍ഥത്തില്‍ 'ഊരും'ചേര്‍ന്നാണ് തഞ്ചാവൂര്‍ ഉണ്ടാവുന്നത്.തേവാരപ്പാട്ടുകളില്‍
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള്‍ ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ്‌ തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന്‍ ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.

തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.പെരിയ കോവിലിലെ കല്ലെഴുത്തുകള്‍ പറയുന്നത്, രാജരാജ പെരുംതച്ചനെന്നറിയപ്പെട്ട കുഞ്ചറമല്ലനെന്ന ശില്പിയാണത്രെ ക്ഷേത്രനിര്‍മാണത്തിലെ മുഖ്യ സ്ധപതി. നിട്ടവിനോദനും ഗാന്ധാരാദിത്യനും സഹശില്പികളും. ആയിരക്കണക്കിന് കല്‍ത്തച്ചന്‍മാര്‍
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന്‌ ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട്‌ ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഒരിക്കലും ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് നിര്‍മിതിയിലെ സവിശേഷത. ( കൊണാര്‍ക്കിലും ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.)
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.

തഞ്ചാവൂരിലെ പെരിയകോവിലിന് പ്രവേശകമായി രണ്ടു ഗോപുരകവാടങ്ങളുണ്ട്, കേരളാന്തകന്‍ തിരുവായില്‍, രാജരാജന്‍ തിരുവായില്‍ എന്നിങ്ങനെ.ചേരരാജാവായ ഭാസ്കര രവിവര്‍മനെ പരാജയപ്പെടുത്തിയപ്പോള്‍ രാജരാജന് നല്‍കപ്പെട്ട പേരാണ് കേരളാന്തകന്‍ എന്നത്. വിഴിഞ്ഞം തുറമുഖം വരെ രാജരാജന്റെ സൈന്യം എത്തിയതായി തിരുവിതാകൂര്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജരാജന്‍ പടനയിച്ചും കീഴടക്കിയും നേടിയതെല്ലാം തഞ്ചാവൂരിന്റെ ഐശ്വര്യത്തില്‍സമര്‍പ്പിതമായിട്ടുണ്ട്. പെരിയ കോവിലിന്റെ ക്ഷേത്രഗോപുരത്തിനു ചുറ്റും സ്ഥലവിസ്തൃതിയുടെ കാവല്‍ ഭിത്തിയായി മുപ്പതടിയോളം ഉയരമുള്ള ചുറ്റുമതില്‍ തീര്‍ത്തിട്ടുണ്ട്. രക്ഷാഭടന്മാര്‍ക്ക് പുറത്തു നിന്നുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സവിധാനങ്ങങ്ങളും സജ്ജമാക്കിയിരുന്നു.തുറസ്സുകളിലും ഉള്‍ ത്തളങ്ങളിലും സ്വച്ഛമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ക്ഷേത്രനിര്‍മാണത്തിലേര്‍പ്പെട്ട ശില്‍പികള്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദ്വാരപാലകശില്പങ്ങളും കവാടപാര്‍ശ്വങ്ങളിലെ ശിലാപാളികളില്‍ കൊത്തിയ വടിവൊത്ത പുരാണശില്പങ്ങളും അതീവ ചാരുതയാര്‍ന്നവയാണ്. സ്ഥപതികളുടെ പണിക്കുറതീര്‍ന്ന കരവിരുതിന്റെ നേര്‍സാക്ഷ്യങ്ങള്‍.
അഥര്‍വത്തിലെ സ്ഥാപത്യവേദമാണ് വാസ്തുവിദ്യ .ശില എന്ന ധാതുവില്‍ നിന്നാണ് ശില്പമുണ്ടാവുന്നത്.
ഏകാഗ്രതയോടെ ശീലിക്കുന്നതും ദക്ഷതയോടെ ചെയ്യുന്നതുമാണ് ശില്‍പകല. ശില്‍പങ്ങളുടെ ആകരമാണ് ദേവാലയം.ഭൂപരിഗ്രഹവും ദിക് നിര്‍ണയവുമാണ് ആദ്യഘട്ടം. മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഭൂമധ്യരേഖാ പ്രദേശത്തിന്റെ ആവാസകേന്ദ്രത്തില്‍ സ്ഥലവിസ്തൃതിയുടെ മുഴുവന്‍ സാധ്യതകളും ഗണിച്ച് മനുഷ്യാധ്വാനത്തിന്റെ ചരിത്രാഖ്യായിക നിര്‍മിക്കുകയായിരുന്നു തഞ്ചാവൂരിലെ സ്ഥപതിമാര്‍.
വൃത്തവും ചതുരവും ദീര്‍ഘവും ഉപയോഗിച്ച് പ്രാസാദങ്ങളും പ്രാകാരങ്ങളും നിര്‍മിച്ചുകൊണ്ടാണ് ശില്‍പികള്‍ അസാധാരണമായ വലിപ്പങ്ങള്‍ ഭാവനചെയ്തത്. രാജരാജന്റെ പ്രതാപത്തിന്റെയും ശൈവഭക്തിയുടെയും പ്രക്ത്യക്ഷം എന്നതിലേറെ, അനശ്വരതയെ സാക്ഷാത്കരിക്കാന്‍ വെമ്പിയ എണ്ണമറ്റ കല്ത്തച്ചന്മാരുടെയും സ്ഥപതിമാരുടെയും അശ്രാന്തവും നിസ്തന്ദ്രവുമായ തപസ്സാണ് ഈ മഹാക്ഷേത്രമെന്ന് നാം മനസ്സിലാക്കുന്നു. ലോകമെങ്ങുമുള്ള വാസ്തുവിദ്യാവിദഗ്ദ്ധരെ വിസ്മയിപ്പിച്ച തഞ്ചാവൂരിലെ മഹാഗോപുരം സംഘകാലചരിത്രത്തിന്റെ പാരമ്പര്യവും മഹിമയും വിടര്‍ത്തുന്നുണ്ട്.
പെരിയകോവിലിന്റെ നാലുചുറ്റിലുമുള്ള തിരുച്ചുറ്റുമാളികയിലത്രയും മനോഹരമായ പ്രതിഷ്ഠകളും ചോളകാലത്തെ ചുമര്‍ചിത്രങ്ങളും (ഫ്രെസ്കോകള്‍ ) അലങ്കരിച്ചിട്ടുണ്ട്. അജന്തയിലെ ചിത്രകലയില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ചോള ചിത്രകലയിലെ ലാവണ്യം.

തഞ്ചാവൂര്‍ സന്ദര്‍ശകരില്‍ ഒട്ടുമുക്കാലും പ്രവേശനകവാടങ്ങളും നന്ദിമണ്ഡപവും ശ്രീകോവിലിലെ പരമേശ്വരവന്ദനവും കഴിഞ്ഞ് രാജേശ്വരീ ദര്‍ശനവും ഗണപതി- സുബ്രഹ്മണ്യ അര്‍ച്ചനയും പൂര്‍ത്തിയാക്കി അതിവിശാലമായ നാലമ്പലത്തിലൂടെ ഒരോട്ടപ്രദക്ഷിണം തീര്‍ത്തു മടങ്ങുന്നവരാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന കലതീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്‍പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ്‍ പാര്‍ത്ത്‌ മണിക്കൂറുകള്‍ അലഞ്ഞുതിരിയും. നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്‍പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍ ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്‍ശിക്കാതിരിക്കില്ല.നന്ദിമണ്ഡപത്തിലെ പ്രശാന്തി നിറഞ്ഞ നിമിഷങ്ങള്‍
പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ അത്രയെളുപ്പം മറക്കില്ല. നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ നാസാരന്ധ്രത്തിലെ സ്വേദകണവും കണ്ണുകളിലെ ആര്‍ദ്രതയും
നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.

ഭാരതീയചിത്രകലയ്ക്ക് ദക്ഷിണേന്ത്യ നല്‍കിയ അവിസ്മരണീയ സംഭാവനകളിലൊന്ന്‌ തഞ്ചാവൂര്‍ ചിത്രകലയാണ്. ചോളസാമ്രാജ്യത്തിന്റെ വിസ്മൃതിയെത്തുടര്‍ന്ന് വിജയനഗര സാമ്രാജ്യം തഞ്ചാവൂര്‍ വാണകാലം, കലയുടെ നഷ്ടപ്രതാപം പുനര്‍ജനിക്കുകയായിരുന്നു. ആന്ധ്രയിലെ കുച്ചിപ്പുടിയില്‍ നിന്ന് നട്ടുവരും ഗോദാവരീ തീരത്തുനിന്ന് കലംകാരീ ചിത്രകാരന്മാരും തഞ്ചാവൂരിലെത്തി.വെങ്കിട മഖിയെയും അപ്പയ്യദീക്ഷിതരെയും, ക്ഷേത്രജ്ഞരെയും പോലുള്ള സംഗീതാചാര്യന്മാര്‍ തഞ്ചാവൂരിനെ പ്രശസ്തിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാഗ്ഗേയകാരന്മാരായ ത്യാഗരാജ സ്വാമികളും ശ്യാമാ ശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയും
പരിമളം വിടര്‍ത്തിയത്. ദേവതകളെ ശൈലീബദ്ധവും വര്‍ണാലംകൃതവുമായി ചിത്രീകരിക്കുന്ന തഞ്ചാവൂര്‍ രചനകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പാരമ്പര്യത്തെ പിന്‍തുടര്‍ന്നു.താളാത്മകവും രേഖാബദ്ധവുമായിരുന്നു അവ. രത്നക്കല്‍പൊടികളും സ്വര്‍ണലായിനിയും ഉപയോഗിച്ച് തുണിയിലും ഗ്ലാസിലും വരച്ചെടുത്ത തഞ്ചാവൂര്‍ ചിത്രങ്ങള്‍ തമിഴകം മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങളെ അമൂല്യമായി കാത്തുസൂക്ഷിക്കാന്‍ പിന്‍തലമുറയെ പഠിപ്പിച്ചത് തഞ്ചാവൂര്‍ ചിത്രങ്ങളായിരുന്നു. അതിര്‍കവിഞ്ഞ അലങ്കാരമോടിയാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ പ്രത്യേകത. നവനീതകൃഷ്ണനും,നടരാജമൂര്‍ത്തിയും, കൃഷ്ണ ലീലയും, മധുരമീനാക്ഷിയും, രാസലീലയും മറ്റും അതിമനോഹരമായ തഞ്ചാവൂര്‍ശൈലിയുടെ നിദര്‍ശനങ്ങളാണ്.

കാവേരിയും പോഷകനദികളും തഞ്ചാവൂരിന്റെ തടങ്ങളെ എന്നും സസ്യശ്യാമളമാക്കി നിര്‍ത്തി.കാവേരിയുടെ ഡെല്‍റ്റാ പ്രദേശത്ത് ചെങ്കല്ലും,മണല്‍ക്കല്ലും കാവിമണ്ണും സമൃദ്ധമായി കാണപ്പെടുന്നതില്‍ നിന്ന് ചോള ചുമര്‍ചിത്രകലയുടെ സാകല്യം വായിച്ചെടുക്കാം. തഞ്ചാവൂരിലും കുംഭ കോണത്തും യഥേഷ്ടം സംഗീതോപകരണങ്ങള്‍ നിര്‍മിച്ചിരുന്നു. സംഗീതകുലകുരു ത്യാഗരാജസ്വാമികളുടെ ജന്മസ്ഥലം തഞ്ചാവൂരിലെ തൊട്ടടുത്ത തിരുവയ്യാര്‍ ഗ്രാമമാണ്. ഭരതനാട്യത്തിന്റെ ജന്മഗേഹം കൂടിയാണ് തഞ്ചാവൂര്‍. പെരിയകോവിലിന്റെ സഹസ്രാബ്ദി കൊണ്ടാടിയപ്പോള്‍ പ്രശസ്ത നര്‍ത്തകി പദ്മ സുബ്രഹ്മണ്യം ആയിരം നര്‍ത്തകിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നിര്‍വഹിച്ച നൃത്തര്‍ച്ചന കലാലോകം വിസ്മയത്തോടെ വീക്ഷിച്ചത്‌ ഓര്‍ക്കുമല്ലോ?
ബൃഹദീശ്വരത്തെ നന്ദിമണ്ഡപത്തില്‍ നടനമാടിയ ആയിരം നര്‍ത്തകിമാര്‍ രാജരാജേശ്വരത്തിന് നല്‍കിയ വിനീത പ്രണാമമായിരുന്നു അത്.
പില്‍ക്കാലം ശരഭോജി രാജാവ് സ്ഥാപിച്ച സരസ്വതിമഹല്‍ എന്ന ലൈബ്രറി തഞ്ചാവൂരിലെ പ്രധാനപ്പെട്ട സാംസ്കാരികകേന്ദ്രമായി മാറി. യൂറോപ്പിലെയും ഇന്ത്യയിലെയും വിവിധ ഭാഷകളിലുള്ള അനേകായിരം ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. കടലാസിലും താളിയോലകളിലുമായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം 46 ,667 ആണ്. ഏഴാംശതകം മുതല്‍ പതിനേഴാം ശതകംവരെയുള്ള അനേകം ശില്പങ്ങള്‍ കാത്തുസൂക്ഷിച്ച തഞ്ചാവൂര്‍ പാലസിലെ 'കലൈ കൂടം' മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയുള്ള സംഗീത പാഠശാലയില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നുവത്രേ.തഞ്ചാവൂര്‍ ക്ഷേത്രത്തിലെ രംഗമണ്ഡപത്തില്‍ അരങ്ങേറിയ 'രാജരാജേശ്വരം' എന്ന നാടകം തമിഴകത്ത് ഏറെ പ്രസിദ്ധമാണ്.
ചോള രാജാക്കന്മാരുടെയും വിജയനഗര നായിക്കന്മാരുടെയും ഭരണകാലത്ത് തഞ്ചാവൂര്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാനകേന്ദ്രവും ദക്ഷിണേന്ത്യന്‍ കലകളുടെ മുഖ്യമായ ആസ്ഥാന ങ്ങളിലൊന്നുമായി പരിലസിച്ചിരുന്നു. തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെട്ട വടിവേലു തുടങ്ങിയ കലാമര്‍മജ്ഞര്‍ ശരഭോജിയുടെ തഞ്ചാവൂരിലെ സദസ്സില്‍നിന്നാണ് പില്‍ക്കാലം, തിരുവിതാകൂറിലെ
സ്വാതിതിരുനാളിന്റെ സംഗീതസദസ്സിലേക്ക് വിരുന്നുവന്നത്. ദക്ഷിണേന്ത്യന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനവും തന്ചാവൂരായതില്‍ അദ്ഭുതപ്പെടാനില്ല.
ഇവിടെ കാലവും ചരിത്രവും സംസ്കൃതിയും കലര്‍ന്ന് മാനവ വംശത്തിന്റെ ഓര്‍മകളില്‍ സഞ്ചിതമായിരിക്കുകയാണ്.ഇനിയും തലമുറകള്‍ തഞ്ചാവൂരിലെത്തും, പെരിയകോവിലിന്റെ പെരുമയില്‍ വിസ്മയംകൂറി കാലഭൈരവന്റെ അന്തരാളത്തിലൂടെ നടന്നുനീങ്ങും. നന്ദികേശ്വരന്റെ ശാന്തിയില്‍ കലരും.രാജേശ്വരിയുടെ ജ്യോതിസ്സില്‍ നിറയും.അപരിമേയനായി നില്‍ക്കുന്ന മഹേശ്വരന്റെ മുന്നില്‍ കാലം വണങ്ങി നില്‍ക്കുന്നതു കണ്ടു കൈകൂപ്പും. കലാതീര്‍ഥാടകരുടെ വരും തലമുറകള്‍ക്കായി അന്നും രാജരാജേശ്വരം ധ്യാനത്തിലമര്‍ന്നു നിലകൊള്ളും.

No comments:

Post a Comment