Monday, May 6, 2024
paramitham 5
ഇനി പറയാനുള്ളത് വി ജി തമ്പിയുടെ നോവൽ ഗാത്രത്തിന്റെ ഘടനയെക്കുറിച്ചാണ്. ഭാഷയുടെ അനവദ്യ സൗന്ദര്യം തന്നെയാണ് ആദ്യമായും അവസാനമായും മനസ്സിലെത്തുന്നത്. മനുഷ്യൻ രാപാർക്കുന്ന ലോകത്തിന്റെ മഹിമ തികഞ്ഞ ലാവണ്യത്തോടെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ലോകകവിതകളും മഹാകാവ്യങ്ങളും പ്രപഞ്ച രഹസ്യം തേടിയ മഹാരഥന്മാരുടെ കൃതികളും സംഗീതവും ചലച്ചിത്രവും എന്നുവേണ്ട സഹൃദയനായ ഒരധ്യാപകന്റെ ആന്തരികതയെ നിറയ്ക്കുന്ന എല്ലാം തന്നെ തമ്പിയുടെ ഹൃദയാകാശത്തിൽ ചേക്കേറുന്നുണ്ട്. യൗവനത്തിൽ പ്രക്ഷോഭകാരിയുടെയും അവിശ്വാസിയുടെയും സന്ദേഹിയുടെയും കലാപം നിറഞ്ഞ ജീവിതമായിരുന്നു. ക്രമേണ വിശ്വാസത്തിന്റെ , ആത്മാന്വേഷണത്തിന്റെ സഞ്ചാരപഥത്തിൽ അദ്ദേഹം എത്തിച്ചേർന്നതായി മനസ്സിലാക്കാം. വിശ്വാസിയായി ജീവിക്കാനാണ് ഏറ്റവും പ്രയാസം എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഹിമാലയ താഴ്വരകളിലൂടെ നടത്തിയ യാത്രയും ക്രിസ്തീയ വിശ്വാസങ്ങളുടെ പഠനവും യൂറോപ്പിലൂടെ നടത്തിയ ആത്മചിഹ്നങ്ങൾ , വാസ്തുശില്പത്തികവുള്ള പള്ളിഗോപുരങ്ങളും അൾത്താരകളും റോമാസാമ്രാജ്യത്തിന്റെ , ഗ്രീസിന്റെ , ജെറുസലേം, പിരമിഡുകളുടെ നാട്, ആദിമസംസ്കൃതിയുടെ നനഞ്ഞ മണ്ണ്, യുദ്ധങ്ങളും കലാപങ്ങളും ഒഴിയാത്ത മരുഭൂമിസമാനമായ പ്രകൃതി, യാത്രകൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അഭിന്നമായ അന്വേഷണത്വരയെ ജ്വലിപ്പിച്ചിരിക്കാം. ബൈബിൾ സാഹിത്യവും ബുദ്ധ ദർശനങ്ങളും മതേതരമായ ഒരു കാല്പനിക വിശ്വാസത്തിലൂടെ അദ്ദേഹത്തെ നയിച്ചിരിക്കാം. മനുഷ്യനന്മയിലേക്കുള്ള ആ യാത്ര ആവിഷ്കരിക്കാൻ സുഗന്ധിയായ ഭാഷയുടെ വരദാനം അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു. തച്ചനറിയാത്ത മരം , പുതിയ ആകാശം പുതിയ മരുഭൂമി, യൂറോപ്പ് എന്റെ ആത്മചിഹ്നം തുടങ്ങിയ മുൻകാല കൃതികൾ പരിമിതമെന്ന വലിയ ക്യാൻവാസിലേക്കുള്ള പ്രവേശികയായിരുന്നു.
paramitham 4
ലെവിനൊപ്പം സഞ്ചരിക്കുന്ന അനേകം ചേതനകൾ ഈ യാത്രയിൽ നമുക്കൊപ്പമുണ്ട്. അമ്മ അനിയത്തി ഇവർക്ക് പുറമെ ഹേമന്ത് ,ലിയോ അച്ചൻ,ബാബാജി, അയൂബ് ,പപ്പാ ,ഒമർ ഫാറൂഖ് , ദലൈലാമ , ഗുരു നിത്യ ..തീർന്നില്ല. ലെവിൻ എന്ന അസ്തിത്വത്തിന്റെ അംശം തന്നെയായ സ്ത്രീത്വങ്ങൾ. സമരിയ, റൂത്ത്, റോസെറ്റ, മിത്ര, നക്ഷത്ര, അലീന ഫാത്തിമ, ജൂലിയ, ഹെഡാ വാക്കർ തുടങ്ങി അഗാധമായ പാരസ്പര്യത്തിന്റെ ഗതിവേഗങ്ങളായി. ഇദം പാരമിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം ഏതെന്നു ചോദിച്ചാൽ 'അമ്മ കനിവോടെ പ്രത്യക്ഷപ്പെടുന്ന ഭാഗമാണ്. കവിതകളെ സ്നേഹിച്ച ഏകാന്തത്തിൽ കവിതകൾ എഴുതിയ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിരുരൂപം. എല്ലാ ജോലികളും തീർത്ത് രാത്രി കുട്ടികൾ ഉറക്കമാകുമ്പോൾ മേശവിളക്കിനരികെ അമ്മയുടെ ടൈപ്പ് റൈറ്റർ ചലിച്ചുകൊണ്ടേ ഇരിക്കും. പകൽ ഒഴിവുവേളകളിൽ നീണ്ട വായനയിൽ മുഴുകും. ലെവിന്റെ എല്ലാ ദൗർബല്യങ്ങളും വേദനയും തിരിച്ചറിയുന്ന ഒരാൾ അമ്മയാണ്. ലെവിൻ അമ്മയുടെ കുഴിമാടത്തിനരികെ ചിലവഴിച്ച പ്രാർഥനയുടെ പകൽ പ്രകാശം നിറഞ്ഞ അധ്യായമാണ്.
പാരമിതത്തെ സത്യാന്വേഷണത്തിന്റെ മറുകരയിലേക്കു കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അനേകം ഗുരുസ്പർശങ്ങളുണ്ട്.
ആത്മാന്വേഷണത്തിന്റെ പാതയിൽ ലെവിൻ നടന്നെത്തുന്ന ഗുരു നിത്യയുടെ ഫേൺഹിൽ ഗുരുകുലമാണ് പാരമിതത്തിലെ പ്രകാശം പരത്തുന്ന മറ്റൊരു ഭാഗം. ഗുരുകാലം എന്ന് പേരിട്ട മൂന്നു നാലു ഖണ്ഡങ്ങൾ നിത്യചൈതന്യ യതിയുടെ മൗനവും മന്ദസ്മിതവുമാണ്. തേയിലത്തോട്ടങ്ങളുടെ മരതക സൗന്ദര്യവും പോക്കുവെയിൽ സ്വർണം പരന്ന താഴ്വരയും കണ്ണും പൂട്ടി ധ്യാനത്തിലമർന്ന അമ്മമരവും പ്രഭാതത്തിലെ അനക്ഷര സംഗീതവും നിത്യയുടെ ലളിതമായ ദിനചര്യയും പരസ്പരം പറയാതെ പകർന്ന മനുഷ്യത്വമുള്ള സൗഹൃദവും ലെവിനെ ആകർഷിച്ചു. അവിടെനിന്ന് ഒന്നും പഠിക്കുകയല്ല വിശ്രാന്തമായ നിമിഷങ്ങൾ ഒപ്പം കൂടുകയാണ് ചെയ്യുന്നത്. നിത്യയുടെ ഗുരുകുലത്തിൽ സന്ദർശകയായി എത്തിയ ഹെഡ്ഡ വാക്കർ എന്ന കവയിത്രിയും ലെവിനെ സ്നേഹത്തിന്റെ അക്ഷരമാല പഠിപ്പിക്കുന്നുണ്ട്. ഗുരുവുമായുള്ള ഹെഡ്ഡയുടെ ആത്മബന്ധം സുഗന്ധിയായ ഭാഷയിലാണ് ലെവിൻ രേഖപ്പെടുത്തുന്നത്.
ഫേൺഹിൽ ഗുരുകുലത്തിൽ നിന്ന് രമണ മഹർഷിയിലേക്കും ജിദ്ദു കൃഷ്ണമൂർത്തിയിലേക്കും ഓഷോയുടെ പ്രണയത്തിലേക്കും ലെവിൻ യാത്ര പോകുന്നുണ്ട്. അവിടെ നിന്ന് പിന്നെയും ബാബാജിയുടെ അതീതകാലത്തിലേക്കും.
സത്യത്തിൽ എവിടെ നിന്ന് എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ പ്രയാണം? ശരീരത്തിനും മനസ്സിനും ബോധതലത്തിനും അപ്പുറം? ഭാവത്തിന്റെ അഭാവത്തെയാണോ, അഭാവത്തിന്റെ ഭാവത്തെയാണോ അയാൾ തിരഞ്ഞു പോയത്. പ്രാഗഭാവം എന്ന് വേദാന്തികൾ പറയുന്ന അവസ്‌ഥയാണത്. സ്വന്തം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണോ ലെവിനെ കാറ്റിൽ പറക്കുന്ന കരിയില പോലെ കൊണ്ടുപോയത്. അയാളുടെ കൈത്തെറ്റുകളുടെ ഭൂതകാലമാണോ ഒളിഞ്ഞും തെളിഞ്ഞും അയാളിൽത്തന്നെ വന്നുപതിക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ ഒരു തുടർച്ചയാണോ ലെവിൻ ?അയാൾ താനറിയാതെ സ്വയം ഉറയൂരി പരിണമിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. അഥവാ ലെവിൻ തന്നെയായിരുന്നു ആ ചോദ്യങ്ങൾക്കുള്ള ഉത്തരം. അയാൾ എത്തിനിൽക്കുന്ന മമതയില്ലാത്ത പാരവശ്യങ്ങൾ അമർന്ന ശമാവസ്‌ഥ. സന്ദേഹങ്ങൾക്കും ആവേഗങ്ങൾക്കും വിട നൽകിയ ലെവിൻ ആനന്ദത്തിന്റെയും നിരാനന്ദത്തിന്റെയും അപ്പുറത്തുള്ള ശമം എന്തെന്ന് തിരിച്ചറിഞ്ഞിരിക്കാം .
Sunday, May 5, 2024
idam paramitham 3
ലെവിൻ ഒരേസമയം ആൾക്കൂട്ടവും അതെ സമയം ഏകാകിയുമാണ്. സ്‌ഥലജല ഭ്രമങ്ങളാൽ ഉഴറി ചിന്തകളിൽ ജരാനര ബാധിച്ച ഒരുവൻ. മറ്റു ചിലപ്പോൾ പ്രണയത്തിന്റെ വീഞ്ഞ് നുകർന്ന് ഉന്മത്തനായ യുവാവ്. തെരുവുകളിൽ ഉറങ്ങിയും നഗരക്കാഴ്ചകളിൽ നിർമമനായി നടന്നും ഒരു ദാർശനികൻ അയാളിൽ കുടിപാർത്തു. ഉടലിന്റെ വേഴ്ചകളിൽ ലെവിൻ തറഞ്ഞു പോകുന്നില്ല. ഒരനുരാഗിയെപ്പോലെ ജീവിതത്തെ ആശ്ലേഷിച്ചു തന്റെ ഏകാന്തമായ യാത്ര തുടരുകയാണ് അയാൾ. ഇനിയും എഴുതപ്പെടാത്ത ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ഈ കഥാപാത്രം. അപാരതയിലേക്കുള്ള ഒരുവന്റെ പ്രയാണം ആത്മാന്വേഷണമാണ്. എന്നാൽ മുക്തിപഥമന്വേഷിച്ചുള്ള ഒരു പരിത്യാഗിയുടെ സഞ്ചാരമായിട്ടല്ല ഈ യാത്ര നമുക്ക് അനുഭവപ്പെടുക. സത്യകാമനായ ഒരുവൻ നടത്തുന്ന ആത്മാന്വേഷണവുമായി ലെവിന്റെ യാത്രകൾക്ക് സാധർമ്യമുണ്ടാകാം. എന്നാൽ തീർത്തും അങ്ങനെ പറയാനുമാവില്ല. ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥയെപ്പോലെ പൊരുൾ ആരാഞ്ഞുള്ള നടത്തവുമായോ ബിഭൂതി ഭൂഷന്റെ ആരണ്യക് നമ്മിൽ അവശേഷിപ്പിച്ച നിർലേപമായ മാനസികാവസ്‌ഥയുമായോ സാത്മീഭാവം വഹിക്കുന്നതായൊരു പൂർണാനുഭവം നമുക്കുണ്ടാകുന്നില്ല. വായനക്കാർ ഓരോരുത്തരും വ്യത്യസ്തമായാവാം ഈ യാത്ര അകമേ ഉൾക്കൊള്ളുന്നത്. തോറോയുടെ വാൾഡൻ തടാകം നൽകുന്ന പ്രശാന്തി ഹിമഭൂവിലെ സതോപന്തിലെത്തുന്ന ലെവിൻ അകമേ വഹിക്കുന്നതായും തോന്നിയില്ല. നദികളും തടാകങ്ങളും താഴ്വരകളും ഹിമശിഖരങ്ങളും ലെവിന്റെ യാത്രകളിൽ സ്വച്ഛന്ദമായി കടന്നുപോകുന്നുണ്ട്. അനശ്വരതയെ പുൽകാൻ അയാൾ വെമ്പുന്നുണ്ട്. അപാരതയെ സ്പർശിക്കാൻ വിതുമ്പുന്നുണ്ട്. എന്നാൽ ലെവിന്റെ ഉൾത്തടം ശൂന്യമായി കാണപ്പെട്ടു. ആ ശൂന്യതയാകട്ടെ അപൂർണതയുടെ മറ്റൊരു മുഖം മാത്രമായിരുന്നു എന്നുവേണം കരുതാൻ. ഉള്ളിന്റെയുള്ളിൽ അനുഭവപ്പെട്ട വേവലാതികൾ, വിഹ്വലതകൾ അയാളെ വിടാതെ പിന്തുടർന്ന സ്വന്തം ഭൂതകാലത്തിന്റെ പിൻവിളി ആയിരിക്കാം. സംഭവങ്ങളുടെ രേഖീയമായ ആവിഷ്കാരം ഈ നോവലിൽ നാം കാണുകയില്ല. ഏതെങ്കിലും ചരിത്ര മുഹൂർത്തങ്ങളിലൂടെയല്ല ഇതിവൃത്തം വികസിക്കുന്നത്. സാമൂഹിക ചലനങ്ങളോ പ്രകൃതി പ്രതിഭാസങ്ങളോ യുദ്ധം, കലാപം പ്രളയം, ഭൂകമ്പം, മഹാമാരി തുടങ്ങിയ ആക്‌സമിക വിപര്യയങ്ങളോ നോവലിന്റെ ക്യാൻവാസിൽ കടന്നുവരുന്നില്ല. എന്നാൽ ഇവയുടെയെല്ലാം ഒടുങ്ങാത്ത തിരമാലകൾ സഞ്ചാരിയായ ലെവിൻ അകമേ വഹിക്കുന്നുണ്ട് താനും. പലപ്പോഴും ഒരു പീഡിതന്റെ മനോവ്യഥയും ആധിയും ലെവിനെ ഒഴിയാബാധ യായി പിന്തുടരുന്നു എന്നൊരു തോന്നൽ എന്റെ വായനയെ എപ്പോഴോ ഗ്രസിച്ചുകഴിഞ്ഞിരുന്നു. വായനയുടെ പരിമിതിയാകാം. ലെവിൻ ഒന്നിലധികം ജീവിതങ്ങളുടെ ആൾരൂപമാണ് എന്ന് പാരമിതത്തിന്റെ ആമുഖമായി വി ജി തമ്പി പറയുന്നുണ്ടല്ലോ. നോവലിസ്റ്റിന്റെ ജീവിതയാത്രയും അദ്ദേഹം അനുഭവിക്കാനിടയായ ആകസ്മികതകളുടെ വൈചിത്ര്യവും മുഖ്യ കഥാപാത്രമായ ലെവിനെ രൂപപ്പെടുത്തുന്നതിൽ അബോധമായൊരു പങ്ക് വഹിച്ചിരിക്കാം. കഴിഞ്ഞുപോയ നീണ്ട മുപ്പതു വർഷങ്ങളുടെ സാധനയിൽ നിന്നാണ് പാരമിതം രൂപം കൊള്ളുന്നത്. പലപ്പോഴായി കുറിച്ച് വെച്ച കവിതകൾ, ലേഖനങ്ങൾ, ആധി നിറഞ്ഞ വിലാപങ്ങൾ, നിരന്തരമായ യാത്രകൾ, അധ്യാപനം, പ്രണയം, വിവാഹം, വിരഹം എന്നിങ്ങനെ നിറഞ്ഞും കവിഞ്ഞും കിടന്ന എത്രയോ അനുഭവങ്ങൾ. ക്ലാസ്സ്മുറികളിൽ ഉണർന്ന നിശിതമായ ചിന്തകൾ വിഫലമായ ഉദ്വേഗങ്ങൾ മരച്ചോടുകളിൽ വിടർന്ന സാഹിത്യവിചാരങ്ങൾ വിദ്യാർഥി കൂട്ടായ്മകൾ, ലിറ്റിൽ മാഗസിൻ പ്രവർത്തനങ്ങൾ. ഇടതുപക്ഷ സഹയാത്രികനായ കവി വിരിച്ചിട്ട ചുവന്ന സ്വപനങ്ങളുടെ നടപ്പാതകൾ, സമാനഹൃദയർക്കൊപ്പം കവിയരങ്ങുകൾ, ചൊൽക്കാഴ്ചകൾ വിപ്ലവചിന്തകൾ തീ പിടിപ്പിച്ച അനേകം ആത്മാക്കളുമായുള്ള സഹവാസം, ചലച്ചിത്രജീവിതം ഫിലിം ഫെസ്റ്റിവലുകൾ, സംഗീതലോകവുമായുള്ള പ്രണയം, ഭഗ്നാശരായ മിത്രങ്ങളുടെ അകാലത്തിലുള്ള വേർപാട്, ആത്മഹത്യകൾ, അവരിൽ ചിലരുടെ ജയിൽവാസം, ജനകീയ പ്രതിരോധ സംഘടനകളുടെ തളർച്ച , വിശ്വാസത്തകർച്ചകൾ കൂടുമാറ്റങ്ങൾ എൺപതുകൾ പെയ്തു തീരുകയായിരുന്നു. ഇത്രയേറെ വിദ്യാർഥികളെ ആകർഷിച്ച, അവരുടെ മനസ്സുകളിൽ ചേക്കേറിയ കാല്പനിക സ്വപ്‌നങ്ങൾ വിടർത്തിയ ഒരധ്യാപകന്റെ ഏറ്റുപറച്ചിൽ കൂടിയാവുന്നു ഇദം പാരമിതം. സമീപവർഷങ്ങളിൽ ഈ കവിയെ പ്രതിക്കൂട്ടിൽ വിസ്തരിച്ച മറ്റൊരെഴുത്തുകാരിയുടെ ഏറെ വായിക്കപ്പെട്ട കൃതിയെക്കൂടി സ്പർശിക്കാതെ ഈ അവലോകനം അവസാനിപ്പിക്കാൻ കഴിയില്ല. ആ കൃതി ഉയർത്തിയ സന്ദേഹങ്ങൾ അതിന്റെ ശരിതെറ്റുകൾ ഈ ഗ്രന്ഥസമീക്ഷയുടെ പരിധിയിൽ വരുന്നതല്ല എന്നറിയാം. എന്നാൽ അതിന്റെ പ്രകമ്പനങ്ങൾ പാരമിതത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ ലെവിന്റെ ഹൃദയത്തെ വല്ലാതെ മഥിക്കുന്നുണ്ടെന്നു തോന്നി. പലപ്പോഴും നിർമിതബുദ്ധികൊണ്ട് വാർന്നു പോയ വാക്കുകളുടെ ഉന്മാദനൃത്തമായി പോലും ഈ രചന എനിയ്ക്കനുഭവപ്പെട്ടു. ആത്മാരണ്യകത്തിൽ നിന്ന് യാത്ര പുറപ്പെട്ട് താഴ്വരയുടെ ഗന്ധങ്ങൾ ശ്വസിച്ചു നിഗൂഢ നഗരങ്ങളിൽ രാപാർത്ത് ഒഴിഞ്ഞ തോണിയിൽ ഏകാകിയായി നിലാവിന്റെ മന്ദസ്മിതത്തിൽ ഉറങ്ങിയും ഉണർന്നും അമാവാസികളും പൗർണമികളും പിന്നിട്ട് പുഴയാഴങ്ങളിൽ നിന്നും സാഗരോന്മുഖത്തു വന്നു നിൽക്കുന്ന ലെവിന്റെ ജീവിതം അപൂർണ്ണത ആവഹിക്കുന്ന ഒരു ആത്മായനമാണ്. മഹത്തായൊരു പ്രായശ്ചിത്തമായിട്ടാണ് ലെവിൻ എനിക്ക് അനുഭവപ്പെട്ടത്. അഥവാ വിശുദ്ധമായൊരു കുമ്പസാരം. മികവാർന്ന എല്ലാ രചനകളുടെയും ശിരോരേഖ ഈ പശ്ചാദ്ഗമനത്തിൽനിന്ന് ഉയിർക്കൊള്ളുന്നതാണ്.
Saturday, May 4, 2024
Idam paramitham 2
അസാധാരണമായ ഭാവസൗന്ദര്യത്തോടെ മലയാള നോവൽ സാഹിത്യത്തിന്റെ നീലാകാശത്തേക്ക് ചിറക് വിടർത്തിയ 'ഇദം പാരമിതം' നോവൽ എന്ന സാഹിത്യരൂപത്തിന്റെ വ്യത്യസ്തമായ വശ്യമുഖമാണ്. ഒരു കവി എഴുതുന്ന ആഖ്യായിക എന്നൊരു സവിശേഷത ഈ കൃതിക്കുണ്ട്. ആദ്യന്തം കവിത നിറഞ്ഞൊഴുകിയ നോവൽ. വളരെ സാവധാനമാണ് ഞാനീ പുസ്തകം വായിച്ചത്. മൂന്നു മാസത്തിലേറെ സമയമെടുത്തു ഓരോ അധ്യായവും കടന്ന് അവസാനവരിയിലെത്താൻ. ഇതിനോടകം നോവൽ മൂന്നു പതിപ്പുകൾ പിന്നിട്ടിരുന്നു. നിരവധി ആസ്വാദനങ്ങളും പുരസ്കാരങ്ങളും കൃതിയെ തേടിയെത്തി. ഒരു കവി എഴുതിയ നോവൽ എന്ന സവിശേഷതയെക്കാൾ എന്നെ ആകർഷിച്ചത് അപാരമ്പര്യ ചേരുവകൾ കൊണ്ടാണ് അതെഴുതപ്പെട്ടത് എന്നതാണ്. സ്‌ഥലം കാലം ദേശം എന്നിങ്ങനെ പ്രത്യേകം അടയാളപ്പെടുത്തിയ ഒരു ലോകമോ കഥാപാത്രങ്ങളോ അവരുടെ പെരുമാറ്റമോ ഒന്നുമല്ല ആദ്യവായനയിൽ ഒപ്പമെത്തിയത്. ശരിയാണ്, തിരുനെല്ലിയും പക്ഷിപാതാളവുമാണ് തുടക്കത്തിൽ തിരിച്ചറിയുന്ന ഭൂമിക. വാക്കുകളുടെ മലർവാടിയിലൂടെ സസ്യശ്യാമളമായ വനാന്തരത്തിലേക്ക് ലെവിൻ എന്ന കേന്ദ്ര കഥാപാത്രം നമ്മെ കൊണ്ടുപോകുന്നു. അഥവാ അയാൾക്കൊപ്പം വായനയുടെ കണ്ണുകൾ സഞ്ചരിക്കുന്നു. ഫോട്ടോഗ്രഫിക് എന്നോ സിനിമാറ്റിക് എന്നോ പറയാവുന്ന ചലനവും വിന്യാസവുമാണ് കഥാകാരനായ വി ജി. തമ്പിയുടെ കരവിരുതിൽ വിരിയുന്നത്. തുടർന്നുള്ള അധ്യായങ്ങൾ ലെവിന്റെ അനന്തമായ യാത്രകളാണ്. അന്വേഷണങ്ങളാണ്. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്. ഭൂപ്രദേശങ്ങളുടെ അതിരുകൾ മായ്ച്ചു മായ്ച്ചു പോകുന്ന യാത്ര വേരുകൾ മുറിഞ്ഞുള്ള പ്രയാണവുമാണ്. എന്നാൽ പലായനമല്ല. ഇടത്താവളങ്ങളിൽ വിശ്രമിച്ചും അപൂർവവും അപരിചിതവുമായ ഇടത്തിലും സൗഹൃദങ്ങളിലും ശരീരവും മനസ്സുമർപ്പിച്ചുകൊണ്ടുള്ള ലെവിന്റെ യാത്ര ഒരർത്ഥത്തിൽ തീർത്ഥങ്ങൾ തേടിയുള്ള അലച്ചിൽ തന്നെയായിരുന്നു. ആശ്രമങ്ങളിലും സന്യാസി സാങ്കേതങ്ങളിലും സൂഫിമാർക്കൊപ്പവും അഘോരികൾക്കൊപ്പവും അയാൾ ജീവിച്ചു. ഓർമയുടെ സ്നാനത്തിൽ അമ്മയും സഹോദരിയും കാമുകിയും അനേകം സ്ത്രീ പുരുഷ സാന്നിധ്യങ്ങളും ലെവിന് കൂട്ടായുണ്ട്. ഏകാന്തമായ കുട്ടിക്കാലവും പാഠശാലകളിലെ കയ്പ്പും ചവർപ്പുമുള്ള ഓർമ്മകൾക്കൊപ്പം കലാലയ ജീവിതവും തുടർ ഗവേഷണങ്ങളും യാത്രകളും നേരത്തെ മുതൽ തന്നെ ലെവിൻ എന്ന മനുഷ്യനെ പരുവപ്പെടുത്തുന്നുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ആദിമ താരള്യമാണ് ലെവിന്റെ ദിശ നിർണയിക്കുന്നത്. എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ യാത്ര. രാജ്യാന്തരസീമകൾ താണ്ടി മതവും കലയും പിറന്നുവീണ കളിത്തൊട്ടിൽ തേടിയാണോ? ഗോത്ര ജീവിതത്തിന്റെ വൈവിധ്യമാർന്ന രുചികൾ തേടിയായായിരുന്നോ? പ്രണയത്തിന്റെയും കാമനയുടെയും ഭൗതികമായ സ്പർശമാണോ ലെവിൻ തേടിയത്? അവധൂതന്റെ പ്രയാണം? രഹസ്യമാരാഞ്ഞ ഉന്മാദിയുടെ നിരർത്ഥകതയാണോ അയാളെ വശീകരിച്ചത്? ആരാണ് അയാളുടെ വഴികാട്ടി? ഏതെങ്കിലും ഗുരു അഥവാ ഗ്രന്ഥം ആരാണ് ലെവിന് മാർഗദീപം തെളിച്ചത്?
പാരമിതത്തിൽ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. അഥവാ എവിടെയും എത്തിച്ചേരാനുള്ള യാത്രയല്ല ലെവിന്റേത്. ആ വഴികളിൽ ലെവിൻ എന്ന നിസ്സഹായൻ തനിയെ അലഞ്ഞു നടന്നു. നടത്തമെന്ന ധ്യാനമാണ് ലെവിന്റെ പ്രാപ്യസ്‌ഥാനം. പാരമിതത്തിലേക്കുള്ള പ്രവേശം.
idam paramitham 1
ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമാണ് നമ്മെ തഴുകുന്നത് എന്നാണ് ആഷാ മേനോൻ സാക്ഷ്യപ്പെടുത്തുന്നത്. അപ്പുറമെന്തെന്നു ആരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. ഇതിലെ ഇടങ്ങൾ അനന്യമാണ്.സൂക്ഷ്മവും സ്നിഗ്ധവുമായ ആവിഷ്കാരങ്ങൾ. നോവൽ എന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്കു ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലിൽ നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുന്നു ഈ കൃതി എന്ന് ഫാദർ ബോബി ജോസ് കട്ടിക്കാട്. ഭാഷകളെയും സംസ്കാരത്തെയും കടന്നു വിശ്വബോധത്തെ അടയാളപ്പെടുത്തുന്ന രചന എന്നാണ് ഷൗക്കത്ത് രേഖപ്പെടുത്തിയത്.
ആമുഖത്തിൽ വി ജി തമ്പി ഇങ്ങനെ അടയാളപ്പെടുത്തുന്നു. ശ്രീബുദ്ധൻ ശിഷ്യനായ സാരീപുത്രന് ഉപദേശിച്ച പ്രജ്ഞാപാരാമിതമെന്ന ഹൃദയസൂക്തമാണ് തന്റെ കൃതിയുടെ ശീര്ഷകത്തിനു പിന്നിൽ. പരിധികളെയും പരിമിതികളെയും മറികടന്നു പോകാനുള്ള സഹജപ്രേരണ ഏകാകിയായ ഓരോ സഞ്ചാരിയിലും ഉള്ളതാണ് .പ്രപഞ്ചവും ഊർജവും ദ്രവ്യ പരിണാമങ്ങളുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ മാത്രം. ഹിമാലയം മുതൽ പിരമിഡുകൾ വരെ ഓരോന്നും ദൃശ്യപ്രകൃതിയിലെ പാരമിത ചിഹ്നങ്ങളാണ്.ശരീരവും മനസ്സും ബോധവും കടന്നുപോകാനുള്ള അതിർത്തികൾ. കടന്നുപോകുന്നവരാകുക എന്ന സുവിശേഷവാക്യം പോലെ നിശബ്ദമായൊരു ഓർമപ്പെടുത്തൽ അതാണ് ഇദം പാരമിതം. ഒരു നദി അതിന്റെ പാരമിതം പൂകുന്നത് സമുദ്രത്തിലെത്തുമ്പോഴാണ്. പുഴയുടെ സത്ത പൂർണമായ വിലയനാം തേടുന്നത് കടലിലാണ്. ഇനിയും അപ്പുറങ്ങൾ ഉണ്ടെന്നു തിരിച്ചറിയുമ്പോഴും ധ്വനിമയമായ മാനാസാകാശം നിലച്ചുപോകുന്നില്ല എന്നൊരു നിരീക്ഷണം അവതാരികയിൽ ആഷാമേനോൻ നടത്തുന്നുണ്ട്.
കവിയും അധ്യാപകനുമായ വി ജി തമ്പി ആദ്യകാലത്തെഴുതിയ (1990 ) നഗ്നൻ എന്ന സ്വന്തം കവിതയിൽ നിന്നാണ് പാരമിതത്തിലേക്കു ചിറകു നിർത്തിയത് എന്ന് ആമുഖമായി പറയുന്നുണ്ട്. ജീവിച്ച ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും തമ്മിലുള്ള ദൂരവും ദിശയുമാണ് ആ കവിത. നീ പണി തീരാത്ത യേശുവാണ് തുടങ്ങിയ വരികൾ വായനക്കാർ ഇന്നും ഓർക്കുന്നുണ്ടാവും. മുപ്പത്തിമൂന്നാം വയസ്സിൽത്തന്നെ എല്ലാം പൂർത്തിയായി എന്ന അന്ത്യമൊഴിയോടെ ജീവിതത്തിൽ നിന്ന് വിട വാങ്ങിയ സുഹൃത്തിനോടുള്ള കടം തീർക്കലാണ് തന്റെ കൃതിയുടെ ബീജാധാനത്തിനു നിമിത്തമായത്. കേന്ദ്ര കഥാപാത്രമായ ലെവിൻ പല അടരുകളുള്ള ഒരു സത്തയാണ് . ലെവിൻ എന്നാൽ സൗഹൃദം. എല്ലാ മുൻവിധികൾക്കുമപ്പുറം അകവും പുറവും തിങ്ങി നിൽക്കുന്ന ബോധപ്രപഞ്ചത്തോടുള്ള ഉദാരമായ പ്രാർഥനയാണ് ലെവിൻ. അതൊരു സഞ്ചാരഗതിയാണ്. അവൻ ജനിച്ചും മരിച്ചും പുനർജനിച്ചും എവിടെയും ഒടുങ്ങാതെ ഭൂമിയിലും അതീതത്തിലും അലകൾ തീർത്തുകൊണ്ടേ ഇരിക്കും. നോവൽ എഴുത്തിത്തീർന്നതിന്റെ പിറ്റേന്ന് നേരം പുലർന്നപ്പോൾ എഴുത്തുമുറിയിൽ പ്രത്യക്ഷപ്പെട്ട പ്രായം ചെന്ന ഒരു നായയെപ്പറ്റി പറഞ്ഞുകൊണ്ടാണ് വി ജി തമ്പിയുടെ ആമുഖ വരികൾ അവസാനിക്കുന്നത്. ഒരു പക്ഷെ മഹാഭാരതത്തിൽ മഹാപ്രസ്‌ഥാനയാത്രയിൽ സ്വര്ഗാരോഹിണി വരെ പാണ്ഡവർക്കൊപ്പം കൂട്ട് പോയ ആ സാരമേയമായിരിക്കാം പാരമിതത്തിന്റെ ചാരെ വന്നണഞ്ഞത്.
Saturday, March 2, 2024
'മധുരിക്കും ഓർമകളേ..' മലയാള ഭാവനയുടെ രംഗപടത്തിൽ കസവു ചാർത്തിയ ഗാനമാണ്. ഓർമകളുടെ നിറബാല്യത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നു ആ വരികൾ.
അങ്ങനെ നിന്ന് പെയ്ത മഴയുടെ സ്പർശം കൊണ്ട് കഴിഞ്ഞുപോയ കൊഴിഞ്ഞു പോയ ഓർമകളിലേക്ക് ഷീബ പ്രസാദ് നമ്മുടെ വായനയെ കൊണ്ടുപോകുന്നു.
ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള പേരല്ല ഈ കഥാകാരിയുടേത്. ഫേസ്ബുക് പോലുള്ള നവ മാധ്യമങ്ങളിൽ കുറിപ്പുകളായും കഥകളായും അപൂർവമായി സ്വയം പ്രകാശിപ്പിച്ചിട്ടുണ്ട്. എഴുതാതെ കടന്നുപോകുന്നത് വലിയൊരു തെറ്റാണെന്ന തിരിച്ചറിവാണ് ഈ കഥകൾക്ക് ജന്മം നൽകിയത്. കുട്ടിക്കാലം തൊട്ടേ കണ്ടു മുട്ടിയ തിരിച്ചറിഞ്ഞ എത്രയോ മനുഷ്യർ. അവർ അതിസാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നവർ. മധ്യവർത്തി സമൂഹത്തിന്റെ താഴെ പ്പടവിൽ ജീവിച്ചവർ. ഗ്രാമീണമനസ്സുള്ള നിഷ്കളങ്ക ജീവിതങ്ങൾ. പള്ളിക്കൂടവും തെരുവോരങ്ങളും ആഴ്ച ച്ചന്തയും ചേറിന്റെ മണമുള്ള വയൽ വരമ്പുകളും ആറ്റു കൈതപൂക്കളും വേനൽപ്പാടത്തെ ഉത്സവമേളവും തോട്ടിൻ ചിറയിലെ നീന്തിക്കുളിയും തെരുവിലെ അന്തി വെയിൽപ്പൊന്നും എല്ലാമെല്ലാം ഷീബയുടെ കഥകളിൽ നിറയുന്നുണ്ട്.
ഒരു ഡസൻ കഥകൾ.
ബാല്യത്തിലെ നിറചാർത്തുകൾ കഴിഞ്ഞു വിവാഹത്തിലേക്ക് വലതു കാല് വെച്ച് നടന്നു കേറുന്ന പെണ്ണിന്റെ ആദ്യരാത്രി മുതൽ ഭർതൃഗൃഹത്തിലെ കയ്പ്പും മധുരവും ഇടകലർന്ന ആദ്യ നാളുകൾ മിഴിവോടെ വരച്ചിടുന്നുണ്ട് കഥാകാരി. മാസങ്ങളും വർഷങ്ങളും കടന്നു പോകവേ വിരസമായി തീരുന്ന ദാമ്പത്യം എന്ന കടങ്കഥയെ നിരൂപണം ചെയ്യുന്നൊരു കഥ ഷീബ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. 'കല്ല് വെച്ച നുണകൾ'.
ശരാശരി മലയാളിപെണ്ണിന്റെ ആന്തരികലോകത്തിന്റെ നേർക്കാഴ്ച എന്ന് പറയാം. പെൺ വീക്ഷണത്തിലൂടെ നിസ്സഹായമായ സ്ത്രീജീവിതം ഷീബ ചിത്രീകരിക്കുന്നു. അതിന് രാഷ്ട്രീയത്തിന്റെ നിറമോ ഭാഷയോ ആവശ്യമുള്ളതായി കഥാകാരി കരുതുന്നില്ല. അവനവനെ അഥവാ അവളവളെ സ്വയം തിരിച്ചറിയുക എന്നത് മാത്രമാണ് സ്ത്രീക്ക് ചെയ്യാനാവുക. തന്നിലേക്കുള്ള തിരിച്ചു നടത്തം വലിയൊരു വെളിപാടാണ്. അതൊരു പുനർജനി കൂടിയാവുന്നു.
നാം ദിവസവും കാണുന്നത് കഥകളാണ്. കണ്ടുമുട്ടുന്നവർ കഥാപാത്രങ്ങളും. ഓരോ ദിവസവും ഓരോ അനുഭവമാണ്. അനുഭവങ്ങൾ നമ്മിൽ അവശേഷിപ്പിക്കുന്നത് മായാത്ത മുദ്രകളും. ഷീബ ശൈശവ ബാല്യങ്ങളിൽ കണ്ട കാഴ്ചകളും നുണഞ്ഞ അനുഭൂതികളും അറിഞ്ഞ പാഠങ്ങളും സംവേദനക്ഷമതയോടെ അനുവാചകന് നിവേദിക്കുകയാണ്. കഥാകാരിയുടെ എഴുത്തിൽ ആർഭാടങ്ങളില്ല അനാവശ്യമായ ആലഭാരങ്ങളോ അലങ്കാരങ്ങളോ എടുത്തണിയുയുന്നില്ല. പറയാനുള്ളത് ഋജുവായി ആവിഷ്കരിക്കുന്നു, അത്ര തന്നെ. പറഞ്ഞവ തന്നെ സ്ത്രീയുടെ വേദനയും നിസ്സഹായതയുമാണ്. രാജലക്ഷ്മിയും മാധവിക്കുട്ടിയും അഷിതയും ഗ്രേസിയും ചന്ദ്രമതിയും കഥകളിൽ വരച്ചിട്ട സ്ത്രീജീവിതങ്ങൾ നിറമില്ലാത്ത വരകളിൽ കോറിയിടുകയാണ് ഷീബയും. വശ്യമായ മലർവാടികളല്ല ഷീബയുടെ കളിസ്‌ഥലം. ദാഹജലം കിട്ടാതെ വരണ്ടുണങ്ങിയ പാടങ്ങളും വേനലിന്റെ മൃഗ തൃഷ്ണകളുമാണ് ഈ കഥളിൽ നിവർന്നു വരുന്നത്.
ഓരോ മനുഷ്യനും ജീവനുള്ള ഓരോ കഥയാവുമ്പോൾ ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം കഥകൾ നിലനിൽക്കും. കെട്ടുകഥകളെക്കാൾ വിചിത്രമായ അനുഭവങ്ങൾ പേറുന്ന നിസ്സഹായരായ മനുഷ്യർ ചുറ്റിലുമുള്ളപ്പോൾ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല.പെരുമഴ പെയ്തു നിറയുന്ന തോട്ടുവെള്ളത്തിൽ കളിച്ചാർത്തതും മാനത്തുകണ്ണിയെ തോർത്തിട്ട് പിടിച്ച് കുപ്പിയിലടച്ചു കിണറ്റിലിട്ടു വളർത്താൻ ശ്രമിച്ചതും നട്ടുച്ച വെയിലിൽ വിശപ്പ് ആളുമ്പോൾ കിളിച്ചുണ്ടൻ മാങ്ങ എറിഞ്ഞു വീഴ്ത്തി വീട്ടിൽ നിന്നും പൊതിഞ്ഞെടുത്ത ഉപ്പ് കൂട്ടി തിന്നതും ഉറവയിലെ തെളിനീർ കുടിച്ചതും കാലിൽ പടർന്ന വയൽവരമ്പിലെ ചേറിന്റെ ഗന്ധവും സ്കൂൾ വരാന്തയിൽ തൂവാനമേറ്റിരുന്ന്, വട്ടയിലയിൽ വാങ്ങി ക്കഴിച്ച ഉപ്പുമാവിന്റെ മണവും മഴയോർമ്മകൾക്കൊപ്പം ഉണർന്നു വരും.
സ്കൂൾകാലത്തെ ഉപ്പിലിട്ട കാരയ്ക്കയും വറുത്ത പുളിങ്കുരുവിന്റെ വായിൽ വെള്ളമൂറുന്ന രുചിയും....
മനോഹരമായ വർണക്കടലാസ് കൊണ്ട് പൊതിഞ്ഞ് കാഴ്ചക്കാരുടെ കണ്ണുകളിൽ കൗതുകം ജനിപ്പിക്കുന്ന കല്ലുവെച്ച നുണയാണ് ദാമ്പത്യം.
ശ്രുതിലയം പോലുള്ള ദാമ്പത്യ ജീവിതം ഒരു കടങ്കഥയാണ്. ഒരു കടും കെട്ടിന്റെ മുറുക്കത്തിൽ ശ്വാസംമുട്ടി ജീവിതം വലിച്ചു നീട്ടുന്നവരാണ് അധികവും.
പിന്നീടാണ് ഞാൻ ഞാനായിരിക്കുന്നത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്. പഴയ എന്നിലേക്ക് ഞാൻ തിരിച്ചു നടന്നു.
ഉപ്പുതടാകത്തിലെ നീന്തൽ പഠനം പോലെയാണ് പലർക്കും വിവാഹജീവിതം. കുറേ ഉപ്പുവെള്ളം കുടിക്കുമ്പോൾ നീന്താൻ പഠിക്കും. അല്ലെങ്കിൽ ഉപ്പുവെള്ളം കുടിച്ചു ജീവിക്കാൻ പഠിക്കും.
സ്നേഹത്തിന്റെ വില അറിയുന്നവരോടൊപ്പം ആകണം ജീവിതം പങ്കുവെക്കേണ്ടത്. ഇഷ്ടമില്ലാത്ത ഒന്നിനോട് പൊരുത്തപ്പെട്ടു ജീവിക്കുന്നത് അടിമത്തമാണ്.
ഷീബ പറയാതെ പറയുന്ന കഥകളിൽ അതിജീവനത്തിന്റെ സാരമുണ്ട്. പുനർജനിയുടെ പ്രവേശവുമുണ്ട്. കുടുംബജീവിതത്തിന്റെ ആവർത്തന വിരസതയും പുരുഷ കോയ്മയുടെ ദുർഗന്ധങ്ങളും സഹിച്ചു മുമ്പോട്ട് പോകാൻ പെണ്ണിനാവില്ല. അവൾ തന്നിലേക്ക് തിരിച്ചു നടക്കണം എന്ന് ഷീബയുടെ സ്ത്രീ കഥാപാത്രം ഉള്ളിൽ ഉറപ്പിക്കുന്നുണ്ട്. ഈ കഥകൾ മുന്നോട്ടു വെക്കുന്ന നീതിയുടെ തത്വശാസ്ത്രവും മറ്റൊന്നല്ല.ഇന്നല്ലെങ്കിൽ നാളെ, കൂടെ ഒരേ കൂരയിൽ രാപാർത്ത പുരുഷന്റെ ലോകം അവളെ തിരിച്ചറിയുക തന്നെ ചെയ്യും. ലളിതമായമായ ഭാഷയിൽ തികഞ്ഞ ആർജവത്തോടെ രസമായി കഥ പറയുന്ന ഒരു നവാഗത എഴുത്തുകാരിയുടെ പുറപ്പാട്, അതത്രേ 'മധുരിക്കും ഓർമകളേ....'.
Friday, March 10, 2023
വ്യൂ ഫൈൻഡർ
നേരം പുലർന്നുകഴിഞ്ഞിരുന്നു.ഇളംവെയിൽ ചുറ്റുപാടും പരന്നൊഴുകി. അതൊരു ശ്രാവണമാസ പ്രഭാതമാണെന്ന് ഓർമയുണ്ട്. ചിങ്ങവെയിലിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മട്ടുപ്പാവിൽ നിൽക്കുമ്പോഴാണ് ആ മനോഹരദൃശ്യം കണ്ണിന് വിരുന്നായത്. തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു എട്ടുകാലിവല. സൂര്യരശ്മികൾ തട്ടി ആ ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.അതുവരെ എൻ്റെ ശ്രദ്ധയിൽ പെടാതെ പോയല്ലോ എന്നോർത്ത് നിൽക്കുമ്പോഴാണ് ആ ദൃശ്യം സമാഗതമാവുന്നത്.നമ്മുടെ നായകൻ ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും എന്ന് തോന്നി. അവൻ ചെയ്തത് എന്തെന്നോ. ഒരറ്റത്ത് എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി.പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾ നാലുപാടും കോർത്തു കോർത്തിട്ടാണല്ലോ വല ഉണ്ടാക്കിയിരിക്കുന്നത്. അതാ അവൻ തൊട്ടടുത്ത കണ്ണിയും പൊട്ടിച്ചുമാറ്റി. അതുകഴിഞ്ഞു അടുത്തത്. അവിടെനിന്നു തിരിച്ചുവന്നു എതിർദിശയിലെ നൂൽ ബന്ധനവും അവൻ അറുത്തുമാറ്റി. ഇത്രയുമായപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ വീണത്.ചിലന്തി പോകുന്നവഴിക്കു അവൻ വല കെട്ടാനുപയോഗിച്ച നൂലും അവനിലേക്ക് തിരിച്ചുപോകുന്നു. ഇതെന്തൊരദ്‌ഭുതം എന്ന് മിഴിച്ചുനിൽക്കുമ്പോൾ അവൻ അടുത്ത കണ്ണിയും പൊട്ടിച്ചു. അങ്ങനെയങ്ങനെ സർക്കസ് കൂടാരം അഴിച്ചുമാറ്റുന്ന ലാഘവത്തോടെ ആ ചിലന്തി തനിക്കു ചുറ്റുമുള്ള വലക്കണ്ണികൾ ഒന്നൊന്നായി അറുത്തുമാറ്റി. അപ്പോഴൊക്കെയും അവൻ തൂ ത്തുമാറ്റിയ വല അവനോടൊപ്പം മാഞ്ഞുപോകുന്നുണ്ടായിരുന്നു. അവസാനം ഒരേയൊരു നൂല് ബാക്കിയായി. അന്നേരം മൃദുവായൊരു കാറ്റ് അവനെയും തലോടി കടന്നുപോയി. ആ നൂലിൽ തൂങ്ങിയാടിയ ചിലന്തി അവൻ്റെ എട്ടു കാലുകളും ചുരുക്കി പതുക്കെ മേലോട്ട് ഇറുന്ന് കേറാൻ തുടങ്ങി. അവശേഷിച്ച ഒരൊറ്റ നൂലിൻ്റെ ദുർബല ശയ്യയിൽ ആടിയാടി അവൻ മേലോട്ട് ഉയർന്നങ്ങനെ പോയി,അന്തരീക്ഷത്തിലെവിടെയോ വിലയം കൊണ്ടു. അരമണിക്കൂറിനുള്ളിൽ നടന്ന ഇതത്രയും നിർന്നിമേഷനായി നോക്കിനിന്ന എനിക്കപ്പോൾ ഓടിപ്പോയി അന്ന് കൈയ്യിലുണ്ടായിരുന്ന പഴയൊരു യാഷിക്ക ക്യാമെറയിൽ കണ്ട കാഴ്ചയെ പകർത്തിയെടുക്കാൻ കഴിഞ്ഞില്ല. അതൊലൊട്ടും ഖേദം തോന്നിയില്ല. ഒരു മാത്ര അവിടെനിന്നു മാറിനിന്നാൽ ആ ലീലാപടമഴിക്കുന്ന മായകാഴ്ച എനിക്ക് നഷ്ടപ്പെടുമായിരുന്നു.
ഇത്രയുമായപ്പോഴാണ് ഞാൻ ഓർമിച്ചത് ഇതായിരുക്കുമോ ഉപനിഷത്തിൽ പറയുന്ന 'ഊർണനാഭി'? സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം അനേകകാലം നിലനിന്ന് ഒടുവിൽ അതിൽ തന്നെ വിലയം പ്രാപിക്കുന്നത് ചിലന്തി താൻ നെയ്ത വലക്കെട്ട് ഒടുവിൽ തന്നിലേക്ക് തന്നെ വലിച്ചെടുക്കുമ്പോലെയാണെന്നാണ് ഉപനിഷത്ത് പറയുന്നത്. കണ്ട കാഴ്ച അവിശ്വസനീയമായ ഒരു തിരിച്ചറിവായിരുന്നു.
വളരെക്കാലത്തിന് ശേഷം ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ കണ്ട കാഴ്ചയെക്കുറിച്ച് ശ്രീ ആഷാമേനോനുമായി പങ്കുവെച്ചിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ചു കൊല്ലം മുമ്പുണ്ടായ ഒരനുഭവത്തിൻ്റെ പകർച്ച അദ്ദേഹം അതേ അദ്‌ഭുതത്തോടെ ഏറ്റുവാങ്ങി. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിൽ കടപ്പാട് രേഖപ്പെടുത്തികൊണ്ട് ഈ അനുഭവത്തെ പുനരാവിഷ്ക്കരിക്കാൻ അനുവദിക്കണം എന്നും അഭ്യർഥിക്കുകയുണ്ടായി.
ആഷാ മേനോൻ്റെ 'ഭവസാഗരം' എന്ന കൃതിയുടെ ആമുഖം ഈ അനുഭവം കൊത്തിവെച്ചു, ഒരുപക്ഷെ ഇതിനേക്കാൾ കാവ്യാത്മകമായിത്തന്നെ.
Subscribe to:
Posts (Atom)