Saturday, May 4, 2024
Idam paramitham 2
അസാധാരണമായ ഭാവസൗന്ദര്യത്തോടെ മലയാള നോവൽ സാഹിത്യത്തിന്റെ നീലാകാശത്തേക്ക് ചിറക് വിടർത്തിയ 'ഇദം പാരമിതം' നോവൽ എന്ന സാഹിത്യരൂപത്തിന്റെ വ്യത്യസ്തമായ വശ്യമുഖമാണ്. ഒരു കവി എഴുതുന്ന ആഖ്യായിക എന്നൊരു സവിശേഷത ഈ കൃതിക്കുണ്ട്. ആദ്യന്തം കവിത നിറഞ്ഞൊഴുകിയ നോവൽ. വളരെ സാവധാനമാണ് ഞാനീ പുസ്തകം വായിച്ചത്. മൂന്നു മാസത്തിലേറെ സമയമെടുത്തു ഓരോ അധ്യായവും കടന്ന് അവസാനവരിയിലെത്താൻ. ഇതിനോടകം നോവൽ മൂന്നു പതിപ്പുകൾ പിന്നിട്ടിരുന്നു. നിരവധി ആസ്വാദനങ്ങളും പുരസ്കാരങ്ങളും കൃതിയെ തേടിയെത്തി. ഒരു കവി എഴുതിയ നോവൽ എന്ന സവിശേഷതയെക്കാൾ എന്നെ ആകർഷിച്ചത് അപാരമ്പര്യ ചേരുവകൾ കൊണ്ടാണ് അതെഴുതപ്പെട്ടത് എന്നതാണ്. സ്‌ഥലം കാലം ദേശം എന്നിങ്ങനെ പ്രത്യേകം അടയാളപ്പെടുത്തിയ ഒരു ലോകമോ കഥാപാത്രങ്ങളോ അവരുടെ പെരുമാറ്റമോ ഒന്നുമല്ല ആദ്യവായനയിൽ ഒപ്പമെത്തിയത്. ശരിയാണ്, തിരുനെല്ലിയും പക്ഷിപാതാളവുമാണ് തുടക്കത്തിൽ തിരിച്ചറിയുന്ന ഭൂമിക. വാക്കുകളുടെ മലർവാടിയിലൂടെ സസ്യശ്യാമളമായ വനാന്തരത്തിലേക്ക് ലെവിൻ എന്ന കേന്ദ്ര കഥാപാത്രം നമ്മെ കൊണ്ടുപോകുന്നു. അഥവാ അയാൾക്കൊപ്പം വായനയുടെ കണ്ണുകൾ സഞ്ചരിക്കുന്നു. ഫോട്ടോഗ്രഫിക് എന്നോ സിനിമാറ്റിക് എന്നോ പറയാവുന്ന ചലനവും വിന്യാസവുമാണ് കഥാകാരനായ വി ജി. തമ്പിയുടെ കരവിരുതിൽ വിരിയുന്നത്. തുടർന്നുള്ള അധ്യായങ്ങൾ ലെവിന്റെ അനന്തമായ യാത്രകളാണ്. അന്വേഷണങ്ങളാണ്. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്. ഭൂപ്രദേശങ്ങളുടെ അതിരുകൾ മായ്ച്ചു മായ്ച്ചു പോകുന്ന യാത്ര വേരുകൾ മുറിഞ്ഞുള്ള പ്രയാണവുമാണ്. എന്നാൽ പലായനമല്ല. ഇടത്താവളങ്ങളിൽ വിശ്രമിച്ചും അപൂർവവും അപരിചിതവുമായ ഇടത്തിലും സൗഹൃദങ്ങളിലും ശരീരവും മനസ്സുമർപ്പിച്ചുകൊണ്ടുള്ള ലെവിന്റെ യാത്ര ഒരർത്ഥത്തിൽ തീർത്ഥങ്ങൾ തേടിയുള്ള അലച്ചിൽ തന്നെയായിരുന്നു. ആശ്രമങ്ങളിലും സന്യാസി സാങ്കേതങ്ങളിലും സൂഫിമാർക്കൊപ്പവും അഘോരികൾക്കൊപ്പവും അയാൾ ജീവിച്ചു. ഓർമയുടെ സ്നാനത്തിൽ അമ്മയും സഹോദരിയും കാമുകിയും അനേകം സ്ത്രീ പുരുഷ സാന്നിധ്യങ്ങളും ലെവിന് കൂട്ടായുണ്ട്. ഏകാന്തമായ കുട്ടിക്കാലവും പാഠശാലകളിലെ കയ്പ്പും ചവർപ്പുമുള്ള ഓർമ്മകൾക്കൊപ്പം കലാലയ ജീവിതവും തുടർ ഗവേഷണങ്ങളും യാത്രകളും നേരത്തെ മുതൽ തന്നെ ലെവിൻ എന്ന മനുഷ്യനെ പരുവപ്പെടുത്തുന്നുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ആദിമ താരള്യമാണ് ലെവിന്റെ ദിശ നിർണയിക്കുന്നത്. എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ യാത്ര. രാജ്യാന്തരസീമകൾ താണ്ടി മതവും കലയും പിറന്നുവീണ കളിത്തൊട്ടിൽ തേടിയാണോ? ഗോത്ര ജീവിതത്തിന്റെ വൈവിധ്യമാർന്ന രുചികൾ തേടിയായായിരുന്നോ? പ്രണയത്തിന്റെയും കാമനയുടെയും ഭൗതികമായ സ്പർശമാണോ ലെവിൻ തേടിയത്? അവധൂതന്റെ പ്രയാണം? രഹസ്യമാരാഞ്ഞ ഉന്മാദിയുടെ നിരർത്ഥകതയാണോ അയാളെ വശീകരിച്ചത്? ആരാണ് അയാളുടെ വഴികാട്ടി? ഏതെങ്കിലും ഗുരു അഥവാ ഗ്രന്ഥം ആരാണ് ലെവിന് മാർഗദീപം തെളിച്ചത്?
പാരമിതത്തിൽ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. അഥവാ എവിടെയും എത്തിച്ചേരാനുള്ള യാത്രയല്ല ലെവിന്റേത്. ആ വഴികളിൽ ലെവിൻ എന്ന നിസ്സഹായൻ തനിയെ അലഞ്ഞു നടന്നു. നടത്തമെന്ന ധ്യാനമാണ് ലെവിന്റെ പ്രാപ്യസ്‌ഥാനം. പാരമിതത്തിലേക്കുള്ള പ്രവേശം.
Subscribe to:
Post Comments (Atom)
No comments:
Post a Comment