Sunday, May 5, 2024

idam paramitham 3

ലെവിൻ ഒരേസമയം ആൾക്കൂട്ടവും അതെ സമയം ഏകാകിയുമാണ്. സ്‌ഥലജല ഭ്രമങ്ങളാൽ ഉഴറി ചിന്തകളിൽ ജരാനര ബാധിച്ച ഒരുവൻ. മറ്റു ചിലപ്പോൾ പ്രണയത്തിന്റെ വീഞ്ഞ് നുകർന്ന് ഉന്മത്തനായ യുവാവ്. തെരുവുകളിൽ ഉറങ്ങിയും നഗരക്കാഴ്ചകളിൽ നിർമമനായി നടന്നും ഒരു ദാർശനികൻ അയാളിൽ കുടിപാർത്തു. ഉടലിന്റെ വേഴ്ചകളിൽ ലെവിൻ തറഞ്ഞു പോകുന്നില്ല. ഒരനുരാഗിയെപ്പോലെ ജീവിതത്തെ ആശ്ലേഷിച്ചു തന്റെ ഏകാന്തമായ യാത്ര തുടരുകയാണ് അയാൾ. ഇനിയും എഴുതപ്പെടാത്ത ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ഈ കഥാപാത്രം. അപാരതയിലേക്കുള്ള ഒരുവന്റെ പ്രയാണം ആത്മാന്വേഷണമാണ്. എന്നാൽ മുക്തിപഥമന്വേഷിച്ചുള്ള ഒരു പരിത്യാഗിയുടെ സഞ്ചാരമായിട്ടല്ല ഈ യാത്ര നമുക്ക് അനുഭവപ്പെടുക. സത്യകാമനായ ഒരുവൻ നടത്തുന്ന ആത്മാന്വേഷണവുമായി ലെവിന്റെ യാത്രകൾക്ക് സാധർമ്യമുണ്ടാകാം. എന്നാൽ തീർത്തും അങ്ങനെ പറയാനുമാവില്ല. ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥയെപ്പോലെ പൊരുൾ ആരാഞ്ഞുള്ള നടത്തവുമായോ ബിഭൂതി ഭൂഷന്റെ ആരണ്യക് നമ്മിൽ അവശേഷിപ്പിച്ച നിർലേപമായ മാനസികാവസ്‌ഥയുമായോ സാത്മീഭാവം വഹിക്കുന്നതായൊരു പൂർണാനുഭവം നമുക്കുണ്ടാകുന്നില്ല. വായനക്കാർ ഓരോരുത്തരും വ്യത്യസ്തമായാവാം ഈ യാത്ര അകമേ ഉൾക്കൊള്ളുന്നത്. തോറോയുടെ വാൾഡൻ തടാകം നൽകുന്ന പ്രശാന്തി ഹിമഭൂവിലെ സതോപന്തിലെത്തുന്ന ലെവിൻ അകമേ വഹിക്കുന്നതായും തോന്നിയില്ല. നദികളും തടാകങ്ങളും താഴ്വരകളും ഹിമശിഖരങ്ങളും ലെവിന്റെ യാത്രകളിൽ സ്വച്ഛന്ദമായി കടന്നുപോകുന്നുണ്ട്. അനശ്വരതയെ പുൽകാൻ അയാൾ വെമ്പുന്നുണ്ട്. അപാരതയെ സ്പർശിക്കാൻ വിതുമ്പുന്നുണ്ട്. എന്നാൽ ലെവിന്റെ ഉൾത്തടം ശൂന്യമായി കാണപ്പെട്ടു. ആ ശൂന്യതയാകട്ടെ അപൂർണതയുടെ മറ്റൊരു മുഖം മാത്രമായിരുന്നു എന്നുവേണം കരുതാൻ. ഉള്ളിന്റെയുള്ളിൽ അനുഭവപ്പെട്ട വേവലാതികൾ, വിഹ്വലതകൾ അയാളെ വിടാതെ പിന്തുടർന്ന സ്വന്തം ഭൂതകാലത്തിന്റെ പിൻവിളി ആയിരിക്കാം. സംഭവങ്ങളുടെ രേഖീയമായ ആവിഷ്കാരം ഈ നോവലിൽ നാം കാണുകയില്ല. ഏതെങ്കിലും ചരിത്ര മുഹൂർത്തങ്ങളിലൂടെയല്ല ഇതിവൃത്തം വികസിക്കുന്നത്. സാമൂഹിക ചലനങ്ങളോ പ്രകൃതി പ്രതിഭാസങ്ങളോ യുദ്ധം, കലാപം പ്രളയം, ഭൂകമ്പം, മഹാമാരി തുടങ്ങിയ ആക്‌സമിക വിപര്യയങ്ങളോ നോവലിന്റെ ക്യാൻവാസിൽ കടന്നുവരുന്നില്ല. എന്നാൽ ഇവയുടെയെല്ലാം ഒടുങ്ങാത്ത തിരമാലകൾ സഞ്ചാരിയായ ലെവിൻ അകമേ വഹിക്കുന്നുണ്ട് താനും. പലപ്പോഴും ഒരു പീഡിതന്റെ മനോവ്യഥയും ആധിയും ലെവിനെ ഒഴിയാബാധ യായി പിന്തുടരുന്നു എന്നൊരു തോന്നൽ എന്റെ വായനയെ എപ്പോഴോ ഗ്രസിച്ചുകഴിഞ്ഞിരുന്നു. വായനയുടെ പരിമിതിയാകാം. ലെവിൻ ഒന്നിലധികം ജീവിതങ്ങളുടെ ആൾരൂപമാണ് എന്ന് പാരമിതത്തിന്റെ ആമുഖമായി വി ജി തമ്പി പറയുന്നുണ്ടല്ലോ. നോവലിസ്റ്റിന്റെ ജീവിതയാത്രയും അദ്ദേഹം അനുഭവിക്കാനിടയായ ആകസ്മികതകളുടെ വൈചിത്ര്യവും മുഖ്യ കഥാപാത്രമായ ലെവിനെ രൂപപ്പെടുത്തുന്നതിൽ അബോധമായൊരു പങ്ക് വഹിച്ചിരിക്കാം. കഴിഞ്ഞുപോയ നീണ്ട മുപ്പതു വർഷങ്ങളുടെ സാധനയിൽ നിന്നാണ് പാരമിതം രൂപം കൊള്ളുന്നത്. പലപ്പോഴായി കുറിച്ച് വെച്ച കവിതകൾ, ലേഖനങ്ങൾ, ആധി നിറഞ്ഞ വിലാപങ്ങൾ, നിരന്തരമായ യാത്രകൾ, അധ്യാപനം, പ്രണയം, വിവാഹം, വിരഹം എന്നിങ്ങനെ നിറഞ്ഞും കവിഞ്ഞും കിടന്ന എത്രയോ അനുഭവങ്ങൾ. ക്ലാസ്സ്മുറികളിൽ ഉണർന്ന നിശിതമായ ചിന്തകൾ വിഫലമായ ഉദ്വേഗങ്ങൾ മരച്ചോടുകളിൽ വിടർന്ന സാഹിത്യവിചാരങ്ങൾ വിദ്യാർഥി കൂട്ടായ്മകൾ, ലിറ്റിൽ മാഗസിൻ പ്രവർത്തനങ്ങൾ. ഇടതുപക്ഷ സഹയാത്രികനായ കവി വിരിച്ചിട്ട ചുവന്ന സ്വപനങ്ങളുടെ നടപ്പാതകൾ, സമാനഹൃദയർക്കൊപ്പം കവിയരങ്ങുകൾ, ചൊൽക്കാഴ്ചകൾ വിപ്ലവചിന്തകൾ തീ പിടിപ്പിച്ച അനേകം ആത്മാക്കളുമായുള്ള സഹവാസം, ചലച്ചിത്രജീവിതം ഫിലിം ഫെസ്റ്റിവലുകൾ, സംഗീതലോകവുമായുള്ള പ്രണയം, ഭഗ്നാശരായ മിത്രങ്ങളുടെ അകാലത്തിലുള്ള വേർപാട്, ആത്മഹത്യകൾ, അവരിൽ ചിലരുടെ ജയിൽവാസം, ജനകീയ പ്രതിരോധ സംഘടനകളുടെ തളർച്ച , വിശ്വാസത്തകർച്ചകൾ കൂടുമാറ്റങ്ങൾ എൺപതുകൾ പെയ്തു തീരുകയായിരുന്നു. ഇത്രയേറെ വിദ്യാർഥികളെ ആകർഷിച്ച, അവരുടെ മനസ്സുകളിൽ ചേക്കേറിയ കാല്പനിക സ്വപ്‌നങ്ങൾ വിടർത്തിയ ഒരധ്യാപകന്റെ ഏറ്റുപറച്ചിൽ കൂടിയാവുന്നു ഇദം പാരമിതം. സമീപവർഷങ്ങളിൽ ഈ കവിയെ പ്രതിക്കൂട്ടിൽ വിസ്തരിച്ച മറ്റൊരെഴുത്തുകാരിയുടെ ഏറെ വായിക്കപ്പെട്ട കൃതിയെക്കൂടി സ്പർശിക്കാതെ ഈ അവലോകനം അവസാനിപ്പിക്കാൻ കഴിയില്ല. ആ കൃതി ഉയർത്തിയ സന്ദേഹങ്ങൾ അതിന്റെ ശരിതെറ്റുകൾ ഈ ഗ്രന്ഥസമീക്ഷയുടെ പരിധിയിൽ വരുന്നതല്ല എന്നറിയാം. എന്നാൽ അതിന്റെ പ്രകമ്പനങ്ങൾ പാരമിതത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ ലെവിന്റെ ഹൃദയത്തെ വല്ലാതെ മഥിക്കുന്നുണ്ടെന്നു തോന്നി. പലപ്പോഴും നിർമിതബുദ്ധികൊണ്ട് വാർന്നു പോയ വാക്കുകളുടെ ഉന്മാദനൃത്തമായി പോലും ഈ രചന എനിയ്ക്കനുഭവപ്പെട്ടു. ആത്മാരണ്യകത്തിൽ നിന്ന് യാത്ര പുറപ്പെട്ട് താഴ്വരയുടെ ഗന്ധങ്ങൾ ശ്വസിച്ചു നിഗൂഢ നഗരങ്ങളിൽ രാപാർത്ത് ഒഴിഞ്ഞ തോണിയിൽ ഏകാകിയായി നിലാവിന്റെ മന്ദസ്മിതത്തിൽ ഉറങ്ങിയും ഉണർന്നും അമാവാസികളും പൗർണമികളും പിന്നിട്ട് പുഴയാഴങ്ങളിൽ നിന്നും സാഗരോന്മുഖത്തു വന്നു നിൽക്കുന്ന ലെവിന്റെ ജീവിതം അപൂർണ്ണത ആവഹിക്കുന്ന ഒരു ആത്മായനമാണ്. മഹത്തായൊരു പ്രായശ്ചിത്തമായിട്ടാണ് ലെവിൻ എനിക്ക് അനുഭവപ്പെട്ടത്. അഥവാ വിശുദ്ധമായൊരു കുമ്പസാരം. മികവാർന്ന എല്ലാ രചനകളുടെയും ശിരോരേഖ ഈ പശ്ചാദ്ഗമനത്തിൽനിന്ന് ഉയിർക്കൊള്ളുന്നതാണ്.

No comments:

Post a Comment