Saturday, May 4, 2024

idam paramitham 1

ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമാണ് നമ്മെ തഴുകുന്നത് എന്നാണ് ആഷാ മേനോൻ സാക്ഷ്യപ്പെടുത്തുന്നത്. അപ്പുറമെന്തെന്നു ആരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. ഇതിലെ ഇടങ്ങൾ അനന്യമാണ്‌.സൂക്ഷ്മവും സ്നിഗ്ധവുമായ ആവിഷ്കാരങ്ങൾ. നോവൽ എന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്കു ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലിൽ നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുന്നു ഈ കൃതി എന്ന് ഫാദർ ബോബി ജോസ് കട്ടിക്കാട്. ഭാഷകളെയും സംസ്കാരത്തെയും കടന്നു വിശ്വബോധത്തെ അടയാളപ്പെടുത്തുന്ന രചന എന്നാണ് ഷൗക്കത്ത് രേഖപ്പെടുത്തിയത്. ആമുഖത്തിൽ വി ജി തമ്പി ഇങ്ങനെ അടയാളപ്പെടുത്തുന്നു. ശ്രീബുദ്ധൻ ശിഷ്യനായ സാരീപുത്രന് ഉപദേശിച്ച പ്രജ്ഞാപാരാമിതമെന്ന ഹൃദയസൂക്തമാണ് തന്റെ കൃതിയുടെ ശീര്ഷകത്തിനു പിന്നിൽ. പരിധികളെയും പരിമിതികളെയും മറികടന്നു പോകാനുള്ള സഹജപ്രേരണ ഏകാകിയായ ഓരോ സഞ്ചാരിയിലും ഉള്ളതാണ് .പ്രപഞ്ചവും ഊർജവും ദ്രവ്യ പരിണാമങ്ങളുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ മാത്രം. ഹിമാലയം മുതൽ പിരമിഡുകൾ വരെ ഓരോന്നും ദൃശ്യപ്രകൃതിയിലെ പാരമിത ചിഹ്നങ്ങളാണ്.ശരീരവും മനസ്സും ബോധവും കടന്നുപോകാനുള്ള അതിർത്തികൾ. കടന്നുപോകുന്നവരാകുക എന്ന സുവിശേഷവാക്യം പോലെ നിശബ്ദമായൊരു ഓർമപ്പെടുത്തൽ അതാണ് ഇദം പാരമിതം. ഒരു നദി അതിന്റെ പാരമിതം പൂകുന്നത് സമുദ്രത്തിലെത്തുമ്പോഴാണ്. പുഴയുടെ സത്ത പൂർണമായ വിലയനാം തേടുന്നത് കടലിലാണ്. ഇനിയും അപ്പുറങ്ങൾ ഉണ്ടെന്നു തിരിച്ചറിയുമ്പോഴും ധ്വനിമയമായ മാനാസാകാശം നിലച്ചുപോകുന്നില്ല എന്നൊരു നിരീക്ഷണം അവതാരികയിൽ ആഷാമേനോൻ നടത്തുന്നുണ്ട്. കവിയും അധ്യാപകനുമായ വി ജി തമ്പി ആദ്യകാലത്തെഴുതിയ (1990 ) നഗ്നൻ എന്ന സ്വന്തം കവിതയിൽ നിന്നാണ് പാരമിതത്തിലേക്കു ചിറകു നിർത്തിയത് എന്ന് ആമുഖമായി പറയുന്നുണ്ട്. ജീവിച്ച ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും തമ്മിലുള്ള ദൂരവും ദിശയുമാണ് ആ കവിത. നീ പണി തീരാത്ത യേശുവാണ് തുടങ്ങിയ വരികൾ വായനക്കാർ ഇന്നും ഓർക്കുന്നുണ്ടാവും. മുപ്പത്തിമൂന്നാം വയസ്സിൽത്തന്നെ എല്ലാം പൂർത്തിയായി എന്ന അന്ത്യമൊഴിയോടെ ജീവിതത്തിൽ നിന്ന് വിട വാങ്ങിയ സുഹൃത്തിനോടുള്ള കടം തീർക്കലാണ് തന്റെ കൃതിയുടെ ബീജാധാനത്തിനു നിമിത്തമായത്. കേന്ദ്ര കഥാപാത്രമായ ലെവിൻ പല അടരുകളുള്ള ഒരു സത്തയാണ് . ലെവിൻ എന്നാൽ സൗഹൃദം. എല്ലാ മുൻവിധികൾക്കുമപ്പുറം അകവും പുറവും തിങ്ങി നിൽക്കുന്ന ബോധപ്രപഞ്ചത്തോടുള്ള ഉദാരമായ പ്രാർഥനയാണ് ലെവിൻ. അതൊരു സഞ്ചാരഗതിയാണ്. അവൻ ജനിച്ചും മരിച്ചും പുനർജനിച്ചും എവിടെയും ഒടുങ്ങാതെ ഭൂമിയിലും അതീതത്തിലും അലകൾ തീർത്തുകൊണ്ടേ ഇരിക്കും. നോവൽ എഴുത്തിത്തീർന്നതിന്റെ പിറ്റേന്ന് നേരം പുലർന്നപ്പോൾ എഴുത്തുമുറിയിൽ പ്രത്യക്ഷപ്പെട്ട പ്രായം ചെന്ന ഒരു നായയെപ്പറ്റി പറഞ്ഞുകൊണ്ടാണ് വി ജി തമ്പിയുടെ ആമുഖ വരികൾ അവസാനിക്കുന്നത്. ഒരു പക്ഷെ മഹാഭാരതത്തിൽ മഹാപ്രസ്‌ഥാനയാത്രയിൽ സ്വര്ഗാരോഹിണി വരെ പാണ്ഡവർക്കൊപ്പം കൂട്ട് പോയ ആ സാരമേയമായിരിക്കാം പാരമിതത്തിന്റെ ചാരെ വന്നണഞ്ഞത്.

No comments:

Post a Comment