Monday, May 6, 2024

paramitham 4

ലെവിനൊപ്പം സഞ്ചരിക്കുന്ന അനേകം ചേതനകൾ ഈ യാത്രയിൽ നമുക്കൊപ്പമുണ്ട്. അമ്മ അനിയത്തി ഇവർക്ക് പുറമെ ഹേമന്ത് ,ലിയോ അച്ചൻ,ബാബാജി, അയൂബ് ,പപ്പാ ,ഒമർ ഫാറൂഖ് , ദലൈലാമ , ഗുരു നിത്യ ..തീർന്നില്ല. ലെവിൻ എന്ന അസ്തിത്വത്തിന്റെ അംശം തന്നെയായ സ്ത്രീത്വങ്ങൾ. സമരിയ, റൂത്ത്, റോസെറ്റ, മിത്ര, നക്ഷത്ര, അലീന ഫാത്തിമ, ജൂലിയ, ഹെഡാ വാക്കർ തുടങ്ങി അഗാധമായ പാരസ്പര്യത്തിന്റെ ഗതിവേഗങ്ങളായി. ഇദം പാരമിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം ഏതെന്നു ചോദിച്ചാൽ 'അമ്മ കനിവോടെ പ്രത്യക്ഷപ്പെടുന്ന ഭാഗമാണ്. കവിതകളെ സ്നേഹിച്ച ഏകാന്തത്തിൽ കവിതകൾ എഴുതിയ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിരുരൂപം. എല്ലാ ജോലികളും തീർത്ത് രാത്രി കുട്ടികൾ ഉറക്കമാകുമ്പോൾ മേശവിളക്കിനരികെ അമ്മയുടെ ടൈപ്പ് റൈറ്റർ ചലിച്ചുകൊണ്ടേ ഇരിക്കും. പകൽ ഒഴിവുവേളകളിൽ നീണ്ട വായനയിൽ മുഴുകും. ലെവിന്റെ എല്ലാ ദൗർബല്യങ്ങളും വേദനയും തിരിച്ചറിയുന്ന ഒരാൾ അമ്മയാണ്. ലെവിൻ അമ്മയുടെ കുഴിമാടത്തിനരികെ ചിലവഴിച്ച പ്രാർഥനയുടെ പകൽ പ്രകാശം നിറഞ്ഞ അധ്യായമാണ്. പാരമിതത്തെ സത്യാന്വേഷണത്തിന്റെ മറുകരയിലേക്കു കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അനേകം ഗുരുസ്പർശങ്ങളുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിൽ ലെവിൻ നടന്നെത്തുന്ന ഗുരു നിത്യയുടെ ഫേൺഹിൽ ഗുരുകുലമാണ് പാരമിതത്തിലെ പ്രകാശം പരത്തുന്ന മറ്റൊരു ഭാഗം. ഗുരുകാലം എന്ന് പേരിട്ട മൂന്നു നാലു ഖണ്ഡങ്ങൾ നിത്യചൈതന്യ യതിയുടെ മൗനവും മന്ദസ്മിതവുമാണ്. തേയിലത്തോട്ടങ്ങളുടെ മരതക സൗന്ദര്യവും പോക്കുവെയിൽ സ്വർണം പരന്ന താഴ്വരയും കണ്ണും പൂട്ടി ധ്യാനത്തിലമർന്ന അമ്മമരവും പ്രഭാതത്തിലെ അനക്ഷര സംഗീതവും നിത്യയുടെ ലളിതമായ ദിനചര്യയും പരസ്പരം പറയാതെ പകർന്ന മനുഷ്യത്വമുള്ള സൗഹൃദവും ലെവിനെ ആകർഷിച്ചു. അവിടെനിന്ന് ഒന്നും പഠിക്കുകയല്ല വിശ്രാന്തമായ നിമിഷങ്ങൾ ഒപ്പം കൂടുകയാണ് ചെയ്യുന്നത്. നിത്യയുടെ ഗുരുകുലത്തിൽ സന്ദർശകയായി എത്തിയ ഹെഡ്ഡ വാക്കർ എന്ന കവയിത്രിയും ലെവിനെ സ്നേഹത്തിന്റെ അക്ഷരമാല പഠിപ്പിക്കുന്നുണ്ട്. ഗുരുവുമായുള്ള ഹെഡ്ഡയുടെ ആത്മബന്ധം സുഗന്ധിയായ ഭാഷയിലാണ് ലെവിൻ രേഖപ്പെടുത്തുന്നത്. ഫേൺഹിൽ ഗുരുകുലത്തിൽ നിന്ന് രമണ മഹർഷിയിലേക്കും ജിദ്ദു കൃഷ്ണമൂർത്തിയിലേക്കും ഓഷോയുടെ പ്രണയത്തിലേക്കും ലെവിൻ യാത്ര പോകുന്നുണ്ട്. അവിടെ നിന്ന് പിന്നെയും ബാബാജിയുടെ അതീതകാലത്തിലേക്കും. സത്യത്തിൽ എവിടെ നിന്ന് എങ്ങോട്ടാണ് ലെവിൻ എന്ന മനുഷ്യന്റെ പ്രയാണം? ശരീരത്തിനും മനസ്സിനും ബോധതലത്തിനും അപ്പുറം? ഭാവത്തിന്റെ അഭാവത്തെയാണോ, അഭാവത്തിന്റെ ഭാവത്തെയാണോ അയാൾ തിരഞ്ഞു പോയത്. പ്രാഗഭാവം എന്ന് വേദാന്തികൾ പറയുന്ന അവസ്‌ഥയാണത്. സ്വന്തം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണോ ലെവിനെ കാറ്റിൽ പറക്കുന്ന കരിയില പോലെ കൊണ്ടുപോയത്. അയാളുടെ കൈത്തെറ്റുകളുടെ ഭൂതകാലമാണോ ഒളിഞ്ഞും തെളിഞ്ഞും അയാളിൽത്തന്നെ വന്നുപതിക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ ഒരു തുടർച്ചയാണോ ലെവിൻ ?അയാൾ താനറിയാതെ സ്വയം ഉറയൂരി പരിണമിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. അഥവാ ലെവിൻ തന്നെയായിരുന്നു ആ ചോദ്യങ്ങൾക്കുള്ള ഉത്തരം. അയാൾ എത്തിനിൽക്കുന്ന മമതയില്ലാത്ത പാരവശ്യങ്ങൾ അമർന്ന ശമാവസ്‌ഥ. സന്ദേഹങ്ങൾക്കും ആവേഗങ്ങൾക്കും വിട നൽകിയ ലെവിൻ ആനന്ദത്തിന്റെയും നിരാനന്ദത്തിന്റെയും അപ്പുറത്തുള്ള ശമം എന്തെന്ന് തിരിച്ചറിഞ്ഞിരിക്കാം .

No comments:

Post a Comment