Monday, October 24, 2011

Ajantha


യാത്രകളിലൂടെ നാം ജീവിതത്തെ വായിക്കുകയാണ് ചെയ്യുന്നത്.

മൂവന്തിയുടെ ഇരുണ്ട നിഴല്‍ ചേക്കേറിയ കുന്നിന്‍ചരുവില്‍ അമ്പിളിക്കല പോലെ കാണപ്പെട്ട അജന്താഗുഹകള്‍ ആദ്യമായി കാണുമ്പോള്‍ നമ്മില്‍ അദ്ഭുതം പെയ്തിറങ്ങും. അജന്തയിലേക്കുള്ള ആദ്യയാത്ര 1989 ലായിരുന്നു. പൂനയില്‍ നിന്നാണ് യാത്രയുടെ തുടക്കം. ഔറംഗാബാദില്‍ തങ്ങി, അവിടെനിന്നു മഹാരാഷ്ട്രയുടെ വിസ്തൃത സമതലങ്ങളിലൂടെ മണിക്കൂറുകള്‍ നീണ്ട യാത്ര. ഡെക്കാണിലെ കറുത്ത മണ്ണിലൂടെ സൂര്യകാന്തി പൂത്ത മഞ്ഞപ്പാടങ്ങളും, പരുത്തിയുടെ മേഘശകലങ്ങള്‍ വര്‍ഷിച്ച കൃഷിയിടങ്ങളും കടന്നു അജന്തയിലെത്തുമ്പോള്‍ മധ്യാഹ്നസൂര്യന്‍ അജന്തയുടെ കാട്ടരുവിയില്‍ ഉച്ചശോഭയോടെ പ്രതിഫലിച്ചു നിന്നു. കുന്നിന്‍ ചരിവിനു അരഞ്ഞാണംകെട്ടിയ വാഗോരയുടെ ജീവനധാരയില്‍ കാട്ടുകടന്നല്‍ക്കൂട് പോലെ കിടന്ന അജന്താഗുഹകള്‍ വിസ്മയത്തി ന്‍റെ താളിയോല സന്ദര്‍ശകര്‍ക്കായി തുറന്നുവെച്ചു. നിര്‍വാണത്തിനായി തപസ്സിരുന്ന ബുദ്ധഭിക്ഷുക്കളുടെ മൌനം അജന്തയുടെ തണുത്ത ഇടനാഴികളിലൊക്കെയും കൂടുവെച്ചു. ഒരു കാലത്ത് ശരണത്രയവും ശാന്തിമന്ത്രവും പ്രതിധ്വനിച്ച ഗുഹാഭിത്തികള്‍ നിശബ്ദ ശൂന്യതയുടെ വിജനദ്വീപു പോലെ അനാഥമായിനിന്നു. കാലം അസ്തമിച്ചുകിടന്ന അജന്തയുടെ ഗുഹകളിലൂടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ ഞാനെന്താണ് ഓര്‍മിച്ചത്‌?

എത്രയോ കലോപാസകര്‍ ഏറെനാള്‍ ഈ കാട്ടരുവിയുടെ തീരത്ത്‌ വീടുംകുടുംബവും ഉപേക്ഷിച്ചവരായി, സ്വയംമറന്നു ഇവിടെ
ജീവിച്ചു. അവര്‍ അടിമകളാവില്ല തീര്‍ച്ച. നിസ്വതയും നിര്‍ന്നിമേഷതയും അവരുടെ ഉള്ളകംനിറഞ്ഞ പ്രശാന്തിയും അജന്തയുടെ ചുമര്‍ചിത്രകലയിലും ശിലാമയവടിവുകളിലും നമ്മള്‍ കണ്ടെത്തും. കുന്നിന്‍ചരിവിലെ ചെമ്മണ്‍നിറത്തിലുള്ള പാറ തുരന്ന് നിര്‍മിച്ച ശില്പങ്ങളും ധ്യാനബുദ്ധന്മാരും സംഘ ധര്‍മ നിര്‍വാണകായങ്ങള്‍ മൌനമായി സംവദിക്കുന്നതായി അനുഭവപ്പെടും.
ഒരു മതസംഹിത പിന്തുടര്‍ന്ന അര്‍ഹതന്‍മാരും ഭിക്ഷുക്കളും വിജനമായ വനഭൂമിയില്‍ എത്രയോ കാലം അധ്യയനവും മനനനിദിധ്യാസങ്ങളുമായി കഴിഞ്ഞുകൂടി. ഈ തപസ്സില്‍ നിന്നാണ് ഭാരതീയചിത്രകല പുനര്‍ജനിച്ചത്. ഈ കാട്ടാറിന്‍റെ തെളിനീരില്‍ നിന്നാണ് ചുമര്‍ചിത്രകല പിറവിയെടുത്തത്.

കയ്യിലെ മണ്‍ചിരാതില്‍ കൊളുത്തിയ ദീപത്തിന്‍റെ മങ്ങിയവെട്ടത്തില്‍ ഞങ്ങളുടെ വഴികാട്ടി ഒരദ്ഭുതം കാണിച്ചുതന്നു. ബുദ്ധ ശിരസ്സിനു ചുറ്റുമായി ഒരര്‍ധവൃത്തം സൃഷ്ടിച്ചുകൊണ്ട് അയാള്‍ മെല്ലെ നടന്നുനീങ്ങി. ബുദ്ധവിഗ്രഹത്തിന്‍റെ പാതി കൂമ്പിയ കണ്ണുകളില്‍ ശ്രദ്ധിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ശരിയാണ്. ആ അര്‍ദ്ധവൃത്തം മനുഷ്യഭാവനയുടെ അനുപമസൌന്ദര്യ മായി ഇതള്‍വിടര്‍ത്തുന്നത് ഞങ്ങള്‍ അനുഭവിച്ചു. ധ്യാനലീനമായ ബോധിസത്വന്‍റെ മിഴികളില്‍ കരുണയും വേദനയും സഹനവും മന്ദസ്മിതവും അര്‍ദ്ധനിദ്രയുടെ പേരറിയാഭാവങ്ങളും മാറിമാറി വിരിയുന്നത് കണ്‍നിറയെ നോക്കി നിന്നുപോയി. കളിത്താമരപ്പൂവിലെ ശാന്തി ഉള്ളില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ ആര്‍.രാമചന്ദ്രന്‍റെ കവിത ഓര്‍ത്തെടുത്തു.


*************************************************


ഇന്ത്യന്‍ചിത്രകലയിലും സ്ഥാപത്യകലയിലും തല്‍പരരായ സഞ്ചാരികള്‍ അജന്തയിലേക്ക് നടത്തുന്ന തീര്‍ഥാടനം സഫലമാവുന്നത് വര്‍ണവ്യാഖ്യാനങ്ങളുടെ പുനര്‍ദര്‍ശനത്തിലാണ്. 2004 ല്‍ ഞങ്ങള്‍ വീണ്ടും അജന്തയും എല്ലോറയും സന്ദര്‍ശിച്ചു. അപ്പോഴേക്കും പുരാവസ്തു ഗവേഷണത്തിനായി അജന്താഗുഹകള്‍ ലോകപൈതൃക സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുഹകളിലത്രയും മങ്ങിയ വൈദ്യുതദീപങ്ങള്‍ കണ്‍തുറന്നിരുന്നു. സത്യത്തില്‍ എനിക്ക് വലിയ നിരാശയായി. ഇരുളിലമര്‍ന്ന അജന്താഗുഹകളിലൊന്നില്‍ തിളങ്ങുന്നൊരു മൂക്കുത്തി എന്‍റെ ഓര്‍മയില്‍ മുദ്രിതമായിരുന്നു.

പക്ഷെ രണ്ടാംവരവില്‍ എത്ര ശ്രമിച്ചിട്ടും അത് കണ്ടെത്താനായില്ല. നടനവടിവാര്‍ന്നൊരു നര്‍ത്തകിയുടെ ചുമര്‍ ചിത്രമായിരുന്നു എന്ന് മാത്രമേ ഓര്‍മയിലുള്ളൂ. യൂറോപ്പിലെ നവോത്ഥാന ചിത്രകലയുടെ ആരാധകര്‍, അജന്തയുടെ സൌന്ദര്യ ദര്‍ശനത്തിലൂടെ രേഖാവിന്യാസത്തിന്‍റെ അപൂര്‍വഭംഗി നുകര്‍ന്ന് ഭാരതീയചിത്രകലയില്‍ പുതിയ മാനങ്ങള്‍ തേടി.

ബംഗാള്‍ സ്കൂളിലെ നന്ദലാല്‍ ബോസ്, അബനീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ വിശ്രുതചിത്രകാരന്മാര്‍ അജന്തയുടെ നിലീന സൌന്ദര്യത്തിന്‍റെ ആരാധകരായി മാറി. അപൂര്‍ണമായ ഒരെണ്ണമുള്‍പ്പടെ 30 ഗുഹകളാണ് ഉള്ളതെങ്കിലും മികവാര്‍ന്നത്‌ എട്ടെണ്ണം മാത്രം. ചുമര്‍ചിത്രങ്ങളാല്‍ അലംകൃതമായ ആദ്യത്തെയും രണ്ടാമത്തെയും ഗുഹകള്‍ കഴിഞ്ഞാല്‍ പതിനാറാമത്തെയും തൊട്ടടുത്ത ഗുഹയുടെയും മുന്‍പില്‍മാത്രമാണ് ചിത്രകലാധ്യാപകരും സൌന്ദര്യാന്വേഷകരും സമയം ചിലവഴിച്ചത്. ഖനീഭവിച്ച അഗ്നിപര്‍വത ലാവയില്‍ രൂപമെടുത്ത അജന്താകുന്നുകള്‍ തുരന്നു മാറ്റിയാണ് ഓരോ ഗുഹയും പണിതീര്‍ത്തത്.പൂര്‍വനിശ്ചിതമായ ഒരു രൂപരേഖയില്‍ നിന്നാകണം ശില്‍പികള്‍ ഈ ബുദ്ധവിഹാരങ്ങളും സംഘാരാമങ്ങളും നിര്‍മ്മിച്ചത്‌. ബുദ്ധപദം പ്രാപിച്ച ഭിക്ഷുക്കളുടെ അവശിഷ്ടങ്ങള്‍ ഉറങ്ങുന്ന ഈ ചൈത്യങ്ങള്‍ ശില്പഭംഗിയാര്‍ന്ന അനേകം സ്തൂപങ്ങളാല്‍ അലംകൃതമായിരുന്നു.

ഈര്‍പ്പമുളള പ്രതലത്തില്‍ രേഖകള്‍ വിന്യസിക്കുന്ന പാശ്ചാത്യരീതിയിലുള്ള 'ഫ്രെസ്കോ' മാതൃകയില്‍ നിന്നു വിഭിന്നമാണ് അജന്താശൈലി. ഉണങ്ങിയ പ്രതലത്തില്‍ സ്വാഭാവിക നിറങ്ങളിലാണ് ചുമര്‍ചിത്രങ്ങള്‍ ലേഖനം ചെയ്തിട്ടുള്ളത്. കളിമണ്ണും മറ്റു ജൈവപദാര്‍ഥങ്ങളും ഉപയോഗിച്ച് പാറയുടെ പ്രതലം നേര്‍പ്പിച്ചെടുത്തായിരിക്കണം അവര്‍ രചന നിര്‍വഹിച്ചത്.
ജാതക കഥകളില്‍ വിവരിക്കുന്ന ശ്രീബുദ്ധന്‍റെ ദിവ്യചരിതങ്ങളാണ് അജന്തയിലെ ചുമര്‍ചിത്രങ്ങളുടെ പ്രധാന ഇതിവൃത്തം.

ഗുഹയുടെ മച്ചുകളില്‍, വിരിഞ്ഞ വര്‍ണപുഷ്പങ്ങളും ചുറ്റിപ്പിണഞ്ഞുകിടന്ന വള്ളിപ്പടര്‍പ്പുകളും ശലഭങ്ങളും പറവകളും തികഞ്ഞ സൌമ്യതയോടെ അലങ്കരിച്ചുനിന്നു. നീലവര്‍ണത്തിലുള്ള താമരപ്പൂക്കള്‍ അജന്താഗുഹകളുടെ ഇരുണ്ട സൌന്ദര്യത്തിനു മാറ്റുകൂട്ടിയിരുന്നു. ശാക്യമുനിയുടെ ജീവിതവും സന്ദേശവും സഞ്ചാരികളായ യുവഭിക്ഷുക്കളുടെ മനം കവര്‍ന്നു. വിണ്ണിലേക്ക് കുതിക്കുമ്പോഴും മണ്ണില്‍ കാലുറപ്പിക്കുന്ന പോര്‍ക്കുതിരയെ അനുസ്മരിപ്പിക്കുന്നതാണ് അജന്തയുടെ
കലാദര്‍ശനം എന്ന് വിശ്രുത കലാനിരൂപകനായ ശ്രീ.ആനന്ദകുമാരസ്വാമി നിരീക്ഷിച്ചിട്ടുണ്ട്. തൃഷ്ണാനിരാസം ശ്രീബുദ്ധന്‍റെ ജീവിത ദര്‍ശനത്തിന്‍റെ ആധാരശില ആണെങ്കിലും ജീവിതനിഷേധം എന്നത് ബുദ്ധമതം ഒരിക്കലും സ്വീകരിച്ചില്ല. അജന്തയിലെ ചുമര്‍ചിത്രങ്ങളില്‍ രാജാവും രാജ്ഞിയും പ്രഭുവും യോദ്ധാവും യാചകനും സംന്യാസിയും കഥാപാത്രങ്ങളായി വരുന്നുണ്ട്.
ഗ്രാമവും, നഗരവും കുടിലും കൊട്ടാരവും വിഹാരവും തെരുവും പശ്ചാത്തലത്തില്‍ ചിത്രണം ചെയ്തിട്ടുണ്ട്. സക്തിയും വിരക്തിയും ദുഖവും ആനന്ദവും നൈരാശ്യവും താപവും നിസ്സംഗതയും അവരുടെ മനോഭാവങ്ങളാണ്. മനുഷ്യസ്വഭാവത്തി ന്‍റെ അനന്തവൈചിത്ര്യം അജന്താചിത്രങ്ങളുടെ ചലനനിയമമാണെന്ന് കാണാന്‍കഴിയും. അവിടെ ഗന്ധര്‍വന്മാരും അപ്സരസ്സുകളും യക്ഷനുംകിന്നരനും കൈകോര്‍ത്തുനിന്നു. കലയിലെ യാഥതഥ്യത്തെ നിരാകരിക്കാതെ ശൈലീബദ്ധമായ ഒരു താളക്രമം അനുശീലിക്കാന്‍ അജന്താ കലാകാരന്മാര്‍ ശ്രമിച്ചിട്ടുണ്ടെന്ന് തീര്‍ച്ച. നിറങ്ങളില്‍ കാവിയും ചുവപ്പും മഞ്ഞയും ഇളംപച്ചയും മങ്ങിയനിലയില്‍ കാണപ്പെട്ടു. സഹസ്രാബ്ദങ്ങളെ അതിജീവിച്ചും മഷിനീലനിറം ഇന്നും പ്രശാന്തി ചൊരിഞ്ഞു നില്‍ക്കുന്നു.കവിതയെ തരംഗവും വര്‍ണവുമാക്കുന്ന യോഗാത്മകമായ കലാവിദ്യയുടെ പൂര്‍ണതയാണ് അജന്ത.


*************************************************


ജനപദത്താല്‍ തിരസ്കരിക്കപ്പെട്ട അജന്ത , പ്രാചീനകാലത്ത് ഭാരതത്തിന്‍റെ സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തുന്നതിനും വളരെ മുന്‍പ്തന്നെ ഏഴെട്ടു നൂറ്റാണ്ടുകളോളം മഹിതമായൊരു ചിന്തയുടെ സന്ദേശവുമായി അജന്ത നിലനിന്നു. ശാതവാഹകന്‍മാരുടെ ഭരണകാലത്ത് , ഗുപ്തസാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന ഉജ്ജയിനിയിലെക്കൊരു വാണിജ്യപാതയുണ്ടായിരുന്നു. എല്ലോറയും, അജന്തയും ,വാസ്തുകലയുടെ ഉദാത്ത മാതൃകയായിരുന്ന കണ്‍ഹേരിയും(മുംബൈ) കാര്‍ലയും ( നാസിക്) ഈ വാണിജ്യപാതയുടെ ഓരങ്ങളിലായിരുന്നു എന്നത് അജന്തയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിനു കാരണമായി. ഗുജറാത്തില്‍നിന്ന് ഉജ്ജയിനിയിലേക്കുള്ള വഴിയിലായിരുന്നു പ്രസിദ്ധമായ ബാഗ് ഗുഹാമന്ദിരങ്ങളും നിലനിന്നിരുന്നത്.ഉജ്ജയിനിയിലേക്കും അവിടെനിന്ന് ശ്രാവസ്തി വൈശാലി തുടങ്ങിയ പ്രാചീന നഗരികളിലേക്കും നിരന്തരം സഞ്ചരിച്ചിരുന്ന സാര്‍ഥവാഹകസംഘങ്ങള്‍ അജന്തയിലെത്തി വിശ്രമിച്ചു. ഗുപ്ത രാജാക്കന്‍മാരുടെയും ശാതവാഹകന്‍മാരുടെയും സ്വര്‍ണ, വെള്ളി നാണയങ്ങള്‍ അജന്തയിലെ ബുദ്ധ മന്ദിരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതായി രേഖകളുണ്ട്.

ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍സാങ്ഗ് ഏഴാം നൂറ്റാണ്ടിലാണ് അജന്തയിലെത്തുന്നത്. എട്ട്, ഒന്‍പത് നൂറ്റാണ്ടുകളിലും പുറംലോകത്തിന് അജന്തയെ അറിയാമായിരുന്നു. നളന്ദയും തക്ഷശിലയും പോലെ , അജന്തയും പ്രാചീനവിദ്യയുടെ സാത്വിക കേന്ദ്രമായിരുന്നു.നളന്ദ സര്‍വകലാശാലയിലെ ദിങ്ങ്നാഗന്‍ അജന്തയില്‍ ഏറെനാള്‍ താമസിച്ചിരുന്നതായി ഹ്യുയാന്‍ സാങ്ഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
അജന്താശൈലിയുടെ സ്വാധീനം അതിര്‍ത്തി കടന്ന് ശ്രീലങ്കയിലും, അഫ്ഘാനിസ്ഥാനിലും, ചൈനയിലുംചെന്നെത്തിയതായി പറയപ്പെടുന്നു.

അജന്തയിലെ ഗുഹാമന്ദിരങ്ങളെ 'ശൈല ഗൃഹങ്ങള്‍' എന്നാണു ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മഹായാന -വജ്രയാന തത്വങ്ങളില്‍ ദിവ്യബുദ്ധന്മാരും മാനുഷിക ബുദ്ധന്മാരും ഉണ്ട്. ഏഴാമത്തെ മാനുഷിക ബുദ്ധനാണത്രെ കപിലവസ്തുവിലെ ഗൌതമബുദ്ധന്‍. ഒരല്പം ചരിഞ്ഞുനില്‍ക്കുന്ന രൂപത്തിലാണ് അജന്തയിലെ ബോധിസത്വന്മാര്‍. സൌന്ദര്യത്തിന്‍റെ ഉദാത്തമാതൃകയായിട്ടാണ് ശ്രീബുദ്ധനെ സാത്മീകരിച്ചിരിക്കുന്നത്. അര്‍ദ്ധനിമീലിത നേത്രങ്ങളാല്‍ ഭൂമിയിലേക്ക്‌ കാരുണ്യത്തോടെ അനുഗ്രഹമുദ്ര ചൊരിയുന്ന ബോധിസത്വന്‍റെ വലംകൈയിലെ വിടര്‍ന്ന താമര ഒരു ധ്യാനം പോലെ ഓര്‍മയില്‍ വരുന്നു.

ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അജന്തയിലെ സ്തൂപങ്ങള്‍ ആരാധനയുടെ സമര്‍പ്പണങ്ങളായി നിലകൊള്ളുന്നു.ബുദ്ധ ശിരസ്സുകളും, പാദങ്ങളും, ധര്‍മചക്രവും ബോധിവൃക്ഷവും ധ്യാനമുദ്രകളും എല്ലാം അസാധാരണമായ സൂക്ഷ്മതയോടെയാണ് ശില്പികളുടെ വിരലുകളില്‍ വിടര്‍ന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും വെവ്വേറെ ദിശകളില്‍നിന്ന്‌ വീഴുന്ന പ്രഭാതരശ്മികളുടെ കിരണങ്ങളും സായന്തനത്തിന്‍റെ കരസ്പര്‍ശവും അജന്തയിലെ ബുദ്ധ വിഗ്രഹങ്ങളില്‍ ഇടംപാതിയിലും വലംപാതിയിലും വന്നുവീഴും. കരുണവും ആര്‍ദ്രവും ധ്യാനവും നിദ്രയും സ്മിതവും തപവും എല്ലാമെല്ലാം ആ ശിലാനയനങ്ങളില്‍ സാന്ദ്രമുറങ്ങി .

ഈ യാത്ര ഇവിടെ പൂര്‍ണമാകുന്നു. അജന്തയുടെ തണുപ്പാര്‍ന്ന കല്‍ത്തളിമത്തിലൂടെ നടന്നതും ബുദ്ധശിരസ്സുകള്‍ കണ്‍ പാര്‍ത്തതും, ധ്യാനമുദ്രയില്‍ സ്പര്‍ശിച്ചതും, അര്‍ദ്ധനിമീലിത നേത്രങ്ങളില്‍ നോക്കിനോക്കി നിന്നതും, തെല്ലിട ബുദ്ധ വിഗ്രഹത്തിന്‍റെ ചാരെ വിശ്രമിച്ചതും ഈ ചെറിയ ജീവിതത്തിന്‍റെ ഓര്‍മയില്‍ ഞാന്‍ കുറിച്ചുവെക്കുന്നു. നന്ദി.
സേതുമാധവന്‍ മച്ചാട് 

No comments:

Post a Comment