Saturday, October 22, 2011

mind scape 4

ആകാശം ശുദ്ധ നീലിമയാര്‍ന്നു. മഴയ്ക്ക് ശേഷം വന്നെത്തുന്ന നീലിമ. മാനം സ്ഫടികം പോലെ തിളങ്ങി നിന്നു.കുന്നിന്‍ ചെരുവില്‍ വെയില്‍ അലസം വീണു . ഭൂമി നിശ്ചലം .ഓരോ ഇലയിലും സൂര്യവെളിച്ചം മുത്ത്‌ പതിച്ചിരുന്നു. മണ്ണിന്റെ വാത്സല്യം നമ്മുടെ തൊട്ടരികെ .തെളിനീര്‍ക്കുടവുമായി വിളിപ്പാടകലെ എന്‍റെ നിളാനദി.അതിന്‍റെ ഇരുകരകളിലും ജീവിതം തുടിച്ചു നിന്നു. പച്ച വയലുകള്‍ ,വനമരങ്ങള്‍, നീരരുവികള്‍ ,ഏകാന്ത ഭവനങ്ങള്‍, മരണം,സ്നേഹം,തകര്‍ച്ചകള്‍ ,വളരെപ്പേര്‍ ഉപയോഗിച്ച കടവുകള്‍,പാലങ്ങള്‍, എന്‍റെ കുട്ടിക്കാലത്തിന്റെ മന്ദസ്മിതം പോലെ ഭാരതപ്പുഴ. ചെറു നദികളുടെ അമ്മ. അവള്‍ വേനലില്‍ വറ്റി വരണ്ടും വര്‍ഷത്തില്‍ തടം നിറഞ്ഞും ഒഴുകി .സായന്തനങ്ങളില്‍ നിറങ്ങള്‍ ഘനീഭവിച്ച മേഘങ്ങളും സ്വര്‍ണഭമായ ജലപ്പരപ്പും നിളാനദിയുടെ കാഴ്ചയെ ഏകാന്ത ഭംഗി നിറഞ്ഞ ചിത്രമാക്കി. തുടക്കവും അവസാനവുമില്ലാത്ത ഒരോര്‍മയുടെ മായാത്ത ചിത്രപടം.




- s e t h u m a d ha v a n  m a c h a d 

No comments:

Post a Comment