ഞാറ്റുവേല
ഓര്‍മയുടെ കല്‍പ്പടവിറങ്ങുമ്പോള്‍ കുട്ടിക്കാലം. അക്കുത്തിക്കുത്താനവരമ്പിലൂടെ നമുക്ക് കൈകോര്‍ ത്തു നടക്കാം. നന്നായി ഉഴുതുനിരത്തി ഓരായംചേര്‍ന്ന പാടത്ത് പൊടിവിതയില്‍ കുനുത്ത നെന്മുളയുടെ പച്ചയില്‍ മഞ്ഞിന്റെ തൂവാല. ചെളി പൊതിഞ്ഞ വയലിറമ്പില്‍ തവളപ്പൊട്ടിലും പുല്‍ച്ചാടിയും കൂത്താടി. ചിത്രവടിവിലൊരു നീര്‍ക്കോലി അറ്റക്കഴായ ചാടി മാഞ്ഞുപോയി. . കണ്ണെത്താ ദൂരം നിവര്‍ന്നുകിടന്ന പാടശേഖരവും കഴിഞ്ഞ് ഉരുസക്കുത്തായ നാട്ടുപാതയിലേക്ക് നടന്നുകേറി. അവിടെ തൊടിയില്‍ കിണറിനു സ്ഥാനംനോക്കുന്ന തിരക്കാണ്. പരിചയസമ്പന്നനായ കര്‍ഷകന്‍ ഓര്‍മയില്‍നിന്ന് പെറുക്കിയെടുത്ത ഒരു ശ്ലോകം ചൊല്ലി നിമിത്തങ്ങളുടെ ആകാരവടിവ് നോക്കിനിന്നു. പുല്ലും ചീരയും വാഴയും തഴച്ചുവളര്‍ന്നിടം നോക്കി ആശാരി കുറ്റിതറക്കും. മണ്ണിന്നടിയില്‍ ജലപാതകള്‍ ഉള്ളിടം അവര്‍ക്കറിയാം. അണുവിട പിഴക്കില്ല. അമരകോശത്തിലെ ജലപര്യായങ്ങള്‍ അറിഞ്ഞവരല്ല നമ്മുടെ പൂര്‍വികര്‍. പക്ഷെ നീരറിവും കാറ്ററിവും കണ്ടറിവും കേട്ടറിവും അവരോളം മറ്റാര്‍ക്കുണ്ട്? മനുഷ്യരില്‍ നാഡീവ്യൂഹമെന്നപോലെ ഭൂമിയുടെ അന്തര്‍ധാരകള്‍ കൊണ്ടുവരുന്ന ജലസാന്നിധ്യം നോട്ടം കൊണ്ടുംചലനം കൊണ്ടും നമ്മുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞു നാട്ടാശാരിമാര്‍ വംശീയജ്ഞാനമായി 'കൂപശാസ്ത്രം' വളര്‍ത്തിയെടുത്തു.
കടമ്പുമരം കാണപ്പെടുന്ന ദിക്കില്‍നിന്ന് പടിഞ്ഞാറ് വശം മൂന്നുകോല്‍ മാറി ഒന്നര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ തെളിനീര് കാണുമെന്ന നാട്ടറിവ് എത്ര മഹത്താണ്.ഞാവല്‍മര മുള്ളിടത്ത് മൂന്നുകോല്‍ വടക്ക് രണ്ടാള്‍ ആഴത്തില്‍ നീരുറവു കാണുമെന്നും നീര്‍മരുതിന്റെ വടക്കു വശം അല്പംമാറി മൂന്നാള്‍ ആഴംകണ്ടാല്‍ ജലസ്പര്‍ശമുണ്ടെന്നും അവര്‍ കണക്കുകൂട്ടി. മരമഞ്ഞളും നീര്‍മാതളവും
നെന്മേനിവാകയും കണ്ടിടത്ത് ജലസാമീപ്യ മുണ്ടെന്ന കാഴ്ച നാട്ടറിവിന്റെ തെറ്റാത്ത സംഹിതയാണ്. ആകാശത്തുനിന്ന് മഴയായി ഭൂമിയില്‍ പതിക്കുന്നത് ഒരേ രസവും നിറവുമുള്ള ജലമാണ്. എന്നാല്‍ ഭൂമിയില്‍ അത് നാനാനിറങ്ങളുള്ള രസായനമായി മാറുന്നത് മണ്ണിന്റെ വകഭേദമാ ണത്രെ.
പര്‍വതങ്ങള്‍ അഞ്ജനനിറമാവുകയും ഗുഹകള്‍ മഞ്ഞിന്റെ നീഹാരികയാല്‍ ആവരണം ചെയ്യപ്പെടുമ്പോഴും മാനത്തെ ചന്ദ്രക്കല നിറം പകരുമ്പോഴും മഴയുടെ വരവായി എന്ന അറിവ് പാരമ്പര്യജ്ഞാനം പകര്‍ന്നുതരുന്നു. ഗ്രാമീണരുടെ നാട്ടറിവില്‍ നിന്നാവാം, രാത്രിയില്‍ പ്രതിചന്ദ്രനെ
കാണുന്നതും ചിലജാതി ജീവികള്‍ വൃക്ഷകവരങ്ങളില്‍ കയറി ആകാശത്തേക്ക് നോക്കുന്നതും ഉറുമ്പുകള്‍ തിടുക്കത്തില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മുട്ടകള്‍ കൊണ്ടുപോകുന്നതും മറ്റും മഴയുടെ സാധ്യതയായി കാണുന്ന പതിവ് സാമാന്യലോകത്തിനു ലഭിച്ചത്.
അങ്ങനെയുള്ള നീരറിവുമൊഴികളില്‍ നിന്നാണ് നമ്മുടെ പഴംചൊല്ലുകളില്‍ പലതുമുണ്ടായത്.
'കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ് ', 'മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല' , 'മഴ നിന്നാലും മരം പെയ്യും' തുടങ്ങിയ ചൊല്ലുകള്‍ നമുക്ക് മുമ്പേ നടന്നു പോയവരുടെ കാലാവസ്ഥാ വിജ്ഞാനീയമാണ്.
തൊടിയില്‍ വീണുകിടന്ന വെയിലിന്റെ തുണ്ടുകള്‍ക്കെന്തു ഭംഗി. ഇലപ്പച്ചകളില്‍ ഊര്‍ന്നിറങ്ങിയ സൂര്യ കിരണങ്ങള്‍ വെയിലിന്റെ മണം തന്നു. മഞ്ഞപ്പതിറ്റടി നേരം പൂക്കളുടെ നിറമായും മൂവന്തികള്‍ തുളസിത്തഴപ്പിന്റെ നിറമാലയായും നിലാവിന്റെ നുറുങ്ങുകള്‍ ഓര്‍മയുടെ ഊഞ്ഞാലാതിരയായും മെല്ലെമെല്ലെ പെയ്തിറങ്ങി. കല്‍പ്പടവ് കേറി നാം രാപ്പാര്‍ക്കുന്ന നിലാമുറ്റത്തേക്ക് തരികെവരാം.
( ഞാറ്റുവേല പെയ്തുതീരുന്നില്ല)
-s e t h u m a d h a v a n m a c h a d
No comments:
Post a Comment