Tuesday, October 25, 2011

Anand


തുലാമഴ കോരിപ്പെയ്ത പകല്‍. ഞാന്‍ 'ഗോവര്‍ധന്‍റെ യാത്ര'കളിലായിരുന്നു. ആനന്ദിന്‍റെ 'ആള്‍ക്കൂട്ടം' കോളേജ് ജീവിതകാലം തൊട്ടേ എന്നെ വല്ലാതെ സ്പര്‍ശിച്ച കൃതിയാണ്. 'വ്യാസനും വിഘ്നേശ്വരനും' ആനന്ദിന്‍റെ ഏറ്റവും മികച്ച രചനയാണ്. ഇന്ന് പകല്‍ ഞാന്‍ 'ഗോവര്‍ധന്‍റെ ' കൂടെയായിരുന്നു. ആനന്ദിന്‍റെ രചനാ ജീവിതത്തിലെ രണ്ടാം ഘട്ടമാണ് ഈ കൃതി. ആള്‍ക്കൂട്ടം മുതല്‍ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' വരെയുള്ള ആദ്യഘട്ടത്തില്‍ മനുഷ്യാവസ്ഥ യെക്കുറിച്ചുള്ള വിഷമ സമസ്യകളാണ്  ആനന്ദ് അവതരിപ്പിച്ചത്. ആഖ്യാനകലയിലെ വ്യതിരിക്തത കൊണ്ടു തന്നെ തികച്ചും ഉത്തരാധുനികമായ  ഒരു ഭാവനയാണ് ഗോവര്‍ധന്‍റെ  യാത്രകള്‍ പ്രകാശിപ്പിക്കുന്നത്. ആഖ്യാനത്തിന്‍റെ പാരമ്പര്യത്തെ നിരാകരിക്കുന്ന നിരവധി ചോദ്യങ്ങളുമായി ഈ എഴുത്തുകാരന്‍ മനുഷ്യനിലേക്ക് നടന്നു ചെല്ലുകയാണ്. മനുഷ്യനും അധികാരവും തമ്മിലുള്ള ബന്ധത്തെ വിവിധ വീക്ഷണകോണുകളിലൂടെ അടുത്തറിയാനുള്ള ശ്രമം. അധികാരം മനുഷ്യനെ പീഡിപ്പിക്കുന്നതിന്‍റെ കഥയാണ്‌ ചരിത്രം എന്ന അടിസ്ഥാന വീക്ഷണമാണ് ഈ കൃതിക്കുള്ളത്. "നീതിയുടെ ബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിനു കാലം തീര്‍ച്ചയായും നഷ്ടപ്പെടും " എന്ന് നോവലിന്‍റെ തുടക്കത്തില്‍ ആനന്ദ് എഴുതി. നീതിയെ ചൊല്ലിയുള്ള അന്വേഷണം ചരിത്രത്തിന്‍റെ ഉരകല്ലില്‍ തൊട്ടു പരിശോധിക്കുകയാണ്.

ഹിന്ദി നാടകകൃത്തായ ഭാരതേന്ദു ഹരിശ്ചന്ദ്ര ഒന്നര നൂറ്റാണ്ടു മുന്‍പെഴുതിയ " അന്ധേര്‍ നഗരി ചൌപട്ട് രാജ" എന്ന പ്രഹസനത്തിലെ കഥാപാത്രമായ ഗോവര്‍ധനെ ആ കൃതിയില്‍ നിന്ന് തന്‍റെ നോവലിന്‍റെ ആഖ്യാന മണ്ഡലത്തിലേക്ക് പുന:സ്ഥാപിക്കുകയാണ്. പഴയ നാടകത്തിന്റെ സ്ഥല രാശിയില്‍നിന്നു ചരിത്രം തളംകെട്ടിനിന്ന മറ്റൊരു നിശ്ചിത കാലത്തിലേക്ക് ആനന്ദ് പുനരെഴുത്ത്‌ നിര്‍വഹിക്കുകയാണ്‌. പുരാണത്തിലും ചരിത്രത്തിലും സാഹിത്യതിലുമൊക്കെ യുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ഈ യാത്രയില്‍ ഗോവര്‍ധനോടൊപ്പം അണിചേരുന്നു. പുനര്‍വായനയിലൂടെ നോവല്‍ ബഹുസ്വരമായ ഒരാഖ്യാനത്തിന്‍റെ അനുഭവസംഹിതയാക്കി മാറ്റുകയാണ്. നചികേതസ്സും ശങ്കരാചാര്യരും, ശ്രീബുദ്ധനും കാളിദാസനും ,ഗലീലിയോയും ഇബ്നു ബത്തൂത്തയും,ത്യാഗരാജനും മിര്‍സാ ഗാലിബും ഒരു കൊളാഷിലെന്നപോലെ നോവലിന്‍റെ ചിത്ര പടത്തില്‍ വന്നണിനിരക്കുന്നു. ചരിത്രസംഭവങ്ങളുടെ അനുക്രമമായ തുടര്‍ച്ച ഉള്‍ക്കൊള്ളുന്ന ഒരു കാലസങ്കല്‍പം ഈ കൃതിയില്‍ കാണുകയില്ല. അനുസ്യൂതിയായ കാലപ്രവാഹം എന്ന സങ്കല്‍പ്പമല്ല, നിശ്ചലവും അനിശ്ചിതവുമായ സമയകാലമെന്ന സമസ്യയിലൂടെ ആഖ്യാനകലയില്‍ ഉത്തരാധുനികമായ ഒരു പരീക്ഷണം നടത്തുകയാണ് ഈ കൃതി.

അറിവും അധികാരവും ചേര്‍ന്ന ഒരു ജീവിതമണ്ഡലത്തില്‍ 'ഇര'യായിത്തീരുന്ന മനുഷ്യനെപ്പറ്റിയുള്ള ദുരന്ത ദര്‍ശനത്തിലാണ് 'ഗോവര്‍ധന്‍റെ യാത്രകള്‍' അവസാനിക്കുന്നത്. സമകാലികരായ മറ്റു എഴുത്തുകാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആനന്ദിന്‍റെ കൃതികളിലെ ഭൂമിശാസ്ത്രം. നഗരം, മരുഭൂമി, സമതലം ,പുറമ്പോക്ക്  എന്നിങ്ങനെയാണ് ആനന്ദിന്‍റെ പ്രകൃതി.( സ്ഥലം)  അധികാരത്തിന്‍റെ നുകക്കീഴിലെ വേരില്ലാത്ത വെറും മനുഷ്യരുടെ സ്ഥല രൂപകങ്ങളാണ് ആനന്ദിന്‍റെ കൃതിയിലെ 'കാല' ത്തെ രൂപപ്പെടുത്തുന്നത്. 

No comments:

Post a Comment