Wednesday, October 26, 2011

Njeralathu Harigovindan

ഞാന്‍ ഹരിഗോവിന്ദനെ കാണുന്നത് രണ്ടു വ്യാഴവട്ടം മുമ്പാണ്. ഞെരളത്തിന്‍റെ നിഴല്‍പറ്റി നടന്ന കൊച്ചുകുട്ടി. അന്നേ ഹരി നന്നായി പാടും. അച്ഛന്‍റെകൂടെ കൊട്ടിപ്പാടി ക്രമേണ
ശ്രുതിശുദ്ധി കൈവന്നു. തിരുമാന്ധാംകുന്നിലെ വീട്ടില്‍ ഞെരളത്തിനെ ദൂരദര്‍ശനുവേണ്ടി ഡോകുമെന്‍റ് ചെയ്യാനെത്തിയതായിരുന്നു ഞങ്ങള്‍. അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിന്‍റെ
എല്ലാ കോണുകളിലേക്കും ക്യാമറയോടൊപ്പം രാമപ്പൊതുവാളും ഹരിഗോവിന്ദനും ഞങ്ങള്‍ക്കൊപ്പം വന്നു, എല്ലാം മറന്നു പാടി...സോപാനസംഗീതത്തിനു ഒരു തിരുമാന്ധാം കുന്ന് ശൈലി പകരാന്‍ ഞെരളത്തിന് കഴിഞ്ഞു. അത് തിരുവേഗപ്പുറ രാമ മാരാരില്‍ നിന്നും ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയില്‍ നിന്നും അല്പം വ്യത്യസ്തമായി അനുഭവപ്പെട്ടു. ഗീതഗോവിന്ദത്തിന്‍റെ ലാസ്യമല്ല കേരളീയസംഗീതത്തിനു സ്വായത്തമായിരുന്ന താളാത്മകശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്‌. അതില്‍ത്തന്നെ ഞെരളത്തിന് സ്വത സിദ്ധമായൊരു താണ്ഡവശീലുണ്ടായിരുന്നു. അത് കേരളസംഗീതത്തിന്‍റെ ദ്രാവിഡമായ തനിമ നിലനിര്‍ത്തി. ശ്വാസഗതിയെ നിയന്ത്രിച്ചുകൊണ്ട് കടുംതാളത്തിലേക്ക് ആരോഹണം
ചെയ്ത ഞെരളത്തിന്‍റെ ആലാപനം സമാനതകളില്ലാത്ത അവതരണത്തിന്‍റെ ദാര്‍ഡ്യം ഉള്‍ക്കൊണ്ടു. ജീവിതത്തിന്‍റെ യാതനാപര്‍വ്വം അദ്ദേഹത്തെ ശ്വാസംമുട്ടിച്ചപ്പോഴും സോപാനത്തിനരികെ എല്ലാം മറന്നുപാടി. ഞെരളത്തിന്‍റെ അഷ്ടപദി തിരുമാന്ധാംകുന്നിന്‍റെ ഇടവഴികളിലും ക്ഷേത്രത്തിന്‍റെ സോപാനക്കെട്ടുകളിലും അരയാലിലയിലും തവ വിരഹേ വനമാലീയെന്നു അലിഞ്ഞുതീരുമ്പോള്‍ തീര്‍ഥജലം മാത്രം നുകര്‍ന്ന് വിശപ്പടങ്ങാത്ത സഹചാരിയായി എന്നും അച്ഛനോടൊപ്പം ഹരിഗോവിന്ദനുമുണ്ടായിരുന്നു. ഏഴരവെളുപ്പിന്‍റെ ശ്രീരാഗവും പന്തീരടിയുടെ മധ്യമാവതിയും സായംസന്ധ്യയുടെ പൂര്‍വികല്യാണിയും രാവിന്‍റെ ആഹരിയും ശ്രുതിചേര്‍ത്ത ഞെരളത്തിന്‍റെ ജീവിതകാണ്ഡം ഹരിഗോവിന്ദനോളം അറിഞ്ഞവരില്ല. സോപാനത്തിന്‍റെ ഇന്ദിശയും പുറനീരയും ഹരി തിരിച്ചറിഞ്ഞു. ദുഃഖഘണ്ടാരവും മലയമാരുതവും ജീവിതത്തിനു ശ്രുതിചേര്‍ത്ത് അച്ഛന്‍റെ
ഉന്മാദിയായ സംഗീതകലയെ ഹരിഗോവിന്ദന്‍ കാത്തുപോന്നു. മഹാഗായകനായ യേശുദാസും കഥകളിസംഗീതത്തിലെ വേറിട്ട സൌന്ദര്യമായ ഹൈദരാലിയും നേരിട്ടതിനേക്കാള്‍ വേദന ഹരിഗോവിന്ദന് അനുഭവിക്കേണ്ടിവന്നു. സോപാനത്തിന്‍റെ നാദം തുടിച്ച ഇടക്കയും കോലും തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയില്‍ കാണിക്കയായി സമര്‍പ്പിക്കാന്‍ പോലും ഒരുവേള, ചിന്തിച്ചതാണ്. എന്നിട്ടും, ഞെരളത്തിന്‍റെ വഴി ഹരിഗോവിന്ദന്‍ വിട്ടുകളഞ്ഞില്ല. ആ സുകൃതം ഇന്നും മലയാളത്തിന്‍റെ ഹരിശ്രീയായി നമ്മോടൊപ്പം ..

ഹരിയുടെ ലളിതസുന്ദരമായ കുടുംബചിത്രം കണ്ടപ്പോള്‍ ഇത്രയും എഴുതണമെന്നു തോന്നി. കേരളവും മലയാളവും കൈവിട്ട ഗ്രാമവിശുദ്ധിയും നന്മയും ആ കുടുംബത്തിനും സോപാനസംഗീതത്തിന്‍റെ ശീലിനും ബാക്കിനില്‍ക്കുന്നു എന്നറിയുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷാശ്രു പൊഴിയുന്നു. ഹരിഗോവിന്ദന്‍റെ സംഗീതകലക്ക് നിറവേകാന്‍
മലയാളനാടിനു കഴിയുമെന്ന പ്രത്യാശയും സ്വപ്നവും ഇവിടെ പങ്കിടട്ടെ.

s e t h u m a d h a v a n  ma c h a d


No comments:

Post a Comment