Monday, October 24, 2011

Film Festival

ദേശത്തിന്‍റെയുംഭാഷകളുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന സിനിമ, മൌലികമായും മനുഷ്യവികാരങ്ങളുടെ ആവിഷ്കാരമാണ്. അതിര്‍ത്തികളുടെ ആജ്നാപരതക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരുന്ന മനുഷ്യന്‍റെ നിസ്സഹായതയെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് "Northless ". സ്പയിന്‍ സംവിധായകന്‍ പെരെസ്കാനോ , കുടിയേറ്റക്കാരുടെ നിയമങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള ശ്രമം നടത്തുന്നു ഈ ചിത്രത്തിലുടെ.നിശബ്ദ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഒരു ആര്‍ദ്രനദി ഈ സിനിമയുടെ ആഴത്തിലുടെ ഹൃദയങ്ങളെ ഭേദിച്ച് ഒഴുകിപ്പോവുന്നത് നാം കാണുന്നു.

ജാപനീസ് ചിത്രങ്ങളുടെ മനോഹരമായൊരു പാക്കേജ് ഇക്കുറി നമ്മുടെ മുന്‍പിലുണ്ട്. ജപ്പാന്‍ ഒരു പ്രതീകമാണ്‌. അകിരോകുറസോവയടെ ചിത്രങ്ങളിലുടെ നാം അടുത്തറിഞ്ഞ ജപ്പാന്‍ മനോഹരമായൊരു പ്രതീകം. കെഞ്ചി മിസോഗോച്ചി സംവിധാനം ചെയ്ത ' ദി സ്റ്റോറി ഓഫ് ദി ലാസ്റ്റ് ക്രിസാന്തിമം ' യുദ്ധ പൂര്‍വ ജപ്പാനിലെ മികവുറ്റ ചിത്രമാണ്. ദൈസസുകോഇട്ടോയുടെ ' ഓഷോ' ചതുരംഗ കളിക്കാരനായ മുഖ്യകഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ പകര്‍ത്തുന്നു. മേളയുടെ മൂന്നാം ദിവസമായ ഇന്ന് തിയറ്ററുകള്‍ തിങ്ങി നിറഞ്ഞു. ഒഴിവു ദിവസത്തിന്‍റെ ആലസ്യത്തിലും ചലച്ചിത്ര മേളയെ ഗൌരവമായി കാണുന്ന ഒരു പക്വസംസ്കാരം കേരളത്തിലെ പ്രേക്ഷകര്‍ക്ക്‌ സ്വന്തം. വിദേശ ഡെലിഗേറ്റുകള്‍ക്ക് കേരളത്തിലെ പ്രേക്ഷകരെപ്പറ്റി വലിയ മതിപ്പാണെന്നത് അഭിമാനാര്‍ഹം തന്നെ.

.
ഈ ചലച്ചിത്രോത്സവത്തിന്‍റെ ആകര്‍ഷണ ങ്ങളില്‍ ഒന്ന് ഫ്ലെമിങ്ഗോ നൃത്തചിത്രങ്ങള്‍. സ്പെയിനില്‍ ജീവിക്കുന്ന ഒരാളില്‍ ഗിത്താറും അരക്കെട്ടുലച്ചുള്ള നൃത്തങ്ങളും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്ന പാട്ടിന്‍റെയും ആട്...ടത്തിന്‍റെയും ചരിത്രമാണ് ഫ്ലെമിങ്ഗോകളുടെത്. പലായനങ്ങളുടെയും യാത്രകളുടെയും ദൂരങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ഫ്ലെമിങ്ഗോ സംഗീതവും നൃത്തവും. സൌറയുടെ Blood Wedding ,

കാര്‍മെന്‍ , ലവ് ദി മജീഷ്യന്‍ , ഫ്ലെമിങ്ഗോ ഫ്ലെമിങ്ഗോ , ലോല ദി ഫിലിം എന്നെ ചിത്രങ്ങളെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മലയാള സിനിമ വിഭാഗത്തില്‍ ശ്യാമപ്രസാദിന്‍റെ ' electra ' ഗ്രീക്ക് പുരാണത്തിന്‍റെയും ഫ്രോയ്ഡ് മനശാസ്ത്രത്തിന്‍റെയും വെളിച്ചത്തില്‍ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നു. പ്രേംലാലിന്‍റെ " ആത്മകഥയില്‍" അന്ധനായ ഒരു യുവാവിന്‍റെ ദുരിതവും , അയാളില്‍ ഉരുത്തിരിയുന്ന പ്രത്യാശയും സാക്ഷാത്കരിക്കുന്നു.

തെരുവുകളിലെ അരക്ഷിതമായ ജീവിതത്തില്‍നിന്നും കണ്ടെടുക്കുന്ന ഒരു അനാഥ പെണ്‍കുട്ടിയുടെ കഥയാണ്‌ എം.ജി.ശശിയുടെ " ജാനകി".

ഡോ.ബിജുവിന്‍റെ ' വീട്ടിലേക്കുള്ള വഴി" തീവ്രവാദത്തിന്‍റെയും സമാധാനം കാംക്ഷിക്കുന്ന കാശ്മീര്‍ ജനതയുടെയും ജീവിതാവസ്ഥകളെ എടുത്തുകാട്ടുന്നു.

ആര്‍. സുകുമാരന്‍ നായരുടെ ' യുഗപുരുഷന്‍' ശ്രീ നാരായണ ഗുരുവിന്‍റെ വിശുദ്ധ ജീവിതകഥയാണ്‌.
ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരനാണ് ഹെര്‍സോഗ്. എഴുത്തുകാരനായ നീലന്‍ ഹെര്സോഗിനെപ്പറ്റി എഴുതിയ പുസ്തകം മേളയില്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്‍റെ സിനിമ , ജീവിതം, ഡോകുമെന്ററി, യാത്ര എന്നിങ്ങനെ സമഗ്രമായ പ്രതിപാദനം ഹെര്സോഗിനെ അറിയാ...ന്‍ ഉപകരിക്കും. ലോക സിനിമയിലെ നിത്യ വിസ്മയമാണ് ജര്‍മ്മന്‍ സംവിധായകന്‍ റെയ്നാര്‍ ഫാസ്ബിന്ദര്‍ . ഒരു പതിറ്റാണ്ടിനിടയില്‍ 42 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കഥ, തിരക്കഥ ,അഭിനയം, സംവിധാനം തുടങ്ങി ക്യാമറയൊഴികെ മറ്റെല്ലാം അദ്ദേഹം കൈകാര്യം ചെയ്തു. Fox and Friends പ്രധാന ചിത്രം. സിനിമയില്‍ സ്വന്തം സ്ഥാനം നേടിയ അദ്ദേഹത്തിന്‍റെ Love is colder than death, മാര്യേജ് ഓഫ് മാരായ ബ്രൌണ്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്.
ചലച്ചിത്രോത്സവത്തില്‍ . ജൂലിയ സോളമന്‍റെ അര്‍ജെന്റിന ചിത്രമായ The last summer of La Boyitta അതിമനോഹരം. ശൈശവത്തില്‍ നിന്ന് കൌമാരത്തിലേക്ക് കാല്‍ വെക്കുന്ന കുട്ടികളുടെ ലോകം വളരെ സൂക്ഷമതയോടെ ചിത്രീകരിച്ചിരിക്കുന്നു. സ്വച്ഛന്ദമായ
ഗ്രാമാന്തരീക്ഷം , അവിടെ ചുരുള്‍ നിവരുന്ന രഹസ്യാത്മകത എല്ലാം നന്നായി പറയാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ചിലിയില്‍ നിന്നുള്ള Optical Illusions എടുത്തു പറയേണ്ട കലാസൃഷ്ടിയാണ്.
ചലച്ചിത്ര മേളയുടെ മുഖ്യ ആകര്‍ഷണം ലോകസിനിമാ വിഭാഗമാണ്. ധീരമായ പരീക്ഷണങ്ങള്‍ മേളയില്‍ മമുക്ക് പ്രതീക്ഷിക്കാം. ജാന്കിതവാവ ബ്ലോന്‍സ്കി യുടെ " little Rose " അതിമനോഹരം. മേളയുടെ ആദ്യദിനം പ്രേക്ഷകരെ ഈ ചിത്രം നിരാശരാക്കിയില്ല. കാര്‍ലോസ് സോരയുടെ "ക...ാര്‍മെന്‍ " മുന്‍ മേളകളില്‍ പ്രദര്ഷിപ്പിച്ചതാണെങ്കിലും പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ വീണ്ടും ഏറ്റുവാങ്ങി. ഫാസ് ബിന്ദറുടെ " Love is colder than death " അതുപോലെ സിനിമാ പ്രേമികള്‍ക്ക് കാഴ്ച്ചയുടെ വസന്തമായി. നമ്മുടെ കൊളംബിയന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ " ലവ് ആന്‍ഡ്‌ അദര്‍ ദേമോന്‍സ്" മാജിക്കല്‍ റിയലിസമായി സ്പാനിഷ് ചിത്രത്തില്‍ പുനര്‍ജനിച്ചു.
ചലച്ചിത്രമേള നാലാം ദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകരെ കീഴടക്കിക്കൊണ്ട് സര്‍ഗ വസന്തത്തിന്‍റെ അപൂര്‍വ സ്പര്‍ശങ്ങള്‍. കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ പ്രമാദമായ കൊലക്കേസിന്‍റെ അറിയാമറകളെ തുറക്കുന്ന ' പാലേരി മാണിക്കം' ജനശ്രദ്ധയിലേക്ക്....... ഈ യഥാര്‍ത്ഥ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ , ഗ്രാമീണ ജീവിതത്തിന്‍റെ ഘടനയെയും , നാടുവാഴി വ്യവസ്ഥയിലെ കാണാ ഹിംസകളെയും അധികാരതിന്‍റെ നാള്വഴികളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന രാഷ്ട്രീയ മാനങ്ങളുള്ള കഥ. ' പാലേരി മാണിക്കം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചു.
യവന സൌന്ദര്യത്തിന്‍റെ അപൂര്‍വകഥ പറഞ്ഞ ശ്യാമപ്രസാദിന്‍റെ : Electra നിറഞ്ഞ പ്രേക്ഷകസദസ്സ് മനസാ ഏറ്റുവാങ്ങി. അര്‍ജെന്‍ടിനയില്‍ നിന്നെത്തിയ ദിയ നരന്ജയുടെ A day in Orange , അതിന്‍റെ കഥ പറച്ചിലിലെ പുതുമയാല്‍ ശ്രദ്ധേയമായി. മൂന്നു ഭാഷ , മൂന്നു നിറം, മൂന്നു ശബ്ദം, സുന്ദരികളായ മൂന്നു സ്ത്രീകള്‍ . അദൃശ്യമായ ചരടുകളാല്‍ ബന്ധിതരായ അവരുടെ ഭയവും , അഭിലാഷവും, മനുഷ്യ ജീവിതത്തിന്‍റെ സങ്കീര്‍ണ
മുഖങ്ങളെ അനാവരണം ചെയ്യുന്നു. നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ' എം.ജീ.ശശിയുടെ ' ജാനകി' തെരുവിലെ അനാഥജന്മങ്ങളുടെ കഥ കരളലിയിക്കും വിധം പറയുന്നു. മേളയുടെ നാലാംദിനം ചലച്ചിത്രഭാഷയുടെ നിരതിശയമായ നിലീന ഭംഗികള്‍ പ്രേക്ഷകര്‍ക്ക്‌ നിവേദിച്ചു.
- സേതുമാധവന്‍ മച്ചാട്




No comments:

Post a Comment