Tuesday, October 25, 2011

Padmnaabho'mara' prabhu


ശ്രീപദ്മനാഭക്ഷേത്രത്തിലെ നിലവറകള്‍ വിസ്മയക്കാഴ്ച ഒരുക്കിയപ്പോള്‍, തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ നിലവറകളാണ് നമുക്ക് തുറന്നുകിട്ടിയത്. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ മഹിമയും പദ്മനാഭക്ഷേത്രവും അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നു. മതിലകം രേഖകള്‍ പുന:പരിശോധിക്കുന്ന ചരിത്രവിദ്യാര്‍ഥികള്‍ അദ്ഭുതങ്ങളുടെ പുരാവൃത്തം വായിച്ചെടുക്കുന്നു. ശ്രീ ശങ്കുണ്ണി മേനോന്‍റെ 'തിരുവിതാംകൂര്‍ ചരിത്രവും', പട്ടം ജി രാമചന്ദ്രന്‍നായരുടെ 'തിരുവനന്തപുരത്തിന്‍റെ ഇതിഹാസവും' വീണ്ടും ജനശ്രദ്ധയിലേക്ക്. സമീപകാലത്ത് അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മിഭായിയും ശ്രീപദ്മനാഭചരിത്രം ലേഖനം ചെയ്യുകയുണ്ടായി. ക്ഷേത്രകലകള്‍,ആചാരങ്ങള്‍, പൂജാ സമ്പ്രദായം,
എന്നിവയുടെ അതിസൂക്ഷ്മമായ അറിവുകള്‍ ഈ രേഖകളില്‍ അങ്കനം ചെയ്യപ്പെട്ടിരിക്കുന്നു. ശ്രീപദ്മനാഭക്ഷേത്രത്തിന്‍റെ കൃത്യമായ കാലയളവ്‌ ഇവയിലും വ്യക്തമല്ല. ഒന്‍പതാം
നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തമിഴ് കവി നമ്മാള്‍വാര്‍ അനന്തശായിയായ വിഷ്ണുവിന്‍റെ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഏ ഡി രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'ചിലപ്പതികാരം' മഹാകാവ്യത്തില്‍ പരാമര്‍ശിക്കുന്ന 'അമ്മാള്‍ മഠം' സ്യാനന്ദൂരപുരി'യാണെന്നും അഭിപ്രായമുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ത്തന്നെ ഇതു സുവര്‍ണ ക്ഷേത്രമാണെന്ന് രാജവംശത്തിന് അറിയാമായിരിക്കണം. എ.ഡി പത്താം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ആയ് രാജാക്കന്മാര്‍ പണിതീര്‍ത്തതാണ് ക്ഷേത്രം എന്ന് കരുതപ്പെടുന്നു. പില്‍ക്കാലത്ത്‌ വേണാട് ഭരിച്ച രാജവംശം കേരള വാസ്തുശില്പശൈലിയും ചോള-പാണ്ഡ്യശൈലിയും അതീവഹൃദ്യമായി ലയിപ്പിച്ചു ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കി എന്ന് ചരിത്രം. വിജയനഗര സാമ്രാജ്യത്തിലെ ശില്പസദൃശമായ ഗോപുരവും മധുരയിലെ തമിഴ്ശൈലിയും പദ്മനാഭന്‍റെ ഗോപുരനിര്‍മിതിയില്‍ പ്രതിഫലിച്ചുകാണാം. കേരള- തമിഴ്
അതിര്‍ത്തിയിലുള്ള തിരുവട്ടാര്‍ ആദികേശവക്ഷേത്രം പദ്മനാഭക്ഷേത്രത്തിന്‍റെ മൂലമാതൃകയായി പലരും സമ്മതിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ പരദേവതയാണ്
തിരുവട്ടാറിലുള്ളത്.

ശ്രീപദ്മനാഭ ക്ഷേത്രത്തിന്‍റെ ഭരണം എട്ടരയോഗത്തിനായിരുന്നു.എട്ടുവീട്ടില്‍ പിള്ളമാരും തിരുവിതാംകൂര്‍ രാജവംശവും തമ്മില്‍ നടന്ന ശീതസമരവും ആഭ്യന്തരകലഹവും രൂക്ഷമാവുന്ന വേളയിലാണ് സാക്ഷാല്‍ മാര്‍ത്താണ്ടവര്‍മ അധികാരം ഏല്‍ക്കുന്നത്. ( സി വി രാമന്‍ പിള്ളയുടെ നോവലുകള്‍ സാക് ഷ്യം.) എട്ടുവീട്ടില്‍പിള്ളമാരെ അമര്‍ച്ച ചെയ്തു, നാട്ടുരാജ്യങ്ങള്‍ പിടിച്ചെടുത്ത്, കുളച്ചല്‍യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ച് കൊച്ചി അതിര്‍ത്തിവരെ നീണ്ടുകിടന്ന വിശാല തിരുവിതാംകൂര്‍ സ്ഥാപിതമായി. 1729 ല്‍
ഭരണമേറ്റ മാര്‍ത്താണ്ടവര്‍മ തിരുവിതാംകൂറിനെ തൃപ്പടിദാനമായി ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ബാക്കിയൊക്കെ നാമിന്നറിയുന്ന ചരിത്രം. ( തമിഴ്- മലയാളം എഴുത്തുകാരന്‍ ശ്രീ നീല പദ്മനാഭന്‍റെ 'പള്ളികൊണ്ടപുരം' എന്ന മനോഹരകൃതിയില്‍ ഈ ചരിത്രമൊക്കെ വര്‍ണഭംഗിയോടെ ലേഖനം ചെയ്തിട്ടുണ്ട്.)

നേപ്പാളിലെ ഗന്ദകീ നദിയില്‍നിന്ന് കൊണ്ടുവന്ന പതിനായിരക്കണക്കിന് സാളഗ്രാമങ്ങള്‍ ( shells )കൊണ്ടാണ് ശ്രീപദ്മനാഭന്‍റെ അമാനുഷസൌന്ദര്യമാര്‍ന്ന ശില്‍പം പണി തീര്‍ത്തത്. ബാലാരണ്യ കൊണ്ടിദേവന്‍ എന്ന ശില്പിയാണ് പതിനെട്ടടി നീളമുള്ള ഈ അനന്തശായിശില്‍പം നിര്‍മ്മിച്ചത്‌. ഒറ്റക്കല്‍മണ്ഡപം പണിയാനുള്ള പടുകൂറ്റന്‍ പാറ, തമിഴകത്തെ തിരുമലയില്‍നിന്ന് എത്തിക്കുകയായിരുന്നു.
ശീവേലിപ്പുര നിര്‍മാണത്തിന് നാലായിരം കല്പ്പണിക്കാരും ആറായിരം കൂലിപ്പണിക്കാരും പ്രയത്നിച്ചു.ക്ഷേത്രത്തിനുള്ള ചുറ്റുമതിലും കോട്ടകൊത്തളങ്ങളും പ്രാകാര ഗോപുരവും തീര്‍ത്തത് മാര്‍ത്താണ്ടവര്‍മയുടെ മേല്‍നോട്ടത്തിലും. പില്‍ക്കാലത്ത്‌ ടിപ്പുസുല്‍ത്താന്‍റെ പടയോട്ടം ഭയന്ന്, കടുശര്‍ക്കരയോഗത്താല്‍ അനന്തപദ്മനാഭന്‍റെ തിരുവുടല്‍
ശ്യാമവര്‍ണത്തില്‍ പൊതിഞ്ഞെടുക്കുകയും ക്ഷേത്രവകകള്‍ കൊള്ളയടിക്കപ്പെടാത്തവണ്ണം അന്തര്‍ഭാഗത്ത്‌ തീര്‍ത്ത നിലവറകളിലേക്ക് സുരക്ഷിതമായി മാറ്റുകയുമായിരുന്നു. പതിനാലാം നൂറ്റാണ്ടു മുതല്‍ ക്ഷേത്രത്തില്‍ സ്വര്‍ണശേഖരം ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍.

ക്ഷേത്രത്തിലെ ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം, മുറജപം, ലക്ഷദീപം എന്നിവ പ്രധാന ചടങ്ങുകള്‍. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ സാംസ്കാരികചരിത്രം ശ്രീ പദ്മനാഭന്‍റെ ആശിസ്സുകളുമായി നിരതിശയമായ ബന്ധം പുലര്‍ത്തുന്നു. ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത ഓരോ ആഭരണത്തിനും കൃത്യമായ രേഖകളുണ്ട്. മതിലകം രേഖകളില്‍ ഇവ അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ടത്രെ. വൈവിധ്യമാര്‍ന്ന രത്നശേഖരങ്ങളില്‍ നവരത്നങ്ങള്‍, നവഗ്രഹങ്ങളുടെ പ്രതീകമായ വര്‍ണക്കല്ലുകള്‍, സുവര്‍ണ വിഗ്രഹങ്ങള്‍, ഇന്ദ്രനീലക്കല്ലുകള്‍, മരതകപ്പച്ചയിലുള്ള മനോഹരമായ ആഭരണങ്ങള്‍, മാണിക്കക്കല്ലുകള്‍, പുഷ്യരാഗം പതിച്ച മൂക്കുത്തികള്‍, തേന്‍നിറമാര്‍ന്ന വൈഡൂര്യങ്ങള്‍, സ്വര്‍ണക്കുടങ്ങള്‍, തങ്കക്കുടകള്‍, കിരീടങ്ങള്‍, സ്വര്‍ണവില്ലുകള്‍, വെള്ളിപ്പാത്രങ്ങള്‍, പൂ ജാദ്രവ്യങ്ങള്‍, രത്ന കിരീടങ്ങള്‍, ശരപ്പൊളിമാലകള്‍, പാലക്കാ മോതിരങ്ങള്‍, തങ്കഅങ്കികള്‍, ഒഡ്യാണങ്ങള്‍, കങ്കണങ്ങള്‍, രാശിമോതിരങ്ങള്‍, അരപ്പട്ടകള്‍. അടുക്കുമാലകള്‍, സ്വര്‍ണ നെല്‍ക്കതിരുകള്‍ എന്നിങ്ങനെ രാജവംശത്തിന് ലഭിച്ച അമൂല്യവസ്തുക്കള്‍ ഓരോന്നും വളരെ സൂക്ഷ്മമായും കൃത്യമായും 'മതിലകം രേഖകളില്‍' അങ്കനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വര്‍ണഉരുളിയിലെ തീര്‍ത്ഥംപോലെ സ്ഫടിക സമാനം പ്രതിഫലിക്കുന്ന സത്യമാണ് ഈ രാജവംശം പിന്മുറക്കാര്‍ക്ക് കാത്തുവെച്ചത്. ഒരിക്കലും വിത്തെടുത്തുണ്ണാതെ, സരളമായ ജീവിതചര്യയിലൂടെ മഹിതമാതൃകയായി തിരുവിതാംകൂര്‍ രാജവംശം എന്നും നിലനിന്നു.

No comments:

Post a Comment