Tuesday, October 25, 2011

Chirapunji



  • കാലവര്‍ഷം പെയ്തിറങ്ങുന്ന ഞാറ്റുവേലകള്‍. മഴ തന്നെ മഴ. ചന്നംപിന്നം പെയ്യുന്ന മഴയുടെ മണം. കഴിഞ്ഞവര്‍ഷം മഴ കാണാന്‍ ഞങ്ങള്‍ ചിറാപുഞ്ചിയില്‍ പോയി.
    മേഘാലയ മഴമേഘങ്ങളുടെ ആലയമാണല്ലോ. തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് പത്തറുപത് കി. മീ അകലെയാണ് ചിറാപുഞ്ചിയും മൌസിന്‍ഡ്രോമും. പാഠപുസ്തകങ്ങളില്‍
    നാം വായിച്ചത് ലോകത്തിലേറ്റവും മഴപെയ്യുന്ന സ്ഥലം ചിറാപുഞ്ചി എന്നാണ്. ഇപ്പോള്‍ ആ സ്ഥാനം മൌസിന്‍ഡ്രോമിനാണത്രേ.ഇന്ത്യയിലെ സ്കോട്ട്ലാന്ഡ് എന്നാണ്ഷില്ലോ നഗ് അറിയപ്പെടുന്നത്. വിസ്തൃതമായ തടാകങ്ങളും പച്ചപ്പുല്‍മേടുകളും ഹരിതാഭമായ ഗ്രാമങ്ങളും നയനാഭിരാമമായ കുന്നിന്‍ചരിവുകളും വര്‍ഷപാതങ്ങളും മേഘാലയ എന്ന വടക്കുകിഴക്കന്‍ പ്രവിശ്യയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു.

    ചിറാപുഞ്ചിയിലെ മഴ മുന്നറിയിപ്പുകളില്ലാതെ നമ്മുടെമുമ്പില്‍ വന്നുവീഴും. കയറ്റങ്ങളും വളവുകളും പിന്നിട്ടു മലമുകളിലെ ഗ്രാമീണരെ കണ്ടും കുശലംപറഞ്ഞും ഇടക്കൊന്നിറങ്ങി ചുക്കുകാപ്പിയും നുകര്‍ന്ന് വീണ്ടും യാത്ര തുടരുമ്പോഴാണ് ആകാശം താണിറങ്ങി തുള്ളിക്കൊരുകുടമെന്നപോലെ കോരിച്ചൊരിയുന്നത്‌. മേഘമഞ്ഞ് നമുക്കു മുമ്പില്‍ നീഹാരികയായി വന്നുനില്‍ക്കും.ഒരടി മുന്നോട്ടുപോകാനാവാതെ വണ്ടിനിറുത്തി മഴയുടെ നൃത്തം ആസ്വദിക്കാം. കാറ്റ് പറത്തിക്കൊണ്ട് പോകുന്ന മേഘമാലകള്‍ക്ക് പിന്നില്‍നിന്ന് സൂര്യരശ്മി ഒളിച്ചുനോക്കുമ്പോള്‍ ഏഴഴകുള്ളോരു മഴവില്ല് പൂത്തുനില്‍ക്കും.വളരെ അപൂര്‍വമായി വിരുന്നുവരുന്ന ഒരു ദൃശ്യം. വിസ്മയക്കാഴ്ചകളില്‍ ഭ്രമിച്ചു നില്‍ക്കുന്ന സഞ്ചാരികളെ കടന്ന് ഗ്രാമീണരുടെ ട്രക്കുകള്‍ ഒന്നൊന്നായി പോകുന്ന കാഴ്ച വളരെ ഹൃദ്യമായിത്തോന്നി. തിങ്ങിനിറഞ്ഞ വാഹനത്തിന്‍റെ മുകളില്‍ക്കയറി സവാരി
    പോകുന്ന തദ്ദേശീയരായ ഗ്രാമീണതൊഴിലാളികളുടെ മഴയില്‍കുതിര്‍ന്ന പുഞ്ചിരി മറക്കാന്‍പറ്റില്ല.


  • സമുദ്രനിരപ്പില്‍ നിന്ന് 1484 മീറ്റര്‍ ഉയരത്തിലാണ് ചിറാപുഞ്ചി. പൈന്‍മരക്കാടുകളുടെ ഹരിതസമൃദ്ധിയാര്‍ന്ന താഴ്വരകളിലൂടെയാണ് സഞ്ചാരികളുടെ യാത്ര. പൂത്തുലഞ്ഞ മരച്ചാര്‍ത്തുകളും ഇടയ്ക്കിടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും കാനനഭംഗിയോടൊപ്പം നമ്മെ പിന്തുടരും.മരങ്ങളില്‍ കൂടുവെച്ച അപൂര്‍വയിനം ഓര്‍ക്കിഡുകള്‍ ഓര്‍മയുടെ നിറങ്ങളില്‍ വസന്തതിലകംചാര്‍ത്തും. സൂര്യസ്നാനം കഴിഞ്ഞെത്തിയ വെണ്‍മേഘക്കൂട്ടങ്ങള്‍ പൊടുന്നനെയാണ് ഭാവംപകരുന്നത്. തുമ്പിക്കുടങ്ങളില്‍ മദംപൊട്ടിച്ചൊരിയുന്ന മഴ നിമ്നോന്നതങ്ങളിലൂടെ ആര്‍ത്തുല്ലസിച്ചൊഴുകി വെള്ളച്ചാട്ടങ്ങളായി നില്‍ക്കുന്നത് സഞ്ചാരികളെ മോഹിപ്പിക്കുകതന്നെ ചെയ്യും. ഡൈന്‍ത് ലെന്‍ , നോഹ്കാലികായ്, നോഹ്തിയാംഗ്, കിന്റെം തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍ മതിവരെ കാണാന്‍ പ്രത്യേക വ്യൂ പൊയന്റുകള്‍ ഉണ്ട്. പക്ഷെ സഞ്ചാരികളുടെ കാഴ്ച്ചയെ മറച്ചുകൊണ്ട്‌ മുന്നറി യിപ്പുകളില്ലാതെ ഒഴുകിവരുന്ന മേഘജാലമാണ് ചിറാപുഞ്ചിയുടെ സൌന്ദര്യം. ലോകത്ത് ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ അമേരിക്കയിലെ വെയ് ലായില്‍. മേഘാലയിലെ മൌസിന്‍റോം, ചിറാപുഞ്ചി എന്നിവയാണ്. കിഴക്കന്‍ ഖാസിമലനിരകളില്‍ കിടക്കുന്ന ഈ സ്ഥലങ്ങള്‍ മണ്‍സൂണ്‍കാറ്റുകളുടെ മേഖലയാണ്. ഖാസി, ജെയിന്‍തിയ,
    ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ആദിവാസികളാണ് ഈ മേഖലയിലുള്ളത്. കൃഷിയാണ് പ്രധാന ഉപജീവനം.
    രോഹിണി ഞാറ്റുവേല നിന്നുപെയ്യുമ്പോള്‍ ഇഞ്ചിമണമുള്ള ചുടുകാപ്പിയോടൊപ്പം ഓര്‍മ്മകള്‍ക്ക് ചിറാപുഞ്ചിയിലേക്ക് ഒരു യാത്ര.

  • സമുദ്രനിരപ്പില്‍ നിന്ന് 1484 മീറ്റര്‍ ഉയരത്തിലാണ് ചിറാപുഞ്ചി. പ്രാദേശികനാമം 'സൊഹ്റ'. പുഞ്ചിയിലേക്ക് പോകുന്നവഴിയില്‍ മനോഹരമായ ഖാസി ഗ്രാമങ്ങളാണ്. പുഞ്ചി എന്നാല്‍ ഗ്രാമം, തലസ്ഥാനം എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടിഷുകാര്‍ പിന്നീട് ഷില്ലോങ്ങിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ഖാസി, ജൈന്തിയ, ഗാരോ എന്നീ ആദിവാസികളാണ് ചിറാപുഞ്ചിയിലും സമീപഗ്രാമങ്ങളിലും താമസക്കാര്‍. ബംഗ്ലാദേശ് അകലെയല്ല.ചിറാപുഞ്ചിയില്‍നിന്ന് അരമണിക്കൂര്‍ യാത്രചെയ്‌താല്‍ ബംഗ്ലാ അതിര്‍ത്തിയിലെത്താം. അതിവിസ്തൃതമായി പരന്നുകിടക്കുന്ന ബംഗ്ലാദേശിന്‍റെ സമതലം നല്ലൊരു കാഴ്ചയാണ്. ഖാസി, ലുഷായ് പെണ്‍കുട്ടികള്‍ സുന്ദരികളാണ്. കര്‍മനിരതരും ഉല്ലാസവതികളുമായ അവരുടെ പെരുമാറ്റം നിഷ്കളങ്കവും ഹൃദ്യവുമായി അനുഭവപ്പെടും. ലളിതമായ ജീവിതചര്യയും അനാര്‍ഭാടമായ ലോകവീക്ഷണവും പുഞ്ചിയിലെ സ്ത്രീ പുരുഷന്‍മാര്‍ക്ക് ഗ്രാമീണമായൊരു തനിമ നല്‍കുന്നു. ഖാസിഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പുരാതനമായ ശിലാസ്തംഭങ്ങള്‍ നാട്ടിനിറുത്തിയിരിക്കുന്നത്‌ ശ്രദ്ധയില്‍ പ്പെടും. ഈ മെന്‍ഹിറുകള്‍ ഖാസികളുടെ ആചാരവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാകാം. ഹരിതാഭമായ ഈ ഗ്രാമാന്തരങ്ങള്‍ നിബിഡമായ ചെറുവനങ്ങളാല്‍ സസ്യശ്യാമള മായി കാണപ്പെട്ടു. ഗ്രാമവാസികള്‍ പവിത്രമായി കാത്തുസൂക്ഷിച്ച ഈ സാന്ദ്രഹരിതത്തില്‍ നിന്ന് ഒരിലപോലും ഇറുത്തെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. ഈ വനാന്തര ഗ്രാമങ്ങളില്‍ നിന്നുറവയെടുക്കുന്ന ജലസ്രോതസ്സുകള്‍ അവരുടെ അകലുഷിതമായ പാരിസ്ഥിതികബോധത്തെ കാട്ടിത്തരുന്നു. ബംഗ്ലാ അതിര്‍ത്തിയിലുള്ള 'മൌലിന്ന്യോംഗ്' ഏഷ്യ യിലെത്തന്നെ ഏറ്റവുംമികച്ച പരിസ്ഥിതിസൌഹൃദ ഗ്രാമമാണ്. ചിറാപുഞ്ചി, മൌസിന്‍ഡ്രോം, മൌലിന്ന്യോംഗ് യാത്രകളില്‍ ഇരുവശങ്ങളിലുമായി ചെങ്കുത്തായ കയറ്റിറ ക്കങ്ങളും വളവുകളും കടന്നുപോകുമ്പോള്‍ താഴ്വരകളും പച്ചപ്പുല്‍മേടുകളും തെളിയും.ചിറാപ്പുഞ്ചിഭാഗത്തെ ചെങ്കല്‍പ്പരപ്പില്‍ ഇരുമ്പയിരിന്‍റെ നിക്ഷേപമുണ്ട്. കൊല്ലന്മാരുടെ പണിയാലകളും ഉലയൂതിവരുന്ന തീപ്പൊരികളും അടകല്ലിലെ താളക്രമവും സഞ്ചാരിയുടെ കാഴ്ച്ചയെ മനുഷ്യജീവികള്‍ രാപ്പാര്‍ക്കുന്ന ഇന്ത്യയുടെ ഗ്രാമ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നു. ഷില്ലോങ്ങിലെ ഹരിതശ്യാമമായ മേച്ചില്‍പ്പുറങ്ങളും ഗോള്‍ഫ്കോഴ്സുകളും തടാകങ്ങളും നമ്മുടെ മനംകവരും.ഷില്ലോംഗ് പീക്കില്‍ നിന്നുള്ള ഉയരക്കാഴ്ചയും സഞ്ചാരിയുടെ അകം നിറയ്ക്കും.എന്നാല്‍ ഷില്ലോംഗില്‍ നിന്ന് കയറ്റംകേറിപ്പോകുന്ന ഗ്രാമപ്പച്ചയും പുഞ്ചിയിലെ മഴവില്‍സൌന്ദര്യമാര്‍ന്ന മഴയും പവിത്രവും നിഷ്കളങ്കവുമായ ഗ്രാമജീവിതവുമാണ് എന്‍റെ മഴയോര്‍മയില്‍ സാന്ദ്രമാകുന്നത്.



  • സേതുമാധവന്‍ മച്ചാട്

  • No comments:

    Post a Comment