ചാറ്റല്‍ മഴ, സായാഹ്ന നടത്തത്തിനു ഒരപൂര്‍വ ശോഭ പകര്‍ന്നു. ചെറു നീര്‍ച്ചാലുകള്‍ ചുറ്റുപാടും ചൊരിയുന്നത് , കരിയിലകള്‍ ചെളിയില്‍ കലരുന്നത് ,കടല്‍ തവിട്ടു നിറമാര്‍ന്നു കിടന്നത് എല്ലാം കുട്ടിക്കാലത്തെന്ന പോലെ ....തിരമാലകള്‍ മനോഹര വടിവുകളോടെ പൊട്......ടിത്തകരുന്നത് ശംഖുമുഖം ജലശയ്യയില്‍ സാഗരകന്യകക്കൊപ്പം ഞാന്‍ നോക്കി നിന്നു. കാറ്റിനെതിരെ നടക്കുമ്പോള്‍ എനിക്കും ആകാശത്തിനുമിടയില്‍ ഒന്നുമില്ലായിരുന്നു, ശൂന്യമായ തുറസ്സല്ലാതെ. ആ സായന്തനത്തില്‍ നനഞ്ഞ മണലിലൂടെ കൈ വീശി നടക്കുമ്പോള്‍ ചുറ്റും കടല്‍ പക്ഷികള്‍ ആകാശത്തിന്റെ അതിരുകളില്‍ നിശബ്ദം ഒഴുകി. നിസ്സാരമായ ചിന്തകളും നാളുകളായി മനസ്സില്‍ അലട്ടിക്കിടന്ന അല്പമാത്രമായ മുറിവുകളും ക്രമേണ ഉണങ്ങി വടുക്കളായി ഉപരിതലത്തില്‍ നിന്നും ഉറയൂരിപ്പോവുന്നത് ഞാനറിഞ്ഞു. എല്ലാം പൊടുന്നനെ ,തീരങ്ങളിലൂടെ കടന്നുപോകുന്ന കാറ്റ് പോലെ നിശബ്ദമായ കലമ്പലോടെ എയ്തു പോകുന്ന രാപ്പക്ഷികളെ പോലെ ...അതിന്‍റെ സൌന്ദര്യം എന്‍റെ വാക്കുകള്‍ക്കില്ലയിരുന്നു. പക്ഷെ എവിടെയും ആ നിശബ്ദത ഉണ്ടായിരുന്നു. വനമരങ്ങളുടെ കൈകളില്‍ അമര്‍ന്ന മൂവന്തിയില്‍,നമ്മുടെ ഉള്ളില്‍ ,നമുക്കരികെ തീരങ്ങളില്‍ ,ജലോപരിതലത്തില്‍ , കുന്നുകളില്‍..
No comments:
Post a Comment