Saturday, November 3, 2012

Haiku Article

നിങ്ങള്‍ ഒരു ഹൈക്കു എഴുതാന്‍ തയ്യാറാവുന്നു എന്നതിനര്‍ഥം നിയതമായ നിയമാവലിയുള്ള ഒരു കാവ്യക്രമം അനുശീലിക്കാന്‍ തീരുമാനിച്ചു എന്നാണ്.അതായത് നമ്മുടെ ജീവിതരീതിയെത്തന്നെ ക്രമീകരിക്കാനും ലയബദ്ധമായ ഒരാന്തരികജീവിതം ഹൃദയത്തില്‍ സ്വീകരിക്കാനും അബോധപൂര്
‍വമായെങ്കിലും ഒരുങ്ങുന്നു എന്നുതന്നെ. ജീവിതത്തിലായാലും കവിതയിലായാലും അടുക്കും മുറയും ഉണ്ടാവുന്നത് തെറ്റല്ലല്ലോ?
ബാഷോ പറഞ്ഞു, നിയമങ്ങള്‍ പഠിക്കുക, പിന്നെ സൌകര്യപൂര്‍വ്വം മറന്നേക്കുക. നിയമങ്ങളുടെ കോര്‍ട്ടിലെ കളിയല്ലല്ലോ കല?

വാക്കുകളും സ്വനമണ്ഡലവും സൃഷ്ടിക്കുന്ന പ്രതീതിതലം ഒരേസമയം ഇന്ദ്രിയബദ്ധവും അതോടൊപ്പം, അനുഭവങ്ങളുടെ അതീതാവസ്ഥയെ ധ്വനിപ്പിക്കുന്നതുമാവണം. മതാതീതമായൊരു ആത്മീയത ഹൈക്കുവിന്‍റെ അന്തര്‍ധാരയായി എന്നും നിലനിന്നു. സെന്‍ ഒരു മതത്തെയും അനുസരിച്ചില്ല. മനുഷ്യന്‍റെ സ്ഥായീഭാവങ്ങളുടെ വിസ്താരമായിരുന്നു അത്. സഞ്ചാരീഭാവങ്ങളെ ആവിഷ്കരിക്കുമ്പോഴും ജീവിതത്തെ മുകര്‍ന്ന സ്ഥായിയായ അന്തരംഗഭാവങ്ങളെ ഹൈക്കുവില്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടു. ഉപരിതലത്തില്‍ കാണപ്പെട്ട ലളിതമായ ബിംബങ്ങള്‍, സൂക്ഷ്മ നിരീക്ഷണത്തില്‍ തത്വചിന്താപരമായി വര്‍ത്തിച്ചു. ഗ്രാമ്യവും അനാഗരികവുമായ ഒരേകാന്തതയും ദൈന്യതയും (sabi ) ഹൈക്കുവില്‍ പ്രതിഫലിച്ചിരുന്നതായി പറയപ്പെടുന്നു.അതേസമയം രമണീയമായ വ്യതിരേകം അതിനെ വേറിട്ട കവിതയാക്കിമാറ്റുകയും ചെയ്തു(shubumi )
ഗൃഹാതുരമായ ആര്‍ദ്രഭാവനകളും കാല്‍പനികബിംബങ്ങളും ഹൈക്കുവിനെ ആലിംഗനം ചെയ്തു. (wabi )അതെ സമയം നിഗൂഡമായൊരു
എകാകിത ഹൈക്കുനദിയുടെ അടിത്തട്ടില്‍ മുത്തുച്ചിപ്പി പോലെ കാത്തുകിടന്നു. (Yugen )
കവികള്‍ പറയുന്നത്, നിങ്ങള്‍ ഹൈക്കു എഴുതുകയല്ല, ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നത്രേ. നിങ്ങളിലൂടെ ഒരു നിമിഷം ആവിഷ്കൃത മാവുകയാണ്. നിങ്ങള്‍ ഒരു നിമിത്തം മാത്രം.

ഒരു കപ്പുചായ നുകരുന്നതു പോലും നിശബ്ദതയുടെ ആഴം അനുഭവിച്ചുകൊണ്ടാകണമെന്ന് നിര്‍ബന്ധമുള്ള ജപ്പാനിലെ സഹൃദയര്‍ ജീവിതത്തിന്‍റെ കാവ്യാത്മകതക്ക് എത്രമേല്‍ പ്രാധാന്യം നല്‍കുന്നു എന്ന് പറയേണ്ടതില്ലല്ലോ. നിലത്തു വിരിച്ച പുല്പായയില്‍ പടിഞ്ഞിരുന്ന് ജാലകച
്ചില്ലില്‍ പ്രതിഫലിച്ച ബാഹ്യലോകവും കുന്നിന്‍ ചെരിവില്‍ മേഞ്ഞുനടന്ന മൌനവും ആവിപറക്കുന്ന ചായക്കപ്പില്‍ അലിഞ്ഞുതീരുന്നു. നീലാകാശത്തിലൂടെ വെള്ളിവലാകകളെപ്പോലെ മേഘമാലകള്‍ ഒഴുകിപ്പോവുന്നതും സൂചിമരങ്ങള്‍ ഓര്‍മ്മകള്‍ പൊഴിക്കുന്നതും, പ്ലം മരച്ചില്ലയില്‍ ചിറകു കുടയുന്ന പക്ഷികള്‍ പക്വഫലങ്ങളുടെ മേല്‍ കൊക്കുരുമ്മുന്നതും കുന്നിറങ്ങിവന്ന മേഘനിഴലുകള്‍ കുട്ടികള്‍ കളിക്കുന്ന മൈതാനം കടന്നുപോകുന്നതും എല്ലാമെല്ലാം ഒരുകപ്പു ചായയുടെ ആസ്വാദ്യതയില്‍ തുളുമ്പുന്നു. പൊടുന്നനെ കവിയുടെ തേനറയില്‍ മധുകണമായി ഹൈക്കു ഇറ്റുവീഴുന്നു.
' When I think of it
As my snow, how light it is
On my mamboo hat."

ഇതെന്‍ മഞ്ഞെന്നോര്‍ക്കവേ
എത്ര സൌമ്യമായിരിപ്പൂ
അതെന്‍ മുളംതൊപ്പിമേല്‍... ( കികാകു)
---------------------------------------

'Hear the sweet cuckoo
Through the big bamboo thicket
The full moon filters..'

മധുരമീ കുയില്‍നാദം കേള്‍ക്ക
മുറ്റും മുളങ്കാടിലൂടരിച്ചിറങ്ങും
പൌര്‍ണമി .... ( ബാഷോ)

----------------------------------------

Every single star
Is quivering now with light..
O how bitter cold.." ( തൈഗി)

വെളിച്ചത്താല്‍ വിറ 
കൊള്ളുമേകാന്ത താരകള്‍ 
ഹോ കൊടുംശൈത്യമേ



നോണ്‍സെന്‍സ് പോയട്രിയാണെന്ന വിമര്‍ശനം കാലത്തെ അതിജീവിച്ചുകൊണ്ടാണ് 'ഹൈക്കു' നേരിട്ടത്. അസംബന്ധം നിറഞ്ഞ ഒരു ലോകക്രമത്തെ അനുസരിക്കുക മാത്രമേ ഹൈക്കു ചെയ്യുന്നുള്ളൂ എന്ന് കവികള്‍ തെളിയിച്ചു. നീര്‍ക്കുമിള പോലത്തെ മനുഷ്യജീവിതം അതിന്‍റെ സാന്ദ്രതയില
്‍ വിസ്തരിക്കുക മാത്രമാണ് ഹൈക്കു.
പ്രകൃതിയുടെ ഋതുവിന്യാസങ്ങള്‍ ജീവജാലങ്ങളുടെ ഉണ്മയുമായി (Being ) സഹസംബന്ധ പ്രയുക്തിയോടെ അവതരിപ്പികുകയാണ് ഹൈക്കു. വളരെ ലളിതമായി കാണപ്പെടുന്ന ലോകത്തെ 'ഇവിടെ ഇങ്ങനെയൊക്കെയാണ് ' എന്ന് ഒരു സാക്ഷിയെപ്പോലെ പല ഹൈക്കു കവിതകളും അവതരിപ്പിക്കുന്നു. ഉത്തമപുരുഷന്‍ ഏകവചനത്തില്‍ ( First Person Singular ) ഒരു സ്വകാര്യം പറയുന്നത്ര സൂക്ഷ്മതയോടെ പല ഹൈക്കുകവിതയും വായനക്കാരോട് സംവദിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള ഹൈക്കുകവിത സരളമായ ഒരാഖ്യാനശൈലി ആത്മാവില്‍ സ്വീകരിച്ചു. വായനക്കാരുടെ അനുഭവത്തിന്‍റെ പൊതുമണ്ഡലത്തില്‍ ഏറ്റവുമെളുപ്പം സംവദിക്കുന്ന വാക്കുകളും വരികളും മാത്രം ഉപയോഗിക്കുക എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. വാക്ക് കവിതയുടെ ജീവനാണല്ലോ? വാക്കുകളുടെ കളമെഴുത്താണ് കവിത. വാക്ക് സൃഷ്ടിക്കുന്ന സ്വനമണ്ഡലം (semantic halo ) അനുഭവത്തിന്‍റെ തീവ്രത നമുക്ക് പകര്‍ന്നു തരുന്നു. അതിനാല്‍ ഹൈക്കു വാക്കിന്‍റെ കലയാണ്‌.

fanning out its tail
in the spring breeze,
see—a peacock!

മൃദുനിശ്വാസത്താല്‍ വസന്തം
ചിറകുലഞ്ഞുണരവെ , കാണ്ക
മദശിഖിയാമൊരു മയില്‍...


 സാധാരണത്തില്‍ അസാധാരണവും അസാധാരണത്തില്‍ സാധാരണവുമായ തലം സ്പര്‍ശിക്കാന്‍ ഹൈക്കുവിനു കഴിഞ്ഞത് ജപ്പാനിലെ ഹൈക്കു കവികളുടെ
സുതാര്യമായ ജീവിതദര്‍ശനം കൊണ്ടുതന്നെയാണ്. ജീവജാലങ്ങളുടെ അസ്തിത്വ സംബന്ധിയായ അവബോധം ബാഷോവിലും ഷികിയ
ിലുമൊക്കെ പ്രകടമാണ്.
ശൂന്യത, നൈമിഷികത, നിഷ്ഫലത തുടങ്ങിയ അനുഭവങ്ങള്‍ കവിതയില്‍ തികച്ചും മാന്ത്രികമായൊരു സ്പര്‍ശത്താലെന്ന പോലെ ഒളിപ്പിച്ചുനിര്‍ത്തി, ജീവിതത്തിന്‍റെ പ്രത്യാശാഭരിതമായ ബിന്ദുവിലേക്ക് വായനയുടെ ആഹ്ലാദത്തെ കവി കേന്ദ്രീകരിക്കുന്നു.
ടി എസ്.എലിയറ്റിനെപ്പോലുള്ള കവികള്‍ ഹൈക്കുവില്‍ വളരെയേറെ ആകൃഷ്ടനായിരുന്നുവത്രേ.മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ഒന്നിലേറെതവണ ജപ്പാന്‍ സന്ദര്‍ശിക്കുകയും ജപ്പാന്‍റെ മഹത്തായ സാംസ്കാരികപാരമ്പര്യത്തെ വിലയിരുത്തുകയും ഹൈക്കു കവിതയെക്കുറിച്ച് ആഴത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ജപ്പാന്‍ജനതയുടെ ചുറുചുറുക്കാര്‍ന്ന ജീവിതശൈലിയ
ും ആത്മാര്‍പ്പണവും ധ്യാനനിരതമായ കാവ്യജീവിതവും അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. സെന്‍ബുദ്ധിസ്റ്റ് ദര്‍ശനം ഹൈക്കുവില്‍ നിറഞ്ഞുതുളുമ്പുന്നത്‌ ടാഗോറിനെ ആകര്‍ഷിച്ചു.അദ്ദേഹം ബംഗാളില്‍ മടങ്ങിയെത്തിയതിനുശേഷം ഹൈക്കു കവിതകള്‍ ബംഗാളിയില്‍ പരിഭാഷപ്പെടുത്തുകയും സ്വന്തമായി 'ഹൈക്കു' എഴുതുകയും ചെയ്തു. Fireflies എന്ന സമാഹാരത്തില്‍ അത് പില്‍ക്കാലം എഡിറ്റ്‌ചെയ്തു പ്രസിദ്ധീകരിച്ചു.

പരിഭാഷയില്‍ ചോരുന്നതെന്തോ അതാണ് കവിത എന്നു പറയാറില്ലേ? സത്യത്തില്‍, ഒറ്റവരിയില്‍ എഴുതുന്ന ജാപ്പനീസ് ഹൈക്കുകവിതകള്‍ പില്‍ക്കാലത്ത്‌ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് കവികളല്ല, ഭാഷാപണ്ഡിതന്‍മാരായിരുന്നുവത്രേ. അതുകൊണ്ട് തന്നെ യഥാര്‍ഥ ഹൈക്കു കവിതയുടെ സഹജമായ ലാളിത്യവും സൌന്ദര്യവും അപ്പാടെ ചോര്‍ന്നുപോയി എന്നാണ് ഉഭയഭാഷാപരിചയം നേടിയ ജപ്പാനിലെ കവികള്‍ പറയുന്നത്.



ജപ്പാനിലെ അതിപുരാതനമായ കാവ്യസമാഹാരമാണ് 'കോകിന്‍ഷു'. ഋതുകാല കവിതകളാണ് ഏറെയും. പ്രേമകവിതകളും ശോകഗീതങ്ങളും സൂത്രാക്ഷര ശ്ലോകങ്ങളും എല്ലാം അതിലുള്‍പ്പെടും. ഋതുക്കളില്‍ വസന്ത ശരത് കാലങ്ങളെ അധികരിച്ച് രണ്ടും ഗ്രീഷ്മ- ശിശിര ങ്ങളെസംബന്ധിച്ച് ഓരോ പു
സ്തകവും യാത്ര, വിരഹം പ്രണയം എന്നീവയെക്കുറിച്ച് അനേകം കാവ്യഗ്രന്ഥങ്ങളും 'കോകിന്‍ഷു' വിലുണ്ട്. ജപ്പാന്‍റെ സര്‍ഗാത്മകമായ കാവ്യസംസ്കാരത്തിന്‍റെ നിദര്‍ശനമാണ് ഈ കൃതി. ഹൈക്കുകവിതകളുടെ പിറവിക്കു മാതൃകയായി ഈ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.
ജപ്പാനിലെ ഗദ്യസാഹിത്യത്തിന്‍റെ ഉറവിടം പഴംകഥകളും കവിതകളുമാണ്. മുക്തകങ്ങള്‍ പോലെ മൂന്നോ നാലോവരി മാത്രമുള്ള കൊച്ചു കവിതകള്‍. കവിത കാച്ചിക്കുറുക്കി സൂത്രപ്രായമാക്കുന്ന സ്വഭാവം ജപ്പാനിലെ പരമ്പരാഗത കവികള്‍ക്കുണ്ടായിരുന്നു. ഈ മാതുക പിന്തുടര്‍ന്നാണ് ചമ്പൂപ്രായത്തിലുള്ള 'ഇസെമോണോ ഗത്തിരി'- ഒന്‍പതാം നൂറ്റാണ്ടിലെ അരിവരാനോനരിഹിര എന്ന കവി എഴുതിയ കൃതി. അതുവരെ ജപ്പാനില്‍ നിലനിന്നിരുന്ന യക്ഷിക്കഥാമാലികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കൃതി. ജപ്പാനിലെ ആദ്യത്തെ ആഖ്യായിക ഇതത്രേ. കടവാതിലിന്‍റെ മട്ടിലുള്ള ഈ പദ്യ ഗദ്യ കൃതികളാല്‍ സമ്പന്നമായിരുന്ന കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച ഒരദ്ഭുത പുസ്തകമാണ് ' ഗെന്ജിയുടെ കഥ'( ഗെന്ജി മോണോഗത്തരി ) ഡെക്കാമൊറോണ്‍, ഡോണ്‍ ക്വിക്സോട്ട് എന്നീ മഹത്തായ കൃതികളുടെ നിരയിലേക്കാണ് പാശ്ചാത്യ സാഹിത്യലോകം ജപ്പാനില്‍ നിന്നെത്തിയ 'ഗെന്ജിയുടെ കഥയെ' വിലയിരുത്തിയത്. മുറസാകി ഷിക്കിബു( 975 -1025 ) എന്നാണു ഗ്രന്ഥകാരിയുടെ പേര്‍. അക്കാലത്ത് ചൈനീസ് ഭാഷയില്‍ സാഹിത്യം രചിക്കുന്നത്‌ മാത്രമേ അന്തസ്സായി കണക്കാക്കിയിരുന്നുള്ളൂ. അപ്പോഴാണ്‌ മാതൃഭാഷയുടെ സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് ഒരു വനിത ജപ്പാന്‍റെ മണ്ണില്‍ ഇതിഹാസം എഴുതിയത്. പതിനൊന്നാം നൂറ്റണ്ടിന്‍റെ ആദ്യദശകത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌. ചക്രവര്‍ത്തിയുടെ അനേകം ഭാര്യമാരിലൊരുവളില്‍ ജനിച്ച ഗെന്ജിരാജകുമാരന്‍റെ പ്രേമകഥയാണ് ഇതിവൃത്തം. സ്വാഭാവികമായും അക്കാലത്തെ കോവിലകത്തെയും പ്രഭുഗൃഹങ്ങളിലെയുംആര്‍ഭാടപൂര്‍ണ്ണവും വര്‍ണശബളവുമായ ജീവിതത്തിന്‍റെ സാംസ്കാരിക ഭൂമികയാണ് നോവലില്‍ വിഷയമാവുന്നത്.



ജപ്പാന്‍റെ ആദ്യകാല ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. പുറംലോകവുമായി വലിയ ബന്ധമൊന്നും സ്ഥാപിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പതിനാറാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് പാശ്ചാത്യര്‍ ജപ്പാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.എന്നാല്‍ പതിനേഴാം ശതകത്തില്‍ അധികാരം പിടിച്ചെടുത്ത ഷോഗുണുകള്‍ യൂറോപ്പില്‍ നിന്നെത്തിയ ക്രിസ്തീയപാതിരിമാരെ ആശങ്കയോടെയാണ് വീക്ഷിച്ചത്‌. എല്ലാ പാശ്ചാത്യരേയും പടിയടച്ചു പുറത്താക്കുകയും ലോകത്തിന്‍റെ മുമ്പില്‍ ജപ്പാന്‍ തങ്ങളുടെ വാതില്‍ കൊട്ടിയടക്കുകയും ചെയ്തു.
പിന്നീടു പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ (1854 ) അമേരിക്കയുടെ പീരങ്കിക്കപ്പലുകള്‍ ജപ്പാന്‍തീരമണഞ്ഞപ്പോഴാണ് ചരിത്രം മാറുന്നത്. തങ്ങള്‍ അടഞ്ഞ വാതിലിനുള്ളില്‍ അലസരായിരുന്നപ്പോള്‍ ലോകം അമ്പരപ്പിക്കുന്ന വേഗത്തില്‍ കുതിക്കുകയായിരുന്നു എന്ന സത്യം ജപ്പാന്‍ തിരിച്ചറിഞ്ഞു. ആ പ്രകമ്പനത്തില്‍ ഷോഗുണ്‍ ഭരണം തറപറ്റി. ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണിത്. പിന്നീടുണ്ടായ ഭൌതികപുരോഗതിയില്‍ പാശ്ചാത്യ നാടുകളുടെ ഒപ്പമെത്താനുള്ള കുതിപ്പായിരുന്നു. രാഷ്ട്രതന്ത്രം, വിദ്യാഭ്യാസം , ശാസ്ത്രം ,വ്യവസായം, വാണിജ്യം, മിലിട്ടറി എല്ലാം അടിമുടി നവീകരിക്കപ്പെട്ടു. ജപ്പാന്‍ ഒരാധുനികരാഷ്ട്രമായി മാറാന്‍ കുറഞ്ഞസമയമേ വേണ്ടിവന്നുള്ളൂ. ഷേക്ക്‌സ്പിയറും മില്‍ട്ടനും പുഷ്കിനുമൊക്കെ നീപ്പണ്‍ -ഗോ(ജാപ്പനീസ്) ഭാഷയില്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന്‍ജീവിതത്തിലെ അശാന്തിയുടെ നാളുകളില്‍ ആത്മീയമായ ശൂന്യതകളെ പൂരിപ്പിച്ച അനേകം സാഹിത്യപ്രസ്ഥാനങ്ങള്‍ അവിടെയും ഉയര്‍ന്നുവന്നിരുന്നു. ഒരേ മഷിക്കല്ലില്‍ രൂപപ്പെട്ട ഇതിവൃത്തങ്ങളോടുകൂടിയ നോവലുകളും കവിതകളും അനേകം രചിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും താനിസാക്കി, അകുതാഗാവ, കവാബത്ത യസുനാരി തുടങ്ങിയ ലോകോത്തര സാഹിത്യകാരന്മാര്‍ ജപ്പാന്‍റെ മണ്ണില്‍ വിസ്മയം തീര്‍ത്തു. സെല്ലുലോയ്ഡില്‍ കുറസോവയെപ്പോലുള്ളവര്‍ മനോഹരകവിത എഴുതി. ലോകമഹായുദ്ധമോ, റഷ്യന്‍ വിപ്ലവമോ ജാപ്പനീസ് എഴുത്തുകാരില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ കാന്തോ ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ജപ്പാന്‍റെ മന:സാക്ഷിയെ അഗാധമായി ഇളക്കിമറിച്ചു. 1923 സപ്തംബര്‍ ഒന്ന്- ജപ്പാന്‍റെ സുദീര്‍ഘചരിത്രത്തിലെ ഇരുള്‍വീണ ദിവസം. അന്ന് മധ്യാഹ്നത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ടോക്യോവും യോക്കഹാമയുമടക്കം ജപ്പാന്‍റെ മര്‍മപ്രധാനമായ നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നുതരിപ്പണമായി. അഞ്ചുലക്ഷം വീടുകള്‍ നിലംപൊത്തി. ഒന്നരലക്ഷതോലോം മനുഷ്യര്‍ മണ്ണിന്നടിയിലായി. ഭൌതികമായും സാംസ്കാരികമായും ജപ്പാന്‍ തകര്‍ന്നുപോയ സംഭവം. പൌരസ്ത്യമായ അതിന്‍റെ ആത്മാവ് കൈമോശം വന്നു. അനുഭവങ്ങളുടെ തീവ്രത സാഹിത്യത്തിലും വെളിപാടുകളായിവന്നു. ഇത്രയും പറഞ്ഞത് രചനയുടെ വഴികളില്‍ തങ്ങളനുഭവിച്ച ദുരിതവും വേദനയും എത്രമേല്‍ സ്വാധീനം ചെലുത്തി എന്ന് ഓര്‍മിപ്പിക്കാനായിരുന്നു. അന്നും ജപ്പാന്‍സാഹിത്യത്തെ ഉര്‍വരമാക്കിയത് ഹൈക്കുകവിതകളുടെ നിലനില്പായിരുന്നു. ജപ്പാന്‍ സാഹിത്യം ഹൈക്കുവിനോട് ആഴത്തിലാഴത്തില്‍ കടപ്പെട്ടിരിക്കുന്നു.

No comments:

Post a Comment