Friday, December 23, 2022

വ്യൂ ഫൈൻഡർ

പ്രകൃതിയെ ക്യാമെറയിൽ പകർത്തുക എന്നാൽ നീലാകാശവും സാഗരോർമികളും പച്ചക്കുട നീർത്തിയ വൃക്ഷങ്ങളും പുല്ലോലകളിൽ മുത്തമിട്ട പൂമഞ്ഞുകണങ്ങളും എന്നുവേണ്ട കാണലും കാഴ്ചയും ചെന്നുതൊടുന്ന അതിരുകളിൽ പ്രത്യക്ഷമാവുന്നതെന്തും പ്രസാദമായി കൈനീട്ടി വാങ്ങുകയാണ്. "ഗഗനമെന്തൊരദ്‌ഭുതം സമുദ്രമെന്തൊരദ്‌ഭുതം"എന്ന് കവി ആശ്ചര്യപ്പെട്ടതുപോലെ യാത്രയിൽ നമുക്കൊപ്പം വിടർന്നുവരുന്ന കാഴ്ചകളെല്ലാം ക്യാമറയുടെ ഫ്രെയിമുകളാണ്. ഈ ലക്കം വ്യൂ ഫൈൻഡർ ജലത്തെ കൈക്കുടന്നയിൽ എടുത്തു തൊടാൻ ശ്രമിക്കുകയാണ്. കടലിലെ നീലജലം, കുളത്തിലെ ഹരിതനിറമാർന്ന ജലം, നീരരുവിയിലെ ജലം, തടാകത്തിലും കായൽപ്പരപ്പിലും കിണറിലും കിടങ്ങിലും നിപതിച്ച ജലം, ഇലച്ചാർത്തിലും ചാറ്റൽമഴയിലും അണക്കെട്ടിലും സൂര്യാസ്തമയങ്ങളെ വരവേറ്റ ജലസ്പർശങ്ങളിലും കാമറ ഓരോ യാത്രയിലും പലപ്പോഴായി ചെന്നുമ്മവെച്ച കുറെ നിശ്ചലദൃശ്യങ്ങൾ ഒരാൽബമായി തുറന്നുവെക്കുന്നു. ഇതിൽ ആൻഡമാൻ ദ്വീപുകളിലെ ഹരിതനീല ജലവും വേമ്പനാട്ടു കായലിലെ മൂവന്തി പ്രതിഫലിച്ച ജലവും ആറ്റുവഞ്ചിയിൽ നിന്നുള്ള ജലത്തിൻ്റെ കിടപ്പും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും നീരോടിക്കിടന്ന ജലക്കാഴ്ചയും ഹംസങ്ങൾ നീരാടാനിറങ്ങിയ കൈത്തോടിലെ ദൃശ്യവും ഹിമഭൂമിയിൽ തറഞ്ഞുകിടന്ന കണ്ണാടിത്തടാകവും തീവണ്ടിയുടെ ജാലകത്തിലൂടെ ഒഴുകിയകന്ന കായൽകാഴ്ചയും അങ്ങനെയങ്ങനെ ജീവിതയാത്രയിൽ നാമോരുരുത്തരുടെ മുന്നിലും വന്നും പോയുമിരിക്കുന്ന ഇത്തിരി ഒത്തിരി ദൃശ്യങ്ങളുടെ കാഴ്ചയും പൊലിമയും ..... ഫ്യൂജിയിലും കാനൻ ക്യാമറയിലും റെഡ് മീ മൊബിലിലും എടുത്ത അതിസാധാരണമായ ചിത്രങ്ങളാണ് ഇവ. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരാളുടെ കൈത്തെറ്റുകൾ എന്ന് വിനയാന്വിതനാകാനാണ് എനിക്കിഷ്ടം.

Saturday, November 19, 2022

ബുദ്ധശിലാതല്പത്തിലൂടെ

മുംബൈ നഗരത്തിൽനിന്ന് അല്പമകലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് കടൽയാത്ര ചെയ്താൽ നമുക്ക് പ്രശസ്തമായ എലിഫൻഡ ഗുഹകൾ സന്ദർശിക്കാം. എന്നാൽ മുംബൈ നഗരമധ്യത്തിലെ ജനസാന്ദ്രമായ ബോറിവിലിക്കടുത്ത് ബുദ്ധവിഹാരങ്ങൾ നിറഞ്ഞൊരു മലഞ്ചെരുവ് നീണ്ടുനിവർന്നു ശയിക്കുന്നത് പലരും അറിഞ്ഞുകാണില്ല.മുംബൈയിൽ വർഷങ്ങളായി ജീവിച്ചുവരുന്ന മലയാളിസമൂഹത്തിന് അത്ര പരിചിതമല്ല കണേരി ഗുഹാസമുച്ചയം എന്നപേരിലറിയപ്പെടുന്ന ഈ താഴ്വര. ബോറിവിലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽനിന്ന് ഒന്നര കി മീ കാട്ടുവഴിയിലൂടെ യാത്ര ചെയ്താൽ കണേരിഗുഹകൾക്ക് മുന്നിലെത്തും. മുംബൈയിൽ നിന്ന് 25കി മീ വടക്കു സ്‌ഥിതിചെയ്യുന്ന സാൾസെറ്റ് ദ്വീപിലെ കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ച ബുദ്ധഗുഹാപരമ്പര. ആന്ധ്ര രാജവംശത്തിലെ ഗൗതമിപുത്ര ശാതകർണിയാണ് ബുദ്ധഗുഹകളുടെ നിർമാണം ആരംഭിച്ചത്. ( ഏ ഡി 173 - 202 ) ഏ ഡി ഒമ്പതാം ശതകത്തോടെ കണേരിയുടെ നിർമിതി പൂർത്തിയായി എന്ന് കരുതപ്പെടുന്നു. മലയിടുക്കിൻ്റെ ഇരു പാർശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായിട്ടാണ് ഗുഹയുടെ കിടപ്പ്.ആകെ 109 ഗുഹകളാണ് ഉത്ഘനനത്തിൽ കണ്ടെത്തിയത്.നിരനിരയായിട്ടുള്ള അറകളും കിണറുകളും ഭോജനശാലകളും പ്രഭാഷണ മന്ദിരങ്ങളും ചൈത്യങ്ങളും ശ്‌മശാന ങ്ങളും അവയെ പരസ്പരം ബന്ധിക്കുന്ന കൽപ്പടവുകളും സന്ദർശകർക്ക് കാണാം.ആദ്യകാലഘട്ടങ്ങളിൽ ഹീനയാനബുദ്ധമതക്കാരും പിൽക്കാലം മഹായാന പ്രസ്‌ഥാനക്കാരും കണേരിയിൽ വസിച്ചിരുന്നതായി കരുതപ്പെടുന്നു. ഗുഹാസമുച്ചയങ്ങളിൽ അധികവും പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറും മുറികൾ മാത്രമാണ്.പലതും അപൂർണങ്ങളുമാണ്.മിക്ക ഗുഹാഭിത്തികളിലും ബുദ്ധകഥാ സൂചകങ്ങളായ പ്രതിമകൾ ദൃശ്യമാണ്.ഏറ്റവും പഴക്കം ചെന്ന മൂന്നാം നമ്പർ ചൈത്യഗുഹ ശ്രദ്ധേയമാണ്. മഹാചൈത്യം എന്നറിയപ്പെടുന്ന ഈ ഗുഹയിൽ ധർമോപദേശം ചെയ്യുന്ന ഗൗതമബുദ്ധൻ്റെ വലിയൊരു ശില്പമുണ്ട്. ബുദ്ധഗയയിലെ ശില്പങ്ങളോട് സാമ്യമുള്ള കണേരിഗുഹകളുടെ മുഖപ്പിലെ ശില്പങ്ങളും ശില്പകലാ സമൃദ്ധമായ ഇവിടത്തെ വഴികളും അമരാവതീ ശൈലിയിലാണ് പണിതിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. ശാതവാഹന രാജാക്കന്മാരുൾപ്പടെ അനേകം പേരുടെ വര്ഷങ്ങളുടെ അധ്വാനത്തിൻ്റെ സംഭാവനയാണ് കണേരി ഗുഹകൾ.ഗുഹാവിഹാരങ്ങളുടെ വെളിയിൽ ഓരോ കോണിലായി ചതുരാകൃതിയിലുള്ള കിണറുകൾ നിർമിച്ചിട്ടുണ്ട്. ധ്യാനവും മനനവും പഠനവുമായി ശാന്തരായി കഴിഞ്ഞുകൂടിയ ഭിക്ഷുക്കളുടെ പ്രകൃതിയിൽ അലിഞ്ഞുതീർന്ന ജീവിതം കണേരി ഗുഹയുടെ കാഴ്ചയിൽ വ്യക്തമാണ്. കണേരിയിലെ ശില്പമാതൃകകൾ യഥാതഥങ്ങളാണ് എന്ന് കലാനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ, കൈകളിൽ പൂക്കളുമായി പുഷ്‌പാഞ്‌ജലിക്കായി നിൽക്കുന്ന മട്ടിലുള്ള ദമ്പതീ ശിൽപം ജീവചൈതന്യം തുടിക്കുന്നതാണ്.അതിഭാവുകത്വം കലരാത്ത ലളിതമായ ശൈലിയിലാണ് ഇവയുടെ നിർമാണം. ഭാരതീയ ശില്പകലയിലെ വഴിത്തിരിവായിട്ടാണ് കണേരിയിലെ ശില്പസൗഭഗം വിലയിരുത്തപ്പെടുന്നത്. ചൈത്യത്തിനുള്ളിൽ ഇരുവശത്തുമായി നിരനിരയായി അനേകം തൂണുകൾ നിർമിച്ചിട്ടുണ്ട്. തൂണുകളുടെ മുകളറ്റത്ത് മൃഗങ്ങളുടെ ശില്പങ്ങൾ കൊത്തിയിട്ടുണ്ട്. മറ്റൊരു നീണ്ട ഗുഹയാണ് ദർബാർ ഗുഹ. ബുദ്ധഭിക്ഷുക്കൾക്ക് ഒത്തുചേരാനുള്ള ധർമശാലയാണ് ഇത്. അതിപുരാതനമായ ഒരു സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന കണേരിഗുഹകൾ പുരാവസ്തു ശാസ്ത്രജ്ഞരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു. കണേരിയിലെ കുന്നിൻചരിവുകളിൽ കാണപ്പെട്ട വിവിധജാതി വൃക്ഷങ്ങളും വെള്ളച്ചാട്ടവും കരിങ്കൽഫലകങ്ങളും ബഞ്ചുകളും ഇരിപ്പിടങ്ങളും ചുമരിലെ അറകളും തണുപ്പാർന്ന ശിലാതളിമങ്ങളും തണൽ വീഴ്ത്തിയ ബോധിച്ചുവടുകളും നമ്മെ ബുദ്ധസംസ്കൃതിയുടെ പുരാതനമായ ഓർമകളിലേക്ക് കൊണ്ടുപോകും. അജന്തയിലും എല്ലോറയിലും നാസിക്കിലും എലിഫൻഡാ ഗുഹകളിലും കാണപ്പെട്ട ധർമകായം കണേരിയിലും നാം അനുഭവിക്കാതെ വരില്ല.

Monday, October 31, 2022

തമിഴകമണ്ണിലൂടെയുള്ള തീർഥാടനം നമ്മെ ശ്രീരംഗം മുതൽ ചിദംബരം വരെയും മധുര രാമേശ്വരം തൊട്ടു കന്യാകുമാരി വരെയും ചെന്നെത്തിക്കും. ശൈവവും വൈഷ്ണവവുമായ അനേകം കോവിലുകൾ.കുംഭകോണത്തിനും തില്ലൈ ചിദംബരത്തിനുമിടയിലുള്ള നവഗ്രഹ ക്ഷേത്രങ്ങൾ. അതിൽത്തന്നെ ചോള ശില്പകലയുടെ ഉളിയൊച്ചകൾ സംഗീതമായി ഘനീഭവിച്ച തഞ്ചാവൂർ,ഗംഗൈ കൊണ്ടചോളപുരം, ദാരാ സുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ ചോഴമഹാക്ഷേത്രങ്ങൾ എന്നറിയപ്പെട്ടു. ബൃഹദീശ്വരവും ദാരാസുരവും ശില്പസൌഭഗത്തിന്‍റെ പുരാതല്പങ്ങളാണ്. ഈ യാത്രയില്‍ എന്നെ മോഹിപ്പിച്ചത്‌ ദാരസുരത്തിലെ ഐരാവതേശ്വരമാണ്, തീര്‍ച്ചയായും.പ്രാചീനമായൊരു കാല്പനികത ദാരാസുരത്തെ വേറിട്ട അനുഭവമാക്കുന്നു. ഹിന്ദോളത്തില്‍ നാഗസ്വരം വിടര്‍ന്നുലാവിയ പ്രഭാതത്തില്‍ അവിടെ എത്തുമ്പോള്‍ അറിഞ്ഞും കേട്ടുമെത്തിയ ഏതാനും വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചോളനാഗരികതയുടെ ധാരാവാഹിയായ ശില്പവിന്യാസവും,ദ്രാവിഡപ്പെരുമയുടെ അലങ്കാരപ്രിയതയും സമന്വയിച്ച ഈ ക്ഷേത്രച്ചുറ്റുകൾ സൌന്ദര്യത്തിന്‍റെഇതളുകള്‍ കൊണ്ട് പ്രകൃതിയുടെ പെരുമാളിന് മാല്യം തീര്‍ക്കുന്നു. തേവാരപ്പാട്ടിന്‍റെ പ്രാക്തനമായ ശീലുകള്‍ മണ്മറഞ്ഞുപോയൊരു കാലത്തിന്‍റെ ഏകാന്തവും മൃണ്‍മയവുമായ ധ്യാനം തിരികെ തന്നു. ശിലയിലുറഞ്ഞ സംഗീതമാണ് ശില്പങ്ങൾ എന്നൊരു ചൊല്ലുണ്ടല്ലോ.ദാരാസുരത്തെ ഐരാവതത്തിലെത്തുമ്പോൾ നാമത് അനുഭവിച്ചറിയും.കരിങ്കല്ലിൽ വിടർന്ന കവിതകളാണ് ബൃഹദീശ്വരത്തെയും ദാരാസുരത്തെയും കൃഷ്ണശിലകൾ.രഥചക്രങ്ങൾ വഹിക്കുന്ന ശിലാതളിമത്തിലാണ് ശിവപെരുമാളിൻ്റെ നില്പ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ ചോഴൻ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വാസ്തുശൈലിയിലുള്ള ക്ഷേത്രത്തിൻ്റെ നിർമാണം പൂർത്തിയാവുന്നത്. കൊണാർക്കിലെ സൂര്യക്ഷേത്രത്തിൻ്റെ ശില്പഗരിമയോട് സാമ്യമുള്ള ഒരു നിർമാണ ശൈലിയായാണ് ഇവിടെയും. ദുർവാസാവിൻ്റെ ശാപത്താൽ ശ്വേതനിറം നഷ്ടപ്പെട്ട ഐരാവതം എന്ന ആന ഇവിടെയെത്തി പരമശിവനെ തപസ്സു ചെയ്യുകയും ശിവപ്രീതിക്കായി ക്ഷേത്രക്കുളത്തിൽ സ്നാനം ചെയ്ത് ഐരാവതത്തിൻ്റെ വെളുപ്പ് നിറം തിരികെ ലഭിച്ചുവെന്നും കഥ. തീർത്ഥക്കുളത്തിൽ മുങ്ങിനിവർന്ന യമദേവനും അത്തരമൊരു അനുഭവമുണ്ടായി. യമതീർഥമെന്നും ക്ഷേത്രക്കുളത്തിനു പേരുണ്ട്. കാവേരീ നദിയിലെ ധാരയാണ് ഈ തീർഥമെന്നു കരുതപ്പെടുന്നു. തൊട്ടരികെ പെരിയനായകിയുടെ മറ്റൊരു കോവിൽ കാണാം.പാർവതീ ദേവിയാണ് അമ്മനായി അവിടെ കുടികൊള്ളുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും ഒളിമങ്ങാത്ത നിലവറയാണ് ദാരാസുരത്തെ ഈ പെരുംതൃക്കോവിൽ. 85 അടി ഉയരമുള്ള ഐരാവതേശ്വരൻ കോവിലിൻ്റെ വിമാനവും കുതിരകളെ പൂട്ടിയ കൂറ്റൻ രഥത്തിൻ്റെ മാതൃകയിലുള്ള മുഖമണ്ഡപവും അലങ്കരിക്കുന്ന ഈ ശിലാശില്പം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം തേടിക്കഴിഞ്ഞു. ദക്ഷിണേന്ത്യൻ ക്ഷേത്രലിഖിതങ്ങൾ രാജരാജേശ്വരം എന്നാണ് ദാരാസുരത്തെ ഈ കവിതയെ വിളിക്കുക. ശില്പകലയുടെ ധാരാളിത്തം നിറഞ്ഞ സൗന്ദര്യോപാസന പുറംപ്രാകാരത്തിൻ്റെ അകച്ചുറ്റിലാണ്. വാത്സല്യമൂറുന്ന മിഴികളുമായി ശയിക്കുന്ന നന്ദികേശ്വരനും മണ്ഡപത്തിലെ സംഗീതധാരയായ കരിങ്കൽ തൂണുകളും ഭിത്തികകളിൽ താളം ചവിട്ടുന്ന സാലഭഞ്ജികമാരും പ്രവേശന കവാടത്തിലെ ദീപലക്ഷ്മിമാരും ദ്വാരപാലകരും മാത്രമല്ല കാഴ്ചയുടെ ഭ്രമം തീർക്കുന്ന മൃഗ നര ശില്പങ്ങളും ചലനത്തിൻ്റെ ചടുലമായ ചിലങ്കാനാദം കേൾപ്പിക്കുന്നുണ്ട്‌. Visual Fantasy എന്നുതന്നെ പറയാവുന്ന അപൂർവദൃശ്യങ്ങളാണ് ശില്പങ്ങളിൽ.ആനയുടെ ഉടലും സിംഹത്തിൻ്റെ ശിരസ്സും ഒരേ ശരീരത്തിൽ കൊത്തി വെച്ചിരിക്കുന്നു. രഥചക്രങ്ങൾ വലിച്ചുകൊണ്ടു മുന്നോട്ടു കുതിക്കുന്ന കുതിരകൾ, നൃത്തം ചെയ്യുന്ന തരുണിമാർ ആയുധധാരികളായ പുരുഷന്മാർ തുടങ്ങിയ ദൃശ്യബിംബങ്ങൾ ചോളഭരണകാലത്തെ സാമൂഹ്യചിത്രം വരച്ചിടുന്നതാകാം. ക്ഷേത്ര നടയിലെ നന്ദിയുടെ ആരൂഢം സപ്തസ്വരമുതിർക്കുന്ന പടിക്കെട്ടുകൾ കേറിവേണം ചെന്ന് വന്ദിക്കാൻ.നീണ്ട ഇടനാഴികളും കൽത്തൂണുകളും അന്തരാളത്തിലെ കരിങ്കൽപ്പാളികൾ പതിച്ച നടവഴിയും ഉപദേവതകൾ പ്രതിഷ്ഠ കൊള്ളുന്ന ക്ഷേത്രച്ചുറ്റും ഇടമുറിയാതെ മഴപെയ്യുമ്പോൾ നിറഞ്ഞുകവിയുന്ന നാലമ്പലത്തിൻ്റെ പ്രാകാരസ്‌ഥലിയും ശ്രീകോവിൽ നടയിൽ നിന്നുയർന്നുകേൾക്കുന്ന തേവാരപ്പാട്ടും എല്ലാം ചേർന്നൊരുക്കുന്ന ദൃശ്യവും ശ്രാവ്യവുമായ അനുഭവം തമിഴകപെരുമയുടെ അനന്തകാലത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകും.

Tuesday, October 18, 2022

കൃഷ്ണശിലകളിലെ സംഗീതം

കൃഷ്ണശിലകളിലെ സംഗീതം കാഞ്ചീപുരം ജില്ലയിലെ പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം.ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് നാം കാലുകുത്തും. ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്.പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും കേൾവിപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്. ദ്രാവിഡ വാസ്തുശില്പകലയുടെ സൗന്ദര്യമാതൃകയാണ് ഇവിടത്തെ ഓരോ ശിലാനിർമിതിയും.പാറതുരന്നു നിർമിച്ച ഓരോ സ്മാരകവും കാഴ്ചയുടെ സവിശേഷമായ ലാവണ്യാനുഭവമാണെന്ന് പറയാതെ വയ്യ.ഗുഹാക്ഷേത്രങ്ങളും ഒറ്റക്കല്മണ്ഡപങ്ങളും നിറഞ്ഞ മഹാബലിപുരം പല്ലവ ശില്പകലയുടെ മകുടോദാഹരണമാണ്. പല്ലവരാജ്യത്തിലെ ശില്പകലാ വിദ്യാലയമായിരുന്നുവത്രെ മഹാബലിപുരം. ശില്പങ്ങളിൽ എല്ലാം പൂർണമല്ലെന്നു നോക്കിയാൽ അറിയാം. അപൂർണമായ ശില്പനിർമിതികൾ സംരക്ഷിക്കാനായി പല്ലവരാജാക്കന്മാർ നിർമിച്ച മഹാവിഷ്ണു ക്ഷേത്രമാണ് തിരുക്കടൽ മല്ലൈ.കടലോരത്തെ വിഷ്ണുക്ഷേത്രം മനോഹരമായ കാഴ്ചയൊരുക്കുന്നു. തൊട്ടരികെ പാണ്ഡവരുടെ പഞ്ചരഥങ്ങൾ ഓരോന്നും വ്യത്യസ്ത ശില്പശൈലികളിലാണ് വിന്യസിച്ചിരിക്കുന്നത്. പിരമിഡിൻ്റെ ആകൃതിയിലുള്ള ഈ രഥശില്പങ്ങൾ പഞ്ചപാണ്ഡവർക്കുള്ള ആരതിയൊരുക്കുന്നു. മഹിഷാസുര മർദ്ദിനി ഗുഹാക്ഷേത്രവും മറ്റു ശിലാനിർമിതികളും നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്. ഒറ്റക്കല്ലിലുള്ള തൃക്കൈ വെണ്ണപോലുള്ള ഉരുണ്ട പാറകല്ല് മറ്റൊരു അദ്‌ഭുതം തുറന്നുവെക്കുന്നു. സന്ദർശകർ കൂട്ടമായി കൈകൾകൊണ്ട് തള്ളിത്താഴെയിടാൻ നോക്കുമ്പോൾ ഇതാ ഇപ്പൊ വീഴുമെന്ന മട്ടിലാണ് ഭീമാകാരമായ പാറയുടെ നില്പ്. എന്നാൽ ഇപ്പറഞ്ഞതൊന്നുമല്ല മഹാബലിപുരത്തിൻ്റെ മാസ്റ്റർ പീസ്. അർജുനൻ്റെ തപസ്സ് എന്ന പേരിലുള്ള അത് ബൃഹത്തായ കൃഷ്ണാശിലാശില്പമാണ് മഹാബലിപുരത്തിൻ്റെ ഓർമകളിലെ ഏറ്റവും ദീപ്‌തമായ അനുഭവം. ഇത്രയും ബൃഹദാകാരമായൊരു ശിലാതളിമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജേന്ദ്രനും അർജുനനും ഇതര പുരാണ കഥാപാത്രങ്ങളും വള്ളിപ്പടർപ്പും പൂക്കളും വൃക്ഷങ്ങളും ഇടതിങ്ങിയ ശില്പവിന്യാസം ഒരുക്കിയ അക്കാലത്തെ തച്ചന്മാരുടെ കരവിരുതിനു മുമ്പിൽ ശിരസ്സ് വണങ്ങാതെ നമുക്കവിടം വിട്ടുപോരാനാവില്ല. ഇത്രയും ശില്പപൂർണതയാർന്ന ഒരു കലാചാതുരി മാമല്ലപുരം യാത്രയുടെ പ്രസാദമല്ലാതെ മറ്റെന്ത്.

Monday, October 3, 2022

Andamans

. എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക്‌ മീതെ ചിറകൊതുക്കാൻ തുടങ്ങുകയായി. ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവന്നു. ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക്‌ കസവു ചാർത്തിനിന്നു. സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. സപ്തംബർ പകുതിയോടെ മഴ അല്പം വിട്ടുനിന്നതായി തോന്നി.എങ്കിലും ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ചത് അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകർന്നുതന്നു. തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത അനുഭവപ്പെട്ടു. സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോർട്ട്‌ബ്ലയർ സിറ്റിയാണ്. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം നിലകൊള്ളുന്നത്.എന്നാൽ ഇൻഡോനേഷ്യയിലേക്കും മ്യാൻമാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബർമയിലെ അരക്കൻ- യോമ പർവതശൃംഖലയുടെ തുടർച്ചയിൽ നീഗ്രായിസ് മുനമ്പ്‌ മുതൽ അച്ചിൻഹെഡ് വരെ നീളുന്ന സമുദ്രാന്തര പർവതങ്ങളുടെ എഴുന്നുനില്ക്കുന്ന പാർശ്വങ്ങളാണ് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിലെ യൂണിയൻ ഭരണപ്രവിശ്യയുടെ' പദവിയാണ്‌ ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്നു. എ.ഡി ഒമ്പതാം ശതകത്തിൽ അറബിവർത്തകന്മാർ തയ്യാറാക്കിയ യാത്രാക്കുറിപ്പുകൾ ആൻഡമാൻ ദ്വീപുകളുടെ ചരിത്രം രേഖപ്പെടുത്തുന്നു. നരഭോജികളുടെ പ്രദേശമായാണ് അവരതിനെ രേഖപ്പെടുത്തിയത്. ടോളമിയും മാർക്കോപോളോയും ഈ ദ്വീപുകളുടെ കഥ പറയുന്നുണ്ട്. മാർക്കോപോളോ ' ആന്ഗമാൻ' എന്നാണു പേരിട്ടുവിളിച്ചത്. നിക്കോളോ കോണ്ടി' സുവർണ ദ്വീപെന്നും. നഗ്നരുടെ ദ്വീപെന്നാണ് നിക്കോബാറിനെ വിളിച്ചുപോന്നത്. ആയിരം വർഷങ്ങൾക്ക് മുൻപ് ചോളരാജാവായ രാജേന്ദ്രചോളൻ പായ്ക്കപ്പലിൽ നിക്കോബാറിൽ എത്തി 'നക്കാവരത്തെ' കീഴടക്കിയത്രേ. നക്കാവരം നിക്കോബാർ തന്നെ. ആൻഡമാനിൽ 'നിഗ്രിറ്റോ ' വർഗവും നിക്കോബാറിൽ 'മംഗളോയിഡ്‌' വർഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വർഗക്കാർ മധ്യ- ഉത്തര ആൻഡമാനിലെ തീരഭൂമിയിൽ അധിവസിക്കുന്നു. ഓൻഗകൾ, ജവരകൾ, സെന്റിനലുകൾ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്കൃതസമൂഹവുമായി വലിയ ബന്ധം പുലർത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയിൽ ബരാടാങ്ങിലേക്കുള്ള കാനനപാതയിൽ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാൻകഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കൾ തലയിൽ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവർ മറഞ്ഞു. ആൻഡമാൻ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ തടരേഖയിൽ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തിൽ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടൽ വനസസ്യങ്ങളാണ് ആൻഡമാന്ൻ്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വൻകരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്. പോർട്ട്‌ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക- മറൈൻ മ്യൂസിയങ്ങളും ഗാന്ധിപാർക്കും സെല്ലുലാർ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാർ ജയിൽ. ഡാനിഷ്- പോർട്ടുഗൽ -ഡച്ച് കോളനികൾക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാപാനി' എന്നറിയപ്പെട്ട സെല്ലുലാർ ജയിൽ പടുത്തുയർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആൻഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തുടർന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കൽതുറുങ്കകളിൽ തടവിലിടുകയായിരുന്നു.ഇങ്ങനെ ബർമയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള തടവുകാർക്കൊപ്പം മലബാർ ലഹളയിൽ തടവിലാക്കപ്പെട്ടവരെയും ആൻഡമാൻ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആൻഡമാൻ ( Penal Settlement ) അറിയപ്പെട്ടു. കാടും കടലും ആകാശവുമാണ് ആൻഡമാൻ്റെ കവചം.സമുദ്രാന്തരമലനിരകളുടെ ജലപ്പരപ്പിനു മീതെ എഴുന്നുനില്ക്കുന്ന ഈ ദ്വീപുകൾ സ്വാഭാവികമായും നിമ്നോന്നതവും സങ്കീർണവുമായ പ്രകൃതി അകമേ വഹിക്കുന്നു.എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണൽത്തിട്ടകളും എക്കൽ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ തടരേഖ ആൻഡമാൻ -നിക്കോബാർ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു. സമുദ്രസ്വാധീനത്തൽ സമീകൃതമായ കാലാവസ്ഥയാണ് പൊതുവെ ദൃശ്യമാവുന്നത്.ആർദ്രമായ രാപ്പകലുകൾ ദ്വീപിലെ ജീവിതം സുഖകരമാക്കുന്നു. ജൈവവൈവധ്യമാർന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമായിരുന്നു. ദ്വീപുകളിൽ മിക്കവാറും കേരളത്തിലെ ഗ്രാമാന്തരങ്ങളെ ഓർമിപ്പിക്കുംവിധം പച്ചത്തഴപ്പാർന്ന ബദാം, പപീതാ, പടാക്, മാർബിൾ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങൾ തഴച്ചുനിന്നിരുന്നു.കടലോരത്തെ കണ്ടൽവനങ്ങൾ വർണശബളവും നിത്യഹരിതയുമായിരുന്നു. ലൈംസ്ടോ ണ്‍ ഗുഹയിലേക്കുള്ള വഴികളിൽ സമൃദ്ധമായ മുളംകാടുകൾ ദൃശ്യമായി. വിവിധയിനം മുള,ചൂരൽ,പന,ഈറ എന്നിവയും ആൻഡമാൻ കാടുകളിൽ യഥേഷ്ടം വളരുന്നു. തെങ്ങിൻതോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉൾപ്രദേശങ്ങളിൽ ധാരാളം വളർത്തുന്നു. പൊതുവെ നൈസർഗിക ജന്തുജാലം ആൻഡമാനിൽ കുറവായാണ് അനുഭവപ്പെട്ടത്. അപൂർവം പുള്ളിമാനുകളേയും പൂച്ച, പട്ടി വർഗങ്ങളെയുംമാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഉഷ്ണമേഖലാ വനമേഖലകളിൽപ്പോലും അപൂർവം ജനുസ്സുകളിലുള്ള വിഷമില്ലാത്ത ഉരഗവർഗ മാണത്രെ ഉള്ളത്. ഇരപിടിക്കുന്ന കടൽപ്പക്ഷികളെ ഈ യാത്രയിൽ ഒരിടത്തും കണ്ടതായി ഓർമിക്കുന്നില്ല. പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്ന മൽസ്യജാലവും ജലജീവികളും കക്കയും വിവിധയിനം മീനുകളും മുത്തുച്ചിപ്പിയും ട്രോക്കസ്, ടർബോ, സ്രാവ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളും സമുദ്രസമ്പത്തിൽ നിന്ന് ദ്വീപുവാസികൾക്ക് ലഭിക്കുന്നു. കടലിന്ൻ്റെ നീലജലത്തിൽ അങ്ങിങ്ങു് കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആൻഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ.ഹാവ് ലോക്ക്, നീൽ, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളിൽ ടൂറിസ്റ്റുകൾ ചെന്നെത്തുന്നു.കേരളീയർ ധാരാളമായി പാർക്കുന്ന ഇടമാണ് മായാബന്ധർ. ഹാവ്ലോക്കിലെ രാധാനഗർ ബീച്ച് സാമാന്യം വലുതാണ്‌. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളിൽ ആയിരക്കണക്കിന് സഞ്ചാരികൾ വന്നണയുന്നു. തിരമാലകൾക്കൊപ്പം കെട്ടിപ്പുണരുന്നു, കണ്ടൽകാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീർ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാർന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകൾ ചിലവിടുന്ന സഞ്ചാരികൾ ആൻഡമാൻ ദ്വീപുകളിൽ നിന്നു മടങ്ങുന്നത് വർണങ്ങൾ ഒളിപ്പിച്ച സമുദ്രഗർഭയുടെ ഓർമകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ 'Snorkeling ' , ' Scuba diving ' തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വർണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതൽപത്തിനു താഴെ നമ്മെ കാത്തിരിക്കും. ഈ ദ്വീപുകളിൽ നിങ്ങൾ എന്ത് കണ്ടു എന്നുചോദിച്ചാൽ ഉത്തരമില്ല. ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്കുള്ള അലസമായ യാത്രയാണ് ആനന്ദം.പകൽമുഴുവൻ വെയിലും മഴയും നിഴലും ഇരുളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ചിത്രശാലയിൽ കാഴ്ചക്കാരായി ഇരിക്കുക മാത്രമേ വേണ്ടൂ. അവിടെ കാഴ്ചയുടെ മഴവില്ലുകൾ നാമറിയാതെ വിടരുന്നു. ക്രമേണ നമ്മൾ കാഴ്ചയാവുന്നു.

Saturday, September 10, 2022

മൂന്നാർ, യാത്രയുടെ പുസ്തകത്തിലെ നനുത്ത ഒരധ്യായമാണ്. ആവി പാറുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അലസമായി വളവുകൾ കടന്നു പോകുമ്പോൾ, ചിന്നക്കനാലും പാപ്പാത്തിച്ചോലയും കൊളുക്കുമലയും ഓർമയുടെ മഴനിഴലായി നമുക്കൊപ്പം. ചന്ദനമണമുള്ള മറയൂർ വനങ്ങളും ആദിമലോകത്തിലെ മുനിയറകളും ശിലാചിത്രങ്ങളും കായ്കനികൾ വിളഞ്ഞ കാന്തല്ലൂരിലെ കരിമ്പ്പാ ടങ്ങളും മറയൂരിലെ തേൻ കിനിയും ശർക്കരയും തേയില നുള്ളി മുതുകിലേറ്റി കടന്നുപോകുന്ന തമിഴ് പെൺകൊടികളും വട്ടവടയിലും കോവിലൂരിലും നിറസമൃദ്ധി പകർന്നു നിൽക്കുന്ന ഭൂപ്രകൃതിയും മൂന്നാർ യാത്രയെ സമ്പന്നമാക്കുന്നു. തമിഴകത്തേക്ക് തുറക്കുന്ന ജാലകക്കാഴ്ചയാണ്‌ ടോപ് സ്റ്റേഷൻ. വളവുകൾ താണ്ടി മാട്ടുപ്പെട്ടിയുടെ ഹരിത താഴ്‌വരയിൽ സുനന്ദിനികളായ കന്നുകാലികൾക്കൊപ്പം ഒരു നാൾ പാർക്കുമ്പോൾ അരവിന്ദൻ്റെ 'ചിദംബര'ത്തിലെ സ്മിത പാട്ടീലിനെ ഓർക്കാതിരിക്കില്ല. തേവാരപാട്ടിന്റെ നേർത്ത അലയിൽ പൂത്തുലഞ്ഞ ഗുൽമോഹർ പൂക്കൾക്കിടയിൽ നിൽക്കുന്ന മന്ദസ്മിതം. ചോലവനങ്ങളും പുൽമേടുകളും മുൾവനങ്ങളും നിറഞ്ഞ മൂന്നാർമേഖലയിലെ മഴനിഴൽ പ്രദേശങ്ങളിലൂടെ യാത്ര ഒരനുഭവമാണ്.ചിന്നാറിലെ മുൾക്കാടുകളും മറയൂരിലെ ഗുഹാചിത്രങ്ങളും മുനിയറകളും ഇപ്പോൾ പൈതൃക സംരക്ഷണത്തിലാണ്. ഒരിക്കലും സ്‌ഥലനിഷ്ഠമായിരുന്നില്ലല്ലോെ എൻ്റെ യാത്രകൾ. അനേകം കാതം താണ്ടി അലഞ്ഞലഞ്ഞുള്ള യാത്രകൾ പതിവില്ല. ഇഷ്ടം തോന്നിയ ഇടങ്ങളിൽ ഒന്നിലേറെ തവണ സന്ദർശിക്കാനും അവിടെ അലസമായി കഴിയാനും കണ്ടതത്രയും ഉൾക്കണ്ണിലും ക്യാമറയിലും ഒപ്പിയെടുക്കാനും ശ്രമിക്കാറുണ്ട്. മൂന്നാറിൽ പലതവണ പോയി. വിനോദസഞ്ചാരിയായല്ലാതെ. മറയൂരിൻ്റെ രുചിയും ഗന്ധവും പകർത്തി, പുരാതനമായ മുനിയറകളും കൃഷ്ണശിലയിലെ ചിത്രലിഖിതങ്ങളും മാട്ടുപ്പെട്ടിയുടെ ജനിതക വൈവിധ്യമുള്ള സുനന്ദിനിമാരെയും കാന്തല്ലൂരിലെയും വട്ടവടയിലെയും കൃഷി സമൃദ്ധിയും ഫ്രെയിമിൽ പകർത്തി. രാജമലയിലെ വരയാടുകളും വ്യാഴവട്ടങ്ങളിൽ ഒഴുകിപ്പരക്കുന്ന നീലക്കുറുഞ്ഞിയും ചിന്നാറിലെ തേയിലത്തളിരും കോടമഞ്ഞു മൂടിയ മൂവന്തികളും നീലമേഘങ്ങൾ മേയാനിറങ്ങിയ പ്രഭാതങ്ങളും ഓർമ്മകളിൽ മൂന്നാറിനെ ഹരിതമണിയിക്കുന്നു.

Thursday, June 16, 2022

From Sethumadhavan E Shreelakam, Perappoor Lane MLA Road, Kudappanakkunnu po Thiruvananthapuram. 43 To The Secretary TVRA, Kudappanakkunnu. sir, വിഷയം : വീട്ടുനമ്പർ TVRA 155 A ഉപയോഗിച്ചു എന്ന ആരോപണം. സൂചിക : താങ്കൾ 9.2.'22 ന് എഴുതി 14.6.'22 ന് ഞാൻ കൈപ്പറ്റിയ കത്ത്. മേൽ വിവരിച്ച കത്തിലെ ഉള്ളടക്കം വായിച്ചു മനസ്സിലാക്കി, അതിൽ പറയുന്ന പ്രകാരം എൻ്റെ പേരിൽ പോലീസിൽ പരാതിപ്പെടാനോ എനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനോ അസോസിയേഷന് അധികാരവും അവകാശവുമില്ല എന്ന ആമുഖത്തോടുകൂടി ഞാനൊരു മറുപടി തരാൻ നിർബന്ധിതനായിരിക്കുകയാണ്. ഞാൻ താങ്കൾ സെക്രട്ടറി ആയി പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനിലെ ഒരു അംഗമാണ്. അപ്രകാരം അംഗമായിരിക്കുമ്പോൾ അംഗത്വം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് അസ്സോസിയേഷൻ്റെ ഭാഗത്തുനിന്നും സമയോചിതമായ നടപടികൾ കൈകൊള്ളാത്ത പ്രവർത്തന രീതിയെ ഞാൻ ചോദ്യം ചെയ്തതിൽ താങ്കൾക്കുള്ള പക തീർക്കുന്നതിലേക്ക്, കൃത്യമായി അതാതു സമയങ്ങളിൽ വരിസംഖ്യ വാങ്ങാതെ കുടിശ്ശിക വന്ന തുക ഒരുമിച്ചു ആവശ്യപ്പെടുന്നതിലെ അനൗചിത്യം ചോദ്യം ചെയ്തതിനാൽ , അത് കൈപ്പറ്റാതെ പിണങ്ങിപ്പോയതിനു ശേഷം, മേലിൽ അത് സ്വീകരിക്കാൻ ഒരു നടപടിയും കൈകൊള്ളാതെ എന്നെ വരിസംഖ്യ കുടിശ്ശികക്കാരനായി ചിത്രീകരിച്ച്‌ എൻ്റെ അംഗത്വം അസ്‌ഥിരപ്പെടുത്തിയതായി ഇപ്പോൾ ഈ നടപടിയിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഏതു നിലക്കും ഈ നടപടിയുടെ ഔചിത്യവും അതിൻ്റെ നിയമവശവും പരിഗണിക്കേണ്ടിയിരിക്കുന്നു എന്നതിനാൽ, അതിനുവേണ്ട നടപടികൾ ഞാൻ കൈകൊ ള്ളുന്നതാണ്. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും രേഖാമൂലം തരാതെ Natural Justice നു വിരുദ്ധമായി എൻ്റെ അംഗത്വം 2010 ജനുവരി മാസം മുതൽ റദ്ദാക്കൽ ഉണ്ടായി എന്ന് 9.2 .22 ന് എഴുതി 14.6.22 ന് ഞാൻ കൈപ്പറ്റിയ കത്തിൽ പ്രതിപാദിച്ചിരിക്കുന്നതിൻ്റെ ഔചിത്യവും അതിൻ്റെ നിയമവശവും അസോസിയേഷൻ ഭാരവാഹി എന്ന നിലയിൽ താങ്കൾ തന്നെ പ്രഥമ ദൃഷ്‌ടിയാൽ പരിഗണിക്കേണ്ടതാണ്.ഏതുനിലക്കും ആ തീരുമാനം ഉദ്ഭവത്തിലേ അസാധുവാണെന്നും അപ്രകാരമുള്ള തെറ്റായ നടപടിയുടെ അടിസ്‌ഥാനത്തിൽ എൻ്റെ അംഗത്വം റദ്ദാക്കിയതായി പറഞ്ഞിരിക്കുന്നതിന് യാതൊരു നിയമസാധുതയുമില്ല എന്നും അറിയിക്കട്ടെ. ഞാൻ ഇപ്പോഴും അസ്സോസ്സിയേഷനിലെ അംഗമാണ്.കുടിശ്ശിക ഒന്നായി ഈടാക്കേണ്ട അവസ്‌ഥ സംജാതമായത് അസോസിയേഷൻ്റെ ഭാഗത്തുള്ള വീഴ്ചയാണ്. അതിനാൽ അത് തവണകളായി സ്വീകരിക്കാൻ അസോസിയേഷൻ ബാധ്യസ്‌ഥമാണ്.അപ്രകാരം അത് കൊടുത്ത് പൂർത്തീകരിക്കാൻ ഞാൻ തയ്യാറുമാണ്. ഏതുനിലക്കും എൻ്റെ അംഗത്വം റദ്ദു ചെയ്തോ ഇല്ലയോ എന്ന തർക്കവിഷയത്തിന് അതീതമായി അസോസിയേഷൻ്റെ നമ്പർ എൻ്റെ വിലാസത്തിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ചുള്ളതും അത് ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ളതുമായ ആരോപണങ്ങൾ പൂർണമായും തെറ്റാണ്. എൻ്റെ ഭവനം സ്‌ഥിതിചെയ്യുന്ന പ്രദേശം തിരുവനന്തപുരം സിറ്റി കോർപ്പറേഷനിൽ വരുന്ന സ്‌ഥലമായതിനാൽ അത് identify ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനം അനുവദിച്ച കോപ്പറേഷൻ നമ്പറിന് അതീതമായി മറ്റൊരു വിവരവും ആവശ്യമില്ല. എന്നാൽ കൂടുതൽ വ്യക്തതക്കുവേണ്ടി നാട്ടിലെ റെസിഡെൻഷ്യൽ അസോസിയേഷനിലെ അംഗങ്ങൾ അസോസിയേഷൻ നമ്പർ ഉപയോഗിക്കുന്നത് സർവസാധാരണമായ ഒരു കാര്യം മാത്രമാണ്.ആയതിനു പ്രത്യേകമായ അവകാശവാദമോ നിബന്ധനയോ നിയമപ്രകാരം ഏർപ്പെടുത്താൻ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതുപോലെത്തന്നെ ഞാൻ റെസിഡെൻഷ്യൽ അസ്സോസ്സിയേഷൻ നമ്പർ കാണിച്ചു സാധാരണയായി എൻ്റെ identity യോ വിലാസമോ ഉപയോഗിക്കുന്ന പതിവില്ല. അതേസമയം മറ്റാരെങ്കിലും താങ്കൾ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷൻ്റെ ചുരുക്കപ്പേരോ വീട്ടുനമ്പരോ വ്യക്തതക്കു വേണ്ടി ഉപയോഗിച്ചാൽ അതിന് എന്നെ കുറ്റപ്പെടുത്താൻ കഴിയുകയുമില്ല. ഞാൻ അസോസിയേഷൻ നമ്പർ വീടിൻ്റെ മുന്നിലോ മറ്റെവിടേയുമോ പ്രദർശിപ്പിച്ചിട്ടുമില്ല. ഏത് അവശ്യത്തിനായാലും സ്‌ഥലത്തെ prominent ആയ landmark രേഖപ്പെടുത്തുന്നത് സർവസാധാരണമായ കാര്യമാണ്. ഉദാഹരണത്തിന് ഒരാളുടെ അഡ്രെസ്സ് എഴുതുമ്പോൾ വ്യക്തതക്കുവേണ്ടി പോലീസ് സ്റ്റേഷന് എതിർവശം എന്ന് ചേർത്താൽ, പോലീസ് സ്റ്റേഷൻ എന്ന സർക്കാർ സ്‌ഥാപനത്തിൻ്റെ പേർ ദുരുപയോഗം ചെയ്തു എന്ന് കാണിച്ചു നടപടി എടുക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമം അനുശാസിക്കുന്നില്ല. കൂടാതെ എൻ്റെ അറിവിൽ താങ്കൾ വിവക്ഷിക്കുന്ന TVRA എന്ന ചുരുക്കപ്പേരിന് Trademark registration ഇല്ലാത്തിടത്തോളം കാലം ആയതിന് താങ്കൾ ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊരു പൂർണരൂപം പലരീതിയിൽ പലയിടങ്ങളിലും നിലവിൽ ഉണ്ടാകാനും സാധ്യത കാണുമല്ലോ. അതിനാൽ ഇപ്രകാരം പരിഗണനാർഹമല്ലാത്ത നിസ്സാര വിഷയങ്ങളിൽ എനിക്കെതിരെ false complaint കൊടുക്കുമെന്ന് പറയുന്നതിൽ നിന്ന് , എന്നോട് താങ്കൾക്കുള്ള വ്യക്തിപരമായ സ്വകാര്യ വിദ്വേഷമായിരിക്കാം കാരണമെന്ന് ഞാൻ ന്യായമായും സംശയിക്കുന്നു. താങ്കളുടെ കത്തിൽ പറയുന്ന ആരോപണം കൊണ്ട് ഒരു കുറ്റകൃത്യവും വ്യക്തമായി വെളിപ്പെടുന്നില്ല. അതിനു പുറമെ എൻ്റെ അംഗത്വം 2010 ജനുവരി മാസം മുതൽ റദ്ദാക്കിയത് നിയമപ്രകാരമാണെങ്കിൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എനിക്കെതിരെ ഇപ്രകാരം ഒരു നോട്ടീസ് അയക്കാൻ താങ്കൾക്ക് അധികാരമോ അവകാശമോ ഇല്ല. എൻ്റെ വീടിന് എന്ത് adress കാണിക്കണം എന്നുള്ളത് എൻ്റെ സ്വകാര്യതയാണ്.അതിന് താങ്കളുടെയോ സംഘടനയുടെയോ അനുവാദം ആവശ്യമില്ല. തന്നെയുമല്ല, അസോസിയേഷൻ മെമ്പർ അല്ലാത്ത ഒരാൾ സംഘടനയുടെ അംഗീകാരം വാങ്ങി വേണം വീടിനു പേരും നമ്പറും ഇടാൻ എന്ന വാദവും , അപ്രകാരമല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നുമുള്ള താങ്കളുടെ പരാമർശവും പൂർണമായും തെറ്റാണ് എന്നാണ് നിയമജ്ഞരിൽ നിന്ന് എനിക്ക് കിട്ടിയ നിർദേശം. എൻ്റെ പേരിൽ കാരണം കൂടാതെ പോലീസ് പരാതി കൊടുക്കാനോ അനാവശ്യ നടപടികൾ കൈക്കൊള്ളാനോ മുതിരുന്ന പക്ഷം അതിന്മേൽ എനിക്കുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും മാനനഷ്ടത്തിനും നിങ്ങളും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനും പൂർണമായും ഉത്തരവാദി ആയിരിക്കുമെന്ന വിവരം സവിനയം അറിയിക്കുന്നു. സൗഹാർദ്ദത്തോടെ സേതുമാധവൻ ഇ . പ്രോഗ്രാം എക്സിക്യൂട്ടീവ് , ദൂരദർശൻ ( Retd ) ശ്രീലകം, പേരാപ്പൂർ , എം എൽ എ റോഡ് കുടപ്പനക്കുന്ന് po തിരുവനന്തപുരം. 43 .

Thursday, March 24, 2022

അവതാരിക - സഹയാത്രികക്കൊപ്പം

സഫലമായൊരു ആനന്ദധാരയാണ് ഗീതുശ്രീയുടെ കവിതകൾ. ഞാനടിമുടി പൂത്തൊരു കൊന്നയായ് അവിടുത്തെ തിരുമുടിമാലയിലൊരു പൂവായിമാറി സഫലമീ ജന്മം എന്നൊരു അർഥന. സുഗന്ധിയായി തപസ്സിരിക്കുകയാണ് ഈ രാധ. കാട്ടുകടമ്പിലെ വള്ളിയൂഞ്ഞാലിൽ കൃഷ്ണനോടൊപ്പം ആടിരസിച്ചുല്ലസിക്കാൻ കൊതിക്കുന്ന രാഗലോലയാണ് ഈ കവിത. കാരുണ്യം പെൺമെയ്യാർന്നപോലെയാണ് കവിയുടെ വാത്സല്യം. നിലാവിനെന്തേ പതിവിലും ചന്തം എന്നാരായുന്ന രാധിക. ഓരോ മാമ്പൂക്കാലവും പൊയ്പോയൊരു ബാല്യം അവൾക്കു തിരികെ കൊടുത്തു.നാട്ടുതേന്മാവിൻ്റെ ചോട്ടിൽ വന്നുവീഴുന്ന മധുരമാണീ കവിതാ തല്ലജങ്ങൾ. 'നിന്നോട് പിണങ്ങുമ്പോൾ' എന്ന കവിതനോക്കൂ.വാ തോരാതെ മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇലത്തുമ്പിലെ നീർത്തുള്ളി പോലെ വീണുടയുന്ന വരികൾ. നിൻ്റെ പുന്നാരങ്ങളിലെ കളിവാക്കായും കളിമ്പമായും ഒരുനാൾ നീയറിയാതതിരിലെ വേലിപ്പത്തലിൽ തൊടിയിലെ പുളിമരചാർത്തിൽ ഒളിച്ചിരിക്കുന്ന കവിത.ഒടുങ്ങാത്ത തിരയിളക്കമാർന്ന കണ്ണിലെ പ്രണയക്കടൽ. പരിഭവം പറയുമ്പോൾ പ്പോലും പ്രിയൻ്റെ ഉള്ളം മുറിഞ്ഞു ചോരപൊടിഞ്ഞെങ്കിലോ എന്ന ഭയം അവൾക്കുണ്ട്. 'മഴ' എന്ന കവിത ഇടിവെട്ടിപ്പെയ്യുന്ന ഒരു തുലാവർഷരാവിൻ്റെ സൗന്ദര്യമുള്ളതാണ്.ഇന്നലെ രാത്രി തുടങ്ങിയതാണ്,ഈ തണുത്ത വെളുപ്പാൻകാലത്തും ചിണുങ്ങി പെയ്യുകയാണ് മഴ.കുസൃതിയാണ് ആ മിഴി നിറയെ. മഞ്ഞപ്പൂഞ്ചേലയും കാഞ്ചന നൂപുരവും കിങ്ങിണിക്കൊഞ്ചലും പീലിത്തിരുമുടിയും കോലകുഴൽവിളിയും പൊന്നരഞ്ഞാണവും ഗീതുവിൻ്റെ കവിതകളിൽ നിറമാല ചാർത്തുന്നു. ഒരേ ഹൃദയത്തുടിപ്പണിഞ്ഞ ചകോരം മിഥുനമായി നിലാവ് നുണയാൻ കാത്തിരിക്കുന്ന കവിഹൃദയം. നീയെന്നിലും ഞാൻ നിന്നിലും അത്രമേൽ വേരാഴ്ത്തിക്കഴിഞ്ഞു. ഓർമയുടെ ചക്രവാളസീമയിൽ സൂര്യൻ ഉദിക്കുന്ന ദിനം ഞാനെൻ്റെ നീരാളിക്കൈകൾ വേർപെടുത്തും.. എന്നിടത്തോളം ദൃഢമാണ് ഗീതുവിൻ്റെ കവിതാനുരാഗം. വട്ടുണ്ടോ നിനക്കെന്ന് ഉള്ളിലിരുന്നാരോ ചോദ്യമെറിയുമ്പോൾ, വാഴ്വെന്നത് വെറുമൊരു കനവായിരുന്നെങ്കിൽ എന്നവൾ ഉള്ളാലെ കൊതിക്കും. കൂമ്പുമീ തൊട്ടാവാടി ഉണരാതിരുന്നെങ്കിൽ എന്ന് സ്വയം ശപിക്കും. പടിപ്പുരമിറ്റവും അലരിപ്പൂക്കൾ വിരിഞ്ഞ തൊടികളും നന്ത്യാർവട്ടങ്ങൾ ഉലഞ്ഞാടിയ തെക്കേപ്പുറവും കടന്നു ചിത്രപതംഗങ്ങളെപ്പോലെ ചേച്ചിയോടൊപ്പം, കുഞ്ഞനുജനോടൊപ്പം ഓടിക്കളിച്ച കുട്ടിക്കാലം. ഹരിയുടെ കോലകുഴൽ മാധുരിയിൽ ഒഴുകുകയാണവൾ പുഴപോലെ. പ്രേമക്കടലിൽ വെൺനുര പോലവൾ നുണയുകയാണു മരന്ദം. ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ... തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽ‌പ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്. ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു. എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ. ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിൻ്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു." ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? 'ഭൂമി' എന്ന കവിതയിലെ വരികളാണ്. പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും താൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. താനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ' ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക. ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മാലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം. ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ. ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ്‌ ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും. കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം.... ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ. എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു. ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്. എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം. ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ. 'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ. "പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും.." എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു. - സേതുമാധവൻ മച്ചാട്
ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ്‌ ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും. കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം.... ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ. എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു. ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്. എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം. ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ. 'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ. "പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും.." എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.

ഗീതു 4

ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ്‌ ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും. കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം.... ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ. എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു. ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്. എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം. ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ. 'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ. "പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും.." എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.

Thursday, March 17, 2022

ഗീതു 3

ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നു നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഭൂമി എന്ന കവിതയിലെ വരികളാണ്.പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും തൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. ഞാനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ'ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക. ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം. ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ.

Tuesday, March 15, 2022

ഗീതു 2

ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ... തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽ‌പ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്. ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർ ഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു. എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ. ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിന്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു."

Saturday, March 12, 2022

ഗീതുശ്രീ

സഫലമായൊരു ആനന്ദധാരയാണ് ഗീതുശ്രീയുടെ കവിതകൾ. ഞാനടിമുടി പൂത്തൊരു കൊന്നയായ് അവിടുത്തെ തിരുമുടിമാലയിലൊരു പൂവായിമാറി സഫലമീ ജന്മം എന്നൊരു അർഥന. സുഗന്ധിയായി തപസ്സിരിക്കുകയാണ് ഈ രാധ. കാട്ടുകടമ്പിലെ വള്ളിയൂഞ്ഞാലിൽ കൃഷ്ണനോടൊപ്പം ആടിരസിച്ചുല്ലസിക്കാൻ കൊതിക്കുന്ന രാഗലോലയാണ് ഈ കവിത. കാരുണ്യം പെൺമെയ്യാർന്നപോലെയാണ് മുത്തശ്ശിയുടെ വാത്സല്യം. നിലാവിനെന്തേ പതിവിലും ചന്തം എന്നാരായുന്ന രാധിക. സഖിനിൻ്റെ യുള്ളിൽ ഒളിപ്പിച്ച കള്ളൻ കൊളുത്തിയ കാന്തവിളക്കുകളാണോ ? ഓരോ മാംപൂക്കാലവും പൊയ്പോയൊരു ബാല്യം അവൾക്കു തിരികെ കൊടുത്തു.നാട്ടു തേന്മാവിൻ്റെ ചോട്ടിൽ വന്നു വീഴുന്ന മധുരമാണീ കവിത തല്ലജങ്ങൾ. നിന്നോട് പിണങ്ങുമ്പോൾ എന്ന കവിത നോക്കൂ .വാ തോരാതെ മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇലത്തുമ്പിലെ നീർത്തുള്ളി പോലെ വീണുടയുന്ന വരികൾ. നിൻ്റെ പുന്നാരങ്ങളിലെ കളിവാക്കായും കളിമ്പമായും ഒരുനാൾ നീയറിയാതതിരിലെ വേലിപ്പത്തലിൽ തൊടിയിലെ പുളിമരചാർത്തിൽ ഒളിച്ചിരിക്കുന്ന കവിത.ഒടുങ്ങാത്ത തിരയിളക്കമാർന്ന കണ്ണിലെ പ്രണയക്കടൽ. പരിഭവം പറയുമ്പോൾ പ്പോലും പ്രിയൻ്റെ ഉള്ളം മുറിഞ്ഞു ചോരപൊടിഞ്ഞെങ്കിലോ എന്ന ഭയം അവൾക്കുണ്ട്. മഴ എന്ന കവിത ഇടിവെട്ടിപ്പെയ്യുന്ന ഒരു തുലാവർഷരാവിൻ്റെ സൗന്ദര്യമുള്ളതാണ്.ഇന്നലെ രാത്രി തുടങ്ങിയതാണ് , ഈ തണുത്ത വെളുപ്പാൻകാലത്തും ചിണുങ്ങി പെയ്യുകയാണ് മഴ.കുസൃതിയാണ് ആ മിഴി നിറയെ. മഞ്ഞപ്പൂഞ്ചേലയും കാഞ്ചന നൂപുരവും കിങ്ങിണിക്കൊഞ്ചലും പീലിത്തിരുമുടിയും കോലകുഴൽവിളിയും പൊന്നരഞ്ഞാണവും ഗീതുവിൻ്റെ കവിതകളിൽ നിറമാല ചാർത്തുന്നു. ഒരേ ഹൃദയത്തുടിപ്പണിഞ്ഞ ചകോരം മിഥുനമായി നിലാവ് നുണയാൻ കാത്തിരിക്കുന്ന കവിഹൃദയം. നീയെന്നിലും ഞാൻ നിന്നിലും അത്രമേൽ വേരാഴ്ത്തിക്കഴിഞ്ഞു. ഓർമയുടെ ചക്രവാളസീമയിൽ സൂര്യൻ ഉദിക്കുന്ന ദിനം ഞാനെൻ്റെ നീരാളിക്കൈകൾ വേർപെടുത്തും.. എന്നിടത്തോളം ദൃഢമാണ് ഗീതുവിൻ്റെ കവിതാനുരാഗം. വട്ടുണ്ടോ നിനക്കെന്ന് ഉള്ളിലിരുന്നാരോ ചോദ്യമെറിയുമ്പോൾ, വാഴ്വെന്നത് വെറുമൊരു കനവായിരുന്നെങ്കിൽ എന്നവൾ ഉള്ളാലെ കൊതിക്കും. കൂമ്പുമീ തൊട്ടാവാടി ഉണരാതിരുന്നെങ്കിൽ എന്ന് സ്വയം ശപിക്കും. പടിപ്പുരമിറ്റവും അലരിപ്പൂക്കൾ വിരിഞ്ഞ തൊടികളും നന്ത്യാർവട്ടങ്ങൾ ഉലഞ്ഞാടിയ തെക്കേപ്പുറവും കടന്നു ചിത്രപതംഗങ്ങളെപ്പോലെ ചേച്ചിയോടൊപ്പം, കുഞ്ഞനുജനോടൊപ്പം ഓടിക്കളിച്ച കുട്ടിക്കാലം. ഹരിയുടെ കോലകുഴൽ മാധുരിയിൽ ഒഴുകുകയാണവൾ പുഴപോലെ. പ്രേമക്കടലിൽ വെൺനുര പോലവൾ നുണയുകയാണു മരന്ദം.