Tuesday, November 19, 2019

സ്വപ്നത്തിന്റെ നിറം

തെക്കൻ തിരുവിതാംകൂറിലെ പശിമരാശിയിൽനിന്നാണ് കതിർക്കനമുള്ള ഈ രചനകൾ നമ്മുടെ മുമ്പിലെത്തുന്നത്. സവിശേഷമായ ഒരു ഭാഷാപ്രയോഗത്തിലൂടെ ഹരിതചാരുതയാർന്ന ഒരു ഭൂപ്രദേശമാണ് വായനയിൽ തുറവികൊള്ളുന്നത് .അനായാസം ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന കൃതിയാണ് ഹരിയുടേത്. ലാളിത്യമാണ് അതിന്റെ മുഖമുദ്ര. പ്രസാദമാണ് ഈ എഴുത്തിന്റെ  മുഖശ്രീ. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളാകട്ടെ അതീവഗൗരവമാർന്നതും.

ഒരേ സമയം കാർട്ടൂണിസ്റ്റും കവിയുമായ ഒരാൾ ഗദ്യത്തിലേക്കു പ്രവേശിക്കുമ്പോൾ സ്വാഭാവികമായും തൂലികയിൽ വിടരുന്ന ഒരു നർമ ബോധമുണ്ടല്ലോ അത് ഹരിയിൽ അതീവജാഗ്രത്താണ്. താൻ രാപ്പാർക്കുന്ന ഈ ഭൂമിയുടെ അതിരുകൾ നേർത്തു നേർത്തില്ലാതാവുമ്പോൾ അവിടെ നിന്നും കൂടൊഴിയുന്ന സഹജീവിതങ്ങളുടെ, മാഞ്ഞുപോകുന്ന ബന്ധങ്ങളുടെ, ഓർമകളുടെ, കുട്ടിക്കാലങ്ങളുടെ ഗൃഹാതുരവും വേദനാനിർഭരവുമായ എഴുത്തോലയാണ് ഇത്.  ഫേസ്ബുക്കിലെ  ബ്ലോഗ് രൂപങ്ങളായി വാർന്നുവീണ ഈ കുറിപ്പുകൾക്ക് എന്തെന്നില്ലാത്ത ഒരു വാത്സല്യവും ഹരിതഭംഗിയുമുണ്ട്. ഓർമകളുടെ കാലതീരത്തിൽ നിന്ന് ഹരി കാണുന്ന കാഴ്ചകൾ മാഞ്ഞുപോകുന്ന മഴവില്ലുകളുടെയും ചെവിയോർക്കുമ്പോൾ വിദൂരതയിലേക്ക് അകന്നുപോകുന്ന നിലവിളികളുടെയും മാറ്റൊലിയാണ് .
ഉരുസക്കുത്തായ നാട്ടുവഴികളിലൂടെ കടന്നുപോയ കാളവണ്ടികളും  കുളമ്പടികളും വിജനമായിക്കൊണ്ടിരിക്കുന്ന നദിക്കരകളും നമ്മുടെ ആവാസവ്യവസ്‌ഥയുടെ ബാലപാഠങ്ങൾ നൽകിയ കുളങ്ങളും കാവുകളും പാറക്കെട്ടുകളും പാടശേഖരങ്ങളും നാട്ടുകവലയിലെ ചായകടകളും നാട്ടുവർത്തമാനങ്ങളും എന്നുവേണ്ട സമകാലജീവിതത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ആർദ്രസ്വപ്നങ്ങളത്രയും ഹരിയുടെ ചിന്തകളിൽ പോക്കുവെയിൽ സിന്ദൂരം ചാർത്തുന്നു.

മനുഷ്യനോടൊപ്പം മൃഗചേതനക്കും സസ്യചേതനക്കും പ്രാധാന്യവും പ്രാതിനിധ്യവുമുള്ള ഒരു സാമൂഹികാവസ്‌ഥ ഈ കവി സ്വപ്നം കാണുന്നു. പാരിസ്‌ഥികമായ ഉണർച്ച ഹരിതഭാരതത്തിലെ ഓരോ അധ്യായത്തിലും നിറവാർന്നു  നിൽക്കുന്നുണ്ട് . പ്രകൃതിയെ നിരസിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൈതൃകത്തെത്തന്നെയാണല്ലോ നാം തിരസ്കരിക്കുന്നത് .ഈ രചനകളിൽ ജീവന്റെ നാദഭരിതവും വർണഭരിതവുമായ ആന്തരശോഭയുടെ വ്യാമുഗ്‌ധമായ ആവിഷ്‌കാരഭംഗികളുണ്ട്. ദേശം പകർന്നുപോകുന്ന ഓർമകളുടെ സങ്കടം തിങ്ങിയ  പിൻവിളികളുണ്ട് . നിസ്സഹായമായ മനുഷ്യാവസ്‌ഥയുടെ  നിലവിളികളുണ്ട്. താൻ ഇരുകൈകളും ഉയർത്തി സത്യംവിളിച്ചു പറയുമ്പോഴും ആരുണ്ടിതു കേൾക്കാൻ? എന്നൊരു ധർമ്മവ്യസനിതയുമുണ്ട്.
ഒന്നും ഒന്നിനും പരിഹാരമല്ലെന്ന് ഹരിക്കറിയാം. അദ്ദേഹത്തിൻറെ കയ്യിലും മാറുന്ന ലോകത്തെ ഇങ്ങനെ നോക്കിനിൽക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും തന്നെയില്ല. കാടു കത്തുന്നത് നാട്ടുകാരെ വിളിച്ചറിയിക്കുക എന്ന നൈതികബോധത്തിനുമപ്പുറം സർഗാത്മകമായി മറ്റെന്തെങ്കിലും അവകാശപ്പെടാനുണ്ടോ?

ഓരോ കുറിപ്പുകൾക്കും ഹരി നൽകുന്ന ശീർഷകം പ്രതിഭയുടെ സ്‌പർശമുള്ളതാണ്. അടങ്ങാത്ത പ്രത്യാശയാണ് അവയുടെ ജീവൻ. ഈ ഭൂമിയിലെ മുഴുവൻ പച്ചപ്പും വറ്റിവരണ്ടു മരുപ്രദേശമായി പരിണമിച്ചാലും മണ്ണിലവശേഷിക്കുന്ന ഒരിറ്റ്  നനവിൽ നിന്ന് ഒരു പുൽക്കൊടി മിഴിതുറന്നു വരുമെന്നും അത് തളിരിടുമെന്നും കാണെക്കാണെ നമ്മുടെ പ്രകൃതി പിന്നെയും ഹരിതാഭമാകുമെന്നും ഒരാൾ സ്വപ്നം കാണുന്നെങ്കിൽ നമ്മളും  ആ പ്രാർഥനയിൽ ഒത്തുചേരാതിരിക്കുവതെങ്ങനെ ...?

- സേതുമാധവൻ മച്ചാട്

Thursday, October 10, 2019

ഹെമിങ് വെ

ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ  ഒരു ഇതിഹാസമാണ്‌  ഏര്‍നെസ്റ്റ്
ഹെമിംഗ് വേ.  പ്രഗത്ഭനായ സാഹിത്യകാരന്‍ എന്നതിന് പുറമേ കരുത്തുറ്റ പൌരുഷത്തിന്‍റെ മൂര്‍ത്തിമദ്ഭാവം എന്നൊരു പരിവേഷം കൂടി അദ്ദേഹത്തെ വലയം ചെയ്തിരുന്നു. നായാട്ട്,മീന്‍പിടിത്തം,ഗുസ്തി,കാളപ്പോര്,സൈക്കിള്‍ സവാരി, നീന്തല്‍ തുടങ്ങി പലതരം കായിക വിനോദങ്ങളിലും വ്യാപരിച്ച, മദിരയിലും മദിരാക്ഷിയിലും യഥേഷ്ടം അഭിരമിച്ച , യുദ്ധങ്ങളില്‍ പങ്കെടുക്കുകയും സാഹസകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

ഇല്ലിനോയിലെ ഓക് പാര്‍ക്കില്‍ ഒരു ഡോക്ടറുടെ മകനായിട്ടാണ് ഹെമിംഗ് വേ ജനിച്ചത്‌.കായിക വിനോദങ്ങളിലുള്ള അഭിനിവേശം നന്നേ ചെറുപ്പത്തില്‍ തന്നെ പ്രകടമായിരുന്നു. പത്ര റിപ്പോര്ട്ടറായിട്ടാണ് ആദ്യം ജോലി ചെയ്തത്. ഒന്നാം ലോകമഹയുദ്ധത്തില്‍ സന്നദ്ധസേവകനായി ഒരു ആംബുലന്‍സില്‍ ചേര്‍ന്ന് ഇറ്റാലിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും കാലില്‍ കഠിനമായ മുറിവേല്‍ക്കുകയും ചെയ്തു.യുദ്ധത്തിനുശേഷം പാരീസില്‍ വിദേശ ലേഖകനായി ജോലിനോക്കി . അവിടെവെച്ച് സാഹിത്യരചനയില്‍ ജെര്‍ട്രൂഡ സ്ടയ്ന്‍ ,എസ്രാ പൌണ്ട് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു.സാഹിത്യരചനയുംപത്രപ്രവര്‍ത്തനവുമായിട്ടാണ്  പില്‍ക്കാലം ജീവിച്ചത്.
രണ്ടാംലോകമാഹായുദ്ധത്തില്‍ പങ്കെടുക്കുക മാത്രമല്ല  ബോംബര്‍ വിമാനങ്ങളില്‍ പറക്കുക കൂടിയുണ്ടായി. അമ്പത്താറാം വയസ്സില്‍ സ്വന്തം ചരമവൃത്താന്തം പത്രങ്ങളില്‍ വായിക്കുക എന്ന അപൂര്‍വ്വമായ ഒരനുഭവം അദ്ദേഹം നേരിടുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച വിമാനം അഫ്രിക്കയില്‍  തകര്‍ന്നു വീണതായിരുന്നു സന്ദര്‍ഭം. അപകടം ഏല്‍പിച്ച പരിക്ക് അദ്ദേഹത്തിന്റെ മാനസികനില തകരാനിടയാക്കി . 7വര്‍ഷത്തിനു ശേഷം അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയം ചെയ്തു. അതൊരു അപകടമരണമാണെന്നൊരു അഭിപ്രായവുമുണ്ട്. ഹെമിംഗ് വെ നാല് തവണ വിവാഹിതനായി. പല സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.ജീവിതത്തിന്റെ ഉത്തരഭാഗം അദ്ദേഹം ക്യൂബയിലാണ് ജീവിച്ചത്.

ഹെമിംഗ് വേയുടെ  ആദ്യകാല കൃതികളാണ് കൂടുതല്‍ മെച്ചപ്പെട്ടത് എന്നാണ് നിരൂപകരുടെ അഭിപ്രായം. മാത്രമല്ല അദ്ദേഹത്തിന്‍റെ നോവലുകളെക്കാള്‍ ഉല്‍ക്കൃഷ്ടം ചെറുകഥകളാണെന്നും പലര്‍ക്കും അഭിപ്രായമുണ്ട്. ഇരുപത്തേഴാം വയസ്സില്‍ പ്രസിദ്ധീകരിച്ച ' നമ്മുടെ കാലത്ത് '( In Our Time) എന്ന ചെറുകഥാ സമാഹാരമാണ് ആദ്യ കൃതി. അടുത്ത വര്‍ഷം പുറത്തിറങ്ങിയ ' സൂര്യനും ഉദിക്കുന്നു'(The Sun Also Rises) എന്ന നോവല്‍ ഹെമിംഗ് വേ യെ പ്രശസ്തനാക്കി. തുടര്‍ന്ന് രണ്ടു കൊല്ലത്തിനു ശേഷം പുറത്തിറങ്ങിയ ' ശസ്ത്രങ്ങളോടൊരു വിട'യും ( A farewell to Arms) അദ്ദേഹത്തിന്‍റെ വിശിഷ്ട കൃതികളായി കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ മറ്റൊരു നോവലാണ്‌ ' മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' ( For Whom the Bell Tolls). എന്നാല്‍ ഹെമിംഗ് വേയുടെ 'കിഴവനും കടലും' എന്ന മാസ്റ്റര്‍ പീസ് സമുന്നതനിലവാരം പുലര്‍ത്തുന്ന കൃതിയായി ലോകം വിലയിരുത്തി.
ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള ശോകാത്മകമായൊരു പ്രണയകഥയാണ്‌ 'ശസ്ത്രങ്ങളോടൊരു വിട. ലഘുവായൊരു ഇതിവൃത്തം. മുറിവേറ്റ ഫ്രെഡറിക് ഹെന്‍ട്രി എന്ന പട്ടാള ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ വെച്ച് കാതറൈന്‍ ബാര്‍ക് ലി എന്നൊരു സന്നദ്ധ സേവകയെ കണ്ടുമുട്ടുന്നു.അവര്‍ പ്രേമബദ്ധരാവുന്നു. മുറിവുണങ്ങിയ ഹെന്‍ട്രി യുദ്ധരംഗത്തേക്ക് തിരിച്ചുപോവുന്നു.
കാപ്പൊറെറ്റി എന്ന സ്ഥലത്തുവെച്ചുണ്ടായ യുദ്ധത്തില്‍ ഇറ്റാലിയന്‍ പട ചിന്നിച്ചിതറുമ്പോള്‍ ഹെന്‍ട്രിയും കാതറിനും രാത്രി സമയത്ത് ചെറിയൊരു തോണിയില്‍ തടാകം കടന്ന് സ്വിറ്റ്സര്‍ലണ്ടില്‍ അഭയം തേടുന്നു. ഇതിനകം ഗര്‍ഭിണിയായിരുന്ന കാതറൈന്‍ അവിടെ വെച്ച് പ്രസവത്തില്‍ മരണമടയുന്നു. സാധാരണ രീതിയിൽ പറയുന്ന ഒരു പ്രേമകഥയല്ല ഇത്. യുദ്ധത്തിന്‍റെ കൊടും യാതനകളില്‍ അര്‍ഥവും മൂല്യവുമൊക്കെ നഷ്ടപ്പെട്ട ഒരു ലോകത്തില്‍ രണ്ടു വ്യക്തികള്‍ പരസ്പരബന്ധത്തിലൂടെ ജീവിതത്തിനൊരടിത്തറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സജീവചിത്രണമാണ് ഹെമിംഗ് വേ പകരുന്നത് . അദ്ദേഹത്തെ ഒഴിയാബാധ പോലെ പിന്തുടര്‍ന്ന ഒരു സമസ്യയോടു ബന്ധപ്പെട്ടതാണിത്. പരമ്പരാഗതമായ മൂല്യങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെട്ട, ഹിംസാത്മകവും അക്രമോത്സുകവുമായ ലോകത്തില്‍ മനുഷ്യന്‍ എന്തിന്‍റെ പേരില്‍ ജീവിക്കണം, മരിക്കണം എന്നുള്ളതാണ് ആ സമസ്യ. ഇന്ദ്രിയ സുഖങ്ങളില്‍ മുഴുകിയും വിധിയെ ചെറുത്തും, മതമുള്‍പ്പടെ എന്തെങ്കിലും വിശ്വാസങ്ങളില്‍ അഭയം തേടിയും ഒരതിര്‍ത്തി വരെ മനുഷ്യന് ജീവിതം നിലനിര്‍ത്താം.എന്നിട്ടും ജീവിതത്തില്‍ ശൂന്യത അനുഭവപ്പെടുമ്പോഴോ? ആ ശൂന്യതയെക്കാള്‍ അസ്വീകാര്യമല്ല മൃത്യുവിന്‍റെ ശൂന്യത എന്നാണ് ഹെമിംഗ് വേ നല്‍കുന്ന ഉത്തരം. അതേസമയം ആധുനിക ജീവിതത്തിന്‍റെ നിരര്‍ത്ഥകതയിലും അര്‍ത്ഥപൂര്‍ണമായ ജീവിതം കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം സ്വപ്നം കാണുകയും ചെയ്തിരുന്നു.
ഈ നോവലിലെ യുദ്ധവര്‍ണനകള്‍ വായനക്കാരുടെ ശ്രദ്ധയും പ്രശംസയും നേടിയവയാണ്. ഇറ്റാലിയന്‍ പട തോറ്റോടുന്നതിന്റെ ചിത്രം ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലിലെ വര്‍ണനകളോട് കിടപിടിക്കുന്നതാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹെമിംഗ് വേയുടെ ഭാഷാശൈലിയും ഏറെ ശ്ലാഘിക്കപ്പെട്ടിട്ടുള്ളതത്രേ. സകല അമൂര്‍ത്ത പദങ്ങളെയും പുറംതള്ളി മൂര്‍ത്തമായ ചെറിയ നാമപദങ്ങള്‍ ഉപയോഗിച്ച് എഴുതുകയാണ് അദ്ദേഹത്തിന്‍റെ രീതി. ലോകം കണ്ട വലിയ എഴുത്തുകാരില്‍ ഏറ്റവും കുറഞ്ഞ പദസമ്പത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഹെമിംഗ് വേ ആണെന്നത് എത്രപേര്‍ക്കറിയാം ? അതേസമയം  ജീവിതത്തില്‍ താന്‍ തിരഞ്ഞെത്തിയ സത്യങ്ങള്‍ ഇന്ദ്രിയവേദ്യമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് ആ പദാവലി ആവശ്യത്തിലും അധികമായിരുന്നു എന്നതാണ് സത്യം.

1952 ല്‍ ' ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' ( കിഴവനും കടലും ) പ്രസിദ്ധീകരിച്ചതോടുകൂടി ഹെമിംഗ് വേ വിശ്വ പ്രശസ്തിയിലേക്കുയര്‍ന്നു.ഇത് 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിനു നേടിക്കൊടുത്തു. 1961ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരതികായനെയാണ്.

ഒരു 'നോവെല്ല' എന്നോ നീണ്ട ചെറുകഥയെന്നോ പറയാവുന്ന 'കിഴവനും കടലും' സാധാരണ നോവലുകളെപ്പോലെ അധ്യായങ്ങളായോ ഭാഗങ്ങളായോ തിരിച്ചെഴുതപ്പെട്ടിട്ടുള്ളവയല്ല. വായനക്കാരുടെ സൌകര്യാര്‍ത്ഥം വേണമെങ്കില്‍ നോവലില്‍ സംഭവങ്ങള്‍ നടക്കുന്ന സമയത്തെ (ക്രിയാ കാലം ) അടിസ്ഥാനപ്പെടുത്തി ഒരു സാങ്കല്പിക വിഭജനം നടത്താമെന്നേയുള്ളൂ. നോവലിലെ ക്രിയാകാലം മൂന്നു പകലും മൂന്നു രാത്രിയും കൊണ്ട് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യപകലിനു തൊട്ടുമുന്‍പുള്ള വൈകുന്നേരം തൊട്ട് അവസാനത്തെ രാത്രി കഴിഞ്ഞെത്തുന്ന പ്രഭാതത്തില്‍ അവസാനിക്കുന്ന ഈ കഥയില്‍ പ്രധാനമായും രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.
സാന്തിയാഗോ എന്ന വൃദ്ധനായ ക്യൂബന്‍ മീന്‍പിടിത്തക്കാരനും അയാളെ സഹായിക്ക്കുന്ന മനോലിന്‍ എന്ന കുട്ടിയും.  പിന്നെയുള്ളത് മുഴുവനും മീനുകളാണ്.   മത്സ്യഗന്ധിയായ കടല്‍ ഈ കൃതിയിലെ പ്രധാന പശ്ചാത്തലമാണ്. കടലും രാപ്പകലുകളും കാറ്റും നീലവിഹായസ്സും ചേര്‍ന്നൊരുക്കുന്ന അദ്ഭുത കാന്‍വാസിലാണ് ഹെമിംഗ് വേയുടെ കൃതി വിലയം  കൊള്ളുന്നത്‌.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒന്നും കിട്ടാതെ മത്സ്യബന്ധനത്തില്‍ കടുത്ത പരാജയം സംഭവിച്ച സന്തിയാഗോക്ക് മനോലിന്റെ സഹായം പോലും നിഷേടിക്കപ്പെട്ടു.കാരണം, മനോലിനെ അവന്റെ രക്ഷാകര്‍ത്താക്കള്‍ സാന്തിയാഗോയുടെകൂടെ പോകാന്‍ അനുവദിക്കാതെ. മീന്‍പിടിത്തം ആദായകരമായി നടത്തുന്ന മറ്റൊരു മുക്കുവന്റെ കൂടെ വിടുകയാണ്.എങ്കിലും മനോലിന്‍ സാന്തിയഗോക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു.ഇരുവരും ഒരുമിച്ചു മദ്യശാലയില്‍ പോയി മറ്റു മീന്‍പിടുത്തക്കാര്‍ക്കൊപ്പം മദ്യം കുടിക്കുക പതിവായിരുന്നു.അപ്പോഴെല്ലാം തങ്ങള്‍ രണ്ടുപേരും കൂടി കടലില്‍ നടത്തിയിട്ടുള്ള സാഹസിക ശ്രമങ്ങളെക്കുറിച്ച് ഓര്‍ക്കുകയും പരസ്പരം പറയുകയും ചെയ്തിരുന്നു. ഇതിനിടെ തികച്ചും അവിചാരിതമായി മാർലിൻ എന്ന കൊമ്പൻ സ്രാവ് കിഴവന്റെ ചൂണ്ടയിൽ കുരുങ്ങുന്നു.
രണ്ടാം ദിവസം പകലും രക്ഷപ്പെടാനുള്ള മാര്‍ലിന്‍റെ ശ്രമവും പിടിച്ചുനില്‍ക്കാനുള്ള സാന്തിയാഗോയുടെ പരിശ്രമവും അതേ നിലയില്‍ തുടര്‍ന്നു. മരണപ്പാച്ചിലിനിടയില്‍ മാര്‍ലിന്‍ അപ്രതീക്ഷിതമായി ഒഅന്നുകോദി കുതിച്ചു. ഓര്‍ക്കാപ്പുറത്തായതിനാല്‍ പെട്ടെന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ സാന്തിയാഗോ ചുറ്റിവരിഞ്ഞ കയറോടു കൂടി നിലം പതിച്ചു. വീഴ്ചയില്‍ വലതു കൈക്ക് ഗുരുതരമായ മുറിവ് പറ്റി. എങ്കിലും രക്ഷപ്പെടാന്‍ മാര്‍ലിന്‍ നടത്തുന്ന ശ്രമത്തില്‍ ആ മത്സ്യത്തിന് സഹിക്കേണ്ടിവന്ന ദുരിതത്തിലും അതിനെതിരെ പിടിച്ചുനില്‍ക്കാനുള്ള തന്‍റെ ശ്രമത്തില്‍ താന്‍ അനുഭവിക്കേണ്ടിവരുന്ന പീഡയിലും സാന്തിയാഗോ സാദൃശ്യം ദര്‍ശിക്കുന്നു.അതുകൊണ്ടുതന്നെ മാര്‍ലിനോട് വൃദ്ധന് അനുകമ്പയും സഹതാപവും ജനിക്കുന്നു. ഈ അനുകമ്പയും സഹതാപവും കടലിനോടും കടലിലുള്ള എല്ലാ ജീവജാലങ്ങളിലേക്കും ക്രമേണ വ്യാപിക്കുന്നു.അങ്ങനെ ശാശ്വതമായ വേദന അനുഭവിക്കുന്ന ജീവജാലങ്ങളോട് തന്‍റെ വേദനയിലൂടെ അയാള്‍ സാത്മ്യം കൊള്ളുന്നു.
രണ്ടാം ദിവസം രാത്രി ആയപ്പോഴേക്കും വിശപ്പുകൊണ്ട് വലഞ്ഞ സാന്‍റിയാഗോ ഒരു കടല്‍പ്പന്നിയുടെ വയറ്റില്‍നിന്നു തിന്നാന്‍ പാകത്തിനു കിട്ടിയ രണ്ടു ചെറു മത്സ്യങ്ങളെ ഭക്ഷിച്ചു.ഭക്ഷണത്തിന് ശേഷം നിന്ന നിലയില്‍ നിന്നുകൊണ്ട് ഉറങ്ങാനുള്ള തയ്യാറെടുപ്പ് അയാള്‍ നടത്തി. പതിവുപോലെ ഉറക്കത്തില്‍ അയാള്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയെ പറ്റിയും അവിടത്തെ  ഹിംസ്രസ്വഭാവികളായ സിംഹങ്ങളെപ്പറ്റിയും സ്വപ്നം കണ്ടു.

ഉണര്‍ന്നപ്പോള്‍  വലനിര ചാഞ്ഞും ഉലഞ്ഞും കാണപ്പെട്ടു. മാര്‍ലിന്‍ ഇതിനകം പലതവണ ജലോപരിതലത്തില്‍ വായു സംഭരിക്കാന്‍ എത്തിയിട്ടുണ്ടാകുമെന്ന് അയാള്‍ ഊഹിച്ചു.  അങ്ങനെ സാന്തിയാഗോ കടലില്‍ മൂന്നാം സൂര്യോദയം കണ്ടു. മാര്‍ലിന്‍ തന്‍റെ കൊമ്പുപയോഗിച്ച് ചൂണ്ടയും വലനിരയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യച്ചരടില്‍ ശക്തിയോടെ ഇടിക്കാന്‍ തുടങ്ങി.മത്സ്യം വീണ്ടും കുതിച്ചു ചാടിയാല്‍ വായില്‍ കോര്‍ത്തിരിക്കുന്ന ചുണ്ട തെറി ച്ചുപോകാനിടയുള്ളതുകൊണ്ട്  അത് കുതിക്കാതിരിക്കാന്‍ സാന്തിയഗോ പ്രാര്‍ഥിച്ചു.
ക്ഷീണിതനായി ജലോപരിതലത്തില്‍ എത്തിയ മാര്‍ലിനു നേരെ സാന്‍റിയാഗോ സര്‍വശക്തിയും ഉപയോഗിച്ച് തന്‍റെചാട്ടുളി എറിഞ്ഞു. ഒരു സീല്‍ക്കാര ശബ്ദത്തോടെ വെള്ളം തെറിപ്പിച്ചുകൊണ്ട് മാര്‍ലിന്‍ ചത്തുമലച്ചു. ചത്ത മത്സ്യത്തെ  ബോട്ടിനോടൊപ്പം കെട്ടിയിട്ട് സാന്‍ഡിയാഗോ കടപ്പുറത്തെ ലക്ഷ്യമാക്കി ബോട്ടോടിച്ചു.യാത്രാമധ്യേ മാര്‍ലിനില്‍ നിന്ന് വാര്‍ന്നൊഴുകിയ രക്തം കടല്‍ജലത്തില്‍ കലങ്ങി. മണംപിടിച്ച് കൊമ്പന്‍ സ്രാവുകള്‍ ഒറ്റയും പെട്ടയുമായെത്തി മാര്‍ലിന്‍റെ മാംസം തട്ടിക്കൊണ്ടുപോയി. തന്‍റെ ചാട്ടുളിയും പിച്ചാത്തിയും തുഴയും ഉപയോഗിച്ച് സ്രാവുകളുടെ ആക്രമണത്തെ സാന്‍ഡിയാഗോ എതിര്‍ത്തെങ്കിലും അന്ന് സൂര്യാസ്തമയമായപ്പോഴേക്കും മാര്‍ലിനില്‍ മാംസം പകുതി മാത്രമേ ശേഷിച്ചിരുന്നുള്ളൂ.
മൂന്നാം ദിവസം അര്‍ദ്ധരാത്രി കടപ്പുറത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന ബോട്ടിനെ ഒരുപറ്റം കൊമ്പന്‍ സ്രാവുകള്‍ വീണ്ടുമാക്രമിച്ചു. തന്‍റെ കയ്യില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആയുധമായ ചുക്കാന്‍ ഉപയോഗിച്ച് അയാള്‍ അവയോട് ഏറ്റുമുട്ടിയെങ്കിലും മാര്‍ലിനില്‍ ശേഷിച്ചിരുന്ന അവസാന മാംസക്കഷ്ണം വരെ തട്ടിയെടുത്തുകൊണ്ടാണ് സ്രാവുകള്‍ സ്ഥലം വിട്ടത്. സാന്‍ഡിയാഗോക്ക്  ശേഷിച്ചത് മാര്‍ലിന്‍റെ മുള്ള് മാത്രമാണ്.
ബോട്ട് കടല്‍പ്പുറത്ത് എത്തിയപ്പോള്‍ ക്ഷീണിതനായ സാന്‍ഡിയാഗോ തന്‍റെ കടല്‍പ്പായുമെടുത്തു കുന്നിന്‍മുകളിലുള്ള കുടിലിലേക്ക്  തളര്‍ന്ന കാലടികളോടെ നടന്നു പോയി. തട്ടിയും തടഞ്ഞും ഇടയ്ക്കിടെ വീണും കുടിലിലെത്തിയ സാന്‍ഡിയാഗോ തന്‍റെ കിടക്കയിലേക്ക് മറിഞ്ഞു.
പ്രഭാതത്തില്‍ മറ്റു മീന്‍പിടിത്തക്കാര്‍ കടപ്പുറത്ത്  സാന്‍ഡിയാഗോയുടെ ബോട്ടില്‍ കെട്ടിയിരുന്ന മാര്‍ലിന്‍റെ ഭീമാകാരമായ അസ്ഥിപഞ്ജരം അളന്നു നോക്കിക്കൊണ്ടിരുന്നപ്പോള്‍ മനോലിന്‍ അടുത്തുള്ള ബാറില്‍ നിന്ന് സാന്‍ഡിയാഗോക്ക് വേണ്ടി കാപ്പിയും വാങ്ങി അയാള്‍ ഉണരുന്നതും നോക്കി  കുടിലിനുമുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ സാന്‍ഡിയാഗോ നീണ്ട ഉറക്കത്തിലേക്കു കടന്നുപോയിരുന്നു.

ഈ കഥ ഒരു യഥാര്‍ഥ സംഭവത്തെ  ആസ്പദമാക്കി എഴുതിയിട്ടുള്ളതാണെന്ന് ഹെമിംഗ് വേ തന്നെ പറയുന്നു.  ജയിംസ് ജോയ്സിനെപ്പോലെ ഒരു സര്‍ഗാത്മക കലാകാരന്‍റെ വളര്‍ച്ചയാണ് ഈ കൃതിയിലൂടെ ഹെമിംഗ് വേ ചിത്രീകരിച്ചിട്ടുള്ളതെന്നു ചില നിരൂപകരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . സാന്‍ഡിയാഗോയുടെ പതനത്തിലൂടെ ഷേക്സ്പീരിയന്‍ നിലവാരത്തിലുള്ള ഒരു ട്രാജഡിയാണ് ഹെമിംഗ് വേ രചിച്ചിട്ടുള്ളതെന്നു മറ്റു ചില നിരൂപകര്‍ പറയുന്നു. ചിലരാകട്ടെ ലോകത്തിന്‍റെ യാതനയും ദുരിതവും തന്നിലേറ്റുവാങ്ങിയ  യേശുക്രിസ്തുവിന്‍റെ രൂപം സാന്‍ഡിയാഗോയില്‍ ദര്‍ശിക്കുന്നു.
പ്രകൃതി ശക്തികള്‍ക്കെതിരെ ഒരു സന്ത്വനമെന്ന നിലയില്‍ പ്രാര്‍ഥന ഇഷ്ടപ്പെടുകയും അല്ലാത്തപ്പോള്‍ ദൈവത്തിനും മതത്തിനുമപ്പുറം ഭാഗ്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന സാന്‍ഡിയാഗോയുടെ മതം പ്രാകൃതവും അത്രയ്ക്ക് നൈസര്‍ഗ്ഗികവുമാണ്. എങ്കിലും മാര്‍ലിന്‍റെ വേദനയെ തന്‍റെ വേദനയാക്കി മാറ്റുന്ന, കടലിലെ സര്‍വ ജീവജാലങ്ങളിലും തന്‍റെ അനുകമ്പയും സഹതാപവും ചൊരിയുന്ന സാന്‍ഡിയാഗോ ബിബ്ലിക്കല്‍ എന്നുപറയാവുന്ന ഒരാദര്‍ശത്തിന്‍റെ പരിവേഷമാണ് കഥയ്ക്ക് നല്‍കുന്നത്.

കൊമ്പന്‍ സ്രാവിനെ കാണുമ്പോള്‍ ആണി കയ്യിലും കാലിലും ആഞ്ഞുതറക്കുന്നതായി  അനുഭവപ്പെടുന്ന സാന്‍ഡിയാഗോ അവസാനമായി തന്‍റെ കപ്പല്‍പ്പായുമായി കടപ്പുറത്തുനിന്ന് കുന്നിന്‍റെ മുകളിലുള്ള വീട്ടിലേക്കു  തട്ടിയും തടഞ്ഞും ഇടയ്ക്കു വീണും കയറിപ്പോകുമ്പോള്‍ അനുവാചകമനസ്സുകളില്‍  നിഴലിക്കുന്ന രൂപം കാല്‍വരിയിലേക്ക്  കുരിശും താങ്ങി പതിഞ്ഞ കാലടികളുമായി നടന്നുനീങ്ങുന്ന ക്രിസ്തുവിന്റെതാണ് .
കുടിലില്‍ എത്തിയ  സാൻഡിയാഗോയുടെ  കിടപ്പ് കുരിശിന്റെ രൂപത്തിലായിരുന്നല്ലോ.

സാര്‍വലൌകിക സ്നേഹത്തിന്‍റെ ഉദാത്തത വിശദീകരിക്കുവാന്‍ സാങ്കേതികാര്‍ഥത്തില്‍ വിശാലമായ ചില ഐറണികളെ കഥാകാരന്‍ കൂട്ടുപിടിക്കുന്നതും ശ്രദ്ധേയമാണ്. വേട്ടയാടിക്കൊല്ലേണ്ട മത്സ്യത്തോട് സാന്‍ഡിയാഗോ കാണിക്കുന്ന കരുണയും സഹതാപവും , അമൂല്യവും സമ്പന്നവുമെന്നു അദ്ദേഹം കരുതിയ മാര്‍ലിന്‍റെ ശോഷണം , മത്സ്യത്തിന്‍റെ ശരീരത്തില്‍ ശേഷിച്ച അവസാനത്തെ മാംസക്കഷണം കൊമ്പന്‍ സ്രാവ് തട്ടിക്കൊണ്ടുപോകുമ്പോള്‍ സാന്‍ഡിയാഗോയുടെ വായില്‍ പൊടിയുന്ന രക്തം ഇവയുടെയെല്ലാം അര്‍ഥം അന്വേഷിക്കുന്ന അനുവാചകര്‍ക്കു  സംശയലേശമെന്യേ ലഭിക്കുന്ന ഉത്തരം ഇതായിരിക്കും : ഹെമിംഗ് വേ യുടെ "കിഴവനും കടലും" മൌലികമായും ത്യാഗത്തിന്‍റെ കഥയാണ്‌. സ്നേഹത്തിന്‍റെ കഥയാണ്‌. ക്രിസ്തീയമായ അനുഷ്ഠാനങ്ങളുടെ പ്രാഗ് രൂപം ആധുനികരീതിയില്‍ അവതരിപ്പിക്കുകയാണ് ഹെമിംഗ് വേ ചെയ്യുന്നത്.

ഹെമിംഗ് വേയും അദ്ദേഹത്തിന്‍റെ കഥാനായകന്മാരും ആഫ്രിക്കന്‍ കാടുകളിലേക്കും കാളപ്പോരിന്‍റെ വേദികളിലേക്കും അപകടം പതിയിരുന്ന സാഹസിക മേഖലകളിലേക്കും നടത്തിയ യാത്രകള്‍ ഇരുട്ടിന്‍റെ മണ്ഡലങ്ങളിലേക്കുളള ഏകാന്തമായ തീര്‍ഥാടനങ്ങളായിരുന്നു. ''കിഴവനും കടലും' ആ തീര്‍ത്ഥാടനത്തിന്‍റെ ഏറ്റവും തുറന്ന ആവിഷ്കാരമായിരുന്നു .നീലച്ചായമെഴുതിയ വിശാലമായ കാന്‍വാസിലെ പ്രകൃതിയാണ് ഇവിടെ പശ്ചാത്തലം. സമുദായം ഇവിടേയ്ക്ക് കടന്നുവരുന്നതേയില്ല. കടലാണ് ജീവിതം. കടലും  കിഴവനും പിന്നെ ഒരു ഭീമന്‍ മത്സ്യവും . തീര്‍ന്നു. പിന്നെ ഒരു കുട്ടി കൂടിയുണ്ട്. തനിയേ തന്‍റെ തോണിയില്‍ പോയി മീന്‍പിടിക്കുന്ന കിഴവന്‍ തികച്ചും ഏകാകിയാണ്‌. എണ്‍പത്തിനാല് ദിവസം തുടര്‍ച്ചയായി മീന്‍ കിട്ടാതെ മടങ്ങിവന്ന ഭാഗ്യദോഷിയാണ് കിഴവന്‍.

എണ്‍പത്തിയഞ്ചാം ദിവസവും അയാള്‍ കടലില്‍ പോവുകയാണ് .കാറ്റ് മാറിയാല്‍ തിരിച്ചുവരാവുന്നത്ര ദൂരത്തിലേക്ക് എന്ന ലക്ഷ്യവുമായി ആ മുക്കുവൻ  ആഴിയുടെ ഗര്‍ഭത്തിലേക്കു തുഴഞ്ഞു പോയി. വെളിച്ചം വീഴുന്നതിനുമുമ്പ് എഴുന്നേറ്റു കടലില്‍ പോയ അയാള്‍ വളരെ ദൂരേക്ക്‌ സഞ്ചരിച്ചു. ഒടുവില്‍ നിനച്ചിരിക്കാതെ ചൂണ്ടയില്‍ ഒരു കൂറ്റന്‍ സ്രാവ് കുടുങ്ങി. മീനിനെ കീഴ് പ്പെടുത്താനുള്ള മല്‍പ്പിടുത്തം കിഴവന്‍ പൂര്‍ണമായും ആസ്വദിക്കുന്നുണ്ട്. അവന്‍, ആ വമ്പന്‍ മത്സ്യം ഉഗ്രമായി സമരം ചെയ്യുകതന്നെ വേണം. കാരണം അവന്‍ കടലിന്‍റെ വിശാലതയുടെയും ആഴത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും സന്തതിയാണ്. അങ്ങനെ ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യവുമായി മണിക്കൂറുകള്‍ നീണ്ട മല്‍പ്പിടുത്തത്തിലാണ് കിഴവന്‍ ഏര്‍പ്പെടുന്നത്. അങ്ങനെ ആ മത്സ്യം കിഴവന്‍ മുക്കുവന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറുകയാണ്. അയാളുടെ ആത്മാവിന്‍റെ ഭാഗം എന്നുതന്നെ പറയണം. മീനിനെ ആദ്യം കണ്ടപ്പോള്‍ കിഴവന്‍ ഓര്‍ത്തത്, അവനെ അവന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍ അനുവദിച്ചുകൂടാ. ദൈവത്തിനു നന്ദി. കൂടുതല്‍ അന്തസ്സും ശക്തിയുമുള്ള അവര്‍ക്ക് അവരെ ഉൾക്കൊള്ളുന്ന നമ്മോളം ബുദ്ധി കൊടുത്തില്ലല്ലോ.അയാളുടെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു. " വിശുദ്ധ കന്യകേ, ഈ മീനിന്റെ മരണത്തിനുവേണ്ടി അനുഗ്രഹിക്കേണമേ, ഗംഭീരനാണ് അവനെങ്കില്‍പ്പോലും."

ചുറ്റും അറ്റം കാണാത്ത ഇരുണ്ട ജലപ്പരപ്പാണ്. കിഴവന്‍ തുഴയുന്ന തോണിയേക്കാള്‍ ഭീമാകാരനാണ് മീന്‍. ജീവന്‍ പണയം വെച്ച മൂന്നു നാളിലെ യുദ്ധത്തിനു ശേഷം അയാളതിനെ കീഴ്പ്പെടുത്തി. സര്‍വശക്തിയും വാര്‍ന്നൊലിച്ച സ്രാവ് അജയ്യനായ മനുഷ്യന്റെ കരുത്തിനുമുന്നില്‍ കൊമ്പുകുത്തിവീണു.അയാളതിനെ കൊന്നു തോണിയോട് ചേര്‍ത്തുകെട്ടി.
പിന്നീടങ്ങോട്ട്  ഒന്നൊന്നായിപ്രതിബന്ധങ്ങളുടെ തിരമാലയായിരുന്നു. തളര്‍ന്ന ജേതാവിന്‍റെ തിരിച്ചുവരവിനു വിഘ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മറ്റുസ്രാവുകള്‍  കടലിന്‍റെ ആഴത്തില്‍ നിന്ന് ഉയര്‍ന്നുവന്നു.അവ കിഴവന്‍റെ ചാട്ടുളിയുടെ ഇരകളാകുന്നുണ്ടെങ്കിലും  ജേതാവിന്‍റെ കൊമ്പന്‍മത്സ്യത്തിന്‍റെ ഒരു ഭാഗം അടര്‍ത്തിക്കൊണ്ടുപോകുകയാണ്  ചെയ്തത്.മുക്കുവന്‍റെ ചാട്ടുളിയും കയറും അതോടെ നഷ്ടപ്പെടുകയും ചെയ്തു.കിഴവന്‍റെ അഭിമാനത്തിന് ക്ഷതമേറ്റെങ്കിലും അയാള്‍ പ്രത്യാശ കൈവിട്ടില്ല. "തോല്‍ക്കാന്‍ വേണ്ടിയല്ല മനുഷ്യനെ സൃഷ്ടിച്ചത്." ഹെമിംഗ് വേയുടെ പ്രസിദ്ധമായ വാക്യം ഇവിടെയാണ് പിറവികൊണ്ടത്.  "മനുഷ്യനെ നശിപ്പിക്കാം, പക്ഷെ തോല്‍പിക്കാനാവില്ല."
അയാള്‍ സ്വയം പറഞ്ഞു, തോണി മുന്നോട്ടു തുഴയട്ടെ. ചിന്തിക്കാതിരിക്കു കിഴവാ. നീ മീന്‍ പിടുത്തക്കാരനാവാനാണ് പിറന്നത്‌. മീന്‍ മീനാവാനും.
പിന്നീട് സ്രാവുകളുടെ തിരമാലയാണ്.അവ കൂട്ടമായി വന്നു ക്രൂരമായി അയാളെ വേട്ടയാടി. തന്‍റെ ഇരയുടെ വലിയൊരു ഭാഗം തന്നെ അവ ഭീബത്സമായി കവര്‍ന്നെടുത്തു.  " ഓ ഇതൊരു സ്വപ്നമായിരുന്നെങ്കില്‍ ..ഇവനെ ഞാന്‍ പിടിച്ചിട്ടില്ലയിരുന്നെങ്കില്‍ ..നിനക്കുവേണ്ടിയല്ല, എനിക്കുവേണ്ടിയുമല്ല..ഞാന്‍ വേദനിക്കുന്നു മീനേ..."
പിന്നെയും രണ്ടു സ്രാവുകള്‍ കടലില്‍നിന്നു പൊങ്ങിവന്നു. കൂടുതല്‍ മാംസം തന്‍റെ വലിയ മീനില്‍നിന്ന് അപഹരിക്കപ്പെട്ടു. കിഴവന്‍ ഒന്നും ചെയ്യാനാകാതെ ഹതാശനായി നില്‍ക്കുകമാത്രം ചെയ്തു.  "കഷ്ടം പകുതി മീന്‍. നീ മീനായിരുന്നു. ഞാന്‍ ദു:ഖിക്കുന്നു.." 
പൊരുതുക , മരിക്കുന്നതുവരെ പൊരുതുക കിഴവന്‍ ദൃഡനിശ്ചയം ചെയ്തു. പിന്നീട് കൂട്ടമായാണ് സ്രാവുകള്‍ ഉയര്‍ന്നു വന്നത്. പങ്കായം മുറിഞ്ഞു.സ്രാവുകളുടെ തല തകര്‍ന്നെങ്കിലും കുറ്റിക്കോല്‍ പിളര്‍ന്നുപോയി.സ്രാവുകള്‍ അവശേഷിച്ച മാസവും തിന്നു തീര്‍ത്തുകളഞ്ഞു. കിഴവന്‍ പരാജയത്തിന്‍റെ കയ്പ് നുണഞ്ഞുകൊണ്ട് ഓരോ വിചാരങ്ങളില്‍ മുഴുകി. "പരാജിതനാകുന്നത് അത്ര വിഷമമുള്ള കാര്യമൊന്നുമല്ല. അതെത്ര ലഘുവാണെന്ന് മുമ്പൊരിക്കലും ഞാനറിഞ്ഞിട്ടില്ല. എന്താണെന്നെ തോല്പിച്ചത് ? ഒന്നുമില്ല. ഞാന്‍ വളരെ ദൂരം പോയി എന്ന് മാത്രം. "
സ്രാവുകള്‍ അവശേഷിച്ച മാംസത്തിന്‍റെ നുറുങ്ങുകള്‍ കൂടി നക്കിയെടുത്ത ശേഷമുള്ള കൂറ്റന്‍ അസ്ഥികൂടവും കൊണ്ടാണ് കിഴവന്‍ കരയ്ക്കണയുന്നത്‌. 
പതിനെട്ടടി നീളമുള്ള ആ അസ്ഥികൂടം മറ്റു മുക്കുവന്മാര്‍ അളന്നുനോക്കി അദ്ഭുതം കൂറി.അപ്പോള്‍ കിഴവന്‍ എല്ലാം മറന്നുറങ്ങുകയായിരുന്നു. 
ഇതൊരു മഹത്തായ കൃതിയും മനുഷ്യേതിഹാസവുമാണ് .ഹെമിംഗ് വെ വരും തലമുറയ്ക്കും മനുഷ്യവര്‍ഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രം കൂടിയാണ്. (  ഹെമിംഗ് വെ - ഒരു മുഖവുര  : ശ്രീ എം ടി വാസുദേവന്‍‌ നായര്‍ ) എം ടി എഴുതി :
"ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുക തന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം. ഹെമിംഗ് വെ ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദര്‍ശനത്തിന്റെ ആവിഷ്കാരത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്.ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി , പരാജയത്തെപ്പറ്റി , പ്രത്യാശയെപ്പറ്റി ജീവിതത്തില്‍ നിന്നുള്ള മടക്കയാത്ര യെയും തിരിച്ചുവരവിനെപ്പറ്റിയും , അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാര്‍ശനികമായ അവലോകനമാണ് ഈ കൊച്ചുപുസ്തകം.'
ജീവിതകാലം മുഴുവന്‍ ഹെമിംഗ് വെ ഒരു സാഹസികനായിരുന്നു.ജീവിതമെന്നാല്‍ അദ്ദേഹത്തിന് സുഹൃത്തുക്കള്‍, ലഹരിവസ്തുക്കള്‍, സ്ത്രീകള്‍ , കായികവിനോദങ്ങള്‍ എന്നിവയായിരുന്നു. അവ തന്നില്‍ നിന്ന് അകന്നതോടെ അദ്ദേഹത്തിന്
ജീവിതത്തിലുള്ള ആസക്തിയും അവസനിച്ചുകഴിഞ്ഞിരുന്നു. 1961 ജൂലൈ രണ്ടിന് അദ്ദേഹം സ്വയം നിറയൊഴിച്ച് ജീവിതം അവസാനിപ്പിച്ചു. മരണാനന്തരം പ്രസിദ്ധീകൃതമായ  നോവലാണ്  " Islands in the Stream". കിഴവനും കടലും , പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് തുടങ്ങിയ തന്‍റെ മുന്‍ നോവലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നൊരു മേന്മ ആ കൃതിക്കുണ്ടായിരുന്നു.
ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ( കിഴവനും കടലും ) തന്നെയായിരുന്നു ഹെമിംഗ് വേയുടെ മാസ്റ്റര്‍ പീസ്‌. കിഴവനും കടലും എന്ന പേര് തന്നെ പ്രതീകാത്മകമാണ്. മാനവജീവിത മഹാസാഗരം തന്നെയാണ് കടല്‍. സമുദ്രത്തിന്‍റെ അനന്തനീലിമയിലേക്ക് ഭാഗ്യം തേടിപ്പോകുന്ന സാന്തിയാഗോ നിസ്സഹായനായ മനുഷ്യന്‍റെ പ്രതീകം തന്നെ. സാന്തിയഗോയും മാര്‍ലിന്‍ എന്ന സ്രാവുമായുള്ള പോരാട്ടം  ജീവിക്കാനുള്ള മനുഷ്യന്‍റെ സന്ധിയില്ലാത്ത സമരം തന്നെ.ഒരു ജീവിതകാലത്ത് മനുഷ്യന് കൈവരിക്കാനാവുന്ന നേട്ടത്തിന്‍റെ പ്രതീകമാണ് ഇതിലെ മത്സ്യം. അത് നേടാത്തിടത്തോളം ജീവിതം അര്‍ത്ഥശൂന്യമാണ്. ആ സമരത്തില്‍ സാന്‍ഡിയാഗോ പരാജയപ്പെടുന്നു എന്നത് നിസ്സാരമാണ്. സ്വന്തം സഹോദരനെപ്പോലെ കണ്ട മത്സ്യത്തെ അയാള്‍ തന്നെ കൊല്ലേണ്ടിവരുന്നു എന്നത് മനുഷ്യവര്‍ഗത്തിന്‍റെ ഒരു ദുരന്തമാണ്.  വൃദ്ധന്‍റെ നേട്ടങ്ങളെ കവര്‍ന്നുകൊണ്ടുപോകുന്ന സ്രാവുകള്‍ക്കും പ്രതീകഭംഗിയുണ്ട്.അത് ലോകത്തിലെ ചൂഷക ശക്തികളോ തിന്മയോ ആകാം.
മാര്‍ലിന്‍റെ അസ്ഥികൂടവുമായി മടങ്ങിയെത്തിയ സാന്‍ഡിയാഗോ പാമരമേന്തി നടന്നുപോവുകയും തളര്‍ന്നു വീഴുകയും വീണ്ടും എഴുന്നേറ്റ് മുന്നേറുകയും ചെയ്യുന്നത് യേശുക്രിസ്തുവിന്‍റെ കാല്‍വരിക്കുന്നിലേക്കുള്ള യാത്രയെ അനുസ്മരിപ്പിക്കുന്നതാണെന്ന് നിരൂപകന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. പടുകിഴവനായിട്ടും ആഴക്കടലില്‍ ഏകാകിയായി മരവള്ളം തുഴഞ്ഞുനീങ്ങുന്ന സാന്‍ഡിയാഗോ ആധുനികമനുഷ്യന്‍റെ പ്രതീകമാണ്. എന്നും ഏകനായ മനുഷ്യന്‍റെ ചിരന്തന പ്രതീകം .

ഹെമിംഗ് വേയുടെ ജീവിതം എന്നും സാഹസികത നിറഞ്ഞതായിരുന്നു. തന്‍റെ കൃതികള്‍ കൊണ്ടുമാത്രമല്ല സംഭവബഹുലവും സംഭ്രമജനകവുമായ ജീവിതം കൊണ്ടും അദ്ദേഹം അവിസ്മരണീയനായിത്തീരുകയാണ് ചെയ്തത്.
ഹെമിംഗ് വെ - ഒരു മുഖവുര എന്ന കൃതിയില്‍ ശ്രീ എം ടി എഴുതി : പ്രഭാതങ്ങള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട അനുഭവങ്ങള്‍ ആയിരുന്നു. നനവുള്ള മണ്ണിന്‍റെയും വൃക്ഷങ്ങളുടെയും മണംഎന്നും അദ്ദേഹം ആസ്വദിച്ചിരുന്നു.പ്രകൃതിയുടെ  മണം ആസ്വദിക്കാന്‍ ഘ്രാണശക്തിയുടെ തീക്ഷ്ണത നിലനിര്‍ത്താന്‍ വേണ്ടി ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത ഹെമിംഗ് വെ തന്‍റെ ആയുഷ്ക്കാലത്തിലെ എല്ലാ പ്രഭാതങ്ങളും കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
ആ പ്രഭാതത്തില്‍ അദ്ദേഹം സ്വയം നിറയൊഴിച്ചു ജീവിതം അവസാനിപ്പിക്കുകയായിരുന്നു. "മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി " എന്ന കൃതിയിലെ ഒരു കഥാപാത്രം പിതാവിന്‍റെ ആത്മഹത്യയെക്കുറിച്ച് പറയുന്നത് , ' ആര്‍ക്കും അത് ചെയ്യാനുള്ള അവകാശമുണ്ട് , പക്ഷെ അത് ചെയ്യാന്‍ പാടില്ലാത്തതാണ്.'
മരണത്തിന്‍റെ മുഖത്തുനോക്കി പലവട്ടം മന്ദഹസിച്ച അധൃഷ്യനായ ആ മനുഷ്യന്‍റെ അന്ത്യം സ്വയം നിശ്ചയിച്ച വിധത്തിലായിരുന്നില്ലെങ്കിലേ അതിശയമുള്ളൂ. ഹെമിംഗ് വേയുടെ ജീവചരിത്രകാരന്മാരില്‍ ഒരാളായ കര്‍ട്ട് സിംഗര്‍ ഒരിക്കല്‍ പറഞ്ഞു : ആര്‍ക്കും എന്നും ജീവിക്കാന്‍ സാധ്യമല്ലല്ലോ. സ്രഷ്ടാവിനോടുള്ള ആ അവസാനത്തെ സമരത്തിലും ഒന്നേ ശ്രദ്ധിക്കാനുള്ളൂ, താന്‍ എന്തായിരുന്നുവോ അതായി ഓര്‍മിക്കപ്പെടണം. യഥാര്‍ഥ മനുഷ്യന്‍ എന്ന പേരില്‍.
ഹെമിംഗ് വെ തനിക്കു തോന്നിയപോലെ സഞ്ചരിച്ചു. തോന്നിയ പോലെ വേട്ടയാടി. തോന്നിയപോലെ പ്രേമിച്ചു. തോന്നിയപോലെ ജീവിച്ചു. തോന്നിയപോലെ മരിക്കുകയും ചെയ്തു. ഷേക്ക്‌ സ്പിയര്‍ക്കു ശേഷമുണ്ടായ ഏറ്റവും മഹാനായ സാഹിത്യകാരനാണ് അമേരിക്കക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ലോകം വിലയിരുത്തി. " അദ്ദേഹം ഭൂമിയില്‍ ദൈവത്തിന്‍റെ ചാരനായിരുന്നു " എന്നാണ് പ്രശസ്തനായ കവി ആര്‍ച്ചി ബാള്‍ഡ് മേക്ലീഷ് പറഞ്ഞത്.  ഒരിക്കല്‍ ഹെമിംഗ് വെ എഴുതി : എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ ഒരു നല്ല കാഥികനുമല്ല.
1926 ല്‍ ഹെമിംഗ് വേയുടെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചു. "വസന്ത പ്രവാഹങ്ങള്‍". പാരീസിലും  സ്പെയിനിലുമായി ബോക്സിങ്ങും കാളപ്പോരുമായി ജീവിച്ച അദ്ദേഹം " നമ്മുടെ കാലഘട്ടത്തില്‍" എന്ന പേരിലൊരു കഥാ സമാഹാരം അതിനിടെ പ്രസിദ്ധീകരിച്ചിരുന്നു. 1926 അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സാഹിത്യജീവിതം പുതിയൊരു വഴിത്തിരിവിലെത്തി. " സൂര്യനും ഉദിക്കുന്നു " എന്ന നോവല്‍ പുറത്തുവന്നതോടെ ലോകം അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹെമിംഗ് വെ എന്ന ഇതിഹാസത്തിന്‍റെ ആരംഭം ഇവിടെനിന്നാണ്. 'മെന്‍ വിത്തൌട്ട് വിമെന്‍' എന്നൊരു കഥാസമാഹാരവും അക്കാലത്തു പുറത്തുവന്നു. സ്വന്തം ജീവിതത്തിലെ ദാമ്പത്യത്തകര്‍ച്ചയുടെ അനുഭവങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി.
'ആയുധങ്ങളെ വിട' പ്രസിദ്ധീകരിച്ചത് 1929 ലാണ് . വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസിക്കായി ആ കൃതി അംഗീകരിക്കപ്പെട്ടു.  മീന്‍പിടുത്തം, ഗുസ്തി, നായാട്ട് , ചൂതുകളി , കാറോട്ടപ്പന്തയങ്ങള്‍ എല്ലാറ്റിലും അജയ്യനായിരുന്ന ഹെമിംഗ് വെ ജീവിതമെടുത്തു പന്താടുകയായിരുന്നു.   
യുദ്ധ രംഗങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത സാഹസികനായ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല പലപ്പോഴും മുന്‍നിരയിലെത്തി യുദ്ധത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ധീരനായ പോരാളി കൂടിയായിരുന്നു ഹെമിംഗ് വെ. എന്നാല്‍ ഓരോ തവണയും യുദ്ധമുഖത്ത് നിന്ന് അദ്ദേഹം മടങ്ങിയത് ആത്മാവിലേറ്റ വ്രണങ്ങളുമായിട്ടാണ്. മൃത്യുവിന്‍റെ ആയിരം മുഖങ്ങളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അദ്ദേഹത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു. രക്തപ്പുഴകളുടെയും കരാളമായ നരഹത്യകളുടെയും ദുസ്സ്വപ്നങ്ങളില്‍ നിന്ന് മനസ്സിനെ വേര്‍പെടുത്തിയെടുക്കാന്‍ പുതിയ സാഹിത്യരചനകളില്‍ മുഴുകുകയായിരുന്നു ഹെമിംഗ് വെ. പാരീസിലെയും വെനീസിലെയും ഹോട്ടല്‍ മുറികളില്‍ താമസിച്ചാണ് അദ്ദേഹം 
'എക്രോസ് ദി റിവര്‍ ഇന്ടു ദി ട്രീസ്‌ ' ( പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് ) എഴുതിത്തീര്‍ത്തത്‌. 1950 കാലത്തായിരുന്നു ഈ പുസ്തകത്തിന്‍റെ വരവ്. അന്ന് തന്നെ തന്‍റെ ഏറ്റവും മികച്ച കൃതിയായിരിക്കുമെന്നു ഹെമിംഗ് വെ സൂചിപ്പിച്ച പുസ്തകം തന്‍ എഴുതിത്തുടങ്ങിയെന്നു അദ്ദേഹം ലോകത്തെ അറിയിച്ചുകഴിഞ്ഞിരുന്നു.വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരാശയം പതുക്കെപ്പതുക്കെ ഉള്ളില്‍ രൂപംകൊള്ളുകയായിരുന്നു.കൂടുതല്‍ ആത്മവിശ്വാസത്തോടെ ആ കൃതിയില്‍ അടയിരുന്നുകൊണ്ട് വീണ്ടും വീണ്ടും മാറ്റിയും പുതുക്കിയും മിനുക്കിയും അതിന്‍റെ പണിക്കുറ തീര്‍ത്തുപോന്നു. ഹെമിംഗ് വേയുടെ ക്യൂബന്‍ വസതിയില്‍ വെച്ചു അടുത്ത സുഹൃത്തുക്കളെ അദേഹം തന്‍റെ മാസ്റ്റര്‍ പീസ്‌ വായിച്ചുകേള്‍പ്പിച്ചു. വായിച്ചുതീര്‍ന്നപ്പോള്‍ ശ്രോതാക്കളുടെ മുഖങ്ങളില്‍ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നുവത്രേ. അദ്ദേഹം അന്നോളം എഴുതിയ കൃതികളില്‍ വെച്ച് ഏറ്റവും മഹത്തായ സൃഷ്ടിയാണ് അതെന്നു അവര്‍ വിധിയെഴുതി.പ്രസിദ്ധീകരണത്തെപ്പറ്റി ആരാഞ്ഞപ്പോൾ ആദ്യം അദ്ദേഹം അതുവേണ്ടെന്നു പറഞ്ഞു. തന്‍റെ മരണാനന്തരം പ്രസിദ്ധീകരിച്ചുകൊള്ളട്ടെ എന്നായിരുന്നു ഹെമിംഗ് വേയുടെ പ്രതികരണം.  എന്നാല്‍ 'ലൈഫ്' വാരിക അത് പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്നതോടെ ചരിത്രം മാറിമറിയുകയായിരുന്നു. ആ കൃതിയാണ് ലോകം "പുലിറ്റ്സര്‍"  സമ്മാനം കൊടുത്തു ശിരസ്സിലേറ്റിയ ' കിഴവനും കടലും'.

1952 സപ്തംബറില്‍ 'ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' പൂര്‍ണമായും ലൈഫ് വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മുപ്പതിനായിരം ഡോളര്‍ പ്രതിഫലം കൊടുത്തു വാങ്ങിയ ആ കൃതി വെളിച്ചം കണ്ട വാരികയുടെ അന്‍പതിനായിരം കോപ്പികളാണത്രേ ചൂടപ്പം പോലെ വിറ്റഴിഞ്ഞത് .
1954 ല്‍ ആഖ്യാനകലയിലെ മികവു മുന്‍നിര്‍ത്തി 'കിഴവനും കടലും' എന്ന നോവലിന് നോബല്‍ സമ്മാനം ലഭിച്ചു.അനാരോഗ്യം നിമിത്തം ഹെമിംഗ് വെ നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സ്വീഡനിലേക്ക് പോയില്ല. സ്റ്റോക്ക്‌ ഹോമിലെ അമേരിക്കന്‍ അമ്പാസിഡര്‍  ഹെമിംഗ് വേക്ക് വേണ്ടി സമ്മാനം ഏറ്റുവാങ്ങി. ഹെമിംഗ് വെ നോബല്‍ സമ്മാന കമ്മിറ്റിക്ക് ഒരു സന്ദേശം അയച്ചുകൊടുത്തു. 
" പ്രസംഗിക്കാനുള്ള സൌകര്യമോ ,ഉണ്ടെങ്കില്‍ത്തന്നെ വേണ്ടത്ര വാക് പാടവമോ ഇല്ലാത്തത് കൊണ്ടാണ് , ആല്‍ഫ്രഡ്‌ നോബലിന്റെ മഹനീയമായ ഉദാരതക്ക്ക് ഞാനീ വിധത്തില്‍ അധികൃതരോട് നന്ദി പറയുന്നത്. സമ്മാനം നേടാത്ത മഹാന്മാരായ സാഹിത്യകാരന്മാരെപ്പറ്റി അറിയുന്ന ഒരെഴുത്തുകാരനും താഴ്മയോടെയല്ലാതെ ഇത് സ്വീകരിക്കാന്‍ വയ്യ ...
ഒരു യഥാര്‍ഥ സഹിത്യകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. നേടാന്‍ കഴിയുന്നതിനപ്പുറമുള്ള എന്തോ നേടിയെടുക്കാനുള്ള മറ്റൊരു പരിശ്രമത്തിന്റെ തുടക്കം, ഒരിക്കലും ചെയ്തിട്ടില്ലാത്തതോ മറ്റുള്ളവര്‍ ശ്രമിച്ചു പരാജയപ്പെട്ടതോ ചെയ്തു തീര്‍ക്കാനായിരിക്കണം അയാള്‍ ഇപ്പോഴും ശ്രമിക്കേണ്ടത്. അങ്ങനെവരുമ്പോള്‍ വല്ലപ്പോഴും മഹാഭാഗ്യം കൊണ്ട് അയാള്‍ വിജയിച്ചേക്കും. നന്നായി മുമ്പെഴുതപ്പെട്ട  ചിലത് മറ്റൊരു വിധത്തിലെഴുതുകയെ വേണ്ടുവെങ്കില്‍ സാഹിത്യരചന എത്ര ലഘുവായിരിക്കും..."  സാഹിത്യത്തോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തെ സംബന്ധിച്ച തുറന്ന സത്യപ്രസ്താവനയായിരുന്നു ആ സന്ദേശം. ( ഹെമിംഗ് വെ , ഒരു മുഖവുര - എം ടി )
വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസ്സിക് രചനയായിരുന്നു ഹെമിംഗ് വേയുടെ  " ആയുധങ്ങളോട് വിട ".  ഫ്ലോറിഡ യിലെ കീവെസ്റ്റില്‍ താമസിക്കുന്ന കാലം അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ കാലമായിരുന്നു. സഹസികനായിരുന്ന ഹെമിംഗ് വെ നല്ലൊരു കടല്‍ യാത്രികനും മീന്‍പിടുത്തക്കാരനുമായിരുന്നു. മത്സ്യബന്ധനത്തില്‍ റിക്കാര്‍ഡുകള്‍ തന്നെ സൃഷ്ടിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 468 റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ചെടുത്ത ഹെമിംഗ് വേയുടെ റിക്കാര്‍ഡ് ഇന്നും നിലനില്‍ക്കുന്നു. കടല്‍ത്തീര നഗരങ്ങളില്‍ സീസണ്‍ കാലത്ത് പതിവുള്ള മീന്‍പിടുത്ത മത്സരങ്ങളില്‍ പലപ്പോഴും അദ്ദേഹമായിരുന്നു ജേതാവ്. മീന്‍പിടുത്തം മാത്രമല്ല ഗുസ്തി, ശിക്കാര്‍ ,
കാറോ ട്ടപ്പന്തയങ്ങള്‍, ചൂതാട്ടം എല്ലാറ്റിലും ഹെമിംഗ് വെ ആയിരുന്നു എന്നും മുന്‍പന്തിയില്‍.

കാളപ്പോരിനെക്കുറിച്ചുള്ള ഹെമിംഗ് വേയുടെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. "അപരാഹ്നത്തിലെ മരണം " എന്ന ആ കൃതി വിവാദം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ആഫ്രിക്കന്‍ ജീവിതകാലം അത്യന്തം  ഉത്സാഹ ഭരിതമായിരുന്നു.അദ്ദേഹം നീണ്ട കാലം ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ വേട്ടയാടി. മരണത്തെപ്പോലും വെല്ലുവിളിക്കുന്ന സാഹസികത കൊണ്ട് , ഒപ്പമുണ്ടായിരുന്ന ശിക്കാറികളെ അദ്ദേഹം അമ്പരപ്പിച്ചു.ധീരോദാത്തതയുടെ അതിരുകളെല്ലാം മറികടന്ന ആ പര്യടനം കഴിഞ്ഞു ആനക്കൊമ്പും സിംഹത്തലകളും പുലിത്തോലുമൊക്കെയായി ആഫ്രിക്കയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ തദ്ദേശവാസികളായ ആതിഥേയരോട് "ഇതെന്‍റെ പ്രിയപ്പെട്ട നാട് " എന്നദേഹം നന്ദി രേഖപ്പെടുത്താനും മറന്നില്ല.
 "ആഫ്രിക്കയിലെ പച്ചക്കുന്നുകള്‍" ,  "കിളിമഞ്ചാരോയിലെ കുഴമഞ്ഞ് " തുടങ്ങിയ കഥകള്‍ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ സംഭാവനകളാണ്.
ഹെമിംഗ് വേയുടെ ബഹാമസ് ദ്വീപുകളിലെ സാഹസിക മീന്‍പിടുത്തവും രസകരമായ അനുഭവമായിരുന്നു. അതിനായി ഒരു ബോട്ട് സ്വന്തമായി കൈവശപ്പെടുത്തി ദ്വീപുകള്‍ക്ക്‌ ചുറ്റും മീന്‍പിടുത്ത യാത്രകള്‍ നടത്തി അദ്ദേഹം. അമേരിക്കയില്‍ നിന്ന് ഒഴിവുകാല ഉല്ലാസത്തിന് അവിടെയെത്തിയ സഞ്ചാരികള്‍ ഹെമിംഗ് വേയുടെ മീന്‍പിടുത്ത ചാതുര്യം കണ്ടു അദ്ഭുതം കൂറി. കടല്‍ത്തീരത്തെ കള്ളക്കടത്തുകാരുമായുള്ള സമ്പര്‍ക്കവും പരിചയവും അദേഹത്തിന്റെ  "  To have and have not" എന്ന കൃതിയുടെ പിറവിക്കു കാരണമായി.
യുദ്ധകാര്യലേഖകന്‍ എന്ന നിലയില്‍ സ്പാനിഷ് അഭ്യന്തര യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഹെമിംഗ് വെ യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അതീവ ജാഗ്രത കാണിച്ചു. പുതുതായി പട്ടാളത്തില്‍ ചേര്‍ന്ന യുവസൈനികര്‍ക്ക് ഉന്നം പിഴക്കാതുള്ള വെടിവയ്പ്പില്‍ അദ്ദേഹം പരിശീലനം നല്‍കി. കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിച്ചു യുദ്ധരംഗങ്ങള്‍ പകര്‍ത്തിയ അദ്ദേഹം ഒരു ഡോക്യുമെന്‍റെറി നിര്‍മിക്കുകയുണ്ടായി. " ഈ സ്പാനിഷ്‌ മണ്ണ്" എന്ന ആ ഡോക്യുമെന്‍റെറി ചിത്രം പ്രദര്‍ശിപ്പിക്കാന്‍  വൈറ്റ് ഹൌസില്‍ പ്രസിഡണ്ട്‌ റൂസ് വെല്‍റ്റ്  ഹെമിംഗ് വേയെ ക്ഷണിക്കുകയും ചെയ്തു. സ്പെയിനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം  " Fifth Column" എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരണത്തിനു തയ്യാറാക്കി.സ്പാനിഷ്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ പ്രശസ്ത നോവലാണ്‌ " മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി".  പതിനെട്ടു വര്‍ഷമായി സ്പെയിനുമായുണ്ടായ നിരന്തര സമ്പര്‍ക്കം ആ കൃതിയുടെ ആഴം വര്‍ധിപ്പിക്കാന്‍ കാരണമായി. നീണ്ട പതിനേഴു മാസങ്ങള്‍ എടുത്തു അദ്ദേഹം ആ കൃതി എഴുതി മുഴുമിക്കാന്‍.
1956 ല്‍ ഹെമിംഗ് വെ എഴുതിയ " പൂന്തോട്ടക്കാഴ്ചയുള്ള മുറി " എന്ന കഥ അദ്ദേഹത്തിന്‍റെ മരണാനന്തരം അറുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്ട്രാന്‍ഡ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിനു ഏറെ ഇഷ്ടപ്പെട്ട പാരീസ് നഗരത്തിലെ റിറ്റ്സ് ഹോട്ടലിലെ ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളുടെ ആകര്‍ഷകമായ വിവരണമാണീ കഥ. ബോദ് ലെയറുടെ പ്രശസ്തമായ "തിന്മയുടെ പൂക്കളില്‍" നിന്നുള്ള വരികള്‍ ഹെമിംഗ് വെ ഈ കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്.  " പാവം മരിച്ചവര്‍ ,ഹാ അവര്‍ എത്ര കഠിന വേദന അനുഭവിക്കുന്നു./ പഴയ വൃക്ഷങ്ങള്‍ ചെത്തിമുറിക്കുന്ന ഒക്ടോബര്‍ വീശുമ്പോള്‍ ,അവന്‍റെ വിഷാദ നിശ്വാസം മാര്‍ബിള്‍ കല്ലറകളിലുണ്ടാകും"
രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ് നാസികളുടെ പിടിയില്‍ നിന്ന് പാരീസ് മോചിതമാകുന്ന സമയം. അമേരിക്കക്കാരനായ കേണല്‍ റോബര്‍ട്ടാണ് കഥ പറയുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം അര്‍ദ്ധസൈനികര്‍  റിറ്റ്സ് ഹോട്ടലില്‍ ഒരു ദിവസം തങ്ങുന്നു. അടുത്ത ദിവസം അവര്‍ ആ നഗരം വിട്ടു മറ്റൊരിടത്തേക്ക് നീങ്ങുകയാണ്. പാരീസ് നഗരത്തോടുള്ള ഹെമിംഗ് വേയുടെ അഭിനിവേശം വ്യക്തമാക്കുന്നതാണ് "പൂന്തോട്ട ക്കാഴ്ചയുള്ള മുറി" എന്ന ഈ കഥ.
ഹെമിംഗ് വേയുടെ ക്യൂബന്‍ വാസക്കാലം അതീവഹൃദ്യമായിരുന്നുവത്രേ. ഹവാനക്കടുത്ത് അദ്ദേഹം ഒരു തോട്ടവും വീടും വാങ്ങി.ധാരാളം പനകളും പപ്പായമരങ്ങളും പൂച്ചെടികളും തഴച്ചു വളര്‍ന്ന അദ്ദേഹത്തിന്‍റെ ക്യൂബന്‍ വസതി പ്രശാന്ത സുന്ദരമായിരുന്നു. നായക്കളും പൂച്ചകളും പരിചാരികമാരും സഹായത്തിനു ഭൃത്യന്മാരും തികഞ്ഞ ആര്‍ഭാട ജീവിതക്കാലമായിരുന്നു അത്. ഭിത്തി അലങ്കരിക്കാന്‍ താന്‍ പലപ്പോഴായി വെടിവെച്ച് വീഴ്ത്തിയ വേട്ടമൃഗങ്ങളുടെ ചായംതേച്ച തലകള്‍, പിക്കാസോയുടെ ചിത്രങ്ങള്‍ എന്നിവയും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവയായിരുന്നു.
ജീവിച്ചിരുന്നപ്പോള്‍ സമകാലിക സാഹിത്യലോകത്തെ ഇതിഹാസമായിരുന്നു ഹെമിംഗ് വെ. രണ്ടു ലോകമഹായുദ്ധങ്ങളില്‍ പങ്കെടുക്കുകയും, ഒന്നിലധികം തവണ വിമാനാപകടങ്ങളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും നാലു തവണ വിവാഹിതനാവുകയും , പില്‍ക്കാലത്ത്‌ സ്വന്തം മരണവാര്‍ത്ത പത്രങ്ങളുടെ ആദ്യപജില്‍ തന്നെ സ്വയം വായിക്കനിടയാവുകയും പിന്നീട് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സ്വന്തം റിവോള്‍വറില്‍ നിന്ന് ചീറ്റിയ വെടിയുണ്ടയേറ്റ് മൃതിയടയുകയും ചെയ്ത സാഹസികനായ ഒരാളായിരുന്നു 'പപ്പാ' എന്ന് ലോകം സ്നേഹപൂര്‍വ്വം ഓമനിച്ച ഹെമിംഗ് വെ. കടുത്ത വിഷാദ രോഗം അദ്ദേഹത്തില്‍ സ്മൃതിനാശം വരുത്തിയ നാളുകളായിരുന്നു അത്.  ചികിത്സ തേടിയ മായോ ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് നേടി വീട്ടിലെത്തിയ ഉടനെ ജീവിതത്തിന് വിരാമം കുറിക്കുകയാണത്രെ ഉണ്ടായത്.
രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ എല്ലാ വിശ്വാസങ്ങളും ശക്തിയും കൈമോശം വന്ന ഒരു ജനതയുടെ നൈരാശ്യവും നിസ്സഹായതയും നേരിട്ട് അനുഭവിച്ചു അദ്ദേഹം. എന്നിട്ടും പ്രതീക്ഷ കൈവിടാതെ പുതിയൊരു ലോകം സ്വപ്നം കണ്ടുകൊണ്ടേ മുന്നേറാന്‍ ലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു  ഹെമിംഗ് വെ. കാളപ്പോരിലും ഗുസ്തിയിലും ആഴക്കടല്‍ യാത്രയിലെ മത്സ്യബന്ധനത്തിലും സ്വന്തം ജീവിതത്തെ സാഹസികമായി പരീക്ഷിച്ച അദ്ദേഹം മനുഷ്യന്‍റെ അടങ്ങാത്ത ഇച്ഛാശക്തിയില്‍ അതിയായ പ്രതീക്ഷ വെച്ചുപുലര്‍ത്തി. സാന്‍ഡിയാഗോ സമുദ്രഗര്‍ഭത്തില്‍ ഏറ്റുമുട്ടിയ തിമിംഗലങ്ങള്‍ ജീവിതത്തില്‍ ഒന്നിന് പുറകെ ഒന്നായി മനുഷ്യന്‍ അഭിമുഖീകരിച്ച പ്രതിസന്ധികള്‍ തന്നെയായിരുന്നു. 'നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാവില്ല മക്കളെ' എന്ന് ഓരോ വീഴ്ചയിലും ഉരുവിട്ട കിഴവന്‍ മനുഷ്യന്‍റെ അദമ്യമായ പ്രത്യാശയുടെ നേര്‍ രൂപമല്ലേ? തന്‍റെ ചൂണ്ടക്കണയില്‍ കോര്‍ത്ത മാര്‍ലിന്‍ സ്രാവ് , പരസ്പരം പോരാടി തളര്‍ന്ന ദേഹവും പരിക്ഷീണവും ദൈന്യവുമായ കണ്ണുകളോടെ സാന്‍ഡിയാഗോവിനെ നോക്കുമ്പോള്‍ അയാളുടെ മനമലിയുന്നുണ്ട്. അയാളതിനെ വേദനയോടെ വാത്സല്യത്തോടെ നോക്കുന്നു. ക്ഷമിക്കൂ മകനെ, എനിക്ക് വിജയിച്ചേ മതിയാകൂ...എന്ന് ഉള്ളില്‍ കേഴുകയും ചെയ്യുന്നു.രാത്രിയിലെ കൊള്ളിയാന്‍ വെട്ടത്തില്‍ തിളങ്ങിയ മീന്‍കണ്ണുകളിലെ പ്രാണഭയം അയാള്‍ തിരിച്ചറിഞ്ഞു. ഉള്ളില്‍ തിരയടിച്ച സങ്കടങ്ങള്‍ സ്വയം കടിച്ചമര്‍ത്തി കടലിന്‍റെ അപാരതയിലൂടെ ആ മനുഷ്യന്‍ തുഴഞ്ഞുനീങ്ങുന്ന കാഴ്ച എത്ര ചേതോഹരമായാണെന്നോ ഹെമിംഗ് വേയിലെ പ്രതിഭാശാലിയായ കലാകാരന്‍ വരച്ചുവെക്കുന്നത്.
ഒറ്റനോട്ടത്തില്‍, ആഞ്ഞടിച്ച പ്രകൃതി ശക്തിക്കെതിരെ ഒരു വൃദ്ധന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ കഥ. നീലക്കടലില്‍ വെച്ച്  തന്‍റെ ചൂണ്ടയില്‍ കൊളുത്തിയ കൂറ്റന്‍ സ്രാവിനോട്  മല്ലിട്ട ഒരു ക്യൂബന്‍ മീന്‍പിടുത്തക്കാരന്‍റെ മൂന്നു രാപ്പകലിന്‍റെ കഥ. വായനക്കാരന്‍റെ മുന്‍പില്‍ ഹെമിംഗ് വെ  പല അടരുകളുള്ള ജീവിതസത്യങ്ങളുടെ പാഠങ്ങളാണ് തുറന്നിടുന്നത്. സൗഹൃദം, ധീരത,നിര്‍ഭയത്വം എന്നിങ്ങനെ താന്‍ ജീവിതക്കടലില്‍ നിന്ന്  സാഹസികമായി കണ്ടെടുത്ത പാഠങ്ങള്‍. ക്യൂബയാണ്‌ കഥയുടെ പശ്ചാത്തലം. മീന്‍പിടുത്തം കൊണ്ടുമാത്രം ജീവിതം കഴിക്കുന്ന ദരിദ്രമായ സാഹചര്യമുള്ള ക്യൂബയിലെ ഒരു കടലോര ഗ്രാമ മാണ്  ഹെമിംഗ് വെ തന്‍റെ കഥയുടെ കാന്‍വാസില്‍ ചിത്രീകരിക്കുന്നത്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന സാന്‍ഡിയാഗോ എന്ന വൃദ്ധനും മനോലിന്‍ എന്ന കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഖ്യാനമാണ് ആദ്യഭാഗം.അവര്‍ക്കിടയില്‍ വലുപ്പ ചെറുപ്പങ്ങളില്ല. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് അവര്‍ കഴിഞ്ഞത്. അവനെ വെറുമൊരു കുട്ടി മാത്രമായല്ല വൃദ്ധന്‍ കണ്ടത്. തിരിച്ചും, പാകതവന്ന ഒരു മുതിര്‍ന്ന സുഹൃത്തായിട്ടാണ് മനോലിന്‍ എന്ന കുട്ടി വൃദ്ധനോട് പെരുമാറുന്നത്. കഴിഞ്ഞ എണ്‍പത്തിനാല് ദിവസങ്ങളായി വലയില്‍ മീനൊന്നും കുരുങ്ങാതെ നിരാശനായി മടങ്ങേണ്ടിവന്ന സാന്‍ഡിയാഗോവിനെ നിര്‍ഭാഗ്യവാനായിട്ടാണ് മറ്റുള്ളവര്‍ കണ്ടത്. കിഴവന്‍റെ കൂടെ മീന്‍പിടിക്കാന്‍ പോകുന്നത് കുട്ടിയുടെ വീട്ടുകാര്‍ വിലക്കിയിട്ടും അവന്‍ വൃദ്ധനുമായുള്ള തന്‍റെ സൗഹൃദം വിട്ടുകളയുന്നില്ല. എന്നാല്‍ പിന്നീട് അവനു സാന്‍ഡിയോഗോവിനെ  ഉപേക്ഷിച്ചു മറ്റു മീന്‍പിടുത്ത ക്കാരുടെ ഒപ്പം പോകേണ്ടിവന്നു. ഉള്‍ക്കടലിലെ ആകസ്മികമായ പോര്‍മുഖങ്ങള്‍ മനോലിനു തുറന്നുകിട്ടിയത്‌ വൃദ്ധനോടൊപ്പമുള്ള യാത്രകളില്‍ ആയിരുന്നു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലവും അതിലൂടെ അതിസാഹസികമായി നടത്തേണ്ടിവരുന്ന കണിശമായ സഞ്ചാരവും വൃദ്ധനോടൊപ്പമുള്ള ജീവിതത്തില്‍ നിന്ന് ആ കുട്ടി പഠിച്ചു. അവരുടെ ആത്മബന്ധം 'കിഴവനും കടലും' എന്ന കഥയുടെ ആധാരശിലയായി വര്‍ത്തിക്കുന്നു. 
മൂന്നാം ദിവസത്തിന്‍റെ മൂന്നാം യാമത്തില്‍ അവശേഷിച്ച അവസാനത്തെ മംസക്കഷ്ണവുമായി യാത്ര തുടരവേ, ഇനിയും തന്നെ തോല്പിക്കാന്‍ സ്രാവുകള്‍ വന്നാല്‍ എന്ത് ചെയ്യും ദൈവമേ എന്ന് വ്യാകുലപ്പെട്ട വൃദ്ധന്‍ അങ്ങനെ സംഭവിച്ചാല്‍ പൊരുതി മരിയ്ക്കാന്‍ തന്നെ നിശ്ചയിച്ചു. രാവേറെ ചെന്നപ്പോള്‍ നഗരദീപങ്ങളുടെ ആലക്തികപ്രഭ പൊഴിഞ്ഞ പ്രകാശ വീചികള്‍ വിദൂരരേഖയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇരുളില്‍ അയാളുടെ എല്ലാ പ്രതിരോധശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് വീണ്ടും കൊമ്പന്‍ സ്രാവുകളുടെ കൂട്ടം അടുത്തെത്തി. എല്ലാം  കവര്‍ന്നെടുത്തുകൊണ്ട് അവ കടലിലെങ്ങോ പോയിമറഞ്ഞു. അവയോട് വൃഥാ പൊരുതിയ കിഴവനു വായില്‍ രക്തത്തിന്റെ രുചി അനുഭവപ്പെട്ടു . അയാള്‍ കടലിലേക്ക്‌ ആഞ്ഞുതുപ്പി. പിന്നെ സാവധാനം വഞ്ചി തുഴഞ്ഞുപോയി. മീനിന്റെ അസ്ഥികൂടത്തില്‍ കടിച്ചുനോക്കി പിന്തിരിയുന്ന മറ്റു മത്സ്യങ്ങളെ അയാള്‍ ശ്രദ്ധിച്ചതെയില്ല.
കിഴവന്‍ സാൻഡിയാഗോ കടലോരത്ത്  മടങ്ങിയെത്തിയപ്പോഴേക്ക്എല്ലാവരും ഉറക്കമായിക്കഴിഞ്ഞിരുന്നു. സ്രാവുകളുമായുള്ള നീണ്ട പോരാട്ടത്തിനിടയില്‍ അയാള്‍ക്ക്‌ തന്റെ നെഞ്ചിലെന്തോ പൊടിഞ്ഞു തകരുന്നതുപോലെ അനുഭവപ്പെട്ടിരുന്നു.പാമരം ഭിത്തിയില്‍ ചാരിവെച്ച് അയാള്‍ കട്ടിലില്‍ പോയി വീണു.
പതിവുപോലെ പ്രഭാതത്തില്‍ കുടിലില്‍ വന്നു നോക്കിയ മനോലിന്‍  വൃദ്ധന്റെ വ്രണിതമായ ശരീരം കണ്ടു പരവശനായി. വൃദ്ധനു കാപ്പി കൊണ്ടുവരാന്‍ വേണ്ടി അവന്‍ നടക്കുമ്പോള്‍ കടല്‍ക്കരയില്‍ ആള്‍ക്കൂട്ടം എ കൂറ്റന്‍ അസ്ഥികൂടത്തിന്റെ പതിനെട്ടടി നീളം അളന്നുനോക്കുകയായിരുന്നു. വീണ്ടും ദീര്‍ഘ സുഷുപ്തിയിലമര്‍ന്ന വൃദ്ധന്‍ ആഫ്രിക്കയിലെ സിംഹങ്ങളെ സ്വപ്നം കണ്ടുകിടന്നപ്പോള്‍ കടല്‍ക്കരയില്‍ വിനോദ യാത്രക്കെത്തിയ സംഘം കൂറ്റന്‍ മീന്‍ മുള്ള് അദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.
ക്ലാസിക് നോവലുകളുടെ പുന:പാരായണം നമുക്ക് വായനയില്‍ പുതിയ ആകാശങ്ങള്‍ തുറന്നുതരും. ഉത്തമ സാഹിത്യകൃതികള്‍ ഒന്നിലധികം തവണ വായിച്ചുപോകുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉറവെടുക്കും. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സമാന്തരലോകത്തെ അവലോകനം ചെയ്യുമ്പോള്‍ നോവലിസ്റ്റ് ബോധപൂര്‍വം പ്രയോഗിച്ച ഭാഷയും അബോധപൂര്‍വകമായി പുന:സൃഷ്ടിച്ച മായികതയും വായനയില്‍ കൂടിക്കലരും.യഥാര്‍ഥ ലോകത്തിന്‍റെ ശരിപ്പകര്‍പ്പല്ല ഒരിക്കലും എഴുത്തുകാരന്‍ നിര്‍മിച്ചെടുക്കുന്നത്. ഒരേകദേശ പ്രതിബിംബമാണ് നോവലിസ്റ്റ് സാധന ചെയ്യുന്നത്.  നമുക്കറിയാം യഥാര്‍ഥലോകവും യഥാര്‍ഥ ജീവിതവും അനന്തവൈവിധ്യമാര്‍ന്നതാണ്. ചിത്രം വരയ്ക്കുന്ന കലാകാരന്‍ പ്രധാന അംശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്രധാനമായവ ഒന്നോ രണ്ടോ വര്‍ണബിന്ദുക്കള്‍ കൊണ്ട് ധ്വനിപ്പിക്കുകയും ചെയ്യുന്നതുപോലെ  എഴുത്തുകാരനും വാക്കുകള്‍ കൊണ്ടൊരു മായാലോകം സൃഷ്ടിക്കുന്നു.അയാള്‍ പ്രകൃതിയെ വരക്കുമ്പോള്‍ ഫോട്ടോഗ്രഫിയിലെന്ന പോലെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കുകയല്ല ചെയ്യുന്നത്. നാടകത്തിലെപ്പോലെ ഓരോ ചേഷ്ടകളും ഭാവങ്ങളും പ്രത്യക്ഷവല്‍ക്കരിക്കാന്‍ നോവലിസ്റ്റിനു സാധിച്ചെന്നു വരില്ല. എന്നാല്‍ ഫോട്ടോഗ്രഫിയെക്കള്‍ സൂക്ഷ്മമായി നാടകത്തെക്കാള്‍ വിശദമായി മനുഷ്യപ്രകൃതിയുടെ ആന്തരികലോകം എഴുത്തില്‍ അയാള്‍ വരച്ചെടുക്കും. കേവലം ബാഹ്യമായ യാഥാര്‍ഥ്യ പ്രതീതിയുടെ തലമല്ല മനുഷ്യരുടെ അന്തരംഗലോകം ഉളവാക്കുന്ന സത്യത്മകതയാണ് വലിയ നോവലിസ്റ്റുകള്‍ എക്കാലവും സാധന ചെയ്തത്. ഹെമിംഗ് വെ സൃഷ്ടിച്ച ലോകവും അങ്ങനെത്തന്നെയായിരുന്നു. ചുമരില്‍ തൂക്കിയ ചിത്രം അടുത്തുചെന്നു നോക്കിയാല്‍ അവ കേവലം രേഖകളും തൂലികപ്പാടുകളും മാത്രമാണ് .വായനക്ക് ശേഷം അല്പം ദൂരെ മാറിനിന്നു കാണുമ്പോഴേ പുതിയൊരു സൌന്ദര്യലോകം നമ്മുടെ മുന്നില്‍ വിടര്‍ന്നു വരൂ.വാക്കുകളുടെ രേഖാ വിന്യാസങ്ങളില്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവെച്ച  ഭാവനാ പ്രപഞ്ചം ഒന്നൊന്നായി നമുക്ക് മുന്നില്‍ വിരിയുന്നത്  കാണാം .
ആറ്റിക്കുറുക്കിയ രചനാശൈലിയില്‍ സൌന്ദര്യത്തിന്‍റെ അദ്ഭുതച്ചെപ്പാണ് ഹെമിംഗ് വെ തുറന്നിട്ടത് . സംഗീതം പൊഴിയുന്ന ഭാഷയുടെ മാന്ത്രികവടി വീശി വായനക്കാരനെ അമ്പരപ്പിക്കുന്നതോടൊപ്പം ഭാവനയുടെ താഴ്വരയിലേക്ക് അവനെ ആനയിക്കാനും മറക്കുന്നില്ല, അദ്ദേഹം. എഴുത്തില്‍ ഇന്ദ്രിയനിര്‍വിശേഷമായ അനുഭവങ്ങളെ ആവാഹിക്കാന്‍ ക്ഷണ നേരം മതി അദ്ദേഹത്തിന്. കടലിന്‍റെ അപാരതയില്‍ കിഴവനും സ്രാവും തമ്മിലുള്ള വേഴ്ച , സഹനത്തിന്‍റെ വേദനയുടെ, നിരാശയുടെ ,ആനന്ദത്തിന്‍റെ, അന്യോന്യം പകരുന്ന സാഹോദര്യത്തിന്‍റെ, കരുണയുടെ , അനുതാപത്തിന്‍റെ അളവില്ലാത്ത വാത്സല്യത്തിന്‍റെ ക്ഷണിക നിമിഷങ്ങള്‍ ഹെമിംഗ് വെ ആവിഷ്കരിക്കുന്നത് ഇന്ദ്രിയ സംവേദനങ്ങളുടെ സ്പര്‍ശക്ഷമതയിലൂടെയാണ്.ആഴക്കടലിന്റെ മദ്ധ്യേ സമുദ്രജലത്തിന്റെ ലവണ ത്തോടൊപ്പം മനുഷ്യ രക്തത്തിന്റെ ലോഹരുചിയും നാം അറിയുന്നുണ്ടല്ലോ. നേരം പുലരും മുന്‍പേ വൃദ്ധന്‍ നുണയുന്ന ചൂടുള്ള കാപ്പിയുടെ ആവിപറക്കുന്ന ഗന്ധവും മീനെണ്ണയുടെ സ്നിഗ്ധതയും വായനയില്‍ കലരുന്നു. ഹെമിംഗ് വെ വാക്കുകളില്‍ നിവേദിക്കുന്ന നിറവും രുചിയും ഗന്ധവും അദ്ദേഹത്തിന്‍റെ അസാമാന്യമായ സംവേദനക്ഷമതയുടെ നേര്‍ക്കാഴ്ചകളാണ്.
വര്‍ണങ്ങളുടെ മേളനം  എത്ര രസാവഹമായിട്ടാണ് ഹെമിംഗ് വേയുടെ ആഖ്യാനത്തില്‍ വിരിയുന്നത് എന്ന് നോക്കുക. നമ്മുടെ കാഴ്ച്ചയുടെ ഭാവനാതീതത്തിലാണ് അദ്ദേഹം ചെന്നുതൊടുന്നത്. ഒരു ചിത്രകാരന്റെയോ    ചലച്ചിത്രകാരന്റെയോ കരവിരുതാണ് വാക്കിന്റെ കലയില്‍ ഹെമിംഗ് വെ സാധിക്കുന്നത്‌. അവ പലപ്പോഴും പെയിന്റിംഗ് പോലെ മനോഹരമാണ്. സമുദ്രജലത്തില്‍ മിന്നിപ്പിടയുന്ന ട്യൂണ മത്സ്യത്തിന്റെ വെള്ളിനിറം , അത് സാന്ധ്യ വെളിച്ചത്തില്‍ തെന്നിമാറുമ്പോഴുള്ള  നീലിമയും പൊടുന്നനെ നുരച്ചാര്ത്തില്‍ ഉയര്‍ന്നു കുതിക്കുംപോഴുള്ള സ്വര്‍ണനിറവും ഒരു ഫോട്ടോ ഗ്രാഫറുടെ കൌശലത്തോടെ അദ്ദേഹം വാക്കുകളില്‍ ഒപ്പിയെടുക്കുകയാണ് ചെയ്യുന്നത്.നിഴലും വെളിച്ചവും മാറിമാറി കളിക്കുന്ന കടലിന്‍റെ തിരശീലയില്‍ നാടകീയത മുറ്റിയ ആഖ്യാനത്തിലൂടെ വര്‍ണവും ഗന്ധവും സ്പര്‍ശവും രുചിയും വായനക്കാരന്‍ തിരിച്ചറിയാതെ പോകുന്നില്ല. മൂവന്തിയുടെ മങ്ങൂഴത്തില്‍ വിദൂരതയിലുള്ള തടത്തില്‍ മേഘമാലകള്‍ പര്‍വതത്തെപ്പോലെ ഉയര്‍ന്നു നിന്നതും, കര ഒരു ഹരിതരേഖ പോലെ ചാരനിറമാര്‍ന്ന കുന്നിന്‍ ചരിവില്‍ മങ്ങിനില്‍ക്കുന്നതും, കടല്‍ ഇരുണ്ട നീലത്തില്‍ ധൂമിലമാവുന്നതും ക്രമേണ ലോഹിത വര്‍ണത്തില്‍ നിദ്രയില്‍ അമര്‍ന്നു പോകുന്നതും വാക്കുകളില്‍ നമ്മെ അനുഭവിപ്പിക്കുന്നു, അദ്ദേഹം.
അതുപോലെ നാടകീയത നിറഞ്ഞ വര്‍ണനയാണ് സ്പര്‍ശവേദ്യമായ അനുഭവങ്ങളുടെ ആവിഷ്കാരത്തിലും നാം കാണുന്നത്.  സാന്‍ഡിയാഗോ എന്ന വൃദ്ധന്റെ ശാരീരികമായ യാതന മുഴുവനും നമ്മിലേക്ക്‌ നിവേശിക്കുന്നത് സ്പര്‍ശക്ഷമമായ വാക്കുകളിലൂടെയാണ്. തന്റെ ചുമലില്‍ വരിഞ്ഞു ചുറ്റിയ കയര്‍ ഉരഞ്ഞുണ്ടാകുന്ന വ്രണവും പിച്ചാത്തിമുനപ്പാടും യഥാതഥമായ വര്‍ണനയില്‍ അനുഭവവേദ്യമാകുന്നുണ്ടല്ലോ. മാര്‍ലിന്‍ എന്ന കൊമ്പന്‍സ്രാവ് ചൂണ്ടയില്‍ ആദ്യമായി കുരുങ്ങുന്ന  സചേതനമായ നിമിഷം നമ്മളും ജാഗ്രത്താവുന്നു. അങ്ങനെ ആദ്യന്തം ആഖ്യാന ചാരുതയില്‍ ഹെമിംഗ് വെ സൃഷ്ടിക്കുന്ന ആഘാതം അനുഭൂതിതീവ്രതയുടെ കൊടിയടയാളമാകുന്നു.
ഹെമിംഗ് വെയുടെ കഥാപാത്രം തള്ള വിരലിനും ചൂണ്ടുവിരലിനുമിടക്ക് കൌശലത്തോടെ പിടിച്ചു നിയന്ത്രിച്ച ആയിരത്തി അഞ്ഞൂറ്  റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ സ്രാവ് അറുനൂറു അടി താഴെ നീലക്കടലിന്‍റെ ആഴത്തില്‍ ചലിച്ചുകൊണ്ടിരുന്നു. കൂറ്റന്‍ മത്സ്യങ്ങളെ വെട്ടയാടുന്നവര്‍ക്കൊരു കൈപ്പുസ്തകമെന്ന പോലെയാണ് മീന്‍പിടുത്ത ത്തിന്‍റെ ചലനവേഗങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചത്. തന്നിലെ സാഹസികനായ മല്‍പ്പിടുത്തക്കാരനും വേട്ടക്കാരനും യോദ്ധാവും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രത്തില്‍ പുനര്‍ജനി കൊള്ളുകയായിരുന്നു  എന്ന് പറയാം.
കിഴവന്‍ എപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നൊരു കായികവിനോദമുണ്ട്. ബേസ് ബാള്‍. ഡിമാഗിയോവിനെ ക്കുറിച്ച് എത്ര പറഞ്ഞാലും  കിഴവന് മതിയാവില്ല. വിശ്രമവേളകളില്‍ വീഞ്ഞ് നുണഞ്ഞു കൊണ്ട്  മനോലിനോട്  അയാള്‍ സംസാരിക്കുന്നതത്രയും ഡിമാഗിയോ എന്ന ബേസ് ബാള്‍ കളിക്കരനെപ്പറ്റിയാണ്.  കായികവിനോദങ്ങളും ലഹരിപിടിപ്പിക്കുന്ന ഓര്‍മകളും ഗുസ്തിയും മൃഗയാവിനോദവും യുദ്ധസ്മരണകളും ഈ നോവലിന്‍റെ രചനയില്‍ ഹെമിംഗ് വെ കൂട്ടുപിടിക്കുന്നുണ്ട്. കിഴവന്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചോരുന്ന ശക്തി തിരിച്ചുപിടിക്കാന്‍ ഈ ഓര്‍മകളെ കൂടെ കൂട്ടുന്നുണ്ടല്ലോ.
നിദ്രയിലും അയാള്‍ സ്വപ്നം കാണുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡമാണ്. സുവര്‍ണാഭവും വെണ്മ പരന്നതുമായ കടല്ക്കരകള്‍ എല്ലാ രാത്രികളിലും വൃദ്ധന്‍ സ്വപനം കാണാറുണ്ട്.കൂറ്റന്‍ അലമാലകളുടെ ഗര്‍ജനം അയാള്‍ എപ്പോഴും ശ്രവിച്ചു. അടങ്ങാത്ത കൊടുങ്കാറ്റിന്‍റെ സീല്‍ക്കാരം എപ്പോഴും അയാള്‍ കാതോര്‍ത്തു. കടലോരപ്രദേശങ്ങളും അവിടെ മേഞ്ഞുനടന്ന സിംഹങ്ങളും എന്നും അയാളുടെ സ്വപ്നങ്ങളില്‍ ചേക്കേറി.
ദീര്‍ഘ വിസ്തൃതമായ കരിംചിറകുകള്‍ വിടര്‍ത്തി ആകാശത്തില്‍ വട്ടംച്ചുറ്റിപ്പറന്ന കടല്‍ക്കഴുകന്‍മാര്‍ വൃദ്ധന്‍റെ ദൃഷ്ടിപഥത്തില്‍ കൃത്യമായി തെളിഞ്ഞുനിന്നു. പൊടുന്നനെ കടലിലേക്ക്‌ ഊളിയിട്ട കഴുകന്‍ സമുദ്രവിതാനത്തിനടിയില്‍ നിന്ന് വെള്ളം ചീറ്റിത്തെറിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവരികയും ജീവന്‍ പിടക്കുന്ന മീനിനെയും കൊണ്ട് പറന്നുയരുകയും ചെയ്തു.

ശരിയാണ് . കിഴവനും കടലും  മത്സ്യബന്ധനത്തിലേർപ്പെട്ട ഒരു മനുഷ്യന്റെയും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയ ഒരു കൊച്ചു തിമിംഗലത്തിന്റെയും അവർക്കു ശയ്യ ഒരുക്കിയ മഹാസമുദ്രത്തിന്റേയും ആഖ്യാനമാണ്. ഹെമിങ് വെ ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ചിന്തയുടെ ആവിഷ്ക്കരമായിരുന്നു.ജീവിതവും മരണവും തോൽവിയും പ്രത്യാശയും അങ്ങനെ മനുഷ്യജീവനെ  ചുഴന്നു നിന്ന നിരവധി പ്രശ്നങ്ങളുടെ ദാർശനികമായ അവലോകനമാണ് ഈ നോവൽ.
നോവലിന് പശ്ചാത്തലമായ നീലക്കടലും കൊമ്പൻ സ്രാവുകളും  പ്രാപ്പിടിയന്മാരിൽ നിന്ന് അഭയം തേടി തോണികൊമ്പത്ത് പറന്നുവന്നു വീഴുന്ന ഭയചകിതയായ ഒരു കിളിക്കുഞ്ഞുണ്ട് , അതിനുപോലും നമ്മോടു പറയാനുള്ള മഹത്തായൊരു സന്ദേശമുണ്ട്. ജീവിതം എത്ര സുന്ദരമാണ്. ധീരമായി മുന്നോട്ട് മുന്നോട്ട്...
ഹെമിങ് വെ എന്ന മഹാനായ എഴുത്തുകാരനെക്കുറിച്ച്‌  എം ടി വാസുദേവൻ നായർ എഴുതിയ പുസ്തകം അവസാനിക്കുന്നിടത്ത്  വില്യം ഫോക് നറുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. നോബൽ സമ്മാനവേദിയിൽ വെച്ച് ഫോക്‌നർ  നടത്തിയ പ്രസംഗമാണത്. "മനുഷ്യന്റെ അവസാനം എന്നത് ഞാൻ നിരാകരിക്കുന്നു. മരിയ്ക്കുന്ന അവസാനത്തെ ചുവന്ന സന്ധ്യയിൽ തൂങ്ങി നിൽക്കുന്ന ക്ഷുദ്രമായ അവസാനത്തെ പാറക്കെട്ടിൽ നിന്ന് അന്ത്യത്തിന്റെ അവസാന മണിനാദം മുഴങ്ങുകയും നേർത്തു മായുകയും ചെയ്യുമ്പോൾ കൂടി ഒരു ശബ്ദം ബാക്കിയുണ്ടാവും. മനുഷ്യന്റെ അടക്കാനാവാത്ത നനുത്ത ശബ്ദം." 
ആ നനുത്ത ശബ്ദം നമ്മെയും വരുംകാലത്തെയും കേൾപ്പിക്കുകയാണ് ഹെമിങ് വെ എന്ന അനശ്വരനായ എഴുത്തുകാരൻ. 
------------------------------------------------------------------------------------------------------------
 സേതുമാധവൻ മച്ചാട് 
 പ്രോഗ്രാം എക്സിക്യൂട്ടീവ് 
 ദൂരദർശൻ , തിരുവനന്തപുരം 
ഇ  മെയിൽ : sethumadhavanmachad@gmail.com 
ഫോൺ  : 9495406530 
------------------------------------------------------------------------------------------------------------------
സഹായക ഗ്രന്ഥങ്ങൾ :
ഹെമിങ് വെ ഒരു മുഖവുര - എം ടി വാസുദേവൻ നായർ 
വിശ്വമഹാഗ്രന്ഥങ്ങൾ ( കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് }
Old Man and the Sea  - Notes by Kenneth Graham 
കിഴവനും കടലും കുറെ വ്യാഖ്യാനങ്ങളും ( പി ജി .സോമനാഥൻ നായർ )
------------------------------------------------------------------------------------------------------------

Tuesday, October 8, 2019

ഹെമിങ് വെ

ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ  ഒരു ഇതിഹാസമാണ്‌  ഏര്‍നെസ്റ്റ് ഹെമിംഗ് വേ.  പ്രഗത്ഭനായ സാഹിത്യകാരന്‍ എന്നതിന് പുറമേ കരുത്തുറ്റ പൌരുഷത്തിന്‍റെ മൂര്‍ത്തിമദ്ഭാവം എന്നൊരു പരിവേഷം കൂടി അദ്ദേഹത്തെ വലയം ചെയ്തിരുന്നു. നായാട്ട്,മീന്‍പിടിത്തം,ഗുസ്തി,കാളപ്പോര്,സൈക്കിള്‍ സവാരി, നീന്തല്‍ തുടങ്ങി പലതരം കായിക വിനോദങ്ങളിലും വ്യാപരിച്ച, മദിരയിലും മദിരാക്ഷിയിലും യഥേഷ്ടം അഭിരമിച്ച , യുദ്ധങ്ങളില്‍ പങ്കെടുക്കുകയും സാഹസകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

ഇല്ലിനോയിലെ ഓക് പാര്‍ക്കില്‍ ഒരു ഡോക്ടറുടെ മകനായിട്ടാണ് ഹെമിംഗ് വേ ജനിച്ചത്‌.കായിക വിനോദങ്ങളിലുള്ള അഭിനിവേശം നന്നേ ചെറുപ്പത്തില്‍ തന്നെ പ്രകടമായിരുന്നു. പത്ര റിപ്പോര്ട്ടറായിട്ടാണ് ആദ്യം ജോലി ചെയ്തത്. ഒന്നാം ലോകമഹയുദ്ധത്തില്‍ സന്നദ്ധസേവകനായി ഒരു ആംബുലന്‍സില്‍ ചേര്‍ന്ന് ഇറ്റാലിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും കാലില്‍ കഠിനമായ മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം പാരീസില്‍ വിദേശ ലേഖകനായി ജോലി നോക്കി . അവിടെവെച്ച് സാഹിത്യരചനയില്‍ ജെര്‍ട്രൂഡ സ്ടയ്ന്‍ , എസ്രാ പൌണ്ട് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. സാഹിത്യരചനയും പത്രപ്രവര്‍ത്തനവുമായിട്ടാണ്  പില്‍ക്കാലം ജീവിച്ചത്.
രണ്ടാംലോകമാഹായുദ്ധത്തില്‍ പങ്കെടുക്കുക മാത്രമല്ല  ബോംബര്‍ വിമാനങ്ങളില്‍ പറക്കുക കൂടിയുണ്ടായി. അമ്പത്താറാം വയസ്സില്‍ സ്വന്തം ചരമവൃത്താന്തം പത്രങ്ങളില്‍ വായിക്കുക എന്ന അപൂര്‍വ്വമായ ഒരനുഭവം അദ്ദേഹം നേരിടുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച വിമാനം അഫ്രിക്കയില്‍  തകര്‍ന്നു വീണതായിരുന്നു സന്ദര്‍ഭം. അപകടം ഏല്‍പിച്ച പരിക്ക് അദ്ദേഹത്തിന്റെ മാനസികനില തകരാനിടയാക്കി . 7വര്‍ഷത്തിനു ശേഷം അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയം ചെയ്തു. അതൊരു അപകടമരണമാണെന്നൊരു അഭിപ്രായവുമുണ്ട്. ഹെമിംഗ് വെ നാല് തവണ വിവാഹിതനായി. പല സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.ജീവിതത്തിന്റെ ഉത്തരഭാഗം അദ്ദേഹം ക്യൂബയിലാണ് ജീവിച്ചത്.
ഹെമിംഗ് വേയുടെ  ആദ്യകാല കൃതികളാണ് കൂടുതല്‍ മെച്ചപ്പെട്ടത് എന്നാണ് നിരൂപകരുടെ അഭിപ്രായം. മാത്രമല്ല അദ്ദേഹത്തിന്‍റെ നോവലുകളെക്കാള്‍ ഉല്‍ക്കൃഷ്ടം ചെറുകഥകളാണെന്നും പലര്‍ക്കും അഭിപ്രായമുണ്ട്. ഇരുപത്തേഴാം വയസ്സില്‍ പ്രസിദ്ധീകരിച്ച ' നമ്മുടെ കാലത്ത് '( In Our Time) എന്ന ചെറുകഥാ സമാഹാരമാണ് ആദ്യ കൃതി. അടുത്ത വര്‍ഷം പുറത്തിറങ്ങിയ ' സൂര്യനും ഉദിക്കുന്നു'(The Sun Also Rises) എന്ന നോവല്‍ ഹെമിംഗ് വേ യെ പ്രശസ്തനാക്കി. തുടര്‍ന്ന് രണ്ടു കൊല്ലത്തിനു ശേഷം പുറത്തിറങ്ങിയ ' ശാസ്ത്രങ്ങളോടൊരു വിട'യും ( A farewell to Arms) അദ്ദേഹത്തിന്‍റെ വിശിഷ്ട കൃതികളായി കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ മറ്റൊരു നോവലാണ്‌ ' മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' ( For Whom the Bell Tolls). എന്നാല്‍ ഹെമിംഗ് വേയുടെ 'കിഴവനും കടലും' എന്ന മാസ്റ്റര്‍ പീസ് സമുന്നതനിലവാരം പുലര്‍ത്തുന്ന കൃതിയായി ലോകം വിലയിരുത്തി.

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള ശോകാത്മകമായൊരു പ്രണയകഥയാണ്‌ 'ശസ്ത്രങ്ങളോടൊരു വിട. ലഘുവായൊരു ഇതിവൃത്തം. മുറിവേറ്റ ഫ്രെഡറിക് ഹെന്‍ട്രി എന്ന പട്ടാള ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ വെച്ച് കാതറൈന്‍ ബാര്‍ക് ലി എന്നൊരു സന്നദ്ധ സേവകയെ കണ്ടുമുട്ടുന്നു.അവര്‍ പ്രേമബദ്ധരാവുന്നു. മുറിവുണങ്ങിയ ഹെന്‍ട്രി യുദ്ധരംഗത്തേക്ക് തിരിച്ചുപോവുന്നു.

കാപ്പൊറെറ്റി എന്ന സ്ഥലത്തുവെച്ചുണ്ടായ യുദ്ധത്തില്‍ ഇറ്റാലിയന്‍ പട ചിന്നിച്ചിതറുമ്പോള്‍ ഹെന്‍ട്രിയും കാതറിനും രാത്രി സമയത്ത് ചെറിയൊരു തോണിയില്‍ തടാകം കടന്ന് സ്വിറ്റ്സര്‍ലണ്ടില്‍ അഭയം തേടുന്നു. ഇതിനകം ഗര്‍ഭിണിയായിരുന്ന കാതറൈന്‍ അവിടെ വെച്ച് പ്രസവത്തില്‍ മരണമടയുന്നു. സാധാരണ രീതിയില പറയുന്ന ഒരു പ്രേമകഥയല്ല ഇത്. യുദ്ധത്തിന്‍റെ കൊടും യാതനകളില്‍ അര്‍ഥവും മൂല്യവുമൊക്കെ നഷ്ടപ്പെട്ട ഒരു ലോകത്തില്‍ രണ്ടു വ്യക്തികള്‍ പരസ്പരബന്ധത്തിലൂടെ ജീവിതത്തിനൊരടിത്തറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സജീവചിത്രണമാണ് ഹെമിംഗ് വേ പകരുന്നത് . അദ്ദേഹത്തെ ഒഴിയാബാധ പോലെ പിന്തുടര്‍ന്ന ഒരു സമസ്യയോടു ബന്ധപ്പെട്ടതാണിത്. പരമ്പരാഗതമായ മൂല്യങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെട്ട, ഹിംസാത്മകവും അക്രമോത്സുകവുമായ ലോകത്തില്‍ മനുഷ്യന്‍ എന്തിന്‍റെ പേരില്‍ ജീവിക്കണം, മരിക്കണം എന്നുള്ളതാണ് ആ സമസ്യ. ഇന്ദ്രിയ സുഖങ്ങളില്‍ മുഴുകിയും വിധിയെ ചെറുത്തും, മതമുള്‍പ്പടെ എന്തെങ്കിലും വിശ്വാസങ്ങളില്‍ അഭയം തേടിയും ഒരതിര്‍ത്തി വരെ മനുഷ്യന് ജീവിതം നിലനിര്‍ത്താം.എന്നിട്ടും ജീവിതത്തില്‍ ശൂന്യത അനുഭവപ്പെടുമ്പോഴോ? ആ ശൂന്യതയെക്കാള്‍ അസ്വീകാര്യമല്ല മൃത്യുവിന്‍റെ ശൂന്യത എന്നാണ് ഹെമിംഗ് വേ നല്‍കുന്ന ഉത്തരം. അതേസമയം ആധുനിക ജീവിതത്തിന്‍റെ നിരര്‍ത്ഥകതയിലും അര്‍ത്ഥപൂര്‍ണമായ ജീവിതം കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം സ്വപ്നം കാണുകയും ചെയ്തിരുന്നു.
ഈ നോവലിലെ യുദ്ധവര്‍ണനകള്‍ വായനക്കാരുടെ ശ്രദ്ധയും പ്രശംസയും നേടിയവയാണ്. ഇറ്റാലിയന്‍ പട തോറ്റൊടുന്നതിന്‍റെ ചിത്രം ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലിലെ വര്‍ണനകളോട് കിടപിടിക്കുന്നതാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹെമിംഗ് വേയുടെ ഭാഷാശൈലിയും ഏറെ ശ്ലാഘിക്കപ്പെട്ടിട്ടുള്ളതത്രേ. സകല അമൂര്‍ത്ത പദങ്ങളെയും പുറംതള്ളി മൂര്‍ത്തമായ ചെറിയ നാമപദങ്ങള്‍ ഉപയോഗിച്ച് എഴുതുകയാണ് അദ്ദേഹത്തിന്‍റെ രീതി. ലോകം കണ്ട വലിയ എഴുത്തുകാരില്‍ ഏറ്റവും കുറഞ്ഞ പദസമ്പത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഹെമിംഗ് വേ ആണെന്നത് എത്രപേര്‍ക്കറിയാം ? അതേസമയം  ജീവിതത്തില്‍ താന്‍ തിരഞ്ഞെത്തിയ സത്യങ്ങള്‍ ഇന്ദ്രിയവേദ്യമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് ആ പദാവലി ആവശ്യത്തിലും അധികമായിരുന്നു എന്നതാണ് സത്യം.

1952 ല്‍ ' ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' ( കിഴവനും കടലും ) പ്രസിദ്ധീകരിച്ചതോടുകൂടി ഹെമിംഗ് വേ വിശ്വ പ്രശസ്തിയിലേക്കുയര്‍ന്നു.ഇത് 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിനു നേടിക്കൊടുത്തു. 1961ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരതികായനെയാണ്.

ഒരു 'നോവെല്ല' എന്നോ നീണ്ട ചെറുകഥയെന്നോ പറയാവുന്ന 'കിഴവനും കടലും' സാധാരണ നോവലുകളെപ്പോലെ അധ്യായങ്ങളായോ ഭാഗങ്ങളായോ തിരിച്ചെഴുതപ്പെട്ടിട്ടുള്ളവയല്ല. വായനക്കാരുടെ സൌകര്യാര്‍ത്ഥം വേണമെങ്കില്‍ നോവലില്‍ സംഭവങ്ങള്‍ നടക്കുന്ന സമയത്തെ (ക്രിയാ കാലം ) അടിസ്ഥാനപ്പെടുത്തി ഒരു സാങ്കല്പിക വിഭജനം നടത്താമെന്നേയുള്ളൂ. നോവലിലെ ക്രിയാകാലം മൂന്നു പകലും മൂന്നു രാത്രിയും കൊണ്ട് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യപകലിനു തൊട്ടുമുന്‍പുള്ള വൈകുന്നേരം തൊട്ട് അവസാനത്തെ രാത്രി കഴിഞ്ഞെത്തുന്ന പ്രഭാതത്തില്‍ അവസാനിക്കുന്ന ഈ കഥയില്‍ പ്രധാനമായും രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.

സാന്തിയാഗോ എന്ന വൃദ്ധനായ ക്യൂബന്‍ മീന്‍പിടിത്തക്കാരനും അയാളെ സഹായിക്ക്കുന്ന മനോലിന്‍ എന്ന കുട്ടിയും.  പിന്നെയുള്ളത് മുഴുവനും മീനുകളാണ്. മീനുകളുടെ വീടാണല്ലോ കടല്‍.  മത്സ്യഗന്ധിയായ കടല്‍ ഈ കൃതിയിലെ പ്രധാന പശ്ചാത്തലമാണ്. കടലും രാപ്പകലുകളും കാറ്റും നീലവിഹായസ്സും ചേര്‍ന്നൊരുക്കുന്ന അദ്ഭുത കാന്‍വാസിലാണ് ഹെമിംഗ് വേയുടെ കൃതി വിലയം  കൊള്ളുന്നത്‌.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒന്നും കിട്ടാതെ മത്സ്യബന്ധനത്തില്‍ കടുത്ത പരാജയം സംഭവിച്ച സന്തിയാഗോക്ക് മനോലിന്റെ സഹായം പോലും നിഷേടിക്കപ്പെട്ടു.കാരണം, മനോലിനെ അവന്റെ രക്ഷാകര്‍ത്താക്കള്‍ സാന്തിയാഗോയുടെകൂടെ പോകാന്‍ അനുവദിക്കാതെ. മീന്‍പിടിത്തം ആദായകരമായി നടത്തുന്ന മറ്റൊരു മുക്കുവന്റെ കൂടെ വിടുകയാണ്.എങ്കിലും മനോലിന്‍ സാന്തിയഗോക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു.ഇരുവരും ഒരുമിച്ചു മദ്യശാലയില്‍ പോയി മറ്റു മീന്‍പിടുത്തക്കാര്‍ക്കൊപ്പം മദ്യം കുടിക്കുക പതിവായിരുന്നു.അപ്പോഴെല്ലാം തങ്ങള്‍ രണ്ടുപേരും കൂടി കടലില്‍ നടത്തിയിട്ടുള്ള സാഹസിക ശ്രമങ്ങളെക്കുറിച്ച് ഓര്‍ക്കുകയും പരസ്പരം പറയുകയും ചെയ്തിരുന്നു.

രണ്ടാം ദിവസം പകലും രക്ഷപ്പെടാനുള്ള മാര്‍ലിന്‍റെ ശ്രമവും പിടിച്ചുനില്‍ക്കാനുള്ള സാന്തിയാഗോയുടെ പരിശ്രമവും അതേ നിലയില്‍ തുടര്‍ന്നു. മരണപ്പാച്ചിലിനിടയില്‍ മാര്‍ലിന്‍ അപ്രതീക്ഷിതമായി ഒഅന്നുകോദി കുതിച്ചു. ഓര്‍ക്കാപ്പുറത്തായതിനാല്‍ പെട്ടെന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ സാന്തിയാഗോ ചുറ്റിവരിഞ്ഞ കയറോടു കൂടി നിലം പതിച്ചു. വീഴ്ചയില്‍ വലതു കൈക്ക് ഗുരുതരമായ മുറിവ് പറ്റി. എങ്കിലും രക്ഷപ്പെടാന്‍ മാര്‍ലിന്‍ നടത്തുന്ന ശ്രമത്തില്‍ ആ മത്സ്യത്തിന് സഹിക്കേണ്ടിവന്ന ദുരിതത്തിലും അതിനെതിരെ പിടിച്ചുനില്‍ക്കാനുള്ള തന്‍റെ ശ്രമത്തില്‍ താന്‍ അനുഭവിക്കേണ്ടിവരുന്ന പീഡയിലും സാന്തിയാഗോ സാദൃശ്യം ദര്‍ശിക്കുന്നു.അതുകൊണ്ടുതന്നെ മാര്‍ലിനോട് വൃദ്ധന് അനുകമ്പയും സഹതാപവും ജനിക്കുന്നു. ഈ അനുകമ്പയും സഹതാപവും കടലിനോടും കടലിലുള്ള എല്ലാ ജീവജാലങ്ങളിലേക്കും ക്രമേണ വ്യാപിക്കുന്നു.അങ്ങനെ ശാശ്വതമായ വേദന അനുഭവിക്കുന്ന ജീവജാലങ്ങളോട് തന്‍റെ വേദനയിലൂടെ അയാള്‍ സാത്മ്യം കൊള്ളുന്നു.

രണ്ടാം ദിവസം രാത്രി ആയപ്പോഴേക്കും വിശപ്പുകൊണ്ട് വലഞ്ഞ സാന്‍റിയാഗോ ഒരു കടല്‍പ്പന്നിയുടെ വയറ്റില്‍നിന്നു തിന്നാന്‍ പാകത്തിനു കിട്ടിയ രണ്ടു ചെറു മത്സ്യങ്ങളെ ഭക്ഷിച്ചു.ഭക്ഷണത്തിന് ശേഷം നിന്ന നിലയില്‍ നിന്നുകൊണ്ട് ഉറങ്ങാനുള്ള തയ്യാറെടുപ്പ് അയാള്‍ നടത്തി. പതിവുപോലെ ഉറക്കത്തില്‍ അയാള്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയെ പറ്റിയും അവിടത്തെ  ഹിംസ്രസ്വഭാവികളായ സിംഹങ്ങളെപ്പറ്റിയും സ്വപ്നം കണ്ടു.
ഉണര്‍ന്നപ്പോള്‍  വലനിര ചാഞ്ഞും ഉലഞ്ഞും കാണപ്പെട്ടു. മാര്‍ലിന്‍ ഇതിനകം പലതവണ ജലോപരിതലത്തില്‍ വായു സംഭരിക്കാന്‍ എത്തിയിട്ടുണ്ടാകുമെന്ന് അയാള്‍ ഊഹിച്ചു.  അങ്ങനെ സാന്തിയാഗോ കടലില്‍ മൂന്നാം സൂര്യോദയം കണ്ടു. മാര്‍ലിന്‍ തന്‍റെ കൊമ്പുപയോഗിച്ച് ചൂണ്ടയും വലനിരയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യച്ചരടില്‍ ശക്തിയോടെ ഇടിക്കാന്‍ തുടങ്ങി.മത്സ്യം വീണ്ടും കുതിച്ചു ചാടിയാല്‍ വായില്‍ കോര്‍ത്തിരിക്കുന്ന ചുണ്ട തെരിച്ചുപോകാനിടയുള്ളതുകൊണ്ട്  അത് കുതിക്കാതിരിക്കാന്‍ സാന്തിയഗോ പ്രാര്‍ഥിച്ചു.

ക്ഷീണിതനായി ജലോപരിതലത്തില്‍ എത്തിയ മാര്‍ലിനു നേരെ സാന്‍റിയാഗോ സര്‍വശക്തിയും ഉപയോഗിച്ച് തന്‍റെചാട്ടുളി എറിഞ്ഞു. ഒരു സീല്‍ക്കാര ശബ്ദത്തോടെ വെള്ളം തെറിപ്പിച്ചുകൊണ്ട് മാര്‍ലിന്‍ ചത്തുമലച്ചു. ചത്ത മത്സ്യത്തെ  ബോട്ടിനോടൊപ്പം കെട്ടിയിട്ട് സാന്‍ഡിയാഗോ കടപ്പുറത്തെ ലക്ഷ്യമാക്കി ബോട്ടോടിച്ചു.യാത്രാമധ്യേ മാര്‍ലിനില്‍ നിന്ന് വാര്‍ന്നൊഴുകിയ രക്തം കടല്‍ജലത്തില്‍ കലങ്ങി. മണംപിടിച്ച് കൊമ്പന്‍ സ്രാവുകള്‍ ഒറ്റയും പെട്ടയുമായെത്തി മാര്‍ലിന്‍റെ മാംസം തട്ടിക്കൊണ്ടുപോയി. തന്‍റെ ചാട്ടുളിയും പിച്ചാത്തിയും തുഴയും ഉപയോഗിച്ച് സ്രാവുകളുടെ ആക്രമണത്തെ സാന്‍ഡിയാഗോ എതിര്‍ത്തെങ്കിലും അന്ന് സൂര്യാസ്തമയമായപ്പോഴേക്കും മാര്‍ലിനില്‍ മാംസം പകുതി മാത്രമേ ശേഷിച്ചിരുന്നുള്ളൂ.
മൂന്നാം ദിവസം അര്‍ദ്ധരാത്രി കടപ്പുറത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന ബോട്ടിനെ ഒരുപറ്റം കൊമ്പന്‍ സ്രാവുകള്‍ വീണ്ടുമാക്രമിച്ചു. തന്‍റെ കയ്യില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആയുധമായ ചുക്കാന്‍ ഉപയോഗിച്ച് അയാള്‍ അവയോട് ഏറ്റുമുട്ടിയെങ്കിലും മാര്‍ലിനില്‍ ശേഷിച്ചിരുന്ന അവസാന മാംസക്കഷ്ണം വരെ തട്ടിയെടുത്തുകൊണ്ടാണ് സ്രാവുകള്‍ സ്ഥലം വിട്ടത്. സാന്‍ഡിയാഗോക്ക്  ശേഷിച്ചത് മാര്‍ലിന്‍റെ മുള്ള് മാത്രമാണ്.
ബോട്ട് കടല്‍പ്പുറത്ത് എത്തിയപ്പോള്‍ ക്ഷീണിതനായ സാന്‍ഡിയാഗോ തന്‍റെ കടല്‍പ്പായുമെടുത്തു കുന്നിന്‍മുകളിലുള്ള കുടിലിലേക്ക്  തളര്‍ന്ന കാലടികളോടെ നടന്നു പോയി. തട്ടിയും തടഞ്ഞും ഇടയ്ക്കിടെ വീണും കുടിലിലെത്തിയ സാന്‍ഡിയാഗോ തന്‍റെ കിടക്കയിലേക്ക് മറിഞ്ഞു.
പ്രഭാതത്തില്‍ മറ്റു മീന്‍പിടിത്തക്കാര്‍ കടപ്പുറത്ത്  സാന്‍ഡിയാഗോയുടെ ബോട്ടില്‍ കെട്ടിയിരുന്ന മാര്‍ലിന്‍റെ ഭീമാകാരമായ അസ്ഥിപഞ്ജരം അളന്നു നോക്കിക്കൊണ്ടിരുന്നപ്പോള്‍ മനോലിന്‍ അടുത്തുള്ള ബാറില്‍ നിന്ന് സാന്‍ഡിയാഗോക്ക് വേണ്ടി കാപ്പിയും വാങ്ങി അയാള്‍ ഉണരുന്നതും നോക്കി  കുടിലിനുമുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ സാന്‍ഡിയാഗോ നീണ്ട ഉറക്കത്തിലേക്കു കടന്നുപോയിരുന്നു.
ഈ കഥ ഒരു യഥാര്‍ഥ സംഭവത്തെ  ആസ്പദമാക്കി എഴുതിയിട്ടുള്ളതാണെന്ന് ഹെമിംഗ് വേ തന്നെ പറയുന്നു.  ജയിംസ് ജോയ്സിനെപ്പോലെ ഒരു സര്‍ഗാത്മക കലാകാരന്‍റെ വളര്‍ച്ചയാണ് ഈ കൃതിയിലൂടെ ഹെമിംഗ് വേ ചിത്രീകരിച്ചിട്ടുള്ളതെന്നു ചില നിരൂപകരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . സാന്‍ഡിയാഗോയുടെ പതനത്തിലൂടെ ഷേക്സ്പീരിയന്‍ നിലവാരത്തിലുള്ള ഒരു ട്രാജഡിയാണ് ഹെമിംഗ് വേ രചിച്ചിട്ടുള്ളതെന്നു മറ്റു ചില നിരൂപകര്‍ പറയുന്നു. ചിലരാകട്ടെ ലോകത്തിന്‍റെ യാതനയും ദുരിതവും തന്നിലേറ്റുവാങ്ങിയ  യേശുക്രിസ്തുവിന്‍റെ രൂപം സാന്‍ഡിയാഗോയില്‍ ദര്‍ശിക്കുന്നു.
പ്രകൃതി ശക്തികള്‍ക്കെതിരെ ഒരു സന്ത്വനമെന്ന നിലയില്‍ പ്രാര്‍ഥന ഇഷ്ടപ്പെടുകയും അല്ലാത്തപ്പോള്‍ ദൈവത്തിനും മതത്തിനുമപ്പുറം ഭാഗ്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന സാന്‍ഡിയാഗോയുടെ മതം പ്രാകൃതവും അത്രയ്ക്ക് നൈസര്‍ഗ്ഗികവുമാണ്. എങ്കിലും മാര്‍ലിന്‍റെ വേദനയെ തന്‍റെ വേദനയാക്കി മാറ്റുന്ന, കടലിലെ സര്‍വ ജീവജാലങ്ങളിലും തന്‍റെ അനുകമ്പയും സഹതാപവും ചൊരിയുന്ന സാന്‍ഡിയാഗോ ബിബ്ലിക്കല്‍ എന്നുപറയാവുന്ന ഒരാദര്‍ശത്തിന്‍റെ പരിവേഷമാണ് കഥയ്ക്ക് നല്‍കുന്നത്.
കൊമ്പന്‍ സ്രാവിനെ കാണുമ്പോള്‍ ആണി കയ്യിലും കാലിലും ആഞ്ഞുതറക്കുന്നതായി  അനുഭവപ്പെടുന്ന സാന്‍ഡിയാഗോ അവസാനമായി തന്‍റെ കപ്പല്‍പ്പായുമായി കടപ്പുറത്തുനിന്ന് കുന്നിന്‍റെ മുകളിലുള്ള വീട്ടിലേക്കു  തട്ടിയും തടഞ്ഞും ഇടയ്ക്കു വീണും കയറിപ്പോകുമ്പോള്‍ അനുവാചകമനസ്സുകളില്‍  നിഴലിക്കുന്ന രൂപം കാല്‍വരിയിലേക്ക്  കൃഷു താങ്ങി പതിഞ്ഞ കാലടികളുമായി നടന്നുനീങ്ങുന്ന ക്രിസ്തുവിന്റെതാണ് .
കുടിലില്‍ എത്തിയ  സാൻഡിയാഗോയുടെ  കിടപ്പ് കുരിശിന്റെ രൂപത്തിലായിരുന്നല്ലോ.

സാര്‍വലൌകിക സ്നേഹത്തിന്‍റെ ഉദാത്തത വിശദീകരിക്കുവാന്‍ സാങ്കേതികാര്‍ഥത്തില്‍ വിശാലമായ ചില ഐറണികളെ കഥാകാരന്‍ കൂട്ടുപിടിക്കുന്നതും ശ്രദ്ധേയമാണ്. വെട്ടയാടിക്കൊല്ലേണ്ട മത്സ്യത്തോട് സാന്‍ഡിയാഗോ കാണിക്കുന്ന കരുണയും സഹതാപവും , അമൂല്യവും സമ്പന്നവുമെന്നു അദ്ദേഹം കരുതിയ മാര്‍ലിന്‍റെ ശോഷണം , മത്സ്യത്തിന്‍റെ ശരീരത്തില്‍ ശേഷിച്ച അവസാനത്തെ മാംസക്കഷണം കൊമ്പന്‍ സ്രാവ് തട്ടിക്കൊണ്ടുപോകുമ്പോള്‍ സാന്‍ഡിയാഗോയുടെ വായില്‍ പൊടിയുന്ന രക്തം ഇവയുടെയെല്ലാം അര്‍ഥം അന്വേഷിക്കുന്ന അനുവാചകര്‍ക്കു  സംശയലേശമെന്യേ ലഭിക്കുന്ന ഉത്തരം ഇതായിരിക്കും : ഹെമിംഗ് വേ യുടെ "കിഴവനും കടലും" മൌലികമായും ത്യാഗത്തിന്‍റെ കഥയാണ്‌. സ്നേഹത്തിന്‍റെ കഥയാണ്‌. ക്രിസ്തീയമായ അനുഷ്ഠാനങ്ങളുടെ പ്രാഗ് രൂപം ആധുനികരീതിയില്‍ അവതരിപ്പിക്കുകയാണ് ഹെമിംഗ് വേ ചെയ്യുന്നത്.

ഹെമിംഗ് വേയും അദ്ദേഹത്തിന്‍റെ കഥാനായകന്മാരും ആഫ്രിക്കന്‍ കാടുകളിലേക്കും കാളപ്പോരിന്‍റെ വേദികളിലേക്കും അപകടം പതിയിരുന്ന സാഹസിക മേഖലകളിലേക്കും നടത്തിയ യാത്രകള്‍ ഇരുട്ടിന്‍റെ മണ്ഡലങ്ങളിലേക്കുളള ഏകാന്തമായ തീര്‍ഥാടനങ്ങളായിരുന്നു. ''കിഴവനും കടലും' ആ തീര്‍ത്ഥാടനത്തിന്‍റെ ഏറ്റവും തുറന്ന ആവിഷ്കാരമായിരുന്നു .നീലച്ചായമെഴുതിയ വിശാലമായ കാന്‍വാസിലെ പ്രകൃതിയാണ് ഇവിടെ പശ്ചാത്തലം. സമുദായം ഇവിടേയ്ക്ക് കടന്നുവരുന്നതേയില്ല. കടലാണ് ജീവിതം. കടലും  കിഴവനും പിന്നെ ഒരു ഭീമന്‍ മത്സ്യവും . തീര്‍ന്നു. പിന്നെ ഒരു കുട്ടി കൂടിയുണ്ട്. തനിയേ തന്‍റെ തോണിയില്‍ പോയി മീന്‍പിടിക്കുന്ന കിഴവന്‍ തികച്ചും ഏകാകിയാണ്‌. എണ്‍പത്തിനാല് ദിവസം തുടര്‍ച്ചയായി മീന്‍ കിട്ടാതെ മടങ്ങിവന്ന ഭാഗ്യദോഷിയാണ് കിഴവന്‍.

എണ്‍പത്തിയഞ്ചാം ദിവസവും അയാള്‍ കടലില്‍ പോവുകയാണ് .കാറ്റ് മാറിയാല്‍ തിരിച്ചുവരാവുന്നത്ര ദൂരത്തിലേക്ക് എന്ന ലക്ഷ്യവുമായി ആ മുക്ക്കുവന്‍ ആഴിയുടെ ഗര്‍ഭത്തിലേക്കു തുഴഞ്ഞു പോയി. വെളിച്ചം വീഴുന്നതിനുമുമ്പ് എഴുന്നേറ്റു കടലില്‍ പോയ അയാള്‍ വളരെ ദൂരേക്ക്‌ സഞ്ചരിച്ചു. ഒടുവില്‍ നിനച്ചിരിക്കാതെ ചൂണ്ടയില്‍ ഒരു കൂറ്റന്‍ സ്രാവ് കുടുങ്ങി. മീനിനെ കീഴ് പ്പെടുത്താനുള്ള മല്‍പ്പിടുത്തം കിഴവന്‍ പൂര്‍ണമായും ആസ്വദിക്കുന്നുണ്ട്. അവന്‍, ആ വമ്പന്‍ മത്സ്യം ഉഗ്രമായി സമരം ചെയ്യുകതന്നെ വേണം. കാരണം അവന്‍ കടലിന്‍റെ വിശാലതയുടെയും ആഴത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും സന്തതിയാണ്. അങ്ങനെ ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യവുമായി മണിക്കൂറുകള്‍ നീണ്ട മല്‍പ്പിടുത്തത്തിലാണ് കിഴവന്‍ ഏര്‍പ്പെടുന്നത്. അങ്ങനെ ആ മത്സ്യം കിഴവന്‍ മുക്കുവന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറുകയാണ്. അയാളുടെ ആത്മാവിന്‍റെ ഭാഗം എന്നുതന്നെ പറയണം. മീനിനെ ആദ്യം കണ്ടപ്പോള്‍ കിഴവന്‍ ഓര്‍ത്തത്, അവനെ അവന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍ അനുവദിച്ചുകൂടാ. ദൈവത്തിനു നന്ദി. കൂടുതല്‍ അന്തസ്സും ശക്തിയുമുള്ള അവര്‍ക്ക് അവരെ കൊള്ളുന്ന നമ്മോളം ബുദ്ധി കൊടുത്തില്ലല്ലോ.അയാളുടെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു. " വിശുദ്ധ കന്യകേ, ഈ മീനിന്റെ മരണത്തിനുവേണ്ടി അനുഗ്രഹിക്കേണമേ, ഗംഭീരനാണ് അവനെങ്കില്‍പ്പോലും."

ചുറ്റും അറ്റം കാണാത്ത ഇരുണ്ട ജലപ്പരപ്പാണ്. കിഴവന്‍ തുഴയുന്ന തോണിയേക്കാള്‍ ഭീമാകാരനാണ് മീന്‍. ജീവന്‍ പണയം വെച്ച മൂന്നു നാളിലെ യുദ്ധത്തിനു ശേഷം അയാളതിനെ കീഴ്പ്പെടുത്തി. സര്‍വശക്തിയും വാര്‍ന്നൊലിച്ച സ്രാവ് അജയ്യനായ മനുഷ്യന്റെ കരുത്തിനുമുന്നില്‍ കൊമ്പുകുത്തിവീണു.അയാളതിനെ കൊന്നു തോണിയോട് ചേര്‍ത്തുകെട്ടി.
പിന്നീടങ്ങോട്ട്  ഒന്നൊന്നായിപ്രതിബന്ധങ്ങളുടെ തിരമാലയായിരുന്നു. തളര്‍ന്ന ജേതാവിന്‍റെ തിരിച്ചുവരവിനു വിഘ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മറ്റുസ്രാവുകള്‍  കടലിന്‍റെ ആഴത്തില്‍ നിന്ന് ഉയര്‍ന്നുവന്നു.അവ കിഴവന്‍റെ ചാട്ടുളിയുടെ ഇരകളാകുന്നുണ്ടെങ്കിലും  ജേതാവിന്‍റെ കൊമ്പന്‍മത്സ്യത്തിന്‍റെ ഒരു ഭാഗം അടര്‍ത്തിക്കൊണ്ടുപോകുകയാണ്  ചെയ്തത്.മുക്കുവന്‍റെ ചാട്ടുളിയും കയറും അതോടെ നഷ്ടപ്പെടുകയും ചെയ്തു.കിഴവന്‍റെ അഭിമാനത്തിന് ക്ഷതമേറ്റെങ്കിലും അയാള്‍ പ്രത്യാശ കൈവിട്ടില്ല. "തോല്‍ക്കാന്‍ വേണ്ടിയല്ല മനുഷ്യനെ സൃഷ്ടിച്ചത്." ഹെമിംഗ് വേയുടെ പ്രസിദ്ധമായ വാക്യം ഇവിടെയാണ് പിറവികൊണ്ടത്.  "മനുഷ്യനെ നശിപ്പിക്കാം, പക്ഷെ തോല്‍പിക്കാനാവില്ല."

അയാള്‍ സ്വയം പറഞ്ഞു, തോണി മുന്നോട്ടു തുഴയട്ടെ. ചിന്തിക്കാതിരിക്കു കിഴവാ. നീ മീന്‍ പിടുത്തക്കാരനാവാനാണ് പിറന്നത്‌. മീന്‍ മീനാവാനും.
പിന്നീട് സ്രാവുകളുടെ തിരമാലയാണ്.അവ കൂട്ടമായി വന്നു ക്രൂരമായി അയാളെ വേട്ടയാടി. തന്‍റെ ഇരയുടെ വലിയൊരു ഭാഗം തന്നെ അവ ഭീബത്സമായി കവര്‍ന്നെടുത്തു.  " ഓ ഇതൊരു സ്വപ്നമായിരുന്നെങ്കില്‍ ..ഇവനെ ഞാന്‍ പിടിച്ചിട്ടില്ലയിരുന്നെങ്കില്‍ ..നിനക്കുവേണ്ടിയല്ല, എനിക്കുവേണ്ടിയുമല്ല..ഞാന്‍ വേദനിക്കുന്നു മീനേ..."
പിന്നെയും രണ്ടു സ്രാവുകള്‍ കടലില്‍നിന്നു പൊങ്ങിവന്നു. കൂടുതല്‍ മാംസം തന്‍റെ വലിയ മീനില്‍നിന്ന് അപഹരിക്കപ്പെട്ടു. കിഴവന്‍ ഒന്നും ചെയ്യാനാകാതെ ഹതാശനായി നില്‍ക്കുകമാത്രം ചെയ്തു.  "കഷ്ടം പകുതി മീന്‍. നീ മീനായിരുന്നു. ഞാന്‍ ദു:ഖിക്കുന്നു.." 
പൊരുതുക , മരിക്കുന്നതുവരെ പൊരുതുക കിഴവന്‍ ദൃഡനിശ്ചയം ചെയ്തു. പിന്നീട് കൂട്ടമായാണ് സ്രാവുകള്‍ ഉയര്‍ന്നു വന്നത്. പങ്കായം മുറിഞ്ഞു.സ്രാവുകളുടെ തല തകര്‍ന്നെങ്കിലും കുറ്റിക്കോല്‍ പിളര്‍ന്നുപോയി.സ്രാവുകള്‍ അവശേഷിച്ച മാസവും തിന്നു തീര്‍ത്തുകളഞ്ഞു. കിഴവന്‍ പരാജയത്തിന്‍റെ കയ്പ് നുണഞ്ഞുകൊണ്ട് ഓരോ വിചാരങ്ങളില്‍ മുഴുകി. "പരാജിതനാകുന്നത് അത്ര വിഷമമുള്ള കാര്യമൊന്നുമല്ല. അതെത്ര ലഘുവാണെന്ന് മുമ്പൊരിക്കലും ഞാനറിഞ്ഞിട്ടില്ല. എന്താണെന്നെ തോല്പിച്ചത് ? ഒന്നുമില്ല. ഞാന്‍ വളരെ ദൂരം പോയി എന്ന് മാത്രം. "

സ്രാവുകള്‍ അവശേഷിച്ച മാംസത്തിന്‍റെ നുറുങ്ങുകള്‍ കൂടി നക്കിയെടുത്ത ശേഷമുള്ള കൂറ്റന്‍ അസ്ഥികൂടവും കൊണ്ടാണ് കിഴവന്‍ കരയ്ക്കണയുന്നത്‌. 
പതിനെട്ടടി നീളമുള്ള ആ അസ്ഥികൂടം മറ്റു മുക്കുവന്മാര്‍ അളന്നുനോക്കി അദ്ഭുതം കൂറി.അപ്പോള്‍ കിഴവന്‍ എല്ലാം മറന്നുറങ്ങുകയായിരുന്നു. 
ഇതൊരു മഹത്തായ കൃതിയും മനുഷ്യേതിഹാസവുമാണ് .ഹെമിംഗ് വെ വരും തലമുറയ്ക്കും മനുഷ്യവര്‍ഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രം കൂടിയാണ്. (  ഹെമിംഗ് വെ - ഒരു മുഖവുര  : ശ്രീ എം ടി വാസുദേവന്‍‌ നായര്‍ ) എം ടി എഴുതി :
"ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുക തന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം. ഹെമിംഗ് വെ ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദര്‍ശനത്തിന്റെ ആവിഷ്കാരത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്.ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി , പരാജയത്തെപ്പറ്റി , പ്രത്യാശയെപ്പറ്റി ജീവിതത്തില്‍ നിന്നുള്ള മടക്കയാത്ര യെയും തിരിച്ചുവരവിനെപ്പറ്റിയും , അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാര്‍ശനികമായ അവലോകനമാണ് ഈ കൊച്ചുപുസ്തകം.'

ജീവിതകാലം മുഴുവന്‍ ഹെമിംഗ് വെ ഒരു സാഹസികനായിരുന്നു.ജീവിതമെന്നാല്‍ അദ്ദേഹത്തിന് സുഹൃത്തുക്കള്‍, ലഹരിവസ്തുക്കള്‍, സ്ത്രീകള്‍ , കായികവിനോദങ്ങള്‍ എന്നിവയായിരുന്നു. അവ തന്നില്‍ നിന്ന് അകന്നതോടെ അദ്ദേഹത്തിന്
ജീവിതത്തിലുള്ള ആസക്തിയും അവസനിച്ചുകഴിഞ്ഞിരുന്നു. 1961 ജൂലൈ രണ്ടിന് അദ്ദേഹം സ്വയം നിറയൊഴിച്ച് ജീവിതം അവസാനിപ്പിച്ചു. മരണാനന്തരം പ്രസിദ്ധീകൃതമായ  നോവലാണ്  " Islands in the Stream". കിഴവനും കടലും , പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് തുടങ്ങിയ തന്‍റെ മുന്‍ നോവലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നൊരു മേന്മ ആ കൃതിക്കുണ്ടായിരുന്നു.
ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ( കിഴവനും കടലും ) തന്നെയായിരുന്നു ഹെമിംഗ് വേയുടെ മാസ്റ്റര്‍ പീസ്‌. കിഴവനും കടലും ഇടന്ന പേര് തന്നെ പ്രതീകാത്മകമാണ്. മാനവജീവിത മഹാസാഗരം തന്നെയാണ് കടല്‍. സമുദ്രത്തിന്‍റെ അനന്തനീലിമയിലേക്ക് ഭാഗ്യം തേടിപ്പോകുന്ന സാന്തിയാഗോ നിസ്സഹായനായ മനുഷ്യന്‍റെ പ്രതീകം തന്നെ. സാന്തിയഗോയും മാര്‍ലിന്‍ എന്ന സ്രാവുമായുള്ള പോരാട്ടം  ജീവിക്കാനുള്ള മനുഷ്യന്‍റെ സന്ധിയില്ലാത്ത സമരം തന്നെ.ഒരു ജീവിതകാലത്ത് മനുഷ്യന് കൈവരിക്കാനാവുന്ന നേട്ടത്തിന്‍റെ പ്രതീകമാണ് ഇതിലെ മത്സ്യം. അത് നേടാത്തിടത്തോളം ജീവിതം അര്‍ത്ഥശൂന്യമാണ്. ആ സമരത്തില്‍ സാന്‍ഡിയാഗോ പരാജയപ്പെടുന്നു എന്നത് നിസ്സാരമാണ്. സ്വന്തം സഹോദരനെപ്പോലെ കണ്ട മത്സ്യത്തെ അയാള്‍ തന്നെ കൊല്ലേണ്ടിവരുന്നു എന്നത് മനുഷ്യവര്‍ഗത്തിന്‍റെ ഒരു ദുരന്തമാണ്.  വൃദ്ധന്‍റെ നേട്ടങ്ങളെ കവര്‍ന്നുകൊണ്ടുപോകുന്ന സ്രാവുകള്‍ക്കും പ്രതീകഭംഗിയുണ്ട്.അത് ലോകത്തിലെ ചൂഷക ശക്തികളോ തിന്മയോ ആകാം.

മാര്‍ലിന്‍റെ അസ്ഥികൂടവുമായി മടങ്ങിയെത്തിയ സാന്‍ഡിയാഗോ പാമരമേന്തി നടന്നുപോവുകയും തളര്‍ന്നു വീഴുകയും വീണ്ടും എഴുന്നേറ്റ് മുന്നേറുകയും ചെയ്യുന്നത് യേശുക്രിസ്തുവിന്‍റെ കാല്‍വരിക്കുന്നിലേക്കുള്ള യാത്രയെ അനുസ്മരിപ്പിക്കുന്നതാണെന്ന് നിരൂപകന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. പടുകിഴവനായിട്ടും ആഴക്കടലില്‍ ഏകാകിയായി മരവള്ളം തുഴഞ്ഞുനീങ്ങുന്ന സാന്‍ഡിയാഗോ ആധുനികമനുഷ്യന്‍റെ പ്രതീകമാണ്. എന്നും ഏകനായ മനുഷ്യന്‍റെ ചിരന്തന പ്രതീകം .

ഹെമിംഗ് വേയുടെ ജീവിതം എന്നും സാഹസികത നിറഞ്ഞതായിരുന്നു. തന്‍റെ കൃതികള്‍ കൊണ്ടുമാത്രമല്ല സംഭവബഹുലവും സംഭ്രമജനകവുമായ ജീവിതം കൊണ്ടും അദ്ദേഹം അവിസ്മരണീയനായിത്തീരുകയാണ് ചെയ്തത്.
ഹെമിംഗ് വെ - ഒരു മുഖവുര എന്ന കൃതിയില്‍ ശ്രീ എം ടി എഴുതി : പ്രഭാതങ്ങള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട അനുഭവങ്ങള്‍ ആയിരുന്നു. നനവുള്ള മണ്ണിന്‍റെയും വൃക്ഷങ്ങളുടെയും മണംഎന്നും അദ്ദേഹം ആസ്വദിച്ചിരുന്നു.പ്രകൃതിയുടെ  മണം ആസ്വദിക്കാന്‍ ഘ്രാണശക്തിയുടെ തീക്ഷ്ണത നിലനിര്‍ത്താന്‍ വേണ്ടി ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത ഹെമിംഗ് വെ തന്‍റെ ആയുഷ്ക്കാലത്തിലെ എല്ലാ പ്രഭാതങ്ങളും കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
ആ പ്രഭാതത്തില്‍ അദ്ദേഹം സ്വയം നിറയൊഴിച്ചു ജീവിതം അവസാനിപ്പിക്കുകയായിരുന്നു. "മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി " എന്ന കൃതിയിലെ ഒരു കഥാപാത്രം പിതാവിന്‍റെ ആത്മഹത്യയെക്കുറിച്ച് പറയുന്നത് , ' ആര്‍ക്കും അത് ചെയ്യാനുള്ള അവകാശമുണ്ട് , പക്ഷെ അത് ചെയ്യാന്‍ പാടില്ലാത്തതാണ്.'
മരണത്തിന്‍റെ മുഖത്തുനോക്കി പലവട്ടം മന്ദഹസിച്ച അധൃഷ്യനായ ആ മനുഷ്യന്‍റെ അന്ത്യം സ്വയം നിശ്ചയിച്ച വിധത്തിലായിരുന്നില്ലെങ്കിലേ അതിശയമുള്ളൂ. ഹെമിംഗ് വേയുടെ ജീവചരിത്രകാരന്മാരില്‍ ഒരാളായ കര്‍ട്ട് സിംഗര്‍ ഒരിക്കല്‍ പറഞ്ഞു : ആര്‍ക്കും എന്നും ജീവിക്കാന്‍ സാധ്യമല്ലല്ലോ. സ്രഷ്ടാവിനോടുള്ള ആ അവസാനത്തെ സമരത്തിലും ഒന്നേ ശ്രദ്ധിക്കാനുള്ളൂ, താന്‍ എന്തായിരുന്നുവോ അതായി ഓര്‍മിക്കപ്പെടണം. യഥാര്‍ഥ മനുഷ്യന്‍ എന്ന പേരില്‍.

ഹെമിംഗ് വെ തനിക്കു തോന്നിയപോലെ സഞ്ചരിച്ചു. തോന്നിയ പോലെ വേട്ടയാടി. തോന്നിയപോലെ പ്രേമിച്ചു. തോന്നിയപോലെ ജീവിച്ചു. തോന്നിയപോലെ മരിക്കുകയും ചെയ്തു. ഷേക്ക്‌ സ്പിയര്‍ക്കു ശേഷമുണ്ടായ ഏറ്റവും മഹാനായ സാഹിത്യകാരനാണ് അമേരിക്കക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ലോകം വിലയിരുത്തി. " അദ്ദേഹം ഭൂമിയില്‍ ദൈവത്തിന്‍റെ ചാരനായിരുന്നു " എന്നാണ് പ്രശസ്തനായ കവി ആര്‍ച്ചി ബാള്‍ഡ് മേക്ലീഷ് പറഞ്ഞത്.  ഒരിക്കല്‍ ഹെമിംഗ് വെ എഴുതി : എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ ഒരു നല്ല കാഥികനുമല്ല.
1926 ല്‍ ഹെമിംഗ് വേയുടെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചു. "വസന്ത പ്രവാഹങ്ങള്‍". പാരീസിലും  സ്പെയിനിലുമായി ബോക്സിങ്ങും കാളപ്പോരുമായി ജീവിച്ച അദ്ദേഹം " നമ്മുടെ കാലഘട്ടത്തില്‍" എന്ന പേരിലൊരു കഥാ സമാഹാരം അതിനിടെ പ്രസിദ്ധീകരിച്ചിരുന്നു. 1926 അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സാഹിത്യജീവിതം പുതിയൊരു വഴിത്തിരിവിലെത്തി. " സൂര്യനും ഉദിക്കുന്നു " എന്ന നോവല്‍ പുറത്തുവന്നതോടെ ലോകം അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹെമിംഗ് വെ എന്ന ഇതിഹാസത്തിന്‍റെ ആരംഭം ഇവിടെനിന്നാണ്. 'മെന്‍ വിത്തൌട്ട് വിമെന്‍' എന്നൊരു കഥാസമാഹാരവും അക്കാലത്തു പുറത്തുവന്നു. സ്വന്തം ജീവിതത്തിലെ ദാമ്പത്യത്തകര്‍ച്ചയുടെ അനുഭവങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി.
'ആയുധങ്ങളെ വിട' പ്രസിദ്ധീകരിച്ചത് 1929 ലാണ് . വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസിക്കായി ആ കൃതി അംഗീകരിക്കപ്പെട്ടു.  മീന്‍പിടുത്തം, ഗുസ്തി, നായാട്ട് , ചൂതുകളി , കാറോട്ടപ്പന്തയങ്ങള്‍ എല്ലാറ്റിലും അജയ്യനായിരുന്ന ഹെമിംഗ് വെ ജീവിതമെടുത്തു പന്താടുകയായിരുന്നു.   

യുദ്ധ രംഗങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത സാഹസികനായ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല പലപ്പോഴും മുന്‍നിരയിലെത്തി യുദ്ധത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ധീരനായ പോരാളി കൂടിയായിരുന്നു ഹെമിംഗ് വെ. എന്നാല്‍ ഓരോ തവണയും യുദ്ധമുഖത്ത് നിന്ന് അദ്ദേഹം മടങ്ങിയത് ആത്മാവിലേറ്റ വ്രണങ്ങളുമായിട്ടാണ്. മൃത്യുവിന്‍റെ ആയിരം മുഖങ്ങളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അദ്ദേഹത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു. രക്തപ്പുഴകളുടെയും കരാളമായ നരഹത്യകളുടെയും ദുസ്സ്വപ്നങ്ങളില്‍ നിന്ന് മനസ്സിനെ വേര്‍പെടുത്തിയെടുക്കാന്‍ പുതിയ സാഹിത്യരചനകളില്‍ മുഴുകുകയായിരുന്നു ഹെമിംഗ് വെ. പാരീസിലെയും വെനീസിലെയും ഹോട്ടല്‍ മുറികളില്‍ താമസിച്ചാണ് അദ്ദേഹം 
'എക്രോസ് ദി റിവര്‍ ഇന്ടു ദി ട്രീസ്‌ ' ( പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് ) എഴുതിത്തീര്‍ത്തത്‌. 1950 കാലത്തായിരുന്നു ഈ പുസ്തകത്തിന്‍റെ വരവ്. അന്ന് തന്നെ തന്‍റെ ഏറ്റവും മികച്ച കൃതിയായിരിക്കുമെന്നു ഹെമിംഗ് വെ സൂചിപ്പിച്ച പുസ്തകം തന്‍ എഴുതിത്തുടങ്ങിയെന്നു അദ്ദേഹം ലോകത്തെ അറിയിച്ചുകഴിഞ്ഞിരുന്നു.വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരാശയം പതുക്കെപ്പതുക്കെ ഉള്ളില്‍ രൂപംകൊള്ളുകയായിരുന്നു.കൂടുതല്‍ ആത്മവിശ്വാസത്തോടെ ആ കൃതിയില്‍ അടയിരുന്നുകൊണ്ട് വീണ്ടും വീണ്ടും മാറ്റിയും പുതുക്കിയും മിനുക്കിയും അതിന്‍റെ പണിക്കുറ തീര്‍ത്തുപോന്നു. ഹെമിംഗ് വേയുടെ ക്യൂബന്‍ വസതിയില്‍ വെച്ചു അടുത്ത സുഹൃത്തുക്കളെ അദേഹം തന്‍റെ മാസ്റ്റര്‍ പീസ്‌ വായിച്ചുകേള്‍പ്പിച്ചു. വായിച്ചുതീര്‍ന്നപ്പോള്‍ ശ്രോതാക്കളുടെ മുഖങ്ങളില്‍ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നുവത്രേ. അദ്ദേഹം അന്നോളം എഴുതിയ കൃതികളില്‍ വെച്ച് ഏറ്റവും മഹത്തായ സൃഷ്ടിയാണ് അതെന്നു അവര്‍ വിധിയെഴുതി. ആദ്യം അദ്ദേഹം അതുവേണ്ടെന്നു പറഞ്ഞു. തന്‍റെ മരണാനന്തരം പ്രസിദ്ധീകരിച്ചുകൊള്ളട്ടെ എന്നായിരുന്നു ഹെമിംഗ് വേയുടെ പ്രതികരണം.  എന്നാല്‍ 'ലൈഫ്' വാരിക അത് പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്നതോടെ ചരിത്രം മാറിമറിയുകയായിരുന്നു. ആ കൃതിയാണ് ലോകം "പുലിറ്റ്സര്‍"  സമ്മാനം കൊടുത്തു ശിരസ്സിലേറ്റിയ ' കിഴവനും കടലും'. 
1952 സപ്തംബറില്‍ 'ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' പൂര്‍ണമായും ലൈഫ് വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മുപ്പതിനായിരം ഡോളര്‍ പ്രതിഫലം കൊടുത്തു വാങ്ങിയ ആ കൃതിയുടെ വെളിച്ചം കണ്ട വാരികയുടെ അന്‍പതിനായിരം കോപ്പികളാണത്രേ ചൂടപ്പം പോലെ വിറ്റഴിഞ്ഞത് .

1954 ല്‍ ആഖ്യനകലയിലെ മികവു മുന്‍നിര്‍ത്തി 'കിഴവനും കടലും' എന്ന നോവലിന് നോബല്‍ സമ്മാനം ലഭിച്ചു.അനാരോഗ്യം നിമിത്തം ഹെമിംഗ് വെ നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സ്വീഡനിലേക്ക് പോയില്ല. സ്റ്റോക്ക്‌ ഹോമിലെ അമേരിക്കന്‍ അമ്പാസിഡര്‍  ഹെമിംഗ് വേക്ക് വേണ്ടി സമ്മാനം ഏറ്റുവാങ്ങി. ഹെമിംഗ് വെ നോബല്‍ സമ്മാന കമ്മിറ്റിക്ക് ഒരു സന്ദേശം അയച്ചുകൊടുത്തു. 
" പ്രസംഗിക്കാനുള്ള സൌകര്യമോ ,ഉണ്ടെങ്കില്‍ത്തന്നെ വേണ്ടത്ര വാക് പാടവമോ ഇല്ലാത്തത് കൊണ്ടാണ് , ആല്‍ഫ്രഡ്‌ നോബലിന്റെ മഹനീയമായ ഉദാരതക്ക്ക് ഞാനീ വിധത്തില്‍ അധികൃതരോട് നന്ദി പറയുന്നത്. സമ്മാനം നേടാത്ത മഹാന്മാരായ സാഹിത്യകാരന്മാരെപ്പറ്റി അറിയുന്ന ഒരെഴുത്തുകാരനും താഴ്മയോടെയല്ലാതെ ഇത് സ്വീകരിക്കാന്‍ വയ്യ ...
ഒരു യഥാര്‍ഥ സഹിത്യകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. നേടാന്‍ കഴിയുന്നതിനപ്പുറമുള്ള എന്തോ നേടിയെടുക്കാനുള്ള മറ്റൊരു പരിശ്രമത്തിന്റെ തുടക്കം, ഒരിക്കലും ചെയ്തിട്ടില്ലാത്തതോ മറ്റുള്ളവര്‍ ശ്രമിച്ചു പരാജയപ്പെട്ടതോ ചെയ്തു തീര്‍ക്കാനായിരിക്കണം അയാള്‍ ഇപ്പോഴും ശ്രമിക്കേണ്ടത്. അങ്ങനെവരുമ്പോള്‍ വല്ലപ്പോഴും മഹാഭാഗ്യം കൊണ്ട് അയാള്‍ വിജയിച്ചേക്കും. നന്നായി മുമ്പെഴുതപ്പെട്ട  ചിലത് മറ്റൊരു വിധത്തിലെഴുതുകയെ വേണ്ടുവെങ്കില്‍ സാഹിത്യരചന എത്ര ലഘുവായിരിക്കും..."  സാഹിത്യത്തോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തെ സംബന്ധിച്ച തുറന്ന സത്യപ്രസ്താവനയായിരുന്നു ആ സന്ദേശം. ( ഹെമിംഗ് വെ , ഒരു മുഖവുര - എം ടി )

വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസ്സിക് രചനയായിരുന്നു ഹെമിംഗ് വേയുടെ  " ആയുധങ്ങളോട് വിട ".  ഫ്ലോറിഡ യിലെ കീവെസ്റ്റില്‍ താമസിക്കുന്ന കാലം അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ കാലമായിരുന്നു. സഹസികനായിരുന്ന ഹെമിംഗ് വെ നല്ലൊരു കടല്‍ യാത്രികനും മീന്‍പിടുത്തക്കാരനുമായിരുന്നു. മത്സ്യബന്ധനത്തില്‍ റിക്കാര്‍ഡുകള്‍ തന്നെ സൃഷ്ടിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 468 റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ചെടുത്ത ഹെമിംഗ് വേയുടെ റിക്കാര്‍ഡ് ഇന്നും നിലനില്‍ക്കുന്നു. കടല്‍ത്തീര നഗരങ്ങളില്‍ സീസണ്‍ കാലത്ത് പതിവുള്ള മീന്‍പിടുത്ത മത്സരങ്ങളില്‍ പലപ്പോഴും അദ്ദേഹമായിരുന്നു ജേതാവ്. മീന്‍പിടുത്തം മാത്രമല്ല ഗുസ്തി, ശിക്കാര്‍ ,
കാറോ ട്ടപ്പന്തയങ്ങള്‍, ചൂതാട്ടം എല്ലാറ്റിലും ഹെമിംഗ് വെ ആയിരുന്നു എന്നും മുന്‍പന്തിയില്‍.

കാളപ്പോരിനെക്കുറിച്ചുള്ള ഹെമിംഗ് വേയുടെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. "അപരാഹ്നത്തിലെ മരണം " എന്ന ആ കൃതി വിവാദം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ആഫ്രിക്കന്‍ ജീവിതകാലം അത്യന്തം  ഉത്സാഹ ഭരിതമായിരുന്നു.അദ്ദേഹം നീണ്ട കാലം ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ വേട്ടയാടി. മരണത്തെപ്പോലും വെല്ലുവിളിക്കുന്ന സാഹസികത കൊണ്ട് , ഒപ്പമുണ്ടായിരുന്ന ശിക്കാറികളെ അദ്ദേഹം അമ്പരപ്പിച്ചു.ധീരോദാത്തതയുടെ അതിരുകളെല്ലാം മറികടന്ന ആ പര്യടനം കഴിഞ്ഞു ആനക്കൊമ്പും സിംഹത്തലകളും പുലിത്തോലുമൊക്കെയായി ആഫ്രിക്കയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ തദ്ദേശവാസികളായ ആതിഥേയരോട് "ഇതെന്‍റെ പ്രിയപ്പെട്ട നാട് " എന്നദേഹം നന്ദി രേഖപ്പെടുത്താനും മറന്നില്ല.

 "ആഫ്രിക്കയിലെ പച്ചക്കുന്നുകള്‍" ,  "കിളിമഞ്ചാരോയിലെ കുഴമഞ്ഞ് " തുടങ്ങിയ കഥകള്‍ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ സംഭാവനകളാണ്.
ഹെമിംഗ് വേയുടെ ബഹാമസ് ദ്വീപുകളിലെ സാഹസിക മീന്‍പിടുത്തവും രസകരമായ അനുഭവമായിരുന്നു. അതിനായി ഒരു ബോട്ട് സ്വന്തമായി കൈവശപ്പെടുത്തി ദ്വീപുകള്‍ക്ക്‌ ചുറ്റും മീന്‍പിടുത്ത യാത്രകള്‍ നടത്തി അദ്ദേഹം. അമേരിക്കയില്‍ നിന്ന് ഒഴിവുകാല ഉല്ലാസത്തിന് അവിടെയെത്തിയ സഞ്ചാരികള്‍ ഹെമിംഗ് വേയുടെ മീന്‍പിടുത്ത ചാതുര്യം കണ്ടു അദ്ഭുതം കൂറി. കടല്‍ത്തീരത്തെ കള്ളക്കടത്തുകാരുമായുള്ള സമ്പര്‍ക്കവും പരിചയവും അദേഹത്തിന്റെ  "  To have and have not" എന്ന കൃതിയുടെ പിറവിക്കു കാരണമായി.

യുദ്ധകാര്യലേഖകന്‍ എന്ന നിലയില്‍ സ്പാനിഷ് അഭ്യന്തര യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഹെമിംഗ് വെ യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അതീവ ജാഗ്രത കാണിച്ചു. പുതുതായി പട്ടാളത്തില്‍ ചേര്‍ന്ന യുവസൈനികര്‍ക്ക് ഉന്നം പിഴക്കാതുള്ള വെടിവയ്പ്പില്‍ അദ്ദേഹം പരിശീലനം നല്‍കി. കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിച്ചു യുദ്ധരംഗങ്ങള്‍ പകര്‍ത്തിയ അദ്ദേഹം ഒരു ഡോക്യുമെന്‍റെറി നിര്‍മിക്കുകയുണ്ടായി. " ഈ സ്പാനിഷ്‌ മണ്ണ്" എന്ന ആ ഡോക്യുമെന്‍റെറി ചിത്രം പ്രദര്‍ശിപ്പിക്കാന്‍  വൈറ്റ് ഹൌസില്‍ പ്രസിഡണ്ട്‌ റൂസ് വെല്‍റ്റ്  ഹെമിംഗ് വേയെ ക്ഷണിക്കുകയും ചെയ്തു. സ്പെയിനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം  " Fifth Column" എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരണത്തിനു തയ്യാറാക്കി.സ്പാനിഷ്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ പ്രശസ്ത നോവലാണ്‌ " മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി".  പതിനെട്ടു വര്‍ഷമായി സ്പെയിനുമായുണ്ടായ നിരന്തര സമ്പര്‍ക്കം ആ കൃതിയുടെ ആഴം വര്‍ധിപ്പിക്കാന്‍ കാരണമായി. നീണ്ട പതിനേഴു മാസങ്ങള്‍ എടുത്തു അദ്ദേഹം ആ കൃതി എഴുതി മുഴുമിക്കാന്‍.

1956 ല്‍ ഹെമിംഗ് വെ എഴുതിയ " പൂന്തോട്ടക്കാഴ്ചയുള്ള മുറി " എന്ന കഥ അദ്ദേഹത്തിന്‍റെ മരണാനന്തരം അറുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്ട്രാന്‍ഡ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിനു ഏറെ ഇഷ്ടപ്പെട്ട പാരീസ് നഗരത്തിലെ റിറ്റ്സ് ഹോട്ടലിലെ ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളുടെ ആകര്‍ഷകമായ വിവരണമാണീ കഥ. ബോദ് ലെയറുടെ പ്രശസ്തമായ "തിന്മയുടെ പൂക്കളില്‍" നിന്നുള്ള വരികള്‍ ഹെമിംഗ് വെ ഈ കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്.  " പാവം മരിച്ചവര്‍ ,ഹാ അവര്‍ എത്ര കഠിന വേദന അനുഭവിക്കുന്നു./ പഴയ വൃക്ഷങ്ങള്‍ ചെത്തിമുറിക്കുന്ന ഒക്ടോബര്‍ വീശുമ്പോള്‍ ,അവന്‍റെ വിഷാദ നിശ്വാസം മാര്‍ബിള്‍ കല്ലറകളിലുണ്ടാകും"
രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ് നാസികളുടെ പിടിയില്‍ നിന്ന് പാരീസ് മോചിതമാകുന്ന സമയം. അമേരിക്കക്കാരനായ കേണല്‍ റോബര്‍ട്ടാണ് കഥ പറയുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം അര്‍ദ്ധസൈനികര്‍  റിറ്റ്സ് ഹോട്ടലില്‍ ഒരു ദിവസം തങ്ങുന്നു. അടുത്ത ദിവസം അവര്‍ ആ നഗരം വിട്ടു മറ്റൊരിടത്തേക്ക് നീങ്ങുകയാണ്. പാരീസ് നഗരത്തോടുള്ള ഹെമിംഗ് വേയുടെ അഭിനിവേശം വ്യക്തമാക്കുന്നതാണ് "പൂന്തോട്ട ക്കാഴ്ചയുള്ള മുറി" എന്ന ഈ കഥ.
ഹെമിംഗ് വേയുടെ ക്യൂബന്‍ വാസക്കാലം അതീവഹൃദ്യമായിരുന്നുവത്രേ. ഹവാനക്കടുത്ത് അദ്ദേഹം ഒരു തോട്ടവും വീടും വാങ്ങി.ധാരാളം പനകളും പപ്പായമരങ്ങളും പൂച്ചെടികളും തഴച്ചു വളര്‍ന്ന അദ്ദേഹത്തിന്‍റെ ക്യൂബന്‍ വസതി പ്രശാന്ത സുന്ദരമായിരുന്നു. നായക്കളും പൂച്ചകളും പരിചാരികമാരും സഹായത്തിനു ഭൃത്യന്മാരും തികഞ്ഞ ആര്‍ഭാട ജീവിതക്കാലമായിരുന്നു അത്. ഭിത്തി അലങ്കരിക്കാന്‍ താന്‍ പലപ്പോഴായി വെടിവെച്ച് വീഴ്ത്തിയ വേട്ടമൃഗങ്ങളുടെ ചായംതേച്ച തലകള്‍, പിക്കാസോയുടെ ചിത്രങ്ങള്‍ എന്നിവയും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവയായിരുന്നു.

ജീവിച്ചിരുന്നപ്പോള്‍ സമകാലിക സാഹിത്യലോകത്തെ ഇതിഹാസമായിരുന്നു ഹെമിംഗ് വെ. രണ്ടു ലോകമഹായുദ്ധങ്ങളില്‍ പങ്കെടുക്കുകയും, ഒന്നിലധികം തവണ വിമാനാപകടങ്ങളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും നാലു തവണ വിവാഹിതനാവുകയും , പില്‍ക്കാലത്ത്‌ സ്വന്തം മരണവാര്‍ത്ത പത്രങ്ങളുടെ ആദ്യപജില്‍ തന്നെ സ്വയം വായിക്കനിടയാവുകയും പിന്നീട് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സ്വന്തം റിവോള്‍വറില്‍ നിന്ന് ചീറ്റിയ വെടിയുണ്ടയേറ്റ് മൃതിയടയുകയും ചെയ്ത സാഹസികനായ ഒരാളായിരുന്നു 'പപ്പാ' എന്ന് ലോകം സ്നേഹപൂര്‍വ്വം ഓമനിച്ച ഹെമിംഗ് വെ. കടുത്ത വിഷാദ രോഗം അദ്ദേഹത്തില്‍ സ്മൃതിനാശം വരുത്തിയ നാളുകളായിരുന്നു അത്.  ചികിത്സ തേടിയ മായോ ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് നേടി വീട്ടിലെത്തിയ ഉടനെ ജീവിതത്തിന് വിരാമം കുറിക്കുകയാണത്രെ ഉണ്ടായത്.
രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ എല്ലാ വിശ്വാസങ്ങളും ശക്തിയും കൈമോശം വന്ന ഒരു ജനതയുടെ നൈരാശ്യവും നിസ്സഹായതയും നേരിട്ട് അനുഭവിച്ചു അദ്ദേഹം. എന്നിട്ടും പ്രതീക്ഷ കൈവിടാതെ പുതിയൊരു ലോകം സ്വപ്നം കണ്ടുകൊണ്ടേ മുന്നേറാന്‍ ലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു  ഹെമിംഗ് വെ. കാളപ്പോരിലും ഗുസ്തിയിലും ആഴക്കടല്‍ യാത്രയിലെ മത്സ്യബന്ധനത്തിലും സ്വന്തം ജീവിതത്തെ സാഹസികമായി പരീക്ഷിച്ച അദ്ദേഹം മനുഷ്യന്‍റെ അടങ്ങാത്ത ഇച്ഛാശക്തിയില്‍ അതിയായ പ്രതീക്ഷ വെച്ചുപുലര്‍ത്തി. സാന്‍ഡിയാഗോ സമുദ്രഗര്‍ഭത്തില്‍ ഏറ്റുമുട്ടിയ തിമിംഗലങ്ങള്‍ ജീവിതത്തില്‍ ഒന്നിന് പുറകെ ഒന്നായി മനുഷ്യന്‍ അഭിമുഖീകരിച്ച പ്രതിസന്ധികള്‍ തന്നെയായിരുന്നു. 'നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാവില്ല മക്കളെ' എന്ന് ഓരോ വീഴ്ചയിലും ഉരുവിട്ട കിഴവന്‍ മനുഷ്യന്‍റെ അദമ്യമായ പ്രത്യാശയുടെ നേര്‍ രൂപമല്ലേ? തന്‍റെ ചൂണ്ടക്കണയില്‍ കോര്‍ത്ത മാര്‍ലിന്‍ സ്രാവ് , പരസ്പരം പോരാടി തളര്‍ന്ന ദേഹവും പരിക്ഷീണവും ദൈന്യവുമായ കണ്ണുകളോടെ സാന്‍ഡിയാഗോവിനെ നോക്കുമ്പോള്‍ അയാളുടെ മനമലിയുന്നുണ്ട്. അയാളതിനെ വേദനയോടെ വാത്സല്യത്തോടെ നോക്കുന്നു. ക്ഷമിക്കൂ മകനെ, എനിക്ക് വിജയിച്ചേ മതിയാകൂ...എന്ന് ഉള്ളില്‍ കേഴുകയും ചെയ്യുന്നു.രാത്രിയിലെ കൊള്ളിയാന്‍ വെട്ടത്തില്‍ തിളങ്ങിയ മീന്‍കണ്ണുകളിലെ പ്രാണഭയം അയാള്‍ തിരിച്ചറിഞ്ഞു. ഉള്ളില്‍ തിരയടിച്ച സങ്കടങ്ങള്‍ സ്വയം കടിച്ചമര്‍ത്തി കടലിന്‍റെ അപാരതയിലൂടെ ആ മനുഷ്യന്‍ തുഴഞ്ഞുനീങ്ങുന്ന കാഴ്ച എത്ര ചേതോഹരമായാണെന്നോ ഹെമിംഗ് വേയിലെ പ്രതിഭാശാലിയായ കലാകാരന്‍ വരച്ചുവെക്കുന്നത്.

ഒറ്റനോട്ടത്തില്‍, ആഞ്ഞടിച്ച പ്രകൃതി ശക്തിക്കെതിരെ ഒരു വൃദ്ധന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ കഥ. നീലക്കടലില്‍ വെച്ച്  തന്‍റെ ചൂണ്ടയില്‍ കൊളുത്തിയ കൂറ്റന്‍ സ്രാവിനോട്  മല്ലിട്ട ഒരു ക്യൂബന്‍ മീന്‍പിടുത്തക്കാരന്‍റെ മൂന്നു രാപ്പകലിന്‍റെ കഥ. വായനക്കാരന്‍റെ മുന്‍പില്‍ ഹെമിംഗ് വെ  പല അടരുകളുള്ള ജീവിതസത്യങ്ങളുടെ പാഠങ്ങളാണ് തുറന്നിടുന്നത്. സൗഹൃദം, ധീരത,നിര്‍ഭയത്വം എന്നിങ്ങനെ താന്‍ ജീവിതക്കടലില്‍ നിന്ന്  സാഹസികമായി കണ്ടെടുത്ത പാഠങ്ങള്‍. ക്യൂബയാണ്‌ കഥയുടെ പശ്ചാത്തലം. മീന്‍പിടുത്തം കൊണ്ടുമാത്രം ജീവിതം കഴിക്കുന്ന ദരിദ്രമായ സാഹചര്യമുള്ള ക്യൂബയിലെ ഒരു കടലോര ഗ്രാമ മാണ്  ഹെമിംഗ് വെ തന്‍റെ കഥയുടെ കാന്‍വാസില്‍ ചിത്രീകരിക്കുന്നത്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന സാന്‍ഡിയാഗോ എന്ന വൃദ്ധനും മനോലിന്‍ എന്ന കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഖ്യാനമാണ് ആദ്യഭാഗം.അവര്‍ക്കിടയില്‍ വലുപ്പ ചെറുപ്പങ്ങളില്ല. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് അവര്‍ കഴിഞ്ഞത്. അവനെ വെറുമൊരു കുട്ടി മാത്രമായല്ല വൃദ്ധന്‍ കണ്ടത്. തിരിച്ചും, പാകതവന്ന ഒരു മുതിര്‍ന്ന സുഹൃത്തായിട്ടാണ് മനോലിന്‍ എന്ന കുട്ടി വൃദ്ധനോട് പെരുമാറുന്നത്. കഴിഞ്ഞ എണ്‍പത്തിനാല് ദിവസങ്ങളായി വലയില്‍ മീനൊന്നും കുരുങ്ങാതെ നിരാശനായി മടങ്ങേണ്ടിവന്ന സാന്‍ഡിയാഗോവിനെ നിര്‍ഭാഗ്യവാനായിട്ടാണ് മറ്റുള്ളവര്‍ കണ്ടത്. കിഴവന്‍റെ കൂടെ മീന്‍പിടിക്കാന്‍ പോകുന്നത് കുട്ടിയുടെ വീട്ടുകാര്‍ വിലക്കിയിട്ടും അവന്‍ വൃദ്ധനുമായുള്ള തന്‍റെ സൗഹൃദം വിട്ടുകളയുന്നില്ല. എന്നാല്‍ പിന്നീട് അവനു സാന്‍ഡിയോഗോവിനെ  ഉപേക്ഷിച്ചു മറ്റു മീന്‍പിടുത്ത ക്കാരുടെ ഒപ്പം പോകേണ്ടിവന്നു. ഉള്‍ക്കടലിലെ ആകസ്മികമായ പോര്‍മുഖങ്ങള്‍ മനോലിനു തുറന്നുകിട്ടിയത്‌ വൃദ്ധനോടൊപ്പമുള്ള യാത്രകളില്‍ ആയിരുന്നു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലവും അതിലൂടെ അതിസാഹസികമായി നടത്തേണ്ടിവരുന്ന കണിശമായ സഞ്ചാരവും വൃദ്ധനോടൊപ്പമുള്ള ജീവിതത്തില്‍ നിന്ന് ആ കുട്ടി പഠിച്ചു. അവരുടെ ആത്മബന്ധം 'കിഴവനും കടലും' എന്ന കഥയുടെ ആധാരശിലയായി വര്‍ത്തിക്കുന്നു. 

മൂന്നാം ദിവസത്തിന്‍റെ മൂന്നാം യാമത്തില്‍ അവശേഷിച്ച അവസാനത്തെ മംസക്കഷ്ണവുമായി യാത്ര തുടരവേ, ഇനിയും തന്നെ തോല്പിക്കാന്‍ സ്രാവുകള്‍ വന്നാല്‍ എന്ത് ചെയ്യും ദൈവമേ എന്ന് വ്യാകുലപ്പെട്ട വൃദ്ധന്‍ അങ്ങനെ സംഭവിച്ചാല്‍ പൊരുതി മരിയ്ക്കാന്‍ തന്നെ നിശ്ചയിച്ചു. രാവേറെ ചെന്നപ്പോള്‍ നഗരദീപങ്ങളുടെ ആലക്തികപ്രഭ പൊഴിഞ്ഞ പ്രകാശ വീചികള്‍ വിദൂരരേഖയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇരുളില്‍ അയാളുടെ എല്ലാ പ്രതിരോധശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് വീണ്ടും കൊമ്പന്‍ സ്രാവുകളുടെ കൂട്ടം അടുത്തെത്തി. എല്ലാം  കവര്‍ന്നെടുത്തുകൊണ്ട് അവ കടലിലെങ്ങോ പോയിമറഞ്ഞു. അവയോട് വൃഥാ പൊരുതിയ കിഴവനു വായില്‍ രക്തത്തിന്റെ രുചി അനുഭവപ്പെട്ടു . അയാള്‍ കടലിലേക്ക്‌ ആഞ്ഞുതുപ്പി. പിന്നെ സാവധാനം വഞ്ചി തുഴഞ്ഞുപോയി. മീനിന്റെ അസ്ഥികൂടത്തില്‍ കടിച്ചുനോക്കി പിന്തിരിയുന്ന മറ്റു മത്സ്യങ്ങളെ അയാള്‍ ശ്രദ്ധിച്ചതെയില്ല.
കിഴവന്‍ സാൻഡിയാഗോ കടലോരത്ത്  മടങ്ങിയെത്തിയപ്പോഴേക്ക്എല്ലാവരും ഉറക്കമായിക്കഴിഞ്ഞിരുന്നു. സ്രാവുകളുമായുള്ള നീണ്ട പോരാട്ടത്തിനിടയില്‍ അയാള്‍ക്ക്‌ തന്റെ നെഞ്ചിലെന്തോ പൊടിഞ്ഞു തകരുന്നതുപോലെ അനുഭവപ്പെട്ടിരുന്നു.പാമരം ഭിത്തിയില്‍ ചാരിവെച്ച് അയാള്‍ കട്ടിലില്‍ പോയി വീണു.
പതിവുപോലെ പ്രഭാതത്തില്‍ കുടിലില്‍ വന്നു നോക്കിയ മനോലിന്‍  വൃദ്ധന്റെ വ്രണിതമായ ശരീരം കണ്ടു പരവശനായി. വൃദ്ധനു കാപ്പി കൊണ്ടുവരാന്‍ വേണ്ടി അവന്‍ നടക്കുമ്പോള്‍ കടല്‍ക്കരയില്‍ ആള്‍ക്കൂട്ടം എ കൂറ്റന്‍ അസ്ഥികൂടത്തിന്റെ പതിനെട്ടടി നീളം അളന്നുനോക്കുകയായിരുന്നു. വീണ്ടും ദീര്‍ഘ സുഷുപ്തിയിലമര്‍ന്ന വൃദ്ധന്‍ ആഫ്രിക്കയിലെ സിംഹങ്ങളെ സ്വപ്നം കണ്ടുകിടന്നപ്പോള്‍ കടല്‍ക്കരയില്‍ വിനോദ യാത്രക്കെത്തിയ സംഘം കൂറ്റന്‍ മീന്‍ മുള്ള് അദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.

ക്ലാസിക് നോവലുകളുടെ പുന:പാരായണം നമുക്ക് വായനയില്‍ പുതിയ ആകാശങ്ങള്‍ തുറന്നുതരും. ഉത്തമ സാഹിത്യകൃതികള്‍ ഒന്നിലധികം തവണ വായിച്ചുപോകുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉറവെടുക്കും. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സമാന്തരലോകത്തെ അവലോകനം ചെയ്യുമ്പോള്‍ നോവലിസ്റ്റ് ബോധപൂര്‍വം പ്രയോഗിച്ച ഭാഷയും അബോധപൂര്‍വകമായി പുന:സൃഷ്ടിച്ച മായികതയും വായനയില്‍ കൂടിക്കലരും.യഥാര്‍ഥ ലോകത്തിന്‍റെ ശരിപ്പകര്‍പ്പല്ല ഒരിക്കലും എഴുത്തുകാരന്‍ നിര്‍മിച്ചെടുക്കുന്നത്. ഒരേകദേശ പ്രതിബിംബമാണ് നോവലിസ്റ്റ് സാധന ചെയ്യുന്നത്.  നമുക്കറിയാം യഥാര്‍ഥലോകവും യഥാര്‍ഥ ജീവിതവും അനന്തവൈവിധ്യമാര്‍ന്നതാണ്. ചിത്രം വരയ്ക്കുന്ന കലാകാരന്‍ പ്രധാന അംശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്രധാനമായവ ഒന്നോ രണ്ടോ വര്‍ണബിന്ദുക്കള്‍ കൊണ്ട് ധ്വനിപ്പിക്കുകയും ചെയ്യുന്നതുപോലെ  എഴുത്തുകാരനും വാക്കുകള്‍ കൊണ്ടൊരു മായാലോകം സൃഷ്ടിക്കുന്നു.അയാള്‍ പ്രകൃതിയെ വരക്കുമ്പോള്‍ ഫോട്ടോഗ്രഫിയിലെന്ന പോലെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കുകയല്ല ചെയ്യുന്നത്. നാടകത്തിലെപ്പോലെ ഓരോ ചേഷ്ടകളും ഭാവങ്ങളും പ്രത്യക്ഷവല്‍ക്കരിക്കാന്‍ നോവലിസ്റ്റിനു സാധിച്ചെന്നു വരില്ല. എന്നാല്‍ ഫോട്ടോഗ്രഫിയെക്കള്‍ സൂക്ഷ്മമായി നാടകത്തെക്കാള്‍ വിശദമായി മനുഷ്യപ്രകൃതിയുടെ ആന്തരികലോകം എഴുത്തില്‍ അയാള്‍ വരച്ചെടുക്കും. കേവലം ബാഹ്യമായ യാഥാര്‍ഥ്യ പ്രതീതിയുടെ തലമല്ല മനുഷ്യരുടെ അന്തരംഗലോകം ഉളവാക്കുന്ന സത്യത്മകതയാണ് വലിയ നോവലിസ്റ്റുകള്‍ എക്കാലവും സാധന ചെയ്തത്. ഹെമിംഗ് വെ സൃഷ്ടിച്ച ലോകവും അങ്ങനെത്തന്നെയായിരുന്നു. ചുമരില്‍ തൂക്കിയ ചിത്രം അടുത്തുചെന്നു നോക്കിയാല്‍ അവ കേവലം രേഖകളും തൂലികപ്പാടുകളും മാത്രമാണ് .വായനക്ക് ശേഷം അല്പം ദൂരെ മാറിനിന്നു കാണുമ്പോഴേ പുതിയൊരു സൌന്ദര്യലോകം നമ്മുടെ മുന്നില്‍ വിടര്‍ന്നു വരൂ.വാക്കുകളുടെ രേഖാ വിന്യാസങ്ങളില്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവെച്ച  ഭാവനാ പ്രപഞ്ചം ഒന്നൊന്നായി നമുക്ക് മുന്നില്‍ വിരിയുന്നത്  കാണാം .

ആറ്റിക്കുറുക്കിയ രചനാശൈലിയില്‍ സൌന്ദര്യത്തിന്‍റെ അദ്ഭുതച്ചെപ്പാണ് ഹെമിംഗ് വെ തുറന്നിട്ടത് . സംഗീതം പൊഴിയുന്ന ഭാഷയുടെ മാന്ത്രികവടി വീശി വായനക്കാരനെ അമ്പരപ്പിക്കുന്നതോടൊപ്പം ഭാവനയുടെ താഴ്വരയിലേക്ക് അവനെ ആനയിക്കാനും മറക്കുന്നില്ല, അദ്ദേഹം. എഴുത്തില്‍ ഇന്ദ്രിയനിര്‍വിശേഷമായ അനുഭവങ്ങളെ ആവാഹിക്കാന്‍ ക്ഷണ നേരം മതി അദ്ദേഹത്തിന്. കടലിന്‍റെ അപാരതയില്‍ കിഴവനും സ്രാവും തമ്മിലുള്ള വേഴ്ച , സഹനത്തിന്‍റെ വേദനയുടെ, നിരാശയുടെ ,ആനന്ദത്തിന്‍റെ, അന്യോന്യം പകരുന്ന സാഹോദര്യത്തിന്‍റെ, കരുണയുടെ , അനുതാപത്തിന്‍റെ അളവില്ലാത്ത വാത്സല്യത്തിന്‍റെ ക്ഷണിക നിമിഷങ്ങള്‍ ഹെമിംഗ് വെ ആവിഷ്കരിക്കുന്നത് ഇന്ദ്രിയ സംവേദനങ്ങളുടെ സ്പര്‍ശക്ഷമതയിലൂടെയാണ്.ആഴക്കടലിന്റെ മദ്ധ്യേ സമുദ്രജലത്തിന്റെ ലവണ ത്തോടൊപ്പം മനുഷ്യ രക്തത്തിന്റെ ലോഹരുചിയും നാം അറിയുന്നുണ്ടല്ലോ. നേരം പുലരും മുന്‍പേ വൃദ്ധന്‍ നുണയുന്ന ചൂടുള്ള കാപ്പിയുടെ ആവിപറക്കുന്ന ഗന്ധവും മീനെണ്ണയുടെ സ്നിഗ്ധതയും വായനയില്‍ കലരുന്നു. ഹെമിംഗ് വെ വാക്കുകളില്‍ നിവേദിക്കുന്ന നിറവും രുചിയും ഗന്ധവും അദ്ദേഹത്തിന്‍റെ അസാമാന്യമായ സംവേദനക്ഷമതയുടെ നേര്‍ക്കാഴ്ചകളാണ്.

വര്‍ണങ്ങളുടെ മേളനം  എത്ര രസാവഹമായിട്ടാണ് ഹെമിംഗ് വേയുടെ ആഖ്യാനത്തില്‍ വിരിയുന്നത് എന്ന് നോക്കുക. നമ്മുടെ കാഴ്ച്ചയുടെ ഭാവനാതീതത്തിലാണ് അദ്ദേഹം ചെന്നുതൊടുന്നത്. ഒരു ചിത്രകാരന്റെയോ    ചലച്ചിത്രകാരന്റെയോ കരവിരുതാണ് വാക്കിന്റെ കലയില്‍ ഹെമിംഗ് വെ സാധിക്കുന്നത്‌. അവ പലപ്പോഴും പെയിന്റിംഗ് പോലെ മനോഹരമാണ്. സമുദ്രജലത്തില്‍ മിന്നിപ്പിടയുന്ന ട്യൂണ മത്സ്യത്തിന്റെ വെള്ളിനിറം , അത് സാന്ധ്യ വെളിച്ചത്തില്‍ തെന്നിമാറുമ്പോഴുള്ള  നീലിമയും പൊടുന്നനെ നുരച്ചാര്ത്തില്‍ ഉയര്‍ന്നു കുതിക്കുംപോഴുള്ള സ്വര്‍ണനിറവും ഒരു ഫോട്ടോ ഗ്രാഫറുടെ കൌശലത്തോടെ അദ്ദേഹം വാക്കുകളില്‍ ഒപ്പിയെടുക്കുകയാണ് ചെയ്യുന്നത്.നിഴലും വെളിച്ചവും മാറിമാറി കളിക്കുന്ന കടലിന്‍റെ തിരശീലയില്‍ നാടകീയത മുറ്റിയ ആഖ്യാനത്തിലൂടെ വര്‍ണവും ഗന്ധവും സ്പര്‍ശവും രുചിയും വായനക്കാരന്‍ തിരിച്ചറിയാതെ പോകുന്നില്ല. മൂവന്തിയുടെ മങ്ങൂഴത്തില്‍ വിദൂരതയിലുള്ള തടത്തില്‍ മേഘമാലകള്‍ പര്‍വതത്തെപ്പോലെ ഉയര്‍ന്നു നിന്നതും, കര ഒരു ഹരിതരേഖ പോലെ ചാരനിറമാര്‍ന്ന കുന്നിന്‍ ചരിവില്‍ മങ്ങിനില്‍ക്കുന്നതും, കടല്‍ ഇരുണ്ട നീലത്തില്‍ ധൂമിലമാവുന്നതും ക്രമേണ ലോഹിത വര്‍ണത്തില്‍ നിദ്രയില്‍ അമര്‍ന്നു പോകുന്നതും വാക്കുകളില്‍ നമ്മെ അനുഭവിപ്പിക്കുന്നു, അദ്ദേഹം.

അതുപോലെ നാടകീയത നിറഞ്ഞ വര്‍ണനയാണ് സ്പര്‍ശവേദ്യമായ അനുഭവങ്ങളുടെ ആവിഷ്കാരത്തിലും നാം കാണുന്നത്.  സാന്‍ഡിയാഗോ എന്ന വൃദ്ധന്റെ ശാരീരികമായ യാതന മുഴുവനും നമ്മിലേക്ക്‌ നിവേശിക്കുന്നത് സ്പര്‍ശക്ഷമമായ വാക്കുകളിലൂടെയാണ്. തന്റെ ചുമലില്‍ വരിഞ്ഞു ചുറ്റിയ കയര്‍ ഉരഞ്ഞുണ്ടാകുന്ന വ്രണവും പിച്ചാത്തിമുനപ്പാടും യഥാതഥമായ വര്‍ണനയില്‍ അനുഭവവേദ്യമാകുന്നുണ്ടല്ലോ. മാര്‍ലിന്‍ എന്ന കൊമ്പന്‍സ്രാവ് ചൂണ്ടയില്‍ ആദ്യമായി കുരുങ്ങുന്ന  സചേതനമായ നിമിഷം നമ്മളും ജാഗ്രത്താവുന്നു. അങ്ങനെ ആദ്യന്തം ആഖ്യാന ചാരുതയില്‍ ഹെമിംഗ് വെ സൃഷ്ടിക്കുന്ന ആഘാതം അനുഭൂതിതീവ്രതയുടെ കൊടിയടയാളമാകുന്നു.
ഹെമിംഗ് വെയുടെ കഥാപാത്രം തള്ള വിരലിനും ചൂണ്ടുവിരലിനുമിടക്ക് കൌശലത്തോടെ പിടിച്ചു നിയന്ത്രിച്ച ആയിരത്തി അഞ്ഞൂറ്  റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ സ്രാവ് അറുനൂറു അടി താഴെ നീലക്കടലിന്‍റെ ആഴത്തില്‍ ചലിച്ചുകൊണ്ടിരുന്നു. കൂറ്റന്‍ മത്സ്യങ്ങളെ വെട്ടയാടുന്നവര്‍ക്കൊരു കൈപ്പുസ്തകമെന്ന പോലെയാണ് മീന്‍പിടുത്ത ത്തിന്‍റെ ചലനവേഗങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചത്. തന്നിലെ സാഹസികനായ മല്‍പ്പിടുത്തക്കാരനും വേട്ടക്കാരനും യോദ്ധാവും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രത്തില്‍ പുനര്‍ജനി കൊള്ളുകയായിരുന്നു  എന്ന് പറയാം.
കിഴവന്‍ എപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നൊരു കായികവിനോദമുണ്ട്. ബേസ് ബാള്‍. ഡിമാഗിയോവിനെ ക്കുറിച്ച് എത്ര പറഞ്ഞാലും  കിഴവന് മതിയാവില്ല. വിശ്രമവേളകളില്‍ വീഞ്ഞ് നുണഞ്ഞു കൊണ്ട്  മനോലിനോട്  അയാള്‍ സംസാരിക്കുന്നതത്രയും ഡിമാഗിയോ എന്ന ബേസ് ബാള്‍ കളിക്കരനെപ്പറ്റിയാണ്.  കായികവിനോദങ്ങളും ലഹരിപിടിപ്പിക്കുന്ന ഓര്‍മകളും ഗുസ്തിയും മൃഗയാവിനോദവും യുദ്ധസ്മരണകളും ഈ നോവലിന്‍റെ രചനയില്‍ ഹെമിംഗ് വെ കൂട്ടുപിടിക്കുന്നുണ്ട്. കിഴവന്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചോരുന്ന ശക്തി തിരിച്ചുപിടിക്കാന്‍ ഈ ഓര്‍മകളെ കൂടെ കൂട്ടുന്നുണ്ടല്ലോ.
നിദ്രയിലും അയാള്‍ സ്വപ്നം കാണുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡമാണ്. സുവര്‍ണാഭവും വെണ്മ പരന്നതുമായ കടല്ക്കരകള്‍ എല്ലാ രാത്രികളിലും വൃദ്ധന്‍ സ്വപനം കാണാറുണ്ട്.കൂറ്റന്‍ അലമാലകളുടെ ഗര്‍ജനം അയാള്‍ എപ്പോഴും ശ്രവിച്ചു. അടങ്ങാത്ത കൊടുങ്കാറ്റിന്‍റെ സീല്‍ക്കാരം എപ്പോഴും അയാള്‍ കാതോര്‍ത്തു. കടലോരപ്രദേശങ്ങളും അവിടെ മേഞ്ഞുനടന്ന സിംഹങ്ങളും എന്നും അയാളുടെ സ്വപ്നങ്ങളില്‍ ചേക്കേറി.
ദീര്‍ഘ വിസ്തൃതമായ കരിംചിറകുകള്‍ വിടര്‍ത്തി ആകാശത്തില്‍ വട്ടംച്ചുറ്റിപ്പറന്ന കടല്‍ക്കഴുകന്‍മാര്‍ വൃദ്ധന്‍റെ ദൃഷ്ടിപഥത്തില്‍ കൃത്യമായി തെളിഞ്ഞുനിന്നു. പൊടുന്നനെ കടലിലേക്ക്‌ ഊളിയിട്ട കഴുകന്‍ സമുദ്രവിതാനത്തിനടിയില്‍ നിന്ന് വെള്ളം ചീറ്റിത്തെറിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവരികയും ജീവന്‍ പിടക്കുന്ന മീനിനെയും കൊണ്ട് പറന്നുയരുകയും ചെയ്തു.

ശരിയാണ് . കിഴവനും കടലും  മത്സ്യബന്ധനത്തിലേർപ്പെട്ട ഒരു മനുഷ്യന്റെയും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയ ഒരു കൊച്ചു തിമിംഗലത്തിന്റെയും അവർക്കു ശയ്യ ഒരുക്കിയ മഹാസമുദ്രത്തിന്റേയും ആഖ്യാനമാണ്. ഹെമിങ് വെ ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ചിന്തയുടെ ആവിഷ്ക്കരമായിരുന്നു.ജീവിതവും മരണവും തോൽവിയും പ്രത്യാശയും അങ്ങനെ മനുഷ്യജീവനെ  ചുഴന്നു നിന്ന നിരവധി പ്രശ്നങ്ങളുടെ ദാർശനികമായ അവലോകനമാണ് ഈ നോവൽ.
നോവലിന് പശ്ചാത്തലമായ നീലക്കടലും കൊമ്പൻ സ്രാവുകളും  പ്രാപ്പിടിയന്മാരിൽ നിന്ന് അഭയം തേടി തോണികൊമ്പത്ത് പറന്നുവന്നു വീഴുന്ന ഭയചകിതയായ ഒരു കിളിക്കുഞ്ഞുണ്ട് , അതിനുപോലും നമ്മോടു പറയാനുള്ള മഹത്തായൊരു സന്ദേശമുണ്ട്. ജീവിതം എത്ര സുന്ദരമാണ്. ധീരമായി മുന്നോട്ട് മുന്നോട്ട്...
ഹെമിങ് വെ എന്ന മഹാനായ എഴുത്തുകാരനെക്കുറിച്ച്‌  എം ടി വാസുദേവൻ നായർ എഴുതിയ പുസ്തകം അവസാനിക്കുന്നിടത്ത്  വില്യം ഫോക് നറുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. ബോബൻ സമ്മാനവേദിയിൽ വെച്ച് ഫോക്‌നർ  നടത്തിയ പ്രസംഗമാണത്. " മനുഷ്യന്റെ അവസാനം എന്നത് ഞാൻ നിരാകരിക്കുന്നു.മരിയ്ക്കുന്ന അവസാനത്തെ ചുവന്ന സന്ധ്യയിൽ തൂങ്ങി നിൽക്കുന്ന ക്ഷുദ്രമായ അവസാനത്തെ പാറക്കെട്ടിൽ നിന്ന് അന്ത്യത്തിന്റെ അവസാന മണിനാദം മുഴങ്ങുകയും നേർത്തു മായുകയും ചെയ്യുമ്പോൾ കൂടി ഒരു ശബ്ദം ബാക്കിയുണ്ടാവും. മനുഷ്യന്റെ അടക്കാനാവാത്ത നനുത്ത ശബ്ദം." 
ആ നനുത്ത ശബ്ദം  നമ്മെയും വരുംകാലത്തെയും കേൾപ്പിക്കുകയാണ് അനശ്വരനായ ഹെമിങ് വെ എന്ന എഴുത്തുകാരൻ. 

-----------------------------------------------------------------------------------------------------------------

 സേതുമാധവൻ മച്ചാട് 
 പ്രോഗ്രാം എക്സിക്യൂട്ടീവ് 
 ദൂരദർശൻ , തിരുവനന്തപുരം 

ഇ  മെയിൽ : sethumadhavanmachad@gmail.com 
ഫോൺ  : 9495406530 
------------------------------------------------------------------------------------------------------------------

സഹായക ഗ്രന്ഥങ്ങൾ :

ഹെമിങ് വെ ഒരു മുഖവുര - എം ടി വാസുദേവൻ നായർ 
നോവലിലേക്കൊരു കിളിവാതിൽ - വിലാസിനി 
വിശ്വമഹാഗ്രന്ഥങ്ങൾ ( കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് }