Tuesday, November 19, 2019

സ്വപ്നത്തിന്റെ നിറം

തെക്കൻ തിരുവിതാംകൂറിലെ പശിമരാശിയിൽനിന്നാണ് കതിർക്കനമുള്ള ഈ രചനകൾ നമ്മുടെ മുമ്പിലെത്തുന്നത്. സവിശേഷമായ ഒരു ഭാഷാപ്രയോഗത്തിലൂടെ ഹരിതചാരുതയാർന്ന ഒരു ഭൂപ്രദേശമാണ് വായനയിൽ തുറവികൊള്ളുന്നത് .അനായാസം ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന കൃതിയാണ് ഹരിയുടേത്. ലാളിത്യമാണ് അതിന്റെ മുഖമുദ്ര. പ്രസാദമാണ് ഈ എഴുത്തിന്റെ  മുഖശ്രീ. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളാകട്ടെ അതീവഗൗരവമാർന്നതും.

ഒരേ സമയം കാർട്ടൂണിസ്റ്റും കവിയുമായ ഒരാൾ ഗദ്യത്തിലേക്കു പ്രവേശിക്കുമ്പോൾ സ്വാഭാവികമായും തൂലികയിൽ വിടരുന്ന ഒരു നർമ ബോധമുണ്ടല്ലോ അത് ഹരിയിൽ അതീവജാഗ്രത്താണ്. താൻ രാപ്പാർക്കുന്ന ഈ ഭൂമിയുടെ അതിരുകൾ നേർത്തു നേർത്തില്ലാതാവുമ്പോൾ അവിടെ നിന്നും കൂടൊഴിയുന്ന സഹജീവിതങ്ങളുടെ, മാഞ്ഞുപോകുന്ന ബന്ധങ്ങളുടെ, ഓർമകളുടെ, കുട്ടിക്കാലങ്ങളുടെ ഗൃഹാതുരവും വേദനാനിർഭരവുമായ എഴുത്തോലയാണ് ഇത്.  ഫേസ്ബുക്കിലെ  ബ്ലോഗ് രൂപങ്ങളായി വാർന്നുവീണ ഈ കുറിപ്പുകൾക്ക് എന്തെന്നില്ലാത്ത ഒരു വാത്സല്യവും ഹരിതഭംഗിയുമുണ്ട്. ഓർമകളുടെ കാലതീരത്തിൽ നിന്ന് ഹരി കാണുന്ന കാഴ്ചകൾ മാഞ്ഞുപോകുന്ന മഴവില്ലുകളുടെയും ചെവിയോർക്കുമ്പോൾ വിദൂരതയിലേക്ക് അകന്നുപോകുന്ന നിലവിളികളുടെയും മാറ്റൊലിയാണ് .
ഉരുസക്കുത്തായ നാട്ടുവഴികളിലൂടെ കടന്നുപോയ കാളവണ്ടികളും  കുളമ്പടികളും വിജനമായിക്കൊണ്ടിരിക്കുന്ന നദിക്കരകളും നമ്മുടെ ആവാസവ്യവസ്‌ഥയുടെ ബാലപാഠങ്ങൾ നൽകിയ കുളങ്ങളും കാവുകളും പാറക്കെട്ടുകളും പാടശേഖരങ്ങളും നാട്ടുകവലയിലെ ചായകടകളും നാട്ടുവർത്തമാനങ്ങളും എന്നുവേണ്ട സമകാലജീവിതത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ആർദ്രസ്വപ്നങ്ങളത്രയും ഹരിയുടെ ചിന്തകളിൽ പോക്കുവെയിൽ സിന്ദൂരം ചാർത്തുന്നു.

മനുഷ്യനോടൊപ്പം മൃഗചേതനക്കും സസ്യചേതനക്കും പ്രാധാന്യവും പ്രാതിനിധ്യവുമുള്ള ഒരു സാമൂഹികാവസ്‌ഥ ഈ കവി സ്വപ്നം കാണുന്നു. പാരിസ്‌ഥികമായ ഉണർച്ച ഹരിതഭാരതത്തിലെ ഓരോ അധ്യായത്തിലും നിറവാർന്നു  നിൽക്കുന്നുണ്ട് . പ്രകൃതിയെ നിരസിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൈതൃകത്തെത്തന്നെയാണല്ലോ നാം തിരസ്കരിക്കുന്നത് .ഈ രചനകളിൽ ജീവന്റെ നാദഭരിതവും വർണഭരിതവുമായ ആന്തരശോഭയുടെ വ്യാമുഗ്‌ധമായ ആവിഷ്‌കാരഭംഗികളുണ്ട്. ദേശം പകർന്നുപോകുന്ന ഓർമകളുടെ സങ്കടം തിങ്ങിയ  പിൻവിളികളുണ്ട് . നിസ്സഹായമായ മനുഷ്യാവസ്‌ഥയുടെ  നിലവിളികളുണ്ട്. താൻ ഇരുകൈകളും ഉയർത്തി സത്യംവിളിച്ചു പറയുമ്പോഴും ആരുണ്ടിതു കേൾക്കാൻ? എന്നൊരു ധർമ്മവ്യസനിതയുമുണ്ട്.
ഒന്നും ഒന്നിനും പരിഹാരമല്ലെന്ന് ഹരിക്കറിയാം. അദ്ദേഹത്തിൻറെ കയ്യിലും മാറുന്ന ലോകത്തെ ഇങ്ങനെ നോക്കിനിൽക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും തന്നെയില്ല. കാടു കത്തുന്നത് നാട്ടുകാരെ വിളിച്ചറിയിക്കുക എന്ന നൈതികബോധത്തിനുമപ്പുറം സർഗാത്മകമായി മറ്റെന്തെങ്കിലും അവകാശപ്പെടാനുണ്ടോ?

ഓരോ കുറിപ്പുകൾക്കും ഹരി നൽകുന്ന ശീർഷകം പ്രതിഭയുടെ സ്‌പർശമുള്ളതാണ്. അടങ്ങാത്ത പ്രത്യാശയാണ് അവയുടെ ജീവൻ. ഈ ഭൂമിയിലെ മുഴുവൻ പച്ചപ്പും വറ്റിവരണ്ടു മരുപ്രദേശമായി പരിണമിച്ചാലും മണ്ണിലവശേഷിക്കുന്ന ഒരിറ്റ്  നനവിൽ നിന്ന് ഒരു പുൽക്കൊടി മിഴിതുറന്നു വരുമെന്നും അത് തളിരിടുമെന്നും കാണെക്കാണെ നമ്മുടെ പ്രകൃതി പിന്നെയും ഹരിതാഭമാകുമെന്നും ഒരാൾ സ്വപ്നം കാണുന്നെങ്കിൽ നമ്മളും  ആ പ്രാർഥനയിൽ ഒത്തുചേരാതിരിക്കുവതെങ്ങനെ ...?

- സേതുമാധവൻ മച്ചാട്