Saturday, March 2, 2024

'മധുരിക്കും ഓർമകളേ..' മലയാള ഭാവനയുടെ രംഗപടത്തിൽ കസവു ചാർത്തിയ ഗാനമാണ്. ഓർമകളുടെ നിറബാല്യത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നു ആ വരികൾ. അങ്ങനെ നിന്ന് പെയ്ത മഴയുടെ സ്പർശം കൊണ്ട് കഴിഞ്ഞുപോയ കൊഴിഞ്ഞു പോയ ഓർമകളിലേക്ക് ഷീബ പ്രസാദ് നമ്മുടെ വായനയെ കൊണ്ടുപോകുന്നു. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള പേരല്ല ഈ കഥാകാരിയുടേത്. ഫേസ്ബുക് പോലുള്ള നവ മാധ്യമങ്ങളിൽ കുറിപ്പുകളായും കഥകളായും അപൂർവമായി സ്വയം പ്രകാശിപ്പിച്ചിട്ടുണ്ട്. എഴുതാതെ കടന്നുപോകുന്നത് വലിയൊരു തെറ്റാണെന്ന തിരിച്ചറിവാണ് ഈ കഥകൾക്ക് ജന്മം നൽകിയത്. കുട്ടിക്കാലം തൊട്ടേ കണ്ടു മുട്ടിയ തിരിച്ചറിഞ്ഞ എത്രയോ മനുഷ്യർ. അവർ അതിസാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നവർ. മധ്യവർത്തി സമൂഹത്തിന്റെ താഴെ പ്പടവിൽ ജീവിച്ചവർ. ഗ്രാമീണമനസ്സുള്ള നിഷ്കളങ്ക ജീവിതങ്ങൾ. പള്ളിക്കൂടവും തെരുവോരങ്ങളും ആഴ്ച ച്ചന്തയും ചേറിന്റെ മണമുള്ള വയൽ വരമ്പുകളും ആറ്റു കൈതപൂക്കളും വേനൽപ്പാടത്തെ ഉത്സവമേളവും തോട്ടിൻ ചിറയിലെ നീന്തിക്കുളിയും തെരുവിലെ അന്തി വെയിൽപ്പൊന്നും എല്ലാമെല്ലാം ഷീബയുടെ കഥകളിൽ നിറയുന്നുണ്ട്. ഒരു ഡസൻ കഥകൾ. ബാല്യത്തിലെ നിറചാർത്തുകൾ കഴിഞ്ഞു വിവാഹത്തിലേക്ക് വലതു കാല് വെച്ച് നടന്നു കേറുന്ന പെണ്ണിന്റെ ആദ്യരാത്രി മുതൽ ഭർതൃഗൃഹത്തിലെ കയ്പ്പും മധുരവും ഇടകലർന്ന ആദ്യ നാളുകൾ മിഴിവോടെ വരച്ചിടുന്നുണ്ട് കഥാകാരി. മാസങ്ങളും വർഷങ്ങളും കടന്നു പോകവേ വിരസമായി തീരുന്ന ദാമ്പത്യം എന്ന കടങ്കഥയെ നിരൂപണം ചെയ്യുന്നൊരു കഥ ഷീബ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. 'കല്ല് വെച്ച നുണകൾ'. ശരാശരി മലയാളിപെണ്ണിന്റെ ആന്തരികലോകത്തിന്റെ നേർക്കാഴ്ച എന്ന് പറയാം. പെൺ വീക്ഷണത്തിലൂടെ നിസ്സഹായമായ സ്ത്രീജീവിതം ഷീബ ചിത്രീകരിക്കുന്നു. അതിന് രാഷ്ട്രീയത്തിന്റെ നിറമോ ഭാഷയോ ആവശ്യമുള്ളതായി കഥാകാരി കരുതുന്നില്ല. അവനവനെ അഥവാ അവളവളെ സ്വയം തിരിച്ചറിയുക എന്നത് മാത്രമാണ് സ്ത്രീക്ക് ചെയ്യാനാവുക. തന്നിലേക്കുള്ള തിരിച്ചു നടത്തം വലിയൊരു വെളിപാടാണ്. അതൊരു പുനർജനി കൂടിയാവുന്നു. നാം ദിവസവും കാണുന്നത് കഥകളാണ്. കണ്ടുമുട്ടുന്നവർ കഥാപാത്രങ്ങളും. ഓരോ ദിവസവും ഓരോ അനുഭവമാണ്. അനുഭവങ്ങൾ നമ്മിൽ അവശേഷിപ്പിക്കുന്നത് മായാത്ത മുദ്രകളും. ഷീബ ശൈശവ ബാല്യങ്ങളിൽ കണ്ട കാഴ്ചകളും നുണഞ്ഞ അനുഭൂതികളും അറിഞ്ഞ പാഠങ്ങളും സംവേദനക്ഷമതയോടെ അനുവാചകന് നിവേദിക്കുകയാണ്. കഥാകാരിയുടെ എഴുത്തിൽ ആർഭാടങ്ങളില്ല അനാവശ്യമായ ആലഭാരങ്ങളോ അലങ്കാരങ്ങളോ എടുത്തണിയുയുന്നില്ല. പറയാനുള്ളത് ഋജുവായി ആവിഷ്കരിക്കുന്നു, അത്ര തന്നെ. പറഞ്ഞവ തന്നെ സ്ത്രീയുടെ വേദനയും നിസ്സഹായതയുമാണ്. രാജലക്ഷ്മിയും മാധവിക്കുട്ടിയും അഷിതയും ഗ്രേസിയും ചന്ദ്രമതിയും കഥകളിൽ വരച്ചിട്ട സ്ത്രീജീവിതങ്ങൾ നിറമില്ലാത്ത വരകളിൽ കോറിയിടുകയാണ് ഷീബയും. വശ്യമായ മലർവാടികളല്ല ഷീബയുടെ കളിസ്‌ഥലം. ദാഹജലം കിട്ടാതെ വരണ്ടുണങ്ങിയ പാടങ്ങളും വേനലിന്റെ മൃഗ തൃഷ്ണകളുമാണ് ഈ കഥളിൽ നിവർന്നു വരുന്നത്. ഓരോ മനുഷ്യനും ജീവനുള്ള ഓരോ കഥയാവുമ്പോൾ ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം കഥകൾ നിലനിൽക്കും. കെട്ടുകഥകളെക്കാൾ വിചിത്രമായ അനുഭവങ്ങൾ പേറുന്ന നിസ്സഹായരായ മനുഷ്യർ ചുറ്റിലുമുള്ളപ്പോൾ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല.പെരുമഴ പെയ്തു നിറയുന്ന തോട്ടുവെള്ളത്തിൽ കളിച്ചാർത്തതും മാനത്തുകണ്ണിയെ തോർത്തിട്ട് പിടിച്ച് കുപ്പിയിലടച്ചു കിണറ്റിലിട്ടു വളർത്താൻ ശ്രമിച്ചതും നട്ടുച്ച വെയിലിൽ വിശപ്പ് ആളുമ്പോൾ കിളിച്ചുണ്ടൻ മാങ്ങ എറിഞ്ഞു വീഴ്ത്തി വീട്ടിൽ നിന്നും പൊതിഞ്ഞെടുത്ത ഉപ്പ് കൂട്ടി തിന്നതും ഉറവയിലെ തെളിനീർ കുടിച്ചതും കാലിൽ പടർന്ന വയൽവരമ്പിലെ ചേറിന്റെ ഗന്ധവും സ്കൂൾ വരാന്തയിൽ തൂവാനമേറ്റിരുന്ന്, വട്ടയിലയിൽ വാങ്ങി ക്കഴിച്ച ഉപ്പുമാവിന്റെ മണവും മഴയോർമ്മകൾക്കൊപ്പം ഉണർന്നു വരും. സ്കൂൾകാലത്തെ ഉപ്പിലിട്ട കാരയ്ക്കയും വറുത്ത പുളിങ്കുരുവിന്റെ വായിൽ വെള്ളമൂറുന്ന രുചിയും.... മനോഹരമായ വർണക്കടലാസ് കൊണ്ട് പൊതിഞ്ഞ് കാഴ്ചക്കാരുടെ കണ്ണുകളിൽ കൗതുകം ജനിപ്പിക്കുന്ന കല്ലുവെച്ച നുണയാണ് ദാമ്പത്യം. ശ്രുതിലയം പോലുള്ള ദാമ്പത്യ ജീവിതം ഒരു കടങ്കഥയാണ്. ഒരു കടും കെട്ടിന്റെ മുറുക്കത്തിൽ ശ്വാസംമുട്ടി ജീവിതം വലിച്ചു നീട്ടുന്നവരാണ് അധികവും. പിന്നീടാണ് ഞാൻ ഞാനായിരിക്കുന്നത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്. പഴയ എന്നിലേക്ക്‌ ഞാൻ തിരിച്ചു നടന്നു. ഉപ്പുതടാകത്തിലെ നീന്തൽ പഠനം പോലെയാണ് പലർക്കും വിവാഹജീവിതം. കുറേ ഉപ്പുവെള്ളം കുടിക്കുമ്പോൾ നീന്താൻ പഠിക്കും. അല്ലെങ്കിൽ ഉപ്പുവെള്ളം കുടിച്ചു ജീവിക്കാൻ പഠിക്കും. സ്നേഹത്തിന്റെ വില അറിയുന്നവരോടൊപ്പം ആകണം ജീവിതം പങ്കുവെക്കേണ്ടത്. ഇഷ്ടമില്ലാത്ത ഒന്നിനോട് പൊരുത്തപ്പെട്ടു ജീവിക്കുന്നത് അടിമത്തമാണ്. ഷീബ പറയാതെ പറയുന്ന കഥകളിൽ അതിജീവനത്തിന്റെ സാരമുണ്ട്. പുനർജനിയുടെ പ്രവേശവുമുണ്ട്. കുടുംബജീവിതത്തിന്റെ ആവർത്തന വിരസതയും പുരുഷ കോയ്മയുടെ ദുർഗന്ധങ്ങളും സഹിച്ചു മുമ്പോട്ട് പോകാൻ പെണ്ണിനാവില്ല. അവൾ തന്നിലേക്ക് തിരിച്ചു നടക്കണം എന്ന് ഷീബയുടെ സ്ത്രീ കഥാപാത്രം ഉള്ളിൽ ഉറപ്പിക്കുന്നുണ്ട്. ഈ കഥകൾ മുന്നോട്ടു വെക്കുന്ന നീതിയുടെ തത്വശാസ്ത്രവും മറ്റൊന്നല്ല.ഇന്നല്ലെങ്കിൽ നാളെ, കൂടെ ഒരേ കൂരയിൽ രാപാർത്ത പുരുഷന്റെ ലോകം അവളെ തിരിച്ചറിയുക തന്നെ ചെയ്യും. ലളിതമായമായ ഭാഷയിൽ തികഞ്ഞ ആർജവത്തോടെ രസമായി കഥ പറയുന്ന ഒരു നവാഗത എഴുത്തുകാരിയുടെ പുറപ്പാട്, അതത്രേ 'മധുരിക്കും ഓർമകളേ....'.